ഗ്രീസിൽ വിജയപ്രദമായ ഒരു സാക്ഷീകരണ പരിപാടി
ഗ്രീസിൽ വിജയപ്രദമായ ഒരു സാക്ഷീകരണ പരിപാടി
യഹോവയുടെ സാക്ഷികൾക്കു ദീർഘകാലം ഗ്രീസിൽ എതിർപ്പ് നേരിടേണ്ടിവന്നിട്ടുണ്ട്. ചില പൊലീസ്, കോടതി, ഗവൺമെൻറ് ഉദ്യോഗസ്ഥന്മാർ സാക്ഷികളെ പീഡിപ്പിച്ചിട്ടുണ്ട്, അതു മിക്കപ്പോഴും ഗ്രീക്ക് ഓർത്തഡോക്സ് വൈദികരിൽനിന്നുള്ള സമ്മർദം മൂലമായിരുന്നു. ചിലപ്പോൾ അതിനുള്ള ഒഴികഴിവായി ഉപയോഗിച്ചതു ഗ്രീസിന്റെ മതപരിവർത്തനവിരുദ്ധ നിയമത്തെ ആയിരുന്നു, മറ്റു ചിലപ്പോഴാകട്ടെ യുദ്ധത്തിനു പോകാനോ രക്തപ്പകർച്ചകൾ സ്വീകരിക്കാനോ ഉള്ള സാക്ഷികളുടെ ബൈബിളധിഷ്ഠിത നിരസനത്തെയും.—യെശയ്യാവു 2:2-5; പ്രവൃത്തികൾ 15:28, 29.
ഗ്രീസിലെ ആത്മാർഥഹൃദയരായ അധികാരികളുടെ ഇടയിൽ തങ്ങളെക്കുറിച്ചുള്ള നല്ല ധാരണ വളർത്തിയെടുക്കാനുള്ള ഒരു ശ്രമത്തിൽ, മതശുശ്രൂഷകരായി ഗ്രീക്കു ഗവൺമെൻറ് അംഗീകരിക്കുന്ന ഏതാണ്ട് 200 സാക്ഷികളും അതുപോലെ ചില അഭിഭാഷകരും ഈ അടുത്തയിടെ രാജ്യവ്യാപകമായ ഒരു പ്രചാരണപരിപാടിയിൽ ഏർപ്പെട്ടു. പ്രത്യേകമായി രൂപസംവിധാനം ചെയ്ത ഗ്രീസിലെ യഹോവയുടെ സാക്ഷികൾ എന്ന അഭിധാനത്തിലുള്ള ഒരു ലഘുപത്രികയും യഹോവയുടെ സാക്ഷികൾ—ദൈവരാജ്യത്തിന്റെ പ്രഘോഷകർ (ഇംഗ്ലീഷ്) എന്ന പുസ്തകവും അവർ സമർപ്പിച്ചു. യഹോവയുടെ സാക്ഷികളെ പീഡിപ്പിക്കുന്നതിനു നിയമസാധുതയുള്ള അടിസ്ഥാനമില്ലെന്നു കാണിക്കുന്ന രേഖകളും അവർ പ്രദാനം ചെയ്തു. സാക്ഷികൾ പൊലീസ് മേധാവികളെയും മേയർമാരെയും പബ്ലിക് പ്രോസിക്യൂട്ടർമാരെയും മറ്റ് ഉദ്യോഗസ്ഥന്മാരെയും സന്ദർശിച്ചു.
പ്രതികരണമോ? നൂറു കണക്കിനു നല്ല അനുഭവങ്ങൾ. ചില ഉദാഹരണങ്ങൾ പരിചിന്തിക്കുക.
പശ്ചിമ മാസിഡോണിയയിലുള്ള ഒരു പൊലീസ് സ്റ്റേഷനിലെ കമാൻഡർ സഹോദരന്മാരെ സ്വാഗതം ചെയ്തുകൊണ്ട് ഇങ്ങനെ പറഞ്ഞു: “ദീർഘകാലമായി എനിക്കു നിങ്ങളെ അറിയാം, . . . നിങ്ങളുടെ ക്രമസമാധാനത്തെ ഞാൻ വളരെ വിലമതിക്കുന്നു. . . . മതപരിവർത്തനത്തെ
എതിർക്കുന്ന നിയമത്തോടു ഞാൻ വിയോജിക്കുന്നു, എനിക്ക് അധികാരമുണ്ടായിരുന്നെങ്കിൽ ഞാൻ അതു നീക്കം ചെയ്യുമായിരുന്നു.”അനേകം നഗരങ്ങളിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലുള്ള കമാൻഡർമാർ പിൻവരുന്നതുപോലുള്ള അഭിപ്രായപ്രകടനങ്ങൾ നടത്തി: “നിങ്ങൾ ചെയ്യുന്ന സാമൂഹിക സേവനത്തിനു ഞാൻ നിങ്ങളെ അനുമോദിക്കുന്നു.” “നിങ്ങളുടെ സമുദായം പൊലീസിനു പണിയുണ്ടാക്കുന്നില്ല; നിങ്ങൾ ചെയ്യുന്നത് ഒരു സാമൂഹിക വേലയാണ്.” “നിങ്ങളെക്കൊണ്ടു ഞങ്ങൾക്കു തീർച്ചയായും ഒരു പ്രശ്നവുമില്ല. ഞങ്ങൾ നിങ്ങളെ ആദരിക്കുകയും വിലമതിക്കുകയും ചെയ്യുന്നു.”
യേശുക്രിസ്തുവിന്റെ നാമത്തിലൂടെ യഹോവയാം ദൈവത്തോടു പ്രാർഥിക്കാൻ തനിക്ക് അറിയാമെന്നു പൈറിയസിലെ സുരക്ഷാവിഭാഗത്തിലുള്ള ഒരു ഉയർന്ന ഉദ്യോഗസ്ഥൻ നിറകണ്ണുകളോടെ സഹോദരങ്ങളോടു പറഞ്ഞു. അർമഗെദോനു മുമ്പു സാക്ഷികൾ കുറെയൊക്കെ പീഡനം പ്രതീക്ഷിക്കുന്നുണ്ടെന്നു തനിക്കറിയാമെന്നും ആ സമയത്ത് അവരെ സഹായിക്കുന്നതിനു ദൈവം തന്നെ ഉപയോഗിക്കാൻ താൻ പ്രത്യാശിക്കുകയാണെന്നും സാക്ഷികളോടു പറഞ്ഞുകൊണ്ട് അദ്ദേഹം പിന്നെയും അവരെ അമ്പരപ്പിച്ചു! കൂടുതൽ ചർച്ചകൾ നടത്തുന്നതിനുള്ള സാക്ഷികളുടെ ക്ഷണം അദ്ദേഹം സ്വീകരിക്കുകയുണ്ടായി.
ഗവൺമെൻറ് ഉദ്യോഗസ്ഥൻമാർ പ്രതികരിക്കുന്നു
പ്രഘോഷകർ പുസ്തകത്തെക്കുറിച്ചു തെസ്സലിയിലുള്ള ഒരു മേയർ ഇങ്ങനെ പറഞ്ഞു: “അതു മുനിസിപ്പാലിറ്റി ലൈബ്രറിയിൽ വെക്കേണ്ട ഒന്നാണ്—മുന്തിയ സ്ഥാനത്തുതന്നെ!” എന്നിട്ട് ഒരു ഷെൽഫിലെ പുസ്തകങ്ങൾ നീക്കം ചെയ്തിട്ട് അദ്ദേഹം പ്രഘോഷകർ പുസ്തകത്തിന്റെ പുറംചട്ട കാണത്തക്കവണ്ണം അതവിടെ വെച്ചു.
വടക്കൻ ഗ്രീസിൽ ഒരു മേയർ സാക്ഷികളുടെ സന്ദർശനത്തെ ഊഷ്മളമായി സ്വാഗതം ചെയ്തുകൊണ്ട് ഇങ്ങനെ പറഞ്ഞു: “എന്റെ മുനിസിപ്പാലിറ്റിയിൽ ഉണ്ടായിരിക്കാൻ എനിക്ക് ആഗ്രഹിക്കാൻ കഴിയുന്ന ഏറ്റവും നല്ല ആളുകൾ നിങ്ങളാണ്.” വടക്കൻ യൂബിയയിലുള്ള ദയാലുവായ ഒരു മേയർ സഹോദരങ്ങളോട് ഇങ്ങനെ പറഞ്ഞു: “ഞാനൊരു മുൻ സൈനിക ഉദ്യോഗസ്ഥനാണ്. പക്ഷേ, നിങ്ങളോട്—എനിക്കു നിങ്ങളോടു വളരെയധികം വിലമതിപ്പുണ്ട്.” സാക്ഷികൾ നൽകിയ വിവരങ്ങളോട് അദ്ദേഹം ഉത്സാഹപൂർവം യോജിച്ചു. വാച്ച് ടവർ സൊസൈറ്റി പ്രസിദ്ധീകരിച്ച പുസ്തകങ്ങളിൽനിന്നു തിരഞ്ഞെടുത്ത ചിലതു കാണിച്ചപ്പോൾ അദ്ദേഹം ഇങ്ങനെ പറഞ്ഞു: “അവയെല്ലാം വായിക്കാമെന്നു വാക്കു തരികയാണെങ്കിൽ, നിങ്ങൾ അവ എനിക്കു തരുമോ?” അവർ ഉത്തരം നൽകി: “തീർച്ചയായും—അവ നിങ്ങൾക്കുള്ളതാണ്!” അദ്ദേഹം വളരെ സന്തോഷിച്ചു, സാക്ഷികൾ അവിടെനിന്നു പോകാൻ അദ്ദേഹം ആഗ്രഹിച്ചില്ല.
ആറ്റിക്കയിലെ ഒരു നഗരപ്രാന്തത്തിൽ, സാക്ഷികൾ
നൽകിയ സാഹിത്യങ്ങൾ ഒരു മേയർ സന്തോഷപൂർവം സ്വീകരിക്കുകയും സൊസൈറ്റിയുടെ പ്രസിദ്ധീകരണങ്ങൾ അദ്ദേഹത്തിന്റെ പക്കൽ തുടർന്നും കൊണ്ടുചെല്ലണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അവർ പോകാൻനേരം അദ്ദേഹം അവരോട് ഇങ്ങനെ പറഞ്ഞു: “ആളുകൾ രാഷ്ട്രീയക്കാരെക്കൊണ്ടു വളരെ നിരാശരായിരിക്കുന്നു, അവർ യഥാർഥ സത്യത്തിനു വേണ്ടി മറ്റെവിടെയോ അന്വേഷിക്കുന്നു. ഇനിമുതൽ നിങ്ങൾ വളരെ തിരക്കിലായിരിക്കുമെന്ന് എനിക്കറിയാം, കാരണം നിങ്ങളുടെ പക്കൽ സത്യമുണ്ട്.”പബ്ലിക് പ്രോസിക്യൂട്ടർമാർ പ്രതികരിക്കുന്നു
വടക്കൻ ഗ്രീസിൽ ഒരു ഡെപ്യൂട്ടി പബ്ലിക് പ്രോസിക്യൂട്ടറെ ചെന്നുകണ്ട സഹോദരന്മാർ ഇങ്ങനെ അനുസ്മരിച്ചു: “നമ്മുടെ പ്രസിദ്ധീകരണങ്ങളും അവതരണവും അദ്ദേഹത്തിൽ മതിപ്പുളവാക്കി, അതുപോലെതന്നെ നമ്മുടെ ആൾക്കാർ രക്തപ്പകർച്ച സംബന്ധിച്ച ഗുരുതരമായ പ്രശ്നത്തെ നേരിടുമ്പോൾ നിസ്സഹായരല്ല എന്ന് ഉറപ്പു വരുത്താനുള്ള ശ്രമങ്ങളിലും അദ്ദേഹത്തിനു മതിപ്പു തോന്നി. ഒടുവിൽ, തന്നെ സന്ദർശിച്ചു വിവരങ്ങൾ നൽകാൻ മുൻകൈ എടുത്തതിന് അദ്ദേഹം നന്ദി പറയുകയും ഞങ്ങളെ ഊഷ്മളമായി അനുമോദിക്കുകയും ചെയ്തു. നാലു വർഷം മുമ്പ് അദ്ദേഹം, വയൽസേവനത്തിൽ ഏർപ്പെട്ടിരുന്ന രണ്ടു സഹോദരന്മാരെ അറസ്റ്റു ചെയ്യാൻ, പൊലീസിനെ വിളിച്ച് ഉത്തരവിട്ടിരുന്നതായി പിന്നീടു ഞങ്ങൾ കണ്ടെത്തി.”
ഏഥൻസിലെ പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫീസുകളിൽ സന്ദർശനം നടത്തിയ സാക്ഷികളായ രണ്ടു വക്കീലൻമാർ, വിഖ്യാതനും പരക്കെ ആദരിക്കപ്പെടുന്നവനുമായ പ്രായമുള്ള ഒരു പ്രോസിക്യൂട്ടർ തങ്ങളെ സമീപിക്കുന്നതു കണ്ട് ആശ്ചര്യപ്പെട്ടു. മതപരിവർത്തനത്തിനെതിരെയുള്ള നിയമത്തിന് അടിസ്ഥാനമില്ലെന്നും ഗ്രീക്കുകോടതി വ്യവസ്ഥയിൽതന്നെ അത് ആശയക്കുഴപ്പം വരുത്തിക്കൂട്ടുന്നുണ്ടെന്നും അവരെ മാറ്റിനിർത്തി അദ്ദേഹം പറഞ്ഞു. ഊഷ്മളമായ ഹസ്തദാനത്തോടെ അദ്ദേഹം അവർക്കു നന്ദി പറഞ്ഞു.
ഗ്രീസിന്റെ വടക്ക്, ഒരു പബ്ലിക് പ്രോസിക്യൂട്ടർ വളരെ സൗഹൃദമനസ്കനായിരുന്നു, അദ്ദേഹം സാഹിത്യങ്ങൾ സ്വീകരിക്കുകയും ചെയ്തു. യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും പ്രായോഗികമായ ഉത്തരങ്ങളും എന്ന പുസ്തകത്തിന്റെ പേജുകൾ മറിച്ചുനോക്കിയപ്പോൾ, ഉള്ളടക്കപ്പട്ടികയിൽ നാനാതരത്തിലുള്ള അധ്യായങ്ങൾ കണ്ടതിൽ അദ്ദേഹം അതിശയിച്ചു. അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടു: “ഈ പുസ്തകം പ്രതിപാദിക്കുന്ന വിവരങ്ങൾ ഓർത്തഡോക്സ് സഭയിലൊരിടത്തും ഞാൻ കണ്ടിട്ടില്ല.”
കഴിഞ്ഞകാലത്ത്, സാക്ഷികളുടെ ഇച്ഛക്കെതിരായി അവരിൽ രക്തപ്പകർച്ചകൾ നടത്താനുള്ള ഉത്തരവുകൾ താൻ പുറപ്പെടുവിച്ചിരുന്നതായി ബിയോഷിയയിലെ ഒരു പബ്ലിക് പ്രോസിക്യൂട്ടർ സമ്മതിച്ചു പറഞ്ഞു. എന്നാൽ പ്രസ്തുത കാര്യത്തെക്കുറിച്ചു സഹോദരന്മാർ അദ്ദേഹവുമായി ന്യായവാദം ചെയ്തശേഷം അദ്ദേഹം ഇങ്ങനെ പ്രഖ്യാപിച്ചു: “ഭാവിയിലൊരിക്കലും ഞാൻ അത്തരം ഉത്തരവുകൾ നൽകുകയില്ല!” എല്ലാ രക്തരഹിത മരുന്നുകളെക്കുറിച്ചും ആരായുന്നതിനു യഹോവയുടെ സാക്ഷികളുടെ പ്രാദേശിക ആശുപത്രി ഏകോപന സമിതിയുമായി ബന്ധപ്പെടാൻ അദ്ദേഹം ഉറച്ചു. യുവജനങ്ങൾ ചോദിക്കുന്നു പുസ്തകത്തിന്റെ ഒരു കോപ്പി അദ്ദേഹം സസന്തോഷം സ്വീകരിച്ചു.
ലൈബ്രേറിയന്മാർ പ്രതികരിക്കുന്നു
ഈ വിവരങ്ങൾ പല ലൈബ്രേറിയന്മാരുടെ മുമ്പാകെയും അവതരിപ്പിക്കുകയുണ്ടായി. ഏഥൻസിലുള്ള ഒരു ലൈബ്രറിയിൽ മര്യാദക്കാരനായ ഒരു ലൈബ്രേറിയൻ സാഹിത്യങ്ങൾ സ്വീകരിക്കുകയും ഇങ്ങനെ അഭിപ്രായപ്പെടുകയും ചെയ്തു: “നിങ്ങൾ നിങ്ങളുടെ പുസ്തകങ്ങൾ കൊണ്ടുവന്നതു നന്നായി, കാരണം ഞങ്ങളുടെ ലൈബ്രറിയിലുള്ള മിക്ക പുസ്തകങ്ങളും നിങ്ങൾക്കെതിരായുള്ളവയാണ്. . . . നിങ്ങളുടെ പുസ്തകങ്ങൾ ഞങ്ങളുടെ ലൈബ്രറിയിൽ കണ്ടപ്പോൾ ഒരു പുരോഹിതൻ വളരെ അസ്വസ്ഥനായി. . . . സാരമില്ല. എല്ലാ അഭിപ്രായങ്ങളും കേൾക്കേണ്ടതാണ്.”
ക്രീറ്റിലെ മുനിസിപ്പൽ ലൈബ്രറിയിലുള്ള ഒരു ഉദ്യോഗസ്ഥൻ, സാക്ഷികൾ യുദ്ധത്തിൽ പങ്കെടുക്കാൻ വിസമ്മതിക്കുന്നതിൽ താൻ മതിപ്പുള്ളവനാണെന്നു സഹോദരങ്ങളോടു പറഞ്ഞു. അദ്ദേഹം സാക്ഷികളെക്കുറിച്ചു മനസ്സിലാക്കിയത് ഒരു സൈനികക്യാമ്പിൽ വെച്ചായിരുന്നു. ‘ഈ ആളുകൾ എന്തുകൊണ്ടാണ് കഷ്ടത അനുഭവിക്കുന്നത്?’ എന്ന് അദ്ദേഹം സ്വയം ചോദിച്ചുകൊണ്ടേയിരുന്നു. അദ്ദേഹം സഹോദരന്മാരിൽനിന്നു സാഹിത്യങ്ങൾ സ്വീകരിക്കുകയും അവരുടെ ഇപ്പോഴത്തെ പ്രചാരണപരിപാടിയെക്കുറിച്ച് ഇങ്ങനെ പറയുകയും ചെയ്തു: “നിങ്ങൾ ഉത്കൃഷ്ടമായ ഒരു വേലയാണു ചെയ്തിരിക്കുന്നത്. അതു വർഷങ്ങൾക്കു മുമ്പേ . . . ചെയ്യേണ്ടതായിരുന്നു. ഗ്രീസിൽ ധാരാളം മുൻവിധിയുണ്ട്.” താമസിയാതെ വീണ്ടും തന്നെ സന്ദർശിക്കാൻ അദ്ദേഹം സഹോദരങ്ങളോട് ആവശ്യപ്പെട്ടു.
ഈ പ്രത്യേക പ്രചാരണപരിപാടി നടന്ന സമയത്ത്, സഹോദരന്മാർ 1,000-ത്തിലധികം പ്രഘോഷകർ പുസ്തകവും 1,600 യഹോവയുടെ സാക്ഷികൾ ഗ്രീസിൽ എന്ന ലഘുപത്രികയും നൂറുകണക്കിനു പുസ്തകങ്ങളും മാസികകളും സമർപ്പിച്ചു. അതിലും മെച്ചമായി, നൂറു കണക്കിനു ഗ്രീക്ക് ഉദ്യോഗസ്ഥന്മാരുമായി അവർ മുഖാമുഖം സംസാരിച്ചു. ഇനി, ഗ്രീസിലെ ആത്മാർഥ ഹൃദയരായ അധികാരികൾ യഹോവയുടെ സാക്ഷികളെ സംബന്ധിച്ചു മുഖപക്ഷമില്ലാത്ത ഒരു വീക്ഷണം കൈക്കൊള്ളുമെന്നു ഗ്രീസിലും അതുപോലെതന്നെ ലോകത്തിനു ചുറ്റുമുള്ള യഹോവയുടെ വിശ്വസ്ത ദാസന്മാർ പ്രതീക്ഷിക്കുന്നു.