ദുർവാർത്തയുടെ വർധനവ്
ദുർവാർത്തയുടെ വർധനവ്
സുവാർത്ത അറിയിക്കുന്ന തലക്കെട്ടുകളെക്കാൾ ദുർവാർത്ത ഘോഷിക്കുന്ന തലക്കെട്ടുകളാണു വായനക്കാരനിൽ കൂടുതൽ താത്പര്യമുളവാക്കുന്നതെന്നു നിങ്ങൾ എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ? ഒരു പ്രകൃതി ദുരന്തത്തെക്കുറിച്ചു പത്രത്തിൽ വരുന്ന വാർത്താതലക്കെട്ടായാലും ശരി, തിളങ്ങുന്ന ഒരു മാസികയുടെ പുറംചട്ടയിൽ കൊടുത്തിരിക്കുന്ന ആളിക്കത്തുന്ന ഏതെങ്കിലും ഏഷണിയായാലും ശരി, അത്തരം വാർത്തകൾ സുവാർത്തയെക്കാൾ എളുപ്പം വിറ്റഴിയുന്നതായി തോന്നുന്നു.
ഇന്നു ദുർവാർത്തയ്ക്കു യാതൊരു ക്ഷാമവുമില്ല. ഏതു സുവാർത്തയും നിരാകരിച്ചുകൊണ്ട്, ദുർവാർത്ത അന്വേഷിച്ചു കണ്ടെത്തി വെളിച്ചത്താക്കാൻ വേണ്ടിയാണോ വാർത്താലേഖകരും പത്രപ്രവർത്തകരും പരിശീലിപ്പിക്കപ്പെട്ടിരിക്കുന്നതെന്ന് ഒരുവൻ ചിലപ്പോൾ ആശ്ചര്യപ്പെടുന്നു.
ചരിത്രത്തിലുടനീളം ധാരാളം
തീർച്ചയായും, നൂറ്റാണ്ടുകളിലുടനീളം ദുർവാർത്തകൾ ധാരാളം ഉണ്ടായിരുന്നിട്ടുണ്ട്, അവയ്ക്ക് ഏതു സുവാർത്തയെക്കാളും മുൻതൂക്കമുണ്ട്. ചരിത്രത്തിന്റെ ഏടുകളിൽ, മനുഷ്യവർഗത്തിന്റെ ഭാഗധേയമായിരുന്നിട്ടുള്ള മനുഷ്യയാതന, ആശാഭംഗം, നൈരാശ്യം എന്നിവയുടെ ഭാഗത്തേക്കു തുലാസ്സ് വളരെയധികം താഴ്ന്നുപോകുന്നു.
നമുക്ക് ഏതാനും ഉദാഹരണങ്ങൾ പരിചിന്തിക്കാം. നാനാതരത്തിലുള്ള വിവരണങ്ങൾ പ്രദാനം ചെയ്യുന്നതാണു ഴാക്ക് ലെഗ്രാൻ സംരചിച്ച ലോകവൃത്താന്തം (ഇംഗ്ലീഷ്) എന്ന പുസ്തകം. ഓരോ വിവരണവും ആ സംഭവം നടന്ന പ്രത്യേക തീയതിയിലേക്കായി എഴുതപ്പെട്ടതാണ്. എന്നാൽ അതു പറയപ്പെട്ടിരിക്കുന്ന വിധമോ, ഒരു ആധുനിക പത്രപ്രവർത്തകൻ ആ സംഭവത്തെക്കുറിച്ചു റിപ്പോർട്ടു ചെയ്യുന്നതുപോലെയും. ശരിക്കും ഗവേഷണം ചെയ്യപ്പെട്ട ഈ റിപ്പോർട്ടുകളിൽനിന്ന്, ഈ ഭൂമിയിൽ മമനുഷ്യന്റെ പ്രക്ഷുബ്ധമായ അസ്തിത്വത്തിലുടനീളം അവൻ കേട്ടിരിക്കുന്ന വിപുലവ്യാപകമായ ദുർവാർത്തയെക്കുറിച്ചുള്ള ഒരു വിഹഗ വീക്ഷണം നമുക്കു ലഭിക്കുന്നു.
ആദ്യം, പൊ.യു.മു. (പൊതുയുഗത്തിനുമുമ്പ്) 429-ലെ ഗ്രീസിൽനിന്നുള്ള ഈ ആദിമ റിപ്പോർട്ട് നമുക്കു പരിചിന്തിക്കാം. ഏഥൻസും സ്പാർട്ടയും തമ്മിൽ നടന്ന യുദ്ധത്തെക്കുറിച്ച് അതു പറയുന്നു: “പോറ്റിഡിയ എന്ന നഗരസംസ്ഥാനം, അതിലെ ആളുകൾ തങ്ങളുടെ മരിച്ചവരുടെ ശവശരീരങ്ങൾ തിന്നുമാറ് അത്രയേറെ വിശന്നുവലഞ്ഞ ഒരവസ്ഥയിലായശേഷം, കടന്നാക്രമണം നടത്തിയ ഏഥൻസുകാർക്ക് അടിയറവു പറയാൻ നിർബന്ധിതമാക്കപ്പെട്ടിരിക്കുന്നു.” തീർച്ചയായും ദുർവാർത്തതന്നെ!
നമ്മുടെ പൊതുയുഗത്തിനു മുമ്പുള്ള ഒന്നാം
നൂറ്റാണ്ടിലേക്കു വരുമ്പോൾ, ജൂലിയസ് സീസറിന്റെ മരണത്തെക്കുറിച്ച്, റോം, ബി.സി. 44 മാർച്ച് 15 എന്ന തീയതി കുറിച്ചിട്ടുള്ള, വ്യക്തമായ ഒരു റിപ്പോർട്ട് നാം കണ്ടെത്തുന്നു. “ജൂലിയസ് സീസർ ആസൂത്രിതമായി വധിക്കപ്പെട്ടിരിക്കുന്നു. ഇന്ന്, മാർച്ച് പതിനഞ്ചിന്, സെനറ്റ് ഹൗസിൽ അദ്ദേഹം ഉപവിഷ്ടനായപ്പോൾ ഒരു സംഘം ഗൂഢാലോചകർ ചേർന്ന് അദ്ദേഹത്തെ കുത്തിക്കൊന്നു. അവരിൽ ചിലർ അദ്ദേഹത്തിന്റെ ഏറ്റവുമടുത്ത സ്നേഹിതരായിരുന്നു.”തുടർന്നുവന്ന നൂറ്റാണ്ടുകളിൽ, ദുർവാർത്ത പെരുകിക്കൊണ്ടേയിരുന്നു. ഞെട്ടിക്കുന്ന ഒരു ഉദാഹരണം 1487-ലെ, മെക്സിക്കോയിൽനിന്നുള്ള ഈ വാർത്തയാണ്: “ആസ്റ്റെക് തലസ്ഥാനമായ ടെനോക്ടിറ്റ്ലാൻ കണ്ടിട്ടുള്ള ഏറ്റവും പ്രൗഢമായ ബലിയർപ്പണ പ്രദർശനത്തിൽ, യുദ്ധദേവനായ വിറ്റിസിലോപ്പോക്റ്റ്ലിക്കിനുള്ള ബലിയിൽ 20,000 ആളുകൾക്കു തങ്ങളുടെ ഹൃദയങ്ങൾ നഷ്ടമായി.”
മമനുഷ്യന്റെ ക്രൂരത മാത്രമല്ല ദുർവാർത്തക്കു ഹേതു, അവന്റെ അശ്രദ്ധയും ആ നീണ്ട പട്ടികയോടു കൂട്ടിച്ചേർത്തിരിക്കുന്നു. ലണ്ടനിലെ വൻ തീപിടുത്തം അത്തരമൊരു വിപത്താണെന്നു തോന്നുന്നു. ഇംഗ്ലണ്ടിലെ ലണ്ടനിൽനിന്നു വന്ന, 1666 സെപ്റ്റംബർ 5 എന്നു തീയതി കുറിച്ചിരിക്കുന്ന, റിപ്പോർട്ട് ഇങ്ങനെ വായിക്കുന്നു: “ഒടുവിൽ, നാലു പകലുകൾക്കും രാത്രികൾക്കും ശേഷം, യോർക്കിലെ പ്രഭു തീപിടുത്തം തടഞ്ഞിരിക്കുന്നു. തീജ്വാലകൾ പടർന്നുകയറിയ മാർഗത്തിലുള്ള കെട്ടിടങ്ങൾ തകർക്കുന്നതിന് അദ്ദേഹം പീരങ്കിപ്രയോഗം നടത്തുന്ന നാവിക സംഘങ്ങളെ കൊണ്ടുവരികയുണ്ടായി. ഏതാണ്ട് 400 ഏക്കർ പ്രദേശം കത്തിയമർന്നു, 87 പള്ളികളും 13,000 വീടുകളും നശിച്ചു. അത്ഭുതകരമെന്നു പറയട്ടെ, ഒമ്പതു പേർ മാത്രമേ മരിച്ചുള്ളൂ.”
പല ഭൂഖണ്ഡങ്ങളിലൂടെ തേരോട്ടം നടത്തിയിരിക്കുന്ന പകർച്ചവ്യാധികളെയും നാം ഈ ദുർവാർത്തയുടെ ഉദാഹരണങ്ങളോടു ചേർത്തേ പറ്റൂ—1830-കളുടെ ആരംഭത്തിലുണ്ടായ കോളറാ പകർച്ചവ്യാധി ഉദാഹരണമാണ്. ഇതേക്കുറിച്ചു റിപ്പോർട്ടു ചെയ്യുന്ന അച്ചടിച്ച തലക്കെട്ട് ഇങ്ങനെ വായിക്കുന്നു: “കോളറാഭൂതം യൂറോപ്പിനെ വേട്ടയാടുന്നു.” അതേത്തുടർന്നുള്ള യഥാതഥമായ റിപ്പോർട്ട് ദുർവാർത്തയെ ഏറ്റവും മോശമായ അതിന്റെ ഞെട്ടിക്കുന്ന അവസ്ഥയിൽ വരച്ചുകാട്ടുന്നു: “1817 വരെ യൂറോപ്പിൽ അജ്ഞാതമായിരുന്ന കോളറ ഏഷ്യയിൽനിന്നു പടിഞ്ഞാറോട്ടു പടരുന്നു. ഇതിനോടകം മോസ്കോ, സെൻറ് പീറ്റേഴ്സ്ബർഗ് എന്നിവ പോലുള്ള റഷ്യൻ നഗരങ്ങളിലെ ജനസംഖ്യകൾ മൃത്യുവിന്നിരയായിരിക്കുന്നു—അവരിൽ ഭൂരിഭാഗവും നഗരപ്രദേശത്തെ ദരിദ്രരാണ്.”
സമീപ വർഷങ്ങളിലെ വ്യാപനം
രേഖപ്പെടുത്തപ്പെട്ട ചരിത്രത്തിലുടനീളം ദുർവാർത്ത ജീവിതത്തിലെ ഒരു വസ്തുതയായിരുന്നിട്ടുണ്ട് എന്നതു സത്യമായിരിക്കെ, ഈ ഇരുപതാം നൂറ്റാണ്ടിലെ സമീപകാല പതിറ്റാണ്ടുകൾ, ദുർവാർത്ത വർധിച്ചുവരുന്നു, അതേ, അതു സത്വരം വ്യാപകമായിക്കൊണ്ടിരിക്കുന്നു എന്നതിനു തെളിവു നൽകുന്നു.
നമ്മുടെ ഈ നൂറ്റാണ്ടു കേട്ടിട്ടുള്ള ഏറ്റവും ഹീനമായതരം ദുർവാർത്ത യുദ്ധവാർത്തയാണെന്നുള്ളതിനു സംശയമില്ല. ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടു യുദ്ധങ്ങൾ—ഉചിതമായി അവയെ ഒന്നാം ലോകയുദ്ധമെന്നും രണ്ടാം ലോകയുദ്ധമെന്നും വിളിച്ചിരിക്കുന്നു—അത്യന്തം ഭീതിദമായ അളവിൽ ദുർവാർത്ത റിപ്പോർട്ടു ചെയ്യപ്പെടുന്നതു തീർച്ചയായും കാണുകയുണ്ടായി. എന്നാൽ, അതു വാസ്തവത്തിൽ അസന്തുഷ്ടി നിറഞ്ഞ ഈ നൂറ്റാണ്ടു പ്രദാനം ചെയ്തിരിക്കുന്ന ദുർവാർത്തയുടെ ഒരു അംശം മാത്രമേ ആകുന്നുള്ളൂ.
തിരഞ്ഞെടുത്തിരിക്കുന്ന നാനാവിധമായ ഏതാനും വാർത്താതലക്കെട്ടുകൾ പരിചിന്തിക്കുക:
1923 സെപ്റ്റംബർ 1: ഭൂകമ്പം ടോക്കിയോയെ നിലംപരിചാക്കുന്നു—3,00,000 മരണങ്ങൾ; 1931 സെപ്റ്റംബർ 20: പ്രതിസന്ധി—ബ്രിട്ടൻ പൗണ്ടിന്റെ മൂല്യം കുറയ്ക്കുന്നു; 1950 ജൂൺ 25: ഉത്തര കൊറിയ ദക്ഷിണ കൊറിയയിലേക്കു മാർച്ചു ചെയ്യുന്നു; 1956 ഒക്ടോബർ 26: ഹംഗറിക്കാർ സോവിയറ്റു ഭരണത്തിനെതിരെ ആയുധമെടുക്കുന്നു; 1963 നവംബർ 22: ജോൺ കെന്നഡി ഡള്ളാസിൽ വെടിയേറ്റു മരിക്കുന്നു; 1968 ആഗസ്ററ് 21: പ്രാഗ് കലാപത്തെ അമർച്ച ചെയ്യാൻ റഷ്യൻ ടാങ്കുകൾ നീങ്ങുന്നു; 1970 സെപ്ററംബർ 12: തട്ടിക്കൊണ്ടുപോയ വിമാനങ്ങൾ മരുഭൂമിയിൽവെച്ചു പൊട്ടിത്തെറിക്കുന്നു; 1974 ഡിസംബർ 25: ട്രേസി എന്ന ചുഴലിക്കാറ്റ് ഡാർവിൻ നഗരത്തെ തൂത്തെറിയുന്നു—66 മരണങ്ങൾ; 1975 ഏപ്രിൽ 17: കൊളംബിയ കമ്മ്യുണിസ്റ്റ് സേനകൾക്കു കീഴടങ്ങുന്നു; 1978 നവംബർ 18: ഗയാനയിൽ കൂട്ട ആത്മഹത്യ; 1984 ഒക്ടോബർ 31: ശ്രീമതി ഗാന്ധി വെടിയേറ്റു മരിക്കുന്നു; 1986 ജനുവരി 28: കുതിച്ചുയർന്ന ഉടനെ ബഹിരാകാശ ഷട്ടിൽ പൊട്ടിത്തെറിക്കുന്നു; 1986 ഏപ്രിൽ 26: സോവിയറ്റ് അണുശക്തിനിലയത്തിനു തീ പിടിക്കുന്നു; 1987 ഒക്ടോബർ 19: സ്റ്റോക്ക് മാർക്കറ്റ് തകരുന്നു; 1989 മാർച്ച് 25: എണ്ണതൂകൽ അലാസ്കയ്ക്കു പ്രഹരമേൽപ്പിക്കുന്നു; 1989 ജൂൺ 4: ടിയെനൻമെൻ സ്ക്വയറിൽ സേനകൾ പ്രതിഷേധകരെ കൂട്ടക്കൊല ചെയ്യുന്നു.
അതേ, ചരിത്രം കാണിക്കുന്നത് ദുർവാർത്തകൾ എല്ലായ്പോഴും ധാരാളമാണെന്നാണ്, എന്നാൽ സുവാർത്ത താരതമ്യേന കുറവാണ്. സമീപകാല പതിറ്റാണ്ടുകളിൽ ദുർവാർത്ത വ്യാപകമായിക്കൊണ്ടിരിക്കെ, ഓരോ വർഷം പിന്നിടുമ്പോഴും സുവാർത്ത കുറഞ്ഞുപോയിരിക്കുന്നു.
ഇത് എന്തുകൊണ്ട് ഇങ്ങനെ ആയിരിക്കണം? അത് എപ്പോഴും അങ്ങനെ ആയിരിക്കുമോ?
അടുത്ത ലേഖനം ഈ രണ്ടു ചോദ്യങ്ങൾ പരിചിന്തിക്കും.
[3-ാം പേജിലെ ചിത്രത്തിന് കടപ്പാട]
WHO/League of Red Cross