മുന്നിൽ സുവാർത്ത!
മുന്നിൽ സുവാർത്ത!
വ്യക്തിപരമായി നമ്മെ ബാധിക്കുന്ന ദുർവാർത്ത അറിയുമ്പോഴൊക്കെ നാമെല്ലാം ദുഃഖിക്കുന്നു. നേരേമറിച്ച്, സുവാർത്ത—നമുക്കും നമ്മുടെ പ്രിയപ്പെട്ടവർക്കുമുള്ള സന്തോഷവാർത്ത—അറിയുമ്പോൾ നാം സന്തോഷിക്കുന്നു. എന്നാൽ, നമ്മെയല്ലാതെ മറ്റുള്ളവരെ ദുർവാർത്ത ബാധിക്കുമ്പോൾ, മിക്കപ്പോഴും നാം ജിജ്ഞാസുക്കളാകുന്നു; മറ്റുള്ളവരുടെ കഷ്ടപ്പാടിനെക്കുറിച്ചു മനസ്സിലാക്കുമ്പോൾ ചിലർ സന്തോഷിക്കുകപോലും ചെയ്യുന്നു. ദുർവാർത്തയ്ക്കു വളരെയധികം പ്രചാരം ലഭിക്കുന്നതിന്റെ ഭാഗികമായ കാരണം ഇതായിരിക്കാം!
രണ്ടാം ലോകമഹായുദ്ധത്തിന്റെ ആദ്യപാതത്തിൽ, ചിലർ വിപത്തിൽ പ്രകടമാക്കുന്ന ദുഷിച്ച താത്പര്യത്തിന്റെ വ്യക്തമായ ഒരു ഉദാഹരണമുണ്ടായിരുന്നു. 10,000 ടൺ കേവുഭാരമുള്ള ഗ്രാഫ് ഷ്പേയ് എന്ന കൊച്ചു യുദ്ധക്കപ്പൽ 1939-ൽ ജർമൻ നാവികവ്യൂഹത്തിന്റെ അഭിമാനഭാജനമായിരുന്നു. ഈ യുദ്ധക്കപ്പൽ ആഴ്ചകളോളം, ദക്ഷിണ അറ്റ്ലാൻറിക് മഹാസമുദ്രത്തിലെയും ഇന്ത്യൻ മഹാസമുദ്രത്തിലെയും സഖ്യകക്ഷികളുടെ വാണിജ്യക്കപ്പലുകളുടെ ഇടയിൽ നാശം വിതച്ചുവന്നു. ഒടുവിൽ, മൂന്നു ബ്രിട്ടീഷ് പടക്കപ്പലുകൾ ഗ്രാഫ് ഷ്പേയിന്റെ പിന്നാലെ ചെന്ന് അതിനെ ആക്രമിച്ചു. അതിന്റെ ഫലമായി പലർക്കു ജീവഹാനി നേരിട്ടു, മോൺറ്റെവിടേവോയിലെ ഉറുഗ്വെ തുറമുഖത്തേക്ക് അറ്റകുറ്റപ്പണികൾക്കായി അതു മുടന്തിമുടന്തി പോകാൻ നിർബന്ധിതമാക്കുകയും ചെയ്തു. ആ യുദ്ധക്കപ്പൽ ഉടനടി കടലിലേക്കു തിരിച്ചുപോകാൻ ഉറുഗ്വെ ഗവൺമെൻറ് ഉത്തരവിട്ടു, അല്ലാത്തപക്ഷം അതിനെ പിടിച്ചെടുക്കുമായിരുന്നു. അങ്ങനെ, ഏകപക്ഷീയ വിജയം കൈവരുത്തുന്ന ഒരു ഭയങ്കര യുദ്ധം ആസന്നമാണെന്നു തോന്നി.
ഇതേക്കുറിച്ചു കേട്ട, ഐക്യനാടുകളിലെ, സമ്പന്നരായ ഒരു സംഘം ബിസിനസുകാർ രക്തപങ്കിലമായ യുദ്ധത്തിനു സാക്ഷ്യം വഹിക്കുന്നതിന് ഉറുഗ്വെയിലേക്കു പറക്കാൻ ആളൊന്നിന് 2,500 ഡോളർ ചെലവാക്കി ഒരു വിമാനം വാടകയ്ക്കെടുത്തു. അവർ നിരാശരായി, കാരണം ആ യുദ്ധം ഒരിക്കലും അരങ്ങേറിയില്ല. ഗ്രാഫ് ഷ്പേയ് മുക്കിക്കളയാൻ അഡോൾഫ് ഹിറ്റ്ലർ ഉത്തരവിട്ടു. ഉഗ്രമായ ഒരു സമുദ്രയുദ്ധത്തിന്റെ ഗംഭീര ദൃശ്യത്തിനു സാക്ഷ്യം വഹിക്കാൻ പ്രതീക്ഷിച്ചുകൊണ്ടു തീരത്തു തിങ്ങിക്കൂടിയ ആയിരക്കണക്കിനു കാണികൾക്കു കാണാനും കേൾക്കാനും കഴിഞ്ഞതു കാതടപ്പിക്കുന്ന ഒരു സ്ഫോടനമായിരുന്നു. അങ്ങനെ ഗ്രാഫ് ഷ്പേയ് സമുദ്രത്തിന്റെ അടിത്തട്ടിലേക്കു മുങ്ങി, അവളുടെ ജോലിക്കാർതന്നെ അതിനെ മുക്കിക്കളഞ്ഞു. കപ്പിത്താൻ തലയ്ക്കു വെടിവെച്ച് ആത്മഹത്യ ചെയ്തു.
ഏറെക്കുറെ ദുഷ്ടമായ കാര്യങ്ങൾ ചില ആളുകൾ ഇഷ്ടപ്പെട്ടേക്കാമെങ്കിലും, ദുർവാർത്തയെക്കാൾ തങ്ങൾ ഇഷ്ടപ്പെടുന്നതു സുവാർത്തയാണെന്നു മിക്കവരും സമ്മതിക്കും. നിങ്ങൾക്ക് അങ്ങനെ തോന്നുന്നുണ്ടോ? അങ്ങനെയെങ്കിൽ, ചരിത്രം എന്തുകൊണ്ടാണു ദുർവാർത്ത വളരെയധികവും സുവാർത്ത വളരെ കുറച്ചും രേഖപ്പെടുത്തുന്നത്? ആ അവസ്ഥയ്ക്ക് എന്നെങ്കിലും മാറ്റം വരുത്താൻ കഴിയുമോ?
എല്ലാ ദുർവാർത്തയുടെയും കാരണങ്ങൾ
സുവാർത്ത മാത്രമുണ്ടായിരുന്ന കാലത്തെക്കുറിച്ചു ബൈബിൾ പറയുന്നു. ദുർവാർത്ത അജ്ഞാതമായ, കേട്ടുകേൾവിയില്ലാത്ത ഒന്നായിരുന്നു. യഹോവയാം ദൈവം തന്റെ സൃഷ്ടിക്രിയകൾ പൂർത്തിയാക്കിയപ്പോൾ, മനുഷ്യനും മൃഗത്തിനും ആസ്വദിക്കാൻ പറ്റിയ ഒരു അവസ്ഥയിലായിരുന്നു ഭൂഗ്രഹം. ഉല്പത്തി വിവരണം നമ്മോട് ഇങ്ങനെ പറയുന്നു: “താൻ ഉണ്ടാക്കിയതിനെ ഒക്കെയും ദൈവം നോക്കി, അതു എത്രയും നല്ലതു എന്നു കണ്ടു.”—ഉല്പത്തി 1:31.
ദുർവാർത്തയുടെ അഭാവം മനുഷ്യസൃഷ്ടിക്കുശേഷം അധികനാൾ നീണ്ടുനിന്നില്ല. ആദാമിനും ഹവ്വായ്ക്കും മക്കൾ ജനിക്കുന്നതിനു മുമ്പുതന്നെ, ദൈവത്തിനും അവന്റെ നന്മനിറഞ്ഞ, ക്രമനിബദ്ധമായ പ്രപഞ്ചക്രമീകരണത്തിനും എതിരെയുള്ള മത്സരത്തെക്കുറിച്ചുള്ള ദുർവാർത്ത അറിവായി. ഉന്നത സ്ഥാനമുണ്ടായിരുന്ന ഒരു ആത്മപുത്രൻ, തന്നെ ഭരമേൽപ്പിച്ച സ്ഥാനം സംബന്ധിച്ച് അവിശ്വസ്തനായിത്തീരുകയും തന്റെ മത്സരാത്മകമായ, വഞ്ചനാത്മകമായ ഗതിയിൽ തന്നോടൊപ്പം ചേരാൻ ആദ്യ മാനുഷ ദമ്പതികളെ പ്രേരിപ്പിക്കുന്നതിൽ വിജയിക്കുകയും ചെയ്തു.—ഉല്പത്തി 3:1-6.
മനുഷ്യവർഗം സാക്ഷ്യം വഹിച്ചിരിക്കുന്ന നിർലോഭമായ ദുർവാർത്തയ്ക്ക് അപ്പോൾ തുടക്കം കുറിച്ചു. അന്നുമുതൽ ലോകമെമ്പാടും വ്യാപിച്ചിട്ടുള്ള ദുർവാർത്തയിലെ പ്രമുഖ സവിശേഷത ഉപജാപവും വഞ്ചനയും ഭോഷ്കുകളും അസത്യങ്ങളും അർധസത്യങ്ങളുമായിരുന്നിട്ടുണ്ട് എന്നതിൽ അതിശയിക്കാനില്ല. “നിങ്ങൾ പിശാചെന്ന പിതാവിന്റെ മക്കൾ; നിങ്ങളുടെ പിതാവിന്റെ മോഹങ്ങളെ ചെയ്വാനും ഇച്ഛിക്കുന്നു. അവൻ ആദിമുതൽ കുലപാതകൻ ആയിരുന്നു; അവനിൽ സത്യം ഇല്ലായ്കകൊണ്ടു സത്യത്തിൽ യോഹന്നാൻ 8:44.
നില്ക്കുന്നതുമില്ല. അവൻ ഭോഷ്കു പറയുമ്പോൾ സ്വന്തത്തിൽനിന്നു എടുത്തു പറയുന്നു; അവൻ ഭോഷ്കു പറയുന്നവനും അതിന്റെ അപ്പനും ആകുന്നു” എന്നു തന്റെ നാളിലെ മതനേതാക്കന്മാരോടു പറഞ്ഞുകൊണ്ട് ദുർവാർത്തയുടെ ഉപജ്ഞാതാവ് എന്നനിലയിൽ പിശാചായ സാത്താന്റെമേൽ യേശുക്രിസ്തു കുറ്റം ചുമത്തി.—മനുഷ്യരുടെ എണ്ണം വർധിച്ചുവന്നതോടെ ദുർവാർത്തയും കൂടിക്കൂടിവന്നു. തീർച്ചയായും, സന്തോഷത്തിന്റെയും സന്തുഷ്ടിയുടെയും സമയങ്ങൾ ഉണ്ടായിരുന്നിട്ടില്ല എന്ന് ഇത് അർഥമാക്കുന്നില്ല, കാരണം സന്തോഷത്തിനു കാരണമായിരുന്ന അനേക കാര്യങ്ങൾ ഉണ്ടായിരുന്നിട്ടുണ്ട്. എന്നിരുന്നാലും, ഇപ്പോൾവരെ മനുഷ്യവർഗത്തിന്റെ എല്ലാ തലമുറയിലും കുഴപ്പത്തിന്റെയും ദുഃഖത്തിന്റെയും മേഘങ്ങൾ പ്രകടമായിരുന്നു.
ഈ ദുഃഖകരമായ അവസ്ഥാവിശേഷത്തിനു മറ്റൊരു അടിസ്ഥാന കാരണമുണ്ട്. നാം അവകാശപ്പെടുത്തിയ ദുഷ്പ്രവൃത്തിയോടും വിപത്തിനോടുമുള്ള ചായ്വാണത്. “മമനുഷ്യന്റെ മനോനിരൂപണം ബാല്യംമുതൽ ദോഷമുള്ളതു ആകുന്നു” എന്നു പറഞ്ഞുകൊണ്ടു ദുർവാർത്തയുടെ ഒഴിവാക്കാനാവാത്ത ഈ കാരണത്തെ യഹോവതന്നെ തിരിച്ചറിയിക്കുന്നു.—ഉല്പത്തി 8:21.
ദുർവാർത്ത വ്യാപകമാകുന്നത് എന്തുകൊണ്ട്?
എന്നുവരികിലും, ഈ 20-ാം നൂറ്റാണ്ടിൽ ദുർവാർത്ത വ്യാപകമായിരിക്കുന്നതിന് ഒരു കാരണമുണ്ട്. ആ കാരണം ബൈബിളിൽ വ്യക്തമായി പ്രതിപാദിച്ചിരിക്കുന്നു. 20-ാം നൂറ്റാണ്ടിൽ, “അന്ത്യനാളുകൾ” അഥവാ “അന്ത്യകാലം” എന്നറിയപ്പെടുന്ന ഒരു അനിതരസാധാരണമായ കാലഘട്ടത്തിലേക്കു മനുഷ്യവർഗം പ്രവേശിക്കുമെന്നു ബൈബിൾ മുൻകൂട്ടിപ്പറഞ്ഞു. (2 തിമോത്തി 3:1, NW; ദാനീയേൽ 12:4) ബൈബിൾ പ്രവചനവും ബൈബിൾ കാലഗണനയും 1914-ൽ തുടങ്ങിയ ഈ “അന്ത്യകാലഘട്ട”ത്തെ തിരിച്ചറിയിക്കുന്നു. ഇതിന്റെ തിരുവെഴുത്തുപരമായ സവിസ്തര തെളിവിന്, വാച്ച് ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം എന്ന പുസ്തകത്തിന്റെ 11-ാം അധ്യായം ദയവായി കാണുക.
ഭൂമിയിൽ ദുർവാർത്ത സ്വതവേ പെരുകാൻ ഇടയാക്കുന്ന ഒരു സംഭവത്തോടെ അന്ത്യനാളുകൾ ആരംഭിക്കേണ്ടിയിരുന്നു. അത് എന്തായിരുന്നു? അതു സാത്താനെയും അവന്റെ ഭൂതസേനകളെയും സ്വർഗത്തിൽനിന്നു തള്ളിയിട്ടതായിരുന്നു. ദുർവാർത്തയുടെ ഒഴിവാക്കാനാവാത്ത വർധനവിനെക്കുറിച്ചുള്ള സ്പഷ്ടമായ ഈ വിവരണം വെളിപ്പാടു 12:9, 12-ൽ നിങ്ങൾക്കു വായിക്കാവുന്നതാണ്: “ഭൂതലത്തെ മുഴുവൻ തെറ്റിച്ചുകളയുന്ന പിശാചും സാത്താനും എന്ന മഹാസർപ്പമായ പഴയ പാമ്പിനെ ഭൂമിയിലേക്കു തള്ളിക്കളഞ്ഞു; അവന്റെ ദൂതന്മാരെയും അവനോടു കൂടെ തള്ളിക്കളഞ്ഞു. . . . ഭൂമിക്കും സമുദ്രത്തിന്നും അയ്യോ കഷ്ടം, പിശാചു തനിക്കു അല്പകാലമേയുള്ളു എന്നു അറിഞ്ഞു മഹാക്രോധത്തോടെ നിങ്ങളുടെ അടുക്കൽ ഇറങ്ങിവന്നിരിക്കുന്നു.”
അതുകൊണ്ട്, അന്ത്യനാളുകൾ സമാപ്തിയിലേക്കു വരുന്നതുവരെ എത്ര കാലം അവശേഷിച്ചിരിക്കുന്നുവോ ആ കാലത്തു ദുർവാർത്ത തുടരുമെന്നും അതിന്റെ അളവിലും തീവ്രതയിലും അതു വർധിച്ചുകൊണ്ടിരിക്കുമെന്നും നമുക്കു പ്രതീക്ഷിക്കാം.
ഇത് എന്നും ഇങ്ങനെയായിരിക്കില്ല
ഇന്നത്തെ ദുർവാർത്തയുടെ പ്രളയത്തിനു കാരണമായ ദുസ്സഹമായ സ്ഥിതിവിശേഷം എന്നും നിലനിൽക്കുകയില്ല എന്നതു ഭൂവാസികൾക്കു സന്തോഷകരമായ ഒരു കാര്യമാണ്. വാസ്തവത്തിൽ, തുടർച്ചയായ ദുർവാർത്തയുടെ നാളുകൾ എണ്ണപ്പെട്ടിരിക്കുന്നതായി നമുക്ക് ഉറപ്പോടെ പറയാൻ കഴിയും. സംഗതി എന്തുതന്നെയാണെന്നു തോന്നിയാലും അവസ്ഥാവിശേഷം ആശയറ്റതല്ല. സകല ദുർവാർത്തയുടെയും അവസാനം അടുത്തിരിക്കുന്നു. ദൈവത്തിന്റെ തക്കസമയത്ത് അതു കണിശമായും വരികതന്നെ ചെയ്യും.
നമുക്ക് ഇതു സംബന്ധിച്ച് ഉറപ്പുണ്ടായിരിക്കാവുന്നതാണ്, എന്തുകൊണ്ടെന്നാൽ ദുർവാർത്തയുടെ കാരണങ്ങളെ ദൈവം നശിപ്പിക്കുകയും നീക്കിക്കളയുകയും ചെയ്യുമ്പോൾ അന്ത്യനാളുകൾ പാരമ്യത്തിലെത്തുമെന്ന് അഥവാ സമാപിക്കുമെന്നു പ്രവചിക്കപ്പെട്ടിരിക്കുന്നു. തങ്ങളുടെ തെറ്റായ ഗതിക്കു മാറ്റം വരുത്തി അതിൽനിന്നു തിരിഞ്ഞുവരാൻ വിസമ്മതിക്കുന്നവരായി വിദ്വേഷത്തെ ഊട്ടിവളർത്തുന്ന ദുഷ്ട മനുഷ്യരെ അവൻ നീക്കം ചെയ്യും. ഇത്, അർമഗെദോൻ യുദ്ധം എന്നു പൊതുവേ അറിയപ്പെടുന്ന, സർവശക്തനായ ദൈവത്തിന്റെ മഹാദിവസത്തിലെ യുദ്ധത്തിൽ പാരമ്യത്തിലെത്തുന്നു. (വെളിപ്പാടു 16:16) അതിനുശേഷം പെട്ടെന്നുതന്നെ, പിശാചായ സാത്താനെയും അവന്റെ ഭൂതസൈന്യങ്ങളെയും പ്രവർത്തനരാഹിത്യത്തിലാക്കും. എല്ലാ ദുർവാർത്തയുടെയും കാരണഭൂതനായ സാത്താനെ ബന്ധിക്കുന്നതായി വെളിപ്പാടു 20:1-3 വർണിക്കുന്നു: “അനന്തരം ഒരു ദൂതൻ അഗാധത്തിന്റെ താക്കോലും ഒരു വലിയ ചങ്ങലയും കയ്യിൽ പിടിച്ചുകൊണ്ടു സ്വർഗ്ഗത്തിൽനിന്നു ഇറങ്ങുന്നതു ഞാൻ കണ്ടു. അവൻ പിശാചും സാത്താനും എന്നുള്ള പഴയ പാമ്പായ മഹാ സർപ്പത്തെ പിടിച്ചു ആയിരം ആണ്ടേക്കു ചങ്ങലയിട്ടു. ആയിരം ആണ്ടു കഴിയുവോളം ജാതികളെ വഞ്ചിക്കാതിരിപ്പാൻ അവനെ അഗാധത്തിൽ തള്ളിയിട്ടു അടെച്ചുപൂട്ടുകയും മീതെ മുദ്രയിടുകയും ചെയ്തു.”
വിസ്മയാവഹമായ ഈ സംഭവങ്ങളെത്തുടർന്ന്, ഭൂമിക്കും അതിലെ നിവാസികൾക്കും അഭൂതപൂർവമായ സുവാർത്തയുടെ ഒരു കാലം വരും. ആ നിവാസികളിൽ അർമഗെദോൻ യുദ്ധത്തെ അതിജീവിക്കുന്ന ലക്ഷക്കണക്കിനാളുകളും ശവക്കുഴികളിലെ മരണനിദ്രയിൽനിന്നു പുനരുത്ഥാനം പ്രാപിക്കുന്ന കോടിക്കണക്കിനാളുകളും ഉൾപ്പെടും. സുവാർത്തകളിൽവെച്ച് ഏറ്റവും നല്ല ഈ വാർത്ത ബൈബിളിലെ അവസാന പുസ്തകത്തിൽ ഇങ്ങനെ വർണിച്ചിരിക്കുന്നു: “ഇതാ, മനുഷ്യരോടുകൂടെ ദൈവത്തിന്റെ കൂടാരം; അവൻ അവരോടുകൂടെ വസിക്കും; അവർ അവന്റെ ജനമായിരിക്കും; ദൈവം താൻ അവരുടെ ദൈവമായി അവരോടുകൂടെ ഇരിക്കും. അവൻ അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും. ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല; ഒന്നാമത്തേതു കഴിഞ്ഞുപോയി.”—ആ സന്തുഷ്ട സമയത്തെക്കുറിച്ചു നിങ്ങൾക്കു സങ്കൽപ്പിക്കാൻ കഴിയുമോ? തീർച്ചയായും, ആ മഹത്തായ ഭാവിയിൽ മേലാൽ ദുർവാർത്ത ഉണ്ടായിരിക്കില്ല. അതേ, എല്ലാത്തരം ദുർവാർത്തയും അവസാനിച്ചിരിക്കും, അവ മേലാൽ കേൾക്കുകയില്ല. അന്നു സുവാർത്ത സമൃദ്ധമായിട്ടുണ്ടായിരിക്കും, സകല നിത്യതയിലും അതു വർധിക്കുകയും ചെയ്യും.