യഹോവയുടെ അനുഗ്രഹത്താൽ വികസനം
യഹോവയുടെ അനുഗ്രഹത്താൽ വികസനം
യഹോവ സത്യമായും, ന്യൂയോർക്കിലെ ബ്രുക്ളിനിലുള്ള തന്റെ സാക്ഷികളുടെ ലോകാസ്ഥാനത്തെ വികസനത്തെ അനുഗ്രഹിച്ചിരിക്കുന്നുവെന്ന് 1995 സെപ്റ്റംബർ 18-ാം തീയതി സായാഹ്നത്തിൽ നടന്ന സമർപ്പണ പരിപാടി വ്യക്തമാക്കി.
6,000-ത്തിലധികം പേർ സമർപ്പണ പരിപാടി ശ്രദ്ധിച്ചു. അവർ പരിപാടി യഥാർഥത്തിൽ നടന്ന ബ്രുക്ളിനിലും അതുപോലെ ന്യൂയോർക്കിലെ പാറ്റേഴ്സണിനും വാൾക്കില്ലിനും അടുത്തുള്ള യഹോവയുടെ സാക്ഷികളുടെ വലിയ കെട്ടിടങ്ങൾ ഉൾപ്പെടെ മറ്റു സ്ഥലങ്ങളിലും കാനഡയിൽ ടൊറൊന്റോയ്ക്കടുത്തുള്ള അവരുടെ ബ്രാഞ്ചിലും സമ്മേളിച്ചു. ബ്രുക്ളിനിലല്ലാതെ മറ്റു സ്ഥലങ്ങളിലുണ്ടായിരുന്നവർ ടെലഫോൺ ലൈനുകൾവഴി പരിപാടികൾ ശ്രദ്ധിച്ചു.
ഹൃദയോഷ്മളമായ ഒരു പരിപാടി
ബെഥേലംഗങ്ങൾ എന്നു വിളിക്കപ്പെടുന്ന സ്വമേധയാസേവകർ ആ പരിപാടി ശ്രദ്ധിച്ചു, 16,400 അംഗങ്ങളുള്ള ലോകവ്യാപകമായ ബെഥേൽ കുടുംബത്തിന്റെ ഒരു വലിയ ഭാഗംതന്നെ ഉണ്ടായിരുന്നു അവർ. അത്തരം അംഗങ്ങൾ നൂറോളം രാജ്യങ്ങളിൽ സേവിക്കുന്നു, അവിടെ അവർ ബൈബിൾ സാഹിത്യം അച്ചടിക്കുകയും ലോകത്തിൽ യഹോവയുടെ സാക്ഷികളുടെ 78,600-ലധികം വരുന്ന സഭകളെ പിന്തുണയ്ക്കുന്ന സേവനങ്ങൾ നൽകുകയും ചെയ്യുന്നു.
വൈകുന്നേരം 6:30-ന് ഗീതത്തോടെയും അതേത്തുടർന്ന് കാൾ ക്ളെയ്നിന്റെ പ്രാർഥനയോടെയും സമർപ്പണ പരിപാടി ആരംഭിച്ചപ്പോൾ ആകാംക്ഷ മുറ്റിനിന്നിരുന്നു. പരിപാടിയുടെ അധ്യക്ഷനായ ലോയ്ഡ് ബാരി, ആ സന്ദർഭത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള ഹ്രസ്വമായ അഭിപ്രായങ്ങളോടെ സകലരെയും ഊഷ്മളമായി സ്വാഗതം ചെയ്തു. ആൽബർട്ട് ഷ്റോഡർ ആ വാരത്തെ വീക്ഷാഗോപുര പാഠം പുനരവലോകനം ചെയ്തു. അതിനുശേഷം ഡാനിയേൽ സിഡ്ലിക്ക് “ബെഥേലിലെ നമ്മുടെ വിശുദ്ധ സേവനം” എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിച്ചു. പരിപാടിയിൽ ആദ്യഭാഗത്തുണ്ടായിരുന്ന ഇവരെല്ലാവരും യഹോവയുടെ സാക്ഷികളുടെ ഭരണസംഘത്തിലെ അംഗങ്ങളായിരുന്നു.
പരിപാടിയിലെ അടുത്ത രണ്ടു ഭാഗങ്ങൾ—“വർധിച്ചുവരുന്ന നമ്മുടെ താമസസൗകര്യ ആവശ്യങ്ങൾ നിറവേറ്റൽ, 1974-1995,” “ബെഥേൽ നവീകരണത്തിന്റെയും ബ്രുക്ളിനിലെ നിർമാണത്തിന്റെയും സവിശേഷതകൾ”—സമർപ്പിക്കപ്പെട്ട കെട്ടിടങ്ങൾ നിർമിച്ചതോ വാങ്ങിയതോ സംബന്ധിച്ച പ്രസക്ത കാര്യങ്ങൾ എടുത്തുകാട്ടി. ആയിരത്തോളം ബെഥേലംഗങ്ങൾ ഇപ്പോൾ താമസിക്കുന്ന, അടുത്തയിടെ പൂർത്തിയാക്കിയ, വസതിയിലേക്ക് അഭിപ്രായങ്ങൾ ശ്രദ്ധ കേന്ദ്രീകരിച്ചു. 115 മീറ്റർ ഉയരമുള്ള ഈ വസതി അച്ചടിക്കുന്നതിനുള്ള ഫാക്ടറി സമുച്ചയത്തോട് അടുത്ത് 90 സാൻഡ്സ് സ്ട്രീറ്റിലാണു സ്ഥിതിചെയ്യുന്നത്.
പരിപാടിയുടെ സവിശേഷതയായിരുന്നു വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റിയുടെ പ്രസിഡൻറായ മിൽട്ടൺ ഹെൻഷലിന്റെ സമർപ്പണ പ്രസംഗം. യഹോവയുടെ സേവനത്തിൽ ഉപയോഗിക്കുന്നതിനു കെട്ടിടങ്ങൾ സമർപ്പിക്കുന്നതിലുള്ള മുൻ ബൈബിൾ മാതൃകകൾ അദ്ദേഹം എടുത്തുപറഞ്ഞു. ഗീതത്തിനുശേഷം, ഭരണസംഘത്തിലെ ഒരംഗമായ കാരി ബാർബറിന്റെ പ്രാർഥനയോടെ പരിപാടികൾ സമാപിച്ചു. പരിപാടിയിലെ ചില ഉജ്ജ്വല ഭാഗങ്ങൾ എന്തെല്ലാമായിരുന്നു?
സമർപ്പിക്കപ്പെട്ട കെട്ടിടങ്ങൾ
1969 മേയ് 2-ന് ബ്രുക്ളിനിൽ ഒരു ബെഥേൽ പാർപ്പിടം അവസാനമായി സമർപ്പിച്ചതിനുശേഷം, 17 വസതികൾ കൂടി കൂട്ടിച്ചേർത്തതായി ബെഥേൽ ഭവന മേൽവിചാരകനായ ജോർജ് കൗച്ച് വിശദീകരിച്ചു. a ഇവ പുതുതായി നിർമിച്ച ഭവനങ്ങളോ വാങ്ങി നവീകരിച്ച കെട്ടിടങ്ങളോ ആയിരുന്നു. ഇതു വാസ്തവത്തിൽ 17 പാർപ്പിട സ്ഥാനങ്ങളുടെയും രണ്ടു ചെറിയ കെട്ടിടങ്ങളുടെയും—1940-കളിൽ വാങ്ങി ബെഥേൽ വസതികളായി നവീകരിച്ചവ—അതുപോലെതന്നെ, 1982 മാർച്ച് 15-ന് യഹോവയുടെ സാക്ഷികളുടെ എക്സിക്യുട്ടീവ് ഓഫീസുകളുടെ സമർപ്പണത്തിനുശേഷം നിർമിക്കുകയോ വാങ്ങുകയോ ചെയ്ത ഫാക്ടറി, ഓഫീസ് കെട്ടിടങ്ങളുടെയും സമർപ്പണമായിരുന്നു. b
സമർപ്പിക്കപ്പെട്ട ഏറ്റവും വലിയ കെട്ടിടം 360 ഫർമൻ സ്ട്രീറ്റിലുള്ളതാണ്. അത് ആദ്യം നിർമിച്ചത് 1928-ലാണ്. 1983-ൽ യഹോവയുടെ സാക്ഷികൾ അതു വാങ്ങി പൂർണമായും നവീകരിച്ചു. അതിന് 93,000 ചതുരശ്ര മീറ്റർ അല്ലെങ്കിൽ ഏതാണ്ട് 23 ഏക്കർ തറവിസ്താരമുണ്ട്. ഈ സമർപ്പണത്തിൽ ഉൾപ്പെട്ട
മറ്റു കെട്ടിടങ്ങൾ 175 പേൾ സ്ട്രീറ്റിലുള്ള ഫാക്ടറിയും സമീപ വർഷങ്ങളിൽ പണിത വലിയ ഗരാജുകളുമായിരുന്നു.കൂടുതൽ പാർപ്പിടസൗകര്യം ആവശ്യമായി വന്നതിന്റെ കാരണം
1969-ൽ അവസാനത്തെ ബ്രുക്ളിൻ ബെഥേൽ വസതി സമർപ്പിക്കപ്പെട്ടപ്പോൾ, ലോകവ്യാപകമായി ദൈവരാജ്യസുവാർത്ത പ്രസംഗിക്കുന്ന 13,36,112 സാക്ഷികളുടെ അത്യുച്ചമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ 1995-ൽ ആ വേല ചെയ്യുന്ന 51,99,895 പേരുണ്ടായിരുന്നു. അത് മൂന്നര ഇരട്ടിയിലധികം വരും! അതുകൊണ്ട് ബൈബിൾ സാഹിത്യത്തിന്റെ വർധിച്ചുവരുന്ന ആവശ്യം നിറവേറ്റിക്കൊണ്ടു നീങ്ങാൻ, ബ്രുക്ളിൻ ബെഥേലിലെ കുടുംബം 1969-ലെ 1,042 സ്ഥിരം അംഗങ്ങളിൽനിന്ന് 3,360-ലധികമായി വർധിച്ചു. അവരിപ്പോൾ താമസിക്കുന്നത് 22 വസതികളിലാണ്!
1974 മുതൽ 1995 വരെ കൂടുതൽ പാർപ്പിടത്തിനു വേണ്ടിയുള്ള ആവശ്യം നിറവേറ്റിയ വിധത്തെക്കുറിച്ചു ജോർജ് കൗച്ച് ചർച്ച ചെയ്തു.
1970-കളുടെ ആരംഭത്തിൽ വർധിച്ചുവരുന്ന ബെഥേൽ കുടുംബത്തെ താമസിപ്പിക്കാൻ വേണ്ടി അടുത്തുള്ള ടവേഴ്സ് ഹോട്ടലിലെ അനേകം നിലകൾ യഹോവയുടെ സാക്ഷികൾ വാടകയ്ക്കെടുത്തു. 1973 ഡിസംബറിൽ സൊസൈറ്റിയുടെ അന്നത്തെ പ്രസിഡൻറായിരുന്ന നാഥൻ നോർ, ‘1974 ഒക്ടോബർ ഒന്നോടുകൂടി ടവേഴ്സ് ഹോട്ടലിൽനിന്നു മാറാൻ’ സൊസൈറ്റി ആസൂത്രണം ചെയ്യുന്നതായി പറഞ്ഞുകൊണ്ട്, ബെഥേൽ ഓഫീസിനും ടവേഴ്സ് മാനേജ്മെൻറിനും കത്തെഴുതി.ടവേഴ്സിൽ താമസിക്കുന്ന ബെഥേൽ പ്രവർത്തകരെ പാർപ്പിക്കാൻ സ്ഥലമില്ലാതിരുന്നതിനാൽ താൻ ഞെട്ടിപ്പോയെന്ന് കൗച്ച് സഹോദരൻ പറഞ്ഞു. ടവേഴ്സ് മാനേജ്മെൻറും ഞെട്ടിപ്പോയി. കാരണം, മുന്നോട്ടു പോകാൻ അവർ സൊസൈറ്റിയുടെ വാടകപ്പണത്തെയാണ് ആശ്രയിച്ചത്. അന്തിമ ഫലം, ആ ഹോട്ടൽ വാങ്ങാൻ ടവേഴ്സ് മാനേജ്മെൻറ് യഹോവയുടെ സാക്ഷികളെ പ്രോത്സാഹിപ്പിച്ചു എന്നതായിരുന്നു. “ഞങ്ങൾ ഈ അയൽപക്കത്തു വന്നതുമുതൽ നിങ്ങൾ വളർന്നുകൊണ്ടിരിക്കുകയാണ്, അതുകൊണ്ടു നിങ്ങൾക്ക് ഈ കെട്ടിടത്തിന്റെ ആവശ്യം ഉണ്ട്,” അവർ പറഞ്ഞു.
“അതിൽ നിറയെ വാടകക്കാരാണ്,” സൊസൈറ്റിയുടെ പ്രതിനിധികളുടെ മറുപടി അതായിരുന്നു. “ഞങ്ങൾ അതു വാങ്ങുകയാണെങ്കിൽ, ഞങ്ങളുടെ സ്വന്തം ആൾക്കാരെ അവിടെ പാർപ്പിക്കാനാണു ഞങ്ങൾക്കിഷ്ടം.”
“നിങ്ങൾക്കു വേണ്ടി ഞങ്ങൾ ആ കെട്ടിടം ഒഴിപ്പിച്ചുതരാം,” ടവേഴ്സ് മാനേജ്മെൻറ് വാഗ്ദാനം ചെയ്തു. താമസിയാതെ, യഹോവയുടെ സാക്ഷികൾ ഉചിതമായ ഒരു വിലയ്ക്ക് ആ കെട്ടിടം വാങ്ങി. “എന്തുകൊണ്ടാണു നോർ സഹോദരൻ ആ കത്തെഴുതിയത്?” ആകാംക്ഷാഭരിതരായ സദസ്യരോട് കൗച്ച് ചോദിച്ചു. “ഒരുപക്ഷേ അദ്ദേഹത്തിനുതന്നെ അറിയില്ലായിരുന്നു, എന്നാൽ ആ സംഭവമാണ് ടവേഴ്സ് ഹോട്ടൽ വാച്ച് ടവർ സൊസൈറ്റിക്കു വിൽക്കാൻ കാരണമായത്.”
ആദ്യത്തെ ബെഥേൽ ഭവനം സ്ഥിതി ചെയ്തിരുന്ന തെരുവിന് എതിർവശത്തായി, പ്രസിദ്ധമായ മാർഗരറ്റ് ഹോട്ടൽ മുമ്പു സ്ഥിതിചെയ്തിരുന്ന 97 കൊളംബിയാ ഹൈറ്റ്സ് യഹോവയുടെ സാക്ഷികൾ വാങ്ങിയതെങ്ങനെയെന്നും പ്രസംഗകൻ വിവരിച്ചു. ആ
സ്ഥാനം വളരെ അനുയോജ്യമാണ്, കാരണം തെരുവിനടിയിൽ കൂടിയുള്ള ഒരു തുരങ്കംവഴി ബെഥേൽ കെട്ടിട സമുച്ചയവുമായി അതിനെ എളുപ്പത്തിൽ ബന്ധിക്കാമായിരുന്നു. 1980 ഫെബ്രുവരിയിൽ ആ കെട്ടിടം പുതുക്കിപ്പണിതുകൊണ്ടിരുന്നപ്പോൾ, അഗ്നിക്കിരയായി. അപ്പോൾ, ആ സ്ഥലത്ത് പുതിയൊരു കെട്ടിടം പണിയാൻ അതിന്റെ ഉടമസ്ഥനു ബുദ്ധിമുട്ടുണ്ടായിരുന്നതിനാൽ, അദ്ദേഹം ആ സ്ഥലം യഹോവയുടെ സാക്ഷികൾക്കു വിറ്റു.കൗച്ച് സഹോദരൻ ഇങ്ങനെ എടുത്തു പറഞ്ഞു: “ഫലത്തിൽ ഈ കെട്ടിടങ്ങളിലുള്ള ഓരോരുത്തർക്കും അതിനെക്കുറിച്ച് രസകരമായ ഒരു കഥ പറയാനുണ്ട്. അത് ഒരു കാര്യത്തിലേക്കു വിരൽ ചൂണ്ടുന്നു—ആ പ്രത്യേക കെട്ടിടം കരസ്ഥമാക്കാൻ ഈ ദൃശ്യസ്ഥാപനത്തെ നയിച്ചത് യഹോവയാണ്.”
90 സാൻഡ്സിനു പിന്നിലെ കഥ
ഏറ്റവും പുതിയതും ഏറ്റവും വലുതുമായ വസതി 90 സാൻഡ്സ് സ്ട്രീറ്റാണ്. 1986-ൽ യഹോവയുടെ സാക്ഷികൾ ആ സ്ഥലം വാങ്ങിയപ്പോൾ, 160 ജെയ് സ്ട്രീറ്റിൽ ഒരു വലിയ ഫാക്ടറി ആണുണ്ടായിരുന്നത്. c ആ ഫാക്ടറി പൊളിച്ചുകളഞ്ഞു, ആ സ്ഥലത്ത് ഒരു 30 നില പാർപ്പിടം പണിയുന്നതിനുള്ള അനുമതി ലഭിച്ചതായി 1990 ആഗസ്റ്റ് 30-ന് ബെഥേൽ കുടുംബത്തെ അറിയിച്ചു.
ഭരണസംഘത്തിലെ ഒരംഗമായ തിയോഡർ ജാരക്സ് നടത്തിയ ഒരു അഭിമുഖത്തിൽ, 90 സ്ട്രീറ്റ് കെട്ടിടം പണിയാനുള്ള അനുമതി എങ്ങനെയാണു കിട്ടിയതെന്ന് സൊസൈറ്റിയുടെ ബ്രുക്ളിനിലെ ഫാക്ടറി മേൽവിചാരകനായ മാക്സ് ലാർസൺ വിവരിച്ചു. 1965-ൽ സംഭവിച്ചതു നിർണായകമായിരുന്നുവെന്ന് ലാർസൺ സഹോദരൻ പറഞ്ഞു.
സൊസൈറ്റിയുടെ മറ്റു ഫാക്ടറികൾ ഇരിക്കുന്നതിന്റെ അടുത്തുള്ള ഒരു സ്ഥലത്ത് ഒരു പത്തുനില ഫാക്ടറി നിർമിക്കാൻ അന്നു സൊസൈറ്റി ആഗ്രഹിച്ചിരുന്നു, എന്നാൽ ആ സ്ഥലത്തിന്റെ മേഖലാനിർണയം രണ്ടുനില കെട്ടിടം പണിയുന്നതിനേ അനുവദിച്ചുള്ളൂ. പുതുതായി നിർദേശിക്കപ്പെട്ട ഫാക്ടറിയുടെ നിർമാണ പ്രിൻറുകൾ തയ്യാറാക്കാൻ ഒരു ആർക്കിടെക്റ്റ് സമ്മതിച്ചെങ്കിലും അദ്ദേഹം ഇങ്ങനെ പറഞ്ഞു: “ബോർഡിന് അതു സമർപ്പിച്ചുകൊണ്ട് എനിക്കു നാണംകെടാൻ വയ്യ.” ബോർഡ് ഓഫ് സ്റ്റാൻഡേഡ്സ് ആൻഡ് അപ്പീൽസ് സ്ഥലത്തിന്റെ മേഖലാനിബന്ധനകൾക്ക് ഒരിക്കലും മാറ്റം വരുത്തുകയില്ലെന്ന് അദ്ദേഹത്തിനു ബോധ്യമുണ്ടായിരുന്നു. നിർമാണത്തിനുള്ള പ്രിൻറുകൾക്ക് അനുമതി ലഭിച്ചപ്പോൾ അദ്ദേഹം ഇങ്ങനെ ഉദ്ഘോഷിച്ചു: “നിങ്ങൾക്ക് അത് എങ്ങനെ സാധിച്ചു!”
അതിന്റെ കാരണം, ആ സ്ഥലത്തിന്റെ മേഖല പുനർനിശ്ചയിച്ചപ്പോൾ, 160 ജെയ് സ്ട്രീറ്റിലെ കെട്ടിടം ഉൾപ്പെടെ, അടുത്തുള്ള മൊത്തം സ്ഥലത്തിന്റെ മേഖലയും പുനർനിശ്ചയിച്ചു എന്നതായിരുന്നുവെന്നു ലാർസൺ തുടർന്നു വിശദീകരിച്ചു. അത്ഭുതകരമെന്നു പറയട്ടെ, ആ മേഖലയുടെ പുനർനിശ്ചയം ഒരു ഹോട്ടലിന് അനുമതി നൽകി. ഇതൊന്നും ഒരു പുതിയ ബെഥേൽ ഭവനം പണിയുന്നതിനുള്ള സ്ഥാനം ഞങ്ങൾ അന്വേഷിക്കാൻ തുടങ്ങിയിട്ടു ചുരുങ്ങിയപക്ഷം 25 വർഷം കഴിയുന്നതുവരെ ആരും ശ്രദ്ധിക്കാതിരുന്ന കാര്യങ്ങളായിരുന്നു. അപ്പോൾ മേഖലാനിർണയ നിയമം വീണ്ടും കണ്ടുപിടിക്കപ്പെട്ടു!
എന്തു സംഭവിച്ചുവെന്നു ലാർസൺ സഹോദരൻ വിശദീകരിച്ചു: “ഞങ്ങൾ 30 നില കെട്ടിടത്തിന്റെ പ്രിൻറുകൾ തയ്യാറാക്കി നിർമാണ വിഭാഗത്തെ ഏൽപ്പിച്ചപ്പോൾ, ഞങ്ങളോട് ഇങ്ങനെ പറഞ്ഞു: ‘നിങ്ങൾക്ക് ഒരു പാർപ്പിടം അവിടെ പണിയാൻ പറ്റില്ല. അവ വ്യാവസായിക കെട്ടിടനിർമാണത്തിനായി വേർതിരിച്ചിരിക്കുന്നു, നിങ്ങൾക്കു വേണ്ടി അവർ മേഖലാനിർണയം മാറ്റുകയില്ല.’
“‘അവരതു മാറ്റേണ്ട ആവശ്യമില്ല,’ ഞങ്ങൾ ഉദ്യോഗസ്ഥരെ അറിയിച്ചു. ‘അത് ഇപ്പോൾതന്നെ ഒരു ഹോട്ടലിനു വേണ്ടി മേഖല നിർണയിച്ചിരിക്കുകയാണ്.’ രേഖകളെടുത്തു പരിശോധിച്ചു നോക്കിയപ്പോൾ അവർക്കതു വിശ്വസിക്കാൻ കഴിഞ്ഞില്ല! അങ്ങനെയാണ് നമുക്കു 30 നില കെട്ടിടം ലഭിച്ചത്,” ലാർസൺ ഉപസംഹരിച്ചു.
യഹോവയുടെ അനുഗ്രഹം സ്പഷ്ടം
ബൈബിൾ സങ്കീർത്തനക്കാരൻ ഇങ്ങനെ എഴുതി: “യഹോവ വീടു പണിയാതിരുന്നാൽ പണിയുന്നവർ വൃഥാ അദ്ധ്വാനിക്കുന്നു.” (സങ്കീർത്തനം 127:1) തന്റെ അനുഗാമികൾ ചെയ്യണമെന്നു യേശു കൽപ്പിച്ച ലോകവ്യാപക പ്രസംഗ-പഠിപ്പിക്കൽ വേലയ്ക്കു സഹായകമാകാൻ യഹോവയുടെ സാക്ഷികളുടെ നിർമാണ പ്രവർത്തനത്തിന്മേൽ യഹോവയുടെ അനുഗ്രഹമുണ്ടായിരുന്നിട്ടുണ്ട്.—മത്തായി 24:14; 28:19, 20.
യഹോവയുടെ ദാസന്മാരുടെ ലോകാസ്ഥാനത്തെ വികസനത്തിന്മേൽ ഉണ്ടായ അത്തരം അനുഗ്രഹത്തിന്റെ തെളിവിൽ, 1995 സെപ്റ്റംബർ 18-ലെ പരിപാടി കേൾക്കാൻ പദവി ലഭിച്ചവർ ഹർഷപുളകിതരായി. അവൻ കൽപ്പിക്കുന്നതു തുടർന്നും ചെയ്യുമ്പോൾ അവന്റെ അനവരതമായ അനുഗ്രഹം സംബന്ധിച്ച് അവന്റെ ജനത്തിന് ഉറപ്പുണ്ടായിരിക്കാൻ സാധിക്കും.
[അടിക്കുറിപ്പ]
a 1969 ജൂൺ 15 ലക്കം വീക്ഷാഗോപുരം (ഇംഗ്ലീഷ്), പേജുകൾ 379-82.
b 1982 ഡിസംബർ 1 ലക്കം വീക്ഷാഗോപുരം (ഇംഗ്ലീഷ്), പേജുകൾ 23-31.
c 1987 ഡിസംബർ 22 ലക്കം ഉണരുക! (ഇംഗ്ലീഷ്), പേജുകൾ 16-18.
[23-ാം പേജിലെ ചിത്രം]
90 സാൻഡ്സ് സ്ട്രീറ്റ് • 1995
[24, 25 പേജുകളിലെ ചിത്രങ്ങൾ]
സമർപ്പിച്ച കൂടുതലായ വസതികളിൽ ചിലത്
97 കൊളംബിയാ ഹൈറ്റ്സ് • 1986
ബോസെർട്ട് ഹോട്ടൽ, 98 മോൺടേഗ്യൂ സ്ട്രീറ്റ് • 1983
34 ഓറഞ്ച് സ്ട്രീറ്റ് • 1945
സ്റ്റാൻഡിഷ് ഹോട്ടൽ, 169 കൊളംബിയ ഹൈറ്റ്സ് • 1981
67 ലിവിങ്സ്റ്റൺ സ്ട്രീറ്റ് • 1989
108 ഗെരേളമൻ സ്ട്രീറ്റ് • 1988
ടവേഴ്സ് ഹോട്ടൽ, 79-99 വില്ലോ സ്ട്രീറ്റ് • 1975
[26-ാം പേജിലെ ചിത്രങ്ങൾ]
175 പേൾ സ്ട്രീറ്റ് • 1983
69 ആഡംസ് സ്ട്രീറ്റ് • 1991
360 ഫർമൻ സ്ട്രീറ്റ് • 1983