ലോകമതം അവസാനിക്കാൻ പോകുന്നതിന്റെ കാരണം
ലോകമതം അവസാനിക്കാൻ പോകുന്നതിന്റെ കാരണം
“എന്റെ ജനമായുള്ളോരേ, അവളുടെ പാപങ്ങളിൽ കൂട്ടാളികളാകാതെയും അവളുടെ ബാധകളിൽ ഓഹരിക്കാരാകാതെയുമിരിപ്പാൻ അവളെ വിട്ടുപോരുവിൻ.”—വെളിപ്പാടു 18:4.
1. (എ) ഏതു വിധത്തിലാണു മഹാബാബിലോൻ വീണിരിക്കുന്നത്? (ബി) ഈ സംഭവം യഹോവയുടെ സാക്ഷികളെ എങ്ങനെ ബാധിച്ചിരിക്കുന്നു?
“മഹതിയാം ബാബിലോൻ വീണുപോയി!” അതേ, യഹോവയുടെ ദൃഷ്ടിയിൽ വ്യാജമത ലോകസാമ്രാജ്യം വീണുപോയിരിക്കുന്നു. ക്രിസ്തുവിന്റെ സഹോദരന്മാരുടെ ശേഷിപ്പ് ഗൂഢാർഥ ബാബിലോന്റെ പ്രമുഖ ഭാഗമായ ക്രൈസ്തവലോകത്തിന്റെ സ്വാധീനത്തിൽനിന്നു പുറത്തുവന്ന 1919 മുതൽ അതു സത്യമാണ്. തത്ഫലമായി, വ്യാജമതത്തെ അപലപിക്കാനും മിശിഹൈക രാജ്യം മുഖേനയുള്ള ദൈവത്തിന്റെ നീതിനിഷ്ഠമായ ഭരണാധിപത്യത്തെക്കുറിച്ച് അറിയിക്കാനും അവർ സ്വതന്ത്രരായിരിക്കുന്നു. ഈ നൂറ്റാണ്ടിലുടനീളം, “ലോകത്തെ മുഴവൻ” വഴിതെറ്റിക്കാൻ സാത്താൻ വിദഗ്ധമായി ഉപയോഗിച്ചിരിക്കുന്ന അവന്റെ പാവതുല്യമായ മതസഞ്ചയത്തെ യഹോവയുടെ വിശ്വസ്ത സാക്ഷികൾ തുറന്നുകാട്ടിയിരിക്കുന്നു.—വെളിപ്പാടു 12:9; 14:8; 18:2.
മഹാബാബിലോൻ വീണിരിക്കുന്നത് എങ്ങനെ?
2. ലോകമതങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ എന്താണ്?
2 എന്നിരുന്നാലും, ഒരുവൻ ചോദിച്ചേക്കാം, ‘അനേകം നാടുകളിലും മതം തഴച്ചുവളരുന്നതായി കാണപ്പെടുമ്പോൾ ബാബിലോൻ വീണിരിക്കുന്നുവെന്നു നിങ്ങൾക്ക് എങ്ങനെ പറയാൻ സാധിക്കും?’ കത്തോലിക്കാമതവും മുഹമ്മദീയ മതവും നൂറു കോടിയിൽപ്പരം വിശ്വാസികൾ വീതം ഉള്ളതായി അവകാശപ്പെടുന്നു. പ്രൊട്ടസ്റ്റൻറ് മതം അമേരിക്കകളിൽ ഇപ്പോഴും വളർന്നുകൊണ്ടിരിക്കുന്നു, അവിടെ പുതിയ പള്ളികളും ചാപ്പലുകളും നിരന്തരം മുളച്ചുവന്നുകൊണ്ടിരിക്കുന്നു. ബുദ്ധമതത്തിന്റെയും ഹിന്ദുമതത്തിന്റെയും അനുഷ്ഠാനമുറകൾ ആചരിക്കുന്നതു കോടിക്കണക്കിനാളുകളാണ്. എന്നാൽ, ശതകോടിക്കണക്കിനു വരുന്ന ഈ ആളുകളുടെ പെരുമാറ്റത്തിന്മേൽ ഈ മതങ്ങളെല്ലാം എത്രത്തോളം ക്രിയാത്മകമായ സ്വാധീനം ചെലുത്തുന്നുണ്ട്? ഉത്തര അയർലണ്ടിൽ പരസ്പരം കൊന്നൊടുക്കുന്നതിൽനിന്നു കത്തോലിക്കരെയും പ്രൊട്ടസ്റ്റൻറുകാരെയും അതു തടഞ്ഞിട്ടുണ്ടോ? അതു മധ്യപൂർവദേശത്തു യഹൂദന്മാർക്കും മുസ്ലീങ്ങൾക്കും യഥാർഥ സമാധാനം കൈവരുത്തിയിട്ടുണ്ടോ? അത് ഇന്ത്യയിൽ ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിലുള്ള ഐക്യത്തിലേക്കു നയിച്ചിട്ടുണ്ടോ? കുറെക്കൂടെ അടുത്തകാലത്ത്, സെർബിയൻ ഓർത്തഡോക്സ് സഭയെയും ക്രൊയേഷ്യൻ കത്തോലിക്കരെയും ബോസ്നിയൻ മുസ്ലീങ്ങളെയും “വംശീയ ശുദ്ധീകരണ”വും കൊള്ളയും ബലാൽസംഗവും പരസ്പരമുള്ള കശാപ്പും നടത്തുന്നതിൽനിന്നു തടഞ്ഞിട്ടുണ്ടോ അത്? മതം ഒരു ലേബൽ മാത്രമാണ്, ഏറ്റവും ചെറിയ സമ്മർദത്തിൽ പോലും പൊട്ടിപ്പോകുന്ന മുട്ടത്തോടിന്റെ കട്ടിയുള്ള ഒരു പുറംമൂടിയാണ്.—ഗലാത്യർ 5:19-21; യാക്കോബ് 2:10, 11 താരതമ്യം ചെയ്യുക.
3. ദൈവമുമ്പാകെ മതം ന്യായവിധിയിലായിരിക്കുന്നത് എന്തുകൊണ്ട്?
3 ദൈവത്തിന്റെ വീക്ഷണത്തിൽനിന്നു നോക്കുമ്പോൾ, ജനതതികൾ മതങ്ങൾക്കു നൽകുന്ന പിന്തുണ ഒഴിച്ചുകൂടാനാവാത്ത ഒരു വസ്തുതയ്ക്കു മാറ്റം വരുത്തുന്നില്ല—അതായത്, ദൈവമുമ്പാകെ എല്ലാ മതവും ന്യായവിധിയിലാണ്. മഹാബാബിലോന്റെ ചരിത്രം തെളിവു നൽകുന്നതുപോലെ, അവൾ പ്രതികൂലമായ ന്യായവിധി അർഹിക്കുന്നു. കാരണം, “അവളുടെ പാപം ആകാശത്തോളം കുന്നിച്ചിരിക്കുന്നു; അവളുടെ അകൃത്യം ദൈവം ഓർത്തിട്ടുമുണ്ടു.” (വെളിപ്പാടു 18:5) പ്രാവചനിക ഭാഷയിൽ ഹോശേയ ഇപ്രകാരമെഴുതി: “അവർ കാറ്റു വിതെച്ചു, ചുഴലിക്കാറ്റു കൊയ്യും.” സാത്താന്റെ ലോകവ്യാപകമായുള്ള വ്യാജമതങ്ങളെല്ലാം, ദൈവത്തോടും അവന്റെ സ്നേഹത്തോടും അവന്റെ നാമത്തോടും അവന്റെ പുത്രനോടും വഞ്ചന കാട്ടിയതിന് ആത്യന്തിക വില ഒടുക്കേണ്ടിവരും.—ഹോശേയ 8:7; ഗലാത്യർ 6:7; 1 യോഹന്നാൻ 2:22, 23.
നിങ്ങൾ തിരഞ്ഞെടുക്കേണ്ടതുണ്ട്
4, 5. (എ) നാം ഇന്ന് ഏതവസ്ഥകളിലാണു ജീവിക്കുന്നത്? (ബി) ഏതെല്ലാം ചോദ്യങ്ങൾക്കു നാം ഉത്തരം നൽകണം?
4 നാം ജീവിക്കുന്നത് “അന്ത്യനാളുക”ളുടെ അന്തിമഭാഗത്താണ്. സത്യക്രിസ്ത്യാനികളെന്ന നിലയിൽ നാം “ഇടപെടാൻ പ്രയാസമുള്ള ദുർഘടസമയങ്ങ”ളെ അതിജീവിക്കാൻ പാടുപെടുകയാണ്. (2 തിമോത്തി 3:1-5, NW) ഘാതകനും ഭോഷ്കാളിയും ഏഷണി പറയുന്നവനുമായ സാത്താന്റെ ദുഷിച്ച വ്യക്തിത്വത്തെ യഥാർഥത്തിൽ പ്രതിഫലിപ്പിക്കുന്ന സാത്താന്യ ലോകത്തിൽ സത്യക്രിസ്ത്യാനികൾ താത്കാലിക നിവാസികളാണ്. (യോഹന്നാൻ 8:44; 1 പത്രൊസ് 2:11, 12; വെളിപ്പാടു 12:10) നമുക്കു ചുറ്റുമുള്ളത് അക്രമവും ചതിയും വഞ്ചനയും അഴിമതിയും കടുത്ത അധാർമികതയുമാണ്. തത്ത്വങ്ങൾ അവഗണിക്കപ്പെട്ടിരിക്കുന്നു. സുഖലോലുപതയും ശീഘ്രകാര്യസാധ്യതയും സ്ഥിതിവിശേഷത്തെ വർണിക്കുന്ന പദങ്ങളാണ്. പല കേസുകളിലും സ്വവർഗരതി, പരസംഗം, വ്യഭിചാരം എന്നിവ സംബന്ധിച്ച ബൈബിളിന്റെ കുറ്റംവിധിക്കലിൽ വെള്ളം ചേർത്തുകൊണ്ടു പുരോഹിതവർഗം ധാർമിക ദുഷിപ്പിനെ വെച്ചുപൊറുപ്പിക്കുന്നു. അതുകൊണ്ടു ചോദ്യമിതാണ്, നിങ്ങൾ വ്യാജമതത്തെ പിന്തുണയ്ക്കുകയും അതിനെ വെച്ചുപൊറുപ്പിക്കുകയും ചെയ്യുന്നുവോ, അതോ നിങ്ങൾ സത്യാരാധനയിൽ സജീവമായി പങ്കുപറ്റുന്നുവോ?—ലേവ്യപുസ്തകം 18:22; 20:13; റോമർ 1:26, 27; 1 കൊരിന്ത്യർ 6:9-11.
5 ഇപ്പോൾ വേർതിരിക്കലിന്റെ സമയമാണ്. അതുകൊണ്ട്, വ്യാജാരാധനയും സത്യാരാധനയും തമ്മിൽ തിരിച്ചറിയുന്നതിനു പൂർവാധികം കാരണങ്ങളുണ്ട്. ക്രൈസ്തവലോകത്തിലെ മതങ്ങൾ അവയെ വളരെ നിന്ദ്യമാക്കിത്തീർക്കുന്ന മറ്റെന്താണ് ചെയ്തിരിക്കുന്നത്?—മലാഖി 3:18; യോഹന്നാൻ 4:23, 24.
വ്യാജമതം കുറ്റം വിധിക്കപ്പെടുന്നു
6. ക്രൈസ്തവലോകം ദൈവരാജ്യത്തെ ഒറ്റിക്കൊടുത്തിരിക്കുന്നത് എങ്ങനെ?
6 ക്രൈസ്തവലോകത്തിലുള്ള കോടിക്കണക്കിനാളുകൾ പതിവായി കർത്താവിന്റെ പ്രാർഥന ഉരുവിടുന്നു, അതിൽ അവർ ദൈവരാജ്യം വരാൻ വേണ്ടി പ്രാർഥിക്കുന്നു. എങ്കിലും, അവർ ആ ദിവ്യാധിപത്യ ഭരണത്തെ അവഗണിച്ചുകൊണ്ട് എല്ലാ രാഷ്ട്രീയ രൂപങ്ങളെയും ഉത്സാഹപൂർവം പിന്താങ്ങിയിരിക്കുന്നു. നൂറ്റാണ്ടുകൾക്കു മുമ്പ്, റിഷല്യൂ, മാസ്റൻ, വൂൾസി തുടങ്ങിയ കർദിനാളന്മാരെപ്പോലുള്ള, കത്തോലിക്കാ സഭയിലെ, “പ്രഭുക്കന്മാർ” ലൗകിക ഭരണതന്ത്രജ്ഞന്മാരും ഗവൺമെൻറിലെ മന്ത്രിമാരുമായി പ്രവർത്തിച്ചു.
7. 50-ലധികം വർഷങ്ങൾക്കു മുമ്പ് ക്രൈസ്തവലോകത്തിലെ വൈദികരെ യഹോവയുടെ സാക്ഷികൾ എങ്ങനെയാണു തുറന്നുകാട്ടിയത്?
7 50-ലധികം വർഷങ്ങൾക്കു മുമ്പ്, മതം കൊടുങ്കാറ്റു കൊയ്യുന്നു (ഇംഗ്ലീഷ്) എന്ന ചെറുപുസ്തകത്തിൽ യഹോവയുടെ സാക്ഷികൾ രാഷ്ട്രീയത്തിലെ ക്രൈസ്തവലോകത്തിന്റെ ഉൾപ്പെടലിനെ തുറന്നുകാട്ടി. a അന്നു പറഞ്ഞത് ഇന്നും തുല്യശക്തിയോടെ ബാധകമാണ്: “മുഴു ‘ക്രൈസ്തവലോക’ത്തിലെയും മതനേതാക്കന്മാർ ‘ഇപ്പോഴത്തെ ദുഷ്ട ലോക’ത്തിന്റെ രാഷ്ട്രീയത്തിൽ സൂക്ഷ്മ താത്പര്യത്തോടെ പങ്കെടുക്കുകയും അതിന്റെ ലൗകിക കാര്യാദികളിൽ തലയിടുകയുമാണെന്ന് എല്ലാ വിഭാഗങ്ങളിലുമുള്ള മതവൈദികരുടെ നടത്ത സംബന്ധിച്ച സത്യസന്ധമായ ഒരു പരിശോധന വെളിപ്പെടുത്തും.” അന്ന്, പയസ് പന്ത്രണ്ടാമൻ പാപ്പാ നാസീ ഹിറ്റ്ലറുമായും (1933) ഫാസിസ്റ്റ് ഫ്രാൻകോയുമായും (1941) ഉടമ്പടികൾ ഉണ്ടാക്കിയതിനും അതുപോലെതന്നെ, കുപ്രസിദ്ധമായ പേൾ ഹാർബർ ആക്രമണത്തിന് ഏതാനും മാസത്തിനുശേഷം ആക്രമണകാരിയായ ജപ്പാൻജനതയുമായി പാപ്പാ 1942 മാർച്ചിൽ നയതന്ത്ര പ്രതിനിധികളെ കൈമാറിയതിനും സാക്ഷികൾ അദ്ദേഹത്തെ നിശിതമായി വിമർശിച്ചു. യാക്കോബിന്റെ മുന്നറിയിപ്പു ചെവിക്കൊള്ളാൻ പാപ്പാ പരാജയപ്പെട്ടു: “വ്യഭിചാരിണികളായുള്ളോരേ, ലോകസ്നേഹം ദൈവത്തോടു ശത്രുത്വം ആകുന്നു എന്നു നിങ്ങൾ അറിയുന്നില്ലയോ? ആകയാൽ ലോകത്തിന്റെ സ്നേഹിതൻ ആകുവാൻ ഇച്ഛിക്കുന്നവനെല്ലാം ദൈവത്തിന്റെ ശത്രുവായിത്തീരുന്നു.”—യാക്കോബ് 4:4.
8. റോമൻ കത്തോലിക്കാസഭ ഇന്നു രാഷ്ട്രീയത്തിൽ ഉൾപ്പെട്ടിരിക്കുന്നത് എങ്ങനെ?
8 ഇന്നത്തെ സ്ഥിതിവിശേഷമെന്താണ്? വൈദിക-അയ്മേനി പ്രതിനിധികളിലൂടെയും പാപ്പാധിപത്യം ഇപ്പോഴും രാഷ്ട്രീയത്തിൽ ഉൾപ്പെടുന്നു. അടുത്തകാലത്തെ പാപ്പാമാർ ലോകസമാധാനത്തിനായുള്ള മനുഷ്യനിർമിത വ്യാജസ്ഥാപനമായ ഐക്യരാഷ്ട്രങ്ങളെ അഭിസംബോധന ചെയ്തു പ്രസംഗിച്ചുകൊണ്ട് അതിനു തങ്ങളുടെ അംഗീകാരം നൽകിയിരിക്കുന്നു. “വിശുദ്ധ സിംഹാസനത്തിലേക്കുള്ള സ്ഥാനപതി”കളായ, പുതിയ ഏഴു നയതന്ത്രജ്ഞർ, തങ്ങളുടെ സാക്ഷ്യപത്രങ്ങൾ ‘പരിശുദ്ധ പിതാവി’നു സമർപ്പിച്ചതായി വത്തിക്കാന്റെ ഔദ്യോഗിക പത്രമായ ലോസ്സേർവാറ്റോറേ റോമാനോയുടെ അടുത്തകാലത്തെ ഒരു ലക്കം അറിയിച്ചു. അത്തരം നയതന്ത്രപരമായ ഇടപാടുകളിൽ യേശുവും പത്രോസും ഉൾപ്പെടുന്നതായി നിങ്ങൾക്കു സങ്കൽപ്പിക്കാൻ കഴിയുമോ? യഹൂദന്മാർ യേശുവിനെ രാജാവാക്കാൻ ശ്രമിച്ചപ്പോൾ അവൻ നിരസിക്കുകയും അവന്റെ രാജ്യം ഈ ലോകത്തിന്റെ ഭാഗമല്ല എന്നു പറയുകയും ചെയ്തു.—യോഹന്നാൻ 6:15; 18:36.
9. പ്രൊട്ടസ്ററൻറ് മതങ്ങൾ അവയുടെ കത്തോലിക്കാ പ്രതിരൂപത്തെക്കാൾ മെച്ചമല്ലെന്നു നമുക്കു പറയാൻ കഴിയുന്നത് എന്തുകൊണ്ട്?
9 പ്രൊട്ടസ്റ്റൻറ് നേതാക്കന്മാർ അവരുടെ കത്തോലിക്കാ പ്രതിരൂപത്തെക്കാൾ മെച്ചപ്പെട്ടവരാണോ? ഐക്യനാടുകളിൽ, പല യാഥാസ്ഥിതിക പ്രൊട്ടസ്റ്റൻറ് മതങ്ങൾക്കും അതുപോലെതന്നെ മോർമൻമാർക്കും നിശ്ചിത രാഷ്ട്രീയ ചായ്വുള്ളതായി തിരിച്ചറിയപ്പെടുന്നു. ക്രിസ്തീയ കൊയാലിഷൻ എന്ന സംഘടന യു.എസ്. രാഷ്ട്രീയത്തിൽ ആഴമായി ഉൾപ്പെട്ടിരിക്കുന്നു. മറ്റു പ്രൊട്ടസ്റ്റൻറ് വൈദികരും വ്യത്യസ്തമായ ഒരു രാഷ്ട്രീയ നിലപാടിനോടു ബന്ധപ്പെട്ടു നിൽക്കുന്നു. ഐക്യനാടുകളിൽ പാറ്റ് റോബർട്ട്സണും ജെസ്സി ജാക്സണും പോലുള്ള രാഷ്ട്രീയ വക്താക്കൾ “റവറണ്ടുമാർ” ആണ് അല്ലെങ്കിൽ ആയിരുന്നു എന്ന കാര്യം ചിലപ്പോൾ വിസ്മരിക്കപ്പെടുന്നു, വടക്കൻ അയർലണ്ടിലെ ബ്രിട്ടീഷ് പാർലമെൻറ് അംഗമായ ഇയാൻ പേസ്ലിയും അങ്ങനെതന്നെ. തങ്ങളുടെ നിലപാടുകളെ അവർ എങ്ങനെയാണു നീതീകരിക്കുന്നത്?—പ്രവൃത്തികൾ 10:34, 35; ഗലാത്യർ 2:6.
10. 1944-ൽ വ്യക്തമായ ഏതു പ്രസ്താവന നടത്തപ്പെട്ടു?
10 മതം കൊടുങ്കാറ്റു കൊയ്യുന്നു എന്ന ചെറുപുസ്തകം 1944-ൽ ചോദിച്ചതുപോലെ, നാം ഇപ്പോൾ ചോദിക്കുന്നു: “ഈ ലോകത്തിലെ നേട്ടത്തിനും അതിൽനിന്നുള്ള സംരക്ഷണത്തിനും ശ്രമിച്ചുകൊണ്ട്, ലോകശക്തികളുമായി ഉടമ്പടികളിൽ ഏർപ്പെടുകയും ഈ ലോകത്തിന്റെ രാഷ്ട്രീയ കാര്യങ്ങളിൽ സജീവമായി ഉൾപ്പെടുകയും ചെയ്യുന്ന ഏതെങ്കിലും സംഘടനയ്ക്ക് . . . ദൈവത്തിന്റെ സഭയായിരിക്കാനോ ഭൂമിയിൽ യേശുക്രിസ്തുവിനെ പ്രതിനിധാനം ചെയ്യാനോ സാധിക്കുമോ? . . . വ്യക്തമായും, ഈ ലോകത്തിലെ രാജ്യങ്ങളുടെ പൊതു ലക്ഷ്യങ്ങളിൽ പങ്കുപറ്റുന്ന മതസ്ഥർക്കും ക്രിസ്തുയേശു മൂലമുള്ള ദൈവരാജ്യത്തെ പ്രതിനിധാനം ചെയ്യാനാവില്ല.”
വ്യാജമതത്തിന്റെ കയീന്യ മനോഭാവം
11. വ്യാജമതം കയീന്റെ മാതൃക പിന്തുടർന്നിരിക്കുന്നത് എങ്ങനെ?
11 തന്റെ സഹോദരനായ ഹാബേലിനെ കൊലപ്പെടുത്തിയ, ഭ്രാതൃഹത്യ നടത്തിയ, കയീന്റെ മനോഭാവം വ്യാജമതം ചരിത്രത്തിലുടനീളം, പ്രകടമാക്കിയിരിക്കുന്നു. “ദൈവത്തിന്റെ മക്കൾ ആരെന്നും പിശാചിന്റെ മക്കൾ ആരെന്നും ഇതിനാൽ തെളിയുന്നു; നീതി പ്രവർത്തിക്കാത്തവൻ ആരും സഹോദരനെ സ്നേഹിക്കാത്തവനും ദൈവത്തിൽനിന്നുള്ളവനല്ല. നിങ്ങൾ ആദിമുതൽ കേട്ട ദൂതു: നാം അന്യോന്യം സ്നേഹിക്കേണം എന്നല്ലോ ആകുന്നു. കയീൻ ദുഷ്ടനിൽനിന്നുള്ളവനായി സഹോദരനെ കൊന്നതുപോലെ അല്ല; അവനെ കൊല്ലുവാൻ സംഗതി എന്തു? തന്റെ പ്രവൃത്തി ദോഷവും സഹോദരന്റേതു നീതിയുമുള്ളതാകകൊണ്ടത്രേ.” തന്റെ സഹോദരന്റെ നിർമലവും സ്വീകാര്യവുമായ ദൈവാരാധനയിൽ അസഹിഷ്ണുവായി കയീൻ അക്രമം അവലംബിച്ചു—യുക്തിയുക്തമായ ഒരു ഉത്തരമില്ലാത്തവരുടെ അവസാനത്തെ ആശ്രയമാണത്.—1 യോഹന്നാൻ 3:10-12.
12. യുദ്ധങ്ങളിലും വിദ്വേഷത്തിലുമുള്ള മതത്തിന്റെ പങ്കു സംബന്ധിച്ച് എന്തു തെളിവുണ്ട്?
12 വ്യാജമതത്തിന്റെമേലുള്ള ഈ കുറ്റംചുമത്തലിനെ വസ്തുതകൾ പിന്താങ്ങുന്നുവോ? മതപ്രസംഗകർ യുദ്ധത്തെ പിന്താങ്ങുന്നു (ഇംഗ്ലീഷ്) എന്ന പുസ്തകത്തിൽ ഗ്രന്ഥകാരൻ ഇങ്ങനെ പറഞ്ഞു: “നാഗരികതകളുടെ ചരിത്രത്തിൽ, . . . ഒരു ഇരട്ട സഖ്യത്തിൽ രണ്ടു ശക്തികൾ എല്ലായ്പോഴും ഒന്നിച്ചുചേർന്നിട്ടുണ്ട്. അവയാണ് യുദ്ധവും മതവും. ലോകത്തിലെ വൻമതങ്ങളിലെല്ലാംവെച്ച്, . . . [ക്രൈസ്തവലോക]ത്തെക്കാൾ ഒരു മതവും [യുദ്ധത്തിന്] അത്രയധികം അർപ്പിതമായിരുന്നിട്ടില്ല.” ഏതാനും വർഷങ്ങൾക്കു മുമ്പ്, കാനഡയിലെ വാൻകൂവറിലുള്ള ദ സൺ എന്ന പത്രം ഇങ്ങനെ പ്രസ്താവിച്ചു: “സഭ പതാകയെ പിൻപറ്റുന്നത് ഒരുപക്ഷേ എല്ലാ സംഘടിത മതത്തിന്റെയും ഒരു ബലഹീനതയാണ് . . . ഇരുപക്ഷത്തും ദൈവമുണ്ടെന്ന് അവകാശപ്പെടാത്ത ഏതു യുദ്ധമാണു നടന്നിട്ടുള്ളത്?” ഏതെങ്കിലും പ്രാദേശിക സഭയിൽ നിങ്ങൾ അതിന്റെ തെളിവു കണ്ടിട്ടുണ്ടായിരിക്കാം. ഒട്ടുമിക്കപ്പോഴും, ദേശീയ പതാകകൾ ബലിപീഠത്തെ അലങ്കരിക്കുന്നു. ഏതു പതാകയ്ക്കു കീഴിൽ യേശു മാർച്ചു ചെയ്യുമെന്നാണു നിങ്ങൾ വിചാരിക്കുന്നത്? നൂറ്റാണ്ടുകളിലുടനീളം, “എന്റെ രാജ്യം ഈ ലോകത്തിന്റെ ഭാഗമല്ല” എന്ന അവന്റെ വാക്കുകൾ മാറ്റൊലിക്കൊണ്ടിട്ടുണ്ട്!—യോഹന്നാൻ 18:36.
13. (എ) വ്യാജമതം ആഫ്രിക്കയിൽ പരാജയപ്പെട്ടിരിക്കുന്നതെങ്ങനെ? (ബി) ക്രിസ്ത്യാനിത്വത്തിന്റെ ഏതു തിരിച്ചറിയിക്കൽ അടയാളമാണു യേശു നൽകിയത്?
13 ക്രൈസ്തവലോകത്തിലെ മതങ്ങൾ തങ്ങളുടെ ആടുകളെ യഥാർഥ സഹോദര സ്നേഹത്തെക്കുറിച്ചുള്ള സത്യം പഠിപ്പിച്ചിട്ടില്ല. പകരം, ദേശീയവും വർഗപരവും വംശീയവുമായ ഭിന്നതകൾ അവയിലെ അണികളെ ഭിന്നിപ്പിക്കുന്നു. റുവാണ്ടയിലെ വർഗീയ നരഹത്യയിൽ കലാശിച്ച ഭിന്നതകളിൽ കത്തോലിക്കാ വൈദികരും ആംഗ്ലിക്കൻ വൈദികരും ഒരു പങ്കു വഹിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ദ ന്യൂയോർക്ക് ടൈംസ് ഇങ്ങനെ റിപ്പോർട്ടു ചെയ്തു: “സഭാപുരോഹിതാധിപത്യം തങ്ങളെ വഞ്ചിച്ചതായി വിചാരിക്കാൻ റുവാണ്ടയിലെ കൂട്ടക്കൊലകൾ അനേകം റോമൻ കത്തോലിക്കരെ പ്രേരിപ്പിച്ചിരിക്കുന്നു. ഹൂട്ടുവും ടൂട്സിയും ആയി സഭ മിക്കപ്പോഴും വംശീയമായി ഭിന്നിച്ചിരുന്നു.” ഒരു മേരിക്ക്നോൾ പുരോഹിതൻ ഇങ്ങനെ പറഞ്ഞതായി അതേ പത്രം ഉദ്ധരിച്ചു: “സഭ 1994-ൽ റുവാണ്ടയിൽ അതിദയനീയമായി പരാജയപ്പെട്ടു. ഒരർഥത്തിൽ പല റുവാണ്ടക്കാരും സഭയെ എഴുതിത്തള്ളിയിരിക്കുന്നു. അതിനു മേലാൽ യാതൊരു വിശ്വാസയോഗ്യതയുമില്ല.” “നിങ്ങൾക്കു തമ്മിൽ തമ്മിൽ സ്നേഹം ഉണ്ടെങ്കിൽ നിങ്ങൾ എന്റെ ശിഷ്യന്മാർ എന്നു എല്ലാവരും അറിയും” എന്ന യേശുവിന്റെ വാക്കുകളുമായി എന്തൊരു അന്തരം.—യോഹന്നാൻ 13:35.
14. പ്രമുഖ ക്രിസ്തീയേതര മതങ്ങൾ നടത്ത സംബന്ധിച്ച് എന്തു രേഖയാണു പ്രദാനം ചെയ്യുന്നത്?
14 മഹാബാബിലോനിലെ മറ്റു പ്രമുഖ മതങ്ങളും മെച്ചപ്പെട്ട മാതൃക വെച്ചിട്ടില്ല. 1947-ലെ വിഭജനകാലത്ത് ഇന്ത്യയിൽ നടന്ന ക്രൂരമായ കൂട്ടക്കുരുതികൾ പ്രകടമാക്കുന്നത് അവിടത്തെ പ്രമുഖ മതങ്ങളും സഹിഷ്ണുത ഉളവാക്കിയിട്ടില്ല എന്നാണ്. ഇന്ത്യയിൽ തുടർച്ചയായുള്ള വർഗീയ അക്രമം മിക്ക ആളുകളും മാറ്റം വരുത്തിയിട്ടില്ല എന്നു സ്ഥിരീകരിക്കുന്നു. ഇന്ത്യാ ടുഡേ എന്ന മാസിക ഇങ്ങനെ അഭിപ്രായപ്പെട്ടതിൽ അതിശയിക്കാനില്ല: “ഏറ്റവും നിഷ്ഠൂരമായ കുറ്റകൃത്യങ്ങൾ അരങ്ങേറിയിട്ടുള്ളത് മതമെന്ന കൊടിക്കൂറയുടെ കീഴിലാണ്. . . . ഭയങ്കര അക്രമം അഴിച്ചുവിടുന്ന അത് വളരെ വിനാശകാരിയായ ഒരു ശക്തിയാണ്.”
“ശ്രദ്ധേയമായ വിരോധാഭാസം”
15. പാശ്ചാത്യലോകത്തു മതത്തിന്റെ അവസ്ഥ എന്താണ്?
15 മതേതര ഭാഷ്യകാരന്മാർ പോലും ബോധ്യപ്പെടുത്താനും യഥാർഥ മൂല്യങ്ങൾ ഉദ്ബോധിപ്പിക്കാനും മതേതരത്വത്തിന്റെ നുഴഞ്ഞുകയറ്റത്തെ ചെറുത്തുനിൽക്കാനും മതം പരാജയപ്പെട്ടിരിക്കുന്നതു ശ്രദ്ധിച്ചിട്ടുണ്ട്. നിയന്ത്രണാതീതം (ഇംഗ്ലീഷ്) എന്ന തന്റെ ഗ്രന്ഥത്തിൽ മുൻ യു.എസ്. ദേശീയ സുരക്ഷാ ഉപദേഷ്ടാവായ സൂബിഗ്നെഫ് ബ്രേഷിൻസ്കി ഇങ്ങനെ എഴുതി: “‘ദൈവം മരിച്ചുപോയി’ എന്ന സിദ്ധാന്തത്തിന് ഏറ്റവും വലിയ വിജയം ലഭിച്ചിരിക്കുന്നത് മാർക്സിസ്റ്റ് ഭരണമുള്ള രാജ്യങ്ങളിലല്ല . . . പിന്നെയോ സാംസ്കാരികമായി ധാർമിക ഉദാസീനത ഊട്ടിവളർത്തിയിരിക്കുന്ന ഉദാരമായ പാശ്ചാത്യ ജനാധിപത്യ സമൂഹങ്ങളിലാണ് എന്നതു ശ്രദ്ധേയമായ വിരോധാഭാസമാണ്. രണ്ടാമതു പറഞ്ഞിടത്ത്, മതം ഒരു പ്രമുഖ സാമൂഹിക ശക്തി അല്ലാതായിത്തീർന്നിരിക്കുന്നു എന്നതാണു വാസ്തവം.” അദ്ദേഹം തുടർന്നു: “യൂറോപ്യൻ സംസ്കാരത്തിൻമേൽ മതത്തിനുണ്ടായിരുന്ന സ്വാധീനം ഇന്നു വളരെയധികം കുറഞ്ഞുപോയിരിക്കുന്നു, ഇന്നു യൂറോപ്പ് ഫലത്തിൽ അമേരിക്കയെക്കാൾ വളരെയധികം ലൗകികമായ ഒരു സമുദായമാണ്.”
16, 17. (എ) തന്റെ നാളിലെ വൈദികരെക്കുറിച്ച് യേശു എന്തു ബുദ്ധ്യുപദേശമാണു നൽകിയത്? (ബി) ഫലം സംബന്ധിച്ച് യേശു എന്തു നല്ല തത്ത്വമാണു നൽകിയത്?
16 തന്റെ നാളിലെ യഹൂദ വൈദികരെക്കുറിച്ച് യേശു എന്താണു പറഞ്ഞത്? “ശാസ്ത്രിമാരും പരീശൻമാരും മോശെയുടെ പീഠത്തിൽ ഇരിക്കുന്നു. ആകയാൽ അവർ നിങ്ങളോടു പറയുന്നതു ഒക്കെയും പ്രമാണിച്ചു ചെയ്വിൻ; അവരുടെ പ്രവൃത്തികൾപോലെ ചെയ്യരുതു താനും. അവർ പറയുന്നതല്ലാതെ ചെയ്യുന്നില്ലല്ലോ.” മതപരമായ കാപട്യം പുത്തരിയല്ല.—മത്തായി 23:2, 3.
17 വ്യാജമതത്തിന്റെ ഫലം അതിനെ കുറ്റം വിധിക്കുന്നു. അങ്ങനെ യേശു നൽകിയ നിയമം ബാധകമാണ്: “നല്ല വൃക്ഷം ഒക്കെയും നല്ല ഫലം കായ്ക്കുന്നു; ആകാത്ത വൃക്ഷമോ ആകാത്ത ഫലം കായ്ക്കുന്നു. നല്ല വൃക്ഷത്തിന്നു ആകാത്ത ഫലവും ആകാത്ത വൃക്ഷത്തിന്നു നല്ല ഫലവും കായ്പാൻ കഴികയില്ല. നല്ല ഫലം കായ്ക്കാത്ത വൃക്ഷം ഒക്കെയും വെട്ടി തീയിൽ ഇടുന്നു. ആകയാൽ അവരുടെ ഫലത്താൽ നിങ്ങൾ അവരെ തിരിച്ചറിയും.”—മത്തായി 7:17-20.
18. ക്രൈസ്തവലോകം അതിന്റെ അണികളെ എങ്ങനെ ശുദ്ധിയുള്ളതായി നിർത്തണമായിരുന്നു?
18 ക്രൈസ്തവലോകത്തിലെ മതങ്ങൾ അവയുടെ അംഗങ്ങൾ എന്ന് അവകാശപ്പെടുന്നവർ ചെയ്യുന്ന നിയമവിരുദ്ധമായ സകല നടപടികൾക്കും പുറത്താക്കൽ അഥവാ ഭ്രഷ്ട് കൽപ്പിക്കൽ എന്ന ക്രിസ്തീയ ശിക്ഷണം നീതിബോധത്തോടെ ബാധകമാക്കിയിരുന്നെങ്കിൽ എന്തു സംഭവിക്കുമായിരുന്നു? അനുതാപമില്ലാത്ത ഭോഷ്കാളികൾ, പരസംഗക്കാർ, വ്യഭിചാരികൾ, സ്വവർഗഭോഗികൾ, ചതിച്ചു പണം പിടുങ്ങുന്നവർ, കുറ്റവാളികൾ, മയക്കുമരുന്ന് ഇടപാടുകാർ, മയക്കുമരുന്ന് ആസക്തർ, സംഘടിതകുറ്റകൃത്യം നടത്തുന്നവർ എന്നിവർക്കെല്ലാം എന്തു സംഭവിക്കും? നിസ്സംശയമായും, ക്രൈസ്തവലോകത്തിന്റെ ജീർണ ഫലം ദൈവത്താലുള്ള നാശത്തിനു മാത്രം അതിനെ യോഗ്യമാക്കുന്നു.—1 കൊരിന്ത്യർ 5:9-13; 2 യോഹന്നാൻ 10, 11.
19. മതനേതൃത്വം സംബന്ധിച്ച് എന്തു സമ്മതങ്ങളാണു നടത്തിയിരിക്കുന്നത്?
19 ഐക്യനാടുകളിലെ പ്രസ്ബിറ്റേറിയൻ സഭയുടെ പൊതു സമ്മേളനം ഇങ്ങനെ സമ്മതിച്ചു: “അളവിലും അർഥത്തിലും ഭയങ്കരമായ ഒരു പ്രതിസന്ധിയെ നാം നേരിടുകയാണ്. . . . ദേശവ്യാപകമായി 10-നും 23-നും ഇടയ്ക്കു ശതമാനം വൈദികർ ഇടവകക്കാർ, ഇടപാടുകാർ, ജോലിക്കാർ എന്നിങ്ങനെയുള്ളവരുമായി ലൈംഗികച്ചുവ കലർന്ന പെരുമാറ്റത്തിലോ ലൈംഗികമായ അടുപ്പത്തിലോ ഏർപ്പെട്ടിരിക്കുന്നു.” ഒരു യു.എസ്. ബിസിനസുകാരൻ കാര്യത്തെ ഇങ്ങനെ നന്നായി സംഗ്രഹിച്ചു പറഞ്ഞു: “തങ്ങളുടെ ചരിത്രപ്രാധാന്യമുള്ള മൂല്യങ്ങൾ പകർന്നുകൊടുക്കാൻ മതസ്ഥാപനങ്ങൾ പരാജയപ്പെട്ടിരിക്കുന്നു, പല കേസുകളിലും അവ പ്രശ്നത്തിന്റെ ഭാഗം തന്നെയായി മാറിയിരിക്കുന്നു.”
20, 21. (എ) യേശുവും പൗലോസും കാപട്യത്തെ എങ്ങനെയാണ് അപലപിച്ചത്? (ബി) ഏതെല്ലാം ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കേണ്ടതുണ്ട്?
20 മതപരമായ കാപട്യം സംബന്ധിച്ച യേശുവിന്റെ അപലപനം അന്നത്തെപ്പോലെ ഇന്നും സത്യമായി നിലനിൽക്കുന്നു: ‘കപടഭക്തിക്കാരേ, നിങ്ങളെക്കുറിച്ചു യെശയ്യാവു: “ഈ ജനം അധരംകൊണ്ടു എന്നെ ബഹുമാനിക്കുന്നു; എങ്കിലും അവരുടെ ഹൃദയം എന്നെ വിട്ടു അകന്നിരിക്കുന്നു. മാനുഷകല്പനകളായ ഉപദേശങ്ങളെ അവർ പഠിപ്പിക്കുന്നതുകൊണ്ടു എന്നെ വ്യർത്ഥമായി ഭജിക്കുന്നു” എന്നിങ്ങനെ പ്രവചിച്ചതു ഒത്തിരിക്കുന്നു.’ (മത്തായി 15:7-9) തീത്തോസിനുള്ള പൗലോസിന്റെ വാക്കുകളും നമ്മുടെ ആധുനിക സ്ഥിതിവിശേഷത്തെ വിവരിക്കുന്നു: “അവർ ദൈവത്തെ അറിയുന്നു എന്നു പറയുന്നുവെങ്കിലും പ്രവൃത്തികളാൽ അവനെ നിഷേധിക്കുന്നു. അവർ അറെക്കത്തക്കവരും അനുസരണം കെട്ടവരും യാതൊരു നല്ല കാര്യത്തിനും കൊള്ളരുതാത്തവരുമാകുന്നു.”—തീത്തൊസ് 1:16.
21 കുരുടൻ കുരുടനെ വഴിനടത്തിയാൽ ഇരുവരും കുഴിയിൽ വീഴുമെന്ന് യേശു പറഞ്ഞു. (മത്തായി 15:14) മഹാബാബിലോനോടൊപ്പം നശിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ? അതോ, കണ്ണുകൾ തുറന്നു നേർപാതകളിൽ നടക്കാനും യഹോവയുടെ അനുഗ്രഹം ആസ്വദിക്കാനും നിങ്ങളാഗ്രഹിക്കുന്നുവോ? ഇപ്പോൾ നാം അഭിമുഖീകരിക്കുന്ന ചോദ്യങ്ങൾ, ദൈവിക ഫലം പുറപ്പെടുവിക്കുന്ന മതം ഉണ്ടെങ്കിൽ അത് ഏതാണ്? ദൈവത്തിനു സ്വീകാര്യമായ സത്യാരാധന നമുക്കെങ്ങനെ തിരിച്ചറിയാം? എന്നിവയാണ്.—സങ്കീർത്തനം 119:105.
[അടിക്കുറിപ്പ]
a വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി 1944-ൽ പ്രസിദ്ധീകരിച്ചത്; ഇപ്പോൾ മുദ്രണം ചെയ്യപ്പെടുന്നില്ല.
നിങ്ങൾ ഓർമിക്കുന്നുവോ?
◻ ഇപ്പോൾ ദൈവമുമ്പാകെ മഹാബാബിലോനുള്ള നില എന്താണ്?
◻ ഏതടിസ്ഥാനത്തിലാണു വ്യാജമതം കുറ്റം വിധിക്കപ്പെട്ടിരിക്കുന്നത്?
◻ എങ്ങനെയാണു വ്യാജമതം കയീന്റെ മനോഭാവം കാട്ടിയിരിക്കുന്നത്?
◻ ഏതു മതത്തെയും വിധിക്കുന്നതിനുള്ള എന്തു തത്ത്വമാണു യേശു നൽകിയത്?
[അധ്യയന ചോദ്യങ്ങൾ]
[13-ാം പേജിലെ ചിത്രം]
ചരിത്രത്തിലുടനീളം മതനേതാക്കന്മാർ രാഷ്ട്രീയത്തിൽ കൈകടത്തിയിരിക്കുന്നു
[15-ാം പേജിലെ ചിത്രം]
ഈ വൈദികർ പ്രബലരായ ഭരണതന്ത്രജ്ഞരുമായിരുന്നു
കർദിനാൾ മാസ്റൻ
കർദിനാൾ റിഷല്യൂ
കർദിനാൾ വൂൾസി
[കടപ്പാട്]
Cardinal Mazarin and Cardinal Richelieu: From the book Ridpath’s History of the World (Vol. VI and Vol. V respectively). Cardinal Wolsey: From the book The History of Protestantism (Vol. I).