വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
“ആരുടെ പാപങ്ങൾ നിങ്ങൾ മോചിക്കുന്നുവോ [“ക്ഷമിക്കുന്നുവോ,” NW] അവർക്കു മോചിക്കപ്പെട്ടിരിക്കുന്നു; ആരുടെ പാപങ്ങൾ നിർത്തുന്നുവോ [“നിലനിർത്തുന്നുവോ,” NW] അവർക്കു നിർത്തിയിരിക്കുന്നു” എന്നു യേശു പറഞ്ഞു. ക്രിസ്ത്യാനികൾക്കു പാപങ്ങൾ മോചിക്കാൻ കഴിയുമെന്ന് ഈ വാക്കുകൾ അർഥമാക്കുന്നുവോ?
ക്രിസ്ത്യാനികൾക്കു പൊതുവേ, അല്ലെങ്കിൽ സഭകളിലെ നിയമിത മൂപ്പന്മാർക്കു പോലും, പാപങ്ങൾ മോചിക്കുന്നതിനുള്ള ദിവ്യാധികാരമുണ്ടെന്നു നിഗമനം ചെയ്യുന്നതിനു തിരുവെഴുത്തുപരമായ അടിസ്ഥാനമില്ല. എന്നാൽ, മേലുദ്ധരിച്ച യോഹന്നാൻ 20:23-ൽ തന്റെ ശിഷ്യന്മാരോടു യേശു പറഞ്ഞത്, ഇക്കാര്യത്തിൽ ദൈവം അപ്പോസ്തലന്മാർക്കു പ്രത്യേക അധികാരങ്ങൾ നൽകിയെന്നു സൂചിപ്പിക്കുന്നു. യേശു അവിടെ പറഞ്ഞത്, സ്വർഗീയ തീരുമാനങ്ങളെക്കുറിച്ച് മത്തായി 18:18-ൽ അവൻ പറഞ്ഞതുമായി ബന്ധപ്പെട്ടിരിക്കാം.
എഫെസ്യർ 4:32-ൽ രേഖപ്പെടുത്തിയിരിക്കുന്ന അപ്പോസ്തലനായ പൗലോസിന്റെ ബുദ്ധ്യുപദേശത്തിനു ചേർച്ചയിൽ, ചിലതരം തെറ്റുകൾ ക്രിസ്ത്യാനികൾക്കു ക്ഷമിക്കാൻ കഴിയും: “നിങ്ങൾ തമ്മിൽ ദയയും മനസ്സലിവുമുള്ളവരായി ദൈവം ക്രിസ്തുവിൽ നിങ്ങളോടു ക്ഷമിച്ചതുപോലെ അന്യോന്യം ക്ഷമിപ്പിൻ.” ശ്രദ്ധയില്ലാത്ത സംസാരംപോലെ, ക്രിസ്ത്യാനികൾക്കിടയിലെ വ്യക്തിഗതമായ പ്രശ്നങ്ങളെക്കുറിച്ചു പൗലോസ് ഇവിടെ സംസാരിക്കുകയായിരുന്നു. അന്യോന്യം ക്ഷമിച്ചുകൊണ്ടു കാര്യങ്ങൾ നേരെയാക്കാൻ അവർ കഠിനശ്രമം ചെയ്യണം. യേശുവിന്റെ വാക്കുകൾ ഓർമിക്കുക: “ആകയാൽ നിന്റെ വഴിപാടു യാഗപീഠത്തിങ്കൽ കൊണ്ടുവരുമ്പോൾ സഹോദരന്നു നിന്റെ നേരെ വല്ലതും ഉണ്ടെന്നു അവിടെവെച്ചു ഓർമ്മവന്നാൽ നിന്റെ വഴിപാടു അവിടെ യാഗപീഠത്തിന്റെ മുമ്പിൽ വെച്ചേച്ചു, ഒന്നാമതു ചെന്നു സഹോദരനോടു നിരന്നുകൊൾക; പിന്നെ വന്നു നിന്റെ വഴിപാടു കഴിക്ക.”—മത്തായി 5:23, 24; 1 പത്രൊസ് 4:8.
എന്നിരുന്നാലും, യോഹന്നാൻ 20:23-ലെ പശ്ചാത്തലം, യേശു തന്റെ പ്രത്യേക സദസ്സിനോടു പറഞ്ഞ മറ്റു കാര്യങ്ങൾ സൂചിപ്പിക്കുന്നതുപോലെ, താൻ ഗൗരവമേറിയ പാപങ്ങളെക്കുറിച്ചു പരാമർശിക്കുകയായിരുന്നുവെന്നു സൂചിപ്പിക്കുന്നു. എന്തുകൊണ്ടെന്നു നമുക്കു കാണാം.
യേശു പുനരുത്ഥാനം പ്രാപിച്ച ദിവസം, യെരുശലേമിലെ അടച്ചിട്ട ഒരു മുറിയിൽ അവൻ തന്റെ ശിഷ്യന്മാർക്കു പ്രത്യക്ഷനായി. വിവരണം ഇങ്ങനെ പറയുന്നു: “യേശു പിന്നെയും അവരോടു: നിങ്ങൾക്കു സമാധാനം; പിതാവു എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയക്കുന്നു എന്നു പറഞ്ഞു. ഇങ്ങനെ പറഞ്ഞശേഷം അവൻ അവരുടെമേൽ ഊതി അവരോടു: പരിശുദ്ധാത്മാവിനെ കൈക്കൊൾവിൻ. ആരുടെ പാപങ്ങൾ നിങ്ങൾ മോചിക്കുന്നുവോ അവർക്കു മോചിക്കപ്പെട്ടിരിക്കുന്നു; ആരുടെ പാപങ്ങൾ നിർത്തുന്നുവോ അവർക്കു നിർത്തിയിരിക്കുന്നു എന്നു പറഞ്ഞു.”—യോഹന്നാൻ 20:21-23.
സാധ്യതയനുസരിച്ച്, പരാമർശിക്കപ്പെട്ട ശിഷ്യന്മാർ മുഖ്യമായും വിശ്വസ്തരായ അപ്പോസ്തലന്മാരായിരുന്നു. (24-ാം വാക്യം താരതമ്യം ചെയ്യുക.) അവരുടെമേൽ ഊതുകയും “പരിശുദ്ധാത്മാവിനെ കൈക്കൊൾവിൻ” എന്നു പറയുകയും ചെയ്തുകൊണ്ട്, പെട്ടെന്നുതന്നെ പരിശുദ്ധാത്മാവ് അവരുടെമേൽ ചൊരിയപ്പെടുമെന്ന് യേശു പ്രതീകാത്മകമായി അവരെ അറിയിച്ചു. പാപങ്ങൾ ക്ഷമിക്കുന്നതു സംബന്ധിച്ച് അവർക്ക് അധികാരമുണ്ടായിരിക്കുമെന്നു യേശു തുടർന്നു പറഞ്ഞു. ന്യായമായി, അവന്റെ രണ്ടു പ്രസ്താവനകളും ബന്ധപ്പെട്ടിരിക്കുന്നു, ഒന്ന് മറ്റൊന്നിലേക്കു നയിക്കുന്നു.
അവന്റെ പുനരുത്ഥാനത്തിന് അമ്പതു ദിവസത്തിനുശേഷം, പെന്തക്കോസ്തു നാളിൽ യേശു പരിശുദ്ധാത്മാവിനെ പകർന്നു. അത് എന്തു സാധിച്ചു? ഒരു സംഗതി, ആത്മാവു ലഭിച്ചവർ സ്വർഗത്തിൽ ക്രിസ്തുവിനോടു കൂടെ സഹഭരണാധികാരികളായിരിക്കാനുള്ള പ്രത്യാശയോടെ ആത്മീയ ദൈവമക്കളായി വീണ്ടും ജനിച്ചു. (യോഹന്നാൻ 3:3-5; റോമർ 8:15-17; 2 കൊരിന്ത്യർ 1:22) എന്നാൽ, ആത്മാവിന്റെ ആ ചൊരിയൽ കൂടുതൽ നിവർത്തിക്കുകയുണ്ടായി. അതു ലഭിച്ച ചിലർക്ക് അത്ഭുതകരമായ ശക്തികൾ ലഭിച്ചു. അതു നിമിത്തം ചിലർക്കു തങ്ങൾക്ക് അറിയാൻ പാടില്ലാതിരുന്ന അന്യഭാഷകളിൽ സംസാരിക്കാൻ കഴിഞ്ഞു. മറ്റു ചിലർക്കു പ്രവചിക്കാൻ കഴിഞ്ഞു. ഇനിയും, വേറെ ചിലർക്കു രോഗികളെ സൗഖ്യമാക്കാനും മരിച്ചവരെ ജീവനിലേക്ക് ഉയിർപ്പിക്കാനും കഴിഞ്ഞു.—1 കൊരിന്ത്യർ 12:4-11.
യോഹന്നാൻ 20:22-ലെ യേശുവിന്റെ വാക്കുകൾ ശിഷ്യൻമാരുടെ മേലുള്ള പരിശുദ്ധാത്മാവിന്റെ പകരലിലേക്കു വിരൽചൂണ്ടിയതിനാൽ, പാപങ്ങൾ ക്ഷമിക്കുന്നതിനെക്കുറിച്ചുള്ള അവന്റെ ബന്ധപ്പെട്ട വാക്കുകൾ, പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്തിലൂടെ പാപങ്ങൾ ക്ഷമിക്കാനോ ക്ഷമിക്കാതിരിക്കാനോ ഉള്ള ഒരു അനന്യസാധാരണമായ അധികാരം ദിവ്യമായി ലഭിച്ചിരുന്നുവെന്ന് അർഥമാക്കുന്നതായി തോന്നുന്നു.—1949 മാർച്ച് 1 ലക്കം വീക്ഷാഗോപുരത്തിന്റെ (ഇംഗ്ലീഷ്) 78-ാം പേജ് കാണുക.
അപ്പോസ്തലന്മാർ അത്തരം അധികാരം ഉപയോഗിച്ച ഓരോ സമയത്തെയും കുറിച്ചുള്ള പൂർണമായ വിവരണം ബൈബിൾ നമുക്കു പ്രദാനം ചെയ്യുന്നില്ല, അന്യഭാഷകളിൽ സംസാരിക്കാനോ പ്രവചിക്കാനോ സൗഖ്യമാക്കാനോ ഉള്ള അത്ഭുതകരമായ വരം അവർ ഉപയോഗിച്ച ഓരോ സന്ദർഭവും ബൈബിൾ രേഖപ്പെടുത്തുന്നില്ല.—2 കൊരിന്ത്യർ 12:12; ഗലാത്യർ 3:5; എബ്രായർ 2:4.
പാപങ്ങൾ ക്ഷമിക്കാനോ നിലനിർത്താനോ ഉള്ള അപ്പോസ്തലിക അധികാരം ഉൾപ്പെട്ട ഒരു സന്ദർഭം അനന്യാസും സഫീരയും ഉൾപ്പെട്ടതായിരുന്നു, അവർ ആത്മാവിനെ കബളിപ്പിക്കാൻ നോക്കി. യോഹന്നാൻ 20:22, 23-ൽ നാം വായിക്കുന്ന കാര്യം യേശു പറയുന്നതു കേട്ട പത്രോ സ് അനന്യാസിനെയും സഫീരയെയും തുറന്നുകാട്ടി. പത്രോസ് ആദ്യം അനന്യാസിനോടു സംസാരിച്ചു, അവൻ തത്ക്ഷണം മരിച്ചു. പിന്നീട് സഫീര വന്നപ്പോൾ അവളും വ്യാജം മറച്ചുവെച്ചു, പത്രോസ് അവളുടെയും ന്യായവിധി ഉച്ചരിച്ചു. പത്രോസ് അവളുടെ പാപം ക്ഷമിച്ചില്ല, പിന്നെയോ ഇങ്ങനെ പറഞ്ഞു: “ഇതാ, നിന്റെ ഭർത്താവിനെ കുഴിച്ചിട്ടവരുടെ കാൽ വാതില്ക്കൽ ഉണ്ടു; അവർ നിന്നെയും പുറത്തു കൊണ്ടുപോകും.” അവളും തത്ക്ഷണം മരിച്ചു.—പ്രവൃത്തികൾ 5:1-11.
ഈ സന്ദർഭത്തിൽ, പാപം തീർച്ചയായും നിലനിർത്താനുള്ള പ്രത്യേക അധികാരം, അനന്യാസിന്റെയും സഫീരയുടെയും പാപം ദൈവം ക്ഷമിക്കുകയില്ല എന്ന അത്ഭുതകരമായ അറിവ്, അപ്പോസ്തലനായ പത്രോസ് ഉപയോഗിച്ചു. ക്രിസ്തുവിന്റെ ബലിയുടെ അടിസ്ഥാനത്തിൽ പാപങ്ങൾ ക്ഷമിക്കപ്പെട്ടിരുന്നതായി ഉറപ്പുണ്ടായിരുന്ന കേസുകൾ സംബന്ധിച്ച് അപ്പോസ്തലന്മാർക്കു മനുഷ്യാതീതമായ ഉൾക്കാഴ്ച ഉണ്ടായിരുന്നതായും തോന്നുന്നു. അതുകൊണ്ട്, ആത്മാവിനാൽ ശക്തീകരിക്കപ്പെട്ട ആ അപ്പോസ്തലന്മാർക്കു പാപങ്ങളുടെ മോചനമോ നിലനിർത്തലോ പ്രഖ്യാപിക്കാൻ കഴിഞ്ഞു. a
അന്നുണ്ടായിരുന്ന ആത്മാഭിഷിക്ത മൂപ്പന്മാർക്കെല്ലാം അത്തരം അത്ഭുതകരമായ അധികാരം ഉണ്ടായിരുന്നുവെന്നല്ല പറയുന്നത്. കൊരിന്ത്യ സഭയിൽനിന്നു പുറത്താക്കപ്പെട്ട മനുഷ്യനെക്കുറിച്ച് അപ്പോസ്തലനായ പൗലോസ് പറഞ്ഞതിൽനിന്നു നമുക്ക് അതു കാണാനാവും. ‘ആ മമനുഷ്യന്റെ പാപങ്ങൾ ഞാൻ ക്ഷമിക്കുന്നു’ എന്ന് അല്ലെങ്കിൽ, ‘ആ മനുഷ്യനോടു സ്വർഗത്തിൽ ക്ഷമിച്ചിരിക്കുന്നു, അതുകൊണ്ട് അവനെ അംഗീകരിക്കുക’ എന്നുപോലും പൗലോസ് പറഞ്ഞില്ല. പകരം, പുനഃസ്ഥിതീകരിക്കപ്പെട്ട ആ ക്രിസ്ത്യാനിയോടു ക്ഷമിക്കാനും അവനോടു സ്നേഹം കാണിക്കാനും മുഴു സഭയെയും പൗലോസ് പ്രോത്സാഹിപ്പിച്ചു. പൗലോസ് ഇങ്ങനെ കൂട്ടിച്ചേർത്തു: “നിങ്ങൾ വല്ലതും ക്ഷമിക്കുന്നവനോടു ഞാനും ക്ഷമിക്കുന്നു.”—2 കൊരിന്ത്യർ 2:5-11.
സഭയിലേക്ക് ആ മനുഷ്യൻ പുനഃസ്ഥിതീകരിക്കപ്പെട്ടുകഴിഞ്ഞപ്പോൾ, അവൻ ചെയ്തിരുന്ന കാര്യത്തിൽ അവനെതിരെ വെറുപ്പു പ്രകടിപ്പിക്കാതിരിക്കുന്നു എന്ന അർഥത്തിൽ എല്ലാ ക്രിസ്തീയ സഹോദരീ സഹോദരന്മാർക്കും ക്ഷമിക്കാൻ കഴിയുമായിരുന്നു. എന്നിരുന്നാലും, ആദ്യമായി അയാൾ അനുതപിക്കുകയും പുനഃസ്ഥിതീകരിക്കപ്പെടുകയും ചെയ്യേണ്ടതുണ്ടായിരുന്നു. അതെങ്ങനെ സംഭവിക്കും?
മോഷണം, ഭോഷ്കുപറച്ചിൽ, അല്ലെങ്കിൽ കടുത്ത അധാർമികത എന്നിവ പോലെ സഭാമൂപ്പന്മാർ കൈകാര്യം ചെയ്യേണ്ട ഗുരുതരമായ പാപങ്ങൾ ഉണ്ട്. അത്തരം ദുഷ്പ്രവൃത്തിക്കാരെ അനുതാപത്തിലേക്കു നയിച്ചുകൊണ്ട് അവരെ തിരുത്താനും ശാസിക്കാനും മൂപ്പന്മാർ ശ്രമിക്കുന്നു. എന്നാൽ ഒരുവൻ അനുതാപമില്ലാതെ കടുത്ത പാപം പതിവായി ചെയ്യുന്നുവെങ്കിൽ, ആ ദുഷ്പ്രവൃത്തിക്കാരനെ പുറത്താക്കാനുള്ള ദിവ്യ മാർഗനിർദേശം മൂപ്പന്മാർ ബാധകമാക്കുന്നു. (1 കൊരിന്ത്യർ 5:1-5, 11-13) അത്തരം സന്ദർഭങ്ങളിൽ, യോഹന്നാൻ 20:23-ൽ യേശു പറഞ്ഞ കാര്യം ബാധകമാകുന്നില്ല. ശാരീരികമായി രോഗം ബാധിച്ച ഒരുവനെ സൗഖ്യമാക്കാനോ മരിച്ചവരെ ഉയിർപ്പിക്കാനോ പോലുള്ള ആത്മാവിന്റെ അത്ഭുതവരങ്ങൾ ഈ മൂപ്പന്മാർക്കില്ല; ആ വരങ്ങൾ ഒന്നാം നൂറ്റാണ്ടിൽ അതിന്റെ ഉദ്ദേശ്യം നിവർത്തിക്കുകയും പിന്നീട് അവസാനിക്കുകയും ചെയ്തു. (1 കൊരിന്ത്യർ 13:8-10) തന്നെയുമല്ല, ഇന്ന്, ഗുരുതരമായി പാപം ചെയ്ത ഒരാളെ യഹോവയുടെ ദൃഷ്ടിയിൽ ശുദ്ധനായി പ്രഖ്യാപിക്കുന്നു എന്ന അർഥത്തിൽ ഗൗരവമുള്ള ദുഷ്പ്രവൃത്തി ക്ഷമിക്കാനുള്ള ദിവ്യാധികാരം മൂപ്പന്മാർക്കില്ല. ഇത്തരം ക്ഷമ മറുവിലയാഗത്തിന്റെ അടിസ്ഥാനത്തിലാചരിക്കേണ്ടതുണ്ട്, ആ അടിസ്ഥാനത്തിൽ ക്ഷമിക്കാൻ യഹോവയ്ക്കു മാത്രമേ സാധിക്കുകയുള്ളൂ.—സങ്കീർത്തനം 32:5; മത്തായി 6:9, 12; 1 യോഹന്നാൻ 1:9.
പുരാതന കൊരിന്തിലെ മമനുഷ്യന്റെ കാര്യത്തിലെന്നപോലെ, ഒരു കടുത്ത പാപി അനുതപിക്കാൻ വിസമ്മതിക്കുമ്പോൾ, അവനെ പുറത്താക്കേണ്ടതുണ്ട്. അവൻ പിന്നീട് അനുതപിക്കുകയും അനുതാപത്തിനു യോജിച്ച പ്രവൃത്തികൾ ഉളവാക്കുകയും ചെയ്യുന്നുവെങ്കിൽ ദിവ്യ ക്ഷമ സാധ്യമാണ്. (പ്രവൃത്തികൾ 26:20) അത്തരമൊരു സാഹചര്യത്തിൽ, യഹോവ ആ ദുഷ്പ്രവൃത്തിക്കാരനോടു തീർച്ചയായും ക്ഷമിച്ചിരിക്കുന്നു എന്നു വിശ്വസിക്കുന്നതിനുള്ള കാരണം തിരുവെഴുത്തുകൾ മൂപ്പന്മാർക്കു നൽകുന്നു. പിന്നീട് വ്യക്തി പുനഃസ്ഥിതീകരിക്കപ്പെട്ടുകഴിയുമ്പോൾ, വിശ്വാസത്തിൽ ബലിഷ്ഠനായിത്തീരാൻ മൂപ്പൻമാർക്ക് അദ്ദേഹത്തെ ആത്മീയമായി സഹായിക്കാൻ സാധിക്കും. അന്നു പുനഃസ്ഥിതീകരിക്കപ്പെട്ട മനുഷ്യനോടു കൊരിന്ത്യ ക്രിസ്ത്യാനികൾ ക്ഷമിച്ച അതേ വിധത്തിൽ സഭയിലെ മറ്റുള്ളവർക്കു ക്ഷമിക്കാൻ സാധിക്കും.
കാര്യങ്ങൾ ഈ വിധത്തിൽ കൈകാര്യം ചെയ്യുന്നതിൽ, മൂപ്പന്മാർ ന്യായവിധിക്കുള്ള തങ്ങളുടെ സ്വന്തം മാനദണ്ഡങ്ങൾ വെക്കുന്നില്ല. അവർ ബൈബിൾ തത്ത്വങ്ങൾ ബാധകമാക്കുകയും യഹോവ നൽകിയിരിക്കുന്ന തിരുവെഴുത്തുപരമായ നടപടിക്രമങ്ങൾ പിൻപറ്റുകയും ചെയ്യുന്നു. അക്കാരണത്താൽ, മൂപ്പന്മാർ ക്ഷമിക്കുകയോ ക്ഷമിക്കാതിരിക്കുകയോ ചെയ്യുന്നത് മത്തായി 18:18-ലെ യേശുവിന്റെ വാക്കുകളുടെ അർഥത്തിലായിരിക്കും: “നിങ്ങൾ ഭൂമിയിൽ കെട്ടുന്നതെല്ലാം സ്വർഗ്ഗത്തിൽ കെട്ടപ്പെട്ടിരിക്കും; നിങ്ങൾ ഭൂമിയിൽ അഴിക്കുന്നതെല്ലാം സ്വർഗ്ഗത്തിലും അഴിഞ്ഞിരിക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.” ബൈബിളിൽ നൽകിയിരിക്കുന്ന പ്രകാരം, കാര്യങ്ങൾ സംബന്ധിച്ച യഹോവയുടെ വീക്ഷണത്തെ അവരുടെ പ്രവർത്തനങ്ങൾ തീർച്ചയായും പ്രതിഫലിപ്പിക്കും.
തത്ഫലമായി, യോഹന്നാൻ 20:23-ൽ രേഖപ്പെടുത്തിയപ്രകാരം, യേശു പറഞ്ഞ കാര്യം തിരുവെഴുത്തുകളുടെ ശേഷിച്ച ഭാഗവുമായി വൈരുദ്ധ്യത്തിലല്ല. എന്നാൽ ക്രിസ്തീയ സഭയുടെ ശൈശവാവസ്ഥയിലുള്ള തങ്ങളുടെ പ്രത്യേക പങ്കിനു ചേർച്ചയിൽ, ക്ഷമിക്കുന്നതു സംബന്ധിച്ചു പ്രത്യേക അധികാരം അപ്പോസ്തലന്മാർക്ക് ഉണ്ടായിരുന്നുവെന്ന് അതു സൂചിപ്പിക്കുന്നു.
[അടിക്കുറിപ്പ]
a യേശു മരിച്ച് മറുവില നൽകുന്നതിനു മുമ്പുപോലും, ആരുടെയെങ്കിലും പാപങ്ങൾ ക്ഷമിക്കപ്പെട്ടിരിക്കുന്നു എന്നു പറയാനുള്ള അധികാരം അവനുണ്ടായിരുന്നു.—മത്തായി 9:2-6; 1995 ജൂൺ 1 ലക്കം വീക്ഷാഗോപുരത്തിലെ “വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ” താരതമ്യം ചെയ്യുക.