സത്യാരാധനയ്ക്കു ദൈവാനുഗ്രഹം ലഭിക്കുന്നതിന്റെ കാരണം
സത്യാരാധനയ്ക്കു ദൈവാനുഗ്രഹം ലഭിക്കുന്നതിന്റെ കാരണം
‘ഹല്ലെലൂയ്യാ! രക്ഷയും മഹത്വവും ശക്തിയും നമ്മുടെ ദൈവത്തിന്നുള്ളതു. അവന്റെ ന്യായവിധികൾ സത്യവും നീതിയുമുള്ളവ.’—വെളിപ്പാടു 19:1, 2.
1. മഹാബാബിലോൻ എങ്ങനെ അവസാനിക്കും?
ദൈവത്തിന്റെ വീക്ഷണത്തിൽ “മഹതിയാം ബാബിലോൻ” വീണുപോയി, അതിപ്പോൾ ഉന്മൂലനാശത്തെ അഭിമുഖീകരിക്കുകയാണ്. ഈ ലോകവ്യാപക മതവേശ്യ പെട്ടെന്നുതന്നെ അവളുടെ രാഷ്ട്രീയ ജാരന്മാരുടെ കൈകളാലുള്ള വധത്തിന് ഇരയാകുമെന്നു ബൈബിൾ പ്രവചനം സൂചിപ്പിക്കുന്നു; അവളുടെ അന്ത്യം ശീഘ്രവും സത്വരവുമായിരിക്കും. യോഹന്നാനുള്ള യേശുവിന്റെ വെളിപാടിൽ ഈ പ്രാവചനിക വാക്കുകൾ അടങ്ങിയിരുന്നു: “പിന്നെ ശക്തനായോരു ദൂതൻ തിരികല്ലോളം വലുതായോരു കല്ലു എടുത്തു സമുദ്രത്തിൽ എറിഞ്ഞു പറഞ്ഞതു: ഇങ്ങിനെ ബാബിലോൻമഹാനഗരത്തെ ഹേമത്തോടെ എറിഞ്ഞുകളയും; ഇനി അതിനെ കാണുകയില്ല.”—വെളിപ്പാടു 18:2, 21.
2. ബാബിലോന്റെ നാശത്തോടു യഹോവയുടെ ദാസന്മാർ എങ്ങനെ പ്രതികരിക്കും?
2 സാത്താന്റെ ലോകത്തിലെ ചില ഘടകങ്ങൾ മഹാബാബിലോന്റെ നാശത്തെക്കുറിച്ചു വിലപിക്കും, എന്നാൽ സ്വർഗത്തിലോ ഭൂമിയിലോ ഉള്ള ദൈവദാസന്മാർ അങ്ങനെ ചെയ്യുകയില്ല. ദൈവമുമ്പാകെയുള്ള സന്തോഷഭരിതമായ അവരുടെ ഘോഷം ഇതായിരിക്കും: “ഹല്ലെലൂയ്യാ! രക്ഷയും മഹത്വവും ശക്തിയും നമ്മുടെ ദൈവത്തിന്നുള്ളതു. വേശ്യാവൃത്തികൊണ്ടു ഭൂമിയെ വഷളാക്കിയ മഹാവേശ്യക്കു അവൻ ശിക്ഷ വിധിച്ചു തന്റെ ദാസന്മാരുടെ രക്തം അവളുടെ കയ്യിൽനിന്നു ചോദിച്ചു പ്രതികാരം ചെയ്കകൊണ്ടു അവന്റെ ന്യായവിധികൾ സത്യവും നീതിയുമുള്ളവ.”—വെളിപ്പാടു 18:9, 10; 19:1, 2.
സത്യമതം എന്തു ഫലം പുറപ്പെടുവിക്കണം?
3. ഏതു ചോദ്യങ്ങൾക്കാണ് ഉത്തരം ആവശ്യമായിരിക്കുന്നത്?
3 ഭൂമിയിൽനിന്നു വ്യാജമതം തുടച്ചുനീക്കപ്പെടുമെന്നുള്ളതിനാൽ, ഏതുതരം ആരാധനയായിരിക്കും നിലനിൽക്കുന്നത്? സാത്താന്റെ വ്യാജമതലോകസാമ്രാജ്യത്തിന്റെ നാശത്തെ ഏതു മതവിഭാഗമായിരിക്കും അതിജീവിക്കുന്നത് എന്നു നമുക്കെങ്ങനെ ഇന്നു നിർണയിക്കാൻ കഴിയും? ഈ സമൂഹം പുറപ്പെടുവിക്കേണ്ട നീതിനിഷ്ഠമായ ഫലം എന്താണ്? യഹോവയുടെ സത്യാരാധനയെ തിരിച്ചറിയാൻ ചുരുങ്ങിയപക്ഷം പത്തു മാനദണ്ഡങ്ങളുണ്ട്.—മലാഖി 3:18; മത്തായി 13:43.
4. സത്യാരാധനയുടെ ആദ്യ വ്യവസ്ഥ എന്താണ്, ഇക്കാര്യത്തിൽ യേശു എങ്ങനെയാണു മാതൃക വെച്ചത്?
4 പ്രഥമവും സർവപ്രധാനവുമായത്, യേശു എന്തിനു വേണ്ടി മരിച്ചോ ആ പരമാധികാരത്തെ—തന്റെ പിതാവിന്റെ പരമാധികാരത്തെ—സത്യക്രിസ്ത്യാനികൾ ഉയർത്തിപ്പിടിക്കണം എന്നതാണ്. യേശു തന്റെ ജീവനെ ത്യജിച്ചത് ഏതെങ്കിലും രാഷ്ട്രീയമോ വർഗീയമോ വംശീയമോ സാമൂഹികമോ ആയ ലക്ഷ്യത്തിനു വേണ്ടിയല്ല. യഹൂദ്യയിലെ രാഷ്ട്രീയമോ വിപ്ലവാത്മകമോ ആയ സകല അഭിലാഷങ്ങൾക്കും അതീതമായി അവൻ തന്റെ പിതാവിന്റെ രാജ്യത്തെ പ്രതിഷ്ഠിച്ചു. ‘സാത്താനേ, എന്നെ വിട്ടുപോ; “നിന്റെ ദൈവമായ കർത്താവിനെ [“യഹോവയെ,” NW] നമസ്കരിച്ചു അവനെ മാത്രമേ ആരാധിക്കാവു” എന്നു എഴുതിയിരിക്കുന്നുവല്ലോ’ എന്ന വാക്കുകളോടെ യേശു ലൗകികാധികാരം സംബന്ധിച്ച സാത്താന്റെ വാഗ്ദാനത്തിന് ഉത്തരം കൊടുത്തു. മുഴു ഭൂമിയുടെയുംമേലുള്ള യഥാർഥ പരമാധികാരി യഹോവയാണെന്ന് എബ്രായ തിരുവെഴുത്തുകളിൽനിന്ന് അവനറിയാമായിരുന്നു. ഏതു മതസമൂഹമാണ് ഈ ലോകത്തിലെ രാഷ്ട്രീയ വ്യവസ്ഥിതിയിൽനിന്നും ഭിന്നമായി യഹോവയുടെ ഭരണാധിപത്യത്തെ അസന്ദിഗ്ധമായി പിന്താങ്ങുന്നത്?—മത്തായി 4:10; സങ്കീർത്തനം 83:18.
5. (എ) സത്യാരാധകർ ദൈവനാമത്തെ എങ്ങനെയാണു വീക്ഷിക്കേണ്ടത്? (ബി) യഹോവയുടെ സാക്ഷികൾ ആ നാമത്തെ തീർച്ചയായും ബഹുമാനിക്കുന്നുവെന്ന് എന്തു പ്രകടമാക്കുന്നു?
5 രണ്ടാമത്തെ വ്യവസ്ഥ സത്യാരാധന ദൈവനാമത്തെ മഹത്ത്വപ്പെടുത്തുകയും വിശുദ്ധീകരിക്കുകയും ചെയ്യണം എന്നതാണ്. സർവശക്തൻ തന്റെ യഹോവയെന്ന നാമം (ചില ബൈബിൾ പരിഭാഷകളിൽ അത് യാഹ്വേ എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്നു) തന്റെ ജനത്തിനു വെളിപ്പെടുത്തിക്കൊടുത്തു, അത് എബ്രായ തിരുവെഴുത്തുകളിൽ ആയിരക്കണക്കിനു തവണ ഉപയോഗിച്ചിരിക്കുന്നു. അതിനു മുമ്പുപോലും ആദാമിനും ഹവ്വായ്ക്കും മറ്റുള്ളവർക്കും ആ നാമം അറിയാമായിരുന്നു, എന്നാൽ അവർ അതിനെ എപ്പോഴും ആദരിച്ചില്ല. (ഉല്പത്തി 4:1; 9:26; 22:14; പുറപ്പാടു 6:2) ക്രൈസ്തവലോകത്തിലെയും യഹൂദസമൂഹത്തിലെയും പരിഭാഷകർ സാധാരണമായി തങ്ങളുടെ ബൈബിളുകളിൽനിന്നു ദിവ്യനാമം നീക്കം ചെയ്തിരിക്കുന്നുവെങ്കിലും, യഹോവയുടെ സാക്ഷികൾ വിശുദ്ധ തിരുവെഴുത്തുകളുടെ പുതിയലോക ഭാഷാന്തരത്തിൽ ആ നാമത്തിനു തക്കതായ സ്ഥാനവും ആദരവും നൽകിയിട്ടുണ്ട്. ആദിമ ക്രിസ്ത്യാനികൾ ചെയ്തതുപോലെ അവർ ആ നാമത്തെ ആദരിക്കുന്നു. യാക്കോബ് ഇങ്ങനെ സാക്ഷ്യപ്പെടുത്തി: ‘ദൈവം തന്റെ നാമത്തിന്നായി ജാതികളിൽനിന്നു ഒരു ജനത്തെ എടുത്തുകൊൾവാൻ ആദ്യമായിട്ടു കടാക്ഷിച്ചതു ശിമോൻ വിവരിച്ചുവല്ലോ. ഇതിനോടു പ്രവാചകന്മാരുടെ വാക്യങ്ങളും ഒക്കുന്നു. “. . . മനുഷ്യരിൽ ശേഷിച്ചവരും എന്റെ നാമം വിളിച്ചിരിക്കുന്ന സകലജാതികളും കർത്താവിനെ അന്വേഷിക്കും എന്നു . . . കർത്താവു [“യഹോവ,” NW] അരുളിച്ചെയ്യുന്നു.”’ (ചെരിച്ചെഴുത്തു ഞങ്ങളുടേത്.)—പ്രവൃത്തികൾ 15:14-17; ആമോസ് 9:11, 12.
6. (എ) സത്യാരാധനയുടെ മൂന്നാമത്തെ വ്യവസ്ഥ എന്താണ്? (ബി) എങ്ങനെയാണു യേശുവും ദാനിയേലും രാജ്യഭരണാധിപത്യത്തിന് ഊന്നൽ കൊടുത്തത്? (ലൂക്കൊസ് 17:20, 21)
6 ഭരണാധിപത്യ പ്രശ്നങ്ങൾ സംബന്ധിച്ച മനുഷ്യവർഗത്തിന്റെ നിയമപരവും പ്രായോഗികവുമായ ഏക പരിഹാരമെന്ന നിലയിൽ ദൈവരാജ്യത്തെ അതു വാഴ്ത്തണം എന്നതാണു സത്യാരാധനയുടെ മൂന്നാമത്തെ വ്യവസ്ഥ. ആ രാജ്യം വരാൻ, ഭൂമിയുടെ നിയന്ത്രണം ദൈവഭരണം ഏറ്റെടുക്കാൻ, പ്രാർഥിക്കുന്നതിനു യേശു തന്റെ അനുഗാമികളെ വ്യക്തമായി പഠിപ്പിച്ചു. അന്ത്യനാളുകളെക്കുറിച്ചു പ്രവചിക്കാൻ ദാനീയേൽ നിശ്വസ്തനാക്കപ്പെട്ടു: “സ്വർഗ്ഗസ്ഥനായ ദൈവം ഒരുനാളും നശിച്ചുപോകാത്ത ഒരു രാജത്വം സ്ഥാപിക്കും; . . . അതു ഈ [ലൗകികവും രാഷ്ട്രീയവുമായ] രാജത്വങ്ങളെ ഒക്കെയും തകർത്തു നശിപ്പിക്കയും എന്നേക്കും നിലനിൽക്കയും ചെയ്യും.” തങ്ങൾ ആ രാജ്യത്തിന് അവിഭക്ത പിന്തുണ നൽകുന്നുവെന്ന് ഈ 20-ാം നൂറ്റാണ്ടിൽ തങ്ങളുടെ പ്രവർത്തനഗതിയാൽ ആരാണു പ്രകടമാക്കിയിരിക്കുന്നത്—മഹാബാബിലോനിലെ മതങ്ങളോ യഹോവയുടെ സാക്ഷികളോ?—ദാനീയേൽ 2:44; മത്തായി 6:10; 24:14.
7. സത്യാരാധകർ എങ്ങനെയാണു ബൈബിളിനെ വീക്ഷിക്കുന്നത്?
7 ദൈവാംഗീകാരം കിട്ടാനുള്ള നാലാമത്തെ വ്യവസ്ഥ, ദൈവദാസന്മാർ ദൈവത്തിന്റെ നിശ്വസ്ത വചനമെന്നനിലയിൽ ബൈബിളിനെ ഉയർത്തിപ്പിടിക്കണം എന്നതാണ്. അതുകൊണ്ട്, അവർ സകലതരം അബദ്ധങ്ങളും നിറഞ്ഞ കേവലം മമനുഷ്യന്റെ ഒരു സാഹിത്യകൃതിയായി ബൈബിളിനെ തരംതാഴ്ത്താൻ ശ്രമിക്കുന്ന അമിതകൃത്തിപ്പിന്റെ ഇരകളായിത്തീരുകയില്ല. “എല്ലാ തിരുവെഴുത്തും ദൈവനിശ്വസ്തവും ദൈവത്തിന്റെ മനുഷ്യൻ എല്ലാ നല്ല വേലയ്ക്കും തികച്ചും പ്രാപ്തനും പൂർണമായി സജ്ജനുമായിരിക്കേണ്ടതിനു പഠിപ്പിക്കുന്നതിനും ശാസിക്കുന്നതിനും കാര്യങ്ങൾ നേരെയാക്കുന്നതിനും നീതിയിൽ ശിക്ഷണം നൽകുന്നതിനും പ്രയോജനപ്രദവുമാകുന്നു” എന്നു പൗലോസ് തിമോത്തിക്ക് എഴുതിയതുപോലെതന്നെ ബൈബിൾ ദൈവത്തിന്റെ നിശ്വസ്ത വചനമാണെ ന്നു യഹോവയുടെ സാക്ഷികൾ വിശ്വസിക്കുന്നു. a അതുകൊണ്ട്, യഹോവയുടെ സാക്ഷികൾ അനുദിന ജീവിതത്തിനുള്ള തങ്ങളുടെ വഴികാട്ടിയായും മാർഗദർശിയായും ഭാവി സംബന്ധിച്ച പ്രത്യാശയുടെ ഉറവായും ബൈബിളിനെ സ്വീകരിക്കുന്നു.—2 തിമോത്തി 3:16, 17, NW.
സ്നേഹത്തിന്റെ മതം, വിദ്വേഷത്തിന്റേതല്ല
8. സത്യാരാധനയ്ക്കുള്ള അഞ്ചാമത്തെ നിബന്ധന എന്താണ്?
8 യേശു അവന്റെ യഥാർഥ അനുഗാമികളെ എങ്ങനെയാണു വേർതിരിച്ചറിയിച്ചത്? അവന്റെ ഉത്തരം സത്യാരാധനയെ തിരിച്ചറിയിക്കുന്ന മർമപ്രധാനമായ അഞ്ചാമത്തെ അടയാളത്തിലേക്കു നമ്മെ കൊണ്ടുവരുന്നു. യേശു പറഞ്ഞു: “നിങ്ങൾ തമ്മിൽ തമ്മിൽ സ്നേഹിക്കേണം എന്നു പുതിയോരു കല്പന ഞാൻ നിങ്ങൾക്കു തരുന്നു; ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും തമ്മിൽ തമ്മിൽ സ്നേഹിക്കേണം എന്നു തന്നേ. നിങ്ങൾക്കു തമ്മിൽ തമ്മിൽ സ്നേഹം ഉണ്ടെങ്കിൽ നിങ്ങൾ എന്റെ ശിഷ്യൻമാർ എന്നു എല്ലാവരും അറിയും.” (യോഹന്നാൻ 13:34, 35) യേശു തന്റെ സ്നേഹം എങ്ങനെയാണു കാട്ടിയത്? മറുവിലയാഗമായി തന്റെ ജീവൻ നൽകിക്കൊണ്ട്. (മത്തായി 20:28; യോഹന്നാൻ 3:16) സത്യക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം, യഥാർഥ സ്നേഹം ഒരു അവശ്യഗുണമായിരിക്കുന്നത് എന്തുകൊണ്ട്? യോഹന്നാൻ വിശദീകരിച്ചു: “പ്രിയമുള്ളവരേ, നാം അന്യോന്യം സ്നേഹിക്ക; സ്നേഹം ദൈവത്തിൽനിന്നു വരുന്നു. . . . സ്നേഹിക്കാത്തവൻ ദൈവത്തെ അറിഞ്ഞിട്ടില്ല; ദൈവം സ്നേഹം തന്നേ.”—1 യോഹന്നാൻ 4:7, 8.
9. യഥാർഥ സ്നേഹം പ്രകടമാക്കിയിരിക്കുന്നത് ആരാണ്, എങ്ങനെ?
9 നമ്മുടെ കാലത്ത്, വർഗീയവും ദേശീയവും വംശീയവുമായ വിദ്വേഷത്തിന്റെ മുമ്പിൽപോലും, ഇത്തരം സ്നേഹം പ്രകടമാക്കിയിട്ടുള്ളത് ആരാണ്? തങ്ങളുടെ സ്നേഹം നിലനിൽക്കത്തക്കവണ്ണം, ഏറ്റവും വലിയ പരിശോധനയെ, മരണത്തോളം പോലും ജയിച്ചിരിക്കുന്നവർ ആരാണ്? 1994-ൽ റുവാണ്ടയിൽ നടന്ന നരഹത്യയുടെ ഉത്തരവാദിത്വത്തിൽ പങ്കുണ്ടെന്നു സമ്മതിക്കുന്ന കത്തോലിക്കാ പുരോഹിതന്മാരും കന്യാസ്ത്രീകളുമാണ് അതെന്നു നമുക്കു പറയാൻ കഴിയുമോ? ബാൾക്കൻസിലെ ആഭ്യന്തരയുദ്ധത്തിൽ “വംശീയ ശുദ്ധീകരണ”ത്തിലും മറ്റു തരത്തിലുള്ള ക്രിസ്തീയവിരുദ്ധ പ്രവൃത്തികളിലും ഏർപ്പെട്ട സെർബിയയിലെ ഓർത്തഡോക്സ് സഭയോ ക്രൊയേഷ്യയിലെ കത്തോലിക്കരോ ആണോ അത്? അതോ, കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളിൽ വടക്കൻ അയർലൻഡിൽ മുൻവിധിയുടെയും വിദ്വേഷത്തിന്റെയും തീജ്വാലകൾ ആളിക്കത്തിച്ച കത്തോലിക്കാ പുരോഹിതന്മാരോ പ്രൊട്ടസ്ററൻറ് പുരോഹിതന്മാരോ ആണോ അവർ? അത്തരം ഏതെങ്കിലും സംഘട്ടനങ്ങളിൽ യഹോവയുടെ സാക്ഷികൾ പങ്കെടുത്തതായി ആരോപിക്കാൻ തീർച്ചയായും സാധ്യമല്ല. തങ്ങളുടെ ക്രിസ്തീയ സ്നേഹത്തെ തള്ളിപ്പറയുന്നതിനു പകരം, തടവറകളിലും തടങ്കൽപ്പാളയങ്ങളിലും അവർ കഷ്ടമനുഭവിച്ചിട്ടുണ്ട്, മരണത്തോളം പോലും.—യോഹന്നാൻ 15:17.
10. യഥാർഥ ക്രിസ്ത്യാനികൾ നിഷ്പക്ഷരായി നിൽക്കുന്നത് എന്തുകൊണ്ട്?
10 ദൈവത്തിനു സ്വീകാര്യമായ ആരാധനയ്ക്കുള്ള ആറാമത്തെ വ്യവസ്ഥ ഈ ലോകത്തിലെ രാഷ്ട്രീയ കാര്യങ്ങൾ സംബന്ധിച്ചുള്ള നിഷ്പക്ഷത ആണ്. എന്തുകൊണ്ടാണ് ക്രിസ്ത്യാനികൾ രാഷ്ട്രീയത്തിൽ നിഷ്പക്ഷരായി നിലകൊള്ളേണ്ടത്? പൗലോസും യാക്കോബും യോഹന്നാനും ആ നിലപാടിനുള്ള സാധുവായ കാരണം നമുക്കു പ്രദാനം ചെയ്യുന്നു. ഭിന്നിപ്പിക്കുന്ന രാഷ്ട്രീയം ഉൾപ്പെടെ സാധ്യമായ എല്ലാ വഴികളാലും അവിശ്വാസികളുടെ മനസ്സിനെ കുരുടാക്കുന്ന “ഈ ലോകത്തിന്റെ ദൈവം” സാത്താനാണെന്ന് അപ്പോസ്തലനായ പൗലോസ് എഴുതി. “ലോകസ്നേഹം ദൈവത്തോടു ശത്രുത്വം ആകുന്നു” എന്നു ശിഷ്യനായ യാക്കോബ് പ്രസ്താവിച്ചു. “സർവ്വലോകവും ദുഷ്ടന്റെ അധീനതയിൽ കിടക്കുന്നു” എന്ന് അപ്പോസ്തലനായ യോഹന്നാനും പറഞ്ഞു. സാത്താന്റെ രാഷ്ട്രീയത്തിന്റെയും അധികാരത്തിന്റെയും ദുഷിച്ച ലോകത്തിൽ ഉൾപ്പെടുകവഴി ഒരു യഥാർഥ ക്രിസ്ത്യാനിക്കു ദൈവത്തോടുള്ള ഭക്തിയെ വിട്ടുവീഴ്ച ചെയ്യാൻ സാധ്യമല്ല.—2 കൊരിന്ത്യർ 4:4; യാക്കോബ് 4:4; 1 യോഹന്നാൽ 5:19.
11. (എ) ക്രിസ്ത്യാനികൾ യുദ്ധത്തെ എങ്ങനെ വീക്ഷിക്കുന്നു? (ബി) ഈ നിലപാടിനു തിരുവെഴുത്തുപരമായ എന്ത് അടിസ്ഥാനമാണുള്ളത്? (2 കൊരിന്ത്യർ 10:3-5)
11 മുമ്പു പറഞ്ഞ രണ്ടു വ്യവസ്ഥകളുടെ വീക്ഷണത്തിൽ, ഏഴാമതൊരെണ്ണം സ്പഷ്ടമായിത്തീരുന്നു. അതായത്, സത്യക്രിസ്തീയ ആരാധകർ യുദ്ധങ്ങളിൽ പങ്കെടുക്കരുത്. സത്യമതം, സ്നേഹത്തിൽ അധിഷ്ഠിതമായ ലോകവ്യാപക സഹോദരവർഗമായതിനാൽ, ‘ലോകത്തിലെ ആ സഹോദരവർഗ്ഗ’ത്തെ ഭിന്നിപ്പിക്കാനോ മറിച്ചിടാനോ യാതൊന്നിനും കഴിയില്ല. യേശു പഠിപ്പിച്ചതു സ്നേഹമാണ്, വിദ്വേഷമല്ല; സമാധാനമാണ്, യുദ്ധമല്ല. (1 പത്രൊസ് 5:9; മത്തായി 26:51, 52) ഹാബേലിനെ കൊല്ലാൻ കയീനെ പ്രേരിപ്പിച്ച അതേ ‘ദുഷ്ടനാ’യ സാത്താൻ മനുഷ്യവർഗത്തിന്റെ ഇടയിൽ വിദ്വേഷം വിതയ്ക്കുകയും രാഷ്ട്രീയവും മതപരവും വംശീയവുമായ വ്യത്യാസങ്ങളുടെ അടിസ്ഥാനത്തിൽ സംഘട്ടനങ്ങളും രക്തച്ചൊരിച്ചിലും ഇളക്കിവിടുകയും ചെയ്യുന്നതിൽ തുടരുകയാണ്. എന്തു വില കൊടുക്കേണ്ടി വന്നാലും സത്യക്രിസ്ത്യാനികൾ മേലാൽ ‘യുദ്ധം അഭ്യസിക്കു’ന്നില്ല. ആലങ്കാരികമായി പറഞ്ഞാൽ, അവർ തങ്ങളുടെ ‘വാളുകളെ കൊഴുക്കളായും കുന്തങ്ങളെ വാക്കത്തികളായും അടിച്ചുതീർത്തി’രിക്കുന്നു. ദൈവാത്മാവിന്റെ സമാധാനഫലം അവർ ഉളവാക്കുന്നു.—1 യോഹന്നാൻ 3:10-12; യെശയ്യാവു 2:2-4; ഗലാത്യർ 5:22, 23.
നടത്തയിലെയും പഠിപ്പിക്കലുകളിലെയും ശുദ്ധിയെ ദൈവം അനുഗ്രഹിക്കുന്നു
12. (എ) എന്താണ് എട്ടാമത്തെ നിബന്ധന, എന്നാൽ മതപരമായ ഏതെല്ലാം ഭിന്നതകൾ നിങ്ങൾക്ക് ഉദ്ധരിക്കാൻ സാധിക്കും? (ബി) ഈ എട്ടാമത്തെ നിബന്ധന പൗലോസ് എങ്ങനെയാണ് എടുത്തുകാട്ടിയത്?
12 സത്യാരാധനയുടെ എട്ടാമത്തെ വ്യവസ്ഥ ക്രിസ്തീയ ഐക്യം ആണ്. എന്നിരുന്നാലും, ക്രൈസ്തവലോകത്തിലെ ഭിന്നമതങ്ങൾ ഈ ഉദ്ദേശ്യത്തിനു സഹായിച്ചിട്ടില്ല. മുഖ്യാധാരാ മതവിഭാഗങ്ങൾ എന്നു വിളിക്കപ്പെടുന്ന പലതും അനേകം വിഭാഗങ്ങളായി പിരിഞ്ഞുപോയിരിക്കുന്നു, അതിന്റെ ഫലമോ ആശയക്കുഴപ്പവും. ഉദാഹരണത്തിന്, ഐക്യനാടുകളിലെ ബാപ്റ്റിസ്റ്റ് മതത്തിന്റെ കാര്യമെടുക്കുക. അവർ വടക്കൻ ബാപ്റ്റിസ്റ്റുകാരും (യു.എസ്.എ.-യിലെ അമേരിക്കൻ ബാപ്റ്റിസ്റ്റ് സഭകൾ) തെക്കൻ ബാപ്റ്റിസ്റ്റുകാരും (തെക്കൻ ബാപ്റ്റിസ്റ്റ് കൺവെൻഷൻ) പിളർപ്പുകളിൽനിന്നു സംജാതമായിരിക്കുന്ന ഡസൻകണക്കിനു മറ്റു ബാപ്റ്റിസ്റ്റ് സമൂഹങ്ങളുമായി പിരിഞ്ഞിരിക്കുന്നു. ഉപദേശത്തിലെയോ സഭാഭരണത്തിലെയോ വൈജാത്യങ്ങൾ നിമിത്തം പല വിഭാഗങ്ങളും ഉളവായിട്ടുണ്ട് (ഉദാഹരണത്തിന്, പ്രസ്ബിറ്റേറിയൻ, എപ്പിസ്കോപ്പാലിയൻ, കോൺഗ്രിഗേഷണൽ). ക്രൈസ്തവലോകത്തിലെ ഈ വിഭാഗങ്ങൾക്കു സമാന്തരമായി—ബുദ്ധമതമായാലും ഇസ്ലാംമതമായാലും ഹിന്ദുമതമായാലും—ക്രൈസ്തവലോകത്തിനു പുറത്തുള്ള മതങ്ങൾക്കും വിഭാഗങ്ങളുണ്ട്. അപ്പോസ്തലനായ പൗലോസ് ആദിമ ക്രിസ്ത്യാനികളെ എന്താണു ബുദ്ധ്യുപദേശിച്ചത്? “ഇപ്പോൾ സഹോദരൻമാരേ, നിങ്ങൾ എല്ലാവരും യോജിപ്പിൽ സംസാരിക്കണമെന്നും നിങ്ങളുടെയിടയിൽ ഭിന്നതകളുണ്ടായിരിക്കാതെ നിങ്ങൾ ഒരേ മനസ്സിലും ഒരേ ചിന്താഗതിയിലും ഉചിതമായി ഐക്യപ്പെട്ടിരിക്കണമെന്നും നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ ഞാൻ നിങ്ങളെ പ്രബോധിപ്പിക്കുന്നു.”—1 കൊരിന്ത്യർ 1:10, NW; 2 കൊരിന്ത്യർ 13:11.
13, 14. (എ) ‘വിശുദ്ധരായിരിക്കുക’ എന്നതിന്റെ അർഥമെന്താണ്? (ബി) സത്യാരാധന എങ്ങനെ ശുദ്ധമായി നിലനിർത്തപ്പെടുന്നു?
13 ദൈവം അംഗീകരിക്കുന്ന മതത്തിന്റെ ഒമ്പതാമത്തെ നിബന്ധന എന്താണ്? ലേവ്യപുസ്തകം 11:45-ൽ ഒരു ബൈബിൾ തത്ത്വം കൊടുത്തിരിക്കുന്നു: “ഞാൻ വിശുദ്ധനാകയാൽ നിങ്ങളും വിശുദ്ധന്മാരായിരിക്കേണം.” “നിങ്ങളെ വിളിച്ച വിശുദ്ധന്നു ഒത്തവണ്ണം അനുസരണമുള്ള മക്കളായി എല്ലാനടപ്പിലും വിശുദ്ധരാകുവിൻ” എന്നു പറഞ്ഞപ്പോൾ അപ്പോസ്തലനായ പത്രോസ് ആ വ്യവസ്ഥ ആവർത്തിച്ചു. (ചെരിച്ചെഴുത്തു ഞങ്ങളുടേത്.)—1 പത്രൊസ് 1:15.
14 വിശുദ്ധരായിരിക്കുക എന്ന ഈ ആവശ്യത്തിൽ എന്താണ് അടങ്ങിയിരിക്കുന്നത്? ആത്മീയമായും ധാർമികമായും യഹോവയുടെ ആരാധകർ വിശുദ്ധരായിരിക്കണം എന്നുതന്നെ. (2 പത്രൊസ് 3:14) തങ്ങളുടെ നടത്തയിലൂടെ ക്രിസ്തുവിന്റെ മറുവിലയാഗത്തോട് അവജ്ഞ കാണിക്കുന്ന അനുതാപമില്ലാത്ത, മനഃപൂർവ പാപികൾക്ക് ഇടമില്ല. (എബ്രായർ 6:4-6) ക്രിസ്തീയ സഭയെ ശുദ്ധിയുള്ളതും വിശുദ്ധവുമായി നിലനിർത്തണമെന്നു യഹോവ ആവശ്യപ്പെടുന്നു. അത് എങ്ങനെ സാധിക്കും? സഭയെ ദുഷിപ്പിക്കുന്നവരെ പുറത്താക്കുകയെന്ന നീതിന്യായ പ്രക്രിയയിലൂടെ അതു ഭാഗികമായി സാധിക്കുന്നു.—1 കൊരിന്ത്യർ 5:9-13.
15, 16. തങ്ങളുടെ ജീവിതത്തിൽ പല ക്രിസ്ത്യാനികളും എന്തെല്ലാം മാറ്റങ്ങളാണു വരുത്തിയിരിക്കുന്നത്?
15 ക്രിസ്തീയ വിശ്വാസം അറിയുന്നതിനു മുമ്പ്, കുത്തഴിഞ്ഞതും സുഖലോലുപവും സ്വാർഥജഡിലവുമായ ജീവിതമാണു പലരും നയിച്ചിരുന്നത്. എന്നാൽ ക്രിസ്തുവിനെക്കുറിച്ചുള്ള വചനം അവർക്കു മാറ്റം വരുത്തി, തങ്ങളുടെ പാപങ്ങൾക്ക് അവർക്കു ക്ഷമ ലഭിക്കുകയും ചെയ്തിരിക്കുന്നു. “അന്യായം ചെയ്യുന്നവർ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു അറിയുന്നില്ലയോ? നിങ്ങളെത്തന്നേ വഞ്ചിക്കാതിരിപ്പിൻ; ദുർന്നടപ്പുകാർ, വിഗ്രഹാരാധികൾ, വ്യഭിചാരികൾ, സ്വയഭോഗികൾ, പുരുഷകാമികൾ, കള്ളൻമാർ, അത്യാഗ്രഹികൾ, മദ്യപൻമാർ, വാവിഷ്ഠാണക്കാർ, പിടിച്ചുപറിക്കാർ എന്നിവർ ദൈവരാജ്യം അവകാശമാക്കുകയില്ല. നിങ്ങളും ചിലർ ഈ വകക്കാരായിരുന്നു; എങ്കിലും നിങ്ങൾ . . . നിങ്ങളെത്തന്നേ കഴുകി” എന്നെഴുതിയപ്പോൾ പൗലോസ് അതു ശക്തിമത്തായി പ്രകടമാക്കി. (ചെരിച്ചെഴുത്തു ഞങ്ങളുടേത്.)—1 കൊരിന്ത്യർ 6:9-11.
16 തങ്ങളുടെ തിരുവെഴുത്തുവിരുദ്ധമായ നടത്ത സംബന്ധിച്ച് അനുതപിക്കുകയും തിരിഞ്ഞുവരികയും ക്രിസ്തുവിന്റെയും അവന്റെ പഠിപ്പിക്കലുകളുടെയും യഥാർഥ അനുഗാമികൾ ആയിത്തീരുകയും ചെയ്യുന്നവരെ യഹോവ അംഗീകരിക്കുന്നു എന്നുള്ളതു വ്യക്തമാണ്. അവർ തങ്ങളുടെ അയൽക്കാരെ വാസ്തവമായി തങ്ങളെപ്പോലെതന്നെ സ്നേഹിക്കുകയും അതു പല വിധങ്ങളിൽ പ്രകടമാക്കുകയും ചെയ്യുന്നു, അതിൽ ഒരു വിധമാണു കേൾക്കുന്ന എല്ലാവർക്കും ജീവസന്ദേശം നൽകുന്ന ശുശ്രൂഷയിൽ ഉറ്റിരിക്കുക എന്നത്.—2 തിമൊഥെയൊസ് 4:5.
‘സത്യം നിങ്ങളെ സ്വതന്ത്രരാക്കും’
17. സത്യാരാധനയ്ക്കുള്ള പത്താമത്തെ നിബന്ധന എന്താണ്? ഉദാഹരണങ്ങൾ നൽകുക.
17 തന്നെ ആത്മാവിലും സത്യത്തിലും ആരാധിക്കുന്നവർക്കു വേണ്ടി യഹോവയ്ക്കു പത്താമത് ഒരു നിബന്ധനയുണ്ട്—നിർമലമായ പഠിപ്പിക്കൽ. (യോഹന്നാൻ 4:23, 24) “നിങ്ങൾ . . . സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രന്മാരാക്കുകയും ചെയ്യും” എന്നു യേശു തന്റെ അനുഗാമികളോടു പറഞ്ഞു. (യോഹന്നാൻ 8:32) അമർത്ത്യദേഹി, തീനരകം, ശുദ്ധീകരണസ്ഥലം തുടങ്ങി ദൈവത്തെ അപമാനിക്കുന്ന ഉപദേശങ്ങളിൽനിന്നു ബൈബിൾസത്യം നമ്മെ സ്വതന്ത്രരാക്കുന്നു. (സഭാപ്രസംഗി 9:5, 6, 10; യെഹെസ്കേൽ 18:4, 20) ക്രൈസ്തവലോകത്തിന്റെ “അതിവിശുദ്ധ ത്രിത്വം” എന്ന ബാബിലോന്യ മർമത്തിൽനിന്ന് അതു നമ്മെ സ്വതന്ത്രരാക്കുന്നു. (ആവർത്തനപുസ്തകം 4:35; 6:4; 1 കൊരിന്ത്യർ 15:27, 28) ബൈബിൾസത്യത്തോടുള്ള അനുസരണം സ്നേഹവും യഥാർഥ താത്പര്യവും ദയയും കരുണയുമുള്ള ആളുകളെ വാർത്തെടുക്കുന്നു. റ്റോമാസ് ഡെ റ്റോർക്കമാഡ പോലുള്ള പ്രതികാരദാഹികളും അസഹിഷ്ണുക്കളുമായ മതവിചാരണക്കാരെയോ കുരിശുയുദ്ധങ്ങളെ പ്രോത്സാഹിപ്പിച്ച പാപ്പായുടെ ആൾക്കാരെപ്പോലെ, വിദ്വേഷം നിറഞ്ഞ യുദ്ധക്കൊതിയന്മാരെയോ ക്രിസ്ത്യാനിത്വം ഒരിക്കലും ഊട്ടിവളർത്തിയിട്ടില്ല. എന്നാൽ, മഹാബാബിലോൻ ചരിത്രത്തിലുടനീളം, ചുരുങ്ങിയപക്ഷം നിമ്രോദിന്റെ കാലംമുതൽ ഇന്നോളം, ഉളവാക്കിയിരിക്കുന്നത് അത്തരം ഫലമാണ്.—ഉല്പത്തി 10:8, 9.
വ്യതിരിക്തമായ ഒരു നാമം
18. (എ) സത്യാരാധന സംബന്ധിച്ച പത്തു നിബന്ധനകളിൽ എത്തിച്ചേരുന്നവർ ആരാണ്, എങ്ങനെ? (ബി) നമുക്കു മുമ്പിലുള്ള അനുഗ്രഹം അവകാശമാക്കുവാൻ നാം വ്യക്തിപരമായി എന്താണു ചെയ്യേണ്ടത്?
18 വാസ്തവത്തിൽ ഇന്നു സത്യാരാധനയുടെ ഈ പത്തു വ്യവസ്ഥകളിൽ എത്തിച്ചേരുന്നത് ആരാണ്? തങ്ങളുടെ നിർമലതയുടെയും സമാധാനപ്രിയത്തിന്റെയും ചരിത്രം നിമിത്തം മറ്റുള്ളവർ അറിയുകയും അംഗീകരിക്കുകയും ചെയ്യുന്നവർ ആരാണ്? ‘ലോകത്തിന്റെ ഭാഗമല്ലാ’തിരിക്കുന്നതിനാൽ യഹോവയുടെ സാക്ഷികൾ ഗോളമെമ്പാടും അറിയപ്പെടുന്നു. (യോഹന്നാൻ 15:19; 17:14, 16; 18:36) യേശുക്രിസ്തു തന്റെ പിതാവിന്റെ ഒരു വിശ്വസ്ത സാക്ഷി ആയിരുന്നതുപോലെതന്നെ, അവന്റെ നാമം വഹിക്കുന്നതിന്റെയും അവന്റെ സാക്ഷികളായിരിക്കുന്നതിന്റെയും ബഹുമതി യഹോവയുടെ ജനത്തിനുണ്ട്. നാം ആ പാവന നാമം വഹിക്കുന്നു. അതു പ്രതിനിധാനം ചെയ്യുന്നതിനനുസൃതമായി ജീവിക്കുന്നതിനുള്ള ഉത്തരവാദിത്വം തിരിച്ചറിയുകയും ചെയ്യുന്നു. മാത്രമല്ല, അവന്റെ സാക്ഷികളെന്നനിലയിൽ എന്തൊരു മഹത്തായ പ്രതീക്ഷയാണു നമുക്കു മുമ്പിൽ സ്ഥിതി ചെയ്യുന്നത്! ഇവിടെ ഭൂമിയിൽ പുനഃസ്ഥിതീകരിക്കപ്പെട്ട ഒരു പറുദീസയിൽ സാർവത്രിക പരമാധികാരിയെ ആരാധിച്ചുകൊണ്ട് അനുസരണമുള്ളതും ഏകീകൃതവുമായ ഒരു മാനുഷ കുടുംബത്തിന്റെ ഭാഗമായിരിക്കാനുള്ള പ്രതീക്ഷയാണത്. അത്തരമൊരു അനുഗ്രഹം ലഭിക്കുന്നതിന്, സത്യാരാധനയോടൊപ്പം വ്യക്തമായി നിലകൊള്ളുകയും യഹോവയുടെ സാക്ഷികൾ എന്ന നാമം അഭിമാനപൂർവം വഹിക്കുകയും ചെയ്യുന്നതിൽ നമുക്കു തുടരാം. എന്തുകൊണ്ടെന്നാൽ, “അവന്റെ ന്യായവിധികൾ സത്യവും നീതിയുമുള്ളവ” ആകുന്നു!—വെളിപ്പാടു 19:2; യെശയ്യാവു 43:10-12; യെഹെസ്കേൽ 3:11.
[അടിക്കുറിപ്പ]
a ബൈബിൾ പരിഭാഷകൾ അവയിൽത്തന്നെ ദൈവനിശ്വസ്തമല്ല. പരിഭാഷകൾ അവയുടെ സ്വഭാവത്താൽതന്നെ, ബൈബിൾ രേഖപ്പെടുത്തപ്പെട്ട മൂല ഭാഷകളുടെ ഗ്രാഹ്യത്തിൽ വ്യതിയാനങ്ങൾ പ്രതിഫലിപ്പിച്ചേക്കാം.
നിങ്ങൾ എങ്ങനെ ഉത്തരം പറയും?
◻ മഹാബാബിലോന്റെ നാശത്തെ യഹോവയുടെ ദാസർ എങ്ങനെ കരുതുന്നു?
◻ സത്യാരാധനയ്ക്കുള്ള മുഖ്യ നിബന്ധനകൾ ഏതൊക്കെ?
◻ സത്യം നിങ്ങളെ എങ്ങനെ സ്വതന്ത്രരാക്കുന്നു?
◻ യഹോവയുടെ സാക്ഷികൾ എന്നനിലയിൽ നമുക്ക് എന്തു പ്രത്യേക ബഹുമതിയാണുള്ളത്?
[അധ്യയന ചോദ്യങ്ങൾ]
[17-ാം പേജിലെ ചിത്രം]
യഹോവയുടെ സാക്ഷികൾ ദൈവരാജ്യത്തെക്കുറിച്ചുള്ള സുവാർത്ത പ്രസംഗിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നു
[18-ാം പേജിലെ ചിത്രം]
ലോകത്തിലെ രാഷ്ട്രീയവും യുദ്ധങ്ങളും സംബന്ധിച്ച് സത്യക്രിസ്ത്യാനികൾ സദാ നിഷ്പക്ഷരായി നിലകൊണ്ടിട്ടുണ്ട്
[കടപ്പാട]
Airplane: Courtesy of the Ministry of Defense, London