നിങ്ങളുടെ ആത്മവിശ്വാസം അവസാനംവരെ ഉറപ്പുള്ളതായി നിലനിർത്തുക
നിങ്ങളുടെ ആത്മവിശ്വാസം അവസാനംവരെ ഉറപ്പുള്ളതായി നിലനിർത്തുക
ഒരു ചെറിയ വിമാനം ദുഷ്കരമായ കാലാവസ്ഥയിലേക്കു പറന്നടുക്കുകയാണെന്നു സങ്കൽപ്പിക്കുക. പൈലറ്റിനു നിലത്തെ അടയാളങ്ങൾ തിരിച്ചറിയാൻ കഴിയുന്നില്ല. അദ്ദേഹത്തിനു ചുറ്റും കനത്ത മേഘം. ജനാലച്ചില്ലിനപ്പുറത്തേക്കു കാണാനേ കഴിയുന്നില്ല. എന്നിട്ടും തന്റെ യാത്ര സുരക്ഷിതമായി പൂർത്തിയാക്കാനാവുമെന്ന് അദ്ദേഹത്തിന് ഉറപ്പുതോന്നുന്നു. അദ്ദേഹത്തിന്റെ ആത്മവിശ്വാസത്തിന്റെ കാരണമെന്താണ്?
ഇരുട്ടിൽ മേഘത്തിലൂടെയും നിലത്തൂടെയും പറക്കാൻ തന്നെ പ്രാപ്തനാക്കുന്ന കൃത്യതയുള്ള ഉപകരണങ്ങൾ അയാൾക്കുണ്ട്. തന്റെ വഴിയിൽ, വിശേഷിച്ചും വിമാനത്താവളത്തിനടുത്ത്, മാർഗദീപങ്ങൾ അദ്ദേഹത്തെ ഇലക്ട്രോണിക് ഉപകരണങ്ങളിലൂടെ നയിക്കുന്നു. കൂടാതെ നിലത്തെ വ്യോമയാന നിയന്ത്രണ ഉദ്യോഗസ്ഥന്മാരുമായി അദ്ദേഹത്തിനു റേഡിയോ സമ്പർക്കവുമുണ്ട്.
അതിനോടുള്ള താരതമ്യത്തിൽ, ലോകാവസ്ഥകൾ അനുദിനം ശോകമൂകമായിക്കൊണ്ടിരിക്കുന്നുവെങ്കിലും നമുക്കു ഭാവിയെ ആത്മവിശ്വാസത്തോടെ നേരിടാൻ കഴിയും. ഈ ദുഷ്ടവ്യവസ്ഥിതിയിലൂടെയുള്ള നമ്മുടെ യാത്ര ചിലർ പ്രതീക്ഷിച്ചതിനെക്കാളും കൂടുതൽ സമയമെടുക്കുന്നുണ്ടാവാം. എന്നാൽ നാം ശരിയായ പാതയിലും കൃത്യ സമയത്തുമാണെന്നതിൽ നമുക്ക് ആത്മവിശ്വാസമുള്ളവർ ആയിരിക്കാൻ കഴിയും. നമുക്ക് അത്രയും ഉറപ്പുള്ളവരായിരിക്കാൻ കഴിയുന്നത് എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ മാനുഷിക വീക്ഷണത്തിനു ദർശിക്കാനാവാത്തവ കാണാൻ നമ്മെ പ്രാപ്തമാക്കുന്ന മാർഗനിർദേശം നമുക്കുണ്ട്.
ദൈവവചനം ‘നമ്മുടെ പാതെക്കു പ്രകാശ’മാകുന്നു, അതു “വിശ്വാസ്യമാകുന്നു; അതു അല്പബുദ്ധിയെ ജ്ഞാനിയാക്കുന്നു.” (സങ്കീർത്തനം 19:7; 119:105) പൈലറ്റിന്റെ പറക്കൽമാർഗം സൂചിപ്പിക്കുന്ന മാർഗദീപങ്ങൾപോലെ, ബൈബിൾ ഭാവിസംഭവങ്ങൾ കൃത്യതയോടെ വിവരിക്കുകയും നാം നമ്മുടെ ലക്ഷ്യസ്ഥാനത്തു സുരക്ഷിതമായി എത്തിച്ചേരുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനുള്ള വ്യക്തമായ നിർദേശങ്ങൾ നൽകുകയും ചെയ്യുന്നു. എന്നിരുന്നാലും, ദിവ്യമാർഗനിർദേശത്തിൽനിന്നു പ്രയോജനം നേടാൻ നാം അതിൽ വിശ്വാസമർപ്പിക്കണം.
‘അവർക്ക് ആദ്യം ഉണ്ടായിരുന്ന ആത്മവിശ്വാസം അവസാനത്തോളം മുറുകെപ്പിടിക്കാൻ’ എബ്രായർക്കുള്ള തന്റെ ലേഖനത്തിൽ പൗലോസ് യഹൂദ ക്രിസ്ത്യാനികളെ ഉദ്ബോധിപ്പിച്ചു. (എബ്രായർ 3:14, NW) നാം “മുറുകെപ്പിടി”ക്കാതിരുന്നാൽ വിശ്വാസത്തിന് ഇളക്കംതട്ടിയേക്കാം. അതുകൊണ്ട്, യഹോവയിലുള്ള നമ്മുടെ ആത്മവിശ്വാസം അവസാനംവരെ ഉറപ്പുള്ളതായി നിലനിർത്താൻ നമുക്കെങ്ങനെ കഴിയും?
നിങ്ങളുടെ വിശ്വാസം പ്രകടമാക്കുക
തന്റെ ഉപകരണങ്ങളിലും നിലത്തുള്ള വ്യോമയാന നിയന്ത്രണ ഉദ്യോഗസ്ഥന്മാരിലും പൂർണമായി ആശ്രയിച്ചുകൊണ്ട്, പുറത്തേക്കു നോക്കാതെ വിമാനം പറപ്പിക്കാൻ കഴിയുന്നതിനുമുമ്പായി, ഒരു പൈലറ്റിന് ആവശ്യമായ പരിശീലനവും അനേകം മണിക്കൂർ പറന്നതിന്റെ പരിചയവും ആവശ്യമാണ്. സമാനമായി, യഹോവയുടെ മാർഗനിർദേശത്തിലുള്ള തന്റെ ആത്മവിശ്വാസം നിലനിർത്തുന്നതിന് ഒരു ക്രിസ്ത്യാനി തന്റെ വിശ്വാസം അഭംഗുരം 2 കൊരിന്ത്യർ 4:13) അങ്ങനെ, ദൈവത്തിന്റെ സുവാർത്തയെക്കുറിച്ചു സംസാരിക്കുമ്പോൾ, നാം നമ്മുടെ വിശ്വാസം പ്രകടമാക്കുകയും അതിനെ ശക്തീകരിക്കുകയും ചെയ്യുന്നു.
പ്രകടമാക്കേണ്ടതുണ്ട്, വിശേഷിച്ചും പ്രയാസകരമായ സാഹചര്യങ്ങൾ ഉടലെടുക്കുമ്പോൾ. പൗലോസ് അപ്പോസ്തലൻ എഴുതി: “‘ഞാൻ വിശ്വസിച്ചു, അതുകൊണ്ടു ഞാൻ സംസാരിച്ചു’ എന്നു എഴുതിയിരിക്കുന്നതുപോലെ വിശ്വാസത്തിന്റെ അതേ ആത്മാവു ഞങ്ങൾക്കുള്ളതിനാൽ ഞങ്ങളും വിശ്വസിക്കുന്നു അതുകൊണ്ടു സംസാരിക്കുന്നു.” (രണ്ടാം ലോകമഹായുദ്ധ കാലത്ത്, ഒരു തടങ്കൽപ്പാളയത്തിൽ നാലു വർഷം ചെലവഴിച്ച മഗ്ദലേന പ്രസംഗവേലയുടെ മൂല്യം ഇങ്ങനെ വിശദീകരിക്കുന്നു: “ശക്തമായ വിശ്വാസം നിലനിർത്തുവാൻ, മറ്റുള്ളവരുടെ ആത്മീയ ക്ഷേമത്തിൽ തത്പരരായിരിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് എന്റെ അമ്മ എന്നെ പഠിപ്പിച്ചു. ഞങ്ങൾക്ക് എങ്ങനെ തോന്നിയെന്നു ദൃഷ്ടാന്തീകരിക്കുന്ന ഒരു സംഭവം ഞാൻ ഓർക്കുന്നു. റാവൻസ്ബ്രൂക് തടങ്കൽപ്പാളയത്തിൽനിന്നു മോചിതരായശേഷം ഞാനും അമ്മയും ഒരു വെള്ളിയാഴ്ച വീട്ടിലെത്തി. എന്നാൽ രണ്ടു ദിവസംകഴിഞ്ഞ്, ഞായറാഴ്ച, ഞങ്ങൾ വീടുതോറുമുള്ള പ്രസംഗവേലയിൽ സഹോദരന്മാരോടൊപ്പം ചേർന്നു. ദൈവത്തിന്റെ വാഗ്ദാനങ്ങളിൽ ആശ്രയിക്കാൻ മറ്റുള്ളവരെ സഹായിക്കുന്നതിൽ നാം ശ്രദ്ധകേന്ദ്രീകരിക്കുന്നെങ്കിൽ, അതേ വാഗ്ദാനങ്ങൾ നമുക്കു കൂടുതൽ യാഥാർഥ്യമായിത്തീരുമെന്നു ഞാൻ ഉറപ്പായി വിശ്വസിക്കുന്നു.—പ്രവൃത്തികൾ 5:42 താരതമ്യം ചെയ്യുക.
നമ്മുടെ ആത്മവിശ്വാസം അവസാനംവരെ ഉറപ്പുള്ളതായി നിലനിർത്തുന്നതിനു മറ്റു മേഖലകളിലുള്ള ആത്മീയ പ്രവർത്തനം ആവശ്യമാണ്. വിശ്വാസത്തെ ബലിഷ്ഠമാക്കുന്ന അതിശ്രേഷ്ഠമായ മറ്റൊരു അഭ്യാസമാണു വ്യക്തിപരമായ പഠനം. നാം ബെരോവക്കാരെ അനുകരിച്ചു തിരുവെഴുത്തുകൾ അനുദിനം ഉത്സാഹപൂർവം പരിശോധിക്കുന്നെങ്കിൽ, നമുക്ക് “അവസാനംവരെ പ്രത്യാശയുടെ പൂർണ്ണനിശ്ചയം ഉണ്ടാകാൻ” അതുപകരിക്കും. (എബ്രായർ 6:11, NW; പ്രവൃത്തികൾ 17:11) വ്യക്തിപരമായ പഠനത്തിനു സമയവും ദൃഢനിശ്ചയവും ആവശ്യമാണെന്നതു സത്യംതന്നെ. അതുകൊണ്ടായിരിക്കാം പൗലോസ് എബ്രായർക്ക് അത്തരം സംഗതികളിൽ “മന്ദതയുള്ള”വർ, അഥവാ അലസതയുള്ളവർ ആകുന്നതിന്റെ അപകടത്തെക്കുറിച്ചു മുന്നറിയിപ്പു നൽകിയത്.—എബ്രായർ 6:12.
അലസതയുള്ള ഒരു മനോഭാവത്തിനു ജീവിതത്തിന്റെ അനേകം മേഖലകളിൽ ദാരുണമായ ഭവിഷ്യത്തുകൾ ഉണ്ടായേക്കാം. “കൈകളുടെ ആലസ്യംകൊണ്ടു വീടു ചോരുന്നു” എന്നു ശലോമോൻ നിരീക്ഷിച്ചു. (സഭാപ്രസംഗി 10:18) നല്ല നിലയിൽ സൂക്ഷിക്കാത്ത മേൽക്കൂരയിലൂടെ ഉടനെയോ പിന്നീടോ മഴ ചോർന്നൊലിക്കാൻ തുടങ്ങുന്നു. നാം നമ്മുടെ കരങ്ങളെ ആത്മീയമായി താഴാൻ അനുവദിക്കുകയും നമ്മുടെ വിശ്വാസത്തെ നല്ല നിലയിൽ സൂക്ഷിക്കാൻ പരാജയപ്പെടുകയും ചെയ്യുന്നെങ്കിൽ, സംശയങ്ങൾ നുഴഞ്ഞുകയറിയേക്കാം. നേരെമറിച്ച്, ദൈവവചനത്തെക്കുറിച്ചുള്ള ധ്യാനവും പഠനവും നമ്മുടെ വിശ്വാസത്തെ പരിപോഷിപ്പിക്കുകയും പരിരക്ഷിക്കുകയും ചെയ്യും.—സങ്കീർത്തനം 1:2, 3.
അനുഭവത്തിലൂടെ വിശ്വാസം പടുത്തുയർത്തൽ
തീർച്ചയായും, പഠനത്തിലൂടെ മാത്രമല്ല അനുഭവത്തിലൂടെയും ഒരു പൈലറ്റ് തന്റെ ഉപകരണങ്ങൾ വിശ്വാസയോഗ്യമാണെന്നു മനസ്സിലാക്കുന്നു. അതുപോലെ, യഹോവയുടെ സ്നേഹനിർഭരമായ പരിപാലനത്തിന്റെ തെളിവുകൾ നാം നമ്മുടെതന്നെ ജീവിതത്തിൽ കാണുമ്പോൾ അവനിലുള്ള നമ്മുടെ ആത്മവിശ്വാസം വർധിക്കുന്നു. അത് അനുഭവിച്ചറിഞ്ഞ യോശുവ തന്റെ സഹയിസ്രായേല്യരെ ഇങ്ങനെ അനുസ്മരിപ്പിച്ചു: “നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെക്കുറിച്ചു അരുളിച്ചെയ്തിട്ടുള്ള സകലനന്മകളിലുംവെച്ചു ഒന്നിന്നും വീഴ്ചവന്നിട്ടില്ലെന്നു നിങ്ങൾക്കു പൂർണ്ണഹൃദയത്തിലും പൂർണ്ണമനസ്സിലും ബോധമായിരിക്കുന്നു; സകലവും നിങ്ങൾക്കു സംഭവിച്ചു.”—യോശുവ 23:14.
ഫിലിപ്പീൻസിൽനിന്നുള്ള ഒരു വിവാഹിത സഹോദരിയായ ഹോസ്ഫീന അതേ പാഠംതന്നെ പഠിച്ചു. സത്യം അറിയുന്നതിനുമുമ്പ് ജീവിതം ഏതുപോലെയിരുന്നുവെന്ന് അവൾ വിശദീകരിക്കുന്നു: “എന്റെ ഭർത്താവ് ഒരുപാടു മദ്യപിക്കുമായിരുന്നു. കുടിച്ചു ലക്കുകെടുമ്പോൾ, കോപാകുലനായി അദ്ദേഹം എന്നെ അടിക്കുമായിരുന്നു. ഞങ്ങളുടെ അസന്തുഷ്ട വിവാഹം ഞങ്ങളുടെ പുത്രനെയും ബാധിക്കുന്നുണ്ടായിരുന്നു. നല്ലൊരു തുക സമ്പാദിച്ചുകൊണ്ടു ഞാനും ഭർത്താവും ജോലിചെയ്തിരുന്നു. എന്നാൽ വേതനത്തിന്റെ ഏറിയപങ്കും ഞങ്ങൾ ചൂതുകളിച്ചു തുലയ്ക്കുകയായിരുന്നു. എന്റെ ഭർത്താവിന് അനേകം സുഹൃത്തുക്കളുണ്ടായിരുന്നു. മദ്യപിക്കാൻ പണമിറക്കിയിരുന്നത് അദ്ദേഹമായിരുന്നതുകൊണ്ടുമാത്രം സൗഹൃദം തേടിയവർ. ചിലർ അദ്ദേഹത്തെ കുടിപ്പിച്ചിരുന്നതാകട്ടെ, കേവലം അദ്ദേഹത്തെ നോക്കി ചിരിച്ചുരസിക്കാനും.
“ഞങ്ങൾ യഹോവയെ അറിയാനിടവന്ന് അവന്റെ ബുദ്ധ്യുപദേശം പിൻപറ്റാൻ തുടങ്ങിയപ്പോൾ സംഗതികൾക്കു മാറ്റംവന്നു. എന്റെ ഭർത്താവു മദ്യപാനം ഉപേക്ഷിച്ചു. ഞങ്ങൾ ചൂതുകളിയും നിർത്തി. ഞങ്ങൾക്കിപ്പോൾ ഞങ്ങളെ സ്നേഹിക്കുകയും സഹായിക്കുകയും ചെയ്യുന്ന യഥാർഥ സുഹൃത്തുക്കളുണ്ട്. ഇപ്പോൾ സന്തുഷ്ടമായ ഒരു വിവാഹജീവിതമാണു ഞങ്ങളുടേത്. കൂടാതെ ഞങ്ങളുടെ മകനാണെങ്കിലോ, നല്ലൊരു യുവാവായി വളർന്നുവരുന്നു. ഞങ്ങൾ മുമ്പത്തേതിലും കുറച്ചു സമയമേ ജോലി ചെയ്യുന്നുള്ളൂ, എന്നാൽ ഞങ്ങളുടെ പക്കൽ കൂടുതൽ പണമുണ്ട്. എല്ലായ്പോഴും നമ്മെ ശരിയായ ദിശയിൽ നയിക്കുന്ന സ്നേഹനിധിയായ ഒരു പിതാവിനെപ്പോലെയാണു യഹോവ എന്ന് അനുഭവം ഞങ്ങളെ പഠിപ്പിച്ചിരിക്കുന്നു.”
റേഡിയോ നിർദേശങ്ങളുടെയോ ഒരു ഉപകരണപരിശോധനയുടെയോ ഫലമായി തങ്ങളുടെ ഗതി നേരെയാക്കേണ്ടയാവശ്യമുണ്ടെന്നു ചിലപ്പോൾ പൈലറ്റുമാർ തിരിച്ചറിയുന്നു. അതുപോലെ, നാം യഹോവയുടെ പ്രബോധനമനുസരിച്ചു ഗതിക്കു മാറ്റം വരുത്തേണ്ടതുണ്ടാവാം. “നിങ്ങൾ വലത്തോട്ടോ ഇടത്തോട്ടോ തിരിയുമ്പോൾ: വഴി ഇതാകുന്നു, ഇതിൽ നടന്നുകൊൾവിൻ എന്നൊരു വാക്കു പിറകിൽനിന്നു കേൾക്കും.” (യെശയ്യാവു 30:21) അവന്റെ വചനത്തിലൂടെയും അവന്റെ സ്ഥാപനത്തിലൂടെയും ആത്മീയ അപകടങ്ങളെക്കുറിച്ചു നമ്മെ ജാഗരൂകരാക്കുന്ന ബുദ്ധ്യുപദേശം നമുക്കു ലഭിക്കുന്നു. ഇവയിലൊന്നു സഹവാസങ്ങളെക്കുറിച്ചുള്ളതാണ്.
സഹവാസങ്ങൾക്കു നമ്മെ വഴിതെറ്റിക്കാനാവും
അവശ്യം തിരുത്തലുകൾ നടത്തുന്നില്ലെങ്കിൽ, ഒരു ചെറിയ വിമാനത്തിന് എളുപ്പം വഴിതെറ്റാം. അതുപോലെ, ബാഹ്യസ്വാധീനങ്ങൾ ഇന്നത്തെ ക്രിസ്ത്യാനികളെ നിരന്തരം ബാധിക്കുന്നു. ആത്മീയ മൂല്യങ്ങളെ പുച്ഛിക്കുന്ന, പണത്തിനും സുഖത്തിനും വളരെയധികം പ്രാധാന്യം കൽപ്പിക്കുന്ന ഒരു ജഡികമാനസ്സ ലോകത്തിലാണു നാം ജീവിക്കുന്നത്. അവസാന നാളുകൾ “ഇടപെടാൻ പ്രയാസകര”മായ നാളുകളായിരിക്കുമെന്നു പൗലോസ് തിമോത്തിക്കു മുന്നറിയിപ്പു കൊടുക്കുകയുണ്ടായി. (2 തിമോത്തി 3:1-5, NW) മോശമായ സഹവാസങ്ങൾക്കു വശംവദരാകാൻ വിശേഷാൽ സാധ്യതയുള്ളത് അംഗീകാരത്തിനും ജനപ്രീതിക്കുംവേണ്ടി വാഞ്ഛിക്കുന്ന കൗമാരപ്രായക്കാരാണ്.—2 തിമൊഥെയൊസ് 2:22.
17 വയസ്സുള്ള അമന്റ വിശദീകരിക്കുന്നു: “കുറച്ചുനാളത്തേക്ക് എന്റെ വിശ്വാസം ദുർബലമായി. ഒരു പരിധിവരെ അതിനു കാരണം സഹപാഠികളായിരുന്നു. കൂച്ചുവിലങ്ങിടുന്നതും യുക്തിഹീനമായതുമാണ് എന്റെ മതമെന്ന് അവർ പറഞ്ഞുകൊണ്ടിരുന്നു. ഇത് എന്നെ നിരുത്സാഹപ്പെടുത്താൻ തുടങ്ങി. എന്നിരുന്നാലും, ക്രിസ്തീയ മാർഗനിർദേശങ്ങൾ കൂച്ചുവിലങ്ങിടാനല്ല, മറിച്ച് സംരക്ഷിക്കാനാണ് ഉതകുന്നതെന്നു മനസ്സിലാക്കാൻ എന്റെ മാതാപിതാക്കൾ എന്നെ സഹായിച്ചു. എന്റെ മുൻ സ്കൂൾ സുഹൃത്തുക്കളെക്കാൾ കൂടുതൽ തൃപ്തികരമായ ജീവിതം ഉണ്ടായിരിക്കാൻ ഈ തത്ത്വങ്ങൾ എന്നെ സഹായിക്കുന്നുവെന്നു ഞാനിപ്പോൾ തിരിച്ചറിയുന്നു. എനിക്കുവേണ്ടി വാസ്തവമായും കരുതുന്നവരിൽ—മാതാപിതാക്കളിൽ, യഹോവയിൽ—വിശ്വാസമർപ്പിക്കാൻ ഞാൻ പഠിച്ചിരിക്കുന്നു. കൂടാതെ ഞാൻ പയനിയർ സേവനം ആസ്വദിക്കുകയുമാണ്.”
നാം ഏതു പ്രായത്തിലുള്ളവരായാലും, നമ്മുടെ വിശ്വാസത്തെ താഴ്ത്തിക്കെട്ടുന്നതരം പരാമർശങ്ങൾ നടത്തുന്ന ആളുകളെ നാം അഭിമുഖീകരിക്കും. അവർ ലൗകിക ജ്ഞാനികളെന്നു തോന്നിയേക്കാം, എന്നാൽ ദൈവത്തിന് അവർ ഭൗതികരും തിരുവെഴുത്തുവിരുദ്ധരുമാണ്. (1 കൊരിന്ത്യർ 2:14) പൗലോസിന്റെ നാളിൽ സ്വാധീനമുള്ള ഒരു സമൂഹമായിരുന്നു ലൗകിക ജ്ഞാനികളായ സന്ദേഹവാദികൾ. ഈ തത്ത്വചിന്തകരുടെ പഠിപ്പിക്കലുകൾ ചില കൊരിന്ത്യൻ ക്രിസ്ത്യാനികൾക്കു പുനരുത്ഥാന പ്രത്യാശയിലുള്ള വിശ്വാസം നഷ്ടപ്പെടുന്നതിലേക്കു നയിച്ചിരിക്കാം. (1 കൊരിന്ത്യർ 15:12) പൗലോസ് അപ്പോസ്തലൻ ഇങ്ങനെ മുന്നറിയിപ്പു നൽകി: “വഴിതെററിക്കപ്പെടരുത്. മോശമായ സഹവാസങ്ങൾ പ്രയോജനപ്രദമായ ശീലങ്ങളെ പാഴാക്കുന്നു.”—1 കൊരിന്ത്യർ 15:33, NW.
നേരെമറിച്ച്, നല്ല സഹവാസങ്ങൾ നമ്മെ ആത്മീയമായി ബലിഷ്ഠരാക്കുന്നു. ക്രിസ്തീയ സഭയ്ക്കുള്ളിൽ, വിശ്വാസത്തിന്റേതായ ജീവിതം നയിക്കുന്ന ആളുകളുമായി ഇടപഴകാനുള്ള അവസരം നമുക്കുണ്ട്. 1939-ൽ സത്യം പഠിച്ച ഒരു സഹോദരനായ നോർമൻ ഇപ്പോഴും എല്ലാവർക്കും വലിയ പ്രോത്സാഹനത്തിന്റെ ഒരു ഉറവാണ്. അദ്ദേഹത്തിന്റെ ആത്മീയ കാഴ്ചപ്പാടിനെ ജാഗ്രതയുള്ളതായി നിർത്തിയിരിക്കുന്നത് എന്താണ്? അദ്ദേഹം ഇങ്ങനെ മറുപടി പറയുന്നു: “യോഗങ്ങളും വിശ്വസ്ത സഹോദരങ്ങളുമൊത്തുള്ള അടുത്ത സൗഹൃദങ്ങളും മർമപ്രധാനമാണ്. ദൈവത്തിന്റെ സ്ഥാപനവും സാത്താന്റെ സ്ഥാപനവും തമ്മിലുള്ള വ്യത്യാസം വ്യക്തമായി കാണാൻ ഇത്തരത്തിലുള്ള സഹവാസം എന്നെ സഹായിച്ചിട്ടുണ്ട്.”
ധനത്തിന്റെ വഞ്ചനാത്മക ശക്തി
“തന്റെ സഹജവാസന വിയോജിക്കുന്നതിനാൽ ഒരു പൈലറ്റിനു തന്റെ ഉപകരണങ്ങളെ വിശ്വസിക്കുക ചിലപ്പോൾ ദുഷ്കരമായി തോന്നിയേക്കാം” എന്നു പരിചയ സമ്പന്നനായ ഒരു പൈലറ്റ്, ബ്രയൻ വിശദീകരിക്കുന്നു. “സംഗതി നേരെ വിപരീതമാണെന്ന് ഉപകരണങ്ങൾ അറിയിച്ചിട്ടുപോലും, നിലത്തുള്ള ദീപങ്ങൾ നക്ഷത്രങ്ങളാണെന്നു തോന്നി പരിചയസമ്പന്നരായ സൈനിക പൈലറ്റുമാർ തലകീഴായി വിമാനം പറത്തുന്നത് അറിയപ്പെടുന്ന സംഗതിയാണ്.”
സമാനമായി, നമ്മുടെ സ്വാർഥ സഹജവാസനകൾക്കു നമ്മെ ഒരു ആത്മീയ അർഥത്തിൽ വഴിതെറ്റിക്കാൻ കഴിയും. ധനത്തിനു “വഞ്ചനാത്മക ശക്തി”യുണ്ടെന്ന് യേശു മർക്കോസ് 4:19; 1 തിമോത്തി 6:10, NW.
പറയുകയുണ്ടായി. ‘പണസ്നേഹം ചിലരെ വിശ്വാസത്തിൽനിന്നു വഴിതെററിച്ചിരിക്കുന്നു’ എന്നു പൗലോസ് മുന്നറിയിപ്പുകൊടുത്തു.—മിന്നുന്ന വഞ്ചനാത്മക ദീപങ്ങൾപോലെ, നിറപ്പകിട്ടുള്ള ഭൗതിക ലക്ഷ്യങ്ങൾക്കു നമ്മെ തെറ്റായ ദിശയിലേക്കു നയിക്കാനാവും. ‘ആശിക്കുന്നതിന്റെ ഉറപ്പി’ൽ ആനന്ദിക്കുന്നതിനുപകരം, ഒഴിഞ്ഞുപോകുന്ന ലോകത്തിന്റെ കൺപകിട്ടുള്ള കാഴ്ചകളാൽ നാം വ്യതിചലിക്കപ്പെടാവുന്നതാണ്. (എബ്രായർ 11:1; 1 യോഹന്നാൻ 2:16, 17) സമ്പന്ന ജീവിതശൈലി ഉണ്ടാകാൻ നാം “തീരുമാനിച്ചിരിക്കു”കയാണെങ്കിൽ, ആത്മീയ വളർച്ചയ്ക്കായി പ്രവർത്തിക്കുന്നതിനു നമുക്കു സമയമുണ്ടായിരിക്കാൻ സാധ്യതയില്ല.—1 തിമോത്തി 6:9, NW; മത്തായി 6:24; എബ്രായർ 13:5.
കൂടുതൽ ഉയർന്ന നിലവാരമുള്ള ഒരു ജീവിതം ആസ്വദിക്കുന്നതിനായി താനും ഭാര്യയും ആത്മീയ ലക്ഷ്യങ്ങൾ വിട്ടുകളഞ്ഞതായി പാട്രിക്ക് എന്നു പേരായ ഒരു യുവവിവാഹിതൻ സമ്മതിക്കുകയുണ്ടായി. അയാൾ ഇങ്ങനെ വിശദമാക്കുന്നു: “സഭയിൽ വലിയ കാറുകളും ആഡംബര വീടുകളുമുള്ളവരാൽ ഞങ്ങൾ സ്വാധീനിക്കപ്പെട്ടു. ഞങ്ങൾ ഒരിക്കലും രാജ്യപ്രതീക്ഷ വിസ്മരിച്ചില്ല, എന്നാൽ ഒപ്പം സുഖകരമായ ഒരു ജീവിതരീതിയും ആയിക്കോട്ടെ എന്നു ഞങ്ങൾക്കു തോന്നി. എന്നിരുന്നാലും, യഥാർഥ സന്തുഷ്ടി ലഭിക്കുന്നതു യഹോവയെ സേവിക്കുന്നതിലൂടെയും ആത്മീയമായി വളരുന്നതിലൂടെയുമാണെന്നു കാലക്രമത്തിൽ ഞങ്ങൾ തിരിച്ചറിഞ്ഞു. ഇപ്പോൾ ഞങ്ങളുടെ ജീവിതം ഒരിക്കൽക്കൂടെ ലളിതമായി. ജോലിസമയം കുറച്ചു ഞങ്ങൾ നിരന്തരപയനിയർമാരായി.”
വിശ്വാസം സ്വീകാര്യക്ഷമതയുള്ള ഒരു ഹൃദയത്തെ ആശ്രയിച്ചിരിക്കുന്നു
യഹോവയിലുള്ള ആത്മവിശ്വാസം വളർത്തുന്നതിൽ സ്വീകാര്യക്ഷമതയുള്ള ഹൃദയത്തിനും ഒരു പ്രധാന പങ്കുണ്ട്. “വിശ്വാസം എന്നതു പ്രത്യാശിക്കപ്പെടുന്ന കാര്യങ്ങളുടെ ഉറപ്പു ലഭിച്ച പ്രതീക്ഷ, കാണപ്പെടുന്നില്ലെങ്കിലും യാഥാർഥ്യങ്ങളുടെ പ്രസ്പഷ്ട പ്രകടനം [അഥവാ, “ബോധ്യപ്പെടുത്തുന്ന തെളിവ്,” അടിക്കുറിപ്പ്] ആണ്” എന്നതു സത്യംതന്നെ. (എബ്രായർ 11:1, NW) എന്നാൽ നമുക്കു സ്വീകാര്യക്ഷമതയുള്ള ഒരു ഹൃദയമില്ലെങ്കിൽ, നാം ബോധ്യപ്പെടുന്നതിനു സാധ്യതയില്ല. (സദൃശവാക്യങ്ങൾ 18:15; മത്തായി 5:6) ഇക്കാരണത്താലാണു പൗലോസ് അപ്പോസ്തലൻ “വിശ്വാസം എല്ലാവർക്കും ഇല്ലല്ലോ” എന്നു പറഞ്ഞത്.—2 തെസ്സലൊനീക്യർ 3:2.
അപ്പോൾ, ബോധ്യപ്പെടുത്തുന്ന ലഭ്യമായ സകല തെളിവുകൾക്കുംനേരെ നമ്മുടെ ഹൃദയങ്ങളെ സ്വീകാര്യക്ഷമമാക്കി നിർത്താൻ നമുക്കെങ്ങനെ കഴിയും? ദൈവിക ഗുണങ്ങൾ, വിശ്വാസത്തെ ധന്യമാക്കുകയും ഉത്തേജിപ്പിക്കുകയും ചെയ്യുന്ന ഗുണങ്ങൾ, നട്ടുവളർത്തിക്കൊണ്ട്. ‘വിശ്വാസത്തോടു സദ്ഗുണവും പരിജ്ഞാനവും ആത്മനിയന്ത്രണവും സഹിഷ്ണുതയും ദൈവികഭക്തിയും സഹോദരപ്രീതിയും സ്നേഹവും കൂട്ടിക്കൊൾവിൻ’ എന്നു പത്രോസ് നമ്മെ ഉദ്ബോധിപ്പിക്കുന്നു. (2 പത്രോസ് 1:5-7, NW; ഗലാത്യർ 5:22, 23) നേരെമറിച്ച്, നാം ഒരു സ്വകേന്ദ്രീകൃത ജീവിതം നയിക്കുകയോ യഹോവയ്ക്കു നാമമാത്രമായ സേവനം അർപ്പിക്കുകയോ ചെയ്യുകയാണെങ്കിൽ, ന്യായമായും നമ്മുടെ വിശ്വാസം വളരുമെന്നു നമുക്കു പ്രതീക്ഷിക്കാൻ കഴിയില്ല.
യഹോവയുടെ വചനം വായിക്കാനും അവ പ്രാവർത്തികമാക്കാനും എസ്രാ “തന്റെ ഹൃദയത്തെ ഒരുക്കി.” (എസ്രാ 7:10, NW) അതുപോലെ മീഖായ്ക്കും സ്വീകാര്യക്ഷമതയുള്ള ഒരു ഹൃദയമുണ്ടായിരുന്നു. “ഞാനോ യഹോവയിങ്കലേക്കു നോക്കും; എന്റെ രക്ഷയുടെ ദൈവത്തിന്നായി കാത്തിരിക്കും; എന്റെ ദൈവം എന്റെ പ്രാർത്ഥന കേൾക്കും.”—മീഖാ 7:7.
നേരത്തെ ഉദ്ധരിച്ച മഗ്ദലേനയും യഹോവയ്ക്കുവേണ്ടി ക്ഷമാപൂർവം കാത്തിരിക്കുന്നു. (ഹബക്കൂക് 2:3) അവൾ പറയുന്നു: “നമുക്ക് ഇപ്പോൾത്തന്നെ ആത്മീയ പറുദീസയുണ്ട്. രണ്ടാമത്തെ ഘട്ടമായ, ഭൗതിക പറുദീസ ഉടനെ വന്നെത്തും. അതിനിടെ, ലക്ഷക്കണക്കിന് ആളുകൾ മഹാപുരുഷാരത്തോടു ചേരുകയാണ്. ദൈവത്തിന്റെ സ്ഥാപനത്തിലേക്കു വളരെയധികമാളുകൾ കൂട്ടമായി വന്നുചേരുന്നതു കാണുന്നതിൽ ഞാൻ പുളകംകൊള്ളുന്നു.”
നമ്മുടെ രക്ഷയുടെ ദൈവത്തിലേക്കു നോക്കൽ
നമ്മുടെ ആത്മവിശ്വാസം അവസാനത്തോളം ഉറപ്പുള്ളതായി നിലനിർത്തുന്നതിനു വിശ്വാസം പ്രകടമാക്കുകയും യഹോവയിൽനിന്നും അവന്റെ സ്ഥാപനത്തിൽനിന്നും നമുക്കു ലഭിക്കുന്ന മാർഗനിർദേശം അവധാനപൂർവം ശ്രദ്ധിക്കുകയും ചെയ്യേണ്ടത് ആവശ്യമാണ്. അതു തീർച്ചയായും ശ്രമത്തിനുതക്ക മൂല്യമുള്ളതാണ്. ദീർഘവും ദുഷ്കരവുമായ ഒരു യാത്രയ്ക്കുശേഷം വിമാനം താഴ്ത്തി അവസാനം കനത്ത മേഘങ്ങൾ തരണംചെയ്യുമ്പോൾ ഒരു പൈലറ്റിന് ആഴമായ സംതൃപ്തി തോന്നുന്നു. അയാൾക്കുമുമ്പിലതാ ഹരിത ഭൂമി സ്വാഗതമേകുംവിധം വിസ്തൃതമായി കിടക്കുന്നു. താഴെ, അദ്ദേഹത്തെ സ്വീകരിക്കാൻ വിമാനത്താവളത്തിന്റെ റൺവേ.
പുളകപ്രദമായ ഒരനുഭവം നമ്മെയും കാത്തിരിപ്പുണ്ട്. ഈ ശോകമൂകമായ ദുഷ്ടലോകം നീതിയുള്ള ഒരു പുതിയ ഭൂമിക്കു വഴിമാറും. ഒരു ദിവ്യ സ്വാഗതം നമ്മെ കാത്തിരിക്കുന്നു. സങ്കീർത്തനക്കാരന്റെ ഈ വാക്കുകൾക്കു നാം ചെവികൊടുക്കുന്നെങ്കിൽ നമുക്ക് അവിടെ എത്തിച്ചേരാനാവും: “ഓ, പരമാധികാരിയാം കർത്താവായ യഹോവേ, നീ എന്റെ പ്രത്യാശ, യൗവനംമുതൽ എന്റെ ആത്മവിശ്വാസം. . . . എന്റെ സ്തുതി എപ്പോഴും നിന്നെക്കുറിച്ചാകുന്നു.”—സങ്കീർത്തനം 71:5, 6, NW.