യഹോവയുടെ സ്നേഹമുള്ള കൈക്കീഴിൽ സേവിക്കൽ
യഹോവയുടെ സ്നേഹമുള്ള കൈക്കീഴിൽ സേവിക്കൽ
ലാംപ്രോസ് സൂംപോസ് പറഞ്ഞപ്രകാരം
ഞാൻ നിർണായകമായ ഒരു തീരുമാനത്തെ അഭിമുഖീകരിച്ചു: എന്റെ ഇളയച്ഛന്റെ വ്യാപകമായ സ്ഥാവര സ്വത്തുക്കളുടെ നടത്തിപ്പുകാരനായിത്തീരാനുള്ള ക്ഷണം സ്വീകരിക്കുക—അങ്ങനെ എന്റെ കുടുംബത്തിന്റെ സാമ്പത്തിക പരാധീനതകൾ പരിഹരിക്കുക—അല്ലെങ്കിൽ യഹോവയാം ദൈവത്തിന്റെ ഒരു മുഴുസമയ ശുശ്രൂഷകനായിത്തീരുക. ഞാൻ ഒടുവിൽ കൈക്കൊണ്ട തീരുമാനത്തെ സ്വാധീനിച്ച ഘടകങ്ങൾ എന്താണെന്നു വിശദീകരിക്കാം.
ആയിരത്തിത്തൊള്ളായിരത്തിപത്തൊമ്പതിൽ ഗ്രീസിലെ വോലോസ് എന്ന പട്ടണത്തിലാണു ഞാൻ പിറന്നത്. എന്റെ പിതാവ് പുരുഷന്മാർക്കുള്ള വസ്ത്രങ്ങൾ വിറ്റിരുന്നു, ഞങ്ങൾ സാമ്പത്തിക സമൃദ്ധി ആസ്വദിക്കുകയും ചെയ്തിരുന്നു. എന്നാൽ, 1920-കളുടെ ഒടുവിലെ സാമ്പത്തിക മാന്ദ്യത്തിന്റെ ഫലമായി പിതാവു സാമ്പത്തിക നഷ്ടം നേരിടാൻ നിർബന്ധിതനാക്കപ്പെട്ടു, അദ്ദേഹത്തിനു തന്റെ കടയും നഷ്ടമായി. പിതാവിന്റെ ആശയറ്റ മുഖം കാണുമ്പോഴെല്ലാം എനിക്കു ദുഃഖം തോന്നിയിരുന്നു.
കുറേ നാളത്തേക്ക് എന്റെ കുടുംബം കടുത്ത ദാരിദ്ര്യത്തിലാണു കഴിഞ്ഞത്. ഞാൻ ദിവസേന സ്കൂളിൽനിന്ന് ഒരു മണിക്കൂർ നേരത്തേ പോന്നു ഭക്ഷ്യവിഹിതത്തിനുള്ള നിരയിൽ വന്നു നിൽക്കുമായിരുന്നു. ദാരിദ്ര്യം നേരിട്ടെങ്കിലും ശാന്തമായ കുടുംബജീവിതം ഞങ്ങളാസ്വദിച്ചിരുന്നു. ഒരു ഡോക്ടറായിത്തീരുക എന്നത് എന്റെ സ്വപ്നമായിരുന്നു. എന്നാൽ ഞാൻ കൗമാരദശ പകുതി പിന്നിട്ടപ്പോൾ, കഴിഞ്ഞുകൂടാൻ എന്റെ കുടുംബത്തെ സഹായിക്കുന്നതിനു പഠനം നിർത്തിയിട്ട് എനിക്കു ജോലി ചെയ്യേണ്ടതായി വന്നു.
പിന്നീട്, രണ്ടാം ലോകമഹായുദ്ധകാലത്ത്, ജർമൻകാരും ഇറ്റലിക്കാരും ഗ്രീസിൽ അധിനിവേശം നടത്തി, കൂടാതെ കടുത്ത ക്ഷാമവും. പട്ടിണിമൂലം സ്നേഹിതരും പരിചയക്കാരും തെരുവുകളിൽ മരിച്ചുവീഴുന്നതു ഞാൻ മിക്കപ്പോഴും കണ്ടിരുന്നു—ഒരിക്കലും മറക്കുകയില്ലാത്ത ഒരു ഘോരമായ കാഴ്ച! ഒരിക്കൽ ഞങ്ങളുടെ കുടുംബത്തിന് ഗ്രീസിലെ പ്രമുഖ ഭക്ഷ്യയിനമായ റൊട്ടിയില്ലാതെ 40 ദിവസം കഴിയേണ്ടിവന്നു. കഴിഞ്ഞുകൂടുന്നതിന്, മൂത്ത സഹോദരനും ഞാനും അടുത്തുള്ള ഗ്രാമങ്ങളിൽ പോയി സ്നേഹിതരിൽനിന്നും ബന്ധുക്കളിൽനിന്നും ഉരുളക്കിഴങ്ങുകൾ വാങ്ങുമായിരുന്നു.
ഒരു രോഗം അനുഗ്രഹമായി മാറുന്നു
1944-ന്റെ ആദ്യം ഒരുതരം ശ്വാസകോശാവരണരോഗം (pleurisy) ബാധിച്ചതിനാൽ എനിക്കു തീരെ സുഖമില്ലാതായി. ആശുപത്രിയിൽ കഴിഞ്ഞ മൂന്നു മാസത്തിനിടയിൽ ഒരു പിതൃബന്ധു എനിക്കു രണ്ടു ചെറുപുസ്തകങ്ങൾ കൊണ്ടുവന്നു തന്നിട്ടു പറഞ്ഞു: “ഇവ വായിക്കുക; നീ അവ ഇഷ്ടപ്പെടുമെന്ന് എനിക്കുറപ്പുണ്ട്.” ആ ചെറുപുസ്തകങ്ങൾ ദൈവം ആരാണ്?, സംരക്ഷണം (ഇംഗ്ലീഷ്) എന്നിവയായിരുന്നു. അവ പ്രസിദ്ധീകരിച്ചത് വാച്ച് ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റിയും. അവ വായിച്ചശേഷം ഞാൻ അതിലെ വിവരങ്ങൾ സഹരോഗികളുമായി പങ്കുവെച്ചു.
ആശുപത്രി വിട്ടുപോന്നപ്പോൾ, യഹോവയുടെ
സാക്ഷികളുടെ വോലോസ് സഭയുമായി ഞാൻ സഹവസിക്കാൻ തുടങ്ങി. എന്നിരുന്നാലും, ആശുപത്രിയിലായിരുന്നില്ലെങ്കിലും ചികിത്സയിലായിരുന്നതിനാൽ ഒരു മാസത്തേക്ക് എനിക്കു വീട്ടിൽത്തന്നെ കഴിയേണ്ടിവന്നു. വീക്ഷാഗോപുരത്തിന്റെ മുൻലക്കങ്ങളും അതുപോലെതന്നെ വാച്ച് ടവർ സൊസൈറ്റി പ്രസിദ്ധീകരിച്ച മറ്റു പ്രസിദ്ധീകരണങ്ങളും ഞാൻ വായിച്ചു. തത്ഫലമായി, എന്റെ ആത്മീയ വളർച്ച ത്വരിതഗതിയിലായിരുന്നു.കഷ്ടിച്ചുള്ള രക്ഷപ്പെടലുകൾ
1944-ന്റെ മധ്യഘട്ടത്തിലൊരുനാൾ ഞാൻ വോലോസിലെ ഒരു പാർക്ക് ബെഞ്ചിൽ ഇരിക്കുകയായിരുന്നു. പെട്ടെന്ന് ജർമൻ അധിനിവേശ സൈന്യത്തെ പിന്താങ്ങിയ ഒരു അർധസൈനിക സംഘം ആ സ്ഥലം വളഞ്ഞ് അവിടെ ഉണ്ടായിരുന്ന എല്ലാവരെയും അറസ്റ്റ് ചെയ്തു. രണ്ടു ഡസനോളം ഉണ്ടായിരുന്ന ഞങ്ങളെ ഒരു പുകയില സംഭരണ കെട്ടിടത്തിൽ സ്ഥിതി ചെയ്തിരുന്ന ഗെസ്റ്റപ്പോ ആസ്ഥാനത്തേക്കു തെരുവിലൂടെ നടത്തിക്കൊണ്ടുപോയി.
ഏതാനും മിനിറ്റുകൾ കഴിഞ്ഞപ്പോൾ, ആരോ ഒരാൾ എന്റെ പേരും ഞാൻ പാർക്കിൽവെച്ചു സംസാരിച്ചുകൊണ്ടിരുന്നയാളുടെ പേരും വിളിക്കുന്നതു കേട്ടു. പട്ടാളക്കാരുടെ അകമ്പടിയോടെ ഞങ്ങളെ കൊണ്ടുവരുന്നതു കണ്ട എന്റെ ഒരു ബന്ധു ഞങ്ങൾ യഹോവയുടെ സാക്ഷികളാണെന്നു തന്നോടു പറഞ്ഞുവെന്ന് ഒരു ഗ്രീക്കു സൈനികോദ്യോഗസ്ഥൻ ഞങ്ങളെ വിളിപ്പിച്ചു പറഞ്ഞു. എന്നിട്ട്, ഞങ്ങൾക്കു സ്വതന്ത്രരായി വീട്ടിൽ പോകാമെന്ന് ആ ഗ്രീക്ക് ഉദ്യോഗസ്ഥൻ അറിയിച്ചു, ഞങ്ങൾ വീണ്ടും അറസ്റ്റ് ചെയ്യപ്പെടുകയാണെങ്കിൽ ഉപയോഗിക്കുന്നതിനു വേണ്ടി ഒരു ഔദ്യോഗിക കാർഡും അദ്ദേഹം തന്നു.
ഗ്രീക്ക് അട്ടിമറി പോരാളികൾ രണ്ടു ജർമൻകാരെ കൊന്നതിനു പ്രതികാരമായി, അറസ്റ്റ് ചെയ്തവരിൽ മിക്കവരെയും ജർമൻകാർ വധിച്ചതായി പിറ്റേ ദിവസം ഞങ്ങൾ മനസ്സിലാക്കി. മരണത്തിൽനിന്നു രക്ഷപ്പെട്ടതുകൂടാതെ, ക്രിസ്തീയ നിഷ്പക്ഷതയുടെ വിലയും ഞാൻ ആ അവസരത്തിൽ മനസ്സിലാക്കി.
1944-ലെ ശരത്കാലത്ത്, യഹോവയ്ക്കുള്ള സമർപ്പണം ജലസ്നാപനത്തിലൂടെ ഞാൻ പ്രതീകപ്പെടുത്തി. തുടർന്നുവന്ന വേനൽക്കാലത്ത്, പർവത മുകളിലുള്ള സ്ക്ലിത്രോ സഭയുമായി സഹവസിക്കുന്നതിനുള്ള ക്രമീകരണങ്ങൾ സാക്ഷികൾ ചെയ്തുതന്നു, അവിടെവെച്ച് എന്റെ ആരോഗ്യം പൂർണമായി വീണ്ടെടുക്കാൻ എനിക്കു കഴിഞ്ഞു. ജർമൻ അധിനിവേശത്തിന്റെ അവസാനത്തെ തുടർന്നുവന്ന ആഭ്യന്തരകലഹം ഗ്രീസിൽ അപ്പോൾ കൊടുമ്പിരികൊള്ളുകയായിരുന്നു. സന്ദർഭവശാൽ, ഞാൻ താമസിച്ചിരുന്ന ഗ്രാമപ്രദേശം ഗറില്ലാ സേനാനികളുടെ ഒരുതരം താവളമായിരുന്നു. ഗവൺമെൻറ് സേനകൾക്കു വേണ്ടി ഞാൻ ചാരപ്രവർത്തനം നടത്തുന്നുവെന്നു പ്രാദേശിക പുരോഹിതനും മറ്റൊരു ദുഷ്ട മനുഷ്യനും ആരോപണമുന്നയിച്ചു, സ്വനിയുക്ത ഗറില്ലാ സൈനിക കോടതിയെക്കൊണ്ട് എന്നെ ചോദ്യം ചെയ്യിപ്പിക്കുകയും ചെയ്തു.
ആ വ്യാജ കോടതിവിചാരണയുടെ സമയത്ത് ആ പ്രദേശത്തെ ഗറില്ലാ സേനാനികളുടെ നേതാവു സന്നിഹിതനായിരുന്നു. ഞാൻ ആ പ്രദേശത്തു താമസിക്കുന്ന കാരണം വിശദീകരിക്കുകയും ഒരു ക്രിസ്ത്യാനി എന്നനിലയിൽ ആഭ്യന്തര കലഹത്തിൽ ഞാൻ പൂർണമായും നിഷ്പക്ഷനാണെന്നു പ്രകടമാക്കുകയും ചെയ്തുകഴിഞ്ഞപ്പോൾ, ആ നേതാവു മറ്റുള്ളവരോട് ഇങ്ങനെ പറഞ്ഞു: “ഇയാളെ ആരെങ്കിലും തൊട്ടാൽ, തൊടുന്നവൻ എന്നോടു കണക്കു പറയേണ്ടിവരും!”
പിന്നീട് എന്റെ ശാരീരിക ആരോഗ്യത്തെക്കാൾ എന്റെ വിശ്വാസത്തിൽ കൂടുതൽ ബലിഷ്ഠനായി ഞാൻ സ്വന്തപട്ടണമായ വോലോസിലേക്കു മടങ്ങി.
ആത്മീയ അഭിവൃദ്ധി
പെട്ടെന്നുതന്നെ, പ്രാദേശിക സഭയിൽ കണക്കുദാസനായി ഞാൻ നിയമിക്കപ്പെട്ടു. പുരോഹിതന്മാർ ഇളക്കിവിട്ട മതപരിവർത്തന ആരോപണങ്ങൾ മൂലമുണ്ടായ
അനേകം അറസ്റ്റുകൾ ഉൾപ്പെടെ, ആഭ്യന്തരയുദ്ധം വരുത്തിവെച്ച പ്രയാസങ്ങളെല്ലാം ഉണ്ടായിരുന്നിട്ടും ക്രിസ്തീയ ശുശ്രൂഷയിൽ പങ്കുപറ്റുന്നത് എനിക്കും ഞങ്ങളുടെ സഭയിലെ മറ്റുള്ളവർക്കും വലിയ സന്തോഷം കൈവരുത്തി.പിന്നീട്, 1947-ന്റെ ആരംഭത്തിൽ, യഹോവയുടെ സാക്ഷികളുടെ ഒരു സഞ്ചാരമേൽവിചാരകൻ ഞങ്ങളെ സന്ദർശിച്ചു. രണ്ടാം ലോകമഹായുദ്ധാനന്തരമുള്ള അത്തരം സന്ദർശനത്തിൽ ആദ്യത്തേതായിരുന്നു അത്. ആ സമയത്ത്, തഴച്ചുവളർന്നുകൊണ്ടിരുന്ന വോലോസ് സഭ രണ്ടായി, അവയിലൊന്നിലെ അധ്യക്ഷമേൽവിചാരകനായി എനിക്കു നിയമനം ലഭിച്ചു. അർധസൈനിക, ദേശീയവാദി സംഘടനകൾ ജനങ്ങളുടെയിടയിൽ ഭീതി പരത്തിക്കൊണ്ടിരുന്നു. പുരോഹിതന്മാർ ഈ സാഹചര്യത്തെ മുതലെടുത്തു. ഞങ്ങൾ കമ്മ്യുണിസ്റ്റുകാർ അല്ലെങ്കിൽ ഇടതുപക്ഷ അനുഭാവികൾ ആണെന്ന കള്ളക്കഥ പ്രചരിപ്പിച്ച് അവർ അധികാരികളെ യഹോവയുടെ സാക്ഷികൾക്കെതിരെ തിരിച്ചുവിട്ടു.
അറസ്റ്റുകളും തടവുകളും
1947-ൽ ഞാൻ ഏതാണ്ട് പത്തു പ്രാവശ്യം അറസ്റ്റ് ചെയ്യപ്പെട്ടു, എന്റെ പേരിൽ മൂന്നു കോടതിവിചാരണകളും നടന്നു. ഓരോ പ്രാവശ്യവും നിരപരാധി എന്നനിലയിൽ എന്നെ വെറുതെ വിട്ടു. 1948-ന്റെ വസന്തത്തിൽ, മതപരിവർത്തനത്തിന്റെ പേരിൽ എനിക്കു നാലു മാസത്തെ തടവുശിക്ഷ വിധിച്ചു. കാലാവധി തീരുംവരെ ഞാൻ വോലോസ് ജയിലിൽ കിടന്നു. അതിനിടെ ഞങ്ങളുടെ സഭയിലെ രാജ്യപ്രഘോഷകരുടെ എണ്ണം ഇരട്ടിയായി, സഹോദരങ്ങളുടെ ഹൃദയങ്ങളിൽ ആനന്ദവും സ്വസ്ഥതയും കളിയാടി.
1948 ഒക്ടോബറിൽ, ഞാൻ ഞങ്ങളുടെ സഭയിൽ നേതൃത്വം വഹിച്ചിരുന്ന ആറു പേരുമായി ഒരു യോഗം നടത്തിക്കൊണ്ടിരുന്നപ്പോൾ, അഞ്ചു പൊലീസുകാർ ആ വീട്ടിലേക്കു കടന്നുകയറി, തോക്കു ചൂണ്ടി ഞങ്ങളെ അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്തതിനുള്ള കാരണമൊന്നും വിശദീകരിക്കാതെ അവർ ഞങ്ങളെ പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയി, അവിടെവെച്ചു ഞങ്ങളെ മർദിച്ചു. ബോക്സറായിരുന്ന ഒരു പൊലീസുകാരൻ എന്റെ മുഖത്തിടിച്ചു. എന്നിട്ടു ഞങ്ങളെ ഒരു ജയിലറയിലിട്ടു.
പിന്നീട്, ചുമതലയിലിരുന്ന ഉദ്യോഗസ്ഥൻ എന്നെ വിളിച്ചു. ഞാൻ വാതിൽ തുറന്നപ്പോൾ, അയാൾ ഒരു മഷിക്കുപ്പി എന്റെ നേർക്കെറിഞ്ഞു. അതു ലക്ഷ്യം തെറ്റി ഒരു ഭിത്തിയിലിടിച്ചു പൊട്ടി. എന്നെ ഭയപ്പെടുത്താൻ വേണ്ടിയായിരുന്നു അയാൾ അതു ചെയ്തത്. എന്നിട്ട്, അയാൾ എനിക്കൊരു കടലാസും പേനയും തന്നിട്ടു കൽപ്പിച്ചു: “വോലോസിലുള്ള എല്ലാ യഹോവയുടെ സാക്ഷികളുടെയും പേരുകൾ എഴുതിയിട്ട് ആ ലിസ്റ്റ് രാവിലെ എന്റെ അടുത്തു കൊണ്ടുവരണം. ഇല്ലെങ്കിൽ, എന്താണു സംഭവിക്കാൻ പോകുന്നതെന്ന് അറിയാമല്ലോ!”
ഞാൻ ഉത്തരമൊന്നും പറഞ്ഞില്ല, എന്നാൽ ജയിലറയിലേക്കു തിരിച്ചുപോന്നപ്പോൾ ഞാനും മറ്റു സഹോദരന്മാരും യഹോവയോടു പ്രാർഥിച്ചു. ആ കടലാസ്സിൽ എന്റെ പേരു മാത്രമെഴുതി വിളിക്കുന്നതും കാത്തു ഞാനിരുന്നു. എന്നാൽ ആ ഉദ്യോഗസ്ഥനിൽനിന്നു ഞാൻ പിന്നീടൊന്നും കേട്ടില്ല. രാത്രിയിൽ എതിർ സേനകൾ വന്നു, അയാൾ തന്റെ ആളുകളെ അവർക്കെതിരെ നയിച്ചു. തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ, അയാൾക്കു സാരമായ പരിക്കേറ്റു, അയാളുടെ ഒരു കാൽ മുറിച്ചുകളയേണ്ടിവന്നു. ഒടുവിൽ, ഞങ്ങളുടെ കേസിന്റെ വിചാരണയായി, നിയമവിരുദ്ധമായ യോഗം നടത്തുന്നുവെന്നു ഞങ്ങൾക്കെതിരെ ആരോപിക്കപ്പെട്ടു. ഞങ്ങളെ ഏഴു പേരെയും അഞ്ചു വർഷത്തെ തടവിനു വിധിച്ചു.
ജയിലിലെ ഞായറാഴ്ചത്തെ കുർബാനയിൽ സംബന്ധിക്കാൻ ഞാൻ വിസമ്മതിച്ചതുകൊണ്ട്, ഏകാന്ത തടവിന് എന്നെ അയച്ചു. മൂന്നാമത്തെ ദിവസം ജയിൽ ഡയറക്ടറോടു സംസാരിക്കാൻ ഞാൻ അനുമതി ചോദിച്ചു. ഞാൻ അദ്ദേഹത്തോടു പറഞ്ഞു, “വിശ്വാസത്തിനു വേണ്ടി അഞ്ചു വർഷം ജയിലിൽ കിടക്കാൻ മനസ്സുള്ള ഒരാളെ ശിക്ഷിക്കുന്നതു ന്യായരഹിതമായി തോന്നുന്നു എന്നു സകല ആദരവോടും കൂടെ ഞാൻ പറഞ്ഞോട്ടെ.” അദ്ദേഹം അതേക്കുറിച്ചു ഗൗരവമായി ചിന്തിച്ചു, എന്നിട്ട് ഒടുവിൽ പറഞ്ഞു: “നാളെ മുതൽ താൻ എന്റെ ഓഫീസിൽ എന്റെയടുത്തു ജോലി ചെയ്യുന്നതായിരിക്കും.”
പിന്നീട്, ജയിലിൽ ഒരു ഡോക്ടറുടെ സഹായി എന്നനിലയിലുള്ള ജോലി എനിക്കു ലഭിച്ചു. തത്ഫലമായി, ആരോഗ്യപരിപാലനത്തെക്കുറിച്ചു ധാരാളം കാര്യങ്ങൾ ഞാൻ പഠിച്ചു, അത് എന്റെ പിൽക്കാലവർഷങ്ങളിൽ വളരെ ഉപയോഗപ്രദമാണെന്നു തെളിഞ്ഞിരിക്കുന്നു. ജയിലിലായിരിക്കെ, പ്രസംഗിക്കുന്നതിനുള്ള ധാരാളം അവസരങ്ങൾ എനിക്കു ലഭിച്ചു. മൂന്നു പേർ അനുകൂലമായി പ്രതികരിക്കുകയും യഹോവയുടെ സാക്ഷികളായിത്തീരുകയും ചെയ്തു.
ജയിലിൽ നാലു വർഷത്തോളം ചെലവഴിച്ചശേഷം, ഒടുവിൽ 1952-ൽ നിരീക്ഷണാടിസ്ഥാനത്തിൽ ഞാൻ മോചിതനായി. പിന്നീട്, നിഷ്പക്ഷത സംബന്ധിച്ചു കൊരിന്തിലെ കോടതിയിൽ എനിക്കു ഹാജരാകേണ്ടിവന്നു. (യെശയ്യാവു 2:4) അവിടെ ഒരു സൈനിക തടവറയിൽ കുറെ സമയത്തേക്ക് എന്നെ തടഞ്ഞുവെച്ചു, അങ്ങനെ മറ്റൊരാവർത്തി ദ്രോഹം തുടങ്ങി. ചില ഉദ്യോഗസ്ഥന്മാർ പുതിയ പുതിയ ഭീഷണികൾ ഇറക്കാൻ തുടങ്ങി, ഇങ്ങനെയൊക്കെ പറഞ്ഞുകൊണ്ട്: “ഞാൻ ഒരു കഠാരകൊണ്ടു നിന്റെ ഹൃദയം തുണ്ടം തുണ്ടമായി പുറത്തെടുക്കും,” അല്ലെങ്കിൽ, “ആറു തിരകൊണ്ടു പെട്ടെന്നൊന്നും ചാകാമെന്നു വിചാരിക്കണ്ട.”
ഒരു വ്യത്യസ്ത പരിശോധന
എന്നിരുന്നാലും, ഞാൻ താമസിയാതെ വീട്ടിൽ മടങ്ങിയെത്തി. വോലോസ് സഭയോടൊത്തു വീണ്ടും സേവിക്കുകയും അംശകാല ലൗകിക ജോലിയിൽ പ്രവേശിക്കുകയും ചെയ്തു. രണ്ടു വാരത്തേക്കു പരിശീലനം ലഭിക്കുന്നതിനും എന്നിട്ട് ഒരു സർക്കിട്ടു മേൽവിചാരകനായി യഹോവയുടെ സാക്ഷികളുടെ സഭകൾ സന്ദർശിച്ചു തുടങ്ങുന്നതിനും എന്നെ ക്ഷണിച്ചുകൊണ്ട് വാച്ച് ടവർ സൊസൈററിയുടെ ഏഥൻസിലുള്ള ബ്രാഞ്ച് ഓഫീസിൽനിന്ന് എനിക്കൊരു ദിവസം ഒരു കത്തു കിട്ടി. അതേസമയം, മക്കളില്ലാതിരുന്ന ഇളയച്ഛൻ തന്റെ സമൃദ്ധമായ സ്ഥാവര സ്വത്തുക്കൾ നോക്കിനടത്താൻ എന്നോട് ആവശ്യപ്പെട്ടു. എന്റെ കുടുംബം അപ്പോഴും ദാരിദ്ര്യത്തിലാണു കഴിഞ്ഞുപോന്നത്, ആ ജോലി അവരുടെ സാമ്പത്തിക പരാധീനതകൾ പരിഹരിക്കുമായിരുന്നു.
ഇളയച്ഛന്റെ ക്ഷണത്തോടു കൃതജ്ഞത പ്രകാശിപ്പിക്കാൻ ഞാൻ അദ്ദേഹത്തെ ചെന്നുകണ്ടു, എന്നാൽ ക്രിസ്തീയ ശുശ്രൂഷയിൽ പ്രത്യേക നിയമനം സ്വീകരിക്കാൻ ഞാൻ തീരുമാനിച്ചതായി അദ്ദേഹത്തെ അറിയിച്ചു. അപ്പോൾ അദ്ദേഹം എഴുന്നേറ്റിട്ട് എന്നെ ഗൗരവമായി ഒന്നു നോക്കി, എന്നിട്ടു തത്ക്ഷണം മുറി വിട്ടിറങ്ങിപ്പോയി. അദ്ദേഹം മടങ്ങിവന്നത് ഉദാരമായ ഒരു സാമ്പത്തിക ദാനവുമായാണ്, ഏതാനും മാസത്തേക്ക് എന്റെ കുടുംബത്തിനു കഴിഞ്ഞുകൂടാനുണ്ടായിരുന്നു അത്. അദ്ദേഹം പറഞ്ഞു: “ഇതെടുത്തു നിനക്ക് ഇഷ്ടമുള്ളതുപോലെ ചെയ്തോളൂ.” ആ നിമിഷം എനിക്കു തോന്നിയ വികാരങ്ങൾ വർണിക്കാൻ ഇന്നുവരെ എനിക്കാവില്ല. ‘നീ ശരിയായ തിരഞ്ഞെടുപ്പു നടത്തി. ഞാൻ നിന്നോടു കൂടെയുണ്ട്’ എന്നു യഹോവയുടെ ശബ്ദം എന്നോടു പറയുന്നതു പോലെയായിരുന്നു അത്.
എന്റെ കുടുംബത്തിന്റെ ആശീർവാദത്തോടെ, 1953-ൽ ഞാൻ ഏഥൻസിലേക്കു തിരിച്ചു. എന്റെ അമ്മ മാത്രമേ സാക്ഷിയായുള്ളൂവെങ്കിലും, മറ്റു കുടുംബാംഗങ്ങൾ എന്റെ ക്രിസ്തീയ പ്രവർത്തനത്തെ എതിർത്തില്ല. ഏഥൻസിലെ ബ്രാഞ്ച് ഓഫീസിൽ എത്തിയപ്പോൾ, ആശ്ചര്യകരമായ മറ്റൊരു സംഗതി എന്നെ കാത്തിരിപ്പുണ്ടായിരുന്നു. അത് എന്റെ സഹോദരിയിൽ നിന്നുള്ള ഒരു ടെലഗ്രാമായിരുന്നു. ഒരു ക്ഷേമപെൻഷൻ കിട്ടാനുള്ള പിതാവിന്റെ രണ്ടു വർഷത്തെ ശ്രമത്തിനു സാക്ഷാത്കാരമായി എന്നതായിരുന്നു അതിന്റെ സാരം. അതിലുമധികമായി എനിക്ക് എന്തു ചോദിക്കാൻ കഴിയുമായിരുന്നു? യഹോവയുടെ സേവനത്തിൽ പറന്നുയരാൻ എനിക്കു ചിറകുകൾ ലഭിച്ചതുപോലെ തോന്നി!
ജാഗ്രത പുലർത്തൽ
സർക്കിട്ട് വേലയിലെ ആദ്യ വർഷങ്ങളിൽ, ഞാൻ വളരെ സൂക്ഷ്മത പുലർത്തേണ്ടിയിരുന്നു. കാരണം, മത, രാഷ്ട്രീയ അധികാരികൾ യഹോവയുടെ സാക്ഷികളെ ക്രൂരമായി പീഡിപ്പിച്ചിരുന്നു. നമ്മുടെ ക്രിസ്തീയ സഹോദരങ്ങളെ സന്ദർശിക്കുന്നതിന്, പ്രത്യേകിച്ചും കൊച്ചു പട്ടണങ്ങളിലും ഗ്രാമങ്ങളിലും താമസിച്ചിരുന്നവരെ സന്ദർശിക്കുന്നതിന്, ഇരുട്ടിന്റെ മറപിടിച്ചു ഞാൻ അനേകം മണിക്കൂറുകൾ നടന്നു. അറസ്റ്റ് ചെയ്യപ്പെടാനുള്ള സാധ്യതയെപ്പോലും വകവെക്കാതെ, സഹോദരങ്ങൾ ഒന്നിച്ചുകൂടി ഒരു വീട്ടിൽ ക്ഷമയോടെ എന്റെ വരവും കാത്തിരിപ്പുണ്ടായിരുന്നു. ആ സന്ദർശനം ഞങ്ങൾക്കെല്ലാവർക്കും എത്ര നല്ല ഒരു പ്രോത്സാഹന കൈമാറ്റമാണു പ്രദാനം ചെയ്തത്!—റോമർ 1:11, 12.
കണ്ടുപിടിക്കാതിരിക്കാൻ, ഞാൻ ചിലപ്പോൾ വേഷപ്രച്ഛന്നനായി. ഒരിക്കൽ, ആത്മീയ ഇടയവേലയുടെ ആവശ്യം വളരെ ഉണ്ടായിരുന്ന ഒരു കൂട്ടം സഹോദരങ്ങളുടെ അടുക്കലെത്തുന്നതിന് ഒരു മാർഗതടസ്സം കുറുകെ കടക്കാൻ ഞാൻ ഒരു ആട്ടിടയനെപ്പോലെ വസ്ത്രം ധരിച്ചു. മറ്റൊരവസരത്തിൽ, അതായത് 1955-ൽ, പൊലീസുകാരുടെ സംശയമുണർത്താതിരിക്കാൻ ഞാനും ഒരു സഹസാക്ഷിയും വെളുത്തുള്ളി വിൽക്കുന്നവരായി നടിച്ചു. ആർഗോസ് ഓറസ്റ്റിക്കോൺ എന്ന ചെറിയ ഒരു പട്ടണത്തിൽ നിഷ്ക്രിയരായ ചില ക്രിസ്തീയ സഹോദരങ്ങളുമായി ബന്ധം പുലർത്തുക എന്നതായിരുന്നു ഞങ്ങളുടെ നിയമനം.
ഞങ്ങളുടെ വിൽപ്പനസാധനങ്ങൾ ഞങ്ങൾ പൊതുകമ്പോളത്തിൽ നിരത്തിവെച്ചു. എന്നാൽ, അവിടെ റോന്തുചുറ്റിക്കൊണ്ടിരുന്ന ചെറുപ്പക്കാരനായ ഒരു പൊലീസുകാരനു സംശയം തോന്നി. അയാൾ കടന്നുപോയ ഓരോ തവണയും ഉദ്വേഗത്തോടെ ഞങ്ങളെ തുറിച്ചുനോക്കി. ഒടുവിൽ, അയാൾ എന്നോടു പറഞ്ഞു: “നിങ്ങളെ കണ്ടിട്ട് ഒരു വെളുത്തുള്ളി വിൽപ്പനക്കാരനാണെന്നു തോന്നുന്നില്ലല്ലോ.” അപ്പോൾ മൂന്നു യുവസ്ത്രീകൾ അടുത്തു വന്നു കുറച്ചു വെളുത്തുള്ളി വാങ്ങാൻ താത്പര്യം പ്രകടിപ്പിച്ചു. എന്റെ ഉത്പന്നങ്ങൾ ചൂണ്ടിക്കാട്ടി ഞാൻ ഉച്ചത്തിൽ ഇങ്ങനെ പറഞ്ഞു: “ചെറുപ്പക്കാരനായ ഈ പൊലീസുകാരൻ ഇതുപോലത്തെ വെളുത്തുള്ളിയാണു ഭക്ഷിക്കുന്നത്, അദ്ദേഹം എത്ര കരുത്തനും സൗന്ദര്യമുള്ളവനുമാണെന്നു നോക്കൂ!” അപ്പോൾ സ്ത്രീകൾ ആ പൊലിസുകാരനെ നോക്കി ചിരിച്ചു. അയാളും പുഞ്ചിരി തൂകി, എന്നിട്ടു നടന്നകന്നു.
അയാൾ പൊയ്ക്കഴിഞ്ഞപ്പോൾ, ഞങ്ങളുടെ ആത്മീയ സഹോദരന്മാർ തയ്യൽക്കാരായി ജോലി നോക്കിയിരുന്ന കടയിലേക്കു ചെല്ലാൻ ആ അവസരം ഞാൻ പ്രയോജനപ്പെടുത്തി. എന്റെ കുപ്പായത്തിൽനിന്നു ഞാൻ പറിച്ചെടുത്ത ഒരു ബട്ടൺ തുന്നിച്ചേർക്കാൻ അവരിലൊരാളോടു ഞാൻ പറഞ്ഞു. അദ്ദേഹം അതു ചെയ്തുകൊണ്ടിരിക്കെ ഞാൻ കുനിഞ്ഞ് ഇങ്ങനെ മന്ത്രിച്ചു: “ഞാൻ നിങ്ങളെ കാണാൻ ബ്രാഞ്ച് ഓഫീസിൽനിന്നു വന്നിരിക്കുകയാണ്.” ആദ്യം സഹോദരന്മാരൊന്നു പകച്ചുപോയി, കാരണം വർഷങ്ങളായി സഹസാക്ഷികളുമായി അവർക്കു യാതൊരു ബന്ധവുമില്ലായിരുന്നു.
എന്റെ കഴിവിന്റെ പരമാവധി ഞാൻ അവരെ പ്രോത്സാഹിപ്പിച്ചു. മാത്രമല്ല, പിന്നീട് ആ പട്ടണത്തിലെ സെമിത്തേരിയിൽവെച്ച് അവരെ കണ്ടുമുട്ടാനുള്ള ക്രമീകരണങ്ങളും ചെയ്തു. സന്തോഷകരമെന്നു പറയട്ടെ, ആ സന്ദർശനം പ്രോത്സാഹനജനകമായിരുന്നു. അവർ ക്രിസ്തീയ ശുശ്രൂഷയിൽ വീണ്ടും ശുഷ്കാന്തിയുള്ളവരായി.ഒരു വിശ്വസ്ത പങ്കാളിയെ ലഭിക്കുന്നു
സഞ്ചാരശുശ്രൂഷ തുടങ്ങി മൂന്നു മാസം കഴിഞ്ഞപ്പോൾ, അതായത്, 1956-ൽ ഞാൻ നിക്കിയെ കണ്ടുമുട്ടി. പ്രസംഗപ്രവർത്തനത്തോട് അഭിനിവേശമുണ്ടായിരുന്ന, മുഴുസമയ ശുശ്രൂഷയിൽ തന്റെ ജീവിതം ചെലവഴിക്കാൻ ആഗ്രഹിച്ച ഒരു ക്രിസ്തീയ യുവതിയായിരുന്നു അവൾ. ഞങ്ങൾ സ്നേഹത്തിലായി. അങ്ങനെ 1957 ജൂണിൽ വിവാഹിതരായി. യഹോവയുടെ സാക്ഷികളെ സംബന്ധിച്ചിടത്തോളം അന്നു ഗ്രീസിൽ നിലവിലുണ്ടായിരുന്ന എതിർപ്പിന്റെ അവസ്ഥകളിൻ കീഴിൽ സഞ്ചാരവേലയുടെ ആവശ്യങ്ങൾ നിവർത്തിക്കാൻ നിക്കിക്കു കഴിയുമോ എന്ന് എനിക്കു സംശയമുണ്ടായിരുന്നു. യഹോവയുടെ സഹായത്തോടെ അവൾക്കു പൊരുത്തപ്പെടാൻ കഴിഞ്ഞു. അങ്ങനെ അവൾ ഗ്രീസിൽ സർക്കിട്ട് വേലയിൽ ഭർത്താവിനെ അനുഗമിക്കുന്ന പ്രഥമ വനിതയായിത്തീർന്നു.
ഗ്രീസിലെ മിക്ക സഭകളെയും സേവിച്ചുകൊണ്ട്, പത്തു വർഷത്തോളം ഞങ്ങൾ സഞ്ചാരശുശ്രൂഷയിൽ ഒരുമിച്ചു ചെലവഴിച്ചു. പലപ്പോഴും ഞങ്ങൾ വേഷപ്രച്ഛന്നരായി സ്യൂട്ട്കേസുകളും തൂക്കിപ്പിടിച്ച് ഓരോ സഭയിലും എത്തിച്ചേരുന്നതിനു വേണ്ടി ഇരുട്ടിന്റെ മറപറ്റി മണിക്കൂറുകളോളം നടക്കുമായിരുന്നു. ഞങ്ങൾക്കു മിക്കപ്പോഴും വലിയ എതിർപ്പ് അഭിമുഖീകരിക്കേണ്ടിവന്നെങ്കിലും, സാക്ഷികളുടെ എണ്ണത്തിൽ ഗണ്യമായ വളർച്ച നേരിട്ടു കാണുന്നതിൽ ഞങ്ങൾ ഹർഷപുളകിതരായിരുന്നു.
ബെഥേൽ സേവനം
1967 ജനുവരിയിൽ, ബെഥേൽ എന്നു വിളിക്കപ്പെടുന്ന യഹോവയുടെ സാക്ഷികളുടെ ബ്രാഞ്ച് ഓഫീസിലേക്ക് എന്നെയും നിക്കിയെയും ക്ഷണിക്കുകയുണ്ടായി. ആ ക്ഷണം ഞങ്ങളെ രണ്ടുപേരെയും അമ്പരപ്പിച്ചുകളഞ്ഞു. എങ്കിലും, യഹോവയാണു കാര്യങ്ങളെ നയിക്കുന്നത് എന്ന വിശ്വാസത്തോടെ ഞങ്ങളതു സ്വീകരിച്ചു. കാലം കടന്നുപോയതോടെ, ദിവ്യാധിപത്യ പ്രവർത്തനത്തിന്റെ ഈ കേന്ദ്രത്തിൽ പ്രവർത്തിക്കുന്നത് എത്രയോ വലിയ പദവിയാണെന്നു ഞങ്ങൾ വിലമതിക്കാനിടയായി.
ഞങ്ങൾ ബെഥേൽ സേവനം തുടങ്ങി മൂന്നു മാസം കഴിഞ്ഞപ്പോൾ, ഒരു സൈനിക ഉപജാപക സംഘം അധികാരം പിടിച്ചെടുത്തു. യഹോവയുടെ സാക്ഷികൾക്കു രഹസ്യമായി തങ്ങളുടെ വേല തുടരേണ്ടിവന്നു. ഞങ്ങൾ ചെറിയ കൂട്ടങ്ങളായി കൂടിവരാൻ തുടങ്ങി, സമ്മേളനങ്ങൾ വനങ്ങൾക്കുള്ളിൽ നടത്തി, വിവേകപൂർവം പ്രസംഗത്തിൽ ഏർപ്പെട്ടു, ബൈബിൾ സാഹിത്യങ്ങൾ രഹസ്യമായി അച്ചടിക്കുകയും വിതരണം നടത്തുകയും ചെയ്തു. ഈ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുക ബുദ്ധിമുട്ടായിരുന്നില്ല. കാരണം, ഞങ്ങളുടെ പ്രവർത്തനങ്ങൾ നടത്തുന്നതിനു ഗതകാലങ്ങളിൽ ഉപയോഗിച്ചിരുന്ന രീതികൾ കേവലം പരിഷ്കരിക്കുക മാത്രമാണു ഞങ്ങൾ ചെയ്തത്. നിയന്ത്രണങ്ങൾ ഉണ്ടായിരുന്നിട്ടും, സാക്ഷികളുടെ എണ്ണം 1967-ലെ 11,000-ത്തിൽനിന്നും 1974 ആയപ്പോഴേക്കും 17,000-ത്തിലധികമായി വർധിച്ചു.
ബെഥേൽ സേവനത്തിൽ ഏതാണ്ട് 30 വർഷം പിന്നിട്ട ഞാനും നിക്കിയും ആരോഗ്യ-പ്രായ പരിമിതികളുണ്ടെങ്കിൽപോലും, ഞങ്ങളുടെ ആത്മീയ അനുഗ്രഹങ്ങൾ തുടർന്നും ആസ്വദിക്കുന്നു. പത്തു വർഷത്തോളമായി, ഏഥൻസിലെ കാർട്ടാലി തെരുവിൽ സ്ഥിതിചെയ്തിരുന്ന ബ്രാഞ്ച് കെട്ടിടങ്ങളിൽ ഞങ്ങൾ താമസിച്ചു. 1979-ൽ ഏഥൻസിന്റെ പ്രാന്തപ്രദേശമായ മറോസിയിൽ ഒരു പുതിയ ബ്രാഞ്ച് സമർപ്പിക്കപ്പെട്ടു. എന്നാൽ, 1991 മുതൽ, ഏഥൻസിൽനിന്നും 60 കിലോമീറ്റർ വടക്കുമാറി സ്ഥിതിചെയ്യുന്ന എലിയോനായിലെ വിസ്താരമേറിയ പുതിയ ബ്രാഞ്ച് സൗകര്യങ്ങൾ ഞങ്ങൾ ആസ്വദിക്കുന്നു. ഞങ്ങളുടെ ബെഥേലിലെ ആതുര ശുശ്രൂഷാവിഭാഗത്തിലാണ് (infirmary) ഞാൻ സേവനമനുഷ്ഠിക്കുന്നത്. ജയിലിലെ ഡോക്ടറുടെ സഹായിയെന്നനിലയിൽ എനിക്കു ലഭിച്ച പരിശീലനം ഇവിടെ വളരെ ഉപയോഗപ്രദമെന്നു തെളിഞ്ഞിരിക്കുന്നു.
നാലു പതിറ്റാണ്ടിലേറെക്കാലത്തെ മുഴുസമയ ശുശ്രൂഷയിൽ ഞാൻ, യിരെമ്യാവിനെപ്പോലെ, യഹോവയുടെ ഈ വാഗ്ദാനത്തിന്റെ സത്യം മനസ്സിലാക്കാനിടയായിരിക്കുന്നു: “അവർ നിന്നോടു യുദ്ധം ചെയ്യും; നിന്നെ ജയിക്കയില്ലതാനും; നിന്നെ രക്ഷിപ്പാൻ ഞാൻ നിന്നോടുകൂടെ ഉണ്ടു എന്നു യഹോവയുടെ അരുളപ്പാടു.” (യിരെമ്യാവു 1:19) അതേ, യഹോവയിൽനിന്നുള്ള അനുഗ്രഹങ്ങളുടെ നിറഞ്ഞൊഴുകുന്ന പാനപാത്രം ഞാനും നിക്കിയും ആസ്വദിച്ചിരിക്കുന്നു. അവന്റെ സമൃദ്ധമായ സ്നേഹപരിപാലനത്തിലും അനർഹദയയിലും ഞങ്ങൾ നിരന്തരം ആനന്ദിക്കുന്നു.
യഹോവയുടെ സ്ഥാപനത്തിലുള്ള യുവജനങ്ങൾക്കുള്ള എന്റെ പ്രോത്സാഹനം, മുഴുസമയ ശുശ്രൂഷ പിന്തുടരാനാണ്. ആ വിധത്തിൽ, ‘ആകാശത്തിന്റെ കിളിവാതിലുകളെ തുറന്ന്, സ്ഥലം പോരാതെവരുവോളം അനുഗ്രഹം പകരും’ എന്ന വാഗ്ദത്തം യഹോവ പാലിക്കുമോ എന്നു പരിശോധിക്കാനുള്ള അവന്റെ ക്ഷണം സ്വീകരിക്കാൻ അവർക്കു കഴിയും. (മലാഖി 3:10) യുവജനങ്ങളേ, യഹോവയിൽ പൂർണമായി ആശ്രയിക്കുന്ന എല്ലാവരെയും അവൻ തീർച്ചയായും അനുഗ്രഹിക്കുമെന്ന് എന്റെ സ്വന്തം അനുഭവത്തിൽനിന്നു നിങ്ങൾക്ക് ഉറപ്പു തരാൻ എനിക്കു കഴിയും.
[26-ാം പേജിലെ ചിത്രം]
ലാംപ്രോസ് സൂംപോസും ഭാര്യ നിക്കിയും