യഥാർഥ സുരക്ഷിതത്വം—വഴുതിമാറുന്ന ലക്ഷ്യം
യഥാർഥ സുരക്ഷിതത്വം—വഴുതിമാറുന്ന ലക്ഷ്യം
മൃദുല വസ്തുക്കൾ കുത്തിനിറച്ചുണ്ടാക്കിയ കടുവ അർനോൾഡിന്റെ ഇഷ്ടപ്പെട്ട കളിപ്പാട്ടമായിരുന്നു. എവിടെപ്പോയാലും—കളിക്കുമ്പോഴും ഭക്ഷണത്തിനിരിക്കുമ്പോഴും ഉറങ്ങുമ്പോഴും—അവനതു കൂടെ കരുതും. അവനെ സംബന്ധിച്ചിടത്തോളം, ആ കടുവ സാന്ത്വനവും സുരക്ഷിതത്വവുമേകി. ഒരിക്കൽ, ഒരു പ്രശ്നം തലപൊക്കി. കടുവയെ കാണാനില്ല!
അർനോൾഡ് കരച്ചിലോടു കരച്ചിൽ. അവന്റെ അമ്മയും അച്ഛനും മൂന്നു ജ്യേഷ്ഠന്മാരും കടുവയെ കണ്ടെത്താൻ തങ്ങളുടെ വലിയ വീട് അരിച്ചുപെറുക്കി. ഒടുവിൽ, അവരിലൊരാൾ അതിനെ ഒരു മേശവലിപ്പിൽ കണ്ടെത്തി. അർനോൾഡായിരുന്നു അതവിടെ വെച്ചതെന്നു സ്പഷ്ടം. എന്നിട്ട്, അതെവിടെയായിരുന്നുവെന്ന് ഉടനടി മറന്നുപോയി. കടുവയെ തിരിച്ചേൽപ്പിച്ചു, അതോടെ അർനോൾഡ് കരച്ചിൽനിർത്തി. അവനു വീണ്ടും സന്തോഷവും സുരക്ഷിതത്വവും തോന്നി.
അത്രതന്നെ എളുപ്പത്തിൽ—മേശവലിപ്പിൽനിന്ന് ഒരു കളിപ്പാട്ടമായ കടുവയെ കണ്ടെത്തുന്നതുപോലെ—പ്രശ്നങ്ങളെല്ലാം പരിഹരിക്കാൻ കഴിയുമായിരുന്നെങ്കിൽ എത്ര നന്നായിരുന്നേനെ! എന്നാൽ, മിക്കവരെയും സംബന്ധിച്ചിടത്തോളം സുരക്ഷിതത്വവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ അതിനേക്കാൾ ഏറെ ഗൗരവാവഹവും സങ്കീർണവുമാണ്. ‘ഞാൻ കുററകൃത്യത്തിനോ അക്രമത്തിനോ ഇരയാകുമോ? എന്റെ തൊഴിൽ നഷ്ടപ്പെടാനുള്ള സാധ്യതയുണ്ടോ? എന്റെ കുടുംബത്തിന് ആവശ്യത്തിനുള്ള ആഹാരമുണ്ടായിരിക്കുമെന്ന് ഉറപ്പുണ്ടോ? എന്റെ മതമോ വംശീയ പശ്ചാത്തലമോ നിമിത്തം മറ്റുള്ളവർ എന്നെ അവഗണിക്കുമോ?’ എന്നിങ്ങനെ ഏതാണ്ട് എല്ലായിടത്തുംതന്നെ ആളുകൾ സംശയിക്കുന്നു.
സുരക്ഷിതത്വമില്ലാത്തവരുടെ സംഖ്യ ഭീമമാണ്. ഐക്യരാഷ്ട്രങ്ങൾ പറയുന്നപ്രകാരം, ഏതാണ്ട് 300 കോടി ആളുകൾക്കു സാധാരണ രോഗങ്ങൾക്കുള്ള ചികിത്സ മാത്രമല്ല അടിസ്ഥാന മരുന്നുകളും ലഭ്യമല്ല. 100 കോടിയിലധികം ആളുകൾ കൊടും ദാരിദ്ര്യത്താൽ നട്ടംതിരിയുന്നു. ഏതാണ്ട് 100 കോടി ആളുകൾ, തൊഴിൽ ചെയ്യാൻ പ്രാപ്തരാണെങ്കിലും, അവർക്കു വേണ്ടത്ര തൊഴിലില്ല. അഭയാർഥികളുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുന്നു. 1994-ന്റെ അവസാനത്തോടെ ഭൂമിയിൽ ഓരോ 115 പേരിലും ഒരാൾ വീതം തങ്ങളുടെ വീടു വിട്ടു പലായനം ചെയ്യാൻ നിർബന്ധിതരായി. എണ്ണിത്തിട്ടപ്പെടുത്താനാവാത്തത്രയും കുറ്റകൃത്യങ്ങളും അക്രമങ്ങളും ഊട്ടിവളർത്തുന്ന, പ്രതിവർഷം 50,000 കോടി ഡോളറിന്റെ മയക്കുമരുന്നു വ്യാപാരം നിമിത്തം കോടിക്കണക്കിനു ജീവനാണു നശിപ്പിക്കപ്പെടുന്നത്. യുദ്ധം കോടിക്കണക്കിനാളുകളുടെ ജീവിതം താറുമാറാക്കുന്നു. 1993-ൽ മാത്രം, 42 രാജ്യങ്ങൾ വലിയ യുദ്ധങ്ങളിൽ ഏർപ്പെട്ടു, അതേസമയം വേറെ 37 രാജ്യങ്ങളിൽ രാഷ്ട്രീയ അക്രമം നടമാടി.
യുദ്ധം, ദാരിദ്ര്യം, കുറ്റകൃത്യം എന്നിവയും മാനവ സുരക്ഷിതത്വത്തിനെതിരെയുള്ള മറ്റു ഭീഷണികളും പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നു. തന്നെയുമല്ല, അവ എണ്ണത്തിൽ വർധിച്ചുവരുകയുമാണ്. അത്തരം പ്രശ്നങ്ങൾക്കു ഞൊടിയിടയിൽ പരിഹാരം കാണാനാവില്ല. വാസ്തവത്തിൽ, ഒരു കാരണവശാലും മനുഷ്യർ അവ പരിഹരിക്കുകയില്ല.
“നിങ്ങൾ പ്രഭുക്കന്മാരിൽ ആശ്രയിക്കരുതു, സഹായിപ്പാൻ കഴിയാത്ത മനുഷ്യപുത്രനിലും അരുതു” എന്നു ദൈവവചനമായ ബൈബിൾ മുന്നറിയിപ്പു നൽകുന്നു. അപ്പോൾപ്പിന്നെ, നമുക്ക് ആരിൽ ആശ്രയിക്കാം? ആ തിരുവെഴുത്ത് ഇങ്ങനെ തുടരുന്നു: “യാക്കോബിന്റെ ദൈവം സഹായമായി തന്റെ ദൈവമായ യഹോവയിൽ പ്രത്യാശയുള്ളവൻ ഭാഗ്യവാൻ. അവൻ ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സകലവും ഉണ്ടാക്കി.”—സങ്കീർത്തനം 146:3-6.
ഭൂമിയിൽ സുരക്ഷിതത്വം കൊണ്ടുവരാൻ നമുക്കു യഹോവയിൽ ആശ്രയിക്കാൻ കഴിയുന്നത് എന്തുകൊണ്ട്? സുരക്ഷിതത്വവും സന്തോഷവുമുള്ള ജീവിതം ഇപ്പോൾ ആസ്വദിക്കാൻ സാധിക്കുമോ? മാനവ സുരക്ഷിതത്വത്തിനുള്ള പ്രതിബന്ധങ്ങൾ ദൈവം എങ്ങനെ എടുത്തുമാറ്റും?