വായനയ്ക്കായി സ്വയം അർപ്പിക്കുക
വായനയ്ക്കായി സ്വയം അർപ്പിക്കുക
“ഞാൻ വരുവോളം വായന, പ്രബോധനം, ഉപദേശം എന്നിവയിൽ ശ്രദ്ധിച്ചിരിക്ക.”—1 തിമൊഥെയൊസ് 4:13.
1. ബൈബിൾ വായനയിൽനിന്നു നമുക്കു പ്രയോജനം നേടാവുന്നതെങ്ങനെ?
വായിക്കുവാനും എഴുതുവാനും പഠിക്കുന്നതിനുള്ള അത്ഭുതകരമായ പ്രാപ്തി യഹോവയാം ദൈവം മനുഷ്യവർഗത്തിനു നൽകിയിരിക്കുന്നു. നാം നല്ലവണ്ണം പ്രബോധിതരാകേണ്ടതിന് അവൻ തന്റെ വചനമായ ബൈബിളും നൽകിയിരിക്കുന്നു. (യെശയ്യാവു 30:20, 21) ഫലത്തിൽ, അബ്രാഹം, യിസഹാക്ക്, യാക്കോബ് എന്നിവരെപ്പോലെയുള്ള ദൈവഭക്തരായ ഗോത്രപിതാക്കന്മാരുമൊത്തു “നടക്കാ”ൻ അതിന്റെ പേജുകൾ നമ്മെ പ്രാപ്തരാക്കുന്നു. സാറാ, റിബെക്ക, വിശ്വസ്തയായ മോവാബ്യക്കാരി രൂത്ത് എന്നിവരെപ്പോലെയുള്ള ദൈവഭക്തരായ സ്ത്രീകളെ നമുക്കു “കാണാ”നാവും. അതേ, അതുമാത്രമല്ല മലയിൽവെച്ച് യേശു പ്രഭാഷണം നടത്തുന്നതു നമുക്കു “കേൾക്കാ”നാവും. നാം നല്ല വായനക്കാരാണെങ്കിൽ, തിരുവെഴുത്തുകളിൽനിന്നുള്ള ഈ സുഖാനുഭൂതിയും മഹത്തായ പ്രബോധനവുമെല്ലാം നമ്മുടേതാവും.
2. യേശുവിനും അപ്പോസ്തലന്മാർക്കും നല്ലവണ്ണം വായിക്കാനാവുമായിരുന്നുവെന്ന് എന്തു സൂചിപ്പിക്കുന്നു?
2 സംശയലേശമെന്യേ, പൂർണമനുഷ്യനായ യേശുവിന് അതിശ്രേഷ്ഠമായ വായനാപ്രാപ്തി ഉണ്ടായിരുന്നു. തീർച്ചയായും, എബ്രായ തിരുവെഴുത്തുകൾ അവനു വളരെ നന്നായി അറിയാമായിരുന്നു. അതുകൊണ്ട്, പിശാചിനാൽ പ്രലോഭിപ്പിക്കപ്പെട്ടപ്പോൾ, അവ ആവർത്തിച്ചു പരാമർശിച്ചുകൊണ്ട് യേശു പറഞ്ഞു, “എന്നു എഴുതിയിരിക്കുന്നു.” (മത്തായി 4:4, 7, 10) ഒരിക്കൽ നസറെത്തിലെ സിനഗോഗിൽവെച്ച്, അവൻ പരസ്യമായി വായിക്കുകയും യെശയ്യായുടെ പ്രവചനത്തിന്റെ ഒരു ഭാഗം തനിക്കുതന്നെ ബാധകമാക്കുകയും ചെയ്തു. (ലൂക്കൊസ് 4:16-21) യേശുവിന്റെ അപ്പോസ്തലന്മാരോ? അവരുടെ എഴുത്തുകളിൽ, അവർ കൂടെക്കൂടെ എബ്രായ തിരുവെഴുത്തുകളിൽനിന്ന് ഉദ്ധരിച്ചു. ഉന്നതവിദ്യാഭ്യാസത്തിനുള്ള എബ്രായ സ്കൂളുകളിൽ വിദ്യാഭ്യാസം ചെയ്യാഞ്ഞതുകൊണ്ട് യഹൂദ ഭരണാധിപന്മാർ പത്രോസിനെയും യോഹന്നാനെയും പഠിപ്പില്ലാത്തവരും സാമാന്യരുമായി വീക്ഷിച്ചുവെങ്കിലും അവർക്കു നന്നായി വായിക്കാനും എഴുതാനും അറിയാമായിരുന്നുവെന്ന് അവരുടെ ദിവ്യനിശ്വസ്ത ലേഖനങ്ങൾ തെളിയിക്കുന്നു. (പ്രവൃത്തികൾ 4:13) എന്നാൽ വായനാ പ്രാപ്തി വാസ്തവത്തിൽ പ്രാധാന്യമുള്ളതാണോ?
‘ഉറക്കെ വായിക്കുന്നവൻ സന്തുഷ്ടനാകുന്നു’
3. തിരുവെഴുത്തുകളും ക്രിസ്തീയ പ്രസിദ്ധീകരണങ്ങളും വായിക്കുന്നതു വളരെ പ്രാധാന്യമുള്ളതായിരിക്കുന്നത് എന്തുകൊണ്ട്?
3 തിരുവെഴുത്തുകളെക്കുറിച്ചു സൂക്ഷ്മ പരിജ്ഞാനം നേടുന്നതും അതു ബാധകമാക്കുന്നതും നിത്യജീവനിൽ കലാശിക്കാനിടയാകും. (യോഹന്നാൻ 17:3) അതുകൊണ്ട്, വിശുദ്ധ തിരുവെഴുത്തുകളും അഭിഷിക്ത ക്രിസ്ത്യാനികളായ വിശ്വസ്തനും വിവേകിയുമായ അടിമവർഗത്തിലൂടെ ദൈവം പ്രദാനം ചെയ്യുന്ന ക്രിസ്തീയ പ്രസിദ്ധീകരണങ്ങളും വായിച്ചു പഠിക്കുന്നതു ജീവത്പ്രധാനമാണെന്നു യഹോവയുടെ സാക്ഷികൾ തിരിച്ചറിയുന്നു. (മത്തായി 24:45-47) വാസ്തവത്തിൽ, വിശേഷാൽ രൂപകൽപ്പന ചെയ്തിരിക്കുന്ന വാച്ച് ടവർ പ്രസിദ്ധീകരണങ്ങൾ ഉപയോഗിച്ച് ആയിരക്കണക്കിന് ആളുകളെ വായിക്കാനും, അങ്ങനെ ദൈവവചനത്തെക്കുറിച്ചുള്ള ജീവദായക പരിജ്ഞാനം നേടാനും പഠിപ്പിച്ചിട്ടുണ്ട്.
4. (എ) ദൈവവചനം വായിച്ചുപഠിച്ചു ബാധകമാക്കുന്നതിൽനിന്നു സന്തുഷ്ടി കൈവരുന്നത് എന്തുകൊണ്ട്? (ബി) വായനയെക്കുറിച്ച്, പൗലോസ് തിമോത്തിയോട് എന്തു പറഞ്ഞു?
4 ദൈവവചനം വായിച്ചുപഠിച്ചു ബാധകമാക്കുന്നതിൽനിന്നു സന്തുഷ്ടി കൈവരുന്നു. അതുനിമിത്തം നാം ദൈവത്തെ പ്രീതിപ്പെടുത്തുകയും ആദരിക്കുകയും അവന്റെ അനുഗ്രഹങ്ങൾ നേടുകയും സന്തോഷം അനുഭവിക്കുകയും ചെയ്യുന്നതുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്. തന്റെ ദാസർ സന്തുഷ്ടരായിരിക്കണമെന്നു യഹോവ ആഗ്രഹിക്കുന്നു. അതുകൊണ്ട്, പുരാതന ഇസ്രായേലിലെ ആളുകളെ ന്യായപ്രമാണം വായിച്ചുകേൾപ്പിക്കാൻ അവൻ പുരോഹിതന്മാരോടു കൽപ്പിച്ചു. (ആവർത്തനപുസ്തകം 31:9-12) പകർപ്പെഴുത്തുകാരനായ എസ്രായും മറ്റുള്ളവരും യെരുശലേമിൽ കൂടിയിരുന്ന എല്ലാ ആളുകളെയും ന്യായപ്രമാണം വായിച്ചുകേൾപ്പിച്ച് അവർക്ക് അതിന്റെ അർഥം വ്യക്തമാക്കിക്കൊടുത്തപ്പോൾ ഫലം “അത്യന്തം സന്തോഷ”മായിരുന്നു. (നെഹെമ്യാവു 8:6-8, 12) പിൽക്കാലത്ത്, ക്രിസ്തീയ അപ്പോസ്തലനായ പൗലോസ് തന്റെ സഹപ്രവർത്തകനായ തിമോത്തിയോടു പറഞ്ഞു: “ഞാൻ വരുവോളം വായന, പ്രബോധനം, ഉപദേശം എന്നിവയിൽ ശ്രദ്ധിച്ചിരിക്ക.” (1 തിമൊഥെയൊസ് 4:13) മറ്റൊരു പരിഭാഷ ഇങ്ങനെ വായിക്കുന്നു: “തിരുവെഴുത്തുകളുടെ പരസ്യവായനയ്ക്കായി നിന്നെത്തന്നെ അർപ്പിക്കുക.”—ന്യൂ ഇന്റർനാഷണൽ വേർഷൻ.
5. വെളിപാട് 1:3 സന്തുഷ്ടിയെ വായനയുമായി ബന്ധപ്പെടുത്തുന്നതെങ്ങനെ?
5 നമ്മുടെ സന്തുഷ്ടി ആശ്രയിച്ചിരിക്കുന്നതു ദൈവവചനം വായിക്കുന്നതിലും ബാധകമാക്കുന്നതിലുമാണെന്നു വെളിപാട് 1:3-ൽ [NW] വ്യക്തമാക്കിയിരിക്കുന്നു. അവിടെ നമ്മോട് ഇങ്ങനെ പറഞ്ഞിരിക്കുന്നു: “ഈ പ്രവചനത്തിലെ വാക്കുകൾ ഉറക്കെ വായിക്കുന്നവനും അവ കേൾക്കുന്നവരും അതിൽ എഴുതിയിരിക്കുന്ന കാര്യങ്ങൾ അനുഷ്ഠിക്കുന്നവരും സന്തുഷ്ടരാകുന്നു; എന്തെന്നാൽ നിയമിതസമയം അടുത്തിരിക്കുന്നു.” അതേ, വെളിപാടിലും തിരുവെഴുത്തുകളിൽ ഉടനീളവുമുള്ള ദൈവത്തിന്റെ പ്രാവചനിക വാക്കുകൾ നാം ഉറക്കെ വായിക്കുകയും കേൾക്കുകയും ചെയ്യേണ്ടതാവശ്യമാണ്. യഥാർഥത്തിൽ സന്തുഷ്ടനായ വ്യക്തി “യഹോവയുടെ ന്യായപ്രമാണത്തിൽ സന്തോഷിച്ചു അവന്റെ ന്യായപ്രമാണത്തെ രാപ്പകൽ ധ്യാനിക്കുന്നവ”നാണ്. ഫലമോ? “അവൻ ചെയ്യുന്നതൊക്കയും സാധിക്കും [“വിജയിക്കും,” NW].” (സങ്കീർത്തനം 1:1-3) അതുകൊണ്ട്, വ്യക്തിപരമായും കുടുംബമായും സുഹൃത്തുക്കളോടൊപ്പവും ദൈവവചനം വായിച്ചുപഠിക്കാൻ നമ്മെ ഓരോരുത്തരെയും യഹോവയുടെ സ്ഥാപനം ആഹ്വാനം ചെയ്യുന്നതു നല്ല കാരണത്തോടെയാണ്.
സജീവമായി ചിന്തിക്കുകയും ധ്യാനിക്കുകയും ചെയ്യുക
6. എന്തു വായിക്കുന്നതിനാണു യോശുവയ്ക്ക് പ്രബോധനം ലഭിച്ചത്, ഇത് എങ്ങനെ പ്രയോജനപ്രദമായി?
6 ദൈവവചനവും ക്രിസ്തീയ പ്രസിദ്ധീകരണങ്ങളും വായിക്കുന്നതിൽനിന്നു നിങ്ങൾക്കു പരമാവധി പ്രയോജനം നേടാവുന്നതെങ്ങനെ? പുരാതന ഇസ്രായേലിലെ ദൈവഭക്തിയുള്ള ഒരു നേതാവായിരുന്ന യോശുവ ചെയ്തിരുന്നതു ചെയ്യുന്നതു പ്രയോജനപ്രദമാണെന്നു നിങ്ങൾ കണ്ടെത്താൻ സാധ്യതയുണ്ട്. അവനോട് ഇങ്ങനെ കൽപ്പിച്ചിരുന്നു: “ഈ ന്യായപ്രമാണപുസ്തകത്തിലുള്ളതു നിന്റെ വായിൽനിന്നു നീങ്ങിപ്പോകരുതു; അതിൽ എഴുതിയിരിക്കുന്നതുപോലെ ഒക്കെയും പ്രമാണിച്ചുനടക്കേണ്ടതിന്നു നീ രാവും പകലും അതു ധ്യാനിച്ചുകൊണ്ടിരിക്കേണം [“അടക്കിയസ്വരത്തിൽ വായിക്കണം,” NW]; എന്നാൽ നിന്റെ പ്രവൃത്തി സാധിക്കും [“വിജയപ്രദമായിരിക്കും,” NW]; നീ കൃതാർത്ഥനായും ഇരിക്കും.” (യോശുവ 1:8) ‘അടക്കിയ സ്വരത്തിലുള്ള വായന’യെന്നാൽ താഴ്ന്ന സ്വരത്തിൽ ആത്മഗതമെന്നോണം വാക്കുകൾ ഉരുവിടുകയെന്നാണ് അർഥം. ഇതൊരു ഓർമസഹായിയാണ്, കാരണം അതു വിവരങ്ങൾ മനസ്സിൽ പതിപ്പിക്കുന്നു. ദൈവത്തിന്റെ ന്യായപ്രമാണം യോശുവ “രാവും പകലും,” അല്ലെങ്കിൽ ക്രമമായി വായിക്കണമായിരുന്നു. ദൈവദത്ത ഉത്തരവാദിത്വങ്ങൾ നിർവഹിക്കുന്നതിൽ വിജയപ്രദമായിരിക്കാനും ജ്ഞാനപൂർവം പ്രവർത്തിക്കാനുമുള്ള മാർഗമായിരുന്നു അത്. ദൈവവചനത്തിന്റെ അത്തരത്തിലുള്ള ക്രമമായ വായനയ്ക്കു സമാനമായ വിധത്തിൽ നിങ്ങളെ സഹായിക്കാനാവും.
7. വേഗത്തിൽ വായിക്കണമെന്ന ആശയം ദൈവവചനം വായിക്കുമ്പോൾ നമ്മെ ഭരിക്കരുതാത്തത് എന്തുകൊണ്ട്?
7 വേഗത്തിൽ വായിക്കണമെന്ന ആശയം ദൈവവചനം വായിക്കുമ്പോൾ നിങ്ങളെ ഭരിക്കരുത്. ബൈബിളോ ഏതെങ്കിലും ക്രിസ്തീയ പ്രസിദ്ധീകരണമോ വായിക്കുന്നതിനു നിശ്ചിത സമയം ചെലവഴിക്കാൻ നിങ്ങൾ പരിപാടിയിട്ടിട്ടുണ്ടെങ്കിൽ, നിങ്ങൾ അതു സമയമെടുത്തു ചെയ്യാൻ ആഗ്രഹിച്ചേക്കാം. പ്രധാനപ്പെട്ട ആശയങ്ങൾ ഓർത്തിരിക്കണമെന്ന ലക്ഷ്യത്തോടെ പഠിക്കുമ്പോൾ ഇതു വിശേഷാൽ പ്രധാനമാണ്. നിങ്ങൾ വായിക്കുമ്പോൾ സജീവമായി ചിന്തിക്കുക. ബൈബിളെഴുത്തുകാരന്റെ പ്രസ്താവനകൾ അപഗ്രഥിക്കുക. നിങ്ങളോടുതന്നെ ചോദിക്കുക, ‘എന്താണ് അവൻ ഉദ്ദേശിക്കുന്നത്? ഈ വിവരങ്ങൾകൊണ്ടു ഞാൻ എന്തു ചെയ്യണം?’
8. തിരുവെഴുത്തുകൾ വായിക്കുമ്പോൾ ധ്യാനിക്കുന്നത് പ്രയോജനപ്രദമായിരിക്കുന്നത് എന്തുകൊണ്ട്?
8 വിശുദ്ധ തിരുവെഴുത്തുകൾ വായിക്കുമ്പോൾ ധ്യാനിക്കാൻ സമയമെടുക്കുക. ഇതു ബൈബിൾ വിവരണങ്ങൾ ഓർത്തിരിക്കാനും തിരുവെഴുത്തു തത്ത്വങ്ങൾ ബാധകമാക്കാനും നിങ്ങളെ സഹായിക്കും. ദൈവവചനത്തെക്കുറിച്ചു ധ്യാനിക്കുന്നതും അങ്ങനെ ആശയങ്ങൾ മനസ്സിൽ പതിപ്പിക്കുന്നതും, ആത്മാർഥതയോടെ സംഗതികൾ തിരക്കുന്നവരോടു പിന്നീടു ഖേദിച്ചേക്കാവുന്ന എന്തെങ്കിലും പറയാതെ, കൃത്യമായ ഉത്തരങ്ങൾ നൽകിക്കൊണ്ട് ഹൃദയത്തിൽനിന്നു സംസാരിക്കാൻ നിങ്ങളെ പ്രാപ്തരാക്കുകയും ചെയ്യും. “നീതിമാൻ മനസ്സിൽ ആലോചിച്ചു ഉത്തരം പറയുന്നു” എന്ന് ഒരു ദിവ്യനിശ്വസ്ത സദൃശവാക്യം പറയുന്നു.—സദൃശവാക്യങ്ങൾ 15:28.
പുതിയ ആശയങ്ങളെ പഴയവയുമായി ബന്ധപ്പെടുത്തുക
9, 10. പുതിയ തിരുവെഴുത്ത് ആശയങ്ങളെ നിങ്ങൾക്ക് അതിനോടകംതന്നെ അറിയാവുന്നവയുമായി ബന്ധപ്പെടുത്തിക്കൊണ്ട് നിങ്ങളുടെ ബൈബിൾവായനയെ സമ്പുഷ്ടമാക്കാനാവുന്നതെങ്ങനെ?
9 ദൈവത്തെയും അവന്റെ വചനത്തെയും അവന്റെ ഉദ്ദേശ്യങ്ങളെയും കുറിച്ച് ഒരുകാലത്തു തങ്ങൾക്ക് അൽപ്പമാത്ര അറിവേ ഉണ്ടായിരുന്നുള്ളൂവെന്നു മിക്ക ക്രിസ്ത്യാനികളും സമ്മതിച്ചേ തീരൂ. എന്നാൽ, ഇന്ന് ഈ ക്രിസ്തീയ ശുശ്രൂഷകർക്കു സൃഷ്ടിയും പാപത്തിലേക്കുള്ള മനുഷ്യന്റെ പതനവുംമുതൽ ക്രിസ്തുവിന്റെ ബലിയുടെ ഉദ്ദേശ്യംവരെ വിശദീകരിക്കാനാവും, ഈ ദുഷ്ടവ്യവസ്ഥിതിയുടെ നാശത്തെക്കുറിച്ചു പറയാനാവും, അനുസരണമുള്ള മനുഷ്യവർഗം ഒരു ഭൗമിക പറുദീസയിൽ എങ്ങനെ അനുഗ്രഹിക്കപ്പെടുമെന്നു പ്രകടമാക്കാനാവും. ഇതു സാധ്യമാവുന്നതിന്റെ പ്രധാന കാരണം ബൈബിളും ക്രിസ്തീയ പ്രസിദ്ധീകരണങ്ങളും പഠിച്ചുകൊണ്ട് യഹോവയുടെ ഈ ദാസർ “ദൈവപരിജ്ഞാനം” നേടിയിരിക്കുന്നുവെന്നതാണ്. (സദൃശവാക്യങ്ങൾ 2:1-5) അവർ പുതിയ ആശയങ്ങളെ നേരത്തെ മനസ്സിലാക്കിയിരിക്കുന്നവയുമായി ക്രമാനുഗതമായി ബന്ധപ്പെടുത്തിയിരിക്കുന്നു.
10 പുതിയ തിരുവെഴുത്ത് ആശയങ്ങളെ നിങ്ങൾക്ക് അതിനോടകംതന്നെ അറിയാവുന്നവയുമായി ബന്ധപ്പെടുത്തുന്നതു പ്രയോജനപ്രദവും പ്രതിഫലദായകവുമാണ്. (യെശയ്യാവു 48:17) ബൈബിൾ നിയമങ്ങളോ തത്ത്വങ്ങളോ ഏതാണ്ട് അമൂർത്തമായ ആശയങ്ങളോപോലും ലഭിക്കുമ്പോൾ ഇവയെ നിങ്ങൾക്ക് അതിനോടകംതന്നെ അറിയാവുന്നവയുമായി ബന്ധപ്പെടുത്തുക. “ആരോഗ്യാവഹമായ വാക്കുകളുടെ മാതൃക”യെക്കുറിച്ചു നിങ്ങൾ മനസ്സിലാക്കിയിട്ടുള്ളതിലേക്കു പ്രസ്തുത വിവരങ്ങൾ ചേർക്കുക. (2 തിമോത്തി 1:13, NW) ദൈവവുമായുള്ള നിങ്ങളുടെ ബന്ധത്തെ ബലിഷ്ഠമാക്കുന്ന, നിങ്ങളുടെ ക്രിസ്തീയ വ്യക്തിത്വത്തിനു പുരോഗതിവരുത്തുന്ന, അല്ലെങ്കിൽ ബൈബിൾ സത്യങ്ങൾ മറ്റുള്ളവരുമായി പങ്കുവെക്കാൻ നിങ്ങളെ സഹായിക്കുന്ന വിവരങ്ങൾ അന്വേഷിക്കുക.
11. നടത്തയെക്കുറിച്ച് ബൈബിൾ പറയുന്ന എന്തെങ്കിലും വായിക്കുമ്പോൾ നിങ്ങൾ എന്തു ചെയ്തേക്കാം? ദൃഷ്ടാന്തീകരിക്കുക.
11 നടത്തയെക്കുറിച്ചു ബൈബിൾ പറയുന്ന എന്തെങ്കിലും വായിക്കുമ്പോൾ, ഉൾപ്പെട്ടിരിക്കുന്ന തത്ത്വം വിവേചിച്ചറിയാൻ ശ്രമിക്കുക. അതേക്കുറിച്ചു ധ്യാനിക്കുക. സമാനമായ സാഹചര്യങ്ങളിൽ നിങ്ങൾ എന്തു ചെയ്യുമെന്നു ചിന്തിക്കുക. “ഞാൻ ഈ മഹാദോഷം പ്രവർത്തിച്ചു ദൈവത്തോടു പാപം ചെയ്യുന്നതു എങ്ങനെ” എന്നു ചോദിച്ചുകൊണ്ട് യാക്കോബിന്റെ പുത്രനായ യോസേഫ് പൊത്തീഫറിന്റെ ഭാര്യയുമായി ലൈംഗിക അധാർമികതയിൽ ഏർപ്പെടാൻ സ്ഥിരമായി വിസമ്മതിച്ചു. (ഉല്പത്തി 39:7-9) പ്രചോദനാത്മകമായ ഈ വിവരണത്തിൽ, നിങ്ങൾ അടിസ്ഥാനപരമായ ഒരു തത്ത്വം കാണുന്നു—ലൈംഗിക അധാർമികത ദൈവത്തിനെതിരായ ഒരു പാപം ആകുന്നു. നിങ്ങൾക്ക് ഈ തത്ത്വത്തെ ദൈവവചനത്തിൽ കാണുന്ന മറ്റു പ്രസ്താവനകളുമായി മാനസികമായി ബന്ധപ്പെടുത്താനാവും. കൂടാതെ അത്തരം തെറ്റിൽ അകപ്പെടാൻ പ്രലോഭിപ്പിക്കപ്പെട്ടാൽ ഇത് ഓർത്ത് നിങ്ങൾക്കു പ്രയോജനം നേടാനും കഴിയും.—1 കൊരിന്ത്യർ 6:9-11.
തിരുവെഴുത്തു സംഭവങ്ങൾ ഭാവനയിൽ കാണുക
12. ബൈബിൾവിവരണങ്ങൾ വായിക്കുമ്പോൾ അവ ഭാവനയിൽ കാണേണ്ടത് എന്തുകൊണ്ട്?
12 നിങ്ങൾ വായിക്കുമ്പോൾ ആശയങ്ങൾ നിങ്ങളുടെ മനസ്സിൽ പതിയുന്നതിന്, സംഭവിക്കുന്ന സംഗതികൾ ഭാവനയിൽ കാണുക. പ്രദേശം, ഭവനങ്ങൾ എന്നിവയും ജനങ്ങളെയുമെല്ലാം മനസ്സിൽ കാണുക. അവരുടെ ശബ്ദങ്ങൾ ശ്രവിക്കുക. അപ്പംചുടുന്നതിന്റെ വാസന ആസ്വദിക്കുക. രംഗങ്ങൾ വീണ്ടും ഭാവനയിൽ കാണുക. അപ്പോൾ നിങ്ങളുടെ വായന പ്രചോദനാത്മകമായ ഒരു അനുഭവമായിത്തീരും, കാരണം നിങ്ങൾ ഒരു പുരാതന നഗരത്തെ കാണുകയും ഉയരമുള്ള പർവതം കയറുകയും സൃഷ്ടിയുടെ അത്ഭുതങ്ങളിൽ വിസ്മയംകൊള്ളുകയും, അല്ലെങ്കിൽ വലിയ വിശ്വാസം പ്രകടമാക്കിയിട്ടുള്ള സ്ത്രീപുരുഷന്മാരുമൊത്തു സഹവസിക്കുകയും ചെയ്തേക്കാം.
13. ന്യായാധിപന്മാർ 7:19-22-ൽ രേഖപ്പെടുത്തിയിരിക്കുന്നത് നിങ്ങളെങ്ങനെ വർണിക്കും?
13 നിങ്ങൾ ന്യായാധിപന്മാർ 7:19-22 വായിക്കുകയാണെന്നു വിചാരിക്കുക. സംഭവിക്കുന്ന സംഗതികൾ ഭാവനയിൽ കാണുക. ഗിദെയോനും പരാക്രമശാലികളായ മുന്നൂറ് ഇസ്രായേൽ പുരുഷന്മാരും മിദ്യാന്യ പാളയത്തിന്റെ അറ്റത്തായി നിലയുറപ്പിച്ചിരിക്കുന്നു. വൈകിട്ട് 10 മണിയോട് അടുക്കുന്നു, ‘മദ്ധ്യയാമം’ ആരംഭിക്കുകയാണ്. മിദ്യാന്യ കാവൽസൈന്യങ്ങളെ അപ്പോൾ നിർത്തിയതേയുള്ളൂ. ഇസ്രായേലിന്റെ ശത്രുക്കൾ ഉറങ്ങുന്ന പാളയത്തെ ഇരുട്ടു മൂടുകയാണ്. അതാ, ഗിദെയോനും അവന്റെ ആളുകളും കാഹളമേന്തി സജ്ജരായിരിക്കുന്നു. തങ്ങളുടെ ഇടതു കൈകളിൽ പിടിച്ചിരുന്ന പന്തങ്ങളെ മൂടിയ വലിയ കുടങ്ങൾ അവരുടെ പക്കലുണ്ടായിരുന്നു. പെട്ടെന്ന്, നൂറു പേർവീതമുള്ള മൂന്നു കൂട്ടങ്ങൾ കാഹളമൂതുന്നു, കുടങ്ങൾ ഉടെക്കുന്നു, പന്തങ്ങളുയർത്തുന്നു, പിന്നെ ‘യഹോവെക്കും ഗിദെയോന്നും വേണ്ടി വാൾ!’ എന്ന് ആർക്കുകയാണ്. നിങ്ങൾ പാളയത്തിലേക്കു നോക്കുന്നു. എന്തിന്, മിദ്യാന്യർ അലറിക്കൊണ്ട് പരാക്രമത്തോടെ ഓട്ടം തുടങ്ങുകയായി! മുന്നൂറു പേരും കാഹളം ഊതൽ തുടരവേ, ദൈവം മിദ്യാന്യരുടെ വാളുകൾ അവർക്കോരോരുത്തർ ക്കും നേരെ തിരിപ്പിക്കുന്നു. മിദ്യാന്യർ ഓട്ടത്തോട് ഓട്ടം. യഹോവ ഇസ്രായേല്യർക്കു വിജയം നൽകി.
അമൂല്യ പാഠങ്ങൾ പഠിക്കൽ
14. താഴ്മയുള്ളവനായിരിക്കേണ്ട ആവശ്യം ഒരു കുട്ടിയെ പഠിപ്പിക്കുന്നതിന് ന്യായാധിപന്മാർ 9-ാം അധ്യായം എങ്ങനെ ഉപയോഗിക്കാം?
14 ദൈവവചനം വായിക്കുന്നതിലൂടെ നമുക്ക് അനേകം പാഠങ്ങൾ പഠിക്കാനാവും. ഉദാഹരണത്തിന്, താഴ്മയുള്ളവരായിരിക്കേണ്ടതിന്റെ ആവശ്യം നിങ്ങളുടെ കുട്ടികളുടെ മനസ്സിൽ പതിപ്പിക്കാൻ നിങ്ങൾ ഒരുപക്ഷേ ആഗ്രഹിച്ചേക്കാം. ഗിദെയോന്റെ പുത്രനായ യോഥാമിനെക്കുറിച്ചുള്ള ഒരു പ്രവചനത്തിൽ പറഞ്ഞിരിക്കുന്ന ആശയം ഭാവനയിൽ കാണുന്നതും അതിന്റെ അർഥം ഗ്രഹിക്കുന്നതും എളുപ്പമായിരിക്കണം. ന്യായാധിപന്മാർ 9:8 വായിച്ചു തുടങ്ങുവിൻ. യോഥാം പറഞ്ഞു: “പണ്ടൊരിക്കൽ വൃക്ഷങ്ങൾ തങ്ങൾക്കു ഒരു രാജാവിനെ അഭിഷേകം ചെയ്വാൻ പോയി.” ഒലിവുവൃക്ഷവും അത്തിവൃക്ഷവും മുന്തിരിവള്ളിയും ഭരിക്കാൻ വിസമ്മതിച്ചു. എന്നാൽ താണ മുൾപ്പടർപ്പിനു രാജാവാകാൻ സന്തോഷമായിരുന്നു. നിങ്ങളുടെ കുട്ടികളെ പ്രസ്തുത വിവരണം ഉറക്കെ വായിച്ചുകേൾപ്പിച്ചശേഷം, മൂല്യവത്തായ സസ്യങ്ങൾ പ്രതിനിധാനം ചെയ്തത് സഹ ഇസ്രായേല്യരുടെമേൽ രാജാവായിരിക്കുന്നതിനുള്ള സ്ഥാനം തേടാതിരുന്ന യോഗ്യതയുള്ള വ്യക്തികളെയായിരുന്നുവെന്നു നിങ്ങൾക്കു വിശദീകരിക്കാവുന്നതാണ്. കത്തിക്കാൻ മാത്രം കൊള്ളാവുന്ന മുൾപ്പടർപ്പ് പ്രതിനിധാനം ചെയ്തതാകട്ടെ, മറ്റുള്ളവരുടെമേൽ മേധാവിത്വം പുലർത്താൻ ആഗ്രഹിച്ചെങ്കിലും യോഥാമിന്റെ പ്രവചനനിവൃത്തിയിൽ അന്ത്യം നേരിട്ട അഹങ്കാരിയായ അബിമേലെക്കിന്റെ രാജവാഴ്ചയെയും. (ന്യായാധിപന്മാർ, അധ്യായം 9) ഏതു കുട്ടിയാണു വളർന്നു മുൾപ്പടർപ്പിനെപ്പോലെയാകാൻ ആഗ്രഹിക്കുക?
15. രൂത്ത് എന്ന പുസ്തകത്തിൽ വിശ്വസ്തതയുടെ പ്രാധാന്യം എടുത്തുകാട്ടിയിരിക്കുന്നതെങ്ങനെ?
15 രൂത്ത് എന്ന ബൈബിൾ പുസ്തകത്തിൽ വിശ്വസ്തതയുടെ പ്രാധാന്യം വ്യക്തമാക്കിയിരിക്കുന്നു. ആ വിവരണം നിങ്ങളുടെ കുടുംബാംഗങ്ങൾ ഓരോരുത്തരായി മാറിമാറി ഉറക്കെ വായിച്ച് മനസ്സിലാക്കാൻ ശ്രമിക്കുകയാണെന്നു ധരിക്കുക. വിധവയായ അമ്മാവിയമ്മ നവോമിയോടൊപ്പം ബേത്ലഹേമിലേക്കു യാത്രചെയ്യുന്ന മോവാബ്യക്കാരി രൂത്തിനെ നിങ്ങൾ കാണുന്നു. “നിന്റെ ജനം എന്റെ ജനം, നിന്റെ ദൈവം എന്റെ ദൈവം” എന്നു രൂത്ത് പറയുന്നതു നിങ്ങൾ കേൾക്കുന്നു. (രൂത്ത് 1:16) ബോവസിന്റെ വയലിൽ കൊയ്ത്തുകാർക്കു പിന്നിൽ കതിരു പെറുക്കുന്ന അദ്ധ്വാനശീലയായ രൂത്തിനെ കാണുന്നു. “നീ ഉത്തമ സ്ത്രീ എന്നു എന്റെ ജനമായ പട്ടണക്കാർക്കു എല്ലാവർക്കും അറിയാം” എന്നു പറഞ്ഞുകൊണ്ട് അവൻ അവളെ അഭിനന്ദിക്കുന്നതു നിങ്ങൾ കേൾക്കുന്നു. (രൂത്ത് 3:11) താമസിയാതെ, ബോവസ് രൂത്തിനെ വിവാഹം കഴിക്കുന്നു. ദേവരവിവാഹ ക്രമീ കരണത്തോടുള്ള ചേർച്ചയിൽ, ബോവസിനാൽ അവൾ ‘നവോമിക്ക്’ ഒരു ആൺകുട്ടിയെ പ്രസവിക്കുന്നു. രൂത്ത് ദാവീദിന്റെയും അവസാനം യേശുക്രിസ്തുവിന്റെയും പൂർവികയായിത്തീരുന്നു. അങ്ങനെ അവൾക്കു “പൂർണ്ണപ്രതിഫലം” കിട്ടി. കൂടാതെ, തിരുവെഴുത്തു വിവരണം വായിക്കുന്നവർ മൂല്യവത്തായ ഒരു പാഠം മനസ്സിലാക്കുന്നു: യഹോവയോടു വിശ്വസ്തതയുള്ളവരായിരിക്കുവിൻ, നിങ്ങൾ സമൃദ്ധമായി അനുഗ്രഹിക്കപ്പെടും.—രൂത്ത് 2:12; 4:17-22; സദൃശവാക്യങ്ങൾ 10:22; മത്തായി 1:1, 5, 6.
16. മൂന്ന് എബ്രായർ ഏതു പരിശോധനയ്ക്കു വിധേയരായി, ഈ വിവരണത്തിനു നമ്മെ സഹായിക്കാനാവുന്നതെങ്ങനെ?
16 ശദ്രക്ക്, മേശക്ക്, അബേദ്നെഗോ എന്നീ പേരുകളുള്ള എബ്രായരെ സംബന്ധിച്ചുള്ള വിവരണം പരിശോധനാത്മകമായ സ്ഥിതിവിശേഷങ്ങളിൽ ദൈവത്തോടു വിശ്വസ്തരായിരിക്കാൻ നമ്മെ സഹായിക്കും. ദാനിയേൽ 3-ാം അധ്യായം ഉറക്കെ വായിക്കുമ്പോൾ പ്രസ്തുത സംഭവം ഭാവനയിൽ കാണുക. ദൂരാ സമഭൂമിയിലെ ഒരു കൂറ്റൻ സ്വർണഗോപുര വിഗ്രഹം. അവിടെ ബാബിലോന്യ ഉദ്യോഗസ്ഥർ സമ്മേളിച്ചിരിക്കുന്നു. വാദ്യനാദം കേൾക്കുമ്പോൾ, നെബുഖദ്നേസർ രാജാവ് സ്ഥാപിച്ച വിഗ്രഹത്തിനുമുമ്പിൽ വീണ് അവർ അതിനെ ആരാധിക്കുന്നു. ശദ്രക്ക്, മേശക്ക്, അബേദ്നെഗോ എന്നിവരൊഴിച്ച് സകലരും അങ്ങനെ ചെയ്യുന്നു. അവർ രാജാവിനോടു തങ്ങൾ അവന്റെ ദൈവങ്ങളെ സേവിക്കുകയോ സ്വർണവിഗ്രഹത്തെ ആരാധിക്കുകയോ ചെയ്യില്ലെന്നു ദൃഢതയോടെയെങ്കിലും ആദരപൂർവം പറയുന്നു. ചൂടു പരമാവധി വർധിപ്പിച്ച ഒരു തീച്ചൂളയിലേക്ക് അവരെ എറിയുന്നു. എന്നാൽ എന്തു സംഭവിക്കുന്നു? അകത്തേക്കു നോക്കിയ രാജാവ് നാലു ദൃഢഗാത്രരായ മനുഷ്യരെ കാണുന്നു. അവരിലൊരാളാകട്ടെ, “ദൈവപുത്രനോടു ഒത്തിരിക്കുന്നു.” (ദാനീയേൽ 3:25) ആ മൂന്ന് എബ്രായരെയും തീച്ചൂളയിൽനിന്നു വെളിയിലേക്കു കൊണ്ടുവരുന്നു. എന്നിട്ട് നെബുഖദ്നേസർ അവരുടെ ദൈവത്തെ അനുഗ്രഹിക്കുന്നു. ഈ വിവരണം ഭാവനയിൽ കാണുന്നതു പ്രതിഫലദായകമായിരുന്നിട്ടുണ്ട്. പരിശോധനയിൻകീഴിൽ യഹോവയോടുള്ള വിശ്വസ്തത സംബന്ധിച്ച് എന്തൊരു പാഠമാണ് ഇതു പ്രദാനം ചെയ്യുന്നത്!
ഒരു കുടുംബമെന്ന നിലയിൽ ബൈബിൾ വായിക്കുന്നതിൽനിന്നുള്ള പ്രയോജനം
17. ഒരുമിച്ചു ബൈബിൾ വായിക്കുന്നതിലൂടെ നിങ്ങളുടെ കുടുംബത്തിനു പഠിക്കാനാവുന്ന പ്രയോജനപ്രദമായ സംഗതികളിൽ ചിലതു ഹ്രസ്വമായി പരാമർശിക്കുക.
17 ഒരുമിച്ചു ബൈബിൾ വായിക്കാൻ സമയം ചെലവഴിക്കുന്നെങ്കിൽ നിങ്ങളുടെ കുടുംബത്തിന് അനേകം പ്രയോജനങ്ങൾ ആസ്വദിക്കാനാവും. നിങ്ങൾക്ക് ഉത്പത്തി മുതൽ ഭാവനയിൽ കാണാനും മനുഷ്യന്റെ ആദി പറുദീസാ ഭവനത്തിലേക്ക് എത്തിനോക്കാനും കഴിയും. വിശ്വസ്തരായ ഗോത്രപിതാക്കന്മാരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും അനുഭവങ്ങൾ പങ്കുവെക്കാനും കാലുകൾ നനയാതെ ചെങ്കടൽ കടന്നുപോകുന്ന ഇസ്രായേല്യരെ പിന്തുടരാനും നിങ്ങൾക്കാവും. ഇടയ ബാലനായ ദാവീദ് ഫെലിസ്ത്യ രാക്ഷസനായ ഗോല്യാത്തിനെ കീഴ്പ്പെടുത്തുന്നതു നിങ്ങൾക്കു കാണാം. യെരുശലേമിൽ യഹോവയ്ക്ക് ആലയം നിർമിക്കുന്നതു നിരീക്ഷിക്കാനും ബാബിലോന്യ സൈന്യം അതിനെ ശൂന്യമാക്കുന്നതു കാണാനും ഗവർണറായ സെരുബാബേലിനു കീഴിൽ അതു പുനർനിർമിക്കുന്നതു വീക്ഷിക്കാനും നിങ്ങളുടെ കുടുംബത്തിനു കഴിയും. യേശുവിന്റെ ജനനത്തെക്കുറിച്ച് ദൂതന്മാർ നടത്തുന്ന പ്രഖ്യാപനം, ബേത്ലഹേമിനടുത്തുവെച്ച്, എളിയവരായ ഇടയന്മാർക്കൊപ്പം നിങ്ങൾക്കു കേൾക്കാം. നിങ്ങൾക്ക് അവന്റെ സ്നാപനത്തെയും ശുശ്രൂഷയെയും കുറിച്ചുള്ള വിശദാംശങ്ങൾ ലഭിക്കും. കൂടാതെ ഒരു മറുവിലയെന്ന നിലയിൽ അവൻ തന്റെ ജീവൻ അർപ്പിക്കുന്നതു കാണാനും അവന്റെ പുനരുത്ഥാനത്തിന്റെ സന്തോഷം പങ്കുവെക്കാനും കഴിയും. അടുത്തതായി, നിങ്ങൾക്കു പൗലോസ് അപ്പോസ്തലനോടൊപ്പം യാത്രചെയ്യുകയും ക്രിസ്ത്യാനിത്വം പ്രചരിക്കുന്നതോടൊപ്പം സഭകൾ സ്ഥാപിക്കപ്പെടുന്നതു നിരീക്ഷിക്കുകയും ചെയ്യാം. ഇനി, വെളിപാട് പുസ്തകത്തിൽ യേശുവിന്റെ ആയിരം വർഷ വാഴ്ചയുൾപ്പെടെ ഭാവിയെക്കുറിച്ചു യോഹന്നാൻ അപ്പോസ്തലനു ലഭിച്ച മഹത്തായ ദർശനം നിങ്ങളുടെ കുടുംബത്തിന് ആസ്വദിക്കാനാവും.
18, 19. കുടുംബ ബൈബിൾവായനയെക്കുറിച്ച് എന്തു നിർദേശങ്ങൾ നൽകപ്പെട്ടിരിക്കുന്നു?
18 നിങ്ങൾ ഒരു കുടുംബമെന്ന നിലയിൽ ബൈബിൾ ഉറക്കെ വായിക്കുന്നുണ്ടെങ്കിൽ, വ്യക്തമായി ഉത്സാഹപൂർവം വായിക്കുക. തിരുവെഴുത്തുകളുടെ ചില ഭാഗങ്ങൾ വായിക്കുമ്പോൾ, ഒരു കുടുംബാംഗത്തിന്—സാധ്യമെങ്കിൽ പിതാവിന്—വിവരണാത്മക വാക്കുകൾ വായിക്കാവുന്നതാണ്. മറ്റ് അംഗങ്ങൾക്കു ബൈബിൾ കഥാപാത്രങ്ങളുടെ റോളുകൾ എടുത്ത് അവരവരുടെ ഭാഗം അനുയോജ്യമായ വികാരത്തോടെ വായിക്കാവുന്നതാണ്.
19 ഒരു കുടുംബമെന്ന നിലയിൽ നിങ്ങൾ ബൈബിൾ വായനയിൽ പങ്കുപറ്റുമ്പോൾ നിങ്ങളുടെ വായനാപ്രാപ്തി മെച്ചപ്പെടും. സാധ്യതയനുസരിച്ച്, ദൈവത്തെക്കുറിച്ചുള്ള നിങ്ങളുടെ പരിജ്ഞാനം വർധിക്കും, അങ്ങനെ അതു നിങ്ങളെ അവനോടു കൂടുതൽ അടുപ്പിക്കും. ആസാഫ് ഇങ്ങനെ പാടി: “ദൈവത്തോടു അടുത്തിരിക്കുന്നതു എനിക്കു നല്ലതു; നിന്റെ സകലപ്രവൃത്തികളെയും വർണ്ണിക്കേണ്ടതിന്നു ഞാൻ യഹോവയായ കർത്താവിനെ എന്റെ സങ്കേതമാക്കിയിരിക്കുന്നു.” (സങ്കീർത്തനം 73:28) “അദൃശ്യദൈവത്തെ,” അതായത് യഹോവയാം ദൈവത്തെ “കണ്ടതുപോലെ ഉറെച്ചു”നിൽക്കുന്നതിൽ തുടർന്ന മോശയെപ്പോലെയാകാൻ ഇതു നിങ്ങളുടെ കുടുംബത്തെ സഹായിക്കും.—എബ്രായർ 11:27.
വായനയും ക്രിസ്തീയ ശുശ്രൂഷയും
20, 21. നമ്മുടെ പ്രസംഗനിയമനം വായനാപ്രാപ്തിയുമായി ബന്ധപ്പെട്ടിരിക്കുന്നതെങ്ങനെ?
20 “അദൃശ്യദൈവത്തെ” ആരാധിക്കാനുള്ള നമ്മുടെ ആഗ്രഹം നല്ല വായനക്കാരാകാൻ പ്രയത്നിക്കുന്നതിനു നമ്മെ പ്രേരിപ്പിക്കണം. വായിക്കാനുള്ള പ്രാപ്തി ദൈവവചനത്തിൽനിന്നു സാക്ഷ്യം വഹിക്കാൻ നമ്മെ സഹായിക്കുന്നു. “പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻതക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ” എന്നു പറഞ്ഞുകൊണ്ടു യേശു തന്റെ അനുഗാമികൾക്കു നിയമിച്ചുകൊടുത്ത രാജ്യപ്രസംഗവേല നിവർത്തിക്കുന്നതിന് അതു നമ്മെ തീർച്ചയായും സഹായിക്കുന്നു. (മത്തായി 28:19, 20; പ്രവൃത്തികൾ 1:8) യഹോവയുടെ ജനത്തിന്റെ മുഖ്യവേലയാണു സാക്ഷീകരണം, വായനാപ്രാപ്തി അതു നിർവഹിക്കാൻ നമ്മെ സഹായിക്കുകയും ചെയ്യുന്നു.
21 ഒരു നല്ല വായനക്കാരനും ദൈവവചനത്തിന്റെ ഒരു വിദഗ്ധ ഉപദേഷ്ടാവും ആകുന്നതിനു ശ്രമം ആവശ്യമാണ്. (എഫെസ്യർ 6:17) അതുകൊണ്ട്, ‘സത്യത്തിന്റെ വചനം ഉചിതമായി കൈകാര്യം ചെയ്തുകൊണ്ട് ദൈവതിരുമുമ്പിൽ അർഹതയോടെ പ്രത്യക്ഷപ്പെടുക.’ (2 തിമോത്തേയോസ് 2:15, പി.ഒ.സി. ബൈബിൾ) നിങ്ങളെത്തന്നെ വായനയ്ക്കായി അർപ്പിച്ചുകൊണ്ട് തിരുവെഴുത്തു സത്യത്തെക്കുറിച്ചുള്ള നിങ്ങളുടെ പരിജ്ഞാനവും യഹോവയുടെ ഒരു സാക്ഷിയെന്ന നിലയിലുള്ള നിങ്ങളുടെ പ്രാപ്തിയും വർധിപ്പിക്കുക.
നിങ്ങളുടെ ഉത്തരങ്ങളെന്തെല്ലാം?
◻ സന്തുഷ്ടി ദൈവവചനം വായിക്കുന്നതിൽ ആശ്രയിച്ചിരിക്കുന്നതെങ്ങനെ?
◻ നിങ്ങൾ ബൈബിളിൽ വായിക്കുന്നതിനെക്കുറിച്ചു ധ്യാനിക്കേണ്ടത് എന്തുകൊണ്ട്?
◻ തിരുവെഴുത്തുകൾ വായിക്കുമ്പോൾ ബന്ധപ്പെടുത്തുകയും ഭാവനയിൽ കാണുകയും ചെയ്യേണ്ടത് എന്തുകൊണ്ട്?
◻ ബൈബിൾവായനയിൽനിന്നു പഠിക്കേണ്ട ഏതാനും പാഠങ്ങളേവ?
◻ കുടുംബമെന്ന നിലയിൽ ബൈബിൾ ഉറക്കെ വായിക്കേണ്ടത് എന്തുകൊണ്ട്, ക്രിസ്തീയ ശുശ്രൂഷയുമായി വായനയ്ക്ക് എന്തു ബന്ധമുണ്ട്?
[അധ്യയന ചോദ്യങ്ങൾ]
[13-ാം പേജിലെ ചിത്രങ്ങൾ]
ഒരു കുടുംബമെന്ന നിലയിൽ ബൈബിൾ വായിക്കുമ്പോൾ, വിവരണങ്ങൾ ഭാവനയിൽ കാണുകയും അവയുടെ പ്രാധാന്യത്തെക്കുറിച്ചു ധ്യാനിക്കുകയും ചെയ്യുക