കഴുകനെപ്പോലെ ചിറകടിച്ചുയരുന്നു
കഴുകനെപ്പോലെ ചിറകടിച്ചുയരുന്നു
നാസി തടങ്കൽപ്പാളയങ്ങളിലെ അഞ്ചുവർഷത്തെ യാതനയ്ക്കുശേഷം ഒരു മനുഷ്യന് എന്തു തോന്നും? നിരുത്സാഹമോ? നീരസമോ? പകയോ?
വിചിത്രമെന്നു തോന്നിയേക്കാം, അത്തരമൊരു വ്യക്തി ഇങ്ങനെ എഴുതി: “ഒരിക്കലെങ്കിലും ആശിച്ചിരിക്കാവുന്നതിലുമപ്പുറം ധന്യമായി എന്റെ ജീവിതം.” അദ്ദേഹത്തിന് അങ്ങനെ തോന്നാൻ കാരണമെന്താണ്? അദ്ദേഹം വിശദീകരിക്കുന്നു: “അത്യുന്നതന്റെ ചിറകിൻകീഴിൽ ഞാൻ ശരണം പ്രാപിച്ചു. കൂടാതെ, ‘യഹോവയെ കാത്തിരിക്കുന്നവർ ശക്തിയെ പുതുക്കും; അവർ കഴുകന്മാരെപ്പോലെ ചിറകു അടിച്ചു കയറും; അവർ . . . ക്ഷീണിച്ചുപോകാതെ നടക്കുകയും ചെയ്യും’ എന്ന യെശയ്യാ പ്രവാചകന്റെ വാക്കുകളുടെ നിവർത്തിയും ഞാൻ അനുഭവിച്ചറിഞ്ഞു.”—യെശയ്യാവു 40:31.
ഊഹിക്കാവുന്നതിലേക്കുംവെച്ച് ഏറ്റവും ഭീകരമായ നടപടിയിലൂടെ ആ ക്രിസ്തീയ മനുഷ്യന്റെ ശരീരത്തിനു മർദനമേറ്റപ്പോൾ, ലാക്ഷണികമായി ഉയർന്നു പറന്ന ഒരു ആത്മാവ്, നാസി മൃഗീയതയ്ക്കു കീഴ്പ്പെടുത്താൻ കഴിയാതെപോയ മനശ്ശക്തി, അദ്ദേഹത്തിനുണ്ടായിരുന്നു. ദാവീദിനെപ്പോലെ, അദ്ദേഹം ദൈവത്തിന്റെ “ചിറകിൻ”നിഴലിൽ ശരണം പ്രാപിച്ചു. (സങ്കീർത്തനം 57:1) വിഹായസ്സിലേക്കു പറന്നുയരുന്ന ഒരു കഴുകന്റെ ശക്തിയുമായി തന്റെ ആത്മീയ ശക്തിയെ താരതമ്യം ചെയ്തുകൊണ്ട് ആ ക്രിസ്ത്യാനി, പ്രവാചകനായ യെശയ്യാവ് ഉപയോഗിച്ച ഒരു അലങ്കാരപദം ഉപയോഗിക്കുകയായിരുന്നു.
പ്രശ്നഭാരത്താൽ കൂനിപ്പോകുന്നതായി എപ്പോഴെങ്കിലും നിങ്ങൾക്കു തോന്നാറുണ്ടോ? അത്യുന്നതന്റെ ചിറകിൻകീഴിൽ ശരണം പ്രാപിക്കാൻ, “കഴുകന്മാരെപ്പോലെ ചിറക് അടിച്ചു കയ”റാൻ നിങ്ങളും ആഗ്രഹിക്കുമെന്നതിൽ സംശയമില്ല. ഇത് എങ്ങനെ സാധ്യമാകുമെന്നു മനസ്സിലാക്കാൻ, ലാക്ഷണിക അർഥത്തിൽ തിരുവെഴുത്തുകളിൽ അടിക്കടി ഉപയോഗിച്ചിരിക്കുന്ന കഴുകനെ സംബന്ധിച്ചു കുറച്ചൊക്കെ അറിയുന്നതു സഹായകമാണ്.
കഴുകന്റെ കൊടിക്കൂറയിൻ കീഴിൽ
പണ്ടുകാലത്തെ ആളുകൾ നിരീക്ഷിച്ചിട്ടുള്ള സകല പക്ഷികളിലുംവെച്ച് ഏറ്റവും പുകഴ്ത്തപ്പെട്ടിരുന്ന പക്ഷി കഴുകനായിരുന്നിരിക്കണം. അതിനു കാരണം അതിന്റെ ശക്തിയും ഗംഭീര പറക്കലുമായിരുന്നു. ബാബിലോൻ, പേർഷ്യ, റോം എന്നിവയടക്കം ഒട്ടേറെ പുരാതന സൈന്യങ്ങൾ കഴുകന്റെ കൊടിക്കൂറയിൻ കീഴിൽ പടനീക്കം നടത്തിയിട്ടുണ്ട്. അതിലൊന്നായിരുന്നു മഹാനായ കോരശിന്റെ (സൈറസ്) സേന. ബാബിലോന്യ സാമ്രാജ്യത്തെ വിഴുങ്ങാനായി, കിഴക്കുനിന്നുള്ള ഒരു റാഞ്ചൽപക്ഷിയെപ്പോലെയായിരിക്കും ആ പാർസി രാജാവ് വരുന്നത് എന്നു ബൈബിൾ പ്രവചിച്ചിരുന്നു. (യെശയ്യാവു 45:1; 46:11) ആ പ്രവചനം രേഖപ്പെടുത്തി ഇരുന്നൂറു വർഷത്തിനുശേഷം, കഴുകന്മാരുടെ ചിഹ്നമുള്ള യുദ്ധപതാകകളേന്തിയ കോരശിന്റെ സേന ഒരു കഴുകൻ ഇരയെ റാഞ്ചുന്നതുപോലെ ബാബിലോൻ നഗരത്തിൻമേൽ ആക്രമണം നടത്തി.
കുറേക്കൂടെ സമീപകാലത്ത്, ഷാർലമാൻ, നെപ്പോളിയൻ തുടങ്ങിയ യോദ്ധാക്കളും ഐക്യനാടുകൾ, ജർമനി എന്നീ രാജ്യങ്ങളും കഴുകനെ തങ്ങളുടെ ചിഹ്നമായി തിരഞ്ഞെടുത്തിട്ടുണ്ട്. കഴുകന്മാരുടെയോ മറ്റേതെങ്കിലും ജന്തുക്കളുടെയോ പ്രതിമകളെ ആരാധിക്കരുതെന്ന് ഇസ്രായേല്യർ കൽപ്പിക്കപ്പെട്ടിരുന്നു. (പുറപ്പാടു 20:4, 5) എങ്കിലും, ബൈബിളെഴുത്തുകാർ തങ്ങളുടെ സന്ദേശം വ്യക്തമാക്കുന്നതിനു കഴുകന്റെ സ്വഭാവവിശേഷങ്ങളെ പരാമർശിക്കുകയുണ്ടായി. അങ്ങനെ, തിരുവെഴുത്തുകളിൽ അടിക്കടി പരാമർശിച്ചിരിക്കുന്ന പക്ഷിയായ കഴുകൻ ബുദ്ധി, ദിവ്യ സംരക്ഷണം, വേഗത എന്നിവയുടെ പ്രതീകമായി ഉപയോഗിക്കപ്പെട്ടിരിക്കുന്നു.
കഴുകന്റെ കണ്ണ്
കഴുകന്റെ സൂക്ഷ്മദൃഷ്ടി എല്ലായ്പോഴുംതന്നെ പഴമൊഴിയായി ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. കഴുകരാജന് അഞ്ചു കിലോഗ്രാമിലധികം തൂക്കമുണ്ടായിരിക്കുന്നത് അപൂർവമാണെങ്കിലും അതിന്റെ കണ്ണുകൾ മനുഷ്യന്റേതിലും വലുതാണ്, കാഴ്ചശക്തി ഏറെ സൂക്ഷ്മതയുള്ളതും. ഭക്ഷണം തേടാനുള്ള കഴുകന്റെ പ്രാപ്തിയെക്കുറിച്ച് ഇയ്യോബിനോടു വിവരിക്കവേ, യഹോവതന്നെയും ഇങ്ങനെ പറഞ്ഞു: “അതിന്റെ കണ്ണു ദൂരത്തേക്കു കാണുന്നു.” (ഇയ്യോബ് 39:27, 29) ബൈബിളിലെ സകല പക്ഷികളും (ഇംഗ്ലീഷ്) എന്ന തന്റെ ഗ്രന്ഥത്തിൽ അലിസ് പാർമലി ഇങ്ങനെ റിപ്പോർട്ടു ചെയ്യുന്നു: “ഒരിക്കൽ, ഒരു ചത്ത മീൻ തടാകത്തിൽ ഒഴുകുന്നത് ഒരു പൊട്ടുപോലെ കണ്ണിൽപ്പെട്ട ഒരു കഴുകൻ അഞ്ചു കിലോമീറ്റർ ദൂരത്തുനിന്നു കൃത്യം സ്ഥാനത്തേക്കു കുത്തനെ പറന്നു. ഒരു മനുഷ്യനു കാണാവുന്നതിനേക്കാൾ വളരെയേറെ അകലത്തിൽനിന്ന് ആ കഴുകന് ഒരു ചെറിയ വസ്തുവിനെ കാണാൻ സാധിച്ചുവെന്നു മാത്രമല്ല, അഞ്ചു കിലോമീറ്റർ ദൂരത്തെ പറക്കലിൽ ആ പക്ഷി ആ മീനിനെ ഇമവെട്ടാതെ നോക്കിക്കൊണ്ടുമിരുന്നു.”
കഴുകന്റെ അതിസൂക്ഷ്മമായ കാഴ്ചശക്തി നിമിത്തം അത് യഹോവയുടെ മുഖ്യ ഗുണങ്ങളിലൊന്നായ ജ്ഞാനത്തിന്റെ സമുചിത പ്രതീകമാണ്. (യെഹെസ്കേൽ 1:10; വെളിപ്പാടു 4:7 എന്നിവ താരതമ്യം ചെയ്യുക.) എന്തുകൊണ്ട്? നാം എടുത്തേക്കാവുന്ന ഏതു നടപടിയുടെയും അനന്തരഫലങ്ങൾ മുൻകൂട്ടിക്കാണുന്നതു ജ്ഞാനത്തിൽ ഉൾപ്പെടുന്നു. (സദൃശവാക്യങ്ങൾ 22:3) ഏറെദൂരം കാണാൻ കഴിവുള്ള കഴുകനു വളരെയകലെനിന്നുതന്നെ അപകടം കണ്ടറിയാനും മുൻകരുതലെടുക്കാനും കഴിയും. യേശുവിന്റെ ദൃഷ്ടാന്തത്തിലെ ബുദ്ധിയുള്ള മനുഷ്യൻ, കൊടുങ്കാറ്റുണ്ടാകാനുള്ള സാധ്യത മുൻകൂട്ടിക്കണ്ടു പാറമേൽ വീടു പണിതതുപോലെയാണത്. (മത്തായി 7:24, 25) രസകരമെന്നുപറയട്ടെ, സ്പാനിഷ് ഭാഷയിൽ ഒരുവനെ കഴുകനായി വർണിക്കുന്നതിന്റെ അർഥം അവന് ഉൾക്കാഴ്ച അല്ലെങ്കിൽ വിവേചന ഉണ്ടെന്നതാണ്.
ഒരു കഴുകനെ അടുത്തു നിരീക്ഷിക്കാൻ നിങ്ങൾക്ക് എന്നെങ്കിലും അവസരം കിട്ടിയാൽ അതു തന്റെ കണ്ണ് ഉപയോഗിക്കുന്നതെങ്ങനെയെന്നു ശ്രദ്ധിക്കുക. അതു നിങ്ങളുടെ നേർക്ക് ഉപരിപ്ലവമായി കണ്ണോടിക്കുകയല്ല; പ്രത്യുത, നിങ്ങളുടെ ആകാരത്തിന്റെ സകല വിശദാംശങ്ങളും അവലോകനം ചെയ്യുകയാണെന്നപോലെ തോന്നിക്കും. സമാനമായി, ജ്ഞാനിയായ മനുഷ്യൻ ഒരു തീരുമാനമെടുക്കുന്നതിനുമുമ്പ്, തന്റെ സഹജവാസനയിലോ തോന്നലുകളിലോ ആശ്രയിക്കുന്നതിനു പകരം കാര്യാദികളെ സുസൂക്ഷ്മം അവലോകനം ചെയ്യുന്നു. (സദൃശവാക്യങ്ങൾ 28:26) കഴുകന്റെ സൂക്ഷ്മദൃഷ്ടി ദിവ്യഗുണമായ ജ്ഞാനത്തിന്റെ സമുചിത പ്രതീകമായിരിക്കേ, അതിന്റെ ഗംഭീരമായ പറക്കലും ബൈബിളെഴുത്തുകാർ ലാക്ഷണികമായി ഉപയോഗിച്ചിരിക്കുന്നു.
“ആകാശത്തു കഴുകന്റെ വഴി”
“ആകാശത്തു കഴുകന്റെ വഴി,” അതിന്റെ വേഗതയുടെയും ഒരു നിർദിഷ്ട പാത പിന്തുടരാതെയും യാതൊരു ലാഞ്ചനയും അവശേഷിപ്പിക്കാതെയുള്ള അനായാസമായിട്ടെന്നു തോന്നുന്ന അതിന്റെ പറക്കലിന്റെയും കാര്യത്തിൽ ശ്രദ്ധേയമാണ്. (സദൃശവാക്യങ്ങൾ 30:19) കഴുകന്റെ വേഗതയെക്കുറിച്ചു വിലാപങ്ങൾ 4:19-ൽ പരാമർശിച്ചിട്ടുണ്ട്. അവിടെ ബാബിലോന്യ പടയാളികളെ ഇങ്ങനെ വർണിച്ചിരിക്കുന്നു: “ഞങ്ങളെ പിന്തുടർന്നവർ ആകാശത്തിലെ കഴുക്കളിലും വേഗമുള്ളവർ; അവർ മലകളിൽ ഞങ്ങളെ പിന്തുടർന്നു.” മുകളിൽ വട്ടമിട്ടു പറക്കുന്ന ഒരു കഴുകൻ, ഇര കണ്ണിൽപ്പെടുമ്പോൾ ചിറകുകൾ കോണിച്ചു കുത്തനെ പറന്നിറങ്ങുന്നു. തത്സമയം അതിനു മണിക്കൂറിൽ 130 കിലോമീറ്റർ വേഗത്തിൽ പറക്കാൻ കഴിയും എന്നു ചില റിപ്പോർട്ടുകൾ പറയുന്നു. വേഗതയുടെ, പ്രത്യേകിച്ചും സൈനിക ശക്തിയോടുള്ള ബന്ധത്തിൽ തിരുവെഴുത്തുകൾ കഴുകനെ പര്യായമായി ഉപയോഗിക്കുന്നതിൽ അതിശയം കൂറാനില്ല.—2 ശമൂവേൽ 1:23; യിരെമ്യാവു 4:13; 49:22.
നേരേമറിച്ച്, യെശയ്യാവ് ഒരു കഴുകന്റെ അനായാസകരമായ പറക്കലിനെക്കുറിച്ചു പരാമർശിക്കുന്നുണ്ട്. “യഹോവയെ കാത്തിരിക്കുന്നവൻ ശക്തിയെ പുതുക്കും; അവർ കഴുകന്മാരെപ്പോലെ ചിറകു അടിച്ചു കയറും; അവർ തളർന്നുപോകാതെ ഓടുകയും ക്ഷീണിച്ചുപോകാതെ നടക്കുകയും ചെയ്യും.” (യെശയ്യാവു 40:31) കഴുകന്റെ ഉന്മേഷഭരിതമായ പറക്കലിന്റെ രഹസ്യമെന്താണ്? കഴുകൻ, തെർമലുകൾ അല്ലെങ്കിൽ ഉയർന്നുപൊങ്ങുന്ന ഉഷ്ണവായുപിണ്ഡം ഉപയോഗിക്കുന്നതുകൊണ്ട് പറന്നുയരാൻ അതിനു കാര്യമായ ശ്രമം ചെയ്യേണ്ടതില്ല. തെർമലുകൾ അദൃശ്യമാണ്, എന്നാൽ അതു കണ്ടുപിടിക്കുന്നതിൽ കഴുകന്മാർ പ്രാവീണ്യമുള്ളവരാണ്. ഒരിക്കൽ ഒരു തെർമൽ കണ്ടുപിടിച്ചുകഴിഞ്ഞാൽ കഴുകൻ ചിറകുകളും വാലും വിരിച്ചുപിടിച്ച് ആ ഉഷ്ണവായുപിണ്ഡത്തിനുള്ളിൽ കടന്നു വട്ടംചുറ്റുന്നു. അത് കഴുകനെ അധികമധികം ഉയരത്തിലേക്കു വഹിക്കുന്നു. വേണ്ടത്ര ഉയരത്തിലെത്തിക്കഴിയുമ്പോൾ അത് അടുത്ത വായുപിണ്ഡത്തിലേക്ക് അനായാസം പറക്കുന്നു, ഈ പ്രക്രിയ അവിടെയും ആവർത്തിക്കപ്പെടുന്നു. ഇവ്വണ്ണം, ഏറ്റവും കുറഞ്ഞ ഊർജം ചെലവഴിച്ചുകൊണ്ടു മണിക്കൂറുകളോളം ആകാശത്തിൽ നിലകൊള്ളാൻ കഴുകനു കഴിയും.
ഇസ്രായേലിൽ, പ്രത്യേകിച്ചും ചെങ്കടലിന്റെ തീരത്തുള്ള എസിൻ-ഗെബർ മുതൽ വടക്കു ദാൻ വരെ വ്യാപിച്ചുകിടക്കുന്ന റിഫ്റ്റ് വാലിയിൽ, കഴുകന്മാർ സാധാരണ കാഴ്ചയാണ്. ദേശാന്തരഗമനം നടത്തുന്ന വസന്തത്തിലും ശരത്കാലത്തും അവയുടെ എണ്ണം വിശേഷാൽ അസംഖ്യമായിരിക്കും. ചില വർഷങ്ങളിൽ 1,00,000-ത്തോളം കഴുകന്മാരെ എണ്ണിയിട്ടുണ്ട്. പ്രഭാത സൂര്യന്റെ വെയിൽക്കൊണ്ട് അന്തരീക്ഷം ചൂടുപിടിക്കുമ്പോൾ റിഫ്റ്റ് വാലിയുടെ അതിർത്തിയായ പാറക്കെട്ടുകൾക്കുമീതെ നൂറുകണക്കിനു ഇരപിടിയൻ പക്ഷികൾ പറന്നുയരുന്നതു കാണാം.
നമ്മുടെ വേല തുടർന്നു ചെയ്യാൻ തക്കവണ്ണം യഹോവയുടെ ശക്തിക്കു നമ്മെ ആത്മീയമായും വൈകാരികമായും എങ്ങനെ ഉയർത്താൻ കഴിയുമെന്നതിനുള്ള മനോഹരമായ ഒരു ദൃഷ്ടാന്തമാണു കഴുകന്റെ ആയാസരഹിതമായ പറക്കൽ. ഒരു കഴുകനു തന്റെ സ്വന്തം ശക്തികൊണ്ട് അത്രമാത്രം ഉയരത്തിൽ ഉയർന്നുപറക്കാൻ കഴിയാത്തതുപോലെതന്നെ, നമ്മുടെ സ്വന്ത കഴിവുകളിൽ ആശ്രയിക്കുന്നപക്ഷം നമുക്കു പിടിച്ചുനിൽക്കാനാവില്ല. “എന്നെ ശക്തനാക്കുന്നവൻ മുഖാന്തരം ഞാൻ സകലത്തിന്നും മതിയാകുന്നു” എന്നു പൗലോസ് അപ്പോസ്തലൻ വിശദീകരിച്ചു. (ഫിലിപ്പിയർ 4:13) നിരന്തരം അദൃശ്യമായ തെർമലുകൾ തേടുന്ന ഒരു കഴുകനെപ്പോലെ, അകമഴിഞ്ഞ പ്രാർഥനയിലൂടെ യഹോവയുടെ പ്രവർത്തനനിരതമായ അദൃശ്യ ശക്തിക്കുവേണ്ടി നാം “ചോദിച്ചുകൊണ്ടേയിരിക്കു”ന്നു.—ലൂക്കോസ് 11:9, 13, NW.
ദേശാന്തരഗമനം നടത്തുന്ന കഴുകന്മാർ പലപ്പോഴും തെർമലുകൾ കണ്ടെത്തുന്നതു മറ്റ് ഇരപിടിയൻ പക്ഷികളെ നിരീക്ഷിച്ചുകൊണ്ടാണ്. ഒരിക്കൽ 250 കഴുകന്മാരും പരുന്തുകളും ഒരേ തെർമലിൽ മുകളിലേക്കു വട്ടത്തിൽ പൊങ്ങുന്നതു കണ്ടതായി പ്രകൃതിശാസ്ത്രജ്ഞനായ ഡി. ആർ. മക്കൻറാഷ് റിപ്പോർട്ടുചെയ്തു. സമാനമായി, മറ്റു ദൈവദാസരുടെ വിശ്വസ്ത മാതൃകകൾ അനുകരിച്ചുകൊണ്ടു യഹോവയുടെ ശക്തിയിൽ ആശ്രയിക്കാൻ ഇന്നു ക്രിസ്ത്യാനികൾക്കു പഠിക്കാവുന്നതാണ്.—1 കൊരിന്ത്യർ 11:1 താരതമ്യം ചെയ്യുക.
കഴുകന്റെ ചിറകിൻനിഴലിൽ
കഴുകന്റെ ജീവിതത്തിലെ ഏറ്റവും അപകടകരമായ ഘട്ടം പറക്കാൻ പഠിക്കുന്ന ഘട്ടമാണ്. പറക്കാനുള്ള ശ്രമത്തിൽ ചാകുന്ന കഴുകന്മാർ കുറച്ചൊന്നുമല്ല. ഈജിപ്തിൽനിന്നു പോരുമ്പോൾ, പറക്കമുറ്റാത്ത ഇസ്രായേൽ ജനതയും അപകടത്തിലായിരുന്നു. അങ്ങനെ, ഇസ്രായേൽ ജനതയോടുള്ള യഹോവയുടെ ഈ പുറപ്പാടു 19:4) പറക്കുന്നതിനുള്ള പ്രാരംഭ ശ്രമങ്ങളിൽ നിലംപതിക്കാതിരിക്കാൻ ഒരു കൊച്ചു പക്ഷിയെ കഴുകന്മാർ മുതുകിൽ തൂക്കിയെടുത്തു ഹ്രസ്വദൂരം വഹിച്ചുകൊണ്ടുപോകുന്നതായി റിപ്പോർട്ടുകളുണ്ട്. അത്തരം റിപ്പോർട്ടുകളെക്കുറിച്ചുള്ള ത്രൈമാസിക പാലസ്തീൻ പര്യവേക്ഷണം (ഇംഗ്ലീഷ്) എന്ന പുസ്തകത്തെക്കുറിച്ചുള്ള ഭാഷ്യത്തിൽ ജി. ആർ. ഡ്രൈവർ ഇങ്ങനെ പറഞ്ഞു: “ആ സ്ഥിതിക്ക്, [ബൈബിളിലെ] വിവരണം വെറും സങ്കൽപ്പമല്ല മറിച്ച്, വസ്തുനിഷ്ഠമാണ്.”
വാക്കുകൾ തികച്ചും അനുയോജ്യമായിരുന്നു: “ഞാൻ മിസ്രയീമ്യരോടു ചെയ്തതും നിങ്ങളെ കഴുകന്മാരുടെ ചിറകിന്മേൽ വഹിച്ചു എന്റെ അടുക്കൽ വരുത്തിയതും നിങ്ങൾ കണ്ടുവല്ലോ.” (മറ്റുവിധങ്ങളിലും കഴുകന്മാർ മാതൃകായോഗ്യരായ മാതാപിതാക്കളാണ്. പക്ഷിക്കുഞ്ഞിനു ക്രമമായി ഭക്ഷണം പ്രദാനം ചെയ്യുക മാത്രമല്ല, ആൺപക്ഷി കൂട്ടിലേക്കു കൊണ്ടുവരുന്ന ഭക്ഷണം കഴുകക്കുഞ്ഞിനു കഴിക്കാൻ പാകത്തിനു തള്ളപക്ഷി ശ്രദ്ധാപൂർവം കൊത്തിനുറുക്കുകയും ചെയ്യുന്നു. മിക്കപ്പോഴും, കിഴുക്കാംതൂക്കായ പാറയിലോ ഉയർന്നമരങ്ങളിലോ അവ കൂടുവയ്ക്കുന്നതിനാൽ മൂലകങ്ങളുടെ പ്രവർത്തനത്താലുണ്ടാകുന്ന കാലാവസ്ഥയ്ക്കു പക്ഷിക്കുഞ്ഞുങ്ങൾ വിധേയരാണ്. (ഇയ്യോബ് 39:27, 28) മാതാപിതാക്കളുടെ സംരക്ഷണമില്ലായിരുന്നെങ്കിൽ, ബൈബിൾ നാടുകളിൽ സർവസാധാരണമായ പൊള്ളുന്ന സൂര്യൻ പക്ഷിക്കുഞ്ഞുങ്ങളുടെ മരണത്തിന് ഇടയാക്കിയേനെ. തന്തപക്ഷി, തന്റെ പിഞ്ചുകുഞ്ഞിനു തണലേകാൻ ചിലപ്പോഴൊക്കെ മണിക്കൂറുകളോളം ചിറകു വിടർത്തി നിൽക്കുന്നു.
തന്മൂലം, കഴുകന്റെ ചിറകുകൾ ദിവ്യസംരക്ഷണത്തിന്റെ പ്രതീകമായി തിരുവെഴുത്തുകളിൽ ഉപയോഗിച്ചിരിക്കുന്നതു തികച്ചും അനുയോജ്യമാണ്. മരുപ്രയാണത്തിൽ യഹോവ ഇസ്രായേല്യരെ സംരക്ഷിച്ചതെങ്ങനെയാണെന്ന് ആവർത്തനപുസ്തകം 32:9-12 വിവരിക്കുന്നു: “യഹോവയുടെ അംശം അവന്റെ ജനവും യാക്കോബ് അവന്റെ അവകാശവും ആകുന്നു. താൻ അവനെ മരുഭൂമിയിലും ഓളി കേൾക്കുന്ന ശൂന്യപ്രദേശത്തിലും കണ്ടു. അവനെ ചുറ്റി പരിപാലിച്ചു കണ്മണിപോലെ അവനെ സൂക്ഷിച്ചു. കഴുകൻ തന്റെ കൂടു അനക്കി കുഞ്ഞുങ്ങൾക്കു മീതെ പറക്കുമ്പോലെ താൻ ചിറകു വിരിച്ചു അവനെ എടുത്തു തന്റെ ചിറകിന്മേൽ അവനെ വഹിച്ചു. യഹോവ തനിയേ അവനെ നടത്തി.” യഹോവയിൽ ആശ്രയിക്കുന്നപക്ഷം സ്നേഹപുരസ്സരമായ അതേ സംരക്ഷണം അവൻ നമുക്കു നൽകും.
രക്ഷയ്ക്കുള്ള മാർഗം
ചിലപ്പോഴൊക്കെ പ്രശ്നങ്ങളെ നേരിടുമ്പോൾ, സകലവിധ ബുദ്ധിമുട്ടുകളിൽനിന്നും അകലെയെങ്ങോ പറന്നകലാൻ നാം ആഗ്രഹിക്കുന്നുവെന്നുവരാം. അങ്ങനെതന്നെയാണു ദാവീദിനും അനുഭവപ്പെട്ടത്. (സങ്കീർത്തനം 55:6, 7 താരതമ്യം ചെയ്യുക.) എന്നാൽ, ഈ വ്യവസ്ഥിതിയിൽ നാം പീഡനങ്ങളും കഷ്ടപ്പാടുകളും അഭിമുഖീകരിക്കുമ്പോൾ നമുക്കു സഹായം പ്രദാനം ചെയ്യുമെന്നു യഹോവ വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും പൂർണമായ രക്ഷ അവൻ പ്രദാനം ചെയ്യുന്നില്ല. നമുക്കു ബൈബിൾ ഈ ഉറപ്പേകുന്നു: “മനുഷ്യർക്കു നടപ്പല്ലാത്ത പരീക്ഷ നിങ്ങൾക്കു നേരിട്ടിട്ടില്ല; ദൈവം വിശ്വസ്തൻ; നിങ്ങൾക്കു കഴിയുന്നതിന്നുമീതെ പരീക്ഷ നേരിടുവാൻ സമ്മതിക്കാതെ നിങ്ങൾക്കു സഹിപ്പാൻ കഴിയേണ്ടതിന്നു പരീക്ഷയോടുകൂടെ അവൻ പോക്കുവഴിയും ഉണ്ടാക്കും.”—1 കൊരിന്ത്യർ 10:13.
“പോക്കുവഴി”യിൽ അഥവാ “രക്ഷയ്ക്കുള്ള മാർഗ”ത്തിൽ (ജയിംസ് രാജാവിന്റെ ഭാഷാന്തരം) യഹോവയിൽ ആശ്രയിക്കാൻ പഠിക്കുന്നത് ഉൾപ്പെട്ടിരിക്കുന്നു. ഈ ലേഖനത്തിന്റെ തുടക്കത്തിൽ ഉദ്ധരിച്ചിരിക്കുന്ന അഭിപ്രായം രേഖപ്പെടുത്തിയ മാക്സ് ലിബ്സ്റ്റർ അതാണു കണ്ടെത്തിയത്. തടങ്കൽപ്പാളയങ്ങളിൽ കഴിഞ്ഞുകൂടിയ വർഷങ്ങളിൽ അദ്ദേഹം യഹോവയെ അറിയാനും ആശ്രയിക്കാനും ഇടയായി. മാക്സ് കണ്ടെത്തിയ പ്രകാരം, യഹോവ തന്റെ വചനത്തിലൂടെയും തന്റെ ആത്മാവിലൂടെയും തന്റെ സ്ഥാപനത്തിലൂടെയും നമ്മെ ശക്തിപ്പെടുത്തുന്നു. തടങ്കൽപ്പാളയങ്ങളിൽപ്പോലും സാക്ഷികൾ തങ്ങളുടെ സഹവിശ്വാസികളെ കണ്ടുപിടിച്ച്, തിരുവെഴുത്ത് ആശയങ്ങളും ലഭ്യമായിരുന്ന ബൈബിൾ സാഹിത്യങ്ങളും പങ്കിട്ടുകൊണ്ട് അവർക്ക് ആത്മീയ സഹായം വാഗ്ദാനം ചെയ്തു. വിശ്വസ്ത അതിജീവകർ പലവട്ടം സാക്ഷ്യപ്പെടുത്തിയതുപോലെ, യഹോവ അവരെ ബലപ്പെടുത്തുകതന്നെ ചെയ്തു. “സഹായത്തിനായി ഞാൻ യഹോവയോടു തുടർച്ചയായി അപേക്ഷിച്ചു, അവന്റെ ആത്മാവ് എന്നെ താങ്ങിനിർത്തി,” മാക്സ് വിവരിക്കുന്നു.
എന്തുതന്നെ പീഡാനുഭവം ഉണ്ടായാലും, നമുക്കും സമാനമായി ദൈവത്തിന്റെ പരിശുദ്ധാത്മാവിൽ ആശ്രയിക്കാൻ കഴിയും, അതിനുവേണ്ടി തുടർച്ചയായി അപേക്ഷിക്കണമെന്നേയുള്ളൂ. (മത്തായി 7:7-11) “സാധാരണയിൽ കവിഞ്ഞ ഈ ശക്തി”യാൽ ഉജ്ജീവിപ്പിക്കപ്പെട്ട്, പ്രശ്നങ്ങളുടെ കയത്തിൽ ആണ്ടുപോകുന്നതിനു പകരം നാം ഉയർന്നു പറക്കും. നാം ക്ഷീണിതരാകാതെ യഹോവയുടെ വഴികളിൽ തുടർന്നു നടക്കും. നാം കഴുകന്മാരെപ്പോലെ ചിറകടിച്ചുയരും.—2 കൊരിന്ത്യർ 4:7, NW; യെശയ്യാവു 40:31.
[10-ാം പേജിലെ ആകർഷകവാക്യം]
അതു നിങ്ങളുടെ നേർക്ക് ഉപരിപ്ലവമായി കണ്ണോടിക്കുകയല്ല
[9-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Foto: Cortesía de GREFA
[10-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Foto: Cortesía de Zoo de Madrid