ഭൂമിയുടെ അറ്റത്തോളം സാക്ഷികൾ
ഭൂമിയുടെ അറ്റത്തോളം സാക്ഷികൾ
ഇറ്റാ
ടൂളി
ഗോഡവൻ
ഗോട്ട്ഹോബ്
ജൂലിയാനെഹോബ്
അങ്ക്മഗ്സലിക്
ഭൂമിശാസ്ത്രപരമോ മറ്റുപ്രകാരത്തിലോ ഉള്ള ആത്യന്തിക ലക്ഷ്യത്തെ വർണിക്കുന്നതിനു പുരാതന കാലം മുതൽ ഉപയോഗിച്ചിരുന്ന ഒരു പേരിന്റെ ഭാഗമാണു ടൂളി. ഇന്ന് ടൂളി എന്നതു ലോകത്തിലെ ഏറ്റവും വലിയ ദ്വീപായ ഗ്രീൻലൻഡിന്റെ വടക്കേയറ്റത്തുള്ള ഒരു ചെറിയ ഗ്രാമത്തിന്റെ പേരാണ്. 1910-ൽ, ഡെൻമാർക്കുകാരനായ നൂട്ട് റാസ്മുസ്സെൻ എന്ന പര്യവേക്ഷകൻ ധ്രുവ പര്യടനങ്ങൾക്കായി ടൂളിയെ ഒരു താവളമായി ഉപയോഗിച്ചപ്പോഴാണ് ആ ഗ്രാമത്തിന് പ്രസ്തുത പേരുവന്നത്. ഇപ്പോൾപോലും, ടൂളിയിൽ പോകുന്നത് ഒരു ഉല്ലാസയാത്രയെക്കാളേറെ ഒരു പര്യടനമാണ്.
എന്നുവരികിലും, ടൂളിയിലേക്കു പര്യടനങ്ങൾ നടത്തേണ്ടതിന്റെ അടിയന്തിര ആവശ്യമുണ്ട്. ‘ഭൂമിയുടെ അറ്റത്തോളം എന്റെ സാക്ഷികൾ ആകു’വിൻ എന്ന യേശുവിന്റെ കൽപ്പനയോടു പ്രതികരിച്ചുകൊണ്ടു ഭൂമിയുടെ ഏറ്റവും വടക്കുള്ള, സ്ഥിരമായി മനുഷ്യവാസമുള്ള പ്രദേശങ്ങളിലൊന്നായ ഇവിടേയ്ക്കു സുവാർത്ത എത്തിക്കുന്നതിൽ യഹോവയുടെ സാക്ഷികൾ ഉത്സുകരാണ്.—പ്രവൃത്തികൾ 1:8; മത്തായി 24:14.
‘ഞങ്ങൾക്കെന്നാണു ടൂളിയിൽ പോകാൻ സാധിക്കുക?’
“ഭൂമിയുടെ അറ്റത്തോളം” പ്രസംഗവേലയിൽ പങ്കുണ്ടായിരിക്കാൻ ആഗ്രഹിച്ച, ഡെന്മാർക്കുകാരായ രണ്ടു സാക്ഷികൾ 1955-ൽ ഗ്രീൻലൻഡിൽ എത്തി. പിന്നീടു മറ്റുചിലരുമെത്തി. ക്രമേണ അവരുടെ പ്രസംഗവേല മെൽവിൽ കടലിടുക്കുവരെയുള്ള തെക്കു പടിഞ്ഞാറു തീരത്തും കിഴക്കേ തീരത്തിന്റെ കുറച്ചു ഭാഗത്തും എത്തി. എന്നാൽ, ടൂളി പോലുള്ള അതിവിദൂര പ്രദേശങ്ങളിൽ കത്തിലൂടെയോ ടെലഫോണിലൂടെയോ മാത്രമേ എത്തിയിരുന്നുള്ളൂ.
രണ്ടു മുഴുസമയ ശ്രുശ്രൂഷകരായ ബോയും ഭാര്യ ഹെലനും 1991-ൽ ഒരു ദിവസം, മെൽവിൽ കടലിടുക്ക് നിരീക്ഷിച്ചുകൊണ്ട് ഒരു പാറയിൽ നിൽക്കുകയായിരുന്നു. വടക്കോട്ടു നോക്കിക്കൊണ്ട് അവർ ചിന്തിച്ചു, ‘രാജ്യ സുവാർത്തയുമായി ടൂളിയിലെ ജനങ്ങളുടെ പക്കൽ ഞങ്ങൾക്കെന്നാണു പോകാൻ സാധിക്കുക?’
1993-ൽ, മുഴുസമയ ശുശ്രൂഷകനായിരുന്ന വെർനർ 5.5-മീറ്ററുള്ള ക്വാമനെർക് (പ്രകാശം) എന്ന തന്റെ സ്പീഡ് ബോട്ട് ഉപയോഗിച്ചുകൊണ്ടു മെൽവിൽ കടലിടുക്കു കടക്കുക എന്ന സാഹസകൃത്യത്തിനു മുതിർന്നു. അദ്ദേഹം അപ്പോൾതന്നെ ഗോട്ട്ഹോബ് മുതൽ ഊപർനവിക് പ്രദേശം വരെ 1,200 കിലോമീറ്റർ സഞ്ചരിച്ചു കഴിഞ്ഞിരുന്നു. എന്നാൽ, മെൽവിൽ കടലിടുക്ക്—400 കിലോമീറ്റർ നീണ്ടുകിടക്കുന്ന ഉത്തരധ്രുവ സമുദ്രം—കുറുകെ കടക്കുന്നതു നിസാര സംഗതിയല്ല. വർഷത്തിലധികവും കടലിടുക്കിൽ ഐസു മൂടിക്കിടക്കും. ഐസ് കാരണം ഒരു എൻജിൻ നഷ്ടപ്പെട്ടെങ്കിലും ആ കടലിടുക്കു കടക്കുന്നതിൽ വെർനർ വിജയിച്ചു. മടങ്ങുന്നതിനുമുമ്പ് അൽപ്പസ്വൽപ്പം പ്രസംഗവേല ചെയ്യാനും അദ്ദേഹത്തിനു കഴിഞ്ഞു.
ടൂളിയിലേക്കു പുറപ്പെടുന്നു
ആ യാത്രയ്ക്കുശേഷം, വെർനർ പുതിയ പദ്ധതികൾ ആവിഷ്കരിക്കാൻ തുടങ്ങി. ഏഴു മീറ്റർ നീളമുള്ള, നാലു ബെർത്തുള്ള, സർവോപരി, ആധുനിക നാവികയാത്രാ സജ്ജീകരണമുള്ള ഒരു ബോട്ട് സ്വന്തമായിട്ടുണ്ടായിരുന്ന ആർനയോടും കാരിനോടും ടൂളിയിലേക്ക് ഒരു കൂട്ട യാത്ര നടത്തുന്നതിനെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. ബോട്ടുകൾ താമസത്തിന് ഇടം പ്രദാനം ചെയ്യുമായിരുന്നു. കൂടാതെ, രണ്ടു ബോട്ടുകൾ ഒരുമിച്ചു സഞ്ചരിക്കുന്നതിനാൽ മെൽവിൽ കടലിടുക്കു കടക്കുമ്പോൾ അപകടസാധ്യത കുറവായിരിക്കും. 600 നിവാസികളുള്ള പ്രധാന പട്ടണത്തിലും ആ പ്രദേശത്തുള്ള ആറു ഗ്രാമങ്ങളിലും സാക്ഷ്യം കൊടുക്കുന്നതിന് അവർക്കു കൂടുതൽ സഹായം ആവശ്യമായിരുന്നു. അതുകൊണ്ട്, ആ രാജ്യത്തു യാത്രചെയ്തു പരിചയമുള്ള അനുഭവസമ്പന്നരായ ബോ, ഹെലൻ, യോർൺ, ഇങ്ക എന്നിവരെ തങ്ങളോടൊപ്പം വരുന്നതിനു ക്ഷണിച്ചു. ഈ സംഘത്തിലെ അഞ്ചുപേർ ഗ്രീൻലാൻഡിക് ഭാഷയും സംസാരിക്കും.
ബൈബിൾ സാഹിത്യങ്ങളുടെ ശേഖരം അവർ തങ്ങൾക്കു മുമ്പെ അയച്ചു. ബോട്ടുകളിലും സാഹിത്യങ്ങൾ കരുതിയിരുന്നു. കൂടാതെ, ഭക്ഷണം, വെള്ളം എന്നീ അവശ്യ വസ്തുക്കളും ഇന്ധനം, കൂടുതലായി ഒരു എൻജിൻ, ഊതിവീർപ്പിക്കാവുന്ന ഒരു റബ്ബർബോട്ട് എന്നിവയും ബോട്ടുകളിൽ കയറ്റി. എന്നിട്ട്, പല മാസത്തെ തയ്യാറെടുപ്പുകൾക്കുശേഷം 1994 ആഗസ്റ്റ് 5-നു ടീം ഒന്നിച്ചുകൂടി. രണ്ടു ബോട്ടുകളും ചരക്കുകയറ്റി ഇലുലിസാത്ത് തുറമുഖത്തു തയ്യാറായി കിടക്കുകയായിരുന്നു. ഉത്തരദിക്കിനെ ലക്ഷ്യമാക്കിയുള്ള യാത്രയ്ക്കു തുടക്കമിട്ടു. വെർനർ, ബോ, ഹെലൻ എന്നിവർ രണ്ടു ബോട്ടുകളിൽ ചെറുതിൽ യാത്രപുറപ്പെട്ടു. “ആകെക്കൂടി ചെയ്യാൻ കഴിഞ്ഞത് എവിടെയെങ്കിലും പിടിച്ചുകൊണ്ടു ബർത്തിൽ ഇരിക്കുകയോ കിടക്കുകയോ മാത്രമായിരുന്നു,” ബോ എഴുതുന്നു. നമുക്ക് ആ ബോട്ടിലെ നാൾവിവരപ്പുസ്തകം പിന്തുടരാം.
“വിശാലമായ കടൽ പ്രശാന്തമായിരുന്നു. രമണീയമായ പ്രകൃതിദൃശ്യങ്ങൾ ഞങ്ങളുടെ കൺമുമ്പിൽ ഇതളഴിഞ്ഞു—മങ്ങിയും മിന്നിയും ഒളിവിതറുന്ന കടൽ, കനത്ത മൂടൽമഞ്ഞ്, ജ്വലിക്കുന്ന സൂര്യൻ, നീലാകാശം, അത്യന്തം വശ്യമായ ആകൃതിയിലും വർണങ്ങളിലുമുള്ള ഹിമാനികൾ, ഹിമപാളിയിൽ വെയിൽകായുന്ന തവിട്ടുനിറത്തിലുള്ള ഒരു കടൽക്കുതിര, ഇരുണ്ട മലഞ്ചെരുവുകളുള്ള കടലോരം, കൊച്ചു സമതലങ്ങൾ—മാറിമാറിവരുന്ന പ്രകൃതിദൃശ്യത്തിന് അന്തമില്ലായിരുന്നു.
“ഏറ്റവും രസകരമായ സംഗതി തീർച്ചയായും, ഗ്രാമങ്ങൾ ഉടനീളം സന്ദർശിക്കുന്നതായിരുന്നു. സന്ദർശകർ ആരാണെന്നു കാണാനും അവരെ സ്വീകരിക്കാനും ജട്ടിയിൽ എപ്പോഴും ജനങ്ങൾ, പ്രത്യേകിച്ചും കുട്ടികൾ ഉണ്ടായിരുന്നു. ഞങ്ങൾ ബൈബിൾ സാഹിത്യങ്ങൾ വിതരണം ചെയ്തു, നമ്മുടെ സ്ഥാപനത്തെക്കുറിച്ചുള്ള ഒരു വീഡിയോ ആളുകൾക്കു കാണാനും നൽകി. ഞങ്ങൾ മടങ്ങുന്നതിനുമുമ്പ് അനേകർക്ക് അതു കാണാൻ കഴിഞ്ഞു. ദക്ഷിണ ഊപർനവിക്കിൽ എത്തുന്നതിനു മുമ്പുതന്നെ അനേകർ ഞങ്ങളുടെ ബോട്ടുകളുടെ സമീപത്തേക്കു തുഴഞ്ഞുവന്നു. അതുകൊണ്ട് ഒരു വൈകുന്നേരം മുഴുവൻ ഞങ്ങളുടെ ബോ
ട്ടിൽ അതിഥികളുണ്ടായിരുന്നു, അവരുടെ നിരവധി ചോദ്യങ്ങൾക്ക് ഉത്തരംനൽകി.”ഇപ്പോൾ, 700 കിലോമീറ്റർ യാത്രയ്ക്കുശേഷം രണ്ടു ബോട്ടുകളും മെൽവിൽ കടലിടുക്കു കടക്കാൻ തയ്യാറായിരുന്നു.
നിർണായകമായ വെല്ലുവിളി
“യാത്രയിലെ ഏറ്റവും നിർണായക ഘട്ടം അതായിരുന്നു. ഒറ്റയടിക്ക് അതു കുറുകെ കടക്കണമായിരുന്നു. കാരണം സവിസ്സിവിക് (പ്രസംഗപ്രദേശം തുടങ്ങുന്നതും ഞങ്ങൾ താമസിക്കാൻ സാധ്യതയുണ്ടായിരുന്നതും അവിടെയായിരുന്നു) ഗ്രാമം ഐസ് മൂടിക്കിടക്കുകയായിരുന്നു.
“അങ്ങനെ ഞങ്ങൾ യാത്രയാരംഭിച്ചു. വളരെയധികം ഐസ് ഉണ്ടായിരുന്നതുകൊണ്ടു ഞങ്ങൾ തുറസ്സായ കടലിലൂടെ വളരെദൂരം യാത്രചെയ്തു. ദൈവാനുഗ്രഹമെന്നു പറയട്ടെ, കടൽ ശാന്തമായിരുന്നു. ആദ്യത്തെ ഏതാനും മണിക്കൂർ പ്രത്യേകിച്ചൊന്നും സംഭവിച്ചില്ല—കടലിലൂടെ മൈലുകൾ യാത്രചെയ്തു. വൈകുന്നേരത്തോടെ കേപ്പ് യോർക്ക് ഞങ്ങളുടെ ദൃഷ്ടിയിൽപ്പെട്ടു. വടക്ക്, കരയ്ക്കടുത്തേക്കു ഞങ്ങൾ സാവധാനം തിരിഞ്ഞു. വീണ്ടും ഐസ്—കണ്ണെത്താദൂരം നേരത്തെമുതലുണ്ടായിരുന്ന കനത്ത, ശിഥിലമായ ഹിമപാളികൾ—മൂടിക്കിടന്നിരുന്നു. ഞങ്ങൾ ഐസിന്റെ ഓരംചേർന്നു ദീർഘദൂരം സഞ്ചരിച്ചു, ചിലപ്പോഴൊക്കെ ഐസിനിടയിലെ ഇടുങ്ങിയ പാതയിലൂടെ ഒരുതരത്തിൽ കടന്നുപോയി. അതുകൂടാതെ, ചാരനിറത്തിലുള്ള കട്ടിയായ സൂപ്പിന്റെ സാദൃശ്യത്തിൽ മൂടൽമഞ്ഞുമുണ്ടായിരുന്നു. അത് അസ്തമയ സൂര്യന്റെ വെളിച്ചത്തിൽ പ്രത്യേകിച്ചും മനോഹരമായിരുന്നു. കൂടാതെ തിരമാലകളും! മൂടൽമഞ്ഞ്, തിരമാലകൾ, ഐസ് എല്ലാം ഒരേ സമയം—ഇതിലൊരെണ്ണംമതി സാധാരണഗതിയിൽ വെല്ലുവിളിയുയർത്താൻ.”
ഞങ്ങൾക്കു സ്വാഗതം
“പിറ്റുഫിക്കിനോടടുത്തപ്പോഴേക്കും കടൽ ഏറെക്കുറെ ശാന്തമായി. സൃഷ്ടി ഞങ്ങൾക്കു വികാരോജ്ജ്വലമായ സ്വാഗതമരുളി: അങ്ങകലെ, നീലാകാശത്തിൽ കത്തിജ്വലിക്കുന്ന സൂര്യൻ; ഞങ്ങൾക്കുമുമ്പായി വെട്ടിത്തിളങ്ങുന്ന, അങ്ങുമിങ്ങും ഹിമാനികൾ ഒഴുകിനടക്കുന്ന വിശാലമായ ഉൾക്കടൽ; അങ്ങകലെ ഡൻഡസിലെ—പണ്ടത്തെ ടൂളി—പാറയുടെ ലക്ഷണമായ നിഴൽച്ചിത്രം!” അവിടെനിന്ന് ഏതാണ്ടു 100 കിലോമീറ്റർ വടക്കായി ആ യാത്രക്കാർ തങ്ങളുടെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേർന്നു.
വീടുവീടാന്തരം പ്രസംഗവേലയിലേർപ്പെടാൻ അവർ ഉത്സുകരായിരുന്നു. അവരിൽ രണ്ടുപേർക്ക് ആദ്യത്തെ വീട്ടിൽനിന്നു പരുഷമായ പ്രതികരണമാണു ലഭിച്ചത്. “ഡെന്മാർക്കിലെന്നപോലെ ഞങ്ങൾ അവഗണിക്കപ്പെട്ടു,” അവർ പറഞ്ഞു. “എന്നാൽ ഭൂരിപക്ഷം പേരും ഞങ്ങൾക്കു ഹൃദയംഗമമായ സ്വാഗതമരുളി. ആളുകൾ ചിന്താപരരും നല്ല അറിവുള്ളവരുമായിരുന്നു. ചിലർ, ഞങ്ങളെക്കുറിച്ചു കേട്ടിട്ടുണ്ടെന്നും ഒടുവിൽ എത്തിച്ചേർന്നതിൽ സന്തോഷമുണ്ടെന്നും പറഞ്ഞു. ഉത്തരധ്രുവത്തിൽ പര്യടനത്തിലായിരുന്ന കടൽനായ് വേട്ടക്കാർ, സംതൃപ്തരായ, മിതവ്യയം ചെയ്യുന്ന, എന്നാൽ ആധുനിക നാഗരികതയെപ്പറ്റി ഏതാണ്ടൊരു സംശയാസ്പദമായ വീക്ഷണമുള്ള തന്നാട്ടുകാർ എന്നിങ്ങനെ ചില കൗതുകമുണർത്തുന്ന ജനങ്ങളെ ഞങ്ങൾ കണ്ടു.”
തുടർന്നുവന്ന ഏതാനും നാളുകൾ എല്ലാവർക്കും നല്ല അനുഭവങ്ങൾ പകർന്നു. ബൈബിൾ സാഹിത്യം എങ്ങും വിലമതിപ്പോടെ കൈപ്പറ്റുകയുണ്ടായി. നിരവധി വീടുകളിൽ സാക്ഷികൾ ഉടനടി ബൈബിളധ്യയനം തുടങ്ങി. താത്പര്യം കണ്ടെത്തിയ ഒരു കുടുംബത്തെക്കുറിച്ച് ഇങ്ക വിവരിക്കുന്നു: “വൃത്തിയുള്ളതും സുഖപ്രദവുമായ ഒറ്റ മുറിയുള്ള വീടായിരുന്നു അത്. അവിടെ താമസിക്കുന്ന സൗമ്യപ്രകൃതനായ മനുഷ്യനെ ഞങ്ങൾ തുടർച്ചയായി മൂന്നു ദിവസം സന്ദർശിക്കുകയും അയാളുമായി അടുത്ത സൗഹൃദം പുലർത്തുകയും ചെയ്തു. അദ്ദേഹം ഒരു തനി കടൽനായ്വേട്ടക്കാരനായിരുന്നു. അദ്ദേഹത്തിന്റെ വീടിനു വെളിയിൽ തോൽത്തോണി കിടപ്പുണ്ടായിരുന്നു. അദ്ദേഹം ധാരാളം ധ്രുവക്കരടികളെയും കടൽക്കുതിരകളെയും കടൽനായ്ക്കളെയും വെടിവെച്ചിട്ടുണ്ട്. ഞങ്ങൾ അദ്ദേഹത്തെ അവസാനമായി സന്ദർശിച്ചപ്പേൾ, അദ്ദേഹത്തോടൊപ്പം പ്രാർഥിച്ചു. അദ്ദേഹത്തിന്റെ കണ്ണുകൾ ഈറനണിഞ്ഞു. മടങ്ങിച്ചെല്ലുന്നതിനുള്ള സമയവും സന്ദർഭവും പ്രതീക്ഷിച്ച് ഇപ്പോൾ ഞങ്ങൾ സകലതും യഹോവയുടെ കരങ്ങളിൽ വിടുകതന്നെ.”
കാനഡക്കാരായ എസ്കിമോ വർഗക്കാർ ടൂളിയിൽ പതിവു സന്ദർശകരാണ്. ഇങ്ക ഇങ്ങനെ റിപ്പോർട്ടു
ചെയ്യുന്നു: “കാനഡയിൽനിന്നുള്ള നിരവധി എസ്കിമോകളെ ഞാനും ഹെലനും കണ്ടുമുട്ടി. ഗ്രീൻലൻഡുകാരുമായി അവർക്ക് ആശയവിനിയമം നടത്താൻ കഴിയുമെന്നതു രസകരമായ സംഗതിയാണ്; ധ്രുവപ്രദേശത്തുള്ള ആളുകൾ സമാനമായ ഭാഷകൾ സംസാരിക്കുന്നതായി തോന്നുന്നു. കാനഡക്കാരായ എസ്കിമോകൾക്കു തങ്ങളുടേതായ ലിഖിത ഭാഷയുണ്ടെങ്കിലും ഗ്രീൻലാൻഡിക് ഭാഷയിലുള്ള ഞങ്ങളുടെ സാഹിത്യം അവർക്കു വായിക്കാൻ കഴിഞ്ഞു. ഇതവർക്കു രസനീയമായ അവസരങ്ങൾ തുറന്നുകൊടുത്തേക്കാം.”50 മുതൽ 60 വരെ കിലോമീറ്റർ അകലെയുള്ള ഗ്രാമപ്രദേശങ്ങളും ബോട്ടിൽ സന്ദർശിക്കുകയുണ്ടായി. “ക്വെക്വെർതാത്ത് ഗ്രാമപ്രദേശത്തേക്കുള്ള വഴിയിൽ, ധ്രുവത്തിമിംഗല വേട്ടക്കാരെ കണ്ടുമുട്ടാൻ കഴിയുമെന്ന പ്രതീക്ഷയോടെ ഞങ്ങൾ തീരം ചേർന്നാണു സഞ്ചരിച്ചത്. പ്രതീക്ഷിച്ചതുപോലെതന്നെ, രോമചർമംകൊണ്ടുണ്ടാക്കിയ വസ്ത്രം ധരിച്ച മൂന്നോ നാലോ കുടുംബങ്ങൾ തങ്ങളുടെ തമ്പുകളും തോൽത്തോണികളും സഹിതം ഒരു പാറസ്ഥലത്തു പാളയമടിച്ചിരിക്കുന്നതു ഞങ്ങൾ കണ്ടു. ചാട്ടുളി കയ്യിൽ പിടിച്ചുകൊണ്ട്, അത്യന്തം അഭിലഷണീയമായ ധ്രുവത്തിമിംഗലങ്ങളെ കാത്തു പുരുഷന്മാർ ഊഴമനുസരിച്ചു പാറപ്പുറത്തിരിക്കുകയാണ്. പല നാളത്തെ വ്യർഥമായ കാത്തിരിപ്പു നിമിത്തം അവർക്കു ഞങ്ങളുടെ വരവ് അത്ര രസിച്ചില്ല, കാരണം ഞങ്ങൾ തിമിംഗലങ്ങളെ വിരട്ടിയോടിക്കാനിടയുണ്ടായിരുന്നു! അവർ പൂർണമായും തങ്ങളുടേതായ ഒരു ലോകത്തിലായിരുന്നപോലെ തോന്നി. സ്ത്രീകൾ ചില സാഹിത്യങ്ങൾ സ്വീകരിച്ചു. എന്നാൽ കൂടുതൽ ചർച്ചയ്ക്കു പറ്റിയ സന്ദർഭമായിരുന്നില്ലത്. ഒടുവിൽ വൈകിട്ടു 11 മണിക്കു ഞങ്ങൾ ക്വെക്വെർതാത്തിൽ എത്തി, ആ ഗ്രാമത്തിലെ അവസാന സന്ദർശനം രാവിലെ 2 മണിയോടെയാണ് അവസാനിപ്പിച്ചത്!”
ഒടുവിൽ, ഞങ്ങൾ ഗ്രീൻലൻഡിന്റെ ഏറ്റവും വടക്കുള്ള ഗ്രാമപ്രദേശമായ സയൊരാബാലുക്കിൽ എത്തിച്ചേർന്നു. അത്, സ്വതേ തരിശു പ്രദേശമായ, പച്ചപ്പുല്ലുകൾ മൂടിയ പാറകളുള്ള, മണൽത്തിട്ടയിലാണു സ്ഥിതിചെയ്യുന്നത്.” സാക്ഷികൾ, കുറഞ്ഞപക്ഷം ഉത്തരദിശയിൽ, തങ്ങളുടെ പ്രസംഗവേലയിൽ അക്ഷരീയമായും ഭൂമിയുടെ അറ്റത്തോളം എത്തിയിരിക്കുന്നു.
യാത്ര പൂർത്തിയാക്കി
സാക്ഷികൾ തങ്ങളുടെ വേല പൂർത്തിയാക്കി. അവർ വീടുതോറും കൂടാരംതോറും പ്രസംഗിച്ചു, സാഹിത്യങ്ങൾ നൽകി, വരിസംഖ്യ സ്വീകരിച്ചു, വീഡിയോ കാണിച്ചു, നിരവധി ഗ്രീൻലൻഡുകാരോടു സംസാരിച്ചു, ബൈബിളധ്യയനങ്ങളും നടത്തി. ഇപ്പോൾ വീട്ടിൽ പോകാൻ നേരമായി. “മൊറ്യൂസാക് ഗ്രാമത്തിൽനിന്നു തുഴഞ്ഞുപോകാനായി അന്നു വൈകുന്നേരം ഞങ്ങളുടെ റബ്ബർ ബോട്ടിൽ കയറിയപ്പോൾ നിരവധിയാളുകൾ, തങ്ങൾ വാങ്ങിയ പുസ്തകങ്ങളും ലഘുപത്രികകളും വീശിക്കൊണ്ട്, ഞങ്ങളെ യാത്രയയ്ക്കാൻ തീരത്തുണ്ടായിരുന്നു.”
പിന്നീട്, തീരത്തിന്റെ വിജനമായ ഒരു ഭാഗത്ത്—അങ്ങു വിദൂരതയിൽനിന്ന്—പാറപ്പുറത്തുനിന്ന് ഒരു മനുഷ്യൻ കൈവീശുന്നതു കണ്ടപ്പോൾ സാക്ഷികൾ അത്ഭുതസ്തബ്ധരായി! “തീർച്ചയായും, അദ്ദേഹത്തെ സന്ധിക്കുന്നതിനു ഞങ്ങൾ തീരമണഞ്ഞു. അദ്ദേഹം ജർമനിയിലെ ബർലിനിൽനിന്നുള്ള ഒരു യുവാവായിരുന്നു. തന്റെ റബ്ബർബോട്ടിൽ തീരത്തോടു ചേർന്ന് അദ്ദേഹം സഞ്ചരിക്കാൻ തുടങ്ങിയിട്ട് ഒരു മാസമായിരുന്നു. ജർമനിയിൽ യഹോവയുടെ സാക്ഷികൾ അദ്ദേഹത്തെ പതിവായി സന്ദർശിക്കാറുണ്ട്, അവരുടെ പല പുസ്തകങ്ങളും അദ്ദേഹത്തിന്റെ പക്കലുണ്ട്. ഞങ്ങൾ അദ്ദേഹത്തോടൊപ്പം ഏതാനും മണിക്കൂറുകൾ ചെലവഴിച്ചു. അത്തരമൊരു സ്ഥലത്തു സാക്ഷികളെ കണ്ടുമുട്ടിയതിൽ അദ്ദേഹത്തിനു വാസ്തവമായും മതിപ്പുതോന്നി.”
സന്ദർശിക്കാതെ പോയ സവിസ്സിവിക് ഗ്രാമപ്രദേശത്ത് മടക്കയാത്രയിൽ ആ സഞ്ചാര ശുശ്രൂഷകർക്കു വമ്പിച്ച വരവേൽപ്പു ലഭിച്ചു. അവിടെ ചിലർ തലേവർഷം സാഹിത്യങ്ങൾ കൈപ്പറ്റുകയും വായിക്കുകയും ചെയ്തിരുന്നു. അവർ കൂടുതൽ ആത്മീയ ഭക്ഷണത്തിനു വിശപ്പുള്ളവരായിരുന്നു.
മെൽവിൽ കടലിടുക്കിലൂടെയുള്ള മടക്കയാത്രയ്ക്കു 14 മണിക്കൂർ എടുത്തു. “തുടർച്ചയായി മാറിമാറി വരുന്ന മാസ്മരവർണങ്ങളിൽ മണിക്കൂറുകളോളം നിലനിൽക്കുന്ന ഒരനുഭവമായ സൂര്യാസ്തമയത്തിനു ഞങ്ങൾ ദൃക്സാക്ഷികളായി. അതേത്തുടർന്ന് ഉടനടി ഉണ്ടാകുന്ന സൂര്യോദയവും ദീർഘനേരമെടുത്തു. ഉത്തരപൂർവ നഭോമണ്ഡലത്തെ അപ്പോഴും പൊതിഞ്ഞിരുന്ന അരുണശോണിത വർണങ്ങൾക്കു സൂര്യാസ്തമയം ചാമരം വീശുമ്പോൾ, അൽപ്പം തെക്കുഭാഗത്തായി സൂര്യൻ തലപൊക്കി. പര്യാപ്തമാംവിധം വർണിക്കാൻ—അല്ലെങ്കിൽ ഫോട്ടോയിൽ പകർത്താൻ—അസാധ്യമായ ഒരു രംഗമാണത്.” ആ സംഘം രാത്രി മുഴുവൻ ഉണർന്നിരുന്നു.
“കുല്ലൊർസ്വാക്കിൽ എത്തിയപ്പോഴേക്കും ഞങ്ങൾ ആകെ തളർന്നിരുന്നു. എന്നാൽ ഞങ്ങൾ സന്തുഷ്ടരും സംതൃപ്തരുമായിരുന്നു. ഞങ്ങൾ യാത്ര വിജയകരമായി പൂർത്തിയാക്കിയിരുന്നു! ശേഷിച്ച യാത്രയിൽ തീരപ്രദേശത്തുള്ള പട്ടണങ്ങളിലും ഗ്രാമങ്ങളിലും ഞങ്ങൾ വളരെയധികം താത്പര്യം കണ്ടെത്തി. മിക്കപ്പോഴും ആവർത്തിച്ചു കേട്ട ചോദ്യമാണ്: ‘നിങ്ങളിൽ ചിലർക്കു ഞങ്ങളോടൊപ്പം താമസിക്കരുതോ? ഇത്രപെട്ടെന്നു നിങ്ങൾ പോകുന്നതിൽ ഞങ്ങൾക്കു വളരെ വിഷമമുണ്ട്!’”
ക്വാർസത്തിൽ ഒരു സൗഹൃദ കുടുംബം അഞ്ചു സന്ദർശകരെയും തങ്ങളോടൊപ്പം ഊണിനു ക്ഷണിച്ചു. “അന്നുരാത്രി ഞങ്ങൾ അവിടെ തങ്ങണമെന്നതായിരുന്നു ആ വീട്ടുകാരുടെ ആഗ്രഹം. എന്നാൽ 40 കിലോമീറ്റർ അകലെ, നങ്കൂരമടിക്കാൻ മെച്ചപ്പെട്ട സ്ഥലമുണ്ടായിരുന്നതിനാൽ ഞങ്ങൾ അവരുടെ ക്ഷണം നിരസിച്ചു യാത്ര തുടർന്നു. പിറ്റേന്ന് അതിരാവിലെ ഒരു വലിയ ഹിമാനി പിളരുകയും ഒരു തിരമാല ഞങ്ങളുടെ ബോട്ട് ഇട്ടിരുന്നിടത്തു കിടന്ന 14 ചെറിയ ബോട്ടുകളെ കീഴ്മേൽ മറിക്കുകയും ചെയ്തതായി പിന്നീടു ഞങ്ങൾ കേട്ടു!”
ഒടുവിൽ, തങ്ങളുടെ ടൂളി പര്യടനം കഴിഞ്ഞ് സംഘം ഇലുലിസാത്തിൽ മടങ്ങിയെത്തി. ഏതാണ്ട് അതേ സമയംതന്നെ, വേറെ രണ്ടു പ്രസാധകർ ഗ്രീൻലൻഡിലെ പൂർവ തീരപ്രദേശത്തുള്ള ഒറ്റപ്പെട്ട ഭാഗങ്ങൾ സന്ദർശിക്കാൻ യാത്രപുറപ്പെട്ടിരുന്നു. ആ രണ്ടു യാത്രകളിലുമായി പ്രസാധകർ മൊത്തം 1,200 പുസ്തകങ്ങൾ, 2,199 ലഘുപത്രികകൾ, 4,224 മാസികകൾ എന്നിവ സമർപ്പിക്കുകയും 152 വരിസംഖ്യകൾ കരസ്ഥമാക്കുകയും ചെയ്തു. പുതിയ നിരവധി താത്പര്യക്കാരുമായി ടെലഫോണിലൂടെയും കത്തിടപാടുകളിലൂടെയും ഇപ്പോൾ സമ്പർക്കം പുലർത്തിവരുന്നു.
സമയം, ഊർജം, സാമ്പത്തിക ചെലവുകൾ എന്നിവ ഉൾപ്പെട്ടിരുന്നിട്ടും യഹോവയുടെ സാക്ഷികൾ തങ്ങളുടെ നായകന്റെ പിൻവരുന്ന കൽപ്പന അനുസരിക്കുന്നതിൽ വളരെയധികം സന്തുഷ്ടി കണ്ടെത്തുന്നു: ‘ഭൂമിയുടെ അറ്റത്തോളം എന്റെ സാക്ഷികൾ ആകുവിൻ.’—പ്രവൃത്തികൾ 1:8.
[28-ാം പേജിലെ ചതുരം]
ഗ്രീൻലൻഡിന്റെ പൂർവതീരത്ത്
പ്രസാധകരുടെ ആ സംഘം ടൂളിയിൽ എത്തിയ ഏതാണ്ട് അതേ സമയംതന്നെ വെഗോ, സോണ്യ എന്നീ സാക്ഷി ദമ്പതികൾ, പ്രവർത്തിക്കാത്ത മറ്റൊരു പ്രദേശത്തേക്ക്—ഗ്രീൻലൻഡിന്റെ പൂർവതീരത്തുള്ള ഇട്ടോക്വർട്ടുർമിറ്റിലേക്കു (സ്കോർസ്ബിസൻഡ്)—യാത്രയായി. അവിടെ എത്തിച്ചേരുന്നതിന് അവർക്ക് ഐസ്ലൻഡിൽ ചെന്ന് അവിടെനിന്നു ഗ്രീൻലൻഡിലെ തീരപ്രദേശത്തുള്ള കോൺസ്റ്റബിൾ പോയൻറിലേക്ക് വിമാനം കയറി അവിടെനിന്ന് ഹെലിക്കോപ്റ്റർ വഴി പോകേണ്ടിയിരുന്നു.
“യഹോവയുടെ സാക്ഷികൾ ഇവിടെ വരുന്നത് ഇത് ആദ്യമായിട്ടാണ്,” മാതൃഭാഷ ഗ്രീൻലാൻഡിക് ആയ ആ രണ്ടു പയനിയർമാർ വിവരിക്കുന്നു. “ഒറ്റപ്പെട്ട സ്ഥലങ്ങളിലുള്ളവരാണെങ്കിലും വിസ്മയജനകമെന്നുപറയട്ടെ, ജനങ്ങൾ നല്ല അറിവുള്ളവരായിരുന്നു. എന്നിട്ടും, പുതിയ കാര്യങ്ങൾ അറിയുന്നതിലും അവർ സന്തോഷമുള്ളവരായിരുന്നു. നിപുണരായ കാഥികരെപ്പോലെ അവർ തങ്ങളുടെ കടൽനായ് വേട്ടയെയും പ്രകൃതിയിലെ മറ്റനുഭവങ്ങളെയും കുറിച്ചു സോത്സാഹം ഞങ്ങളോടു പറഞ്ഞു.” പ്രസംഗവേലയോടുള്ള അവരുടെ പ്രതികരണമോ?
“വീടുതോറുമുള്ള പ്രസംഗവേലയിൽ ഞങ്ങൾ, ഒരു ക്രൈസ്തവ വേദോപദേശകനായ ജെ——യെ കണ്ടുമുട്ടി. ‘നിങ്ങളുടെ സന്ദർശനത്തിൽ എന്നേയും ഉൾപ്പെടുത്തിയതിനു നന്ദി,’ അദ്ദേഹം പറഞ്ഞു. ഞങ്ങൾ സാഹിത്യം നൽകിയിട്ട് അത് എങ്ങനെ ഉപയോഗിക്കണമെന്നു കാണിച്ചുകൊടുത്തു. പിറ്റേന്ന് അദ്ദേഹം യഹോവ എന്ന പേരിനെക്കുറിച്ച് അറിയാൻ ഞങ്ങളുടെയടുക്കൽ എത്തി. അദ്ദേഹത്തിന്റെതന്നെ ഗ്രീൻലാൻഡിക് ബൈബിളിലെ ഒരു അടിക്കുറിപ്പിൽ ഒരു വിശദീകരണം കാട്ടിക്കൊടുത്തു. ഞങ്ങൾ അവിടെനിന്നു പോന്നപ്പോൾ നൂക്കിലുള്ള ഞങ്ങളുടെ സുഹൃത്തുക്കളെ വിളിച്ചു ഞങ്ങളുടെ സന്ദർശനത്തിന് അദ്ദേഹം നന്ദിപറഞ്ഞു. ആ മനുഷ്യനെ കൂടുതൽ സഹായിക്കാൻ ഞങ്ങൾ ശ്രമിക്കേണ്ടതുണ്ട്.
“യഹോവയുടെ സാക്ഷികളെക്കുറിച്ചറിയാവുന്ന ഒരു അധ്യാപകനായ ഓ——യെയും ഞങ്ങൾ കണ്ടുമുട്ടി. തന്റെ ക്ലാസ്സിലുള്ള 14 മുതൽ 16 വരെ വയസ്സുള്ള കുട്ടികളോടു സംസാരിക്കാൻ അദ്ദേഹം ഞങ്ങൾക്കു രണ്ടു മണിക്കൂർ നൽകി. തന്മൂലം ഞങ്ങൾ അവരെ നമ്മുടെ വീഡിയോ കാട്ടുകയും അവരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയും ചെയ്തു. യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും—പ്രായോഗികമായ ഉത്തരങ്ങളും a എന്ന പുസ്തകം ചൂടപ്പം പോലെ വിതരണംചെയ്തു. ആ ക്ലാസ്സിലെ മൂന്നു പെൺകുട്ടികളെ ഞങ്ങൾ പിന്നീടു കണ്ടുമുട്ടി. അവർക്ക് അനേകം ചോദ്യങ്ങളുണ്ടായിരുന്നു, അവരിലൊരാൾ പ്രത്യേകിച്ചും താത്പര്യമുള്ളവളായിരുന്നു. അവൾ ചോദിച്ചു: ‘എങ്ങനെയാണ് ഒരു സാക്ഷിയായിത്തീരുന്നത്? നിങ്ങളെപ്പോലെ ആയിരിക്കുന്നതു തീർച്ചയായും നല്ലതായിരിക്കും. എന്റെ ഡാഡിയും നിങ്ങളുടെ പക്ഷത്താണ്.’ അവൾക്ക് എഴുതാമെന്നു ഞങ്ങൾ വാഗ്ദാനം ചെയ്തു.
“ഗ്രാമങ്ങളിലൊന്നിൽ, ഞങ്ങൾ മറ്റൊരു ക്രൈസ്തവ വേദോപദേശകനായ എം——നെ കണ്ടുമുട്ടി, രസകരമായ ഒരു ചർച്ച നടത്തി. വേട്ടയ്ക്കു പോയിരിക്കുന്നവർ തിരികെ വരുന്ന ഉടനെ അവർ ഞങ്ങളുടെ സാഹിത്യം കൈപ്പറ്റുന്നുവെന്ന് ഉറപ്പുവരുത്താമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു. അങ്ങനെ, ഇപ്പോൾ അദ്ദേഹം ആ വിദൂരപ്രദേശത്തു ഞങ്ങളുടെ ‘പ്രസാധക’നാണ്.”
ചുറ്റിവളഞ്ഞ, ദുഷ്കരമായ ഒരു യാത്രയായിരുന്നു അതെങ്കിലും, തങ്ങളുടെ ശ്രമങ്ങൾക്കു സമൃദ്ധമായ പ്രതിഫലം ലഭിച്ചതായി ആ രണ്ടു പയനിയർമാരും കണക്കാക്കുന്നു.
[അടിക്കുറിപ്പ]
a വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ചത്.