ദൈവം എല്ലാത്തരം ആരാധനയും അംഗീകരിക്കുന്നുവോ?
ദൈവം എല്ലാത്തരം ആരാധനയും അംഗീകരിക്കുന്നുവോ?
ഒരു ആത്മീയ ആവശ്യം—ആരാധിക്കാനുള്ള ഒരാവശ്യം—സഹിതമാണു ദൈവം മനുഷ്യനെ സൃഷ്ടിച്ചത്. അതു പരിണമിച്ചുണ്ടായ ഒന്നല്ല. അത് ആരംഭം മുതലേ മമനുഷ്യന്റെ ഭാഗമായിരുന്നു.
എന്നിരുന്നാലും ദുഃഖകരമെന്നു പറയട്ടെ, മനുഷ്യവർഗം നാനാതരത്തിലുള്ള ആരാധനാരീതികൾ വികസിപ്പിച്ചെടുത്തിരിക്കുന്നു. ഇവയിൽ അധികപങ്കും, സന്തുഷ്ടവും ഏകീകൃതവുമായ മനുഷ്യ കുടുംബത്തെ വാർത്തെടുത്തിട്ടില്ല. പകരം, മതത്തിന്റെ പേരിൽ ഇപ്പോഴും രക്തപങ്കിലമായ യുദ്ധങ്ങൾ തേർവാഴ്ച നടത്തുന്നു. അതു പ്രധാനപ്പെട്ട ഈ ചോദ്യം ഉന്നയിക്കുന്നു: ഒരുവൻ ദൈവത്തെ ആരാധിക്കുന്ന വിധം പ്രാധാന്യമുള്ളതാണോ?
പുരാതന കാലങ്ങളിലെ ചോദ്യംചെയ്യത്തക്കതരം ആരാധന
മധ്യപൂർവ ദേശത്തു വസിച്ചിരുന്ന പുരാതന ജനതകൾ, ആ ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ നമ്മെ സഹായിക്കുന്ന ചരിത്രപരമായ ഒരു ദൃഷ്ടാന്തം പ്രദാനം ചെയ്യുന്നു. പലരും ബാൽ എന്നു പേരുള്ള ഒരു ദേവനെ ആരാധിച്ചു. അവർ അശേരാ പോലുള്ള ബാലിന്റെ സഖിമാരെയും ആരാധിച്ചിരുന്നു. അശേരായുടെ ആരാധനയിൽ ഒരു ലൈംഗിക പ്രതീകമായി വിശ്വസിച്ചിരുന്ന ഒരു വിശുദ്ധ ദണ്ഡിന്റെ ഉപയോഗം ഉൾപ്പെട്ടിരുന്നു. ആ പ്രദേശത്തു പ്രവർത്തിക്കുന്ന പുരാവസ്തുഗവേഷകർ നഗ്നസ്ത്രീകളുടെ അനേകം ബിംബങ്ങൾ കുഴിച്ചെടുത്തിട്ടുണ്ട്. ഈ ബിംബങ്ങൾ, “ജനനേന്ദ്രിയങ്ങൾക്കു പ്രാധാന്യം നൽകിയിരിക്കുന്ന, സ്തനങ്ങൾ ഉയർത്തിപ്പിടിച്ചു നിൽക്കുന്ന ഒരു ദേവിയെ വിശേഷവത്കരിക്കുന്നു,” മാത്രമല്ല അവ “സാധ്യതയനുസരിച്ച്, . . . അശേരായെയാണു പ്രതിനിധാനം ചെയ്യുന്നത്” എന്ന് മതവിജ്ഞാനകോശം (ഇംഗ്ലീഷ്) പ്രസ്താവിക്കുന്നു. ഒരു കാര്യം ഉറപ്പാണ്, ബാൽ ആരാധന മിക്കപ്പോഴും വളരെ അധാർമികമായിരുന്നു.
അതുകൊണ്ട്, ബാൽ ആരാധനയിൽ ലൈംഗിക മദിരോത്സവങ്ങൾ ഉൾപ്പെട്ടിരുന്നതിൽ അതിശയിക്കാനില്ല. (സംഖ്യാപുസ്തകം 25:1-3) കനാന്യനായ ശെഖേം യുവകന്യകയായ ദീനയെ ബലാൽസംഗം ചെയ്തു. അങ്ങനെയൊക്കെയായിരുന്നിട്ടും അയാൾ തന്റെ കുടുംബത്തിലെ ഏറ്റവും ആദരണീയ വ്യക്തിയെന്നനിലയിൽ വീക്ഷിക്കപ്പെട്ടു. (ഉല്പത്തി 34:1, 2, 19) നിഷിദ്ധബന്ധുവേഴ്ച, സ്വവർഗരതി, മൃഗസംഭോഗം തുടങ്ങിയവ സാധാരണമായിരുന്നു. (ലേവ്യപുസ്തകം 18:6, 22-24, 27) സ്വവർഗരതിക്കാരുടെ ഒരു നടപടിയായിരുന്ന “സോദോമ്യപാപം” എന്ന വാക്കുതന്നെ ലോകത്തിന്റെ ആ ഭാഗത്ത് ഒരിക്കൽ നിലനിന്നിരുന്ന ഒരു നഗരനാമത്തിൽനിന്നു വരുന്നതാണ്. (ഉല്പത്തി 19:4, 5, 28) ബാൽ ആരാധനയിൽ രക്തച്ചൊരിച്ചിലും ഉൾപ്പെട്ടിരുന്നു. എന്തിന്, ബാൽ ആരാധകർ തങ്ങളുടെ ദേവന്മാർക്കുള്ള യാഗമായി ആളിക്കത്തുന്ന അഗ്നിയിലേക്കു തങ്ങളുടെ മക്കളെ ജീവനോടെ എറിയുമായിരുന്നുവത്രേ! (യിരെമ്യാവു 19:5) ഈ ആചാരങ്ങളെല്ലാം മതപരമായ പഠിപ്പിക്കലുകളോടു ബന്ധപ്പെട്ടിരുന്നു. എങ്ങനെ?
“കനാന്യ ഐതിഹ്യത്തിലെ മൃഗീയതയും ലൈംഗികതൃഷ്ണയും തോന്നിയവാസവും അക്കാലത്തു സമീപ പൗരസ്ത്യദേശത്തു മറ്റെവിടെയും ഉണ്ടായിരുന്നതിനെക്കാൾ വളരെ അധമമായിരുന്നു. കനാന്യ ദേവന്മാർക്ക് യാതൊരു ധാർമിക സ്വഭാവവും ഇല്ലായിരുന്നുവെന്ന ഞെട്ടിക്കുന്ന പ്രത്യേകത, അവയുടെ ഭക്തന്മാരിലെ ഏറ്റവും നികൃഷ്ടമായ സ്വഭാവസവിശേഷതകളെ വെളിച്ചത്തു കൊണ്ടുവരുകയും വിശുദ്ധ വേശ്യാവൃത്തിയും ശിശുബലിയും പോലുള്ള അക്കാലത്തെ ഏറ്റവും അധഃപതിപ്പിക്കുന്ന അനേകം ആചാരങ്ങൾ അടിച്ചേൽപ്പിക്കുകയും ചെയ്തിരിക്കണം” എന്ന് പുരാവസ്തുശാസ്ത്രവും പഴയനിയമവും (ഇംഗ്ലീഷ്) എന്ന തന്റെ ഗ്രന്ഥത്തിൽ ഡോ. മെറിൽ ആംഗർ വിശദീകരിക്കുന്നു.
കനാന്യരുടെ ആരാധന ദൈവം അംഗീകരിച്ചോ? തീർച്ചയായുമില്ല. ശുദ്ധമായ ഒരു വിധത്തിൽ തന്നെ എങ്ങനെ ആരാധിക്കണമെന്ന് അവൻ ഇസ്രായേല്യരെ പഠിപ്പിച്ചു. മേൽപ്പറഞ്ഞ ആചാരങ്ങൾ സംബന്ധിച്ച് അവൻ ഇങ്ങനെ മുന്നറിയിപ്പു നൽകി: “ഇവയിൽ ഒന്നുകൊണ്ടും നിങ്ങളെ തന്നേ അശുദ്ധരാക്കരുതു; ഞാൻ നിങ്ങളുടെ മുമ്പിൽനിന്നു നീക്കിക്കളയുന്ന ജാതികൾ ഇവയാൽ ഒക്കെയും തങ്ങളെത്തന്നേ അശുദ്ധരാക്കിയിരിക്കുന്നു. ദേശവും അശുദ്ധമായിത്തീർന്നു; അതുകൊണ്ടു ഞാൻ അതിന്റെ അകൃത്യം അതിന്മേൽ സന്ദർശിക്കുന്നു; ദേശം തന്റെ നിവാസികളെ ഛർദ്ദിച്ചുകളയുന്നു.”—ലേവ്യപുസ്തകം 18:24, 25.
നിർമലാരാധന മലിനമായിത്തീരുന്നു
പല ഇസ്രായേല്യരും നിർമലാരാധന സംബന്ധിച്ച ദൈവത്തിന്റെ വീക്ഷണം കൈക്കൊണ്ടില്ല. പകരം, ബാൽ ആരാധന തങ്ങളുടെ ദേശത്തു തുടരാൻ അവർ അനുവദിച്ചു. പെട്ടെന്നുതന്നെ യഹോവാരാധനയെ ബാലാരാധനയുമായി കൂട്ടിക്കലർത്താൻ ശ്രമിക്കുന്നതിലേക്ക് ഇസ്രായേല്യർ വശീകരിക്കപ്പെട്ടു. അത്തരം സമ്മിശ്ര ആരാധനാരീതി ദൈവം അംഗീകരിച്ചുവോ? രാജാവായ മനശ്ശെയുടെ വാഴ്ചക്കാലത്തു സംഭവിച്ചത് എന്തെന്നു പരിചിന്തിക്കുക. അവൻ ബാലിനു യാഗപീഠങ്ങൾ പണിത് സ്വന്തം പുത്രനെ യാഗമായി ചുട്ടെരിച്ചു, കൂടാതെ മന്ത്രവാദം ആചരിക്കുകയും ചെയ്തു. “എന്റെ നാമം എന്നേക്കും സ്ഥാപിക്കും എന്നു യഹോവ . . . അരുളിച്ചെയ്ത ആലയത്തിൽ . . . താൻ ഉണ്ടാക്കിയ അശേരാപ്രതിഷ്ഠ അവൻ പ്രതിഷ്ഠിച്ചു.”—2 രാജാക്കന്മാർ 21:3-7.
മനശ്ശെയുടെ പ്രജകൾ തങ്ങളുടെ രാജാവിന്റെ മാതൃക പിൻപറ്റി. വാസ്തവത്തിൽ, “യഹോവ യിസ്രായേൽമക്കളുടെ മുമ്പിൽനിന്നു നശിപ്പിച്ച ജാതികളെക്കാളും അധികം ദോഷം ചെയ്വാൻ മനശ്ശെ അവരെ തെറ്റിച്ചുകളഞ്ഞു.” (2 രാജാക്കന്മാർ 21:9) ദൈവത്തിന്റെ പ്രവാചകന്മാരിൽനിന്ന് ആവർത്തിച്ചാവർത്തിച്ചുണ്ടായ മുന്നറിയിപ്പുകൾ ചെവിക്കൊള്ളുന്നതിനു പകരം, കുറ്റമില്ലാത്ത രക്തംകൊണ്ടു യെരുശലേമിനെ നിറയ്ക്കുന്ന ഘട്ടത്തോളം മനശ്ശെ കൊലപാതകം ചെയ്തു. കാലാന്തരത്തിൽ മനശ്ശെ പരിവർത്തനം വരുത്തിയെങ്കിലും, അവന്റെ പുത്രനും പിൻഗാമിയുമായ ആമോൻ രാജാവ് ബാൽ ആരാധനയ്ക്ക് ഒരു പുനരുണർവ് നൽകുകയുണ്ടായി.—2 രാജാക്കന്മാർ 21:16, 19, 20
ക്രമേണ, പുരുഷവേശ്യമാർ ആലയത്തിൽ പ്രവർത്തിക്കാൻ തുടങ്ങി. ബാൽ ആരാധനയുടെ ഇത്തരം രീതിയെ ദൈവം എങ്ങനെയാണു വീക്ഷിച്ചത്? മോശയിലൂടെ അവൻ ഇങ്ങനെ മുന്നറിയിപ്പു നൽകിയിരുന്നു: “വേശ്യയുടെ കൂലിയും നായുടെ [ഗുദഭോഗിയായിരിക്കാനിടയുണ്ട്] വിലയും നിന്റെ ദൈവമായ യഹോവയുടെ ആലയത്തിലേക്കു യാതൊരു നേർച്ചയായിട്ടും കൊണ്ടുവരരുതു; ഇവ രണ്ടും നിന്റെ ദൈവമായ യഹോവെക്കു അറെപ്പാകുന്നു.”—ആവർത്തനപുസ്തകം 23:17, 18, NW അടിക്കുറിപ്പ്.
മനശ്ശെയുടെ പൗത്രനായ യോശീയാ രാജാവ് അധാർമിക ബാൽ ആരാധനയിൽനിന്ന് ആലയം ശുദ്ധമാക്കി. (2 രാജാക്കന്മാർ 23:6, 7) എന്നാൽ കാര്യങ്ങൾ അങ്ങേയറ്റം അതിക്രമിച്ചിരുന്നു. യോശീയാവിന്റെ മരണശേഷം അധികം താമസിയാതെ, യഹോവയുടെ ആലയത്തിൽ വിഗ്രഹാരാധന വീണ്ടും വേരുപിടിക്കാൻ തുടങ്ങി. (യെഹെസ്കേൽ 8:3, 5-17) അതുകൊണ്ട് ബാബിലോൻ രാജാവ് യെരുശലേമിനെയും അതിലെ ആലയത്തെയും നശിപ്പിക്കാൻ യഹോവ ഇടവരുത്തി. ചിലതരം ആരാധനാരീതികൾ ദൈവത്തിനു സ്വീകാര്യമല്ല എന്നതിന്റെ തെളിവാണു ചരിത്രത്തിലെ ഈ ദുഃഖസത്യം. നമ്മുടെ നാൾ സംബന്ധിച്ചോ?