ക്യൂബയിൽ ‘പ്രവർത്തനത്തിലേക്കു നയിക്കുന്ന വലിയ ഒരു വാതിൽ തുറന്നിരിക്കുന്നു’
രാജ്യപ്രഘോഷകർ റിപ്പോർട്ടു ചെയ്യുന്നു
ക്യൂബയിൽ ‘പ്രവർത്തനത്തിലേക്കു നയിക്കുന്ന വലിയ ഒരു വാതിൽ തുറന്നിരിക്കുന്നു’
അപ്പോസ്തലനായ പൗലോസ് ദൈവരാജ്യ സുവാർത്തയുടെ ഒരു മുന്തിയ പ്രസംഗകനായിരുന്നു. അനുസരണമുള്ള മനുഷ്യവർഗത്തിനായുള്ള സ്രഷ്ടാവിന്റെ വാഗ്ദത്തങ്ങൾ മറ്റുള്ളവരുമായി പങ്കുവെക്കുന്നതിനുള്ള എല്ലാ അവസരവും അവൻ ഉപയോഗപ്പെടുത്തി. പുരാതന എഫേസോസ് സന്ദർശിക്കവേ, കൂടുതൽ ആളുകളെ സഹായിക്കാൻ തന്നെ അനുവദിക്കുന്ന പുതിയ ചുറ്റുപാടുകൾ പൗലോസ് തിരിച്ചറിഞ്ഞു. “ഞാൻ എഫേസോസിൽ തങ്ങുകയാണ് . . . , കാരണം പ്രവർത്തനത്തിലേക്കു നയിക്കുന്ന വലിയ ഒരു വാതിൽ എനിക്കായി തുറന്നിരിക്കുന്നു” എന്ന് അവൻ പറഞ്ഞു.—1 കൊരിന്ത്യർ 16:8, 9, NW.
ക്യൂബയിലുള്ള യഹോവയുടെ സാക്ഷികളും തങ്ങൾ പുതിയ ചുറ്റുപാടുകളിലാണെന്നു മനസ്സിലാക്കുന്നു. ഇതുവരെ ഔദ്യോഗികമായി രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിലും, രാജ്യത്തെ സഹമനുഷ്യരുമായി തങ്ങളുടെ ബൈബിൾ പ്രത്യാശ തുറന്നു പങ്കുവെക്കാൻ സാക്ഷികൾക്ക് ഇപ്പോൾ കഴിയുന്നുണ്ട്. വ്യത്യസ്ത മതവിഭാഗങ്ങൾ സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കുന്നതിൽ കാര്യമായ താത്പര്യം ക്യൂബയിലെ ഗവൺമെൻറ് അടുത്തകാലത്തു പ്രകടിപ്പിക്കുകയുണ്ടായി. ക്യൂബൻ ഗവൺമെൻറ് ഇപ്പോൾ മെച്ചപ്പെട്ട ബന്ധം ആസ്വദിക്കുന്ന ഒരു മതവിഭാഗമായി യഹോവയുടെ സാക്ഷികളെക്കുറിച്ച് പ്രസിഡൻറ് കാസ്ട്രോ പരസ്യമായി പരാമർശിക്കുകയുണ്ടായി.
ഈ പുതിയ സാഹചര്യം സാക്ഷികൾക്കായി “പ്രവർത്തനത്തിലേക്കു നയിക്കുന്ന വലിയ ഒരു വാതിൽ” തുറന്നിരിക്കുന്നു. ഉദാഹരണത്തിന്, യഹോവയുടെ സാക്ഷികൾ അടുത്ത കാലത്ത് ക്യൂബയിൽ പുതിയ ഒരു ഓഫീസ് തുറക്കുകയുണ്ടായി. അത് ആ രാജ്യത്തെ അവരുടെ പ്രസംഗപ്രവർത്തനങ്ങൾ ഏകീഭവിപ്പിക്കാൻ അവരെ സഹായിക്കുന്നു. ബൈബിൾ പഠിക്കാനും അതു മനസ്സിലാക്കാനും 65,000-ത്തിലധികം സാക്ഷികൾ ആളുകളെ ഇപ്പോൾ സഹായിച്ചുകൊണ്ടിരിക്കുന്നു. വീക്ഷാഗോപുരം, ഉണരുക! മാസികകൾ പോലുള്ള ബൈബിൾ സാഹിത്യങ്ങൾ അവർ ഉപയോഗിക്കുന്നു. യഹോവയുടെ സാക്ഷികളോടൊപ്പം ബൈബിൾ പഠിക്കുന്നതിൽനിന്നു നീതിയോടു ചായ്വുള്ള പല ക്യൂബക്കാരും പ്രയോജനം നേടുകയാണ്.
ആ ദ്വീപിലുടനീളം സാക്ഷികൾ പതിവായി ചെറിയ കൂട്ടങ്ങളായി യോഗങ്ങളും നടത്തുന്നു. ചിലപ്പോൾ, ഏതാണ്ട് 150 പേരുടെ കൂട്ടങ്ങളായി വലിയ സമ്മേളനങ്ങൾ നടത്തുന്നതിനുള്ള പദവിയും അവർ ആസ്വദിക്കാറുണ്ട്. ക്യൂബൻ അധികാരികളിൽനിന്നു തങ്ങൾക്കു ലഭിച്ച അനുവാദത്തെ അവർ തീർച്ചയായും വിലമതിക്കുന്നു. തങ്ങളുടെ ആത്മീയ സഹോദരീസഹോദരന്മാരുമായി കൂടിവന്നു ദൈവത്തിനു സ്തുതികൾ പാടുന്നതിനും ഒന്നിച്ചു പ്രാർഥിക്കുന്നതിനും അത് അവർക്ക് അവസരം പ്രദാനം ചെയ്യുന്നു.
അടുത്തകാലത്ത് വെറും മൂന്നു വാരാന്ത്യങ്ങളിലായി “ദൈവഭയ” ഡിസ്ട്രിക്റ്റ് കൺവെൻഷൻ 1,000-ത്തിലധികം പ്രാവശ്യം നടത്തുകയുണ്ടായി. എല്ലാ കൺവെൻഷനുകളിലും “ക്രമവും അച്ചടക്കവും സമാധാനവും” പ്രകടമായിരുന്നു എന്ന് ഒരു റിപ്പോർട്ടു പ്രസ്താവിക്കുന്നു. ഇക്കാര്യത്തിൽ അധികാരികൾ സാക്ഷികളെ അനുമോദിക്കുകയുണ്ടായി.
ലോകവ്യാപകമായി, ദൈവരാജ്യ സുവാർത്ത പ്രസംഗിക്കുന്നതിനുള്ള ദൈവദത്ത കൽപ്പന നിറവേറ്റുന്നതിൽ യഥാർഥ ക്രിസ്ത്യാനികൾ കഠിനപരിശ്രമം ചെയ്യുന്നു. അതേസമയം, ഗവൺമെൻറ് അധികാരികളുമായി സമാധാനപരമായ ബന്ധം നിലനിർത്താനും അവർ ശ്രമിക്കുന്നു. (തീത്തൊസ് 3:1) “എന്നാൽ സകലമനുഷ്യർക്കും നാം സർവ്വ ഭക്തിയോടും ഘനത്തോടുംകൂടെ സാവധാനതയും സ്വസ്ഥതയുമുള്ള ജീവനം കഴിക്കേണ്ടതിന്നു വിശേഷാൽ രാജാക്കന്മാർക്കും സകല അധികാരസ്ഥന്മാർക്കും വേണ്ടി യാചനയും പ്രാർത്ഥനയും പക്ഷവാദവും സ്തോത്രവും ചെയ്യേണം എന്നു ഞാൻ സകലത്തിന്നും മുമ്പെ പ്രബോധിപ്പിക്കുന്നു” എന്നെഴുതിയ അപ്പോസ്തലനായ പൗലോസിന്റെ ബുദ്ധ്യുപദേശം യഹോവയുടെ സാക്ഷികൾ പിൻപറ്റുന്നു.—1 തിമൊഥെയൊസ് 2:1, 2.