“ഞാൻ വിശുദ്ധനാകയാൽ നിങ്ങളും വിശുദ്ധരായിരിപ്പിൻ”
“ഞാൻ വിശുദ്ധനാകയാൽ നിങ്ങളും വിശുദ്ധരായിരിപ്പിൻ”
“നിങ്ങളുടെ ദൈവമായ യഹോവ എന്ന ഞാൻ വിശുദ്ധനാകയാൽ നിങ്ങളും വിശുദ്ധരായിരിപ്പിൻ.”—ലേവ്യപുസ്തകം 19:2.
1. വിശുദ്ധരായി ലോകം പരിഗണിക്കുന്ന ചില ആളുകൾ ആരെല്ലാം?
ലോകത്തിലെ ഭൂരിഭാഗം പ്രമുഖ മതങ്ങൾക്കും വിശുദ്ധരായി തങ്ങൾ പരിഗണിക്കുന്നവരുണ്ട്. ഇന്ത്യയിൽ പ്രശസ്തയായ മദർ തെരേസ ദരിദ്രർക്കുവേണ്ടിയുള്ള തന്റെ ആത്മത്യാഗം നിമിത്തം മിക്കപ്പോഴും വിശുദ്ധയായി വീക്ഷിക്കപ്പെടുന്നു. “പരിശുദ്ധ പിതാവ്” എന്നു പാപ്പാ വിളിക്കപ്പെടുന്നു. ആധുനിക കത്തോലിക്കാ പ്രസ്ഥാനമായ ഒപ്യുസ് ഡയിന്റെ സ്ഥാപകനായ ഹൊസെ മാരിയാ ഇസ്ക്രിബായെ ചില കത്തോലിക്കർ “വിശുദ്ധിക്കുള്ള മാതൃക”യായി വീക്ഷിക്കുന്നു. ഹിന്ദുമതത്തിനു സ്വാമിമാർ അഥവാ വിശുദ്ധ പുരുഷൻമാർ ഉണ്ട്. ഗാന്ധി ഒരു വിശുദ്ധ മനുഷ്യനായി ആദരിക്കപ്പെട്ടിരുന്നു. ബുദ്ധമതത്തിനു വിശുദ്ധ സന്ന്യാസിമാരും ഇസ്ലാമിനു വിശുദ്ധ പ്രവാചകനും ഉണ്ട്. എന്നാൽ, വിശുദ്ധനായിരിക്കുകയെന്നാൽ കൃത്യമായും എന്താണ് അർഥമാക്കുന്നത്?
2, 3. (എ) “വിശുദ്ധമായ,” “വിശുദ്ധി” എന്നീ പദങ്ങൾ എന്ത് അർഥമാക്കുന്നു? (ബി) ഉത്തരം ലഭിക്കേണ്ട ചില ചോദ്യങ്ങൾ ഏവ?
2 “വിശുദ്ധമായ” എന്ന പദം “1. . . .ഒരു ദിവ്യ ശക്തിയോടു ബന്ധപ്പെട്ടത്; പവിത്രമായത്. 2. ആരാധനക്കോ പൂജിക്കലിനോ പരിഗണിക്കപ്പെടുന്ന അല്ലെങ്കിൽ യോഗ്യമായ . . . 3. കർശനമായ അല്ലെങ്കിൽ ഉന്നത ധാർമികതയുള്ള മതപരമോ ആത്മീയമോ ആയ വ്യവസ്ഥ അനുസരിച്ചു ജീവിക്കുന്ന . . . 4. മതപരമായ ഉദ്ദേശ്യത്തിനുവേണ്ടി തരംതിരിച്ചതോ വേർതിരിക്കപ്പെട്ടതോ” എന്നിങ്ങനെ നിർവചിക്കപ്പെട്ടിരിക്കുന്നു. ബൈബിൾപരമായ സന്ദർഭത്തിൽ, വിശുദ്ധി “മതപരമായ ശുദ്ധിയെ അല്ലെങ്കിൽ പരിശുദ്ധിയെ; പരിപാവനതയെ” അർഥമാക്കുന്നു. തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്ച (ഇംഗ്ലീഷ്) എന്ന ബൈബിൾ സംശോധക ഗ്രന്ഥം പറയുന്നതനുസരിച്ച്, “മൂല എബ്രായ [പദം] ക്വോഡെഷ്, ദൈവത്തിനായുള്ള വേർപെട്ട അവസ്ഥ, അനന്യത അല്ലെങ്കിൽ വിശുദ്ധീകരണം, . . . ദൈവസേവനത്തിനായി മാറ്റിവെക്കപ്പെടുന്ന അവസ്ഥ, എന്ന ആശയം നൽകുന്നു.” a
3 ഇസ്രായേൽ ജനതയോട് വിശുദ്ധരായിരിക്കാൻ കൽപ്പിച്ചു. ദൈവത്തിന്റെ നിയമം പ്രസ്താവിച്ചു: “ഞാൻ നിങ്ങളുടെ ദൈവമായ യഹോവയാകുന്നു; ഞാൻ വിശുദ്ധനാകയാൽ നിങ്ങൾ നിങ്ങളെ തന്നേ വിശുദ്ധീകരിച്ചു വിശുദ്ധന്മാരായിരിക്കേണം.” ആരായിരുന്നു വിശുദ്ധിയുടെ ഉറവ്? അപൂർണ ഇസ്രായേല്യർക്ക് വിശുദ്ധരായിത്തീരാൻ കഴിയുമായിരുന്നതെങ്ങനെ? വിശുദ്ധിക്കുള്ള യഹോവയുടെ ആഹ്വാനത്തിൽ നമുക്കായി ഇന്ന് എന്തു പാഠങ്ങൾ കണ്ടെത്താവുന്നതാണ്?—ലേവ്യപുസ്തകം 11:44.
വിശുദ്ധിയുടെ ഉറവിടവുമായി ഇസ്രായേൽ ബന്ധപ്പെട്ടിരുന്ന വിധം
4. ഇസ്രായേലിൽ യഹോവയുടെ വിശുദ്ധി ഉദാഹരിക്കപ്പെട്ടിരുന്നത് എങ്ങനെയായിരുന്നു?
4 യഹോവയാം ദൈവത്തിനുള്ള ഇസ്രായേലിന്റെ ആരാധനയോടു ബന്ധപ്പെട്ട എല്ലാറ്റിനെയും വിശുദ്ധമായി പരിഗണിച്ച്, അപ്രകാരംതന്നെ കൈകാര്യം ചെയ്യണമായിരുന്നു. അത് എന്തുകൊണ്ടായിരുന്നു? എന്തുകൊണ്ടെന്നാൽ യഹോവതന്നെയാണു വിശുദ്ധിയുടെ കാരണഭൂതനും ഉറവിടവും. വിശുദ്ധ സമാഗമന കൂടാരത്തിന്റെയും പുരോഹിത വസ്ത്രത്തിന്റെയും അലങ്കാരങ്ങളുടെയും തയ്യാറാക്കൽ സംബന്ധിച്ച മോശയുടെ വിവരണം ഈ വാക്കുകളോടെ ഉപസംഹരിക്കുന്നു: ‘അവർ തങ്കംകൊണ്ടു വിശുദ്ധമുടിയുടെ നെറ്റിപ്പട്ടം ഉണ്ടാക്കി, അതിൽ “യഹോവെക്കു വിശുദ്ധം” [“വിശുദ്ധി യഹോവക്കുള്ളത്,” NW] എന്നു മുദ്രക്കൊത്തായുള്ള ഒരു എഴുത്തു കൊത്തി.’ തങ്കംകൊണ്ടുള്ള ഈ തിളങ്ങുന്ന നെറ്റിപ്പട്ടം മഹാപുരോഹിതന്റെ തലപ്പാവിൽ പതിപ്പിച്ചിരുന്നു, പ്രത്യേക വിശുദ്ധിയുടെ ഒരു സേവനത്തിനായി അദ്ദേഹം വേർതിരിക്കപ്പെട്ടിരുന്നുവെന്ന് അത് അർഥമാക്കി. കൊത്തപ്പെട്ട ഈ അടയാളം സൂര്യപ്രകാശത്തിൽ വെട്ടിത്തിളങ്ങുന്നതു വീക്ഷിക്കവേ യഹോവയുടെ വിശുദ്ധി സംബന്ധിച്ച് ഇസ്രായേല്യർ പതിവായി ഓർമിപ്പിക്കപ്പെട്ടു.—പുറപ്പാടു 28:36; 29:6; 39:30.
5. അപൂർണ ഇസ്രായേല്യരെ വിശുദ്ധരായി പരിഗണിക്കാൻ കഴിയുമായിരുന്നതെങ്ങനെ?
5 എന്നാൽ ഇസ്രായേല്യർക്കു വിശുദ്ധരായിത്തീരാൻ കഴിയുമായിരുന്നതെങ്ങനെ? യഹോവയുമായുള്ള അവരുടെ അടുത്ത ബന്ധത്താലും അവനുള്ള അവരുടെ നിർമലാരാധനയാലും മാത്രം. വിശുദ്ധിയിൽ, ശാരീരികവും ആത്മീയവുമായ ശുദ്ധിയിൽ, “അതിപരിശുദ്ധ”നെ ആരാധിക്കുന്നതിന് അവനെക്കുറിച്ചുള്ള സൂക്ഷ്മപരിജ്ഞാനം അവർക്ക് ആവശ്യമായിരുന്നു. (സദൃശവാക്യങ്ങൾ 2:1-6; 9:10, NW) അതുകൊണ്ട് ഇസ്രായേല്യർ ദൈവത്തെ ഒരു ശുദ്ധമായ ആന്തരത്തോടെയും ഒരു ശുദ്ധമായ ഹൃദയത്തോടെയും ആരാധിക്കേണ്ടിയിരുന്നു. കപടഭക്തിപരമായ രൂപത്തിലുള്ള ഏത് ആരാധനയും യഹോവയ്ക്ക് അനിഷ്ടകരമായിരിക്കുമായിരുന്നു.—സദൃശവാക്യങ്ങൾ 21:27.
ഇസ്രായേലിനെ യഹോവ കുറ്റം വിധിച്ചതിന്റെ കാരണം
6. മലാഖിയുടെ നാളിലെ യഹൂദൻമാർ യഹോവയുടെ മേശയോട് എങ്ങനെ പെരുമാറി?
6 ഇസ്രായേല്യർ അർധഹൃദയത്തോടെ ആലയത്തിലേക്കു നിലവാരം കുറഞ്ഞ, ന്യൂനതയുള്ള യാഗങ്ങൾ കൊണ്ടുവന്നപ്പോൾ ഇതു വ്യക്തമായി ചിത്രീകരിക്കപ്പെട്ടു. തന്റെ പ്രവാചകനായ മലാഖിയിലൂടെ യഹോവ അവരുടെ നിലവാരം കുറഞ്ഞ വഴിപാടുകളെ കുറ്റംവിധിച്ചു: “എനിക്കു നിങ്ങളിൽ പ്രസാദമില്ല എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു; നിങ്ങളുടെ കയ്യിൽനിന്നു ഞാൻ വഴിപാടു കൈക്കൊൾകയുമില്ല. നിങ്ങളോ: യഹോവയുടെ മേശ മലിനമായിരിക്കുന്നു; അവന്റെ ഭോജനമായ അതിന്റെ അനുഭവം നിന്ദ്യം ആകുന്നു എന്നു പറയുന്നതിനാൽ നിങ്ങൾ എന്റെ നാമത്തെ അശുദ്ധമാക്കുന്നു. എന്തൊരു പ്രയാസം എന്നു പറഞ്ഞു നിങ്ങൾ അതിനോടു ചീറുന്നു; എന്നാൽ കടിച്ചുകീറിപ്പോയതിനെയും മുടന്തും ദീനവുമുള്ളതിനെയും നിങ്ങൾ കൊണ്ടുവന്നു അങ്ങനെ കാഴ്ചവെക്കുന്നു എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു; അതിനെ ഞാൻ നിങ്ങളുടെ കയ്യിൽനിന്നു അംഗീകരിക്കുമോ എന്നു യഹോവ അരുളിച്ചെയ്യുന്നു.”—മലാഖി 1:10, 12, 13.
7. പൊ.യു.മു. അഞ്ചാം നൂറ്റാണ്ടിൽ യഹൂദൻമാർ ഏത് അവിശുദ്ധ നടപടികൾ സ്വീകരിച്ചിരുന്നു?
7 സാധ്യതയനുസരിച്ച് പൊ.യു.മു. അഞ്ചാം നൂറ്റാണ്ടിൽ, യഹൂദൻമാരുടെ വ്യാജ നടപടികളെ കുറ്റം വിധിക്കാൻ ദൈവം മലാഖിയെ ഉപയോഗിച്ചു. പുരോഹിതൻമാർ ഒരു മോശമായ ദൃഷ്ടാന്തം വെക്കുകയായി രുന്നു, അവരുടെ നടത്ത യാതൊരു പ്രകാരത്തിലും വിശുദ്ധമായിരുന്നില്ല. ആ നേതൃത്വത്തെ പിന്തുടർന്ന ജനങ്ങൾ ദൈവിക തത്ത്വങ്ങളോടു പറ്റിനിന്നില്ല. സാധ്യതയനുസരിച്ചു പ്രായംകുറഞ്ഞ പുറജാതീയ ഭാര്യമാരെ എടുക്കാൻ കഴിയേണ്ടതിനു തങ്ങളുടെ ഭാര്യമാരെ ഉപേക്ഷിക്കുന്ന ഘട്ടംവരെ അവർ പോയി. മലാഖി എഴുതി: “യഹോവ നിനക്കും നീ അവിശ്വസ്തത കാണിച്ചിരിക്കുന്ന [“വഞ്ചനാത്മകമായി b ഇടപെട്ടിരിക്കുന്ന,” NW] നിന്റെ യൌവനത്തിലെ ഭാര്യക്കും മദ്ധ്യേ സാക്ഷിയായിരുന്നതുകൊണ്ടു തന്നേ; അവൾ നിന്റെ കൂട്ടാളിയും നിന്റെ ധർമ്മപത്നിയുമല്ലോ. . . . നിങ്ങളുടെ ഉള്ളിൽ സൂക്ഷിച്ചുകൊൾവിൻ; തന്റെ യൌവനത്തിലെ ഭാര്യയോടു ആരും അവിശ്വസ്തത കാണിക്കരുതു. ഞാൻ ഉപേക്ഷണം വെറുക്കുന്നു എന്നു യിസ്രായേലിന്റെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നു.”—മലാഖി 2:14-16.
8. വിവാഹമോചനം സംബന്ധിച്ച ആധുനിക വീക്ഷണത്താൽ ക്രിസ്തീയ സഭയിലുള്ള ചിലർ എങ്ങനെ ബാധിക്കപ്പെട്ടിരിക്കുന്നു?
8 ആധുനികകാലത്ത്, എളുപ്പം വിവാഹമോചനം ലഭിക്കുന്ന നിരവധി രാജ്യങ്ങളിൽ വിവാഹമോചന നിരക്കു കുതിച്ചുയർന്നിരിക്കുന്നു. ക്രിസ്തീയ സഭ പോലും ബാധിക്കപ്പെട്ടിരിക്കുന്നു. പ്രതിബന്ധങ്ങൾ തരണം ചെയ്ത് തങ്ങളുടെ വിവാഹം വിജയിപ്പിക്കാൻ ശ്രമിക്കുന്നതിനു മൂപ്പൻമാരുടെ സഹായം തേടുന്നതിനു പകരം തങ്ങളുടെ ഇണയെ ചിലർ വളരെ വേഗം ഉപേക്ഷിച്ചിരിക്കുന്നു. ഒരു ഉയർന്ന വൈകാരിക വിലയൊടുക്കാനായി മിക്കപ്പോഴും കുട്ടികൾ ശേഷിക്കുന്നു.—മത്തായി 19:8, 9.
9, 10. യഹോവയ്ക്കുള്ള നമ്മുടെ ആരാധനയെക്കുറിച്ചു നാം എങ്ങനെ ചിന്തിക്കണം?
9 നാം മുന്നമേ കണ്ടതുപോലെ, മലാഖിയുടെ നാളിലെ സങ്കടകരമായ ആത്മീയ അവസ്ഥയുടെ വീക്ഷണത്തിൽ, യഹൂദയുടെ ഉപരിപ്ലവമായ ആരാധനയെ യഹോവ പരസ്യമായി കുറ്റംവിധിക്കുകയും താൻ നിർമലാരാധന മാത്രമേ സ്വീകരിക്കുകയുള്ളൂവെന്നു പ്രകടമാക്കുകയും ചെയ്തു. യഥാർഥ വിശുദ്ധിയുടെ ഉറവായ അഖിലാണ്ഡ പരമാധികാരിയാം കർത്താവായ യഹോവയാം ദൈവത്തിനുള്ള നമ്മുടെ ആരാധനയുടെ ഗുണമേന്മയെക്കുറിച്ചു പരിചിന്തിക്കാൻ ഇതു നമ്മെ പ്രേരിപ്പിക്കേണ്ടതല്ലേ? നാം ദൈവത്തിനു യഥാർഥത്തിൽ വിശുദ്ധ സേവനം അർപ്പിക്കുന്നുവോ? ആത്മീയമായി ശുദ്ധമായ ഒരു അവസ്ഥയിൽ നാം നമ്മെത്തന്നെ നിലനിർത്തുന്നുവോ?
10 നാം പൂർണരായിരിക്കേണ്ടതുണ്ടെന്ന് ഇത് അർഥമാക്കുന്നില്ല, അത് അസാധ്യമാണ്. നാം നമ്മെത്തന്നെ മറ്റുള്ളവരുമായി താരതമ്യംചെയ്യണമെന്നും അത് അർഥമാക്കുന്നില്ല. എന്നാൽ ഓരോ ക്രിസ്ത്യാനിയും വ്യക്തിയുടെ സാഹചര്യങ്ങൾക്കുള്ളിൽ അവന് അല്ലെങ്കിൽ അവൾക്ക് കഴിയുന്നത്ര മെച്ചമായ ആരാധന ദൈവത്തിന് അർപ്പിക്കണമെന്ന് അത് അർഥമാക്കുകതന്നെ ചെയ്യുന്നു. ഇത് നമ്മുടെ ആരാധനയുടെ ഗുണത്തെ പരാമർശിക്കുന്നു. നമ്മുടെ പവിത്ര സേവനം നമ്മുടെ ഏറ്റവും മെച്ചമായത് അതായത് വിശുദ്ധ സേവനം ആയിരിക്കണം. അത് എങ്ങനെ നിർവഹിക്കപ്പെടുന്നു?—ലൂക്കൊസ് 16:10; ഗലാത്യർ 6:3, 4.
നിർമല ഹൃദയം നിർമലാരാധനയിലേക്കു നയിക്കുന്നു
11, 12. അവിശുദ്ധ പെരുമാറ്റം എവിടെനിന്നാണ് ഉത്ഭവിക്കുന്നത്?
11 ഹൃദയത്തിലുള്ളത് എന്താണെന്ന് ഒരുവൻ പറയുന്നതിനാലും ചെയ്യുന്നതിനാലും പ്രകടമാകുമെന്നു യേശു വ്യക്തമായി പഠിപ്പിച്ചു. സ്വയനീതിക്കാരായ എന്നാൽ അവിശുദ്ധരായ പരീശൻമാരോട് യേശു പറഞ്ഞു: “സർപ്പസന്തതികളേ, നിങ്ങൾ ദുഷ്ടന്മാരായിരിക്കെ നല്ലതു സംസാരിപ്പാൻ എങ്ങനെ കഴിയും? ഹൃദയം നിറഞ്ഞു കവിയുന്നതിൽനിന്നല്ലോ വായ് സംസാരിക്കുന്നതു.” ദുഷ്ടമായ പ്രവൃത്തികൾ ഉത്ഭവിക്കുന്നതു ഹൃദയത്തിലെ അഥവാ ആന്തരിക മനുഷ്യനിലെ ദുഷ്ടമായ ചിന്തകളിൽനിന്നാണെന്ന് അവൻ പിന്നീടു പ്രകടമാക്കി. അവൻ പറഞ്ഞു: “വായിൽനിന്നു പുറപ്പെടുന്നതോ ഹൃദയത്തിൽനിന്നു വരുന്നു; അതു മനുഷ്യനെ അശുദ്ധമാക്കുന്നു. എങ്ങനെയെന്നാൽ ദുശ്ചിന്ത, കുലപാതകം, വ്യഭിചാരം, പരസംഗം, മോഷണം, കള്ളസ്സാക്ഷ്യം, ദൂഷണം എന്നിവ ഹൃദയത്തിൽനിന്നു പുറപ്പെട്ടുവരുന്നു. മനുഷ്യനെ അശുദ്ധമാക്കുന്നതു ഇതത്രേ.”—മത്തായി 12:34; 15:18-20.
12 അവിശുദ്ധ പ്രവൃത്തികൾ കേവലം യാദൃച്ഛികമോ ഒരു മുൻ അടിസ്ഥാനം ഇല്ലാത്തതോ അല്ലെന്നു മനസ്സിലാക്കാൻ ഇതു നമ്മെ സഹായിക്കുന്നു. ഹൃദയത്തിൽ പതിയിരിക്കുന്ന ദുഷിച്ച ചിന്തകളുടെ, രഹസ്യ ആഗ്രഹങ്ങളുടെയും മിഥ്യാസങ്കൽപ്പങ്ങളുടെയും ഫലമാണ് അവ. അതുകൊണ്ടാണ് യേശുവിന് ഇങ്ങനെ പറയാൻ കഴിഞ്ഞത്: “‘വ്യഭിചാരം ചെയ്യരുത്’ എന്നു പറഞ്ഞതായി നിങ്ങൾ കേട്ടുവല്ലോ. എന്നാൽ, ഒരു സ്ത്രീയോട് കാമം തോന്നുമാറ് അവളെ തുടർച്ചയായി നോക്കിക്കൊണ്ടിരിക്കുന്ന ഏവനും തന്റെ ഹൃദയത്തിൽ അവളുമായി വ്യഭിചാരം ചെയ്തുകഴിഞ്ഞിരിക്കുന്നു എന്നു ഞാൻ നിങ്ങളോടു പറയുന്നു.” മറ്റു വാക്കുകളിൽ, എന്തെങ്കിലും നടപടി ഉണ്ടാകുന്നതിനു മുൻപേ പരസംഗവും വ്യഭി ചാരവും ഹൃദയത്തിൽ വേരോടിക്കഴിഞ്ഞിരിക്കുന്നു. പിന്നീട്, പറ്റിയ സാഹചര്യങ്ങൾ ലഭിക്കുമ്പോൾ അവിശുദ്ധ ചിന്തകൾ അവിശുദ്ധ പെരുമാറ്റമായിത്തീരുന്നു. പരസംഗം, വ്യഭിചാരം, സോദോമ്യ പാപം, മോഷണം, ദൈവദൂഷണം, വിശ്വാസത്യാഗം എന്നിവ പ്രകടമായ ഏതാനും ഫലങ്ങളായിത്തീരുന്നു.—മത്തായി 5:27, 28, NW; ഗലാത്യർ 5:19-21.
13. അവിശുദ്ധ ചിന്തകൾക്ക് എങ്ങനെ അവിശുദ്ധ പ്രവർത്തനങ്ങളിലേക്കു നയിക്കാൻ കഴിയുമെന്നുള്ളതിന്റെ ചില ഉദാഹരണങ്ങൾ ഏവ?
13 ഇതു വ്യത്യസ്ത വിധങ്ങളിൽ ചിത്രീകരിക്കാവുന്നതാണ്. ചൂതാട്ടശാലകൾ ചില രാജ്യങ്ങളിൽ കൂണുപോലെ മുളയ്ക്കുന്നു, അങ്ങനെ ചൂതാട്ടത്തിനുള്ള അവസരം വർധിക്കുന്നു. തന്റെ സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുന്നതിന് ഈ വ്യാജപരിഹാരമാർഗം അവലംബിക്കാൻ ഒരുവൻ പ്രലോഭിപ്പിക്കപ്പെട്ടേക്കാം. ബൈബിൾ തത്ത്വങ്ങൾ നിരസിക്കാനോ നേർപ്പിക്കാനോ വഞ്ചകമായ ന്യായവാദം ഒരു സഹോദരനെ പ്രേരിപ്പിച്ചേക്കാം. c മറ്റൊരു സംഗതി, ടിവി, വീഡിയോകൾ, കമ്പ്യൂട്ടറുകൾ, പുസ്തകങ്ങൾ ഇവയിൽ ഏതിലൂടെയായാലും അശ്ലീലതയുടെ ആയാസരഹിതമായ ലഭ്യത ഒരു ക്രിസ്ത്യാനിയെ അവിശുദ്ധ നടത്തയിലേക്കു നയിച്ചേക്കാം. അയാൾ തന്റെ ആത്മീയ പടക്കോപ്പ് അവഗണിക്കേണ്ടതു മാത്രമേ ഉള്ളൂ, അയാൾ മനസ്സിലാക്കുന്നതിനു മുൻപു തന്നെ അധാർമികതയിലേക്കു വീണിരിക്കും. എന്നാൽ മിക്ക കേസുകളിലും പാപത്തിലേക്കുള്ള വീഴ്ച മനസ്സിലാണ് ആരംഭിക്കുന്നത്. അതേ, ഇതുപോലുള്ള സാഹചര്യങ്ങളിൽ യാക്കോബിന്റെ വാക്കുകൾ നിവൃത്തിയേറുന്നു: “ഓരോരുത്തൻ പരീക്ഷിക്കപ്പെടുന്നതു സ്വന്തമോഹത്താൽ ആകർക്ഷിച്ചു വശീകരിക്കപ്പെടുകയാൽ ആകുന്നു. മോഹം ഗർഭംധരിച്ചു പാപത്തെ പ്രസവിക്കുന്നു.”—യാക്കോബ് 1:14, 15; എഫെസ്യർ 6:11-18.
14. തങ്ങളുടെ അവിശുദ്ധ നടത്തയിൽനിന്ന് അനേകർ എങ്ങനെ വീണ്ടെടുക്കപ്പെട്ടിരിക്കുന്നു?
14 സന്തോഷകരമെന്നു പറയട്ടെ, ബലഹീനതയിൽ പാപംചെയ്ത ഒട്ടുമിക്ക ക്രിസ്ത്യാനികളും യഥാർഥ അനുതാപം പ്രകടമാക്കുന്നു. അവരെ ആത്മീയമായി പൂർവസ്ഥിതിയിലാക്കാൻ മൂപ്പൻമാർക്കു കഴിയുന്നു. അനുതാപരാഹിത്യം നിമിത്തം പുറത്താക്കപ്പെടുന്ന അനേകർ പോലും ഒടുവിൽ സുബോധത്തിലേക്കു വരികയും സഭയിൽ പുനഃസ്ഥിതീകരിക്കപ്പെടുകയും ചെയ്യുന്നു. അവിശുദ്ധചിന്തകൾ ഹൃദയത്തിൽ വേരുപിടിക്കാൻ തങ്ങൾ അനുവദിച്ചപ്പോൾ സാത്താൻ എത്ര എളുപ്പം തങ്ങളെ പിടികൂടിയെന്ന് അവർ തിരിച്ചറിയുന്നു.—ഗലാത്യർ 6:1; 2 തിമൊഥെയൊസ് 2:24-26; 1 പത്രൊസ് 5:8, 9.
നമ്മുടെ ബലഹീനതകൾ നേരിടാനുള്ള വെല്ലുവിളി
15. (എ) എന്തുകൊണ്ടു നാം നമ്മുടെ ബലഹീനതകൾ നേരിടണം? (ബി) നമ്മുടെ ബലഹീനതകൾ അംഗീകരിക്കാൻ എന്തിനു നമ്മെ സഹായിക്കാൻ കഴിയും?
15 നമ്മുടെ സ്വന്തം ഹൃദയത്തെ വസ്തുനിഷ്ഠമായി അറിയാൻ നാം ഒരു ശ്രമം നടത്തണം. നമ്മുടെ ബലഹീനതകളെ നേരിടാൻ, അവയെ അംഗീകരിക്കാൻ, എന്നിട്ട് അവയെ കീഴടക്കുന്നതിനു ശ്രമിക്കാൻ നാം മനസ്സൊരുക്കമുള്ളവരാണോ? നമുക്കു പുരോഗമിക്കാൻ എങ്ങനെ കഴിയുമെന്ന് ഒരു ആത്മാർഥ സുഹൃത്തിനോടു ചോദിക്കാനും എന്നിട്ട് ആ ഉപദേശം ശ്രദ്ധിക്കാനും നാം തയ്യാറാണോ? വിശുദ്ധരായി നൽക്കുന്നതിനു നാം നമ്മുടെ ദൗർബല്യങ്ങളെ കീഴടക്കണം. എന്തുകൊണ്ട്? കാരണം സാത്താൻ നമ്മുടെ ബലഹീനതകൾ അറിയുന്നു. നമ്മെ പാപത്തിലേക്കും അവിശുദ്ധ നടത്തയിലേക്കും ഇളക്കിവിടാൻ അവൻ തന്റെ കുടില തന്ത്രങ്ങൾ ഉപയോഗിക്കും. യഹോവയുടെ ആരാധനയ്ക്ക് നാം മേലാൽ വിശുദ്ധരും ഉപയുക്തരും അല്ലാത്തവർ ആകേണ്ടതിനു നമ്മെ ദൈവസ്നേഹത്തിൽനിന്നു വേർപിരിക്കാൻ തന്റെ കുടില പ്രവർത്തനങ്ങളാൽ അവൻ ശ്രമിക്കുന്നു.—യിരെമ്യാവു 17:9; എഫെസ്യർ 6:11; യാക്കോബ് 1:19.
16. പൗലോസിന് എന്തു സംഘട്ടനം ഉണ്ടായിരുന്നു?
16 അപ്പോസ്തലനായ പൗലോസ് റോമർക്കുള്ള തന്റെ ലേഖനത്തിൽ സാക്ഷ്യപ്പെടുത്തിയതുപോലെ, അവനു സ്വന്തം പരീക്ഷണങ്ങളും പരിശോധനകളും ഉണ്ടായിരുന്നു: “എന്നിൽ എന്നുവെച്ചാൽ എന്റെ ജഡത്തിൽ നന്മ വസിക്കുന്നില്ല എന്നു ഞാൻ അറിയുന്നു; നന്മ ചെയ്വാനുള്ള താല്പര്യം എനിക്കുണ്ടു; പ്രവർത്തിക്കുന്നതോ ഇല്ല. ഞാൻ ചെയ്വാൻ ഇച്ഛിക്കുന്ന നന്മ ചെയ്യുന്നില്ലല്ലോ; ഇച്ഛിക്കാത്ത തിന്മയത്രേ പ്രവർത്തിക്കുന്നതു. . . . ഉള്ളംകൊണ്ടു ഞാൻ ദൈവത്തിന്റെ ന്യായപ്രമാണത്തിൽ രസിക്കുന്നു. എങ്കിലും എന്റെ ബുദ്ധിയുടെ പ്രമാണത്തോടു പോരാടുന്ന വേറൊരു പ്രമാണം ഞാൻ എന്റെ അവയവങ്ങളിൽ കാണുന്നു; അതു എന്റെ അവയവങ്ങളിലുള്ള പാപപ്രമാണത്തിന്നു എന്നെ ബദ്ധനാക്കിക്കളയുന്നു.”—റോമർ 7:18-23.
17. തന്റെ ബലഹീനതകളോടുള്ള പോരാട്ടത്തിൽ പൗലോസിന് വിജയംവരിക്കാൻ കഴിഞ്ഞതെങ്ങനെ?
17 പൗലോസിന്റെ കാര്യത്തിൽ മർമപ്രധാനമായ സംഗതി അവൻ തന്റെ ബലഹീനതകൾ അംഗീകരിച്ചുവെന്നുള്ളതാണ്. അവയെല്ലാം ഉണ്ടായി രുന്നിട്ടും അവന് ഇപ്രകാരം പറയാൻ കഴിഞ്ഞു: “ഉള്ളംകൊണ്ടു ഞാൻ ദൈവത്തിന്റെ ന്യായപ്രമാണത്തിൽ രസിക്കുന്നു.” പൗലോസ് നല്ലതിനെ സ്നേഹിച്ചു, മോശമായതിനെ വെറുത്തു. എന്നാൽ അപ്പോഴും അവന് ഒരു പോരാട്ടം നടത്താനുണ്ടായിരുന്നു, സാത്താനും ലോകത്തിനും ജഡത്തിനും എതിരെ നമുക്കെല്ലാമുള്ള അതേ പോരാട്ടംതന്നെ. അതുകൊണ്ടു വിശുദ്ധരായി, ഈ ലോകത്തിൽനിന്നും അതിന്റെ ചിന്തയിൽനിന്നും വേർപെട്ടവരായി നിലനിൽക്കാൻവേണ്ടി നമുക്കെങ്ങനെ ആ പോരാട്ടത്തിൽ വിജയിക്കാനാവും.—2 കൊരിന്ത്യർ 4:4; എഫെസ്യർ 6:12.
നമുക്കെങ്ങനെ വിശുദ്ധരായി നിലനിൽക്കാൻ കഴിയും?
18. നമുക്കെങ്ങനെ വിശുദ്ധരായി നിലനിൽക്കാൻ കഴിയും?
18 വിശുദ്ധി, ഏറ്റവും കുറഞ്ഞ പ്രതിരോധഗതി സ്വീകരിക്കുന്നതിനാലോ സുഖതത്പരനായിരിക്കുന്നതിനാലോ നേടാവുന്നതല്ല. അത്തരം വ്യക്തി എല്ലായ്പോഴും തന്റെ നടത്തയ്ക്ക് ഒഴിവുകഴിവു പറഞ്ഞ് കുറ്റം മറ്റെവിടെയെങ്കിലും കെട്ടിവെയ്ക്കാൻ ശ്രമിക്കും. കുടുംബ പശ്ചാത്തലമോ ജനിതകപ്രത്യേകതകളോ നിമിത്തം സാഹചര്യം തങ്ങൾക്കു പ്രതികൂലമാണെന്ന് ആരോപിക്കുന്ന ചിലരെപ്പോലെ ആയിരിക്കാതെ നമ്മുടെ പ്രവർത്തനങ്ങൾക്ക് ഉത്തരവാദികളാകാൻ നാം ഒരുപക്ഷേ പഠിക്കേണ്ടതുണ്ടായിരിക്കാം. സംഗതിയുടെ മൂലം കിടക്കുന്നതു വ്യക്തിയുടെ ഹൃദയത്തിലാണ്. അവനോ അവളോ നീതിയെ സ്നേഹിക്കുന്നുവോ? വിശുദ്ധിക്കായി അതിയായി വാഞ്ഛിക്കുന്നുവോ? ദൈവത്തിന്റെ അനുഗ്രഹം ആഗ്രഹിക്കുന്നുവോ? ഇപ്രകാരം പറഞ്ഞപ്പോൾ സങ്കീർത്തനക്കാരൻ വിശുദ്ധിയുടെ ആവശ്യം വ്യക്തമാക്കി: “ദോഷം വിട്ടകന്നു ഗുണം ചെയ്ക; സമാധാനം അന്വേഷിച്ചു പിന്തുടരുക.” അപ്പോസ്തലനായ പൗലോസ് എഴുതി: “നിങ്ങളുടെ സ്നേഹം കാപട്യമില്ലാത്തതായിരിക്കട്ടെ. ദുഷ്ടമായതിനെ വെറുത്ത്, നല്ലതിനോടു പറ്റിനിൽക്കുക.”—സങ്കീർത്തനം 34:14; 97:10; റോമർ 12:9, NW.
19, 20. (എ) നമുക്ക് എങ്ങനെ നമ്മുടെ മനസ്സിനെ കെട്ടുപണിചെയ്യാൻ കഴിയും? (ബി) ഫലപ്രദമായ വ്യക്തിഗത പഠനം എന്ത് അനിവാര്യമാക്കുന്നു?
19 നമുക്കു ക്രിസ്തുവിന്റെ മനസ്സുണ്ടെങ്കിൽ, നാം കാര്യങ്ങളെ യഹോവയുടെ കാഴ്ചപ്പാടിൽ വീക്ഷിക്കുന്നുവെങ്കിൽ, നമുക്ക് ‘നല്ലതിനോടു പറ്റിനിൽക്കാൻ’ കഴിയും. (1 കൊരിന്ത്യർ 2:16) ഇത് എങ്ങനെ സാധിക്കുന്നു? ദൈവവചനത്തിന്റെ ക്രമമായ പഠനത്താലും ധ്യാനത്താലും. ഈ ബുദ്ധ്യുപദേശം എത്ര കൂടെക്കൂടെ നൽകപ്പെട്ടിരിക്കുന്നു! എന്നാൽ നാമിതു വേണ്ടുവോളം ഗൗരവമായി എടുക്കുന്നുവോ? ഉദാഹരണത്തിന്, നിങ്ങൾ യോഗത്തിനു വരുന്നതിനു മുൻപ് ബൈബിൾ വാക്യങ്ങൾ പരിശോധിച്ചുകൊണ്ട് ഈ മാസിക യഥാർഥത്തിൽ പഠിക്കുന്നുവോ? ഓരോ ഖണ്ഡികയിലെയും ഏതാനും പദപ്രയോഗങ്ങൾക്കു കേവലം അടിവരയിടുകയെന്നതല്ല പഠനംകൊണ്ടു നാം അർഥമാക്കുന്നത്. ഒരു അധ്യയന ലേഖനം ഏകദേശം 15 മിനിറ്റുകൊണ്ട് ഓടിച്ചുനോക്കി അടിവരയിടാൻ കഴിയും. നാം ആ ലേഖനം പഠിച്ചിരിക്കുന്നുവെന്ന് അത് അർഥമാക്കുന്നുവോ? യഥാർഥത്തിൽ, ഓരോ ലേഖനവും നൽകുന്ന ആത്മീയ പ്രയോജനം ഉൾക്കൊണ്ടുകൊണ്ട് അതു പഠിക്കുന്നതിന് ഒന്നോ രണ്ടോ മണിക്കൂർ എടുത്തേക്കാം.
20 നമ്മുടെ വ്യക്തിഗത വിശുദ്ധിയിൽ യഥാർഥമായി ശ്രദ്ധകേന്ദ്രീകരിച്ചുകൊണ്ട് ഓരോ ആഴ്ചയും ഏതാനും മണിക്കൂർ ടിവി-യിൽനിന്ന് അകന്നുനിൽക്കുന്നതിന് നാം ഒരുപക്ഷേ നമുക്കുതന്നെ ശിക്ഷണം നൽകേണ്ട ആവശ്യമുണ്ടായിരിക്കാം. ക്രമമായ പഠനം ശരിയായ തീരുമാനങ്ങൾ എടുക്കാൻ നമ്മുടെ മനസ്സിനെ കർമോദ്യുക്തമാക്കിക്കൊണ്ടു നമ്മെ ആത്മീയമായി കെട്ടുപണിചെയ്യുന്നു, “നടത്തയുടെ വിശുദ്ധ പ്രവൃത്തിക”ളിലേക്കു നയിക്കുന്ന തീരുമാനങ്ങൾ തന്നെ.—2 പത്രൊസ് 3:11, NW; എഫെസ്യർ 4:23; 5:15, 16.
21. ഏതു ചോദ്യം ഉത്തരം ലഭിക്കേണ്ടതായി അവശേഷിക്കുന്നു?
21 ഇപ്പോൾ ചോദ്യമിതാണ്, യഹോവ വിശുദ്ധനായിരിക്കുന്നതുപോലെ പ്രവർത്തനത്തിന്റെയും നടത്തയുടെയും ഏതു കൂടുതലായ മണ്ഡലങ്ങളിൽ ക്രിസ്ത്യാനികളെന്നനിലയിൽ നമുക്കു വിശുദ്ധരായിരിക്കാൻ കഴിയും? തുടർന്നുവരുന്ന ലേഖനം ചിന്തിക്കാനുള്ള വക പ്രദാനം ചെയ്യും.
[അടിക്കുറിപ്പുകൾ]
a രണ്ടു വാല്യങ്ങളുള്ള ഈ സംശോധക ഗ്രന്ഥം വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്ററ് സൊസൈററി പ്രസിദ്ധീകരിച്ചതാണ്.
b “വഞ്ചനാത്മകമായി” എന്നതിനാൽ എന്താണ് അർഥമാക്കുന്നത് എന്നതിനെക്കുറിച്ചുള്ള കൂടുതൽ പൂർണമായ പരിചിന്തനത്തിന്, 1994 ഫെബ്രുവരി 8 ഉണരുക!യുടെ (ഇംഗ്ലീഷ്) 21-ാം പേജിലെ “യഹോവ വെറുക്കുന്നത് എതുതരം വിവാഹമോചനമാണ്?” എന്ന ലേഖനം കാണുക.
c ചൂതാട്ടം അവിശുദ്ധ നടപടിയായിരുക്കുന്നത് എന്തുകൊണ്ടെന്നതു സംബന്ധിച്ച കൂടുതൽ വിവരത്തിന്, വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്ററ് സൊസൈററി ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച 1994 ആഗസ്ററ് 8 ഉണരുക!യുടെ 14-ഉം 15-ഉം പേജുകൾ കാണുക.
നിങ്ങൾ ഓർമിക്കുന്നുവോ?
◻ വിശുദ്ധിയുടെ ഉറവിടം ഇസ്രായേലിൽ തിരിച്ചറിയിക്കപ്പെട്ടതെങ്ങനെ?
◻ മലാഖിയുടെ നാളിൽ ഇസ്രായേല്യ ആരാധന അവിശുദ്ധമായിരുന്നത് ഏതു വിധങ്ങളിലാണ്?
◻ അവിശുദ്ധനടത്ത എവിടെ ആരംഭിക്കുന്നു?
◻ വിശുദ്ധരായിരിക്കുന്നതിനു നാം എന്തു തിരിച്ചറിയണം?
◻ നമുക്ക് എങ്ങനെ വിശുദ്ധരായി നിലനിൽക്കാൻ കഴിയും?
[അധ്യയന ചോദ്യങ്ങൾ]