വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദേഹിക്ക്‌ ഒരു മെച്ചപ്പെട്ട പ്രത്യാശ

ദേഹിക്ക്‌ ഒരു മെച്ചപ്പെട്ട പ്രത്യാശ

ദേഹിക്ക്‌ ഒരു മെച്ചപ്പെട്ട പ്രത്യാശ

റോമൻ പട്ടാള​ക്കാർ അതു പ്രതീ​ക്ഷി​ച്ചി​രു​ന്നില്ല. യഹൂദ വിപ്ലവ​സേ​ന​ക​ളു​ടെ അവസാ​നത്തെ ശക്തിദുർഗ​മായ മസാദ​യി​ലെ പർവത​കോ​ട്ട​യി​ലേക്ക്‌ ഇരച്ചു​ക​യ​റിയ അവർ തങ്ങളുടെ ശത്രു​ക്കളെ സംഹരി​ക്കാ​നാ​യി, യോദ്ധാ​ക്ക​ളു​ടെ അലർച്ച​കൾക്കാ​യി, സ്‌ത്രീ​ക​ളു​ടെ​യും കുട്ടി​ക​ളു​ടെ​യും രോദ​ന​ങ്ങൾക്കാ​യി സജ്ജരായി. പകരം അവർ കേട്ടതോ തീജ്വാ​ലകൾ കത്തിയ​മ​രുന്ന ശബ്ദവും. കത്തി​ക്കൊ​ണ്ടി​രുന്ന ആ ശക്തിദുർഗം റോമാ​ക്കാർ അരിച്ചു​പെ​റു​ക്കി​യ​പ്പോൾ, അവർ ഭയങ്കര​മായ ഒരു സത്യം മനസ്സി​ലാ​ക്കി: തങ്ങളുടെ ശത്രുക്കൾ, ഏതാണ്ട്‌ 960 പേർ, ഇതി​നോ​ട​കം​തന്നെ മരിച്ചു​ക​ഴി​ഞ്ഞി​രു​ന്നു! യഹൂദ യോദ്ധാ​ക്കൾ തങ്ങളുടെ സ്വന്തം കുടും​ബ​ങ്ങളെ യഥാ​ക്രമം കൊ​ന്നൊ​ടു​ക്കി​യി​രു​ന്നു, എന്നിട്ട്‌ അന്യോ​ന്യ​വും. അവസാ​നത്തെ മനുഷ്യൻ സ്വയം മരിച്ചു. a ഈ ബീഭത്സ​മായ കൂട്ട ഹത്യയി​ലേ​ക്കും ആത്മഹത്യ​യി​ലേ​ക്കും അവരെ നയിച്ചത്‌ എന്തായി​രു​ന്നു?

സമകാ​ലീ​ന ചരി​ത്ര​കാ​ര​നായ ജോസീ​ഫസ്‌ പറയു​ന്ന​ത​നു​സ​രിച്ച്‌, ഒരു മുഖ്യ ഘടകം അമർത്ത്യ ദേഹി​യി​ലുള്ള വിശ്വാ​സ​മാ​യി​രു​ന്നു. റോമൻ കരങ്ങളാ​ലുള്ള മരണ​ത്തെ​ക്കാ​ളോ അടിമ​ത്ത​ത്തെ​ക്കാ​ളോ മാന്യ​മാ​യി​രി​ക്കു​ന്നത്‌ ആത്മഹത്യ​യാ​യി​രി​ക്കു​മെന്നു തന്റെ ആൾക്കാരെ ബോധ്യ​പ്പെ​ടു​ത്താൻ മസാദ​യി​ലെ യഹൂദമത തീവ്ര​വാ​ദി​ക​ളു​ടെ നേതാ​വായ എലെയാ​സ്സർ ബെൻ ജായിർ ശ്രമി​ക്കു​ക​യു​ണ്ടാ​യി. അവർ മടിച്ചു​നിൽക്കു​ന്നതു കണ്ടപ്പോൾ, അദ്ദേഹം ദേഹി​യെ​ക്കു​റി​ച്ചു വികാ​ര​സാ​ന്ദ്ര​മായ ഒരു പ്രസംഗം നടത്തി. ശരീരം വെറും ഒരു ബാധ്യ​ത​യാ​ണെ​ന്നും ദേഹിയെ സംബന്ധി​ച്ചി​ട​ത്തോ​ളം ഒരു തടവറ​യാ​ണെ​ന്നും അദ്ദേഹം അവരോ​ടു പറഞ്ഞു. “എന്നാൽ അതിനെ ഭൂമി​യി​ലേക്കു വലിച്ചി​ഴ​ച്ചു​കൊ​ണ്ടു​പോ​ന്ന​തും കൂട്ടിൽ അടച്ചതു​മായ ഭാരത്തിൽനിന്ന്‌ അതു മുക്തമാ​യി​ക്ക​ഴി​യു​മ്പോൾ, ദേഹി അതിന്റെ സ്വന്തം സ്ഥാന​ത്തേക്കു മടങ്ങുന്നു. അപ്പോൾ വാസ്‌ത​വ​ത്തിൽ, അതു ദൈവ​ത്തെ​പ്പോ​ലെ​തന്നെ മനുഷ്യ നേത്ര​ങ്ങൾക്ക്‌ അദൃശ്യ​മാ​യി തുടരവേ, ഒരു അനുഗൃ​ഹീത ബലത്തി​ലും തീർത്തും പരിമി​തി​യി​ല്ലാത്ത ശക്തിയി​ലും പങ്കുപ​റ്റു​ന്നു” എന്ന്‌ അദ്ദേഹം തുടർന്നു​പ​റഞ്ഞു.

പ്രതി​ക​ര​ണ​മെ​ന്താ​യി​രു​ന്നു? എലെയാ​സ്സർ സുദീർഘ​മാ​യി ഈ ആശയം സംസാ​രി​ച്ചു​തീർന്ന​ശേഷം, “അദ്ദേഹ​ത്തി​ന്റെ ശ്രോ​താ​ക്ക​ളെ​ല്ലാം ആ പ്രസം​ഗ​ത്തി​നു വിഘ്‌നം വരുത്തി. അനിയ​ന്ത്രി​ത​മായ ഉത്സാഹ​ത്തോ​ടെ ആ പ്രവൃത്തി ചെയ്യാൻ അവർ ധൃതി​പ്പെട്ടു” എന്ന്‌ ജോസീ​ഫസ്‌ റിപ്പോർട്ടു ചെയ്യുന്നു. അദ്ദേഹം ഇങ്ങനെ കൂട്ടി​ച്ചേർക്കു​ന്നു: “ഭൂതബാ​ധി​ത​രെ​പ്പോ​ലെ അവർ കുതി​ച്ചു​പാ​ഞ്ഞു, മറ്റുള്ള​വ​രെ​ക്കാൾ എത്രയും വേഗത്തിൽ കാര്യം നിർവ​ഹി​ക്കാൻ അവർ ആകാം​ക്ഷ​യു​ള്ള​വ​രാ​യി​രു​ന്നു, . . . തങ്ങളുടെ ഭാര്യ​മാ​രെ​യും കുട്ടി​ക​ളെ​യും തങ്ങളെ​ത്ത​ന്നെ​യും കൊല​പ്പെ​ടു​ത്താ​നുള്ള അനിയ​ന്ത്രി​ത​മായ വലി​യൊ​രു ആഗ്രഹം അവരെ ഗ്രസി​ച്ചി​രു​ന്നു.”

ഈ ഘോര​മായ ഉദാഹ​രണം മരണത്തെ സംബന്ധിച്ച സാധാരണ മനുഷ്യ വീക്ഷണത്തെ, അമർത്ത്യ​ദേ​ഹി​യു​ടെ പഠിപ്പി​ക്ക​ലിന്‌ എത്ര ആഴത്തിൽ മാറ്റി​മ​റി​ക്കാൻ കഴിയു​മെന്നു ചിത്രീ​ക​രി​ക്കാ​നു​ത​കു​ന്നു. മരണത്തെ മമനു​ഷ്യ​ന്റെ ഏറ്റവും മോശ​മായ ശത്രു​വാ​യല്ല, പിന്നെ​യോ ശ്രേഷ്‌ഠ​മായ അസ്‌തി​ത്വം ആസ്വദി​ക്കു​ന്ന​തി​നു ദേഹിയെ സ്വത​ന്ത്ര​മാ​ക്കുന്ന കവാട​മാ​യി വീക്ഷി​ക്കാൻ വിശ്വാ​സി​കൾ പഠിപ്പി​ക്ക​പ്പെ​ടു​ന്നു. എന്നാൽ ആ യഹൂദ മതതീ​വ്ര​വാ​ദി​കൾ എന്തു​കൊ​ണ്ടാണ്‌ അങ്ങനെ വിശ്വ​സി​ച്ചത്‌? മമനു​ഷ്യ​ന്റെ ഉള്ളിൽ ബോധ​മുള്ള ഒരു ആത്മാവ്‌, മരണാ​ന​ന്തരം ജീവി​ക്കാ​നാ​യി രക്ഷപ്പെ​ടുന്ന ഒരു ദേഹി, ഉണ്ടെന്ന്‌ അവരുടെ വിശുദ്ധ തിരു​വെ​ഴു​ത്തു​കൾ, അതായത്‌ എബ്രായ തിരു​വെ​ഴു​ത്തു​കൾ, പഠിപ്പി​ക്കു​ന്ന​താ​യി പലരും നിഗമനം ചെയ്‌തേ​ക്കാം. അതാണോ വാസ്‌തവം?

എബ്രായ തിരു​വെ​ഴു​ത്തു​ക​ളി​ലെ ദേഹി

ഒറ്റവാ​ക്കിൽ പറഞ്ഞാൽ, അല്ല. ബൈബി​ളി​ലെ ആദ്യ പുസ്‌ത​ക​മായ ഉല്‌പ​ത്തി​യിൽതന്നെ, ദേഹി നിങ്ങൾക്ക്‌ ഉള്ള എന്തെങ്കി​ലു​മല്ല, നിങ്ങൾ തന്നെ ആണെന്നു പറഞ്ഞി​രി​ക്കു​ന്നു. ആദ്യ മനുഷ്യ​നായ ആദാമി​ന്റെ സൃഷ്ടി​യെ​ക്കു​റി​ച്ചു നാം വായി​ക്കു​ന്നു: “മനുഷ്യൻ ജീവനുള്ള ദേഹി​യാ​യി തീർന്നു.” (ചെരി​ച്ചെ​ഴു​ത്തു ഞങ്ങളു​ടേത്‌.) (ഉല്‌പത്തി 2:7) ദേഹിക്കു വേണ്ടി ഇവിടെ ഉപയോ​ഗി​ച്ചി​രി​ക്കുന്ന എബ്രായ പദം നീഫേഷ്‌ എന്നാണ്‌. എബ്രായ തിരു​വെ​ഴു​ത്തു​ക​ളിൽ അത്‌ 700 പ്രാവ​ശ്യ​ത്തി​ല​ധി​കം കാണാം. മമനു​ഷ്യ​ന്റെ വ്യതി​രി​ക്ത​മായ, അമൂർത്ത​മായ, ആത്മീയ​മായ ഭാഗമാ​ണു ദേഹി എന്ന ആശയം ഒരിക്കൽപോ​ലും അതു പ്രദാനം ചെയ്യു​ന്നില്ല. മറിച്ച്‌, ദേഹി മൂർത്ത​മാണ്‌, ഇന്ദ്രി​യ​ഗോ​ച​ര​മാണ്‌, ഭൗതി​ക​മാണ്‌.

നിങ്ങളു​ടെ സ്വന്തം ബൈബി​ളിൽ പിൻവ​രുന്ന പരാമർശിത തിരു​വെ​ഴു​ത്തു​കൾ എടുത്തു​നോ​ക്കുക. കാരണം അവയിൽ ഓരോ​ന്നി​ലും നീഫേഷ്‌ എന്ന എബ്രായ പദം കാണുന്നു. ദേഹിക്ക്‌ അപകട​ത്തെ​യും ആപത്തി​നെ​യും നേരി​ടാ​നും തട്ടി​ക്കൊ​ണ്ടു​പോ​ക​പ്പെ​ടാൻ പോലും സാധി​ക്കു​മെന്ന്‌ (ആവർത്ത​ന​പു​സ്‌തകം 24:7; ന്യായാ​ധി​പ​ന്മാർ 9:17; 1 ശമുവേൽ 19:11; NW); വസ്‌തു​ക്കളെ സ്‌പർശി​ക്കാ​നാ​വു​മെന്ന്‌ (ഇയ്യോബ്‌ 6:7, NW); ഇരുമ്പ​ഴി​കൾക്കു​ള്ളിൽ അടയ്‌ക്ക​പ്പെ​ടാൻ സാധി​ക്കു​മെന്ന്‌ (സങ്കീർത്തനം 105:18, NW); ഭക്ഷിക്കാൻ ആഗ്രഹി​ക്കാ​നും ഉപവാ​സ​ത്താൽ വലയാ​നും വിശപ്പും ദാഹവും കൊണ്ട്‌ ക്ഷീണി​ച്ചു​വ​ല​യാ​നും കഴിയു​മെന്ന്‌; ക്ഷീണി​പ്പി​ക്കുന്ന ഒരു രോഗ​ത്താ​ലോ ദുഃഖ​ത്താ​ലു​ള​വാ​കുന്ന ഉറക്കമി​ല്ലാ​യ്‌മ​യാൽ പോലു​മോ ദുരി​ത​മ​നു​ഭ​വി​ക്കാൻ കഴിയു​മെന്ന്‌ അവ വ്യക്തമാ​യി കാട്ടി​ത്ത​രു​ന്നു. (ആവർത്ത​ന​പു​സ്‌തകം 12:20; സങ്കീർത്തനം 35:13; 69:10; 106:15; 107:9; 119:28; NW) മറ്റു വാക്കു​ക​ളിൽ പറഞ്ഞാൽ, നിങ്ങളു​ടെ ദേഹി നിങ്ങൾ തന്നെയാ​യ​തു​കൊണ്ട്‌, നിങ്ങളു​ടെ അഹംതന്നെ ആയതു​കൊണ്ട്‌, നിങ്ങൾക്ക്‌ അനുഭ​വി​ക്കാൻ കഴിയുന്ന എന്തും നിങ്ങളു​ടെ ദേഹി​ക്കും അനുഭ​വി​ക്കാൻ സാധി​ക്കും. b

അപ്പോൾ, ദേഹിക്കു വാസ്‌ത​വ​ത്തിൽ മരിക്കാൻ കഴിയു​മെന്ന്‌ ഇത്‌ അർഥമാ​ക്കു​ന്നു​ണ്ടോ? ഉവ്വ്‌. അമർത്ത്യ​മാ​യി​രി​ക്കു​ന്ന​തി​നു പകരം, മനുഷ്യ ദേഹികൾ ദുഷ്‌പ്ര​വൃ​ത്തി നിമിത്തം “ഛേദി​ക്ക​പ്പെ​ടുന്ന”തായോ വധിക്ക​പ്പെ​ടു​ന്ന​താ​യോ എബ്രായ തിരു​വെ​ഴു​ത്തു​ക​ളിൽ പറഞ്ഞി​രി​ക്കു​ന്നു. മാരക​മാ​യി പ്രഹര​മേൽപ്പി​ക്ക​പ്പെ​ടു​ന്ന​താ​യും കൊല ചെയ്യ​പ്പെ​ടു​ന്ന​താ​യും നശിപ്പി​ക്ക​പ്പെ​ടു​ന്ന​താ​യും തുണ്ടങ്ങ​ളാ​യി മുറി​ക്ക​പ്പെ​ടു​ന്ന​താ​യും അതി​നെ​ക്കു​റി​ച്ചു പറഞ്ഞി​രി​ക്കു​ന്നു. (പുറപ്പാ​ടു 31:14; ആവർത്ത​ന​പു​സ്‌തകം 19:6; 22:26; സങ്കീർത്തനം 7:2; NW) “പാപം ചെയ്യുന്ന ദേഹി മരിക്കും” എന്ന്‌ യെഹെ​സ്‌കേൽ 18:4 പറയുന്നു. വ്യക്തമാ​യും, മനുഷ്യ ദേഹി​ക​ളു​ടെ പൊതു അവസാ​ന​മാ​ണു മരണം, കാരണം നാമെ​ല്ലാം പാപം ചെയ്യുന്നു. (സങ്കീർത്തനം 51:5) പാപത്തി​ന്റെ ശിക്ഷ മരണമാ​ണെന്ന്‌—ആത്മ മണ്ഡലത്തി​ലേ​ക്കും അമർത്ത്യ​ത​യി​ലേ​ക്കു​മുള്ള മാറ്റമല്ല—ആദ്യ മനുഷ്യ​നായ ആദാമി​നോ​ടു പറയ​പ്പെട്ടു. (ഉല്‌പത്തി 2:17) അവൻ പാപം ചെയ്‌ത​പ്പോൾ വിധി പ്രഖ്യാ​പി​ക്ക​പ്പെട്ടു: “നീ പൊടി​യാ​കു​ന്നു, പൊടി​യിൽ തിരികെ ചേരും.” (ഉല്‌പത്തി 3:19) ആദാമും ഹവ്വായും മരിച്ച​പ്പോൾ അവർ ‘മരിച്ച ദേഹികൾ’ അഥവാ ‘ജീവൻ പോയ ദേഹികൾ’ എന്നു ബൈബിൾ പരാമർശി​ക്കു​ന്നത്‌ ആയിത്തീർന്നു.—സംഖ്യാ​പു​സ്‌തകം 5:2; 6:6, NW.

“മനുഷ്യ​നെ​ക്കു​റി​ച്ചുള്ള പഴയനി​യമ വിശ്വാ​സം ദേഹി​യു​ടെ​യും ശരീര​ത്തി​ന്റെ​യും ഏകത്വ​മാണ്‌, അല്ലാതെ അവയുടെ ഒന്നിക്കലല്ല” എന്ന്‌ എബ്രായ തിരു​വെ​ഴു​ത്തു​ക​ളി​ലെ ദേഹി​യെ​ക്കു​റിച്ച്‌ ദി എൻ​സൈ​ക്ലോ​പീ​ഡിയ അമേരി​ക്കാന പറയു​ന്ന​തിൽ തെല്ലും അതിശ​യി​ക്കാ​നില്ല. അതിങ്ങനെ കൂട്ടി​ച്ചേർക്കു​ന്നു: “ശരീര​ത്തിൽനി​ന്നു വേറിട്ടു പ്രവർത്തി​ക്കു​ന്ന​താ​യി . . . നീഫേ​ഷി​നെ​ക്കു​റിച്ച്‌ ഒരിക്ക​ലും ധരിച്ചി​രു​ന്നില്ല.”

അതു​കൊണ്ട്‌, മരണം എന്താ​ണെ​ന്നാ​ണു വിശ്വസ്‌ത യഹൂദർ വിശ്വ​സി​ച്ചി​രു​ന്നത്‌? ലളിത​മാ​യി പറഞ്ഞാൽ, ജീവന്റെ വിപരീ​ത​മാ​ണു മരണ​മെന്ന്‌ അവർ വിശ്വ​സി​ച്ചി​രു​ന്നു. ഒരു മനുഷ്യ​നിൽനിന്ന്‌ ആത്മാവ്‌ അഥവാ ജീവശക്തി വിട്ടു​പോ​കു​മ്പോൾ എന്തു സംഭവി​ക്കു​ന്നു​വെന്നു സങ്കീർത്തനം 146:4 പറയുന്നു: “അവന്റെ ശ്വാസം [“ആത്മാവ്‌,” NW] പോകു​ന്നു; അവൻ മണ്ണി​ലേക്കു തിരി​യു​ന്നു; അന്നു തന്നേ അവന്റെ നിരൂ​പ​ണങ്ങൾ നശിക്കു​ന്നു.” c സമാന​മാ​യി, “മരിച്ച​വ​രോ ഒന്നും അറിയു​ന്നില്ല” എന്നു ശലോ​മോൻ രാജാ​വും എഴുതി.—സഭാ​പ്ര​സം​ഗി 9:5.

അപ്പോൾപ്പി​ന്നെ എന്തു​കൊ​ണ്ടാ​ണു മസാദ​യി​ലെ മതതീ​വ്ര​വാ​ദി​ക​ളെ​പ്പോ​ലുള്ള ഒന്നാം നൂറ്റാ​ണ്ടി​ലെ പല യഹൂദ​ന്മാ​രും ദേഹി​യു​ടെ അമർത്ത്യ​ത​യിൽ ഉറച്ചു വിശ്വ​സി​ച്ചി​രു​ന്നത്‌?

ഗ്രീക്കു സ്വാധീ​നം

യഹൂദർക്ക്‌ ഈ ആശയം ലഭിച്ചതു ബൈബി​ളിൽനി​ന്നല്ല, പിന്നെ​യോ ഗ്രീക്കു​കാ​രിൽനി​ന്നാണ്‌. പൊ.യു.മു. (പൊതു​യു​ഗ​ത്തി​നു​മുമ്പ്‌) ഏഴാം നൂറ്റാ​ണ്ടി​നും അഞ്ചാം നൂറ്റാ​ണ്ടി​നും ഇടയിൽ, ഈ ആശയം നിഗൂ​ഢ​മായ ഗ്രീക്കു മതപ്ര​സ്ഥാ​ന​ങ്ങ​ളിൽനി​ന്നു ഗ്രീക്കു തത്ത്വചി​ന്ത​യി​ലേക്കു കടന്നു​വ​ന്ന​താ​യി തോന്നു​ന്നു. ഹീന ദേഹി​കൾക്കു വേദനാ​ക​ര​മായ പ്രതി​കാ​രം ലഭിക്കു​ന്നി​ടത്തെ മരണാ​നന്തര ജീവി​ത​മെന്ന ആശയം ദീർഘ​കാ​ലം വളരെ ആകർഷ​ക​മാ​യി തോന്നി​യി​രു​ന്നു, ആ ആശയം സ്ഥാപി​ത​മാ​യി​ത്തീ​രു​ക​യും പ്രചരി​ക്കു​ക​യും ചെയ്‌തു. ദേഹി​യു​ടെ കൃത്യ​മായ സ്വഭാ​വ​ത്തെ​ക്കു​റി​ച്ചു തത്ത്വചി​ന്ത​ക​ന്മാർ അന്തമി​ല്ലാ​തെ സംവാദം നടത്തി. കേൾക്കാൻ സാധി​ക്കുന്ന ഒച്ചയും ചിലമ്പ​ലും മർമര​ശ​ബ്ദ​വും ഉണ്ടാക്കി​ക്കൊണ്ട്‌ ദേഹി മരണസ​മ​യത്തു വിട്ടു​പോ​കു​ന്ന​താ​യി ഹോമർ അവകാ​ശ​പ്പെട്ടു. ദേഹിക്കു വാസ്‌ത​വ​ത്തിൽ പിണ്ഡമു​ണ്ടെ​ന്നും അതു​കൊണ്ട്‌ അതിസൂ​ക്ഷ്‌മ​മായ ഒരു ശരീരം അതിനു​ണ്ടെ​ന്നും എപ്പിക്യൂ​റസ്‌ പറഞ്ഞു. d

ഒരുപക്ഷേ, അമർത്ത്യ ദേഹിക്ക്‌ അനുകൂ​ല​മാ​യി വാദിച്ച ഏറ്റവും വലിയ വ്യക്തി പൊ.യു.മു. നാലാം നൂറ്റാ​ണ്ടി​ലെ ഗ്രീക്കു തത്ത്വചി​ന്ത​ക​നായ പ്ലേറ്റോ ആയിരു​ന്നു. തന്റെ ഗുരു​വായ സോ​ക്ര​ട്ടീ​സി​ന്റെ മരണ​ത്തെ​ക്കു​റി​ച്ചുള്ള അദ്ദേഹ​ത്തി​ന്റെ വിവരണം, നൂറ്റാ​ണ്ടു​കൾക്കു ശേഷമു​ണ്ടായ മസാദ​യി​ലെ യഹൂദ​മ​ത​തീ​വ്ര​വാ​ദി​ക​ളു​ടെ വിശ്വാ​സ​ങ്ങ​ളോ​ടു സമാന​മാ​യി​രു​ന്നു​വെന്നു വെളി​പ്പെ​ടു​ത്തു​ന്നു. പണ്ഡിത​നായ ഓസ്‌കാർ കുൾമാൻ പറയു​ന്ന​തു​പോ​ലെ, “തികഞ്ഞ സമാധാ​ന​ത്തോ​ടെ​യും സമനി​ല​യോ​ടെ​യും സോ​ക്ര​ട്ടീസ്‌ മരണത്തി​ലേക്കു പോകു​ന്ന​തെ​ങ്ങ​നെ​യെന്നു പ്ലേറ്റോ കാട്ടി​ത്ത​രു​ന്നു. സോ​ക്ര​ട്ടീ​സി​ന്റെ മരണം മനോ​ഹ​ര​മായ ഒരു മരണമാ​യി​രു​ന്നു. മരണത്തി​ന്റെ ഭീതി​യൊ​ന്നും ഇവിടെ കാണു​ന്നില്ല. സോ​ക്ര​ട്ടീ​സി​നു മരണത്തെ ഭയപ്പെ​ടാ​നാ​വില്ല, കാരണം അതു നമ്മെ ശരീര​ത്തിൽനി​ന്നും മുക്തമാ​ക്കു​ന്നു. . . . മരണം ദേഹി​യു​ടെ വലിയ സ്‌നേ​ഹി​ത​നാണ്‌. അങ്ങനെ അദ്ദേഹം പഠിപ്പി​ക്കു​ന്നു; അങ്ങനെ തന്റെ പഠിപ്പി​ക്ക​ലി​നോ​ടുള്ള അത്ഭുത​ക​ര​മായ ചേർച്ച​യിൽ, അദ്ദേഹം മരിക്കു​ന്നു.”

മക്കബാ​യ​രു​ടെ കാലത്ത്‌, അതായത്‌ ക്രിസ്‌തു​വി​നു മുമ്പ്‌ രണ്ടാം നൂറ്റാ​ണ്ടിൽ, ആയിരു​ന്നു ഗ്രീക്കു​കാ​രിൽനിന്ന്‌ ഈ പഠിപ്പി​ക്കൽ യഹൂദർ സ്വീക​രി​ക്കാൻ തുടങ്ങി​യത്‌. പൊ.യു. (പൊതു​യു​ഗം) ഒന്നാം നൂറ്റാ​ണ്ടിൽ, ശക്തമായ യഹൂദ മതവി​ഭാ​ഗ​ങ്ങ​ളായ പരീശ​ന്മാ​രും എസീനു​ക​ളും ഈ ഉപദേ​ശത്തെ സ്വീക​രി​ച്ചു​വെന്നു ജോസീ​ഫസ്‌ നമ്മോടു പറയുന്നു. സാധ്യ​ത​യ​നു​സ​രിച്ച്‌, ആ കാലഘ​ട്ട​ത്തിൽ രചിക്ക​പ്പെട്ട ചില കവിത​ക​ളും അതേ വിശ്വാ​സ​ത്തെ​തന്നെ പ്രതി​ഫ​ലി​പ്പി​ക്കു​ന്നു.

എന്നാൽ, യേശു​ക്രി​സ്‌തു​വി​നെ സംബന്ധി​ച്ചോ? അവനും അവന്റെ അനുഗാ​മി​ക​ളും ഗ്രീക്കു മതത്തിൽനി​ന്നുള്ള ഈ ആശയം പഠിപ്പി​ച്ചോ?

ദേഹിയെ സംബന്ധി​ച്ചുള്ള ആദിമ ക്രിസ്‌ത്യാ​നി​ക​ളു​ടെ വീക്ഷണം

ഒന്നാം നൂറ്റാ​ണ്ടി​ലെ ക്രിസ്‌ത്യാ​നി​കൾ, ഗ്രീക്കു​കാർ വീക്ഷി​ച്ചി​രു​ന്ന​തു​പോ​ലെയല്ല ദേഹിയെ വീക്ഷി​ച്ചത്‌. ഉദാഹ​ര​ണ​ത്തിന്‌, യേശു​വി​ന്റെ സ്‌നേ​ഹി​ത​നായ ലാസറി​ന്റെ മരണ​ത്തെ​ക്കു​റി​ച്ചു പരിചി​ന്തി​ക്കുക. മരണസ​മ​യത്തു സ്വത​ന്ത്ര​വും സന്തുഷ്ട​വു​മാ​യി വിട്ടു​പോയ ഒരു അമർത്ത്യ ദേഹി ലാസറി​നു​ണ്ടാ​യി​രു​ന്നു​വെ​ങ്കിൽ, യോഹ​ന്നാൻ 11-ാം അധ്യാ​യ​ത്തി​ലെ വിവരണം വ്യത്യ​സ്‌ത​മാ​യി​രി​ക്കു​മാ​യി​രു​ന്നി​ല്ലേ? ലാസർ നല്ല അവസ്ഥയിൽ സ്വർഗ​ത്തിൽ സുബോ​ധ​ത്തോ​ടെ ജീവി​ച്ചി​രു​ന്നെ​ങ്കിൽ, യേശു നിശ്ചയ​മാ​യും തന്റെ അനുഗാ​മി​ക​ളോട്‌ അതേക്കു​റി​ച്ചു പറയു​മാ​യി​രു​ന്നു; മറിച്ച്‌ എബ്രായ തിരു​വെ​ഴു​ത്തു​ക​ളോ​ടു യോജി​പ്പു പ്രകട​മാ​ക്കി​ക്കൊണ്ട്‌ അവൻ ലാസർ ഉറങ്ങു​ക​യാ​ണെന്ന്‌, അബോ​ധാ​വ​സ്ഥ​യി​ലാ​ണെന്ന്‌ അവരോ​ടു പറഞ്ഞു. (11-ാം വാക്യം) അത്ഭുത​ക​ര​മായ ഒരു പുതിയ അസ്‌തി​ത്വം തന്റെ സ്‌നേ​ഹി​തൻ ആസ്വദി​ക്കു​ക​യാ​യി​രു​ന്നു​വെ​ങ്കിൽ യേശു തീർച്ച​യാ​യും സന്തോ​ഷി​ക്കു​മാ​യി​രു​ന്നു; പകരം, അവന്റെ മരണ​ത്തെ​ച്ചൊ​ല്ലി യേശു പരസ്യ​മാ​യി കരയു​ന്ന​താ​യി നാം കാണുന്നു. (35-ാം വാക്യം) തീർച്ച​യാ​യും, ആനന്ദനിർവൃ​തി​യു​ള​വാ​ക്കുന്ന അമർത്ത്യത ആസ്വദി​ച്ചു​കൊണ്ട്‌ ലാസറി​ന്റെ ദേഹി സ്വർഗ​ത്തി​ലാ​യി​രു​ന്നു​വെ​ങ്കിൽ, ഒരു അപൂർണ ഭൗതിക ശരീര​മാ​കുന്ന “തടവറ”യിൽ, രോഗി​ക​ളും മർത്ത്യ​രു​മായ മനുഷ്യ​വർഗ​ത്തി​ന്റെ ഇടയിൽ ഏതാനും വർഷം കൂടി ജീവി​ക്കാൻ അവനെ തിരികെ കൊണ്ടു​വ​ന്നു​കൊണ്ട്‌ യേശു ഒരിക്ക​ലും അത്ര ക്രൂര​നാ​യി​രി​ക്കു​മാ​യി​രു​ന്നില്ല.

ജഡത്തിൽനി​ന്നു മുക്തമായ, സ്വത​ന്ത്ര​മായ ഒരു ആത്മജീവി എന്ന നിലയി​ലുള്ള അത്ഭുത​ക​ര​മായ നാലു ദിവസത്തെ ഉജ്ജ്വല റിപ്പോർട്ടു​ക​ളു​മാ​യാ​ണോ ലാസർ മരണത്തിൽനി​ന്നു മടങ്ങി​വ​ന്നത്‌? അല്ല, അവൻ അങ്ങനെയല്ല മടങ്ങി​വ​ന്നത്‌. വാക്കു​കൾക്കൊ​ണ്ടു വിശദീ​ക​രി​ക്കാൻ കഴിയാ​ത്ത​വി​ധം അത്രയ്‌ക്കും അത്ഭുതാ​വ​ഹ​മാ​യി​രു​ന്നു ആ അനുഭവം എന്നു പറഞ്ഞു​കൊണ്ട്‌ അമർത്ത്യ ദേഹി​യിൽ വിശ്വ​സി​ക്കു​ന്നവർ പ്രതി​ക​രി​ക്കും. എന്നാൽ ആ വാദം ബോധ്യം വരുത്താൻ ഉതകു​ന്നില്ല; എന്തൊ​ക്കെ​യാ​ണെ​ങ്കി​ലും, അത്ര​യെ​ങ്കി​ലും, അതായത്‌ വിവരി​ക്കാൻ പ്രയാ​സ​ക​ര​മായ ഒരു അനുഭവം തനിക്കു​ണ്ടാ​യെന്ന്‌, ലാസറിന്‌ തന്റെ പ്രിയ​പ്പെ​ട്ട​വ​രോ​ടു പറയാൻ കഴിയു​മാ​യി​രു​ന്നി​ല്ലേ? മറിച്ച്‌, മരിച്ച അവസ്ഥയി​ലാ​യി​രു​ന്ന​പ്പോൾ തനിക്കു​ണ്ടായ യാതൊ​രു അനുഭ​വ​ത്തെ​ക്കു​റി​ച്ചും ലാസർ പറഞ്ഞില്ല. ഇതേക്കു​റിച്ച്‌ ഒന്നു ചിന്തി​ക്കുക—മറ്റേ​തൊ​രു വിഷയ​ത്തെ​ക്കാ​ളും മനുഷ്യ ജിജ്ഞാ​സ​യു​ടെ കേന്ദ്ര​മായ ഒരു വിഷയ​ത്തെ​ക്കു​റിച്ച്‌, മരണം എന്തു​പോ​ലി​രി​ക്കു​മെ​ന്ന​തി​നെക്കു​റിച്ച്‌, നിശ്ശബ്ദത പാലി​ക്കുക! ആ നിശ്ശബ്ദ​തയെ ഒരു വിധത്തിൽ മാത്രമേ വിശദീ​ക​രി​ക്കാൻ സാധി​ക്കു​ക​യു​ള്ളൂ. പറയാൻ ഒന്നുമു​ണ്ടാ​യി​രു​ന്നില്ല എന്നുതന്നെ. മരിച്ചവർ ഉറങ്ങു​ക​യാണ്‌, അവർക്കു ബോധ​മില്ല.

അതു​കൊണ്ട്‌, ദേഹി​യു​ടെ സ്‌നേ​ഹി​ത​നാ​യി, അസ്‌തിത്വത്തിന്റെ ഘട്ടങ്ങൾക്കി​ട​യിൽ കടന്നു​പോ​കുന്ന കേവല​മൊ​രു ചടങ്ങായി, ബൈബിൾ മരണത്തെ അവതരി​പ്പി​ക്കു​ന്നു​വോ? ഇല്ല! അപ്പോ​സ്‌ത​ല​നായ പൗലോ​സി​നെ​പ്പോ​ലുള്ള സത്യ​ക്രി​സ്‌ത്യാ​നി​കളെ സംബന്ധി​ച്ചി​ട​ത്തോ​ളം മരണം ഒരു സ്‌നേ​ഹി​ത​നാ​യി​രു​ന്നില്ല; അത്‌ “ഒടുക്കത്തെ ശത്രു” ആയിരു​ന്നു. (1 കൊരി​ന്ത്യർ 15:26) ക്രിസ്‌ത്യാ​നി​കൾ മരണത്തെ കാണു​ന്നതു സ്വാഭാ​വി​ക​മാ​യി​ട്ടല്ല, പിന്നെ​യോ ഭയങ്കര​വും അസ്വാ​ഭാ​വി​ക​വു​മാ​യി​ട്ടാണ്‌. കാരണം, അതു പാപത്തി​ന്റെ​യും ദൈവ​ത്തി​നെ​തി​രെ​യുള്ള മത്സരത്തി​ന്റെ​യും നേരി​ട്ടുള്ള ഫലമാണ്‌. (റോമർ 5:12; 6:23) അത്‌ ഒരിക്ക​ലും മനുഷ്യ​വർഗത്തെ സംബന്ധിച്ച ദൈവ​ത്തി​ന്റെ ആദി​മോ​ദ്ദേ​ശ്യ​ത്തി​ന്റെ ഭാഗമാ​യി​രു​ന്നില്ല.

എന്നിരു​ന്നാ​ലും, ദേഹി​യു​ടെ മരണത്തി​ന്റെ കാര്യ​ത്തിൽ സത്യ​ക്രി​സ്‌ത്യാ​നി​കൾ പ്രത്യാ​ശ​യി​ല്ലാ​ത്ത​വരല്ല. മരിച്ച ദേഹി​ക​ളു​ടെ യഥാർഥ​മായ, തിരു​വെ​ഴു​ത്തു​പ​ര​മായ പ്രത്യാ​ശ​യെ​ക്കു​റിച്ച്‌—പുനരു​ത്ഥാ​ന​ത്തെ​ക്കു​റിച്ച്‌—നമുക്കു വ്യക്തമാ​യി കാണി​ച്ചു​ത​രുന്ന ബൈബിൾ വിവര​ണ​ങ്ങ​ളിൽ ഒന്നു മാത്ര​മാ​ണു ലാസറി​ന്റെ പുനരു​ത്ഥാ​നം. രണ്ട്‌ വ്യത്യ​സ്‌ത​തരം പുനരു​ത്ഥാ​ന​ത്തെ​ക്കു​റി​ച്ചു ബൈബിൾ പഠിപ്പി​ക്കു​ന്നുണ്ട്‌. ശവക്കു​ഴി​യിൽ നിദ്ര​കൊ​ള്ളുന്ന ബഹുഭൂ​രി​പക്ഷം മനുഷ്യ​വർഗത്തെ സംബന്ധി​ച്ചി​ട​ത്തോ​ളം, അവർ നീതി​മാ​ന്മാ​രാ​ണെ​ങ്കി​ലും നീതി​കെ​ട്ട​വ​രാ​ണെ​ങ്കി​ലും, ഇവിടെ ഭൂമി​യിൽ പറുദീ​സ​യി​ലെ അനന്തജീ​വ​നി​ലേക്കു പുനരു​ത്ഥാ​നം പ്രാപി​ക്കാ​മെന്ന പ്രത്യാശ അവർക്കുണ്ട്‌. (ലൂക്കൊസ്‌ 23:43; യോഹ​ന്നാൻ 5:28, 29; പ്രവൃ​ത്തി​കൾ 24:15) തന്റെ “ചെറിയ ആട്ടിൻകൂ​ട്ടം” എന്ന്‌ യേശു പരാമർശിച്ച കൊച്ചു​കൂ​ട്ടത്തെ സംബന്ധി​ച്ചി​ട​ത്തോ​ളം, സ്വർഗ​ത്തി​ലെ ആത്മജീ​വി​ക​ളെന്ന നിലയിൽ അമർത്ത്യ ജീവനി​ലേ​ക്കുള്ള ഒരു പുനരു​ത്ഥാ​ന​മുണ്ട്‌. ക്രിസ്‌തു​വി​ന്റെ അപ്പോ​സ്‌ത​ല​ന്മാർ ഉൾപ്പെ​ടുന്ന ഇവർ, ക്രിസ്‌തു​യേ​ശു​വി​നോ​ടൊ​പ്പം മനുഷ്യ​വർഗ​ത്തി​ന്മേൽ ഭരണം നടത്തു​ക​യും അവരെ പൂർണ​ത​യി​ലേക്കു പുനഃ​സ്ഥി​തീ​ക​രി​ക്കു​ക​യും ചെയ്യും.—ലൂക്കൊസ്‌ 12:32; 1 കൊരി​ന്ത്യർ 15:53, 54; വെളി​പ്പാ​ടു 20:6.

അപ്പോൾപ്പി​ന്നെ എന്തു​കൊ​ണ്ടാണ്‌ ക്രൈ​സ്‌ത​വ​ലോ​ക​ത്തി​ലെ സഭകൾ പുനരു​ത്ഥാ​ന​ത്തി​നു പകരം മനുഷ്യ ദേഹി​യു​ടെ അമർത്ത്യത പഠിപ്പി​ക്കു​ന്ന​താ​യി നാം കാണു​ന്നത്‌? ദ ഹാർവാർഡ്‌ തിയ​ളോ​ജി​ക്കൽ റിവ്യൂ​വിൽ ദൈവ​ശാ​സ്‌ത്ര​ജ്ഞ​നായ വെർനർ യീജർ 1959-ൽ നൽകിയ ഉത്തരം പരിചി​ന്തി​ക്കുക: “ക്രിസ്‌തീയ ഉപദേ​ശ​ത്തി​ന്റെ ചരി​ത്ര​ത്തി​ലെ ഏറ്റവും പ്രധാ​ന​പ്പെട്ട വസ്‌തുത, ക്രിസ്‌തീയ ദൈവ​ശാ​സ്‌ത്ര​ത്തി​ന്റെ പിതാ​വായ ഓറിജൻ അലക്‌സാ​ണ്ട്രി​യാ​യി​ലെ സ്‌കൂ​ളിൽ ഒരു പ്ലേറ്റോ​ണിക്‌ തത്ത്വചി​ന്ത​ക​നാ​യി​രു​ന്നു എന്നതാണ്‌. അദ്ദേഹം പ്ലേറ്റോ​യിൽനി​ന്നു കടമെ​ടുത്ത, ദേഹിയെ സംബന്ധിച്ച സകല ആശയങ്ങ​ളും ക്രിസ്‌തീയ ഉപദേ​ശ​ത്തോട്‌ കൂട്ടി​ച്ചേർത്തു.” അങ്ങനെ, നൂറ്റാ​ണ്ടു​കൾക്കു മുമ്പ്‌ യഹൂദ​ന്മാർ ചെയ്‌ത​തു​തന്നെ സഭ ചെയ്യു​ക​യു​ണ്ടാ​യി! ഗ്രീക്കു തത്ത്വശാ​സ്‌ത്രത്തെ അനുകൂ​ലി​ച്ച​തു​കൊണ്ട്‌ അവർ ബൈബിൾ പഠിപ്പി​ക്ക​ലു​കൾ ഉപേക്ഷി​ച്ചു.

ഈ ഉപദേ​ശ​ത്തി​ന്റെ യഥാർഥ ഉത്ഭവം

ദേഹി​യു​ടെ അമർത്ത്യത എന്ന ഉപദേ​ശ​ത്തിന്‌ അനുകൂ​ല​മാ​യി വാദി​ച്ചു​കൊ​ണ്ടു ചിലർ ചോദി​ച്ചേ​ക്കാം, ലോക​ത്തി​ലെ ഒട്ടനവധി മതങ്ങൾ, ഒരു രൂപത്തി​ല​ല്ലെ​ങ്കിൽ മറ്റൊരു രൂപത്തിൽ, അതേ ഉപദേശം പഠിപ്പി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌? ഈ ലോക​ത്തി​ലെ മതസമു​ദാ​യ​ങ്ങ​ളിൽ ഈ പഠിപ്പി​ക്കൽ വളരെ പ്രചാ​ര​ത്തി​ലി​രി​ക്കു​ന്ന​തി​ന്റെ ഒരു ശരിയായ കാരണം തിരു​വെ​ഴു​ത്തു​കൾ പ്രദാനം ചെയ്യുന്നു.

“സർവ്വ​ലോ​ക​വും ദുഷ്ടന്റെ അധീന​ത​യിൽ കിടക്കു​ന്നു” എന്നു ബൈബിൾ നമ്മോടു പറയു​ക​യും “ലോക​ത്തി​ന്റെ ഭരണാ​ധി​പൻ” എന്ന നിലയിൽ സാത്താനെ പ്രത്യേ​ക​മാ​യി തിരി​ച്ച​റി​യി​ക്കു​ക​യും ചെയ്യുന്നു. (1 യോഹ​ന്നാൻ 5:19; യോഹ​ന്നാൻ 12:31, NW) സ്‌പഷ്ട​മാ​യും ലോക​മ​തങ്ങൾ സാത്താന്റെ സ്വാധീ​ന​ത്തിൽനി​ന്നു മുക്തമാ​യി​രു​ന്നി​ട്ടില്ല. നേരെ​മ​റിച്ച്‌, അവ ഇന്നത്തെ ലോക​ത്തി​ലെ കുഴപ്പ​ത്തി​നും കലഹത്തി​നും വളരെ​യ​ധി​കം സംഭാവന ചെയ്‌തി​രി​ക്കു​ന്നു. ദേഹി​യു​ടെ കാര്യ​ത്തെ​ക്കു​റി​ച്ചാ​ണെ​ങ്കിൽ, അവ വ്യക്തമാ​യും സാത്താന്റെ മനസ്സിനെ പ്രതി​ഫ​ലി​പ്പി​ക്കു​ന്ന​താ​യി തോന്നു​ന്നു. അതെങ്ങനെ?

ചരി​ത്ര​ത്തിൽ ആദ്യമാ​യി പറയപ്പെട്ട നുണ ഏതെന്ന്‌ ഓർക്കുക. ആദാമും ഹവ്വായും പാപം ചെയ്‌താൽ തത്‌ഫ​ല​മാ​യി മരണം സംഭവി​ക്കു​മെന്നു ദൈവം അവരോ​ടു പറഞ്ഞി​രു​ന്നു. എന്നാൽ സാത്താൻ ഹവ്വായ്‌ക്ക്‌ ഈ ഉറപ്പു കൊടു​ത്തു: “നിങ്ങൾ മരിക്ക​യില്ല നിശ്ചയം.” (ഉല്‌പത്തി 3:4) തീർച്ച​യാ​യും, ആദാമും ഹവ്വായും മരിക്കു​ക​തന്നെ ചെയ്‌തു; ദൈവം പറഞ്ഞതു​പോ​ലെ അവർ പൊടി​യി​ലേക്കു മടങ്ങി​പ്പോ​യി. ‘ഭോഷ്‌കി​ന്റെ അപ്പനായ’ സാത്താൻ ഒരിക്ക​ലും തന്റെ ആദ്യ വ്യാജം കൈ​വെ​ടി​ഞ്ഞില്ല. (യോഹ​ന്നാൻ 8:44) ബൈബിൾ ഉപദേ​ശ​ത്തിൽനി​ന്നു വ്യതി​ച​ലി​ക്കു​ക​യോ അതിനെ അവഗണി​ക്കു​ക​യോ ചെയ്യുന്ന എണ്ണമറ്റ മതങ്ങളിൽ അതേ ആശയം ഇപ്പോ​ഴും പ്രചരി​ച്ചി​രി​ക്കു​ന്നു: ‘നിങ്ങൾ നിശ്ചയ​മാ​യും മരിക്ക​യില്ല. നിങ്ങളു​ടെ ശരീരം നശി​ച്ചേ​ക്കാം, എന്നാൽ നിങ്ങളു​ടെ ദേഹി എന്നേക്കും ജീവി​ച്ചി​രി​ക്കും—ദൈവ​ത്തെ​പ്പോ​ലെ!’ രസാവ​ഹ​മെന്നു പറയട്ടെ, ഹവ്വാ “ദൈവ​ത്തെ​പ്പോ​ലെ” ആയിത്തീ​രു​മെ​ന്നും സാത്താൻ അവളോ​ടു പറഞ്ഞി​രു​ന്നു!—ഉല്‌പത്തി 3:5.

ഭോഷ്‌കു​ക​ളി​ലോ മനുഷ്യ തത്ത്വശാ​സ്‌ത്ര​ങ്ങ​ളി​ലോ അല്ല, സത്യത്തിൽ അടിസ്ഥാ​ന​പ്പെ​ട്ടി​രി​ക്കുന്ന ഒരു പ്രത്യാശ ഉണ്ടായി​രി​ക്കു​ന്നത്‌ എത്രയോ നല്ലതാണ്‌. ഏതോ അമർത്ത്യ ദേഹി​യു​ടെ സ്ഥിതി​ഗ​തി​ക​ളെ​പ്പറ്റി ഉത്‌ക​ണ്‌ഠ​പ്പെ​ടു​ന്ന​തി​നു പകരം നമ്മുടെ മരിച്ചു​പോയ പ്രിയ​പ്പെ​ട്ടവർ ശവക്കു​ഴി​യിൽ അബോ​ധാ​വ​സ്ഥ​യി​ലാ​ണെന്ന ബോധ്യ​മു​ണ്ടാ​യി​രി​ക്കു​ന്നത്‌ എത്രയോ നല്ലതാണ്‌! മരിച്ച​വ​രു​ടെ ഈ ഉറക്കം നമ്മെ ഭയപ്പെ​ടു​ത്തു​ക​യോ വിഷാ​ദി​പ്പി​ക്കു​ക​യോ ചെയ്യേ​ണ്ട​തില്ല. ഒരു വിധത്തിൽ, മരിച്ചവർ സുരക്ഷി​ത​മായ ഒരു വിശ്ര​മ​സ്ഥാ​ന​ത്താ​ണെന്നു നമുക്കു കരുതാ​വു​ന്ന​താണ്‌. എന്തു​കൊണ്ട്‌ സുരക്ഷി​തം? കാരണം, യഹോവ സ്‌നേ​ഹി​ക്കുന്ന മരിച്ചവർ ഒരു പ്രത്യേക അർഥത്തിൽ ജീവി​ച്ചി​രി​ക്കു​ന്ന​താ​യി ബൈബിൾ നമുക്ക്‌ ഉറപ്പു തരുന്നു. (ലൂക്കൊസ്‌ 20:38) അവർ അവന്റെ സ്‌മര​ണ​യിൽ ജീവി​ക്കു​ന്നു. അത്‌ അങ്ങേയറ്റം ആശ്വാ​സ​ക​ര​മായ ഒരു കാര്യ​മാണ്‌, എന്തു​കൊ​ണ്ടെ​ന്നാൽ അവന്റെ ഓർമ​യ്‌ക്കു യാതൊ​രു പരിമി​തി​യു​മില്ല. എണ്ണമറ്റ ദശലക്ഷ​ക്ക​ണ​ക്കി​നു പ്രിയ​പ്പെട്ട മനുഷ്യ​രെ ജീവനി​ലേക്കു കൊണ്ടു​വ​രാ​നും ഒരു പറുദീ​സാ ഭൂമി​യിൽ എന്നേക്കും ജീവി​ക്കാ​നുള്ള അവസരം അവർക്കു കൊടു​ക്കാ​നും അവൻ ആകാം​ക്ഷ​യു​ള്ള​വ​നാണ്‌.—ഇയ്യോബ്‌ 14:14, 15 താരത​മ്യം ചെയ്യുക.

യഹോ​വ​യു​ടെ എല്ലാ വാഗ്‌ദ​ത്ത​ങ്ങ​ളും നിവൃ​ത്തി​യേ​റേ​ണ്ട​തു​ള്ള​തി​നാൽ പുനരു​ത്ഥാ​ന​ത്തി​ന്റെ മഹത്ത്വ​പൂർണ​മായ ദിവസ​വും വന്നു​ചേ​രും. (യെശയ്യാ​വു 55:10, 11) ഈ പ്രവചനം നിറ​വേ​റു​ന്ന​തി​നെ​ക്കു​റിച്ച്‌ ഒന്നു ചിന്തിച്ചു നോക്കൂ: “എന്നാൽ നിന്റെ മരിച്ചവർ ജീവി​ക്കു​ന്നു, അവരുടെ ശരീരങ്ങൾ വീണ്ടും എഴു​ന്നേൽക്കും. ഭൂമി​യിൽ ഉറങ്ങി​ക്കി​ട​ക്കു​ന്നവർ ഉണർന്ന്‌ സന്തോ​ഷി​ച്ചാർക്കും; എന്തെന്നാൽ നിന്റെ തുഷാരം മിന്നി​ത്തി​ള​ങ്ങുന്ന പ്രകാ​ശ​ത്തി​ലെ തുഷാ​ര​മാണ്‌, ഭൂമി ദീർഘ​കാ​ല​മാ​യി മരിച്ചു​കി​ട​ക്കു​ന്ന​വരെ വീണ്ടും ജനിപ്പി​ക്കും.” (യെശയ്യാ​വു 26:19, ദ ന്യൂ ഇംഗ്ലീഷ്‌ ബൈബിൾ) അതു​കൊണ്ട്‌ ശവക്കു​ഴി​യിൽ ഉറങ്ങുന്ന മരിച്ചവർ മാതാ​വി​ന്റെ ഉദരത്തി​ലെ ഒരു ശിശു​വി​നെ​പ്പോ​ലെ സുരക്ഷി​ത​രാണ്‌. അവർ പെട്ടെ​ന്നു​തന്നെ “ജനിക്കാൻ,” ഒരു പറുദീ​സാ ഭൂമി​യി​ലെ ജീവനി​ലേക്കു തിരികെ വരാൻ പോകു​ന്നു!

അതിലും മെച്ചമായ എന്തു പ്രത്യാശ ഉണ്ടായി​രി​ക്കാൻ സാധി​ക്കും?

[അടിക്കു​റി​പ്പു​കൾ]

a രണ്ടു സ്‌ത്രീ​ക​ളും അഞ്ചു കുട്ടി​ക​ളും ഒളിച്ചി​രു​ന്നു രക്ഷപ്പെ​ട്ട​താ​യി റിപ്പോർട്ടുണ്ട്‌. ഈ സ്‌ത്രീ​കൾ പിന്നീട്‌, തങ്ങളെ ബന്ധനസ്ഥ​രാ​ക്കിയ റോമാ​ക്കാ​രോ​ടു വിശദാം​ശങ്ങൾ പറയു​ക​യു​ണ്ടാ​യി.

b തീർച്ചയായും, വളരെ വ്യാപ​ക​മായ അർഥത്തിൽ ഉപയോ​ഗ​മുള്ള പല വാക്കു​ക​ളെ​യും പോലെ, നീഫേഷ്‌ എന്ന പദത്തി​നും അർഥ​ഭേ​ദ​ങ്ങ​ളുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, പ്രത്യേ​കി​ച്ചും ആഴമായ വികാ​ര​ങ്ങളെ ഉദ്ദേശി​ച്ചു​കൊണ്ട്‌, ആന്തരിക വ്യക്തിയെ അതിനു പരാമർശി​ക്കാൻ കഴിയും. (1 ശമൂവേൽ 18:1) ഒരു ദേഹി എന്ന നിലയിൽ ഒരുവൻ ആസ്വദി​ക്കുന്ന ജീവനെ പരാമർശി​ക്കാ​നും അതിനു കഴിയും.—1 രാജാ​ക്ക​ന്മാർ 17:21-23.

c “ആത്മാവ്‌” എന്നതിന്റെ എബ്രായ പദമാണ്‌ റൂവാ. അതിന്റെ അർഥം “ശ്വാസം” അല്ലെങ്കിൽ “കാറ്റ്‌” എന്നാണ്‌. മനുഷ്യ​രോ​ടുള്ള ബന്ധത്തിൽ അതു പരാമർശി​ക്കു​ന്നതു ബോധ​മുള്ള ഒരു ആത്മ അസ്‌തി​ത്വ​ത്തെയല്ല, മറിച്ച്‌ പുതി​യ​നി​യമ ദൈവ​ശാ​സ്‌ത്ര​ത്തി​ന്റെ പുതിയ അന്താരാ​ഷ്ട്ര നിഘണ്ടു (ഇംഗ്ലീഷ്‌) പറയു​ന്ന​തു​പോ​ലെ, “വ്യക്തി​യു​ടെ ജീവശ​ക്തി​യെ​യാണ്‌.”

d വളരെ വിചി​ത്ര​മായ ഇത്തരം വിധങ്ങ​ളിൽ ചിന്തിച്ച അവസാ​നത്തെ വ്യക്തി​യാ​യി​രു​ന്നില്ല അദ്ദേഹം. ഈ നൂറ്റാ​ണ്ടി​ന്റെ ആരംഭ​ത്തിൽ, വ്യക്തികൾ മരിച്ച​തി​നു​ശേഷം ഉടനെ​യുള്ള ഭാരം മരിക്കു​ന്ന​തി​നു തൊട്ടു​മുള്ള ഭാരത്തിൽനി​ന്നു കുറച്ചു​കൊണ്ട്‌ അനേകം വ്യക്തി​ക​ളു​ടെ ദേഹി​ക​ളു​ടെ ഭാരം കണക്കാ​ക്കി​യ​താ​യി ഒരു ശാസ്‌ത്രജ്ഞൻ യഥാർഥ​ത്തിൽ അവകാ​ശ​പ്പെട്ടു.

[7-ാം പേജിലെ ചിത്രം]

മരണം തങ്ങളുടെ ദേഹി​കളെ സ്വത​ന്ത്ര​മാ​ക്കു​മെന്നു മസാദ​യി​ലെ യഹൂദ മതതീ​വ്ര​വാ​ദി​കൾ വിശ്വ​സി​ച്ചി​രു​ന്നു