ദേഹി അമർത്ത്യമോ?
ദേഹി അമർത്ത്യമോ?
തുറന്നുവെച്ച ആ ശവപ്പെട്ടിയുടെ അടുത്തുകൂടി സ്നേഹിതരും കുടുംബാംഗങ്ങളും സാവധാനം നടന്നുനീങ്ങുന്നു. 17 വയസ്സുകാരനായ ആ യുവാവിന്റെ ശവശരീരത്തിലേക്ക് അവർ ഉറ്റുനോക്കുന്നു. സ്കൂളിലെ അവന്റെ സുഹൃത്തുക്കൾക്ക് അവനെ തിരിച്ചറിയാൻ വളരെ പ്രയാസം. രാസചികിത്സ നിമിത്തം അവന്റെ മുടിയിലധികവും കൊഴിഞ്ഞുപോയിരിക്കുന്നു, കാൻസർ മൂലം അവന്റെ തൂക്കം വളരെ കുറഞ്ഞുപോയിരിക്കുന്നു. വാസ്തവത്തിൽ ഇതുതന്നെയാണോ അവരുടെ സ്നേഹിതൻ? ഏതാനും ആഴ്ചകൾക്കു മുമ്പ്, ആശയങ്ങളും ചോദ്യങ്ങളും ഊർജവും ജീവനും തുടിച്ചുനിന്ന ഒരുവനായിരുന്നു അവൻ! ആ കുട്ടിയുടെ മാതാവ് കണ്ണീരോടെ ഇങ്ങനെ ആവർത്തിച്ചു പറയുന്നു: “ടോമി ഇപ്പോൾ കൂടുതൽ സന്തോഷവാനാണ്. ടോമി തന്റെ കൂടെ സ്വർഗത്തിൽ ഉണ്ടായിരിക്കാൻ ദൈവം ആഗ്രഹിച്ചു.”
ഹൃദയം തകർന്ന ആ മാതാവ് തന്റെ പുത്രൻ ഏതായാലും ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്ന ആശയത്തിൽ തെല്ലൊരു ആശ്വാസവും സാന്ത്വനവും കണ്ടെത്തുന്നു. ദേഹി അമർത്ത്യമാണെന്ന്, അതു വ്യക്തിത്വത്തിന്റെയും ചിന്തകളുടെയും ഓർമകളുടെയും—“അഹ”ത്തിന്റെ—ഇരിപ്പിടമാണെന്നു സഭയിൽ അവളെ പഠിപ്പിച്ചിരുന്നു. തന്റെ മകന്റെ ദേഹി മരിച്ചിട്ടേയില്ല; കാരണം, അതു ജീവിച്ചിരിക്കുന്ന ഒരു ആത്മവ്യക്തിയായതിനാൽ, മരണത്തിങ്കൽ ശരീരത്തെ വിട്ട് ദൈവത്തിന്റെയും ദൂതന്മാരുടെയും കൂടെയായിരിക്കാൻ സ്വർഗത്തിലേക്കു പോയെന്ന് അവൾ വിശ്വസിക്കുന്നു.
ദുരന്തസമയത്ത്, പ്രത്യാശയുടെ എന്തെങ്കിലുമൊരു കിരണമുണ്ടെങ്കിൽ മനുഷ്യഹൃദയം അതിനോടു പറ്റിച്ചേരും. അതുകൊണ്ട്, ഈ വിശ്വാസം വളരെ ആകർഷകമായിരിക്കുന്നത് എന്തുകൊണ്ടെന്നു കാണുക പ്രയാസമല്ല. ഉദാഹരണത്തിന്, ദൈവശാസ്ത്രജ്ഞനായ ജെ. പാറ്റേഴ്സൺ-സ്മൈത്ത് പരലോക സുവിശേഷത്തിൽ (ഇംഗ്ലീഷ്) പറയുന്നതു പരിചിന്തിക്കുക: “മരണശേഷം സംഭവിക്കുന്നതിനോടുള്ള—മരണം നമ്മെ ആനയിക്കുന്ന അത്യന്തം അത്ഭുതകരമായ ആ ലോകത്തോടുള്ള—താരതമ്യത്തിൽ മരണം വളരെ നിസ്സാരമായ ഒരു കാര്യമാണ്.”
ലോകത്തിനു ചുറ്റും പല മതങ്ങളിലും സംസ്കാരങ്ങളിലും, മമനുഷ്യന്റെ ഉള്ളിൽ മരിക്കാത്ത ഒരു ദേഹി, ശരീരത്തിന്റെ മരണശേഷവും ജീവിച്ചിരിക്കുന്ന ബോധമുള്ള ഒരു ആത്മാവ് ഉണ്ടെന്ന് ആളുകൾ വിശ്വസിക്കുന്നു. ക്രൈസ്തവലോകത്തിലെ ആയിരക്കണക്കിനു മതങ്ങളിലും മതവിഭാഗങ്ങളിലും ഈ വിശ്വാസം ഏറെക്കുറെ സാർവത്രികമാണ്. അതു യഹൂദമതത്തിലെയും ഒരു ഔദ്യോഗിക ഉപദേശമാണ്. കാലാരംഭത്തിൽ സൃഷ്ടിക്കപ്പെട്ട ആത്മാവ് അഥവാ ദേഹി ജനനത്തിങ്കൽ ശരീരത്തിൽ തടവിലാക്കപ്പെടുന്നുവെന്നും മരിക്കുമ്പോൾ അതു തുടർച്ചയായ പുനരവതാര ചക്രത്തിൽ മറ്റൊരു ശരീരത്തിലേക്കു നീങ്ങുന്നുവെന്നും ഹിന്ദുക്കൾ വിശ്വസിക്കുന്നു. ജനിക്കുമ്പോൾ ദേഹി അസ്തിത്വത്തിലേക്കു വരുന്നുവെന്നും ശരീരത്തിന്റെ മരണശേഷം അതു തുടർന്നു ജീവിക്കുന്നുവെന്നും മുസ്ലീങ്ങൾ വിശ്വസിക്കുന്നു. മറ്റു മതവിശ്വാസങ്ങളും—ആഫ്രിക്കയിലെ സർവാത്മവാദിയും ഷിന്റോമതക്കാരനും ബുദ്ധമതക്കാരൻ പോലും—അതേ കാര്യംതന്നെ പല വിധങ്ങളിൽ പഠിപ്പിക്കുന്നു.
കുഴപ്പിക്കുന്ന ചില ചോദ്യങ്ങൾ
അമർത്ത്യ ദേഹിയെ സംബന്ധിച്ചുള്ള വിശ്വാസം തള്ളിക്കളയാനാവാത്തതും സാർവത്രികമായി ആകർഷകത്വമുള്ളതുമാണെങ്കിലും അസ്വസ്ഥമാക്കുന്ന ചില ചോദ്യങ്ങൾ അത് ഉയർത്തിവിടുന്നു. ഉദാഹരണത്തിന്, പ്രിയപ്പെട്ട ഒരു വ്യക്തി മാതൃകായോഗ്യമായ ജീവിതമല്ല നയിച്ചിട്ടുള്ളതെങ്കിൽ അയാളുടെ ദേഹി എവിടെ പോകുന്നു എന്നു പലരും ചിന്തിക്കാറുണ്ട്. മറ്റേതെങ്കിലും താഴ്ന്ന ജീവരൂപമായി അവൻ അവതരിക്കുമോ? അതോ, സ്വർഗത്തിലേക്കു പോകാൻ യോഗ്യത നേടുന്നതുവരെ തീകൊണ്ടുള്ള ഏതോ പ്രക്രിയയാൽ ശുദ്ധീകരിക്കപ്പെടുന്നതിന് അവനെ ശുദ്ധീകരണസ്ഥലത്തേക്ക് അയച്ചിരിക്കുന്നുവോ? അതിലും മോശമായി, കത്തിജ്വലിക്കുന്ന ഒരു നരകത്തിൽ അവൻ എന്നേക്കും പീഡിപ്പിക്കപ്പെടേണ്ടതാണോ? അതോ, പല സർവാത്മവാദി മതങ്ങളും പഠിപ്പിക്കുന്നതുപോലെ, പ്രസാദിപ്പിക്കപ്പെടേണ്ട ഒരു ആത്മാവാണോ അവൻ?
അത്തരം വിശ്വാസങ്ങൾ ജീവിച്ചിരിക്കുന്നവർക്കു ഭാരിച്ച പ്രതീക്ഷകളാണ് ഉളവാക്കുന്നത്. നമ്മുടെ മരിച്ചുപോയ പ്രിയപ്പെട്ടവരുടെ ആത്മാക്കൾ നമ്മുടെമേൽ പ്രതികാരം നടത്താതിരിക്കാൻ നാം അവയെ പ്രസാദിപ്പിക്കണമോ? ഏതെങ്കിലും ഭയങ്കരമായ ശുദ്ധീകരണസ്ഥലത്തുനിന്നു രക്ഷപ്പെടാൻ നാം അവരെ സഹായിക്കണമോ? അതോ അവർ നരകത്തിൽ കഷ്ടപ്പെടുന്നുവെന്ന ചിന്തയിൽ നിസ്സഹായമായ ഭീതി നിമിത്തം നാം വിറച്ചുനിൽക്കണമോ? അതുമല്ലെങ്കിൽ, മരിച്ചുപോയവരുടെ ദേഹികളെ പേറുന്നവയായി നാം ചില മൃഗങ്ങളെ വീക്ഷിക്കണമോ?
ദൈവത്തെക്കുറിച്ചുതന്നെ ഉദിക്കുന്ന ചോദ്യങ്ങളും തെല്ലും ആശ്വാസം നൽകുന്നവയല്ല. ഉദാഹരണത്തിന്, തുടക്കത്തിൽ പരാമർശിച്ച മാതാവിനെപ്പോലെ പല മാതാപിതാക്കളും, തന്റെ കൂടെ ആയിരിക്കാൻ ദൈവം തങ്ങളുടെ കുട്ടിയുടെ അമർത്ത്യദേഹിയെ സ്വർഗത്തിലേക്ക് “എടുത്തു” എന്ന ആശയത്തിൽ ആദ്യം ആശ്വാസം കണ്ടെത്തുന്നു. എന്നിരുന്നാലും ഉടൻതന്നെ, ആവർത്തനപുസ്തകം 32:4-ഉം സങ്കീർത്തനം 103:8-ഉം യെശയ്യാവു 45:18-ഉം 1 യോഹന്നാൻ 4:8-ഉം താരതമ്യം ചെയ്യുക.
സമയത്തിനു മുമ്പേ കുട്ടിയെ സ്വർഗത്തിലേക്കു നീക്കുന്നതിനുവേണ്ടി മാത്രം നിഷ്കളങ്കനായ കുട്ടിക്ക് നിഗൂഢമായ ഏതോ രോഗം വരുത്തി, ഹൃദയം തകർന്ന മാതാപിതാക്കളിൽനിന്ന് ആ പ്രിയനെ വേർപെടുത്തുന്നത് ഏതുതരം ദൈവമായിരിക്കുമെന്നു പലരും ചിന്തിച്ചുതുടങ്ങുന്നു. അത്തരമൊരു ദൈവത്തിൽ എവിടെയാണു നീതിയും സ്നേഹവും കരുണയുമൊക്കെ? അത്തരത്തിലുള്ള ഒരു ദൈവത്തിന്റെ ജ്ഞാനത്തെ ചിലർ ചോദ്യം ചെയ്യുകപോലും ചെയ്യുന്നു. ഈ ദേഹികളെല്ലാം ഒടുവിൽ സ്വർഗത്തിൽ ചെല്ലാനാണ് ഉദ്ദേശിക്കപ്പെട്ടിരുന്നതെങ്കിൽ ജ്ഞാനിയായ ദൈവം ആദ്യംതന്നെ അവരെ എന്തിനാണു ഭൂമിയിൽ ആക്കിവെച്ചത്? എന്ന് അവർ ചോദിക്കുന്നു. അങ്ങനെയെങ്കിൽ ഭൂമിയെ സൃഷ്ടിച്ചത് ഒരു വൻ പാഴ്വേലയാണെന്നു വരില്ലേ?—അപ്പോൾ വ്യക്തമായും, മനുഷ്യദേഹിയുടെ അമർത്ത്യത എന്ന ഉപദേശം, ഏതു രൂപത്തിൽ അതു പഠിപ്പിച്ചാൽ തന്നെയും, അസ്വസ്ഥമാക്കുന്ന ചോദ്യങ്ങളും പൊരുത്തക്കേടുകൾപോലും ഉയർത്തുന്നു. എന്തുകൊണ്ട്? ഈ കുഴപ്പങ്ങളിലധികവും ഈ പഠിപ്പിക്കലിന്റെ ഉത്ഭവത്തോടു ബന്ധമുള്ളവയാണ്. ഈ ഉത്ഭവം ചുരുക്കമായി പര്യവേക്ഷണം ചെയ്യുന്നത് പ്രബുദ്ധമാക്കുന്നതാണെന്നു നിങ്ങൾ കണ്ടെത്തിയേക്കാം; ദേഹിയെക്കുറിച്ചു ബൈബിൾ പറയുന്ന കാര്യങ്ങൾ പഠിക്കുന്നതു നിങ്ങളെ അമ്പരപ്പിച്ചേക്കാം. ലോകമതങ്ങൾ സാധാരണ പഠിപ്പിക്കുന്നതിനെക്കാൾ വളരെയേറെ മെച്ചമായ ഒരു മരണാനന്തര ജീവിതപ്രതീക്ഷയാണ് അതു പ്രദാനം ചെയ്യുന്നത്.