വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘നിങ്ങളുടെ എല്ലാ നടത്തയിലും വിശുദ്ധരായിത്തീരുവിൻ’

‘നിങ്ങളുടെ എല്ലാ നടത്തയിലും വിശുദ്ധരായിത്തീരുവിൻ’

‘നിങ്ങളു​ടെ എല്ലാ നടത്തയി​ലും വിശു​ദ്ധ​രാ​യി​ത്തീ​രു​വിൻ’

“നിങ്ങളെ വിളിച്ച വിശു​ദ്ധന്നു ഒത്തവണ്ണം അനുസ​ര​ണ​മുള്ള മക്കളായി എല്ലാ നടപ്പി​ലും വിശു​ദ്ധ​രാ​കു​വിൻ. ‘ഞാൻ വിശുദ്ധൻ ആകയാൽ നിങ്ങളും വിശു​ദ്ധ​രാ​യി​രി​പ്പിൻ’ എന്നു എഴുതി​യി​രി​ക്കു​ന്നു​വ​ല്ലോ.”—1 പത്രൊസ്‌ 1:15, 16.

1. വിശു​ദ്ധ​രാ​യി​രി​ക്കാൻ പത്രോസ്‌ ക്രിസ്‌ത്യാ​നി​കളെ പ്രോ​ത്സാ​ഹി​പ്പി​ച്ചത്‌ എന്തു​കൊണ്ട്‌?

 അപ്പോ​സ്‌ത​ല​നായ പത്രോസ്‌ മേൽപ്ര​സ്‌താ​വിച്ച ബുദ്ധ്യു​പ​ദേശം നൽകി​യത്‌ എന്തു​കൊണ്ട്‌? കാരണം തന്റെ ചിന്തക​ളും പ്രവർത്ത​ന​ങ്ങ​ളും യഹോ​വ​യു​ടെ വിശു​ദ്ധി​യോ​ടുള്ള ചേർച്ച​യിൽ നിലനിർത്തു​ന്ന​തിന്‌ ഓരോ ക്രിസ്‌ത്യാ​നി​യും അവയെ​ക്കു​റി​ച്ചു ജാഗ്ര​ത​പാ​ലി​ക്കേ​ണ്ട​തി​ന്റെ ആവശ്യം അവൻ കണ്ടു. അങ്ങനെ, മേൽപ്ര​സ്‌താ​വിച്ച വാക്കു​ക​ളു​ടെ ആമുഖ​മാ​യി അവൻ പറഞ്ഞു: “ആകയാൽ നിങ്ങളു​ടെ മനസ്സു ഉറപ്പിച്ചു നിർമ്മ​ദ​രാ​യി . . . പണ്ടു നിങ്ങളു​ടെ അജ്ഞാന​കാ​ലത്തു ഉണ്ടായി​രുന്ന മോഹ​ങ്ങളെ മാതൃ​ക​യാ​ക്കാ”തിരി​ക്കു​വിൻ.—1 പത്രൊസ്‌ 1:13, 14.

2. നാം സത്യം പഠിക്കു​ന്ന​തി​നു മുൻപ്‌ നമ്മുടെ ആഗ്രഹങ്ങൾ അവിശു​ദ്ധ​മാ​യി​രു​ന്നത്‌ എന്തു​കൊ​ണ്ടാ​യി​രു​ന്നു?

2 നമ്മുടെ പൂർവ​കാല ആഗ്രഹങ്ങൾ അവിശു​ദ്ധ​മാ​യി​രു​ന്നു. എന്തു​കൊണ്ട്‌? കാരണം ക്രിസ്‌തീയ സത്യം സ്വീക​രി​ക്കു​ന്ന​തി​നു മുൻപു നമ്മിൽ അനേക​രും ലൗകിക പ്രവർത്തന ഗതി പിൻപ​റ്റി​യി​രു​ന്നു. പത്രോസ്‌ സ്‌പഷ്ട​മാ​യി പിൻവ​രുന്ന പ്രകാരം എഴുതി​യ​പ്പോൾ അവൻ ഇതു മനസ്സി​ലാ​ക്കി​യി​രു​ന്നു: “കാമാർത്തി​ക​ളി​ലും മോഹ​ങ്ങ​ളി​ലും വീഞ്ഞു​കു​ടി​യി​ലും വെറി​ക്കൂ​ത്തു​ക​ളി​ലും മദ്യപാ​ന​ത്തി​ലും ധർമ്മവി​രു​ദ്ധ​മായ വിഗ്ര​ഹാ​രാ​ധ​ന​യി​ലും നടന്നു ജാതി​ക​ളു​ടെ ഇഷ്ടം പ്രവർത്തി​ച്ചു​കൊ​ണ്ടു കാലം പോക്കി​യതു മതി.” തീർച്ച​യാ​യും, നമ്മുടെ ആധുനിക ലോകത്തു പ്രത്യേ​ക​മാ​യുള്ള അവിശുദ്ധ പ്രവൃ​ത്തി​കൾ അന്ന്‌ അജ്ഞാത​മാ​യി​രു​ന്ന​തി​നാൽ പത്രോസ്‌ അവയെ പട്ടിക​പ്പെ​ടു​ത്തി​യില്ല.—1 പത്രൊസ്‌ 4:3, 4.

3, 4. (എ) തെറ്റായ ആഗ്രഹ​ങ്ങളെ നമുക്ക്‌ എങ്ങനെ പ്രതി​രോ​ധി​ക്കാൻ കഴിയും? (ബി) ക്രിസ്‌ത്യാ​നി​കൾ വികാ​ര​ശൂ​ന്യ​രാ​യി​രി​ക്കേ​ണ്ട​തു​ണ്ടോ? വിശദീ​ക​രി​ക്കുക.

3 ജഡത്തി​നും ബുദ്ധി​ക്കും വികാ​ര​ങ്ങൾക്കും ആകർഷ​ക​മായ ആഗ്രഹ​ങ്ങ​ളാണ്‌ ഇവ എന്നതു നിങ്ങൾ ശ്രദ്ധി​ച്ചോ? ആധിപ​ത്യം പുലർത്താൻ നാം ഇവയെ അനുവ​ദി​ക്കു​മ്പോൾ നമ്മുടെ ചിന്തക​ളും പ്രവൃ​ത്തി​ക​ളും വളരെ എളുപ്പം അശുദ്ധ​മാ​യി​ത്തീ​രു​ന്നു. നമ്മുടെ പ്രവൃ​ത്തി​കളെ നിയ​ന്ത്രി​ക്കു​വാൻ ന്യായ​യു​ക്ത​മായ ചിന്താ​ശ​ക്തി​യെ അനുവ​ദി​ക്കേ​ണ്ട​തി​ന്റെ ആവശ്യകത ഇതു ചിത്രീ​ക​രി​ക്കു​ന്നു. പൗലോസ്‌ അത്‌ ഇപ്രകാ​രം പ്രകടി​പ്പി​ച്ചു: “സഹോ​ദ​ര​ന്മാ​രേ, ഞാൻ ദൈവ​ത്തി​ന്റെ മനസ്സലി​വു ഓർപ്പി​ച്ചു നിങ്ങളെ പ്രബോ​ധി​പ്പി​ക്കു​ന്നതു: നിങ്ങൾ ബുദ്ധി​യുള്ള [“ന്യായ​യു​ക്ത​മായ ചിന്താ​ശ​ക്തി​യോ​ടു കൂടിയ,” NW] ആരാധ​ന​യാ​യി നിങ്ങളു​ടെ ശരീര​ങ്ങളെ ജീവനും വിശു​ദ്ധി​യും ദൈവ​ത്തി​ന്നു പ്രസാ​ദ​വു​മുള്ള യാഗമാ​യി സമർപ്പി​പ്പിൻ.”—റോമർ12:1, 2.

4 ദൈവ​ത്തിന്‌ ഒരു വിശു​ദ്ധ​യാ​ഗം അർപ്പി​ക്കു​ന്ന​തിന്‌, വികാ​ര​ങ്ങളല്ല, ന്യായ​യു​ക്ത​മായ ചിന്താ​ശക്തി ആധിപ​ത്യം പുലർത്താൻ നാം അനുവ​ദി​ക്കണം. തങ്ങളുടെ നടത്തയെ നിയ​ന്ത്രി​ക്കാൻ വികാ​ര​ങ്ങളെ അനുവ​ദി​ച്ചതു നിമിത്തം എത്രയോ പേർ അധാർമി​ക​ത​യിൽ ഉൾപ്പെ​ട്ടി​രി​ക്കു​ന്നു! നമ്മുടെ വികാ​ര​ങ്ങളെ അടിച്ച​മർത്തേ​ണ്ട​തു​ണ്ടെന്ന്‌ അത്‌ അർഥമാ​ക്കു​ന്നില്ല. അങ്ങനെ​യ​ല്ലെ​ങ്കിൽ, യഹോ​വ​യു​ടെ സേവന​ത്തിൽ സന്തോഷം പ്രകടി​പ്പി​ക്കാൻ നമു​ക്കെ​ങ്ങനെ കഴിയും? എന്നിരു​ന്നാ​ലും, ജഡത്തിന്റെ പ്രവൃ​ത്തി​കൾക്കു പകരം ആത്മാവി​ന്റെ ഫലങ്ങൾ ഉത്‌പാ​ദി​പ്പി​ക്കു​വാൻ നാം ആഗ്രഹി​ക്കു​ന്നു​വെ​ങ്കിൽ, നാം നമ്മുടെ മനസ്സിനെ ക്രിസ്‌തു​വി​ന്റെ ചിന്താ​ഗ​തിക്ക്‌ അനുരൂ​പ​മാ​ക്കണം.—ഗലാത്യർ 5:22, 23; ഫിലി​പ്പി​യർ 2:5.

വിശുദ്ധ ജീവിതം, വിശുദ്ധ വില

5. വിശു​ദ്ധി​യു​ടെ ആവശ്യം സംബന്ധി​ച്ചു പത്രോസ്‌ ബോധ​വാ​നാ​യി​രു​ന്നത്‌ എന്തു​കൊ​ണ്ടാ​യി​രു​ന്നു?

5 ക്രിസ്‌തീയ വിശു​ദ്ധി​യു​ടെ ആവശ്യ​ക​ത​യെ​ക്കു​റി​ച്ചു പത്രോസ്‌ അതീവ ബോധ​വാ​നാ​യി​രു​ന്നത്‌ എന്തു​കൊ​ണ്ടാ​യി​രു​ന്നു? കാരണം അനുസ​ര​ണ​മുള്ള മനുഷ്യ​വർഗത്തെ വീണ്ടെ​ടു​ക്കു​ന്ന​തി​നു നൽകിയ വിശു​ദ്ധ​വില സംബന്ധിച്ച്‌ അവൻ തികച്ചും ബോധവാനായി​രു​ന്നു. അവൻ എഴുതി: “വ്യർത്ഥ​വും പിതൃ​പാ​ര​മ്പ​ര്യ​വു​മാ​യുള്ള നിങ്ങളു​ടെ നടപ്പിൽനി​ന്നു നിങ്ങളെ വീണ്ടെ​ടു​ത്തി​രി​ക്കു​ന്നതു പൊന്നു, വെള്ളി മുതലായ അഴിഞ്ഞു​പോ​കുന്ന വസ്‌തു​ക്ക​ളെ​ക്കൊ​ണ്ടല്ല, ക്രിസ്‌തു എന്ന നിർദ്ദോ​ഷ​വും നിഷ്‌ക്ക​ള​ങ്ക​വു​മായ കുഞ്ഞാ​ടി​ന്റെ വില​യേ​റിയ രക്തം​കൊ​ണ്ട​ത്രേ എന്നു നിങ്ങൾ അറിയു​ന്നു​വ​ല്ലോ.” (1 പത്രൊസ്‌ 1:18, 19) അതേ, ദൈവ​വു​മാ​യി ഒരു നല്ല ബന്ധം ഉണ്ടായി​രി​ക്കാൻ ആളുകളെ അനുവ​ദി​ക്കുന്ന മറുവില നൽകാൻ വിശു​ദ്ധി​യു​ടെ ഉറവി​ട​മായ യഹോ​വ​യാം ദൈവം തന്റെ ഏകജാത പുത്രനെ, ‘പരിശു​ദ്ധനെ’ ഭൂമി​യി​ലേക്ക്‌ അയച്ചു.—യോഹ​ന്നാൻ 3:16; 6:69; പുറപ്പാ​ടു 28:36; മത്തായി 20:28.

6. (എ) വിശുദ്ധ നടത്ത പിന്തു​ട​രു​ന്നതു നമുക്ക്‌ എളുപ്പ​മ​ല്ലാ​ത്തത്‌ എന്തു​കൊണ്ട്‌? (ബി) നമ്മുടെ നടത്ത വിശു​ദ്ധ​മാ​യി നിലനിർത്താൻ നമ്മെ എന്തിനു സഹായി​ക്കാൻ കഴിയും?

6 എന്നാൽ, സാത്താന്റെ ദുഷിച്ച ലോക​ത്തിൻമ​ധ്യേ ആയിരി​ക്കവേ വിശുദ്ധ ജീവിതം നയിക്കു​ന്നത്‌ എളുപ്പ​മ​ല്ലെന്നു നാം തിരി​ച്ച​റി​യേ​ണ്ട​തുണ്ട്‌. അവന്റെ വ്യവസ്ഥി​തി​യിൽ അതിജീ​വി​ക്കാൻ ശ്രമി​ക്കുന്ന സത്യ​ക്രി​സ്‌ത്യാ​നി​കൾക്ക്‌ അവൻ കെണി​യൊ​രു​ക്കു​ന്നു. (എഫെസ്യർ 6:12; 1 തിമൊ​ഥെ​യൊസ്‌ 6:9, 10) ലൗകിക ജോലി​യി​ലെ സമ്മർദങ്ങൾ, കുടുംബ എതിർപ്പ്‌, സ്‌കൂ​ളി​ലെ പരിഹാ​സം, സമപ്രാ​യ​ക്കാ​രിൽനി​ന്നുള്ള സമ്മർദം തുടങ്ങി​യവ വിശുദ്ധി നിലനിർത്തു​വാൻ ഒരുവനു ശക്തമായ ആത്മീയത അത്യാ​വ​ശ്യ​മാ​ക്കി​ത്തീർക്കു​ന്നു. നമ്മുടെ വ്യക്തി​പ​ര​മായ പഠനത്തി​ന്റെ​യും ക്രിസ്‌തീയ യോഗ​ങ്ങ​ളി​ലെ ക്രമമായ ഹാജരാ​ക​ലി​ന്റെ​യും മർമ​പ്ര​ധാ​ന​മായ പങ്കിനെ അതു ദൃഢീ​ക​രി​ക്കു​ന്നു. പൗലോസ്‌ തിമോ​ത്തി​യെ ബുദ്ധ്യു​പ​ദേ​ശി​ച്ചു: “എന്നോടു കേട്ട പത്ഥ്യവ​ചനം [“ആരോ​ഗ്യ​പ്ര​ദ​മായ വചനങ്ങൾ,” NW] നീ ക്രിസ്‌തു​യേ​ശു​വി​ലുള്ള വിശ്വാ​സ​ത്തി​ലും സ്‌നേ​ഹ​ത്തി​ലും മാതൃ​ക​യാ​ക്കി​ക്കൊൾക.” (2 തിമൊ​ഥെ​യൊസ്‌ 1:13) നമ്മുടെ രാജ്യ​ഹാ​ളി​ലും സ്വകാര്യ ബൈബിൾ പഠനത്തി​ലും ആ ആരോ​ഗ്യ​ദാ​യ​ക​മായ വചനങ്ങൾ നാം ശ്രവി​ക്കു​ന്നു. ദിന​ന്തോ​റും ഒട്ടേറെ വ്യത്യസ്‌ത സാഹച​ര്യ​ങ്ങ​ളിൽ നമ്മുടെ നടത്തയിൽ വിശു​ദ്ധ​രാ​യി​രി​ക്കാൻ അവയ്‌ക്കു നമ്മെ സഹായി​ക്കാൻ കഴിയും.

കുടും​ബ​ത്തിൽ വിശുദ്ധ നടത്ത

7. വിശുദ്ധി നമ്മുടെ കുടും​ബ​ജീ​വി​തത്തെ എങ്ങനെ ബാധി​ക്കണം?

7 പത്രോസ്‌ ലേവ്യ​പു​സ്‌തകം 11:44 ഉദ്ധരി​ച്ച​പ്പോൾ, വിശു​ദ്ധ​മായ എന്നതിന്‌ “പാപത്തിൽനി​ന്നു വേർപെ​ട്ട​തും ആയതി​നാൽ ദൈവ​ത്തി​നു സമർപ്പി​ക്ക​പ്പെ​ട്ട​തു​മായ” എന്നർഥ​മുള്ള ഹാജി​ഓസ്‌ എന്ന ഗ്രീക്കു പദം ഉപയോ​ഗി​ച്ചു. (ഡബ്ലിയു. ഇ. വൈനി​നാ​ലുള്ള ആൻ എക്‌സ്‌പോ​സി​റ്ററി ഡിക്‌ഷ്‌ണറി ഓഫ്‌ ന്യൂ ടെസ്റ്റ്‌മെൻറ്‌ വേഡ്‌സ്‌) നമ്മുടെ ക്രിസ്‌തീയ കുടുംബ ജീവി​ത​ത്തിൽ ഇതു നമ്മെ എങ്ങനെ ബാധി​ക്കണം? നമ്മുടെ കുടും​ബ​ജീ​വി​തം സ്‌നേ​ഹ​ത്തിൽ അധിഷ്‌ഠി​ത​മാ​യി​രി​ക്ക​ണ​മെന്ന്‌ ഇതു നിശ്ചയ​മാ​യും അർഥമാ​ക്കണം, എന്തു​കൊ​ണ്ടെ​ന്നാൽ “ദൈവം സ്‌നേഹം” ആകുന്നു. (1 യോഹ​ന്നാൻ 4:8) ഭാര്യാ​ഭർത്താ​ക്കൻമാർ തമ്മിലും മാതാ​പി​താ​ക്ക​ളും കുട്ടി​ക​ളും തമ്മിലു​മുള്ള ബന്ധങ്ങൾ സുഗമ​മാ​ക്കുന്ന എണ്ണയാണ്‌ ആത്മത്യാ​ഗ​പ​ര​മായ സ്‌നേഹം.—1 കൊരി​ന്ത്യർ 13:4-8; എഫെസ്യർ 5:28, 29, 33; 6:4; കൊ​ലൊ​സ്സ്യർ 3:18, 21.

8, 9. (എ) ഒരു ക്രിസ്‌തീയ ഭവനത്തിൽ ചില​പ്പോൾ ഏതു സാഹച​ര്യം വികാ​സം​പ്രാ​പി​ക്കു​ന്നു? (ബി) ഈ സംഗതി​യിൽ ബൈബിൾ ദൃഢമായ എന്തു ബുദ്ധ്യു​പ​ദേശം നൽകുന്നു?

8 അത്തരം സ്‌നേഹം പ്രകടി​പ്പി​ക്കു​ന്നത്‌ ക്രിസ്‌തീയ കുടും​ബ​ത്തിൽ സ്വയം സംഭവി​ക്കുന്ന സംഗതി​യാ​ണെന്നു നാം ചിന്തി​ച്ചേ​ക്കാം. എന്നാൽ, ചില ക്രിസ്‌തീയ ഭവനങ്ങ​ളിൽ എല്ലായ്‌പോ​ഴും സ്‌നേഹം അതിനു​ണ്ടാ​യി​രി​ക്കേണ്ട അളവു​വരെ സ്വാധീ​നം ചെലു​ത്തു​ന്നി​ല്ലെന്നു സമ്മതി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു. രാജ്യ​ഹാ​ളിൽ നാം സ്‌നേഹം പ്രകടി​പ്പി​ക്കു​ന്ന​താ​യി കാണ​പ്പെ​ട്ടേ​ക്കാം, എന്നാൽ ഭവന ചുറ്റു​പാ​ടിൽ നമ്മുടെ വിശുദ്ധി എത്ര എളുപ്പം കുറഞ്ഞു​പോ​യേ​ക്കാം. ഭാര്യ ഇപ്പോ​ഴും നമ്മുടെ ക്രിസ്‌തീയ സഹോ​ദ​രി​യാ​ണെന്ന്‌ അല്ലെങ്കിൽ ഭർത്താവ്‌ ഇപ്പോ​ഴും രാജ്യ​ഹാ​ളിൽ ആദരി​ക്ക​പ്പെ​ടേ​ണ്ട​വ​നാ​യി കാണപ്പെട്ട അതേ സഹോ​ദരൻ (ഒരുപക്ഷേ ഒരു ശുശ്രൂ​ഷാ​ദാ​സ​നോ മൂപ്പനോ) ആണെന്നു നാം അപ്പോൾ പെട്ടെന്നു മറന്നു​പോ​യേ​ക്കാം. നാം അസഹ്യ​പ്പെ​ടു​ക​യും ചൂടു​പി​ടിച്ച തർക്കങ്ങൾ വികാ​സം​പ്രാ​പി​ക്കു​ക​യും ചെയ്‌തേക്കാം. ഒരു ഇരട്ടനി​ല​വാ​രം നമ്മുടെ ജീവി​ത​ത്തി​ലേക്ക്‌ ഇഴഞ്ഞു കയറി​യേ​ക്കാ​വു​ന്ന​താണ്‌. അതു മേലാൽ ഒരു ക്രിസ്‌തു​സ​മാന ഭാര്യാ​ഭർത്തൃ ബന്ധമല്ല, മറിച്ച്‌ കലഹി​ക്കുന്ന കേവല​മൊ​രു പുരു​ഷ​നും സ്‌ത്രീ​യു​മാണ്‌. ഭവനത്തിൽ ഒരു വിശുദ്ധ അന്തരീക്ഷം ഉണ്ടായി​രി​ക്ക​ണ​മെ​ന്നു​ള്ളത്‌ അവർ മറന്നു​പോ​കു​ന്നു. അവർ ലോക​ക്കാ​രായ ആളുക​ളെ​പ്പോ​ലെ സംസാ​രി​ച്ചു തുടങ്ങി​യേ​ക്കാം. വായിൽനിന്ന്‌ ഒരു വൃത്തി​കെട്ട, മുറി​പ്പെ​ടു​ത്തുന്ന പരാമർശനം എത്ര എളുപ്പം പുറ​പ്പെ​ട്ടേ​ക്കാം!—സദൃശ​വാ​ക്യ​ങ്ങൾ 12:18; പ്രവൃ​ത്തി​കൾ 15:37, 38, താരത​മ്യം ചെയ്യുക.

9 എന്നാൽ പൗലോസ്‌ ഇങ്ങനെ ബുദ്ധ്യു​പ​ദേ​ശി​ക്കു​ന്നു: “കേൾക്കു​ന്ന​വർക്കു കൃപ ലഭി​ക്കേ​ണ്ട​തി​ന്നു ആവശ്യം​പോ​ലെ ആത്മിക​വർദ്ധ​നെ​ക്കാ​യി നല്ല വാക്കല്ലാ​തെ ആകാത്തതു ഒന്നും [ഗ്രീക്ക്‌, ലോ​ഗോസ്‌ സാ​പ്രോസ്‌, “ദുഷി​പ്പി​ക്കുന്ന സംസാരം,” ആയതി​നാൽ അവിശു​ദ്ധ​മാ​യത്‌] നിങ്ങളു​ടെ വായിൽനി​ന്നു പുറ​പ്പെ​ട​രു​തു.” അതു കുട്ടി​ക​ളുൾപ്പെ​ടെ​യുള്ള ഭവനത്തി​ലെ സകല കേൾവി​ക്കാ​രെ​യും പരാമർശി​ക്കു​ന്നു.—എഫെസ്യർ 4:29; യാക്കോബ്‌ 3:8-10.

10. വിശുദ്ധി സംബന്ധിച്ച ബുദ്ധ്യു​പ​ദേശം കുട്ടി​കൾക്കു ബാധക​മാ​കു​ന്നത്‌ എങ്ങനെ?

10 വിശുദ്ധി സംബന്ധിച്ച ഈ മാർഗ​രേഖ ക്രിസ്‌തീയ കുടും​ബ​ത്തി​ലെ കുട്ടി​കൾക്കും തുല്യ​മാ​യി ബാധക​മാ​കു​ന്നു. തങ്ങളുടെ ലൗകിക സമപ്രാ​യ​ക്കാ​രു​ടെ മത്സരാ​ത്മ​ക​മായ, അനാദ​ര​പൂർവ​മായ സംസാരം സ്‌കൂ​ളിൽനി​ന്നു വീട്ടിൽവന്ന്‌ അനുക​രി​ച്ചു​തു​ട​ങ്ങു​ന്നത്‌ അവർക്ക്‌ എത്ര എളുപ്പ​മാണ്‌! കുട്ടി​കളേ, യഹോ​വ​യു​ടെ പ്രവാ​ച​കനെ അപമാ​നിച്ച മര്യാ​ദ​കെട്ട ആൺകു​ട്ടി​ക​ളും അവരുടെ ഇന്നത്തെ അസഭ്യ, ദൈവ​ദൂ​ഷക സമാന്ത​ര​ങ്ങ​ളും പ്രകട​മാ​ക്കി​യി​രി​ക്കുന്ന മനോ​ഭാ​വ​ങ്ങ​ളാൽ ആകർഷി​ക്ക​പ്പെ​ട​രുത്‌. (2 രാജാ​ക്കൻമാർ 2:23, 24) സഭ്യമായ വാക്കുകൾ ഉപയോ​ഗി​ക്കാൻ വളരെ മടിയു​ള്ള​വ​രോ പരിഗ​ണ​ന​യി​ല്ലാ​ത്ത​വ​രോ ആയ ആളുക​ളു​ടെ വൃത്തി​കെട്ട തെരു​വു​ഭാ​ഷ​യാൽ നിങ്ങളു​ടെ സംസാരം ദുഷി​പ്പി​ക്ക​പ്പെ​ട​രുത്‌. ക്രിസ്‌ത്യാ​നി​ക​ളെന്ന നിലയിൽ നമ്മുടെ സംഭാ​ഷണം വിശു​ദ്ധ​വും ഹൃദ്യ​വും പരിപു​ഷ്ടി​പ്പെ​ടു​ത്തു​ന്ന​തും ദയയു​ള്ള​തും “ഉപ്പിനാൽ രുചി​വ​രു​ത്തി​യ​തും” ആയിരി​ക്കണം. അതു നമ്മെ മറ്റുള്ള​വ​രിൽനി​ന്നു വ്യത്യ​സ്‌ത​രാ​യി വേർതി​രി​ച്ചു​കാ​ണി​ക്കണം.—കൊ​ലൊ​സ്സ്യർ 3:8-10; 4:6.

വിശു​ദ്ധി​യും നമ്മുടെ അവിശ്വാ​സി​ക​ളായ കുടും​ബാം​ഗ​ങ്ങ​ളും

11. വിശു​ദ്ധ​രാ​യി​രി​ക്കു​ന്നതു സ്വയനീ​തി​ക്കാ​രാ​യി​രി​ക്കുക എന്ന്‌ അർഥമാ​ക്കു​ന്നി​ല്ലാ​ത്തത്‌ എന്തു​കൊണ്ട്‌?

11 വിശുദ്ധി ആചരി​ക്കാൻ മനഃസാ​ക്ഷി​പൂർവം ശ്രമി​ക്കവേ നാം ഔന്നത്യ​ഭാ​വ​മു​ള്ള​വ​രാ​യി കാണ​പ്പെ​ടു​ന്ന​വ​രോ സ്വയനീ​തി​ക്കാ​രോ ആയിരി​ക്ക​രുത്‌, വിശേ​ഷാൽ വിശ്വാ​സി​ക​ള​ല്ലാത്ത കുടും​ബാം​ഗ​ങ്ങ​ളോട്‌ ഇടപെ​ടു​മ്പോൾ. നാം ക്രിയാ​ത്മ​ക​മായ ഒരു വിധത്തിൽ വ്യത്യ​സ്‌ത​രാ​ണെന്ന്‌, യേശു​വി​ന്റെ ദൃഷ്ടാ​ന്ത​ത്തി​ലെ നല്ല ശമര്യ​ക്കാ​ര​നെ​പ്പോ​ലെ, സ്‌നേ​ഹ​വും അനുക​മ്പ​യും പ്രകട​മാ​ക്കേ​ണ്ടത്‌ എങ്ങനെ​യെന്നു നാം അറിയു​ന്നു​വെന്ന്‌, കാണാ​നെ​ങ്കി​ലും നമ്മുടെ ദയാപൂർവ​ക​മായ ക്രിസ്‌തീയ നടത്ത അവരെ സഹായി​ക്കണം.—ലൂക്കൊസ്‌ 10:30-37.

12. ക്രിസ്‌തീയ ഭാര്യാ​ഭർത്താ​ക്കൻമാർക്ക്‌ എങ്ങനെ സത്യം തങ്ങളുടെ ഇണകൾക്ക്‌ ആകർഷ​ക​മാ​ക്കാ​വു​ന്ന​താണ്‌?

12 “ഭാര്യ​മാ​രേ, നിങ്ങളു​ടെ ഭർത്താ​ക്കൻമാർക്കു കീഴട​ങ്ങി​യി​രി​പ്പിൻ; അവരിൽ വല്ലവരും വചനം അനുസ​രി​ക്കാ​ത്ത​പക്ഷം ഭയത്തോ​ടു​കൂ​ടിയ നിങ്ങളു​ടെ നിർമ്മ​ല​മായ നടപ്പു കണ്ടറിഞ്ഞു വചനം കൂടാതെ ഭാര്യ​മാ​രു​ടെ നടപ്പി​നാൽ ചേർന്നു​വ​രു​വാൻ ഇടയാ​കും” എന്നു ക്രിസ്‌തീയ ഭാര്യ​മാർക്ക്‌ എഴുതി​യ​പ്പോൾ അവിശ്വാ​സി​ക​ളായ നമ്മുടെ കുടും​ബാം​ഗ​ങ്ങ​ളോ​ടുള്ള ഒരു ഉചിത​മായ മനോ​ഭാ​വ​ത്തി​ന്റെ പ്രാധാ​ന്യ​ത്തി​നു പത്രോസ്‌ ഊന്നൽനൽകി. ഒരു ക്രിസ്‌തീയ ഭാര്യ​യു​ടെ (അല്ലെങ്കിൽ ഭർത്താ​വി​ന്റെ​യാ​ണെ​ങ്കി​ലും) നടത്ത ശാലീ​ന​വും പരിഗ​ണ​ന​യു​ള്ള​തും ആദര​വോ​ടു​കൂ​ടി​യ​തും ആണെങ്കിൽ ഒരു അവിശ്വാ​സി​യായ ഇണയ്‌ക്കു സത്യം കൂടുതൽ ആകർഷ​ക​മാ​ക്കാൻ അവൾക്കു കഴിയും. അവിശ്വാ​സി​യായ ഇണ അവഗണി​ക്ക​പ്പെ​ടു​ക​യോ വിസ്‌മ​രി​ക്ക​പ്പെ​ടു​ക​യോ ചെയ്യാ​തി​രി​ക്കേ​ണ്ട​തി​നു ദിവ്യാ​ധി​പത്യ പട്ടിക​യിൽ വഴക്കമു​ണ്ടാ​യി​രി​ക്ക​ണ​മെന്ന്‌ ഇതർഥ​മാ​ക്കു​ന്നു. a1 പത്രൊസ്‌ 3:1, 2.

13. സത്യം വിലമ​തി​ക്കാൻ അവിശ്വാ​സി​ക​ളായ ഭർത്താ​ക്കൻമാ​രെ മൂപ്പൻമാർക്കും ശുശ്രൂ​ഷാ​ദാ​സൻമാർക്കും ചില​പ്പോ​ഴൊ​ക്കെ എങ്ങനെ സഹായി​ക്കാൻ കഴിയും?

13 സൗഹൃദ പ്രകൃ​ത​മു​ള്ള​വ​രാ​യി​രു​ന്നു​കൊണ്ട്‌ അവിശ്വാ​സി​യായ ഭർത്താ​വി​നെ പരിച​യ​പ്പെ​ടു​ന്ന​തി​നാൽ മൂപ്പൻമാർക്കും ശുശ്രൂ​ഷാ​ദാ​സൻമാർക്കും ചില​പ്പോ​ഴൊ​ക്കെ സഹായി​ക്കാ​വു​ന്ന​താണ്‌. ബൈബി​ളി​നു പുറമേ മറ്റു വിഷയങ്ങൾ ഉൾപ്പെടെ, വിപു​ല​മായ താത്‌പ​ര്യ​ങ്ങ​ളോ​ടു​കൂ​ടിയ സാധാരണ നിലയി​ലുള്ള, മര്യാ​ദ​യുള്ള ആളുക​ളാ​ണു സാക്ഷി​ക​ളെന്ന്‌ ഈ വിധത്തിൽ അദ്ദേഹം മനസ്സി​ലാ​ക്കി​യേ​ക്കാം. ഒരു ദൃഷ്ടാ​ന്ത​ത്തിൽ, ഒരു ഭർത്താ​വി​ന്റെ മീൻപി​ടുത്ത വിനോ​ദ​ത്തിൽ ഒരു മൂപ്പൻ താത്‌പ​ര്യ​മെ​ടു​ത്തു. പ്രാഥ​മിക തടസ്സം തരണം​ചെ​യ്‌ത്‌ ഒരു സൗഹൃ​ദ​ബന്ധം ആരംഭി​ക്കു​ന്ന​തിന്‌ അതുമ​തി​യാ​യി​രു​ന്നു. ആ ഭർത്താവ്‌ ഒടുവിൽ ഒരു സ്‌നാ​പ​ന​മേററ സഹോ​ദ​ര​നാ​യി​ത്തീർന്നു. മറ്റൊരു സംഭവ​ത്തിൽ, ഒരു അവിശ്വാ​സി​യായ ഭർത്താവ്‌ കാനറി പക്ഷിക​ളിൽ താത്‌പ​ര്യ​മു​ള്ള​വ​നാ​യി​രു​ന്നു. മൂപ്പൻമാർ പിൻമാ​റി​യില്ല. അവരിൽ ഒരാൾ ആ വിഷയം പഠിച്ചു, തത്‌ഫ​ല​മാ​യി അടുത്ത​പ്രാ​വ​ശ്യം ആ വ്യക്തിയെ കണ്ടപ്പോൾ അദ്ദേഹ​ത്തിന്‌ ആ ഭർത്താ​വി​ന്റെ ഇഷ്ട വിഷയ​ത്തെ​ക്കു​റിച്ച്‌ ഒരു സംഭാ​ഷണം തുടങ്ങാൻ കഴിഞ്ഞു! അതു​കൊണ്ട്‌, വിശു​ദ്ധ​നാ​യി​രി​ക്കുക എന്നതു കർക്കശ​നോ ഇടുങ്ങിയ ചിന്താ​ഗ​തി​ക്കാ​ര​നോ ആയിരി​ക്കു​ക​യെന്ന്‌ അർഥമാ​ക്കു​ന്നില്ല.—1 കൊരി​ന്ത്യർ 9:20-23.

സഭയിൽ നമു​ക്കെ​ങ്ങനെ വിശു​ദ്ധ​രാ​യി​രി​ക്കാൻ കഴിയും?

14. (എ) സഭയെ ദുർബ​ല​പ്പെ​ടു​ത്താ​നുള്ള സാത്താന്റെ മാർഗ​ങ്ങ​ളിൽ ഒന്ന്‌ ഏതാണ്‌? (ബി) സാത്താന്റെ കെണിയെ നമു​ക്കെ​ങ്ങനെ ചെറു​ക്കാൻ കഴിയും?

14 പിശാ​ചായ സാത്താൻ ഒരു ദൂഷക​നാണ്‌, എന്തു​കൊ​ണ്ടെ​ന്നാൽ പിശാച്‌ എന്നതി​നുള്ള ഗ്രീക്ക്‌ പേരായ ഡയബോ​ളോ​സി​ന്റെ അർഥം “ദോഷാ​രോ​പകൻ” അല്ലെങ്കിൽ “ദൂഷകൻ” എന്നാണ്‌. ദൂഷണം​പ​റ​ച്ചിൽ അവന്റെ പ്രത്യേ​ക​ത​ക​ളിൽ ഒന്നാണ്‌, അതു സഭയിൽ ഉപയോ​ഗി​ക്കാൻ അവൻ ശ്രമി​ക്കു​ന്നു. അവന്റെ ഇഷ്ടപ്പെട്ട രീതി കുശു​കു​ശു​പ്പാണ്‌. ഈ അവിശുദ്ധ നടത്തയിൽ അവന്റെ പകർപ്പു​കൾ ആയിരി​ക്കാൻ നാം നമ്മെത്തന്നെ അനുവ​ദി​ക്കു​മോ? അത്‌ എങ്ങനെ സംഭവി​ക്കാ​വു​ന്ന​താണ്‌? കുശു​കു​ശുപ്പ്‌ ആരംഭി​ക്കു​ന്ന​തി​നാ​ലോ ആവർത്തി​ക്കു​ന്ന​തി​നാ​ലോ ശ്രദ്ധി​ക്കു​ന്ന​തി​നാ​ലോ. ജ്ഞാനപൂർവ​ക​മായ സദൃശ​വാ​ക്യം പ്രസ്‌താ​വി​ക്കു​ന്നു: “വക്രത​യുള്ള മനുഷ്യൻ വഴക്കു ഉണ്ടാക്കു​ന്നു; ഏഷണി​ക്കാ​രൻ മിത്ര​ങ്ങളെ ഭേദി​പ്പി​ക്കു​ന്നു.” (സദൃശ​വാ​ക്യ​ങ്ങൾ 16:28) ഏഷണി​ക്കും കുശു​കു​ശു​പ്പി​നു​മുള്ള പ്രത്യൗ​ഷധം എന്താണ്‌? നമ്മുടെ സംസാരം എല്ലായ്‌പോ​ഴും പരിപു​ഷ്ടി​പ്പെ​ടു​ത്തു​ന്ന​തും സ്‌നേ​ഹ​ത്തിൽ അധിഷ്‌ഠി​ത​വു​മാ​ണെന്നു നാം ഉറപ്പു​വ​രു​ത്തണം. നമ്മുടെ സഹോ​ദ​ര​ങ്ങ​ളു​ടെ സങ്കൽപ്പിത ദൗർബ​ല്യ​ങ്ങളല്ല സദ്‌ഗു​ണ​ങ്ങ​ളാണ്‌ നാം നോക്കു​ന്ന​തെ​ങ്കിൽ നമ്മുടെ സംഭാ​ഷണം എല്ലായ്‌പോ​ഴും ഹൃദ്യ​വും ആത്മീയ​വും ആയിരി​ക്കും. വിമർശനം എളുപ്പ​മാ​ണെന്ന്‌ ഓർമി​ക്കുക. മറ്റുള്ള​വ​രെ​ക്കു​റി​ച്ചു നിങ്ങ​ളോ​ടു കുശു​കു​ശു​ക്കുന്ന വ്യക്തി മറ്റുള്ള​വ​രോ​ടു നിങ്ങ​ളെ​ക്കു​റി​ച്ചും കുശു​കു​ശു​ത്തേ​ക്കാം!—1 തിമൊ​ഥെ​യൊസ്‌ 5:13; തീത്തൊസ്‌ 2:3.

15. സഭയിലെ എല്ലാവ​രെ​യും വിശു​ദ്ധ​രാ​യി നിലനിർത്താൻ ഏതു ക്രിസ്‌തു​സ​മാന ഗുണങ്ങൾക്കു സഹായി​ക്കാൻ കഴിയും?

15 സഭയെ വിശു​ദ്ധ​മാ​യി സൂക്ഷി​ക്കു​ന്ന​തി​നു നമു​ക്കെ​ല്ലാ​വർക്കും ക്രിസ്‌തു​വി​ന്റെ മനസ്സു​ണ്ടാ​യി​രി​ക്കണം, അവന്റെ പ്രമുഖ ഗുണം സ്‌നേ​ഹ​മാ​ണെന്നു നമുക്ക​റി​യാം. തന്നിമി​ത്തം, ക്രിസ്‌തു​വി​നെ​പ്പോ​ലെ അനുക​മ്പ​യു​ള്ള​വ​രാ​യി​രി​ക്കാൻ പൗലോസ്‌ കൊ​ലോ​സ്യ​രെ ബുദ്ധ്യു​പ​ദേ​ശി​ച്ചു: “അതു​കൊ​ണ്ടു ദൈവ​ത്തി​ന്റെ വൃതന്മാ​രും വിശു​ദ്ധ​ന്മാ​രും പ്രിയ​രു​മാ​യി മനസ്സലി​വു, ദയ, താഴ്‌മ, സൌമ്യത, ദീർഘക്ഷമ എന്നിവ ധരിച്ചു​കൊ​ണ്ടു . . . തമ്മിൽ ക്ഷമിക്ക​യും ചെയ്‌വിൻ. . . . എല്ലാറ്റി​ന്നും മീതെ സമ്പൂർണ്ണ​ത​യു​ടെ ബന്ധമായ സ്‌നേഹം ധരിപ്പിൻ.” എന്നിട്ട്‌ അവൻ കൂട്ടി​ച്ചേർത്തു: “ക്രിസ്‌തു​വി​ന്റെ സമാധാ​നം നിങ്ങളു​ടെ ഹൃദയ​ങ്ങ​ളിൽ വാഴട്ടെ.” തീർച്ച​യാ​യും ഈ ക്ഷമാമ​നോ​ഭാ​വ​ത്താൽ നമുക്കു സഭയുടെ ഐക്യ​വും വിശു​ദ്ധി​യും നിലനിർത്താൻ കഴിയും.—കൊ​ലൊ​സ്സ്യർ 3:12-15.

അയൽപ​ക്കത്ത്‌ നമ്മുടെ വിശുദ്ധി പ്രകട​മാ​ക്കു​ന്നു​വോ?

16. നമ്മുടെ വിശു​ദ്ധാ​രാ​ധന സന്തുഷ്ടാ​രാ​ധന ആയിരി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

16 നമ്മുടെ അയൽക്കാ​രെ സംബന്ധി​ച്ചെന്ത്‌? അവർ നമ്മെ എങ്ങനെ വീക്ഷി​ക്കു​ന്നു? നാം സത്യത്തി​ന്റെ സന്തോഷം പ്രസരി​പ്പി​ക്കു​ന്നു​വോ, അതോ അത്‌ ഒരു ഭാരമാ​യി കാണ​പ്പെ​ടാൻ ഇടയാ​ക്കു​ന്നു​വോ? യഹോവ വിശു​ദ്ധ​നാ​യി​രി​ക്കു​ന്ന​തു​പോ​ലെ നാം വിശു​ദ്ധ​രാ​ണെ​ങ്കിൽ, അതു നമ്മുടെ സംസാ​ര​ത്തി​ലും നടത്തയി​ലും പ്രകട​മാ​യി​രി​ക്കണം. നമ്മുടെ വിശു​ദ്ധാ​രാ​ധന സന്തുഷ്ടാ​രാ​ധ​ന​യാ​ണെന്നു വ്യക്തമാ​യി​രി​ക്കണം. അത്‌ എന്തു​കൊ​ണ്ടാണ്‌? കാരണം തന്റെ ആരാധകർ സന്തുഷ്ട​രാ​യി​രി​ക്ക​ണ​മെന്ന്‌ ആഗ്രഹി​ക്കുന്ന നമ്മുടെ ദൈവ​മായ യഹോവ ഒരു സന്തുഷ്ട​നായ ദൈവ​മാണ്‌. അതു​കൊണ്ട്‌, “യഹോവ ദൈവ​മാ​യി​രി​ക്കുന്ന ജനം സന്തുഷ്ട​രാ​കു​ന്നു!” എന്നു പുരാ​ത​ന​കാ​ലത്തെ യഹോ​വ​യു​ടെ ജനത്തെ​ക്കു​റി​ച്ചു സങ്കീർത്ത​ന​ക്കാ​രനു പറയാൻ കഴിഞ്ഞു. നാം ആ സന്തുഷ്ടി പ്രതി​ഫ​ലി​പ്പി​ക്കു​ന്നു​വോ? രാജ്യ​ഹാ​ളി​ലും സമ്മേള​ന​ങ്ങ​ളി​ലും യഹോ​വ​യു​ടെ ജനത്തോ​ടൊ​പ്പ​മാ​യി​രി​ക്കു​ന്ന​തിൽ നമ്മുടെ കുട്ടി​ക​ളും സംതൃ​പ്‌തി പ്രകട​മാ​ക്കു​ന്നു​വോ?—സങ്കീർത്തനം 89:15, 16; 144:15ബി, NW.

17. സന്തുലിത വിശുദ്ധി പ്രകട​മാ​ക്കു​ന്ന​തി​നു നമുക്കു പ്രാ​യോ​ഗി​ക​മായ ഒരു വിധത്തിൽ എന്തു​ചെ​യ്യാ​വു​ന്ന​താണ്‌?

17 കൂടാതെ, സഹകരണ മനോ​ഭാ​വ​ത്താ​ലും അയൽക്കാ​രോ​ടുള്ള ദയയാ​ലും നമുക്കു നമ്മുടെ സന്തുലിത വിശുദ്ധി പ്രകട​മാ​ക്കാൻ കഴിയും. ഒരുപക്ഷേ അയൽപക്കം ശുചീ​ക​രി​ക്കു​ന്ന​തി​നോ, ചില രാജ്യ​ങ്ങ​ളി​ലെ​പ്പോ​ലെ, വഴിക​ളും പ്രധാന നിരത്തു​ക​ളും മെച്ച​പ്പെ​ടു​ത്താൻ സഹായി​ക്കു​ന്ന​തി​നോ ചില​പ്പോൾ അയൽക്കാർ സഹകരി​ക്കേ​ണ്ടത്‌ അത്യാ​വ​ശ്യ​മാ​യി​രി​ക്കും. ഈ സംഗതി​യിൽ, നമ്മുടെ പൂന്തോ​ട്ട​മോ മുറ്റമോ മറ്റു സ്ഥലമോ നാം എങ്ങനെ നോക്കി സംരക്ഷി​ക്കു​ന്നു​വെ​ന്ന​തിൽ നമ്മുടെ വിശുദ്ധി പ്രകട​മാ​കാ​വു​ന്ന​താണ്‌. നാം ചപ്പുച​വ​റു​കൾ ചുറ്റും ചിതറി​ച്ചി​ടു​ന്നെ​ങ്കിൽ, അല്ലെങ്കിൽ ഒരുപക്ഷേ എല്ലാവർക്കും കാണാ​വുന്ന തരത്തിൽ പഴയ പൊട്ടി​പ്പൊ​ളിഞ്ഞ വാഹന​ങ്ങൾക്കൊ​ണ്ടു​പോ​ലും, മുറ്റം വൃത്തികേ​ടോ അലങ്കോ​ല​മോ ആക്കു​ന്നെ​ങ്കിൽ, നമ്മുടെ അയൽക്കാ​രോ​ടു നാം ആദര​വോ​ടെ പെരു​മാ​റു​ന്നു​വെന്നു പറയാൻ കഴിയു​മോ?—വെളി​പ്പാ​ടു 11:18.

ജോലി​സ്ഥ​ല​ത്തെ​യും സ്‌കൂ​ളി​ലെ​യും വിശുദ്ധി

18. (എ) ക്രിസ്‌ത്യാ​നി​കൾക്ക്‌ ഇന്ന്‌ ഒരു വിഷമാ​വ​സ്ഥ​യാ​യി​രി​ക്കു​ന്നത്‌ എന്ത്‌? (ബി) നമുക്കു ലോക​ത്തിൽനി​ന്നു വ്യത്യ​സ്‌ത​രാ​യി​രി​ക്കാൻ കഴിയു​ന്ന​തെ​ങ്ങനെ?

18 “ദുർന്ന​ട​പ്പു​കാ​രോ​ടു സംസർഗ്ഗം അരുതു എന്നു ഞാൻ എന്റെ ലേഖന​ത്തിൽ നിങ്ങൾക്കു എഴുതീ​ട്ടു​ണ്ട​ല്ലോ. അതു ഈ ലോക​ത്തി​ലെ ദുർന്ന​ട​പ്പു​കാ​രോ​ടോ അത്യാ​ഗ്ര​ഹി​ക​ളോ​ടോ പിടി​ച്ചു​പ​റി​ക്കാ​രോ​ടോ വിഗ്ര​ഹാ​രാ​ധി​ക​ളോ​ടോ അരുതു എന്നല്ലല്ലോ; അങ്ങനെ എങ്കിൽ നിങ്ങൾ ലോകം വിട്ടു പോ​കേ​ണ്ടി​വ​രും” എന്ന്‌ അവിശുദ്ധ കൊരി​ന്ത്യ നഗരത്തി​ലെ ക്രിസ്‌ത്യാ​നി​കൾക്ക്‌ അപ്പോ​സ്‌ത​ല​നായ പൗലോസ്‌ എഴുതി. (1 കൊരി​ന്ത്യർ 5:9, 10) അധാർമി​ക​രോ ധാർമി​ക​ത​ത്‌പ​ര​ര​ല്ലാ​ത്ത​വ​രോ ആയ ആളുക​ളു​മാ​യി ദിവസേന ഇടപഴ​കേണ്ട ക്രിസ്‌ത്യാ​നി​കൾക്ക്‌ ഇത്‌ ഒരു വിഷമാ​വ​സ്ഥ​യാണ്‌. ഇത്‌ നിർമ​ല​ത​യു​ടെ ഒരു വലിയ പരി​ശോ​ധ​ന​യാണ്‌, വിശേ​ഷി​ച്ചും ലൈം​ഗി​കോ​പ​ദ്ര​വ​ത്തെ​യും അഴിമ​തി​യെ​യും സത്യസ​ന്ധ​ത​യി​ല്ലാ​യ്‌മ​യെ​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യോ പൊറു​ക്കു​ക​യോ ചെയ്യുന്ന സംസ്‌കാ​ര​ങ്ങ​ളിൽ. നമുക്കു ചുറ്റു​മു​ള്ള​വ​രു​ടെ മുന്നിൽ “സാധാ​ര​ണ​ക്കാ​രാ​യി” പ്രത്യ​ക്ഷ​പ്പെ​ടേ​ണ്ട​തിന്‌ ഈ സന്ദർഭ​ത്തിൽ നമ്മുടെ നിലവാ​രം അധഃപ​തി​ക്കാൻ അനുവ​ദി​ക്കു​ന്ന​തി​നു നമുക്കു സാധ്യമല്ല. മറിച്ച്‌, വിവേ​ക​മു​ള്ള​വ​രു​ടെ, തങ്ങളുടെ ആത്മീയ ആവശ്യം തിരി​ച്ച​റി​യു​ക​യും മെച്ചപ്പെട്ട ഒന്ന്‌ തേടു​ക​യും ചെയ്യു​ന്ന​വ​രു​ടെ മുമ്പാകെ മുന്തി​നിൽക്കാൻ ദയാപൂർവ​ക​വും എന്നാൽ വ്യത്യ​സ്‌ത​വു​മായ നമ്മുടെ ക്രിസ്‌തീയ നടത്ത ഇടയാ​ക്കണം.—മത്തായി 5:3; 1 പത്രൊസ്‌ 3:16, 17.

19. (എ) കുട്ടി​ക​ളായ നിങ്ങൾക്കു സ്‌കൂ​ളിൽ എന്തു പരി​ശോ​ധ​ന​ക​ളുണ്ട്‌? (ബി) തങ്ങളുടെ കുട്ടി​ക​ളെ​യും അവരുടെ വിശുദ്ധ നടത്ത​യെ​യും പിന്താ​ങ്ങാൻ മാതാ​പി​താ​ക്കൾക്ക്‌ എന്തു​ചെ​യ്യാ​വു​ന്ന​താണ്‌?

19 അതു​പോ​ലെ​തന്നെ, സ്‌കൂ​ളിൽ നമ്മുടെ കുട്ടികൾ അഭിമു​ഖീ​ക​രി​ക്കുന്ന അനേകം പരി​ശോ​ധ​നകൾ ഉണ്ട്‌. നിങ്ങളു​ടെ കുട്ടികൾ പഠിക്കുന്ന സ്‌കൂ​ളിൽ മാതാ​പി​താ​ക്ക​ളായ നിങ്ങൾ സന്ദർശനം നടത്തു​ന്നു​വോ? ഏതു തരത്തി​ലുള്ള അന്തരീ​ക്ഷ​മാണ്‌ അവിടെ നിലനിൽക്കു​ന്ന​തെന്നു നിങ്ങൾക്ക​റി​യാ​മോ? അധ്യാ​പ​ക​രു​മാ​യി നിങ്ങൾക്ക്‌ ഒരു ഉറ്റബന്ധ​മു​ണ്ടോ? ഈ ചോദ്യ​ങ്ങൾ പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? കാരണം ലോകത്തെ ഒട്ടുമിക്ക നഗര​പ്ര​ദേ​ശ​ങ്ങ​ളി​ലും സ്‌കൂ​ളു​കൾ അക്രമ​ത്തി​ന്റെ​യും മയക്കു​മ​രു​ന്നി​ന്റെ​യും ലൈം​ഗി​ക​ത​യു​ടെ​യും കാടു​ക​ളാ​യി തീർന്നി​രി​ക്കു​ന്നു. നിങ്ങളു​ടെ കുട്ടി​കൾക്ക്‌ അനുക​മ്പാ​പൂർവ​മായ പൂർണ പിന്തുണ ലഭിക്കു​ന്നി​ല്ലെ​ങ്കിൽ അവർക്ക്‌ എങ്ങനെ തങ്ങളുടെ നിർമ​ല​ത​യും വിശു​ദ്ധ​ന​ട​ത്ത​യും നിലനിർത്താൻ കഴിയും? “പിതാ​ക്കൻമാ​രേ, നിങ്ങളു​ടെ മക്കൾ നിരു​ത്സാ​ഹ​പ്പെ​ടാ​തി​രി​ക്കേ​ണ്ട​തിന്‌ അവരെ പ്രകോ​പി​പ്പി​ക്ക​രുത്‌” എന്നു പൗലോസ്‌ മാതാ​പി​താ​ക്കളെ ഉചിത​മാ​യി ബുദ്ധ്യു​പ​ദേ​ശി​ച്ചു. (കൊ​ലോ​സ്യർ 3:21, NW) കുട്ടി​ക​ളു​ടെ അനുദിന പ്രശ്‌ന​ങ്ങ​ളെ​യും പരി​ശോ​ധ​ന​ക​ളെ​യും മനസ്സി​ലാ​ക്കാൻ പരാജ​യ​പ്പെ​ടു​ന്നത്‌ അവരെ പ്രകോ​പി​പ്പി​ക്കുന്ന ഒരു വിധമാണ്‌. സ്‌കൂ​ളി​ലെ പ്രലോ​ഭ​ന​ങ്ങൾക്കാ​യുള്ള തയ്യാ​റെ​ടുപ്പ്‌ ഒരു ക്രിസ്‌തീയ ഭവനത്തി​ലെ ആത്മീയ അന്തരീ​ക്ഷ​ത്തിൽ തുടങ്ങു​ന്നു.—ആവർത്ത​ന​പു​സ്‌തകം 6:6-9; സദൃശ​വാ​ക്യ​ങ്ങൾ 22:6.

20. നമു​ക്കെ​ല്ലാ​വർക്കും വിശുദ്ധി അത്യന്താ​പേ​ക്ഷി​ത​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

20 ഉപസം​ഹാ​ര​മാ​യി, നമു​ക്കെ​ല്ലാ​വർക്കും വിശുദ്ധി അത്യന്താ​പേ​ക്ഷി​ത​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? കാരണം അതു സാത്താന്റെ ലോക​ത്തി​ന്റെ​യും ചിന്താ​ഗ​തി​യു​ടെ​യും ആക്രമ​ണ​ങ്ങൾക്കെ​തി​രാ​യുള്ള ഒരു സംരക്ഷ​ണ​മാ​യി വർത്തി​ക്കു​ന്നു. അത്‌ ഇപ്പോൾ ഒരു അനു​ഗ്ര​ഹ​മാണ്‌, ഭാവി​യിൽ അങ്ങനെ ആയിരി​ക്കു​ക​യും ചെയ്യും. നീതി​നി​ഷ്‌ഠ​മായ പുതിയ ലോക​ത്തി​ലെ യഥാർഥ ജീവൻ നമുക്ക്‌ ഉറപ്പു​നൽകാൻ അതു സഹായി​ക്കു​ന്നു. നിർദയ മതഭ്രാ​ന്തൻമാ​രല്ല, മറിച്ച്‌ സമനി​ല​യു​ള്ള​വ​രും സമീപി​ക്കാ​വു​ന്ന​വ​രും സംഭാ​ഷി​ക്കാ​വു​ന്ന​വ​രു​മായ ക്രിസ്‌ത്യാ​നി​ക​ളാ​യി​രി​ക്കാൻ അതു നമ്മെ സഹായി​ക്കു​ന്നു. ചുരു​ക്ക​ത്തിൽ, അതു നമ്മെ ക്രിസ്‌തു​സ​മാ​ന​രാ​ക്കു​ന്നു.—1 തിമൊ​ഥെ​യൊസ്‌ 6:19.

[അടിക്കു​റിപ്പ]

a അവിശ്വാസികളായ ഇണക​ളോ​ടുള്ള നയപൂർവ​ക​മായ ബന്ധങ്ങ​ളെ​ക്കു​റി​ച്ചു കൂടു​ത​ലായ വിവര​ത്തിന്‌ 1990 ആഗസ്റ്റ്‌ 15 വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ (ഇംഗ്ലീഷ്‌) 20-2 പേജു​ക​ളി​ലെ “നിങ്ങളു​ടെ ഇണയെ അവഗണി​ക്ക​രുത്‌!” എന്ന ലേഖന​വും 1988 നവംബർ 1 ലക്കത്തിന്റെ 24-5 പേജു​ക​ളി​ലെ 20-2 ഖണ്ഡിക​ളും കാണുക.

നിങ്ങൾ ഓർമി​ക്കു​ന്നു​വോ?

◻ വിശുദ്ധി സംബന്ധി​ച്ചു ക്രിസ്‌ത്യാ​നി​കളെ ബുദ്ധ്യു​പ​ദേ​ശി​ക്കേ​ണ്ട​തി​ന്റെ ആവശ്യം പത്രോസ്‌ കണ്ടതെ​ന്തു​കൊണ്ട്‌?

◻ ഒരു വിശുദ്ധ ജീവിതം നയിക്കു​ന്നത്‌ എളുപ്പ​മ​ല്ലാ​ത്തത്‌ എന്തു​കൊണ്ട്‌?

◻ കുടും​ബ​ത്തിൽ വിശുദ്ധി മെച്ച​പ്പെ​ടു​ത്താൻ നമു​ക്കെ​ല്ലാ​വർക്കും എന്തു​ചെ​യ്യാ​വു​ന്ന​താണ്‌?

◻ സഭ വിശു​ദ്ധ​മാ​യി നിലനിൽക്കു​ന്ന​തിന്‌ ഏത്‌ അവിശുദ്ധ നടത്ത നാം ഒഴിവാ​ക്കണം?

◻ ജോലി​സ്ഥ​ല​ത്തും സ്‌കൂ​ളി​ലും നമു​ക്കെ​ങ്ങനെ വിശു​ദ്ധ​രാ​യി നിലനിൽക്കാൻ കഴിയും?

[അധ്യയന ചോദ്യ​ങ്ങൾ]

[16, 17 പേജു​ക​ളി​ലെ ചിത്രങ്ങൾ]

യഹോവയുടെ സാക്ഷികൾ എന്നനി​ല​യിൽ, ദൈവത്തെ സേവി​ക്കു​ന്ന​തി​ലും മറ്റു പ്രവർത്ത​ന​ങ്ങ​ളി​ലും നാം സന്തുഷ്ട​രാ​യി​രി​ക്കണം