വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
അർമഗെദോന്റെ സമയം യേശുവിന് ഇപ്പോൾ അറിയാമോ?
അവൻ അറിയുന്നുവെന്നു വിശ്വസിക്കുന്നതു തികച്ചും ന്യായയുക്തമായി തോന്നുന്നു.
എന്തുകൊണ്ട് ഈ ചോദ്യം പൊന്തിവരുന്നു എന്നുപോലും ചിലർ അതിശയിച്ചേക്കാം. സാധ്യതയനുസരിച്ച് അതു മത്തായി 24:36-ലെ യേശുവിന്റെ അഭിപ്രായപ്രകടനം നിമിത്തമാണ്: “ആ നാളും നാഴികയും സംബന്ധിച്ചോ എന്റെ പിതാവു മാത്രമല്ലാതെ ആരും സ്വർഗ്ഗത്തിലെ ദൂതന്മാരും പുത്രനും കൂടെ അറിയുന്നില്ല.” “പുത്രനും കൂടെ” എന്ന പദപ്രയോഗം ശ്രദ്ധിക്കുക.
“അതു എപ്പോൾ സംഭവിക്കും എന്നും നിന്റെ വരവിന്നും ലോകാവസാനത്തിന്നും അടയാളം എന്തു എന്നും” ഉള്ള അപ്പോസ്തലൻമാരുടെ ചോദ്യത്തിനുള്ള യേശുവിന്റെ മറുപടിയുടെ ഭാഗമാണ് ഈ വാക്യം. (മത്തായി 24:3) “അടയാള”ത്തിനു രൂപംകൊടുക്കുന്ന തെളിവുകളെക്കുറിച്ചുള്ള ഇന്നു പ്രശസ്തമായ തന്റെ പ്രവചനത്തിൽ, തന്റെ സാന്നിധ്യത്തെ സൂചിപ്പിക്കുന്ന യുദ്ധങ്ങളും ഭക്ഷ്യക്ഷാമങ്ങളും ഭൂകമ്പങ്ങളും സത്യക്രിസ്ത്യാനികളുടെ പീഡനവും ഭൂമിയിലെ മറ്റു സംഗതികളും അവൻ മുൻകൂട്ടിപ്പറഞ്ഞു. അവസാനം അടുത്തുവെന്ന് ഈ അടയാളത്താൽ അവന്റെ അനുഗാമികൾക്കു തിരിച്ചറിയാൻ കഴിയുമായിരുന്നു. അവൻ ഈ സാമീപ്യത്തെ, വേനൽ അടുത്താണെന്നു സൂചിപ്പിക്കുന്ന, അത്തിമരത്തിന്റെ തളിർക്കൽ ആരംഭിക്കുന്ന സമയത്തോട് ഉപമിച്ചു. അവൻ കൂട്ടിച്ചേർത്തു: “അങ്ങനെ നിങ്ങൾ ഇതു ഒക്കെയും കാണുമ്പോൾ അവൻ അടുക്കെ വാതിൽക്കൽ തന്നേ ആയിരിക്കുന്നു എന്നു അറിഞ്ഞുകൊൾവിൻ.”—മത്തായി 24:33.
എന്നാൽ അന്ത്യം എപ്പോൾ വരുമെന്ന് യേശു കൃത്യമായി പറഞ്ഞില്ല. മറിച്ച്, നാം മത്തായി 24:36-ൽ വായിച്ചത് അവൻ പ്രസ്താവിച്ചു. അത് സത്യവേദ പുസ്തകത്തിൽ വായിക്കപ്പെടുന്ന വിധമാണ്, ഒട്ടുമിക്ക ആധുനിക ബൈബിളുകളും സമാനമായി വായിക്കപ്പെടുന്നു. എന്നിരുന്നാലും ചില പഴയ ഭാഷാന്തരങ്ങളിൽ “പുത്രനും കൂടെ” എന്ന പ്രയോഗം ഇല്ല.
മർക്കൊസ് 13:32-ൽ കാണുന്നുവെങ്കിലും അത് ഇവിടെ വിട്ടുകളഞ്ഞിരിക്കുന്നത് എന്തുകൊണ്ടാണ്? കാരണം 17-ാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ആ രണ്ടു ഭാഷാന്തരങ്ങൾ തയ്യാറാക്കിയപ്പോൾ പരിഭാഷകർ ഉപയോഗിച്ച കൈയെഴുത്തുപ്രതികളിൽ പ്രസ്തുത പ്രയോഗം ഉണ്ടായിരുന്നില്ല. എന്നാൽ ഇതിനിടയിൽ പഴയ നിരവധി ഗ്രീക്ക് കൈയെഴുത്തുപ്രതികൾ വെളിച്ചത്തു വന്നിരിക്കുന്നു. മത്തായിയുടെ മൂലപാഠത്തിന്റെ കാലത്തോടു വളരെ അടുത്തുള്ള ഇവയിൽ മത്തായി 24:36-ൽ “പുത്രനും കൂടെ” എന്ന പ്രയോഗം ഉണ്ട്.
ദൃഷ്ടാന്തത്തിന്, കത്തോലിക്കാ ഡുവേ ഭാഷാന്തരത്തിൽ ഇങ്ങനെ വായിക്കപ്പെടുന്നു: “എന്നാൽ ആ ദിവസത്തെയും മണിക്കൂറിനെയും കുറിച്ച് പിതാവിനല്ലാതെ ആർക്കും, സ്വർഗത്തിലെ ദൂതന്മാർക്കും അറിഞ്ഞുകൂടാ.” ജയിംസ് രാജാവിന്റെ ഭാഷാന്തരവും സമാനമായി വായിക്കപ്പെടുന്നു. “പുത്രനും കൂടെ” എന്നതുരസാവഹമായി, “സാധ്യതയനുസരിച്ചു ദൈവശാസ്ത്രപരമായ കാരണങ്ങളാൽ” ലാറ്റിൻ വൾഗേറ്റ് ഈ പ്രയോഗം വിട്ടുകളഞ്ഞുവെന്ന അടിക്കുറിപ്പോടെ കത്തോലിക്കാ ജറുസലേം ബൈബിൾ പ്രസ്തുത പദപ്രയോഗം ഉൾപ്പെടുത്തുന്നു. തീർച്ചയായും! തന്റെ പിതാവിന് ഉണ്ടായിരുന്ന അറിവ് യേശുവിന് ഇല്ലായിരുന്നുവെന്നു സൂചിപ്പിച്ച ഒരു പദപ്രയോഗം വിട്ടുകളയാൻ ത്രിത്വത്തിൽ വിശ്വസിച്ച പരിഭാഷകരോ പകർപ്പെഴുത്തുകാരോ പ്രലോഭിപ്പിക്കപ്പെട്ടിരിക്കാം. യേശുവും അവന്റെ പിതാവും ഒരു ത്രിത്വദൈവത്തിന്റെ ഭാഗങ്ങളായിരുന്നെങ്കിൽ ഒരു പ്രത്യേക വസ്തുത അവന് എങ്ങനെ അറിയാതിരിക്കാൻ കഴിയുമായിരുന്നു?
സമാനമായി, ബി. എം. മെറ്റ്സ്ഗെറിനാലുള്ള എ ടെക്സ്റ്റ്ച്യുൽ കമെൻററി ഓൺ ദ ഗ്രീക്ക് ന്യൂ ടെസ്റ്റ്മെൻറ് പറയുന്നു: “പിൽക്കാലത്തുള്ള ബൈസ്സാൻറ്റൈൻ പാഠം ഉൾപ്പെടെ, മത്തായിയുടെ [കൈയെഴുത്തുപ്രതി] സാക്ഷികളിൽ ഭൂരിഭാഗത്തിലും ‘പുത്രനോ കൂടെ’ എന്ന പദങ്ങൾ ഇല്ല. നേരേമറിച്ച്, അലക്സാണ്ട്രിയൻ, വെസ്റ്റേൺ, സീസരിയൻ മാതൃകകളിലുള്ള പാഠങ്ങളുടെ ഏറ്റവും നല്ല പ്രതിരൂപങ്ങൾ ആ പദപ്രയോഗം ഉൾക്കൊള്ളുന്നു.” മർക്കൊസ് 13:32-ൽ, “പ്രസ്തുത വാക്കുകൾ കൂട്ടിച്ചേർത്തതാണെന്ന് ഊഹിക്കുന്നതിനെക്കാൾ കൂടുതൽ സാധ്യതയുള്ളത് അവ അവതരിപ്പിക്കുന്ന ഉപദേശപരമായ വിഷമതകൾ നിമിത്തം അവ ഒഴിവാക്കി എന്നതിനാണ്.”—ചെരിച്ചെഴുത്തു ഞങ്ങളുടേത്.
അറിവു സംബന്ധിച്ച ന്യായയുക്തമായ ഒരു ക്രമം അവതരിപ്പിച്ചിരിക്കുന്ന വായനയെ ആദിമ കൈയെഴുത്തുപ്രതികളുടെ ആ “ഏറ്റവും നല്ല പ്രതിരൂപങ്ങൾ” പിന്തുണയ്ക്കുന്നു. അന്ത്യനാഴികയെക്കുറിച്ച് ദൂതൻമാർ അറിയുന്നില്ല; പുത്രനും അറിയുന്നില്ല; പിതാവുമാത്രം അറിയുന്നു. ഇത് മത്തായി 20:23-ൽ കാണപ്പെടുന്ന യേശുവിന്റെ വാക്കുകളോടു ചേർച്ചയിലാണ്, രാജ്യത്തിലെ പ്രമുഖ സ്ഥാനങ്ങൾ അനുവദിച്ചുനൽകാൻ തനിക്ക് അധികാരമില്ല, പിന്നെയോ പിതാവിനേ ഉള്ളൂ എന്നു യേശു സമ്മതിച്ചുപറഞ്ഞു.
അതുകൊണ്ട്, യേശുവിന്റെ തന്നെ വാക്കുകൾ ‘ലോകാവസാന’ത്തിനുള്ള തീയതി ഭൂമിയിൽവച്ച് അവന് അറിയില്ലായിരുന്നുവെന്നു കാണിക്കുന്നു. അതിനുശേഷം അവൻ അതു മനസ്സിലാക്കിയിട്ടുണ്ടോ?
വെളിപ്പാടു 6:2 യേശു വെള്ള കുതിരപ്പുറത്ത് ഇരിക്കുന്നതായും “ജയിക്കുന്നവനായും ജയിപ്പാനായും” പുറപ്പെടുന്നതായും വിവരിക്കുന്നു. അടുത്തതായി യുദ്ധത്തെയും ക്ഷാമത്തെയും പകർച്ചവ്യാധികളെയും പ്രതിനിധാനം ചെയ്യുന്ന കുതിരക്കാർ വരുന്നു. 1914-ൽ ആരംഭിച്ച ഒന്നാം ലോകമഹായുദ്ധംമുതൽ അവ നാം അനുഭവിച്ചിരിക്കുന്നു. ഭൂമിയിലെ ദുഷ്ടതയ്ക്കെതിരെയുള്ള വരാൻപോകുന്ന യുദ്ധത്തിൽ നേതൃത്വം വഹിക്കേണ്ട യേശു, ദൈവത്തിന്റെ സ്വർഗീയ രാജ്യത്തിന്റെ രാജാവായി 1914-ൽ സിംഹാസനസ്ഥനാക്കപ്പെട്ടുവെന്നു യഹോവയുടെ സാക്ഷികൾ വിശ്വസിക്കുന്നു. (വെളിപ്പാടു 6:3-8; 19:11-16) ദൈവനാമത്തിൽ ജയിച്ചടക്കാനുള്ളവൻ എന്നനിലയിൽ യേശു ഇപ്പോൾ അധികാരപ്പെടുത്തപ്പെട്ടിരിക്കുന്നതിനാൽ, അന്ത്യം എപ്പോൾവരുമെന്ന്, എപ്പോൾ അവൻ ‘തന്റെ ജയിച്ചടക്കൽ പൂർത്തീകരിക്കു’മെന്ന് [NW] അവന്റെ പിതാവ് അവനോടു പറഞ്ഞിട്ടുണ്ടെന്നുള്ളതു ന്യായയുക്തമായി തോന്നുന്നു.
ഭൂമിയിലുള്ള നമ്മോട് ആ തീയതി പറഞ്ഞിട്ടില്ലാത്തതിനാൽ യേശുവിന്റെ വാക്കുകൾ ഇപ്പോഴും നമുക്കു ബാധകമാണ്: “ആ കാലം എപ്പോൾ എന്നു നിങ്ങൾ അറിയായ്കകൊണ്ടു സൂക്ഷിച്ചുകൊൾവിൻ; . . . ഞാൻ നിങ്ങളോടു പറയുന്നതോ എല്ലാവരോടും പറയുന്നു: ഉണർന്നിരിപ്പിൻ.”—മർക്കൊസ് 13:33-37.