വാഗ്ദത്ത ദേശത്തേക്കുള്ള ഒരു സന്ദർശനം
വാഗ്ദത്ത ദേശത്തേക്കുള്ള ഒരു സന്ദർശനം
സുന്ദരവും ശാന്തവുമായ ചുറ്റുപാടുകളിൽ നിങ്ങൾക്കുവേണ്ടി—ഒരു സമ്മാനം—ഒരു പുതുപുത്തൻ വീട് വാങ്ങിയതായി ഒരു സുഹൃത്തു നിങ്ങളോടു പറഞ്ഞുവെന്നിരിക്കട്ടെ. ‘അതെങ്ങനെയിരിക്കും?’ നിങ്ങൾ ആശ്ചര്യപ്പെടും. ആ വീടു കാണാനും പരിശോധനാർഥം ഓരോ മുറിയിലും കയറിയിറങ്ങാനും നിങ്ങൾ ഉത്സുകനായിരിക്കുമെന്നതിൽ യാതൊരു സംശയവുമില്ല. എന്തായാലും, അതു നിങ്ങളുടെ പുതിയ വീടാണല്ലൊ!
പൊ.യു.മു. (പൊതുയുഗത്തിനു മുമ്പ്) 1473-ൽ പുരാതന ഇസ്രായേൽ ജനതയ്ക്കു യഹോവ ഒരു പുതിയ ഭവനം—വാഗ്ദത്തദേശം—അവകാശമായി കൊടുത്തു. a ശരാശരി, വടക്കുനിന്നു തെക്കോട്ട് 500 കിലോമീറ്റർ നീളവും 55 കിലോമീറ്റർ വീതിയുമുള്ള ഒരു തുണ്ടു ഭൂമി. ഫെർട്ടയിൽ ക്രിസെൻറ് എന്നു വിളിക്കപ്പെട്ടിരുന്നിടത്തു സ്ഥിതിചെയ്തിരുന്ന വാഗ്ദത്തദേശം വസിക്കുന്നതിനു രമണീയമായ, തനതായ അനന്യ സവിശേഷതകളാൽ അനുഗൃഹീതമായ ഒരു സ്ഥലമായിരുന്നു.
എന്നാൽ മറ്റൊരാൾക്ക്, പ്രത്യേകിച്ചും ദീർഘകാലം മുമ്പു ജീവിച്ചിരുന്ന ഒരാൾക്കു നൽകിയ ഒരു “വീടി”ന്റെ കാര്യത്തിൽ നിങ്ങൾ തത്പരരായിരിക്കേണ്ടത് എന്തുകൊണ്ടാണ്? എന്തുകൊണ്ടെന്നാൽ, ചരിത്രപ്രധാനമായ ആ ദേശത്തെക്കുറിച്ചുള്ള അറിവിനു ബൈബിൾ വൃത്താന്തങ്ങളോടുള്ള നിങ്ങളുടെ വിലമതിപ്പിനെ വർധിപ്പിക്കാൻ കഴിയും. “ബൈബിൾ ദേശത്തു ഭൂമിശാസ്ത്രവും ചരിത്രവും ഇഴപിരിയാ ചരടുകളെന്നപോലെ ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നതിനാൽ ഒന്നിനെ മറ്റൊന്നിന്റെ സഹായംകൂടാതെ വാസ്തവത്തിൽ മനസ്സിലാക്കാൻ സാധ്യമല്ല” എന്നു പരേതനായ പ്രൊഫസർ യോഹാനാൻ അഹരോനി എഴുതി. മാത്രമല്ല, വാഗ്ദത്തദേശം അതിന്റെ ഔന്നത്യത്തിൽ ദൈവരാജ്യത്തിൻ കീഴിലുള്ള പറുദീസ മനുഷ്യവർഗത്തിന് ഭൂവ്യാപകമായി എന്ത് അർഥം കുറിക്കുമെന്നതിന്റെ ചെറിയതോതിലുള്ള ഒരു ദൃഷ്ടാന്തമായും ഉതകി!—യെശയ്യാവു 11:9.
തന്റെ ഭൗമിക ശുശ്രൂഷക്കാലത്ത് യേശുക്രിസ്തു പ്രായോഗിക പാഠങ്ങൾ പഠിപ്പിക്കുന്നതിനു വാഗ്ദത്തദേശത്തുള്ള സാധാരണ ദൃശ്യങ്ങൾ ഉപയോഗപ്പെടുത്തി. (മത്തായി 13:24-32; 25:31-46; ലൂക്കൊസ് 13:6-9) പുരാതന പാലസ്തീന്റെ ചില സവിശേഷതകളെക്കുറിച്ചുള്ള പരിചിന്തനത്തിൽനിന്നു പ്രായോഗികമായ വിധത്തിൽ നമുക്കും വളരെയേറെ കാര്യങ്ങൾ പഠിക്കാൻ കഴിയും. അതുകൊണ്ട് ആലങ്കാരികമായി പറഞ്ഞാൽ, നമുക്ക് അതിന്റെ ചില മുറികളിലൂടെ നടന്ന് അനേക നൂറ്റാണ്ടുകളോളം ദൈവജനത്തിനു ഭവനമായി ഉതകിയ ആ ദേശത്തിന്റെ തനതായ സവിശേഷതകളിൽ ചിലതു പരിശോധിക്കാം. നാം കാണാൻ പോകുന്നതുപോലെ, വാഗ്ദത്തദേശത്തുനിന്നു നമുക്കു പഠിക്കാവുന്ന ഒട്ടേറെ കാര്യങ്ങളുണ്ട്.
[അടിക്കുറിപ്പ]
a ഈ ലേഖനങ്ങളിലെ “വാഗ്ദത്തദേശം” എന്ന പ്രയോഗം കാര്യാദികളെ ബൈബിളിൽ അവതരിപ്പിച്ചിരിക്കുന്നവണ്ണം, ആ പ്രദേശത്തെ ആധുനികകാല രാഷ്ട്രീയവും മതപരവുമായ അവകാശവാദങ്ങളിൽ കൈകടത്താതെ പുരാതന കാലത്തിന്റേതായ കാഴ്ചപ്പാടിൽനിന്നാണു വീക്ഷിക്കുന്നത്.
[2-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Cover: Pictorial Archive (Near Eastern History) Est.
[3-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Garo Nalbandian