ആശ്രയയോഗ്യനായ ദൈവത്തെ സേവിക്കുന്നു
ആശ്രയയോഗ്യനായ ദൈവത്തെ സേവിക്കുന്നു
കിമൊൻ പ്രൊഗാക്കിസ് പറഞ്ഞപ്രകാരം
വർഷം 1955. മരംകോച്ചുന്ന തണുപ്പുള്ള ഒരു സായാഹ്നം. ഞാനും ഭാര്യ യാനൂലെയും ഞങ്ങളുടെ 18 വയസ്സുള്ള മകൻ യൊർഗോസ് ജോലിചെയ്തിരുന്ന കൂടാരക്കടയിൽനിന്നു മടങ്ങിയെത്താത്തതു നിമിത്തം വ്യാകുലപ്പെടാൻ തുടങ്ങി. അപ്രതീക്ഷിതമായി, ഒരു പൊലീസുകാരൻ ഞങ്ങളുടെ കതകിൽ മുട്ടി. “നിങ്ങളുടെ മകൻ സൈക്കിളിൽ വീട്ടിലേക്കു മടങ്ങവേ വണ്ടിയിടിച്ചു മരിച്ചു,” അദ്ദേഹം പറഞ്ഞു. എന്നിട്ട്, മുന്നിലേക്കാഞ്ഞ് ഇങ്ങനെ മന്ത്രിച്ചു: “അതൊരു അപകടമായിരുന്നെന്ന് അവർ താങ്കളോടു പറയും, എന്നാൽ എന്നെ വിശ്വസിക്കൂ, അവൻ കൊലചെയ്യപ്പെടുകയായിരുന്നു.” അവനെ കൊല്ലുന്നതിനു പ്രാദേശിക പുരോഹിതനും ചില അർധസൈനിക നേതാക്കന്മാരും ഗൂഢാലോചന നടത്തിയിരുന്നു.
കലഹത്തിന്റെയും കഷ്ടപ്പാടിന്റെയും നാളുകളിൽനിന്നു ഗ്രീസ് പുരോഗതിപ്രാപിച്ചുകൊണ്ടിരുന്ന ആ വർഷങ്ങളിൽ യഹോവയുടെ സാക്ഷികളിലൊരാളായിരിക്കുക അപകടകരമായിരുന്നു. ഗ്രീക്ക് ഓർത്തഡോക്സ് സഭയുടെയും അർധസൈനിക സംഘടനകളുടെയും ശക്തിയെക്കുറിച്ച് എനിക്കു നേരിട്ടുള്ള അറിവുണ്ടായിരുന്നു, കാരണം 15 വർഷത്തിലധികം ഞാൻ അവയിലെ ഒരു സജീവ അംഗമായിരുന്നു. 40 വർഷം മുമ്പ് ആ ദുരന്തത്തിലേക്കു ഞങ്ങളുടെ കുടുംബത്തെ നയിച്ച സംഭവങ്ങളെക്കുറിച്ചു ഞാൻ നിങ്ങളോടു പറയട്ടെ.
ഗ്രീസിൽ വളരുന്നു
1902-ൽ ഗ്രീസിലെ കാൽകിസ് എന്ന പട്ടണത്തിനടുത്തുള്ള ഒരു ചെറിയ ഗ്രാമത്തിൽ ഒരു സമ്പന്നകുടുംബത്തിലാണു ഞാൻ പിറന്നത്. എന്റെ പിതാവ് തദ്ദേശ രാഷ്ട്രീയത്തിൽ സജീവ പ്രവർത്തകനായിരുന്നു. മാത്രമല്ല, ഞങ്ങളുടെ കുടുംബം ഗ്രീക്ക് ഓർത്തഡോക്സ് സഭയുടെ ഭക്തിയുള്ള അംഗങ്ങളായിരുന്നു. എന്റെ രാജ്യത്തിൽ ഭൂരിപക്ഷംപേരും നിരക്ഷരരായിരിക്കെ ഞാൻ രാഷ്ട്രീയവും മതപരവുമായ ഗ്രന്ഥങ്ങളുടെ ഉത്സുകനായ ഒരു വായനക്കാരനായിത്തീർന്നു.
20-ാം നൂറ്റാണ്ടിന്റെ പ്രാരംഭത്തിൽ പ്രബലപ്പെട്ടിരുന്ന ദാരിദ്ര്യവും അനീതിയും മെച്ചപ്പെട്ട അവസ്ഥകളുള്ള ഒരു ലോകത്തിനുള്ള ആഗ്രഹം എന്നിൽ ഉളവാക്കി. മതത്തിന് എന്റെ ദേശത്തിലെ ജനങ്ങളുടെ പരിതാപകരമായ അവസ്ഥയെ പുരോഗമിപ്പിക്കാനാകുമെന്നു ഞാൻ വിചാരിച്ചു. എന്റെ മതപരമായ ചായ്വു നിമിത്തം ഞാൻ ഞങ്ങളുടെ സമുദായത്തിലെ ഗ്രീക്ക് ഓർത്തഡോക്സ് പുരോഹിതനാകാൻ എന്റെ ഗ്രാമത്തിലെ പ്രമുഖർ നിർദേശിച്ചു. ഞാൻ നിരവധി സന്ന്യാസിമഠങ്ങൾ സന്ദർശിക്കുകയും ബിഷപ്പുമാരും മഠാധിപതികളുമായി നീണ്ട ചർച്ചകളിലേർപ്പെടുകയും ചെയ്തിരുന്നെങ്കിലും അത്തരമൊരു ഉത്തരവാദിത്വം ഏറ്റെടുക്കാൻ ഞാൻ സജ്ജനാണെന്നോ സന്നദ്ധനാണെന്നോ എനിക്കു തോന്നിയില്ല.
ആഭ്യന്തര യുദ്ധത്തിനിടയിൽ
വർഷങ്ങൾക്കുശേഷം 1941 ഏപ്രിലിൽ ഗ്രീസ് നാസി അധീനതയിലായി. കൊലകൾ, ക്ഷാമം, ദാരിദ്ര്യം, പറഞ്ഞറിയിക്കാനാവാത്ത മാനവ ദുരിതം എന്നിവ നടമാടിയ പരിതാപകരമായ ഒരു കാലഘട്ടത്തിന് അതു നാന്ദികുറിച്ചു. ശക്തമായ ഒരു പ്രതിരോധ പ്രസ്ഥാനം വികാസംപ്രാപിച്ചു. നാസി ആക്രമണകാരികളോടു
പോരാടിയ ഗറില്ലാ വിഭാഗങ്ങളിലൊന്നിൽ ഞാൻ ചേർന്നു. തത്ഫലമായി, എന്റെ വീടിനു പലവട്ടം തീവെച്ചു, എന്നെ വെടിവെച്ചു, എന്റെ വിളകൾ നശിപ്പിക്കുകയുണ്ടായി. 1943-ന്റെ ആരംഭത്തിൽ എനിക്കും കുടുംബത്തിനും കുന്നുംകുഴിയും നിറഞ്ഞ മലകളിലേക്കു പലായനം ചെയ്യുകയല്ലാതെ ഗത്യന്തരമില്ലായിരുന്നു. 1944 ഒക്ടോബറിൽ ജർമൻ അധിനിവേശത്തിന്റെ അവസാനംവരെ ഞങ്ങൾ അവിടെ കഴിഞ്ഞുകൂടി.ജർമൻകാർ പോയശേഷം രാഷ്ട്രീയവും ഭരണസംബന്ധവുമായ ആഭ്യന്തര കലാപങ്ങൾ പൊട്ടിപ്പുറപ്പെട്ടു. ഞാനുൾപ്പെട്ടിരുന്ന ഗറില്ലാ പ്രതിരോധ കൂട്ടം ആഭ്യന്തരയുദ്ധത്തിലെ പ്രമുഖ പോരാട്ടസേനകളിലൊന്നായിത്തീർന്നു. നീതി, സമത്വം, സഖിത്വം എന്നീ കമ്മ്യുണിസ്റ്റ് ആദർശങ്ങൾ എനിക്ക് ആകർഷകമായി തോന്നിയെങ്കിലും അതിന്റെ യാഥാർഥ്യം ഒടുവിൽ എന്നെ സമ്പൂർണമായും മിഥ്യാബോധ വിമുക്തനാക്കി. കൂട്ടത്തിൽ എനിക്ക് ഉന്നത സ്ഥാനമുണ്ടായിരുന്നതിനാൽ, അധികാരം ആളുകളെ ചീത്തയാക്കാൻ പ്രവണതകാട്ടുന്നതു ഞാൻ നേരിട്ടു കണ്ടു. പ്രത്യക്ഷത്തിൽ ഉത്തമ സിദ്ധാന്തങ്ങളും ആദർശങ്ങളും ഉണ്ടായിരുന്നാലും ഏറ്റവും മികച്ച രാഷ്ട്രീയോദ്ദേശ്യങ്ങളെ സ്വാർഥതയും അപൂർണതയും വികലമാക്കുന്നു.
ആഭ്യന്തര പോരാട്ടത്തിൽ വ്യത്യസ്ത പക്ഷങ്ങളിൽ നിന്നുകൊണ്ടു തങ്ങളുടെതന്നെ മതത്തിൽപ്പെട്ടവരെ അന്യോന്യം കൊന്നൊടുക്കാൻ ഓർത്തഡോക്സ് പുരോഹിതന്മാർ ആയുധങ്ങളേന്തിയതാണ് എന്നെ ഏറ്റവും ഞെട്ടിച്ചത്! ‘“വാൾ എടുക്കുന്നവർ ഒക്കെയും വാളാൽ നശിച്ചുപോകും” എന്നു മുന്നറിയിപ്പു നൽകിയ യേശുക്രിസ്തുവിനെ തങ്ങൾ പ്രതിനിധാനം ചെയ്യുന്നുവെന്ന് ഈ പുരോഹിതന്മാർക്ക് എങ്ങനെ പറയാൻ കഴിയും’ എന്നു ഞാൻ ചിന്തിച്ചു.—മത്തായി 26:52.
1946-ലെ ആഭ്യന്തരയുദ്ധകാലത്തു ഞാൻ, ഗ്രീസിന്റെ മധ്യത്തിലുള്ള ലാമിയ എന്ന പട്ടണത്തിൽ ഒളിവിൽ കഴിയുകയായിരുന്നു. എന്റെ വസ്ത്രം തികച്ചും പഴകിയിരുന്നു. തന്മൂലം വേഷപ്രച്ഛന്നനായി നഗരത്തിലുള്ള ഒരു തയ്യൽക്കാരന്റെ അടുക്കൽച്ചെന്ന് ഏതാനും പുതിയ വസ്ത്രങ്ങൾ തയ്പിക്കാൻ ഞാൻ നിശ്ചയിച്ചു. ഞാൻ അവിടെയെത്തിയപ്പോൾ ചൂടുപിടിച്ച ചർച്ചനടക്കുകയായിരുന്നു. ഉടൻതന്നെ ഞാനും സംസാരിക്കാൻ തുടങ്ങി, രാഷ്ട്രീയത്തെക്കുറിച്ചല്ല, മറിച്ച് പണ്ടുമുതലേ എന്റെ ഇഷ്ടവിഷയമായിരുന്ന മതത്തെക്കുറിച്ച്. വിജ്ഞാനപ്രദമായ എന്റെ വീക്ഷണങ്ങൾ ശ്രദ്ധിച്ചുകൊണ്ട് ഞാൻ ഒരു ‘ദൈവശാസ്ത്ര പ്രൊഫസറു’മായി സംസാരിക്കാൻ കാണികൾ നിർദേശിച്ചു. അദ്ദേഹത്തെ കൊണ്ടുവരുന്നതിന് അവർ ഉടനടി പുറപ്പെട്ടു.
വിശ്വസനീയമായ ഒരു പ്രത്യാശ കണ്ടെത്തുന്നു
തുടർന്നുനടന്ന ചർച്ചയിൽ, എന്റെ വിശ്വാസങ്ങളുടെ അടിസ്ഥാനമെന്താണെന്ന് ആ “പ്രൊഫസർ” ചോദിച്ചു. “വിശുദ്ധ പിതാക്കന്മാരും സഭൈക്യ സുന്നഹദോസുകളും,” ഞാൻ മറുപടിപറഞ്ഞു. എന്നോടു തർക്കിക്കുന്നതിനുപകരം അദ്ദേഹം തന്റെ ചെറിയ ബൈബിൾ തുറന്നു മത്തായി 23:9, 10 എടുത്തിട്ട് യേശുവിന്റെ പിൻവരുന്ന വാക്കുകൾ വായിക്കാൻ എന്നോട് ആവശ്യപ്പെട്ടു: “ഭൂമിയിൽ ആരെയും പിതാവു എന്നു വിളിക്കരുതു; ഒരുത്തൻ അത്രേ നിങ്ങളുടെ പിതാവു, സ്വർഗ്ഗസ്ഥൻ തന്നേ. നിങ്ങൾ നായകൻമാർ എന്നും പേർ എടുക്കരുതു; ഒരുത്തൻ അത്രേ നിങ്ങളുടെ നായകൻ, ക്രിസ്തു തന്നേ.”
അതെന്റെ കണ്ണു തുറപ്പിച്ചു! ആ മനുഷ്യൻ പറയുന്നതു സത്യമാണെന്നു ഞാൻ ഗ്രഹിച്ചു. യഹോവയുടെ സാക്ഷികളിലൊരാളായി അദ്ദേഹം സ്വയം തിരിച്ചറിയിച്ചപ്പോൾ ഞാൻ കുറെ സാഹിത്യങ്ങൾ ആവശ്യപ്പെട്ടു. വെളിപാട് എന്ന ബൈബിൾ പുസ്തകത്തിന്റെ ഭാഷ്യമായ പ്രകാശം (ഇംഗ്ലീഷ്) എന്ന പുസ്തകം അദ്ദേഹം എനിക്കു നൽകി. ഞാൻ അതുമായി ഒളിസ്ഥലത്തേക്കു മടങ്ങി. വെളിപാടിൽ പരാമർശിച്ചിരിക്കുന്ന
മൃഗങ്ങൾ ദീർഘനാളുകളോളം എനിക്കൊരു മർമമായിരുന്നു. എന്നാൽ അവ 20-ാം നൂറ്റാണ്ടിൽ നിലവിലിരിക്കുന്ന രാഷ്ട്രീയ സംഘടനകളെ പ്രതിനിധാനം ചെയ്യുന്നുവെന്നു ഞാനിപ്പോൾ മനസ്സിലാക്കി. ബൈബിളിനു നമ്മുടെ നാളുകളിലേക്കു പ്രായോഗിക അർഥമുണ്ടെന്നും അതു പഠിച്ച് അതിലെ സത്യങ്ങൾക്കു ചേർച്ചയിൽ എന്റെ ജീവിതത്തിൽ മാറ്റങ്ങൾ വരുത്തണമെന്നും ഞാൻ മനസ്സിലാക്കാൻ തുടങ്ങി.പിടിച്ചു തടവിലാക്കുന്നു
അതിനുശേഷം താമസിയാതെ പട്ടാളക്കാർ എന്റെ ഒളിസ്ഥലത്തേക്കു പാഞ്ഞുകയറി എന്നെ അറസ്റ്റുചെയ്തു. എന്നെ ഒരു ഇരുട്ടറയിലടച്ചു. കുറേക്കാലമായി ഞാൻ നിയമഭ്രഷ്ടനായ പിടികിട്ടാപ്പുള്ളിയായിരുന്നതിനാൽ വധിക്കപ്പെടുമെന്നായിരുന്നു എന്റെ കണക്കുകൂട്ടൽ. എന്നോട് ആദ്യം സംസാരിച്ച സാക്ഷി അവിടെ എന്റെ അറയിൽ എന്നെ സന്ദർശിച്ചു. യഹോവയിൽ പൂർണമായി ആശ്രയിക്കാൻ അദ്ദേഹം എന്നെ പ്രോത്സാഹിപ്പിച്ചു, അതുതന്നെയാണു ഞാൻ ചെയ്തതും. എനിക്ക് ഇക്കറിയയിലെ ഇജിയൻ ദ്വീപിൽ ആറുമാസത്തെ പ്രവാസശിക്ഷ വിധിച്ചു.
അവിടെ എത്തിച്ചേർന്ന ഉടനെ കമ്മ്യുണിസ്റ്റായിട്ടല്ല, മറിച്ച് ഒരു യഹോവയുടെ സാക്ഷിയായി ഞാൻ സ്വയം തിരിച്ചറിയിച്ചു. ബൈബിൾ സത്യങ്ങൾ പഠിച്ച മറ്റുചിലരെയും പ്രവാസികളായി അങ്ങോട്ട് അയച്ചിരുന്നു. ഞാൻ അവരെ തിരഞ്ഞുപിടിച്ചു, ഞങ്ങൾ ഒരുമിച്ചു ക്രമമായി ബൈബിൾ പഠിച്ചു. തിരുവെഴുത്തുകളിൽനിന്നു കൂടുതൽ അറിവും നമ്മുടെ ആശ്രയയോഗ്യനായ ദൈവമായ യഹോവയെക്കുറിച്ചു മെച്ചപ്പെട്ട ഗ്രാഹ്യവും നേടുന്നതിന് അവർ എന്നെ സഹായിച്ചു.
1947-ൽ എന്റെ ശിക്ഷാകാലം തീർന്നപ്പോൾ പബ്ലിക്ക് പ്രോസിക്യൂട്ടറുടെ ഓഫീസിലേക്ക് എന്നെ വിളിപ്പിച്ചു. എന്റെ നടത്ത അദ്ദേഹത്തിൽ മതിപ്പുളവാക്കിയെന്നും വീണ്ടും എന്നെങ്കിലും എന്നെ പ്രവാസത്തിലേക്ക് അയക്കുന്നപക്ഷം അദ്ദേഹത്തിന്റെ പേരു പറഞ്ഞാൽ മതിയെന്നും അദ്ദേഹം എന്നോടു പറഞ്ഞു. എന്റെ കുടുംബം ഇതിനിടയിൽ ഏഥെൻസിലേക്കു മാറിയിരുന്നു. അവിടെ എത്തിയ ഉടനെ ഞാൻ യഹോവയുടെ സാക്ഷികളുടെ ഒരു സഭയുമായി സഹവസിക്കുകയും യഹോവയ്ക്കുള്ള സമർപ്പണത്തിന്റെ പ്രതീകമായി താമസിയാതെ സ്നാപനമേൽക്കുകയും ചെയ്തു.
മതപരിവർത്തനത്തിനു കുറ്റം ചുമത്തുന്നു
മതപരിവർത്തനം നിരോധിച്ചുകൊണ്ട് 1938-ലും 1939-ലും പുറപ്പെടുവിച്ച നിയമങ്ങളുടെ പേരിൽ ഗ്രീസ് യഹോവയുടെ സാക്ഷികളെ ദശകങ്ങളോളം പീഡിപ്പിച്ചിരുന്നു. തന്മൂലം, 1938 മുതൽ 1992 വരെ ഗ്രീസിൽ സാക്ഷികളുടെ 19,147 അറസ്റ്റുകൾ നടത്തി. കോടതി മൊത്തം 753 വർഷത്തെ ശിക്ഷാവിധി കൽപ്പിച്ചതിൽ 593 വർഷം അവർ വാസ്തവത്തിൽ അനുഭവിക്കുകയുണ്ടായി. ദൈവരാജ്യത്തിന്റെ സുവാർത്ത പ്രസംഗിച്ചതിന്റെ പേരിൽ വ്യക്തിഗതമായി എന്നെ 40 തവണ അറസ്റ്റു ചെയ്തു. വ്യത്യസ്ത തടവറകളിലായി ഞാൻ മൊത്തം 27 മാസം ചെലവഴിച്ചു.
കാൽകിസിലുള്ള ഒരു ഗ്രീക്ക് ഓർത്തഡോക്സ് പുരോഹിതന് എഴുതിയ കത്തിന്റെ പേരിലാണ് എന്നെ ഒരിക്കൽ അറസ്റ്റുചെയ്തത്. ക്രൈസ്തവമണ്ഡലമോ ക്രിസ്ത്യാനിത്വമോ—ഏതാകുന്നു ‘ലോകത്തിന്റെ വെളിച്ചം’? എന്ന ചെറുപുസ്തകം എല്ലാ പുരോഹിതന്മാർക്കും അയച്ചുകൊടുക്കാൻ 1955-ൽ യഹോവയുടെ സാക്ഷികളെ പ്രോത്സാഹിപ്പിക്കുകയുണ്ടായി. ഞാൻ കത്തെഴുതിയ, ഉന്നതസ്ഥരായ പുരോഹിതന്മാരിൽ ഒരാൾ മതപരിവർത്തനത്തിന്റെ പേരിൽ എനിക്കെതിരെ കേസു കൊടുത്തു. വിചാരണാവേളയിൽ സാക്ഷിയായ അറ്റോർണിയും തദ്ദേശ വക്കീലും ദൈവരാജ്യത്തെക്കുറിച്ചുള്ള സുവാർത്ത പ്രസംഗിക്കേണ്ടതു സത്യക്രിസ്ത്യാനികളുടെ കടമയാണെന്നു വിശദീകരിച്ചുകൊണ്ടു സമർഥമായി പ്രതിവാദം നടത്തി.—മത്തായി 24:14.
കോടതിയിൽ ആധ്യക്ഷ്യം വഹിച്ച ജഡ്ജി പ്രധാന മഠാധിപതിയോട് (ബിഷപ്പിനു താഴെയുള്ള പുരോഹിതൻ) ഇങ്ങനെ ചോദിച്ചു: “താങ്കൾ കത്തും ചെറുപുസ്തകവും വായിച്ചോ?”
“ഇല്ല, കവറു പൊട്ടിച്ചയുടനെ ഞാനതു കുനുകുനെ കീറി ദൂരെക്കളഞ്ഞു!” അയാൾ വീറോടെ പറഞ്ഞു.
“അപ്പോൾപ്പിന്നെ, ഈ മനുഷ്യൻ താങ്കളെ മതപരിവർത്തനം നടത്തിയെന്നു പറയാൻ താങ്കൾക്കെങ്ങനെ കഴിയും?” അധ്യക്ഷനായിരുന്ന ജഡ്ജി ചോദിച്ചു.
അടുത്തതായി ഞങ്ങളുടെ അറ്റോർണി, പൊതു ഗ്രന്ഥശാലകളിലേക്കു കെട്ടുകണക്കിനു പുസ്തകങ്ങൾ സംഭാവന ചെയ്ത പ്രൊഫസർമാരുടെയും മറ്റുള്ളവരുടെയും ഉദാഹരണങ്ങൾ എടുത്തുകാട്ടി. “മറ്റുള്ളവരെ മതപരിവർത്തനം ചെയ്യാൻ അവർ ശ്രമിച്ചുവെന്നു താങ്കൾ പറയുമോ?” അദ്ദേഹം ചോദിച്ചു.
അത്തരം പ്രവർത്തനം തീർച്ചയായും മതപരിവർത്തനമായിരുന്നില്ല എന്നു വ്യക്തമായിരുന്നു. “നിരപരാധി” എന്ന തീർപ്പു കേട്ടപ്പോൾ ഞാൻ യഹോവയ്ക്കു നന്ദി പറഞ്ഞു.
എന്റെ മകന്റെ മരണം
മിക്കപ്പോഴും ഓർത്തഡോക്സ് പുരോഹിതന്മാരുടെ പ്രേരണനിമിത്തം എന്റെ മകൻ യൊർഗോസും തുടർച്ചയായി ഉപദ്രവിക്കപ്പെട്ടിരുന്നു. ദൈവരാജ്യത്തിന്റെ സുവാർത്ത പ്രഖ്യാപിക്കുന്നതിലെ യുവസഹജമായ തീക്ഷ്ണത നിമിത്തം അവനെയും ഒട്ടേറെ തവണ അറസ്റ്റു ചെയ്യുകയുണ്ടായി. ഒടുവിൽ അവന്റെ
കഥകഴിക്കാനും അതേസമയംതന്നെ പ്രസംഗവേല നിർത്താൻ ആവശ്യപ്പെട്ടുകൊണ്ടു ഞങ്ങൾക്കു ഭീഷണിക്കത്തുകൾ അയയ്ക്കാനും എതിരാളികൾ തീരുമാനിച്ചു.ഗ്രീക്ക് ഓർത്തഡോക്സ് പുരോഹിതന്മാരും ചില അർധസൈനിക നേതാക്കന്മാരും ഞങ്ങളുടെ മകനെ കൊല്ലാൻ ഗൂഢാലോചന നടത്തിയതായി യൊർഗോസിന്റെ മരണവാർത്ത അറിയിക്കാൻ വീട്ടിൽവന്ന പൊലീസുകാരൻ പറഞ്ഞു. അത്തരം “അപകടങ്ങൾ” ആ ദുർഘട കാലങ്ങളിൽ സാധാരണമായിരുന്നു. അവന്റെ മരണം ഞങ്ങളിൽ ദുഃഖം ജനിപ്പിച്ചെങ്കിലും പ്രസംഗവേലയിൽ സജീവമായി നിലകൊള്ളാനും യഹോവയെ പൂർണമായി ആശ്രയിക്കാനുമുള്ള ഞങ്ങളുടെ തീരുമാനം ബലിഷ്ഠമായിത്തീർന്നതേയുള്ളൂ.
യഹോവയിൽ ആശ്രയിക്കാൻ മറ്റുള്ളവരെ സഹായിക്കൽ
1960-കളുടെ മധ്യത്തിൽ ഭാര്യയും കുട്ടികളും ഏഥെൻസിൽനിന്ന് ഏതാണ്ട് 50 കിലോമീറ്റർ അകലെയുള്ള സ്കേലാ ഒറോപസിലെ തീരദേശ ഗ്രാമത്തിൽ വേനൽക്കാലമാസങ്ങൾ ചെലവഴിച്ചിരുന്നു. അന്ന്, അവിടെ ഒറ്റ സാക്ഷിപോലും താമസിച്ചിരുന്നില്ല. അതുകൊണ്ടു ഞങ്ങൾ അയൽക്കാരുമായി അനൗപചാരിക സാക്ഷീകരണം നടത്തി. തദ്ദേശവാസികളായ ചില കൃഷിക്കാർ അനുകൂലമായി പ്രതികരിച്ചു. പുരുഷന്മാർ തങ്ങളുടെ കൃഷിസ്ഥലങ്ങളിൽ പകൽസമയം ദീർഘനേരം വേലചെയ്തിരുന്നതുകൊണ്ടു രാത്രി ഏറെ വൈകിയും ഞങ്ങൾ ബൈബിളധ്യയനങ്ങൾ നടത്തിപ്പോന്നു. അനേകർ സാക്ഷികളായിത്തീരുകയും ചെയ്തു.
യഹോവ ഞങ്ങളുടെ ശ്രമങ്ങളെ അനുഗ്രഹിക്കുന്നുവെന്നു കണ്ടു താത്പര്യക്കാരോടൊത്തു ബൈബിളധ്യയനം നടത്തുന്നതിനു 15 വർഷത്തോളം ഞങ്ങൾ വാരംതോറും അങ്ങോട്ടു യാത്രചെയ്തിരുന്നു. അവിടെ ഞങ്ങൾ അധ്യയനം നടത്തിയിരുന്ന ഏതാണ്ടു 30 പേർ സ്നാപനഘട്ടംവരെ പുരോഗമിച്ചു. ആരംഭത്തിൽ, ഒരു അധ്യയനക്കൂട്ടം രൂപീകരിച്ചു. യോഗങ്ങൾ നടത്താൻ ഞാൻ നിയോഗിക്കപ്പെട്ടു. പിന്നീട് ആ കൂട്ടം ഒരു സഭയായിത്തീർന്നു. ആ പ്രദേശത്തുനിന്നുള്ള നൂറിലധികം സാക്ഷികളാണ് ഇന്നു മോളോക്കോസോ സഭയായിരിക്കുന്നത്. ഞങ്ങൾ സഹായിച്ച വ്യക്തികളിൽ നാലുപേർ ഇപ്പോൾ മുഴുസമയ ശുശ്രൂഷകരായി സേവിക്കുന്നുവെന്നതിൽ ഞങ്ങൾ ആനന്ദിക്കുന്നു.
ഒരു സമ്പന്ന പൈതൃകം
യഹോവയ്ക്ക് എന്റെ ജീവിതം സമർപ്പിച്ചുകഴിഞ്ഞയുടനെ ഭാര്യ ആത്മീയമായി പുരോഗമിക്കാൻ തുടങ്ങുകയും സ്നാപനമേൽക്കുകയും ചെയ്തു. പീഡനത്തിന്റെ പ്രയാസകരമായ ഘട്ടത്തിൽ അവളുടെ വിശ്വാസം ബലിഷ്ഠമായി നിലനിൽക്കുകയും അവൾ ദൃഢവും അചഞ്ചലവുമായി നിർമലത കാത്തുസൂക്ഷിക്കുകയും ചെയ്തു. എനിക്ക് അടിക്കടിയുണ്ടായ തടവുകൾ നിമിത്തം അനുഭവിക്കേണ്ടിവന്ന കഷ്ടപ്പാടുകളെപ്പറ്റി അവൾ ഒരിക്കലും പരാതിപ്പെട്ടില്ല.
ഈ വർഷങ്ങളിലെല്ലാം ഞങ്ങൾ ഒരുമിച്ചു ബൈബിളധ്യയനങ്ങൾ നടത്തി. തന്റെ ലളിതവും ഉത്സാഹഭരിതവുമായ സമീപനത്തിലൂടെ അവൾ അനേകരെയും ഫലപ്രദമായി സഹായിച്ചു. ഇപ്പോൾ, അവൾക്കു ഡസൻകണക്കിന് ആളുകളുൾപ്പെടുന്ന ഒരു മാസികാറൂട്ടുണ്ട്. അവൾ അവർക്കു ക്രമമായി വീക്ഷാഗോപുരവും ഉണരുക!യും എത്തിച്ചുകൊടുക്കുന്നു.
ഞങ്ങൾക്കിപ്പോഴുള്ള മൂന്നു മക്കളും ആറു പേരക്കിടാങ്ങൾ, പേരക്കിടാങ്ങളുടെ നാലു മക്കൾ എന്നിവരടങ്ങിയ അവരുടെ കുടുംബങ്ങളും ഏറെയും എന്റെ സ്നേഹമയിയായ ഇണയുടെ പിന്തുണകൊണ്ടു യഹോവയുടെ സേവനത്തിൽ സജീവരാണ്. ഞാനും ഭാര്യയും അനുഭവിച്ച പീഡനവും കൊടിയ എതിർപ്പും അവർക്ക് അഭിമുഖീകരിക്കേണ്ടിവന്നിട്ടില്ലെങ്കിലും അവർ തങ്ങളുടെ സമ്പൂർണമായ ആശ്രയം യഹോവയിൽ അർപ്പിച്ചിരിക്കുകയും അവന്റെ വഴികളിൽ തുടർന്നു നടക്കുകയും ചെയ്യുന്നു. ഞങ്ങളുടെ പ്രിയപ്പെട്ട യൊർഗോസ് പുനരുത്ഥാനത്തിൽ മടങ്ങിവരുമ്പോൾ ഞങ്ങളെല്ലാവരും അവനുമായി വീണ്ടും ഒന്നിക്കുന്നത് എത്ര ആനന്ദപ്രദമായിരിക്കും!
യഹോവയിൽ ആശ്രയിക്കാൻ ഉറച്ചിരിക്കുന്നു
ഈ വർഷങ്ങളിലെല്ലാം യഹോവയുടെ ആത്മാവു തന്റെ ജനത്തിന്മേൽ പ്രവർത്തിക്കുന്നതു ഞാൻ കണ്ടിരിക്കുന്നു. മനുഷ്യരുടെ ഉദ്യമങ്ങളിൽ നമ്മുടെ ആശ്രയം വെക്കാൻ പാടില്ലെന്നു കാണാൻ അവന്റെ ആത്മാവിനാൽ നയിക്കപ്പെടുന്ന സ്ഥാപനം എന്നെ സഹായിച്ചിരിക്കുന്നു. മെച്ചപ്പെട്ട ഭാവിക്കായുള്ള അവരുടെ വാഗ്ദാനങ്ങൾ വിലയില്ലാത്തതാണ്. വാസ്തവത്തിൽ, അവ പച്ചക്കള്ളമല്ലാതെ മറ്റൊന്നുമല്ല.—സങ്കീർത്തനം 146:3, 4.
പ്രായാധിക്യവും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളും ഉണ്ടായിരുന്നിട്ടും എന്റെ കണ്ണുകൾ രാജ്യപ്രത്യാശയുടെ യാഥാർഥ്യത്തിന്മേൽ കേന്ദ്രീകരിച്ചിരിക്കുന്നു. വ്യാജമതത്തിനുവേണ്ടി അർപ്പിതനായും രാഷ്ട്രീയ മാർഗങ്ങളിലൂടെ മെച്ചപ്പെട്ട അവസ്ഥകൾ കൊണ്ടുവരാൻ ശ്രമിച്ചുകൊണ്ടും ചെലവഴിച്ച വർഷങ്ങളെപ്രതി ഞാൻ യഥാർഥത്തിൽ ഖേദിക്കുന്നു. ജീവിതം ആവർത്തിക്കേണ്ടി വന്നാൽ, ആശ്രയയോഗ്യനായ ദൈവമായ യഹോവയെ സേവിക്കാൻ ഞാൻ വീണ്ടും തീരുമാനിക്കുമെന്നതിൽ ലവലേശം സംശയമില്ല.
(കിമൊൻ പ്രൊഗാക്കിസ് ഈയിടെ മരണത്തിൽ നിദ്രപ്രാപിച്ചു. അദ്ദേഹം ഭൗമിക പ്രത്യാശയുള്ള ആളായിരുന്നു.)
[26-ാം പേജിലെ ചിത്രം]
ഭാര്യ യാനൂലെയോടൊപ്പം അടുത്തകാലത്തെടുത്ത കിമൊന്റെ ഒരു ഫോട്ടോ