വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ക്രിസ്‌തുവിന്റെ നിയമപ്രകാരം ജീവിക്കൽ

ക്രിസ്‌തുവിന്റെ നിയമപ്രകാരം ജീവിക്കൽ

ക്രിസ്‌തു​വി​ന്റെ നിയമ​പ്ര​കാ​രം ജീവിക്കൽ

“തമ്മിൽ തമ്മിൽ ഭാരങ്ങളെ ചുമപ്പിൻ; ഇങ്ങനെ ക്രിസ്‌തു​വി​ന്റെ ന്യായ​പ്ര​മാ​ണം നിവർത്തി​പ്പിൻ.”—ഗലാത്യർ 6:2.

1. ക്രിസ്‌തു​വി​ന്റെ നിയമം നന്മയ്‌ക്കാ​യുള്ള ഒരു ശക്തമായ സ്വാധീ​ന​മാ​ണെന്നു പറയാ​വു​ന്ന​തെ​ന്തു​കൊണ്ട്‌?

 റുവാ​ണ്ട​യിൽ അടുത്ത​കാ​ലത്തു വ്യാപ​ക​മാ​യി നടന്ന വർഗീയ കൂട്ട​ക്കൊ​ല​യിൽനി​ന്നു പരസ്‌പരം സംരക്ഷി​ക്കു​ന്ന​തി​നു യഹോ​വ​യു​ടെ ഹൂട്ടൂ, ട ട്‌സി സാക്ഷികൾ തങ്ങളുടെ ജീവൻ അപകട​പ്പെ​ടു​ത്തി. വിനാ​ശ​ക​ര​മായ ഭൂകമ്പ​ത്തിൽ കുടും​ബാം​ഗ​ങ്ങളെ നഷ്ടപ്പെട്ട ജപ്പാനി​ലെ കോബി​ലുള്ള യഹോ​വ​യു​ടെ സാക്ഷി​കളെ അവരുടെ നഷ്ടം തളർത്തി​ക്ക​ളഞ്ഞു. എന്നിരു​ന്നാ​ലും, ദുരന്ത​ത്തിന്‌ ഇരയായ മറ്റുള്ള​വരെ രക്ഷിക്കാൻ അവർ പെട്ടെന്നു നടപടി സ്വീക​രി​ച്ചു. അതേ, ലോക​ത്തെ​മ്പാ​ടും നിന്നുള്ള ഹൃദ​യോ​ഷ്‌മ​ള​മായ ഉദാഹ​ര​ണങ്ങൾ ക്രിസ്‌തു​വി​ന്റെ നിയമം ഇന്നു ഫലപ്ര​ദ​മാ​ണെന്നു പ്രകട​മാ​ക്കു​ന്നു. ഇതു നന്മയ്‌ക്കാ​യുള്ള ഒരു ശക്തമായ സ്വാധീ​ന​മാണ്‌.

2. ക്രൈ​സ്‌ത​വ​ലോ​കം ക്രിസ്‌തു​വി​ന്റെ നിയമ​ത്തി​ന്റെ അർഥം നഷ്ടപ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​തെ​ങ്ങനെ, ആ നിയമം നിവർത്തി​ക്കാൻ നമുക്ക്‌ എന്തു​ചെ​യ്യാ​വു​ന്ന​താണ്‌?

2 അതേസ​മയം, ഈ നിർണാ​യക ‘അന്ത്യനാ​ളു​കളെ’ക്കുറി​ച്ചുള്ള ഒരു ബൈബിൾ പ്രവചനം നിവൃ​ത്തി​യേ​റു​ക​യാണ്‌. അനേകർക്ക്‌ “ഭക്തിയു​ടെ വേഷ”മുണ്ട്‌, എന്നാൽ അവർ “അതിന്റെ ശക്തി ത്യജി​ക്കു​ന്നവ”രാണ്‌. (2 തിമൊ​ഥെ​യൊസ്‌ 3:1, 5) വിശിഷ്യ ക്രൈ​സ്‌ത​വ​ലോ​ക​ത്തിൽ, മതം മിക്ക​പ്പോ​ഴും ഔപചാ​രി​ക​ത​യു​ടെ ഒരു സംഗതി​യാണ്‌, ഹൃദയ​ത്തി​ന്റേതല്ല. അതു ക്രിസ്‌തു​വി​ന്റെ നിയമ​പ്ര​കാ​രം ജീവി​ക്കു​ന്നതു വളരെ പ്രയാ​സ​മാ​യ​തു​കൊ​ണ്ടാ​ണോ? അല്ല. പിൻപ​റ്റാൻ കഴിയാത്ത ഒരു നിയമം യേശു നമുക്കു തരുമാ​യി​രു​ന്നില്ല. ക്രൈ​സ്‌ത​വ​ലോ​കം ആ നിയമ​ത്തി​ന്റെ അർഥം കേവലം നഷ്ടപ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. ഈ നിശ്വസ്‌ത വചനങ്ങൾക്കു ശ്രദ്ധ നൽകാൻ അവൾ പരാജ​യ​പ്പെ​ട്ടി​രി​ക്കു​ന്നു: “തമ്മിൽ തമ്മിൽ ഭാരങ്ങളെ ചുമപ്പിൻ; ഇങ്ങനെ ക്രിസ്‌തു​വി​ന്റെ ന്യായ​പ്ര​മാ​ണം [“നിയമം,” NW] നിവർത്തി​പ്പിൻ.” (ഗലാത്യർ 6:2) നാം “ക്രിസ്‌തു​വി​ന്റെ ന്യായ​പ്ര​മാ​ണം നിവർത്തി”ക്കുന്നത്‌ അന്യോ​ന്യം ഭാരങ്ങൾ വഹിച്ചു​കൊ​ണ്ടാണ്‌, പരീശൻമാ​രെ അനുക​രിച്ച്‌, നമ്മുടെ സഹോ​ദ​ര​ങ്ങ​ളു​ടെ ചുമടു​കൾ ന്യായ​ര​ഹി​ത​മാ​യി കൂട്ടു​ന്ന​തി​നാ​ലല്ല.

3. (എ) ക്രിസ്‌തു​വി​ന്റെ നിയമ​ത്തിൽ ഉൾപ്പെ​ട്ടി​രി​ക്കുന്ന ചില കൽപ്പനകൾ ഏവ? (ബി) ക്രിസ്‌തു​വി​ന്റെ നേരി​ട്ടുള്ള കൽപ്പന​ക​ള​ല്ലാ​തെ മറ്റൊരു നിയമ​വും ക്രിസ്‌തീയ സഭയ്‌ക്ക്‌ ഉണ്ടായി​രി​ക്ക​രു​തെന്നു നിഗമനം ചെയ്യു​ന്നതു തെറ്റാ​യി​രി​ക്കു​ന്ന​തെ​ന്തു​കൊണ്ട്‌?

3 ക്രിസ്‌തു​വി​ന്റെ നിയമ​ത്തിൽ ക്രിസ്‌തു​യേ​ശു​വി​ന്റെ സകല കൽപ്പന​ക​ളും ഉൾപ്പെ​ടു​ന്നു—പ്രസം​ഗി​ക്ക​ലും പഠിപ്പി​ക്ക​ലും, കണ്ണു നിർമ​ല​വും ലളിത​വു​മാ​യി സൂക്ഷിക്കൽ, നമ്മുടെ അയൽക്കാ​ര​നു​മാ​യി സമാധാ​നം നിലനിർത്തു​ന്ന​തി​നു യത്‌നി​ക്കൽ, സഭയിൽനിന്ന്‌ അശുദ്ധി നീക്കം ചെയ്യൽ തുടങ്ങി എന്തും. (മത്തായി 5:27-30; 18:15-17; 28:19, 20; വെളി​പ്പാ​ടു 2:14-16) ക്രിസ്‌തു​വി​ന്റെ അനുഗാ​മി​കൾക്കാ​യുള്ള ബൈബി​ളി​ലെ സകല കൽപ്പന​ക​ളും അനുഷ്‌ഠി​ക്കാൻ ക്രിസ്‌ത്യാ​നി​കൾ തീർച്ച​യാ​യും ബാധ്യ​സ്ഥ​രാണ്‌. അതിലും അധിക​മാ​യുണ്ട്‌. നല്ല ക്രമം കാത്തു​സൂ​ക്ഷി​ക്കു​ന്ന​തി​നു യഹോ​വ​യു​ടെ സ്ഥാപന​വും ഓരോ സഭകളും അത്യാ​വ​ശ്യ​മായ നിയമ​ങ്ങ​ളും നടപടി​ക്ര​മ​ങ്ങ​ളും സ്ഥാപി​ക്കേ​ണ്ട​തുണ്ട്‌. (1 കൊരി​ന്ത്യർ 14:33, 40) എന്തിന്‌, യോഗങ്ങൾ എപ്പോൾ, എവിടെ, എങ്ങനെ നടത്തണ​മെ​ന്നതു സംബന്ധി​ച്ചു ക്രിസ്‌ത്യാ​നി​കൾക്കു നിയമങ്ങൾ ഇല്ലെങ്കിൽ അവർക്ക്‌ ഒരുമി​ച്ചു​കൂ​ടാൻ പോലും സാധി​ക്കില്ല! (എബ്രായർ 10:24, 25) സ്ഥാപന​ത്തിൽ അധികാ​രം ലഭിച്ചി​ട്ടു​ള്ളവർ വെക്കുന്ന ന്യായ​മായ മാർഗ​രേ​ഖ​ക​ളോ​ടു സഹകരി​ക്കു​ന്ന​തും ക്രിസ്‌തു​വി​ന്റെ നിയമം നിവർത്തി​ക്കു​ന്ന​തി​ന്റെ ഒരു ഭാഗമാണ്‌.—എബ്രായർ 13:17.

4. നിർമ​ലാ​രാ​ധ​ന​യു​ടെ പിന്നിലെ പ്രേര​ക​ശക്തി എന്താണ്‌?

4 എന്നിരു​ന്നാ​ലും, തങ്ങളുടെ ആരാധന നിയമ​ങ്ങ​ളു​ടെ അർഥശൂ​ന്യ​മായ ഒരു ഘടനയാ​യി​ത്തീ​രാൻ സത്യ​ക്രി​സ്‌ത്യാ​നി​കൾ അനുവ​ദി​ക്കു​ന്നില്ല. യഹോ​വയെ സേവി​ക്കാൻ ഏതെങ്കി​ലും വ്യക്തി​യോ സംഘട​ന​യോ തങ്ങളോ​ടു പറയു​ന്നു​വെന്ന കേവല കാരണ​ത്തെ​പ്രതി അവർ അവനെ സേവി​ക്കു​ന്നില്ല. പകരം, അവരുടെ ആരാധ​ന​യ്‌ക്കു പിന്നിലെ പ്രേര​ക​ശക്തി സ്‌നേ​ഹ​മാണ്‌. പൗലോസ്‌ എഴുതി: “ക്രിസ്‌തു​വി​ന്റെ സ്‌നേഹം നമ്മെ നിർബ​ന്ധി​ക്കു​ന്നു.” (2 കൊരി​ന്ത്യർ 5:14, NW, അടിക്കു​റിപ്പ്‌) പരസ്‌പരം സ്‌നേ​ഹി​ക്കാൻ യേശു തന്റെ അനുഗാ​മി​ക​ളോ​ടു കൽപ്പിച്ചു. (യോഹ​ന്നാൻ 15:12, 13) ക്രിസ്‌തു​വി​ന്റെ നിയമ​ത്തി​ന്റെ അടിസ്ഥാ​നം ആത്മത്യാ​ഗ​പ​ര​മായ സ്‌നേ​ഹ​മാണ്‌. കുടും​ബ​ത്തി​ലും സഭയി​ലും, അത്‌ എല്ലായി​ട​ത്തു​മുള്ള സത്യ​ക്രി​സ്‌ത്യാ​നി​കളെ നിർബ​ന്ധി​ക്കു​ക​യോ പ്രേരി​പ്പി​ക്കു​ക​യോ ചെയ്യുന്നു. അത്‌ എങ്ങനെ​യാ​ണെന്നു നമുക്കു നോക്കാം.

കുടും​ബ​ത്തിൽ

5. (എ) മാതാ​പി​താ​ക്കൾക്കു ക്രിസ്‌തു​വി​ന്റെ നിയമം ഭവനത്തിൽ നിവർത്തി​ക്കാൻ കഴിയു​ന്ന​തെ​ങ്ങനെ? (ബി) കുട്ടി​കൾക്കു തങ്ങളുടെ മാതാ​പി​താ​ക്ക​ളിൽനിന്ന്‌ ആവശ്യ​മാ​യി​രി​ക്കു​ന്നത്‌ എന്താണ്‌, അതു നൽകു​ന്ന​തി​നു ചില മാതാ​പി​താ​ക്കൾ ഏതു പ്രതി​ബന്ധം തരണം​ചെ​യ്യേ​ണ്ട​താണ്‌?

5 അപ്പോ​സ്‌ത​ല​നായ പൗലോസ്‌ എഴുതി: “ഭർത്താ​ക്കൻമാ​രേ, ക്രിസ്‌തു​വും സഭയെ സ്‌നേ​ഹി​ച്ച​തു​പോ​ലെ നിങ്ങളു​ടെ ഭാര്യ​മാ​രെ സ്‌നേ​ഹി​പ്പിൻ. അവൻ . . . തന്നത്താൻ അവൾക്കു​വേണ്ടി ഏല്‌പി​ച്ചു​കൊ​ടു​ത്തു.” (എഫെസ്യർ 5:25-27) ഒരു ഭർത്താവു ക്രിസ്‌തു​വി​നെ അനുക​രി​ച്ചു സ്‌നേ​ഹ​ത്തോ​ടെ​യും ഗ്രാഹ്യ​ത്തോ​ടെ​യും ഭാര്യ​യോട്‌ ഇടപെ​ടു​മ്പോൾ അയാൾ ക്രിസ്‌തു​വി​ന്റെ നിയമ​ത്തി​ന്റെ ഒരു മർമ​പ്ര​ധാന ഭാഗം നിവർത്തി​ക്കു​ന്നു. കൂടു​ത​ലാ​യി, കൊച്ചു​കു​ട്ടി​കളെ തന്റെ കരങ്ങളിൽ എടുത്തു​കൊ​ണ്ടും അവരു​ടെ​മേൽ കൈ​വെച്ച്‌ അവരെ അനു​ഗ്ര​ഹി​ച്ചു​കൊ​ണ്ടും യേശു അവരോ​ടുള്ള വാത്സല്യം പരസ്യ​മാ​യി പ്രകടി​പ്പി​ച്ചു. (മർക്കൊസ്‌ 10:16) ക്രിസ്‌തു​വി​ന്റെ നിയമം നിവർത്തി​ക്കുന്ന മാതാ​പി​താ​ക്ക​ളും തങ്ങളുടെ കുട്ടി​ക​ളോ​ടു വാത്സല്യം പ്രകട​മാ​ക്കു​ന്നു. ഈ സംഗതി​യിൽ യേശു​വി​ന്റെ ദൃഷ്ടാന്തം അനുക​രി​ക്കു​ന്നത്‌ ഒരു വെല്ലു​വി​ളി ആണെന്നു കണ്ടെത്തുന്ന മാതാ​പി​താ​ക്കൾ ഉണ്ടെന്നു​ള്ളതു സത്യം​തന്നെ. ചിലർ പ്രകൃ​ത്യാ വികാ​രങ്ങൾ തുറന്നു പ്രകടി​പ്പി​ക്കു​ന്ന​വരല്ല. മാതാ​പി​താ​ക്കളേ, നിങ്ങളു​ടെ കുട്ടി​ക​ളോ​ടു നിങ്ങൾക്കു തോന്നുന്ന സ്‌നേഹം പ്രകടി​പ്പി​ക്കു​ന്ന​തിൽനി​ന്നു നിങ്ങളെ തടയാൻ അത്തരം പരിഗ​ണ​ന​കളെ അനുവ​ദി​ക്ക​രുത്‌! നിങ്ങൾ നിങ്ങളു​ടെ കുട്ടി​കളെ സ്‌നേ​ഹി​ക്കു​ന്നു​വെന്നു നിങ്ങൾ മാത്രം അറിഞ്ഞാൽ പോരാ. അവരും അത്‌ അറിയണം. സ്‌നേഹം പ്രകടി​പ്പി​ക്കാൻ നിങ്ങൾ വഴികൾ കണ്ടെത്തു​ന്നി​ല്ലെ​ങ്കിൽ അവർ അത്‌ അറിയു​ക​യില്ല.—മർക്കൊസ്‌ 1:11 താരത​മ്യം ചെയ്യുക.

6. (എ) മാതാ​പി​താ​ക്ക​ളു​ടെ നിയമങ്ങൾ കുട്ടി​കൾക്കാ​വ​ശ്യ​മാ​ണോ, നിങ്ങൾ അപ്രകാ​രം ഉത്തരം പറയു​ന്ന​തെ​ന്തു​കൊണ്ട്‌? (ബി) ഭവന നിയമ​ങ്ങ​ളു​ടെ ഏത്‌ അടിസ്ഥാന കാരണം കുട്ടികൾ ഗ്രഹി​ക്കേ​ണ്ട​തുണ്ട്‌? (സി) ഭവനത്തിൽ ക്രിസ്‌തു​വി​ന്റെ നിയമങ്ങൾ പ്രാബ​ല്യ​ത്തി​ലി​രി​ക്കു​മ്പോൾ ഏത്‌ അപകടങ്ങൾ ഒഴിവാ​ക്ക​പ്പെ​ടു​ന്നു?

6 അതേസ​മയം കുട്ടി​കൾക്കു മാർഗ​രേ​ഖകൾ ആവശ്യ​മാണ്‌, മാതാ​പി​താ​ക്കൾ നിയമങ്ങൾ വെക്കു​ക​യും ചില​പ്പോൾ ശിക്ഷണ​ത്തി​ലൂ​ടെ ഈ നിയമങ്ങൾ നടപ്പാ​ക്കു​ക​യും ചെയ്യേ​ണ്ട​തു​ണ്ടെന്ന്‌ അത്‌ അർഥമാ​ക്കു​ന്നു. (എബ്രായർ 12:7, 9, 11) എന്നാൽ ഈ നിയമ​ങ്ങ​ളു​ടെ അടിസ്ഥാന കാരണം, അവരുടെ മാതാ​പി​താ​ക്കൾ അവരെ സ്‌നേ​ഹി​ക്കു​ന്നു​വെ​ന്ന​താ​ണെന്നു മനസ്സി​ലാ​ക്കാൻ കുട്ടി​കളെ ക്രമാ​നു​ഗ​ത​മാ​യി സഹായി​ക്കണം. അവർ തങ്ങളുടെ മാതാ​പി​താ​ക്കളെ അനുസ​രി​ക്കേ​ണ്ട​തി​ന്റെ ഏറ്റവും മെച്ചമായ കാരണം സ്‌നേ​ഹ​മാ​ണെന്ന്‌ അവർ മനസ്സി​ലാ​ക്കണം. (എഫെസ്യർ 6:1; കൊ​ലൊ​സ്സ്യർ 3:20; 1 യോഹ​ന്നാൻ 5:3) ഉൾക്കാ​ഴ്‌ച​യുള്ള ഒരു മാതാ​വി​ന്റെ​യോ പിതാ​വി​ന്റെ​യോ ലക്ഷ്യം, കാല​ക്ര​മ​ത്തിൽ കുട്ടികൾ സ്വന്തമാ​യി നല്ല തീരു​മാ​നങ്ങൾ എടു​ക്കേ​ണ്ട​തി​നു തങ്ങളുടെ “ചിന്താ​പ്രാ​പ്‌തി” ഉപയോ​ഗി​ക്കാൻ അവരെ പഠിപ്പി​ക്കുക എന്നതാണ്‌. (റോമർ 12:1, NW; 1 കൊരി​ന്ത്യർ 13:11 താരത​മ്യം ചെയ്യുക.) മറുവ​ശത്ത്‌, നിയമങ്ങൾ കണക്കി​ല​ധി​ക​മോ ശിക്ഷണം വളരെ പരുഷ​മോ ആയിരി​ക്ക​രുത്‌. പൗലോസ്‌ പറയുന്നു: “പിതാ​ക്കൻമാ​രേ, നിങ്ങളു​ടെ മക്കൾ അധൈ​ര്യ​പ്പെ​ടാ​തി​രി​ക്കേ​ണ്ട​തി​ന്നു അവരെ കോപി​പ്പി​ക്ക​രു​തു.” (കൊ​ലൊ​സ്സ്യർ 3:21; എഫെസ്യർ 6:4) ഭവനത്തിൽ ക്രിസ്‌തു​വി​ന്റെ നിയമം പ്രാബ​ല്യ​ത്തി​ലി​രി​ക്കു​മ്പോൾ അനിയ​ന്ത്രിത കോപ​ത്തോ​ടെ​യോ വ്രണ​പ്പെ​ടു​ത്തുന്ന രീതി​യിൽ പരിഹ​സി​ക്കു​ന്ന​തി​നു​വേ​ണ്ടി​യോ നൽകുന്ന ശിക്ഷണ​ത്തി​നു സ്ഥാനമില്ല. അത്തര​മൊ​രു ഭവനത്തിൽ, കുട്ടി​കൾക്കു സുരക്ഷി​ത​ത്വ​വും പരിപു​ഷ്ടി​പ്പെ​ട​ലും അനുഭ​വ​പ്പെ​ടും, ഭാര​പ്പെ​ടു​ത്തു​ന്ന​താ​യോ നിന്ദി​ക്ക​പ്പെ​ടു​ന്ന​താ​യോ തോന്നു​ക​യില്ല.—സങ്കീർത്തനം 36:7 താരത​മ്യം ചെയ്യുക.

7. ഭവനത്തിൽ നിയമങ്ങൾ വെക്കുന്ന സംഗതി​യിൽ ബെഥേൽ ഭവനങ്ങൾ ഏതു വിധങ്ങ​ളി​ലാ​യി​രി​ക്കാം മാതൃ​ക​യാ​യി​രി​ക്കു​ന്നത്‌?

7 ലോക​ത്തെ​ങ്ങു​മുള്ള, ബെഥേൽ ഭവനങ്ങൾ സന്ദർശി​ച്ചി​ട്ടുള്ള ചിലർ, അവ ഒരു കുടും​ബ​ത്തി​നു വേണ്ടി​യുള്ള നിയമ​ങ്ങ​ളു​ടെ സംഗതി​യിൽ സമനി​ല​യു​ടെ നല്ല ദൃഷ്ടാ​ന്ത​ങ്ങ​ളാ​ണെന്നു പറയുന്നു. പ്രായ​പൂർത്തി​യാ​യവർ അടങ്ങി​യ​താ​ണെ​ങ്കി​ലും, അത്തരം സ്ഥാപനങ്ങൾ കൂടു​ത​ലാ​യും കുടും​ബ​ങ്ങ​ളെ​പ്പോ​ലെ പ്രവർത്തി​ക്കു​ന്നു. a ബെഥേൽ പ്രവർത്ത​നങ്ങൾ സങ്കീർണ​വും നല്ലൊ​രു​സം​ഖ്യ നിയമങ്ങൾ ആവശ്യ​മാ​ക്കു​ന്ന​തു​മാണ്‌—തീർച്ച​യാ​യും ഒരു ശരാശരി കുടും​ബ​ത്തി​നെ​ക്കാ​ള​ധി​കം. എന്നിരു​ന്നാ​ലും, ബെഥേൽ ഹോമു​ക​ളി​ലും ഓഫീ​സു​ക​ളി​ലും ഫാക്‌ട​റി​പ്ര​വർത്ത​ന​ങ്ങ​ളി​ലും നേതൃ​ത്വ​മെ​ടു​ക്കുന്ന മൂപ്പൻമാർ ക്രിസ്‌തു​വി​ന്റെ നിയമം ബാധക​മാ​ക്കാൻ പരി​ശ്ര​മി​ക്കു​ന്നു. ജോലി ക്രമീ​ക​രി​ക്കു​ക​യെ​ന്നതു മാത്രമല്ല, തങ്ങളുടെ സഹജോ​ലി​ക്കാർക്കി​ട​യിൽ ആത്മീയ പുരോ​ഗ​തി​യും “യഹോ​വ​യി​ങ്കലെ സന്തോഷ”വും ഉന്നമി​പ്പി​ക്കു​ക​യെ​ന്ന​തും തങ്ങളുടെ നിയമി​ത​ജോ​ലി​യാ​യി അവർ വീക്ഷി​ക്കു​ന്നു. (നെഹെ​മ്യാ​വു 8:10) അതു​കൊണ്ട്‌, ക്രിയാ​ത്മ​ക​വും പ്രോ​ത്സാ​ഹ​ജ​ന​ക​വു​മായ ഒരു വിധത്തിൽ കാര്യങ്ങൾ ചെയ്യാ​നും ന്യായ​യു​ക്ത​രാ​യി​രി​ക്കാ​നും അവർ യത്‌നി​ക്കു​ന്നു. (എഫെസ്യർ 4:31, 32) ബെഥേൽ കുടും​ബങ്ങൾ അവയുടെ സന്തുഷ്ട ആത്മാവി​നു പ്രസി​ദ്ധ​മാ​യി​രി​ക്കു​ന്ന​തിൽ യാതൊ​രു അതിശ​യ​വു​മില്ല!

സഭയിൽ

8. (എ) സഭയിൽ എല്ലായ്‌പോ​ഴും നമ്മുടെ ലക്ഷ്യം എന്തായി​രി​ക്കണം? (ബി) ചിലർ നിയമങ്ങൾ ആവശ്യ​പ്പെ​ടു​ക​യോ ഉണ്ടാക്കാൻ ശ്രമി​ക്കു​ക​യോ ചെയ്‌തി​ട്ടുള്ള ചില സാഹച​ര്യ​ങ്ങൾ ഏവ?

8 സമാന​മാ​യി സഭയി​ലും നമ്മുടെ ലക്ഷ്യം സ്‌നേ​ഹ​ത്തി​ന്റെ ആത്മാവിൽ പരസ്‌പരം കെട്ടു​പ​ണി​ചെ​യ്യുക എന്നതാണ്‌. (1 തെസ്സ​ലൊ​നീ​ക്യർ 5:11) അതു​കൊണ്ട്‌, വ്യക്തി​പ​ര​മായ തീരു​മാ​ന​ത്തി​ന്റെ സംഗതി​ക​ളിൽ തങ്ങളുടെ സ്വന്തം ആശയങ്ങൾ അടി​ച്ചേൽപ്പി​ക്കു​ന്നതു സ്വയം ഏറ്റെടു​ത്തു​കൊ​ണ്ടു മറ്റുള്ള​വ​രു​ടെ ഭാരങ്ങൾ കൂട്ടാ​തി​രി​ക്കാൻ എല്ലാ ക്രിസ്‌ത്യാ​നി​ക​ളും ശ്രദ്ധാ​ലു​ക്ക​ളാ​യി​രി​ക്കണം. ചില പ്രത്യേക ചലച്ചി​ത്ര​ങ്ങ​ളോ പുസ്‌ത​ക​ങ്ങ​ളോ കളിപ്പാ​ട്ടങ്ങൾ പോലു​മോ സംബന്ധിച്ച്‌ തങ്ങൾക്ക്‌ എന്തു വീക്ഷണം ഉണ്ടായി​രി​ക്കണം എന്നതു​പോ​ലുള്ള കാര്യ​ങ്ങ​ളിൽ തീർപ്പു​കൾ ആവശ്യ​പ്പെ​ട്ടു​കൊണ്ട്‌ ചില​പ്പോൾ ചിലർ വാച്ച്‌ ടവർ സൊ​സൈ​റ​റിക്ക്‌ എഴുതു​ന്നു. എന്നാൽ അത്തരം കാര്യ​ങ്ങളെ സൂക്ഷ്‌മ​മാ​യി പരി​ശോ​ധി​ക്കാ​നും അവ സംബന്ധി​ച്ചു വിധികൾ പുറ​പ്പെ​ടു​വി​ക്കാ​നും സൊ​സൈ​ററി അധികാ​ര​പ്പെ​ടു​ത്ത​പ്പെ​ട്ടി​ട്ടില്ല. മിക്ക കേസു​ക​ളി​ലും, ഓരോ വ്യക്തി അല്ലെങ്കിൽ കുടും​ബ​ത്ത​ലവൻ ബൈബിൾ തത്ത്വങ്ങ​ളോ​ടുള്ള തന്റെ സ്‌നേ​ഹ​ത്തി​ന്റെ അടിസ്ഥാ​ന​ത്തിൽ തീരു​മാ​നി​ക്കേണ്ട കാര്യ​ങ്ങ​ളാണ്‌ ഇവ. സൊ​സൈ​റ​റി​യു​ടെ നിർദേ​ശ​ങ്ങ​ളെ​യും മാർഗ​രേ​ഖ​ക​ളെ​യും നിയമ​ങ്ങ​ളാ​ക്കി​മാ​റ്റാൻ ചായ്‌വു​ള്ള​വ​രാ​ണു മറ്റുചി​ലർ. ഉദാഹ​ര​ണ​ത്തിന്‌, 1996 മാർച്ച്‌ 15 ലക്കം വീക്ഷാ​ഗോ​പു​ര​ത്തിൽ സഭാം​ഗ​ങ്ങൾക്കു ക്രമമായ ഇടയസ​ന്ദർശനം നടത്താൻ മൂപ്പൻമാ​രെ പ്രോ​ത്സാ​ഹി​പ്പി​ച്ചു​കൊ​ണ്ടുള്ള ഒരു ഉത്തമ ലേഖന​മു​ണ്ടാ​യി​രു​ന്നു. നിയമങ്ങൾ സ്ഥാപി​ക്കുക എന്നതാ​യി​രു​ന്നോ ഉദ്ദേശ്യം? അല്ല. നിർദേ​ശങ്ങൾ പിൻപ​റ്റാൻ പ്രാപ്‌ത​രായ മൂപ്പൻമാർ അനേകം പ്രയോ​ജ​നങ്ങൾ കണ്ടെത്തു​ന്നു​വെ​ങ്കി​ലും, ചില മൂപ്പൻമാർ അപ്രകാ​രം ചെയ്യാൻ പ്രാപ്‌തരല്ല. സമാന​മാ​യി, നിയ​ന്ത്ര​ണ​ര​ഹി​ത​മായ പാർട്ടി​കൾ, വിജയാ​ഘോ​ഷങ്ങൾ തുടങ്ങി​യവ നടത്തി​ക്കൊണ്ട്‌ അങ്ങേയറ്റം പോയി സ്‌നാ​പ​ന​വേ​ള​യു​ടെ മാന്യത കുറച്ചു​ക​ള​യു​ന്ന​തി​നെ​തി​രെ 1995 ഏപ്രിൽ 1 ലക്കം വീക്ഷാ​ഗോ​പു​ര​ത്തി​ലെ “വായന​ക്കാ​രിൽനി​ന്നുള്ള ചോദ്യ​ങ്ങൾ” എന്ന ലേഖനം മുന്നറി​യി​പ്പു നൽകി. ചിലർ ഈ പക്വത​യുള്ള ബുദ്ധ്യു​പ​ദേശം സംബന്ധിച്ച്‌ അതിരു​കടന്ന നിലപാ​ടെ​ടു​ത്തി​രി​ക്കു​ന്നു, ഈ അവസര​ത്തിൽ ഒരു പ്രോ​ത്സാ​ഹന കാർഡ്‌ അയയ്‌ക്കു​ന്നതു തെറ്റാ​യി​രി​ക്കും എന്നതു​പോ​ലുള്ള ഒരു നിയമം ഉണ്ടാക്കി​ക്കൊ​ണ്ടു​പോ​ലും!

9. പരസ്‌പരം അമിത​മാ​യി വിമർശി​ക്കു​ന്ന​വ​രോ വിധി​ക്കൽമ​നോ​ഭാ​വ​മു​ള്ള​വ​രോ ആയിരി​ക്കു​ന്നതു നാം ഒഴിവാ​ക്കു​ന്നതു പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

9 നമ്മുടെ ഇടയിൽ “സ്വാത​ന്ത്ര്യ​ത്തി​ന്റെ തികഞ്ഞ ന്യായ​പ്ര​മാ​ണം” നിലനിൽക്ക​ണ​മെ​ങ്കിൽ എല്ലാ ക്രിസ്‌തീയ മനസ്സാ​ക്ഷി​യും ഒരു​പോ​ലെ​യ​ല്ലെന്നു നാം സമ്മതി​ക്ക​ണ​മെ​ന്ന​തും പരിഗ​ണി​ക്കുക. (യാക്കോബ്‌ 1:25) തിരു​വെ​ഴു​ത്തു തത്ത്വങ്ങൾ ലംഘി​ക്കാത്ത വ്യക്തിഗത തീരു​മാ​നങ്ങൾ ആളുകൾക്ക്‌ ഉണ്ടെങ്കിൽ നാം ഒരു വിവാദം സൃഷ്ടി​ക്ക​ണ​മോ? വേണ്ട. അപ്രകാ​രം ചെയ്യു​ന്നത്‌ അനൈ​ക്യ​മു​ണ്ടാ​ക്കും. (1 കൊരി​ന്ത്യർ 1:10) ഒരു സഹക്രി​സ്‌ത്യാ​നി​യു​ടെ​മേൽ ന്യായ​വി​ധി ഉച്ചരി​ക്കു​ന്ന​തി​നെ​തി​രെ നമുക്കു മുന്നറി​യി​പ്പു നൽകി​യ​പ്പോൾ പൗലോസ്‌ പറഞ്ഞു: “അവൻ നില്‌ക്കു​ന്ന​തോ വീഴു​ന്ന​തോ സ്വന്തയ​ജ​മാ​ന​ന്ന​ത്രേ; അവൻ നില്‌ക്കും​താ​നും; അവനെ നില്‌ക്കു​മാ​റാ​ക്കു​വാൻ കർത്താ​വി​ന്നു കഴിയു​മ​ല്ലോ.” (റോമർ 14:4) വ്യക്തിഗത മനസ്സാ​ക്ഷി​ക്കു വിടേണ്ട കാര്യ​ങ്ങ​ളിൽ നാം ഓരോ​രു​ത്ത​നെ​തി​രെ സംസാ​രി​ക്കു​ന്നെ​ങ്കിൽ നാം ദൈവത്തെ അപ്രീ​തി​പ്പെ​ടു​ത്തു​ന്ന​തി​ന്റെ അപകട​ത്തി​ലാണ്‌.—യാക്കോബ്‌ 4:10-12.

10. സഭയ്‌ക്കു മേൽനോ​ട്ടം വഹിക്കാൻ നിയമി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​താര്‌, നാം അവരെ എങ്ങനെ പിന്തു​ണ​യ്‌ക്കണം?

10 ദൈവ​ത്തി​ന്റെ ആട്ടിൻകൂ​ട്ട​ത്തി​നു മേൽനോ​ട്ടം വഹിക്കാൻ മൂപ്പൻമാർ നിയമി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു​വെ​ന്ന​തും നമുക്ക്‌ ഓർമി​ക്കാം. (പ്രവൃ​ത്തി​കൾ 20:28) സഹായി​ക്കാൻ അവരുണ്ട്‌. ഉപദേ​ശ​ത്തി​നാ​യി അവരെ സമീപി​ക്കാൻ നമുക്കു സ്വാത​ന്ത്ര്യം തോന്നണം, എന്തെന്നാൽ അവർ ബൈബി​ളി​ന്റെ പഠിതാ​ക്ക​ളും വാച്ച്‌ ടവർ സൊ​സൈ​റ​റി​യു​ടെ സാഹി​ത്യ​ങ്ങ​ളിൽ ചർച്ച​ചെ​യ്‌തി​രി​ക്കു​ന്ന​തി​നോ​ടു പരിചി​ത​രു​മാണ്‌. തിരു​വെ​ഴു​ത്തു തത്ത്വങ്ങ​ളു​ടെ ലംഘന​ത്തി​ലേക്കു നയി​ച്ചേ​ക്കാ​വുന്ന നടത്ത മൂപ്പൻമാർ കാണു​മ്പോൾ അവർ ആവശ്യ​മായ ബുദ്ധ്യു​പ​ദേശം നിർഭയം നൽകുന്നു. (ഗലാത്യർ 6:1) തങ്ങളുടെ ഇടയിൽ നേതൃ​ത്വ​മെ​ടു​ക്കുന്ന ഈ പ്രിയ​പ്പെട്ട ഇടയൻമാ​രു​മാ​യി സഹകരി​ച്ചു​കൊ​ണ്ടു സഭാം​ഗങ്ങൾ ക്രിസ്‌തു​വി​ന്റെ നിയമം പിൻപ​റ്റു​ന്നു.—എബ്രായർ 13:7.

മൂപ്പൻമാർ ക്രിസ്‌തു​വി​ന്റെ നിയമം ബാധക​മാ​ക്കു​ന്നു

11. മൂപ്പൻമാർ സഭയിൽ ക്രിസ്‌തു​വി​ന്റെ നിയമം ബാധക​മാ​ക്കു​ന്ന​തെ​ങ്ങനെ?

11 സഭയിൽ ക്രിസ്‌തു​വി​ന്റെ നിയമം നിവർത്തി​ക്കാൻ മൂപ്പൻമാർ ആകാം​ക്ഷ​യു​ള്ള​വ​രാണ്‌. സുവാർത്ത പ്രസം​ഗി​ക്കു​ന്ന​തിൽ അവർ നേതൃ​ത്വ​മെ​ടു​ക്കു​ന്നു; ഹൃദയ​ങ്ങ​ളി​ലേക്ക്‌ ആണ്ടിറ​ങ്ങ​ത്ത​ക്ക​വണ്ണം ബൈബി​ളിൽനി​ന്നു പഠിപ്പി​ക്കു​ന്നു; സ്‌നേ​ഹ​മുള്ള, ആർദ്ര​ത​യുള്ള ഇടയൻമാ​രെന്ന നിലയിൽ “വിഷാ​ദ​മ​ഗ്ന​രായ ദേഹി​ക​ളോട്‌” സംസാ​രി​ക്കു​ന്നു. (1 തെസ്സ​ലൊ​നീ​ക്യർ 5:14, NW) ക്രൈ​സ്‌ത​വ​ലോ​ക​ത്തി​ലെ ഒട്ടേറെ മതങ്ങളിൽ നിലനിൽക്കുന്ന ക്രിസ്‌ത്യേ​തര മനോ​ഭാ​വ​ങ്ങളെ അവർ ഒഴിവാ​ക്കു​ന്നു. ഈ ലോകം അതി​വേഗം അധഃപ​തി​ക്കു​ന്നു​വെ​ന്നതു സത്യമാണ്‌. പൗലോ​സി​നെ​പ്പോ​ലെ, ആട്ടിൻകൂ​ട്ട​ത്തെ​പ്രതി മൂപ്പൻമാർ ഉത്‌ക​ണ്‌ഠ​പ്പെ​ട്ടേ​ക്കാം; എന്നാൽ അത്തരം ഉത്‌ക​ണ്‌ഠ​ക​ളോ​ടുള്ള ബന്ധത്തിൽ പ്രവർത്തി​ക്കു​മ്പോൾ അവർ സമനില പാലി​ക്കു​ന്നു.—2 കൊരി​ന്ത്യർ 11:28.

12. ഒരു ക്രിസ്‌ത്യാ​നി സഹായ​ത്തി​നാ​യി ഒരു മൂപ്പനെ സമീപി​ക്കു​മ്പോൾ മൂപ്പൻ എങ്ങനെ പ്രതി​ക​രി​ച്ചേ​ക്കാം?

12 ഉദാഹ​ര​ണ​ത്തിന്‌, നേരി​ട്ടുള്ള ഏതെങ്കി​ലും തിരു​വെ​ഴു​ത്തു പരാമർശം ഉൾപ്പെ​ടാത്ത അല്ലെങ്കിൽ വ്യത്യസ്‌ത ക്രിസ്‌തീയ തത്ത്വങ്ങളെ സമനി​ല​യിൽ നിർത്തേ​ണ്ട​താ​വ​ശ്യ​മുള്ള ഒരു പ്രധാ​ന​പ്പെട്ട കാര്യ​ത്തെ​ക്കു​റിച്ച്‌ ഒരു ക്രിസ്‌ത്യാ​നി മൂപ്പ​നോട്‌ ആലോചന ചോദി​ക്കാൻ ആഗ്രഹി​ച്ചേ​ക്കാം. ഉയർന്ന ശമ്പളമുള്ള, എന്നാൽ വർധിച്ച ഉത്തരവാ​ദി​ത്വ​മുള്ള ഒരു ഉദ്യോ​ഗ​ക്ക​യറ്റം ഒരുപക്ഷേ അദ്ദേഹ​ത്തി​നു വാഗ്‌ദാ​നം ചെയ്യ​പ്പെ​ട്ടി​രി​ക്കാം. അല്ലെങ്കിൽ ഒരു യുവ​ക്രി​സ്‌ത്യാ​നി​യു​ടെ അവിശ്വാ​സി​യായ പിതാവ്‌ തന്റെ പുത്ര​ന്റെ​മേൽ അവന്റെ ശുശ്രൂ​ഷയെ ബാധി​ച്ചേ​ക്കാ​വുന്ന ആവശ്യങ്ങൾ ഉന്നയി​ക്കു​ന്നു​ണ്ടാ​യി​രി​ക്കാം. അത്തരം സാഹച​ര്യ​ങ്ങ​ളിൽ ഒരു വ്യക്തി​പ​ര​മായ അഭി​പ്രാ​യം നൽകു​ന്ന​തിൽനി​ന്നു മൂപ്പൻമാർ മാറി​നിൽക്കു​ന്നു. പകരം, അദ്ദേഹം സാധ്യ​ത​യ​നു​സ​രി​ച്ചു ബൈബിൾ തുറന്ന്‌ പ്രസക്ത​മായ തത്ത്വങ്ങൾ സംബന്ധി​ച്ചു ന്യായ​വാ​ദം ചെയ്യാൻ ആ വ്യക്തിയെ സഹായി​ക്കും. വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ​യും മറ്റു പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളു​ടെ​യും പേജു​ക​ളിൽ പ്രസ്‌തുത സംഗതി സംബന്ധിച്ച്‌ “വിശ്വ​സ്‌ത​നും വിവേ​കി​യു​മായ അടിമ” എന്തു പറഞ്ഞി​രി​ക്കു​ന്നു​വെന്നു കണ്ടെത്താൻ, ലഭ്യ​മെ​ങ്കിൽ വീക്ഷാ​ഗോ​പുര പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളു​ടെ സൂചിക അദ്ദേഹം ഉപയോ​ഗി​ച്ചേ​ക്കാം. (മത്തായി 24:45, NW) അതിനു​ശേഷം ആ ക്രിസ്‌ത്യാ​നി, ജ്ഞാനപൂർവ​ക​മ​ല്ലെന്നു മൂപ്പനു തോന്നുന്ന ഒരു തീരു​മാ​നം എടുക്കു​ന്നെ​ങ്കിൽ എന്ത്‌? ബൈബിൾ തത്ത്വങ്ങ​ളെ​യോ നിയമ​ങ്ങ​ളെ​യോ ആ തീരു​മാ​നം നേരിട്ടു ലംഘി​ക്കു​ന്നി​ല്ലെ​ങ്കിൽ, “ഓരോ​രു​ത്തൻ താന്താന്റെ ചുമടു ചുമക്കു”മെന്ന്‌ അറിഞ്ഞു​കൊണ്ട്‌, അത്തര​മൊ​രു തീരു​മാ​ന​മെ​ടു​ക്കാ​നുള്ള വ്യക്തി​യു​ടെ അവകാശം മൂപ്പൻ തിരി​ച്ച​റി​യു​ന്നു​വെന്ന്‌ ആ ക്രിസ്‌ത്യാ​നി കണ്ടെത്തും. പക്ഷേ, “മനുഷ്യൻ വിതെ​ക്കു​ന്നതു തന്നേ കൊയ്യും” എന്ന്‌ ആ ക്രിസ്‌ത്യാ​നി ഓർമി​ക്കണം.—ഗലാത്യർ 6:5, 7.

13. ചോദ്യ​ങ്ങൾക്കു നേരി​ട്ടുള്ള ഉത്തരങ്ങ​ളോ തങ്ങളുടെ സ്വന്തം വീക്ഷണ​ങ്ങ​ളോ നൽകു​ന്ന​തി​നു പകരം, കാര്യങ്ങൾ സംബന്ധി​ച്ചു ന്യായ​വാ​ദം ചെയ്യാൻ മൂപ്പൻമാർ മറ്റുള്ള​വരെ സഹായി​ക്കു​ന്ന​തെ​ന്തു​കൊണ്ട്‌?

13 അനുഭ​വ​പ​രി​ച​യ​മുള്ള മൂപ്പൻ ഈ വിധത്തിൽ പ്രവർത്തി​ക്കു​ന്ന​തെ​ന്തു​കൊണ്ട്‌? ഏറ്റവും കുറഞ്ഞതു രണ്ടു കാരണ​ങ്ങ​ളാൽ. ഒന്നാമത്‌, താൻ അവരുടെ ‘വിശ്വാ​സ​ത്തിൻമേൽ കർത്തൃ​ത്വം’ ഉള്ളവൻ അല്ലെന്നു പൗലോസ്‌ ഒരു സഭയോ​ടു പറഞ്ഞു. (2 കൊരി​ന്ത്യർ 1:24) തിരു​വെ​ഴു​ത്തു​കൾ സംബന്ധി​ച്ചു ന്യായ​വാ​ദം ചെയ്യാ​നും കാര്യ​ജ്ഞാ​ന​ത്തോ​ടെ സ്വന്തം തീരു​മാ​നം എടുക്കാ​നും തന്റെ സഹോ​ദ​രനെ സഹായി​ക്കുന്ന മൂപ്പൻ പൗലോ​സി​ന്റെ മനോ​ഭാ​വം അനുക​രി​ക്കു​ന്നു. അദ്ദേഹം തന്റെ അധികാ​ര​ത്തി​നു പരിധി​കൾ ഉണ്ടെന്നു തിരി​ച്ച​റി​യു​ന്നു, തന്റെ അധികാ​ര​ത്തി​നു പരിധി​കൾ ഉണ്ടെന്നു യേശു തിരി​ച്ച​റി​ഞ്ഞ​തു​പോ​ലെ​തന്നെ. (ലൂക്കൊസ്‌ 12:13, 14; യൂദാ 9) അതേസ​മയം ആവശ്യമുള്ളിടത്തു മൂപ്പൻമാർ സഹായ​ക​മായ, ശക്തമായ തിരു​വെ​ഴു​ത്തു ബുദ്ധ്യു​പ​ദേശം മടികൂ​ടാ​തെ നൽകുന്നു. രണ്ടാമത്‌, അദ്ദേഹം തന്റെ സഹക്രി​സ്‌ത്യാ​നി​യെ പരിശീ​ലി​പ്പി​ക്കു​ക​യാണ്‌. അപ്പോ​സ്‌ത​ല​നായ പൗലോസ്‌ പറഞ്ഞു: “കട്ടിയാ​യുള്ള ആഹാരം നന്മതി​ന്മ​കളെ തിരി​ച്ച​റി​വാൻ തഴക്കത്താൽ അഭ്യസിച്ച ഇന്ദ്രി​യ​ങ്ങ​ളു​ള്ള​വ​രാ​യി പ്രായം തികഞ്ഞ​വർക്കേ [“പക്വത​യു​ള്ള​വർക്ക്‌,” NW] പററു​ക​യു​ള്ളു.” (എബ്രായർ 5:14) അതു​കൊണ്ട്‌, പക്വത​യി​ലേക്കു വളരു​ന്ന​തിന്‌, നാം നമ്മുടെ സ്വന്തം ഗ്രഹണ​പ്രാ​പ്‌തി​കളെ ഉപയോ​ഗി​ക്കേ​ണ്ട​തുണ്ട്‌, നമുക്ക്‌ ഉത്തരങ്ങൾ നൽകു​ന്ന​തിന്‌ എല്ലായ്‌പോ​ഴും മറ്റാരി​ലെ​ങ്കി​ലും ആശ്രയി​ക്കാ​തെ​തന്നെ. തിരു​വെ​ഴു​ത്തു​കൾ സംബന്ധിച്ച്‌ എങ്ങനെ ന്യായ​വാ​ദം ചെയ്യാ​മെന്നു തന്റെ സഹക്രി​സ്‌ത്യാ​നി​ക്കു കാണി​ച്ചു​കൊ​ടു​ക്കു​ന്ന​തി​നാൽ, പുരോ​ഗതി പ്രാപി​ക്കാൻ മൂപ്പൻ അദ്ദേഹത്തെ ഈ വിധത്തിൽ സഹായി​ക്കു​ക​യാണ്‌.

14. തങ്ങൾ യഹോ​വ​യിൽ ആശ്രയി​ക്കു​ന്നു​വെന്നു പക്വത​യുള്ള ക്രിസ്‌ത്യാ​നി​കൾക്ക്‌ എങ്ങനെ പ്രകട​മാ​ക്കാ​വു​ന്ന​താണ്‌?

14 സത്യാ​രാ​ധ​ക​രു​ടെ ഹൃദയ​ങ്ങളെ യഹോ​വ​യാം ദൈവം തന്റെ പരിശു​ദ്ധാ​ത്മാ​വു മുഖാ​ന്തരം സ്വാധീ​നി​ക്കു​മെ​ന്ന​തിൽ നമുക്കു വിശ്വാ​സം ഉണ്ടായി​രി​ക്കാ​വു​ന്ന​താണ്‌. അങ്ങനെ, അപ്പോ​സ്‌ത​ല​നായ പൗലോസ്‌ ചെയ്‌ത​തു​പോ​ലെ തങ്ങളുടെ സഹോ​ദ​രൻമാ​രോട്‌ അഭ്യർഥി​ച്ചു​കൊ​ണ്ടു പക്വത​യുള്ള ക്രിസ്‌ത്യാ​നി​കൾ അവരുടെ ഹൃദയ​ങ്ങളെ ആകർഷി​ക്കു​ന്നു. (2 കൊരി​ന്ത്യർ 8:8; 10:1; ഫിലേ​മോൻ 8, 9) ഉചിത​മാ​യി പെരു​മാ​റു​ന്ന​തി​നു വിശദ​മായ നിയമങ്ങൾ ആവശ്യ​മു​ള്ളതു പ്രധാ​ന​മാ​യും നീതി​മാൻമാർക്കല്ല, ദുഷ്ടൻമാർക്കാ​ണെന്നു പൗലോസ്‌ അറിഞ്ഞി​രു​ന്നു. (1 തിമൊ​ഥെ​യൊസ്‌ 1:8) സംശയ​വും അവിശ്വാ​സ​വു​മല്ല, മറിച്ച്‌ വിശ്വാ​സ​മാണ്‌ തന്റെ സഹോ​ദ​രൻമാ​രിൽ അവൻ പ്രകടി​പ്പി​ച്ചത്‌. ഒരു സഭയ്‌ക്ക്‌ അവൻ എഴുതി: ‘ഞങ്ങൾക്കു നിങ്ങ​ളെ​ക്കു​റി​ച്ചു കർത്താ​വിൽ ഉറപ്പുണ്ട്‌.’ (2 തെസ്സ​ലൊ​നീ​ക്യർ 3:4) പൗലോ​സി​ന്റെ വിശ്വാ​സം, ആശ്രയം, ഉറപ്പ്‌ എന്നിവ ആ ക്രിസ്‌ത്യാ​നി​കളെ പ്രചോ​ദി​പ്പി​ക്കു​ന്ന​തിൽ തീർച്ച​യാ​യും വളരെ​യ​ധി​കം പ്രയോ​ജ​ന​പ്പെട്ടു. മൂപ്പൻമാർക്കും സഞ്ചാര​മേൽവി​ചാ​ര​കൻമാർക്കും ഇന്നു സമാന​മായ ലക്ഷ്യങ്ങൾ ഉണ്ട്‌. ഈ വിശ്വസ്‌ത പുരു​ഷൻമാർ ദൈവ​ത്തി​ന്റെ ആട്ടിൻകൂ​ട്ടത്തെ സ്‌നേ​ഹ​പൂർവം മേയ്‌ക്കു​മ്പോൾ അവർ എത്ര നവോ​ന്മേ​ഷ​ദാ​യ​ക​രാണ്‌!—യെശയ്യാ​വു 32:1, 2; 1 പത്രൊസ്‌ 5:1-3.

ക്രിസ്‌തു​വി​ന്റെ നിയമ​പ്ര​കാ​രം ജീവിക്കൽ

15. നമ്മുടെ സഹോ​ദ​രൻമാ​രു​മാ​യുള്ള ബന്ധത്തിൽ നാം ക്രിസ്‌തു​വി​ന്റെ നിയമം ബാധക​മാ​ക്കു​ന്നു​ണ്ടോ എന്നറി​യാൻ നമുക്കു നമ്മോ​ടു​തന്നെ ചോദി​ക്കാൻ കഴിയുന്ന ചില ചോദ്യ​ങ്ങൾ ഏവ?

15 നാം ക്രിസ്‌തു​വി​ന്റെ നിയമ​പ്ര​കാ​രം ജീവി​ക്കു​ക​യും അതിനെ ഉന്നമി​പ്പി​ക്കു​ക​യും ചെയ്യു​ന്നു​വോ എന്നറി​യാൻ നാമെ​ല്ലാ​വ​രും നമ്മെത്തന്നെ പരി​ശോ​ധി​ക്കേണ്ട ആവശ്യ​മുണ്ട്‌. (2 കൊരി​ന്ത്യർ 13:5) ‘ഞാൻ പരിപു​ഷ്ടി​പ്പെ​ടു​ത്തു​ന്ന​വ​നാ​ണോ അതോ വിമർശ​ക​നാ​ണോ? ഞാൻ സമനി​ല​യു​ള്ള​വ​നാ​ണോ അതോ അതിരു​ക​ട​ന്നു​പോ​കു​ന്ന​വ​നാ​ണോ? ഞാൻ മറ്റുള്ള​വ​രോ​ടു പരിഗണന കാണി​ക്കു​ന്നു​വോ അതോ എന്റെ സ്വന്തം അവകാ​ശ​ങ്ങൾക്കാ​യി ശഠിക്കു​ന്നു​വോ?’ എന്നിങ്ങനെ ചോദി​ക്കു​ന്ന​തി​നാൽ വാസ്‌ത​വ​ത്തിൽ നമു​ക്കെ​ല്ലാ​വർക്കും പ്രയോ​ജ​ന​മ​നു​ഭ​വി​ക്കാൻ കഴിയും. ബൈബി​ളിൽ സ്‌പഷ്ട​മാ​യി ചർച്ച​ചെ​യ്യാത്ത കാര്യ​ങ്ങ​ളിൽ തന്റെ സഹോ​ദരൻ ഏതു നിലപാട്‌ എടുക്കണം അല്ലെങ്കിൽ എടുക്ക​രുത്‌ എന്ന്‌ ആജ്ഞാപി​ക്കാൻ ഒരു ക്രിസ്‌ത്യാ​നി ശ്രമി​ക്കു​ന്നില്ല.—റോമർ 12:1; 1 കൊരി​ന്ത്യർ 4:6.

16. ക്രിസ്‌തു​വി​ന്റെ നിയമ​ത്തി​ന്റെ മർമ​പ്ര​ധാ​ന​മായ ഒരു വശം നിവർത്തി​ച്ചു​കൊണ്ട്‌, തങ്ങളെ​ക്കു​റി​ച്ചു​തന്നെ നിഷേ​ധാ​ത്മക വീക്ഷണ​മു​ള്ള​വരെ നമു​ക്കെ​ങ്ങനെ സഹായി​ക്കാൻ കഴിയും?

16 ഈ നിർണാ​യക നാളു​ക​ളിൽ പരസ്‌പരം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നുള്ള വഴികൾ തേടു​ന്നതു നമ്മെ സംബന്ധി​ച്ചി​ട​ത്തോ​ളം പ്രധാ​ന​മാണ്‌. (എബ്രായർ 10:24, 25; മത്തായി 7:1-5 താരത​മ്യം ചെയ്യുക.) നാം നമ്മുടെ സഹോ​ദ​രീ​സ​ഹോ​ദ​രൻമാ​രെ നിരീ​ക്ഷി​ക്കു​മ്പോൾ, നമുക്ക്‌ അവരുടെ നല്ല ഗുണങ്ങൾ അവരുടെ ബലഹീ​ന​ത​ക​ളെ​ക്കാൾ വളരെ​ക്കൂ​ടു​തൽ പ്രാധാ​ന്യ​മു​ള്ള​തല്ലേ? ഓരോ​രു​ത്ത​രും യഹോ​വ​യ്‌ക്ക്‌ അമൂല്യ​രാണ്‌. ദുഃഖ​ക​ര​മെന്നു പറയട്ടെ, എല്ലാവ​രും ആ വിധത്തിൽ ചിന്തി​ക്കു​ന്നില്ല, തങ്ങളെ​ക്കു​റി​ച്ചു പോലും. അനേക​രും തങ്ങളുടെ ന്യൂന​ത​ക​ളും അപൂർണ​ത​ക​ളും മാത്രം കാണാൻ പ്രവണ​ത​യു​ള്ള​വ​രാണ്‌. അങ്ങനെ​യു​ള്ള​വ​രെ​യും മറ്റുള്ള​വ​രെ​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തിന്‌, അവരുടെ സാന്നി​ധ്യ​വും സഭയിൽ അവർ ചെയ്യുന്ന പ്രധാ​ന​പ്പെട്ട സംഭാ​വ​ന​യും നാം എന്തു​കൊ​ണ്ടു വിലമ​തി​ക്കു​ന്നു​വെന്ന്‌ അറിയാൻ അവരെ അനുവ​ദി​ച്ചു​കൊണ്ട്‌ ഓരോ യോഗ​ത്തി​ലും ഒന്നോ രണ്ടോ ആളുക​ളോ​ടു സംസാ​രി​ക്കാൻ നമുക്കു ശ്രമി​ക്കാൻ കഴിയു​മോ? ഇപ്രകാ​രം അവരുടെ ഭാരം ആയാസ​ര​ഹി​ത​മാ​ക്കു​ക​യും അതുവഴി ക്രിസ്‌തു​വി​ന്റെ നിയമം നിവർത്തി​ക്കു​ക​യും ചെയ്യു​ന്നത്‌ എന്തൊരു ആനന്ദമാണ്‌!—ഗലാത്യർ 6:2.

ക്രിസ്‌തു​വി​ന്റെ നിയമം പ്രവർത്ത​ന​ത്തിൽ!

17. നിങ്ങളു​ടെ സഭയിൽ ക്രിസ്‌തു​വി​ന്റെ നിയമം ഏതു വ്യത്യസ്‌ത വിധങ്ങ​ളിൽ പ്രവർത്ത​ന​ത്തി​ലാ​യി​രി​ക്കു​ന്നതു നിങ്ങൾ കാണുന്നു?

17 ക്രിസ്‌തീയ സഭയിൽ ക്രിസ്‌തു​വി​ന്റെ നിയമം പ്രവർത്ത​ന​ത്തി​ലാണ്‌. സഹസാ​ക്ഷി​കൾ ഉത്സാഹ​പൂർവം സുവാർത്ത പങ്കു​വെ​ക്കു​മ്പോൾ, അവർ പരസ്‌പരം ആശ്വസി​പ്പി​ക്കു​ക​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെയ്യു​മ്പോൾ, ഏറ്റവും പ്രയാ​സ​ക​ര​മായ പ്രശ്‌നങ്ങൾ ഗണ്യമാ​ക്കാ​തെ യഹോ​വയെ സേവി​ക്കാൻ തീവ്ര​യ​ത്‌നം നടത്തു​മ്പോൾ, സന്തുഷ്ട ഹൃദയ​ത്തോ​ടെ യഹോ​വയെ സ്‌നേ​ഹി​ക്കാൻ തങ്ങളുടെ കുട്ടി​കളെ വളർത്തു​ന്ന​തി​നാ​യി മാതാ​പി​താ​ക്കൾ പരി​ശ്ര​മി​ക്കു​മ്പോൾ, യഹോ​വയെ എന്നേക്കും സേവി​ക്കാ​നുള്ള ഒരു ജ്വലി​ക്കുന്ന തീക്ഷ്‌ണത ഉണ്ടായി​രി​ക്കാൻ ആട്ടിൻകൂ​ട്ടത്തെ പ്രചോ​ദി​പ്പി​ച്ചു​കൊണ്ട്‌ സ്‌നേ​ഹ​ത്തോ​ടും ഊഷ്‌മ​ള​ത​യോ​ടും കൂടെ മേൽവി​ചാ​ര​കൻമാർ ദൈവ​വ​ചനം പഠിപ്പി​ക്കു​മ്പോൾ, നാം അത്‌ അനുദി​നം കാണുന്നു. (മത്തായി 28:19, 20; 1 തെസ്സ​ലൊ​നീ​ക്യർ 5:11, 14) വ്യക്തി​ക​ളെന്ന നിലയിൽ നമ്മുടെ സ്വന്തം ജീവി​ത​ത്തിൽ നാം ക്രിസ്‌തു​വി​ന്റെ നിയമം പ്രാവർത്തി​ക​മാ​ക്കു​മ്പോൾ യഹോ​വ​യു​ടെ ഹൃദയം എത്ര സന്തോ​ഷി​ക്കു​ന്നു! (സദൃശ​വാ​ക്യ​ങ്ങൾ 23:15) അവന്റെ പൂർണ​ത​യുള്ള നിയമത്തെ സ്‌നേ​ഹി​ക്കുന്ന എല്ലാവ​രും എന്നേക്കും ജീവി​ക്കാൻ അവൻ ആഗ്രഹി​ക്കു​ന്നു. ആഗതമാ​കുന്ന പറുദീ​സ​യിൽ, മനുഷ്യ​വർഗം പൂർണ​രാ​യി​രി​ക്കുന്ന, നിയമ​ലം​ഘകർ ഇല്ലാത്ത, നമ്മുടെ ഹൃദയ​ത്തി​ന്റെ എല്ലാ ചായ്‌വും നിയ​ന്ത്ര​ണാ​ധീ​ന​മാ​യി​രി​ക്കുന്ന ഒരു സമയം നാം കാണും. ക്രിസ്‌തു​വി​ന്റെ നിയമ​പ്ര​കാ​രം ജീവി​ക്കു​ന്ന​തിന്‌ എന്തൊരു മഹത്തായ പ്രതി​ഫലം!

[അടിക്കു​റിപ്പ]

a അത്തരം ഭവനങ്ങൾ ക്രൈ​സ്‌ത​വ​ലോ​ക​ത്തി​ലെ സന്ന്യാ​സാ​ശ്ര​മങ്ങൾ പോ​ലെയല്ല. ആ അർഥത്തിൽ അവിടെ “മഠാധി​പന്മാ”രോ “പിതാ​ക്കന്മാ”രോ ഇല്ല. (മത്തായി 23:9) ഉത്തരവാ​ദി​ത്വ​മുള്ള സഹോ​ദ​രൻമാർ ബഹുമാ​നി​ക്ക​പ്പെ​ടു​ന്നു, എന്നാൽ അവരുടെ സേവനം മറ്റെല്ലാ മൂപ്പൻമാ​രെ​യും ഭരിക്കുന്ന അതേ തത്ത്വങ്ങ​ളാൽ നയിക്ക​പ്പെ​ടു​ന്നു.

നിങ്ങൾ എന്തു വിചാ​രി​ക്കു​ന്നു?

◻ ക്രൈ​സ്‌ത​വ​ലോ​കം ക്രിസ്‌തു​വി​ന്റെ നിയമ​ത്തി​ന്റെ അർഥം നഷ്ടപ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

◻ ക്രിസ്‌തു​വി​ന്റെ നിയമം നമുക്കു കുടും​ബ​ത്തിൽ ബാധക​മാ​ക്കാ​വു​ന്ന​തെ​ങ്ങനെ?

◻ സഭയിൽ ക്രിസ്‌തു​വി​ന്റെ നിയമം ബാധക​മാ​ക്കു​ന്ന​തി​നു നാം എന്ത്‌ ഒഴിവാ​ക്കണം, എന്തു ചെയ്യണം?

◻ സഭയു​മാ​യുള്ള തങ്ങളുടെ ഇടപെ​ട​ലു​ക​ളിൽ മൂപ്പൻമാർക്കു ക്രിസ്‌തു​വി​ന്റെ നിയമം എങ്ങനെ അനുസ​രി​ക്കാ​വു​ന്ന​താണ്‌?

[അധ്യയന ചോദ്യ​ങ്ങൾ]

[23-ാം പേജിലെ ചിത്രം]

നിങ്ങളുടെ കുട്ടിക്കു സ്‌നേ​ഹ​ത്തി​ന്റെ വലിയ ആവശ്യ​മുണ്ട്‌

[24-ാം പേജിലെ ചിത്രം]

നമ്മുടെ സ്‌നേ​ഹ​മുള്ള ഇടയൻമാർ എത്ര നവോ​ന്മേ​ഷ​ദാ​യ​ക​രാണ്‌!