ബൈബിൾ വിധിയിലുള്ള വിശ്വാസം പഠിപ്പിക്കുന്നുവോ?
ബൈബിൾ വിധിയിലുള്ള വിശ്വാസം പഠിപ്പിക്കുന്നുവോ?
അപവാദം! ഏഷണി! ഒരു വ്യാജ റിപ്പോർട്ടു നിമിത്തം തന്റെ പേരിനോ പ്രശസ്തിക്കോ കോട്ടംതട്ടിയതായി സമുദായത്തിലെ ഒരു ആദരണീയ വ്യക്തി വിശ്വസിക്കുമ്പോൾ കാര്യാദികൾ നേരെയാക്കാൻ അദ്ദേഹം നിർബന്ധിതനായിത്തീരുന്നു. അപവാദത്തിന് ഉത്തരവാദികളായവർക്കെതിരെ അദ്ദേഹം നിയമനടപടിപോലും സ്വീകരിച്ചെന്നുവരാം.
കൊള്ളാം, വിധിവിശ്വാസം വാസ്തവത്തിൽ സർവശക്തനായ ദൈവത്തിനെതിരെയുള്ള ഏഷണിയാണ്. മനുഷ്യവർഗത്തെ ദുരിതത്തിലാഴ്ത്തുന്ന സകല ദുരന്തങ്ങൾക്കും ആപത്തുകൾക്കും വ്യക്തിപരമായി ദൈവമാണു കാരണക്കാരൻ എന്ന് ആ സിദ്ധാന്തം അവകാശപ്പെടുന്നു. വിധിയിൽ വിശ്വസിക്കുന്നപക്ഷം, സാർവത്രിക പരമാധികാരി ഏതാണ്ടു പിൻവരുന്ന വിധത്തിൽ വായിക്കപ്പെടുന്ന ഒരു അജൻഡ തയ്യാറാക്കിയിരിക്കുന്നതായി നിങ്ങൾക്കു വിഭാവന ചെയ്യാവുന്നതാണ്: ‘ഇന്ന്, ഒരു കാറപകടത്തിൽ ജോണിനു പരിക്കേൽക്കും, ഫാട്ടൂവിനു മലമ്പനി പിടിപെടും, മാമാഡൂവിന്റെ വീട് ഒരു കൊടുങ്കാറ്റിൽ നശിപ്പിക്കപ്പെടും’! അത്തരമൊരു ദൈവത്തെ സേവിക്കാൻ നിങ്ങൾ പ്രേരിതനാകുമോ?
‘എന്നാൽ നമ്മുടെ അത്യാഹിതങ്ങൾക്കു ദൈവമല്ല ഉത്തരവാദിയെങ്കിൽ, പിന്നെയാരാണ്?’ എന്നു വിധിയിൽ വിശ്വസിക്കുന്നവർ ചോദിക്കുന്നു. മുൻ ലേഖനത്തിൽ പരാമർശിച്ച ഊസ്മാൻ എന്ന യുവാവുതന്നെയും ഇതിനെക്കുറിച്ചു ജിജ്ഞാസുവായി. എന്നാൽ സത്യം കണ്ടെത്താൻ അവൻ ഊഹാപോഹമോ അനുമാനമോ നടത്തേണ്ടതില്ലായിരുന്നു. ദൈവം തന്റെ നിശ്വസ്ത വചനമായ ബൈബിളിൽ കാണപ്പെടുന്ന പഠിപ്പിക്കലുകൾ മുഖേന ഈ ഏഷണിയിൽനിന്നു വിമുക്തനായിരിക്കുന്നുവെന്ന് അവൻ മനസ്സിലാക്കി. (2 തിമൊഥെയൊസ് 3:16) അപ്പോൾ, ഈ വിഷയത്തെക്കുറിച്ചു ബൈബിൾ പറയുന്നതെന്താണെന്നു നമുക്കു പരിചിന്തിക്കാം.
ആരാണു കുറ്റക്കാരൻ?
പ്രളയങ്ങൾ, കൊടുങ്കാറ്റുകൾ, ഭൂകമ്പങ്ങൾ—അത്തരം മഹാവിപത്തുകളെ മിക്കപ്പോഴും ദൈവത്തിന്റെ പ്രവൃത്തികളെന്നു വിളിക്കുന്നു. എന്നാൽ, ദൈവമാണ് അത്തരം വിപത്തുകൾ വരുത്തുന്നതെന്നു ബൈബിൾ സൂചിപ്പിക്കുന്നില്ല. നൂറ്റാണ്ടുകൾക്കു മുമ്പു മധ്യപൂർവദേശത്തു നടന്ന ഒരു ദാരുണസംഭവത്തെക്കുറിച്ചു പരിചിന്തിക്കുക. ആ വിപത്തിന്റെ ഏക അതിജീവകൻ ഇങ്ങനെ റിപ്പോർട്ടു ചെയ്തതായി ബൈബിൾ നമ്മോടു പറയുന്നു: “ദൈവത്തിന്റെ തീ [മിക്കപ്പോഴും മിന്നൽ എന്ന് അർഥമുള്ള എബ്രായ പദപ്രയോഗം] ആകാശത്തുനിന്നു വീണു കത്തി, ആടുകളും വേലക്കാരും അതിന്നു ഇരയായ്പോയി.”—ഇയ്യോബ് 1:16.
തീ വീഴാൻ കാരണക്കാരൻ ദൈവമാണെന്നു ചകിതനായ ഈ മനുഷ്യൻ വിചാരിച്ചുവെന്നതു സ്പഷ്ടമാണെങ്കിലും അതിന് ഉത്തരവാദി ദൈവമല്ലായിരുന്നുവെന്നു ബൈബിൾ പ്രകടമാക്കുന്നു. ഇയ്യോബ് 1:7-12 നിങ്ങൾതന്നെ വായിക്കുക. മിന്നൽ വരുത്തിയതു ദൈവമായിരുന്നില്ല മറിച്ച്, അവന്റെ പ്രതിയോഗിയായ പിശാചായ സാത്താനായിരുന്നുവെന്നു നിങ്ങൾ മനസ്സിലാക്കും! എല്ലാ കെടുതികളും സാത്താന്റെ നേരിട്ടുള്ള പ്രവർത്തനമാണെന്നല്ല. എന്നാൽ വ്യക്തമായും, ദൈവത്തെ കുറ്റപ്പെടുത്തുന്നതിനു യാതൊരു കാരണവുമില്ല.
വാസ്തവത്തിൽ, കാര്യങ്ങൾ പിശകുമ്പോൾ മിക്കപ്പോഴും ആളുകളെയാണു കുറ്റപ്പെടുത്തേണ്ടത്. സ്കൂളിലോ ജോലിസ്ഥലത്തോ സാമൂഹിക ബന്ധങ്ങളിലോ പരാജയങ്ങൾ സംഭവിക്കുന്നതു ശ്രമത്തിന്റെയും നല്ല പരിശീലനത്തിന്റെയും കുറവുമൂലമായിരിക്കാം. അല്ലെങ്കിൽ ഒരുപക്ഷേ, മറ്റുള്ളവരോടുള്ള പരിഗണനയുടെ കുറവുമൂലമാകാം. സമാനമായി, രോഗങ്ങൾ, അപകടങ്ങൾ, മരണങ്ങൾ എന്നിവ അനാസ്ഥയുടെ ഫലമായിരുന്നേക്കാം. എന്തിന്, കാർ ഓടിക്കുമ്പോൾ സീറ്റ് ബെൽറ്റ് ഇടുന്നതുപോലും ഒരുവൻ കാർ അപകടത്തിൽ കൊല്ലപ്പെടുന്നതിനുള്ള സാധ്യതകൾ വലിയ തോതിൽ കുറയ്ക്കുന്നു. മാറ്റംവരുത്താനാവാത്ത “വിധി”യാണു കാര്യങ്ങളെ നിയന്ത്രിക്കുന്നതെങ്കിൽ സീറ്റ് ബെൽറ്റ് ഇടുന്നതുകൊണ്ടു യാതൊരു നേട്ടവുമില്ല. ഉചിതമായ വൈദ്യ സംരക്ഷണവും ശുചീകരണവും അകാലമരണങ്ങളുടെ എണ്ണത്തിൽ ശ്രദ്ധേയമായ കുറവു വരുത്തുന്നു. “ദൈവത്തിന്റെ പ്രവൃത്തികൾ” എന്നു പൊതുവേ മുദ്രയടിക്കപ്പെടുന്ന ചില വിപത്തുകൾപോലും വാസ്തവത്തിൽ മനുഷ്യന്റെ പ്രവൃത്തിയാണ്—ഭൂമിയെ തെറ്റായി കൈകാര്യം ചെയ്യുന്നതിന്റെ ശോചനീയ പരിണതഫലം.—വെളിപ്പാടു 11:18 താരതമ്യം ചെയ്യുക.
“കാലവും മുൻകൂട്ടിക്കാണാത്ത സംഭവങ്ങളും”
കാരണങ്ങൾ വ്യക്തമല്ലാത്ത ദുഃഖകരമായ ഒട്ടേറെ സംഭവങ്ങളുണ്ടെന്നതു ശരിതന്നെ. എന്നാൽ സഭാപ്രസംഗി 9:11-ൽ [NW] ബൈബിൾ പറയുന്നതെന്താണെന്നു ശ്രദ്ധിക്കൂ: “പിന്നെ സൂര്യനു കീഴെ, വേഗതയുള്ളവർ ഓട്ടത്തിലോ വീരൻമാർ യുദ്ധത്തിലോ നേടുന്നില്ലെന്നും ജ്ഞാനികൾക്ക് ആഹാരമോ വിവേകികൾക്കു സമ്പത്തോ പരിജ്ഞാനികൾക്കു പ്രീതിയോ ലഭിക്കുന്നില്ലെന്നും കാണാൻ ഞാൻ തിരികെച്ചെന്നു. കാരണം കാലവും മുൻകൂട്ടിക്കാണാത്ത സംഭവങ്ങളും അവർക്കെല്ലാം നേരിടുന്നു.” അതുകൊണ്ട്, അപകടങ്ങൾക്കു കാരണം സ്രഷ്ടാവാണെന്നോ അപകടങ്ങൾക്കിരയായവർ ഏതെങ്കിലും വിധത്തിൽ ശിക്ഷിക്കപ്പെടുകയാണെന്നോ വിശ്വസിക്കുന്നതിനു യാതൊരു കാരണവുമില്ല.
വിധിവിശ്വാസാധിഷ്ഠിത ന്യായവാദത്തിനെതിരെ യേശുക്രിസ്തുതന്നെയും വാദിക്കുകയുണ്ടായി. തന്റെ ശ്രോതാക്കൾക്കു സുപരിചിതമായിരുന്ന ഒരു ദുരന്തത്തെ പരാമർശിച്ചുകൊണ്ട് യേശു ഇങ്ങനെ ചോദിച്ചു: “ശീലോഹാമിലെ ഗോപുരം വീണു മരിച്ചുപോയ ആ പതിനെട്ടുപേർ യെരൂശലേമിൽ പാർക്കുന്ന സകല മനുഷ്യരിലും കുററക്കാർ ആയിരുന്നു എന്നു തോന്നുന്നുവോ? അല്ലല്ല.” (ലൂക്കൊസ് 13:4, 5) ദൈവത്തിന്റെ ഇടപെടൽ നിമിത്തമല്ല. മറിച്ച്, “കാലവും മുൻകൂട്ടിക്കാണാത്ത സംഭവങ്ങളും” നിമിത്തമാണ് ആ വിപത്തു സംഭവിച്ചതെന്ന് യേശു വ്യക്തമാക്കി.
അപൂർണതയുടെ കെടുതികൾ
എങ്കിലും, കാരണം വിശദമല്ലാത്ത മരണങ്ങളും രോഗങ്ങളും സംബന്ധിച്ചെന്ത്? മനുഷ്യാവസ്ഥയെക്കുറിച്ചു ബൈബിൾ ഇങ്ങനെ തുറന്നുപറയുന്നു: ‘ആദാമിൽ എല്ലാവരും മരിക്കുന്നു.’ (1 കൊരിന്ത്യർ 15:22) നമ്മുടെ പൂർവപിതാവായ ആദാം അനുസരണക്കേടിന്റെ പാതയിലൂടെ ചുവടുവെച്ചതുമുതൽ മരണം മനുഷ്യവർഗത്തെ ബാധിച്ചിരിക്കുന്നു. ദൈവം മുന്നറിയിപ്പു നൽകിയിരുന്നതുപോലെതന്നെ ആദാം തന്റെ സന്തതികൾക്കു മരണം ഒസ്യത്തായി നൽകി. (ഉല്പത്തി 2:17; റോമർ 5:12) അപ്പോൾ, ആത്യന്തികമായി സകല രോഗങ്ങളുടെയും വേരുതേടിപ്പോയാൽ അതു നമ്മുടെ പൊതു പൂർവികനായ ആദാമിന്റെ പക്കൽ എത്തും. നാം ജീവിതത്തിൽ അനുഭവിക്കുന്ന നിരാശകൾക്കും പരാജയങ്ങൾക്കും കാരണം ഏറിയപങ്കും നമ്മുടെ അവകാശപ്പെടുത്തിയ ബലഹീനതകളാണ്.—സങ്കീർത്തനം 51:5.
ദാരിദ്ര്യം എന്ന പ്രശ്നമെടുക്കുക. വിധിയിലുള്ള വിശ്വാസം ദാരിദ്ര്യമനുഭവിക്കുന്നവരെ മിക്കപ്പോഴും തങ്ങളുടെ ദുഷ്കരമായ ജീവിതത്തിൽ ഒതുങ്ങിക്കൂടാൻ പ്രോത്സാഹിപ്പിച്ചിരിക്കുന്നു. ‘ഇതു ഞങ്ങളുടെ വിധിയാണ്,’ അവർ വിശ്വസിക്കുന്നു. എന്നാൽ വിധിയെയല്ല, മനുഷ്യ അപൂർണതയെയാണു കുറ്റപ്പെടുത്തേണ്ടതെന്നു ബൈബിൾ പ്രകടമാക്കുന്നു. മടിയോ വിഭവങ്ങൾ തെറ്റായ രീതിയിൽ കൈകാര്യം ചെയ്യുന്നതോ നിമിത്തം “വിതെക്കുന്നതു തന്നേ കൊയ്യു”ന്നതിലൂടെ ചിലർ ദരിദ്രരായിത്തീരുന്നു. (ഗലാത്യർ 6:7; സദൃശവാക്യങ്ങൾ 6:10, 11) അധികാരത്തിലിരിക്കുന്ന അത്യാഗ്രഹികളായ പുരുഷന്മാർക്ക് ഇരയായിരിക്കുന്നതു നിമിത്തം അസംഖ്യം കോടികൾ ദാരിദ്ര്യത്തിൽ കഴിയുന്നു. (യാക്കോബ് 2:6 താരതമ്യം ചെയ്യുക.) “മനുഷ്യന്നു മനുഷ്യന്റെമേൽ അവന്റെ ദോഷത്തിന്നായി അധികാരമുള്ള”തു സംബന്ധിച്ചു ബൈബിൾ പറയുന്നു. (സഭാപ്രസംഗി 8:9) ദാരിദ്ര്യമെല്ലാം ദൈവമോ വിധിയോ നിമിത്തമാണെന്നു പറയാൻ യാതൊരു തെളിവും നിലവിലില്ല.
വിധിയിലുള്ള വിശ്വാസം—അതിന്റെ ഹാനികരമായ ഫലങ്ങൾ
വിധിവിശ്വാസത്തിന് അതിന്റെ വിശ്വാസികളിൽ ഉളവാക്കാവുന്ന ഫലങ്ങളാണു വിധിയിലുള്ള വിശ്വാസത്തിനെതിരെയുള്ള പ്രേരണാത്മകമായ മറ്റൊരു വാദം. “നല്ല വൃക്ഷം ഒക്കെയും നല്ല ഫലം കായ്ക്കുന്നു; ആകാത്ത വൃക്ഷമോ ആകാത്ത ഫലം കായ്ക്കുന്നു” എന്ന് യേശുക്രിസ്തു പറഞ്ഞു. (മത്തായി 7:17) വിധിവിശ്വാസത്തിന്റെ ഒരു “ഫല”ത്തെക്കുറിച്ച്—അത് ആളുകളുടെ ഉത്തരവാദിത്വബോധത്തെ ബാധിക്കുന്ന വിധത്തെക്കുറിച്ച്—നമുക്കു പരിചിന്തിക്കാം.
ആരോഗ്യാവഹമായ ഒരു വ്യക്തിഗത ഉത്തരവാദിത്വബോധം പ്രധാനമാണ്. അതു മാതാപിതാക്കളെ തങ്ങളുടെ കുടുംബങ്ങൾക്കുവേണ്ടി കരുതുവാനും ജോലിക്കാരെ മനസ്സാക്ഷിപൂർവം തങ്ങളുടെ വേല നിർവഹിക്കുവാനും ഉത്പാദകരെ ഗുണമേന്മയുള്ള ഉത്പന്നമുണ്ടാക്കുവാനും പ്രേരിപ്പിക്കുന്ന കാര്യങ്ങളിൽ ഒന്നാണ്. വിധിയിലുള്ള വിശ്വാസം ആ ബോധത്തെ മരവിപ്പിച്ചേക്കാം. ഉദാഹരണത്തിന് ഒരു വ്യക്തിയുടെ കാറിന്റെ സ്റ്റിയറിങ്ങിന് ഒരു തകരാറുണ്ടെന്നിരിക്കട്ടെ. അയാൾക്കു സൂക്ഷ്മമായ ഉത്തരവാദിത്വബോധമുണ്ടെങ്കിൽ തന്റെയും സഹയാത്രക്കാരുടെയും ജീവനെപ്രതി അയാൾ അതിന്റെ കേടുപാടു പോക്കുന്നു. നേരേമറിച്ച്, വിധിയിൽ വിശ്വസിക്കുന്ന ഒരുവൻ, ‘ദൈവഹിത’മാണെങ്കിൽ മാത്രമേ തകരാറു ഭവിക്കുകയുള്ളു എന്നു ന്യായവാദം ചെയ്തുകൊണ്ട് അപകടസാധ്യതയെ അവഗണിച്ചേക്കാം!
അതേ, വിധിയിലുള്ള വിശ്വാസം അശ്രദ്ധ, മടി, ഒരുവന്റെ പ്രവൃത്തിക്കുള്ള ഉത്തരവാദിത്വമേറ്റെടുക്കാൻ പരാജയപ്പെടൽ എന്നിവയും മറ്റനവധി നിഷേധാത്മക സ്വഭാവങ്ങളും അനായാസം വളർത്തിയേക്കാം.
ദൈവവുമായുള്ള നമ്മുടെ ബന്ധത്തിനു പ്രതിബന്ധമോ?
എല്ലാറ്റിലും ദ്രോഹകരമായി, വിധിയിലുള്ള വിശ്വാസത്തിനു ദൈവത്തോടുള്ള ഒരുവന്റെ ഉത്തരവാദിത്വബോധത്തെ അല്ലെങ്കിൽ ചുമതലാബോധത്തെ ഇല്ലായ്മ ചെയ്യാൻ കഴിയും. (സഭാപ്രസംഗി 12:13) “യഹോവ നല്ലവനെന്നു രുചിച്ചറിവിൻ” എന്നു സങ്കീർത്തനക്കാരൻ മുഴു മനുഷ്യവർഗത്തെയും ഉദ്ബോധിപ്പിക്കുന്നു. (സങ്കീർത്തനം 34:8) തന്റെ നന്മ ആസ്വദിക്കേണ്ടവർക്കു ദൈവം ചില നിബന്ധനകൾ വെക്കുന്നു.—സങ്കീർത്തനം 15:1-5.
അത്തരമൊരു നിബന്ധനയാണ് അനുതാപം. (പ്രവൃത്തികൾ 3:19; 17:30) നമ്മുടെ തെറ്റുകൾ സമ്മതിക്കുന്നതും ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നതും അതിൽ ഉൾപ്പെടുന്നു. അപൂർണമനുഷ്യർ എന്നനിലയിൽ നമുക്കെല്ലാം അനുതാപം ആവശ്യമുള്ള നിരവധി കാര്യങ്ങളുണ്ട്. എന്നാൽ താൻ വിധിയുടെ നിസ്സഹായ ഇരയാണെന്ന് ഒരു വ്യക്തി വിശ്വസിക്കുന്നപക്ഷം അനുതപിക്കേണ്ടതിന്റെ ആവശ്യമുള്ളതായി തോന്നുന്നതോ തന്റെ തെറ്റുകൾക്ക് ഉത്തരവാദിത്വമേറ്റെടുക്കുന്നതോ അയാൾക്കു ദുഷ്കരമാണ്.
“നിന്റെ ദയ ജീവനെക്കാൾ നല്ലതാകുന്നു” എന്നു സങ്കീർത്തനക്കാരൻ ദൈവത്തെക്കുറിച്ചു പറഞ്ഞു. (സങ്കീർത്തനം 63:3) എന്നാൽ, ദൈവമാണു തങ്ങളുടെ കഷ്ടപ്പാടുകൾക്കു കാരണമെന്നു വിധിയിലുള്ള വിശ്വാസം ജനകോടികളെ ബോധ്യപ്പെടുത്തിയിരിക്കുന്നു. സ്വാഭാവികമായും, അനേകർക്കും ദൈവത്തോടു നീരസം തോന്നുന്നതിനും സ്രഷ്ടാവുമായി യഥാർഥത്തിൽ ഒരു ഉറ്റ ബന്ധം ഉണ്ടായിരിക്കാനുള്ള അവസരം കളഞ്ഞുകുളിക്കുന്നതിനും അത് ഇടയാക്കിയിരിക്കുന്നു. എന്താണെങ്കിലും, നിങ്ങളുടെ സകല പ്രശ്നങ്ങൾക്കും പീഡനങ്ങൾക്കും കാരണക്കാരനെന്നു നിങ്ങൾ കരുതുന്ന ഒരുവനോടു നിങ്ങൾക്കെങ്ങനെ സ്നേഹം തോന്നാനാണ്? അങ്ങനെ, വിധിവിശ്വാസം ദൈവത്തിനും മനുഷ്യനുമിടയിൽ ഒരു പ്രതിബന്ധം സൃഷ്ടിക്കുന്നു.
വിധിയുടെ കരാളഹസ്തങ്ങളിൽനിന്നു വിടുവിക്കപ്പെട്ടു
തുടക്കത്തിൽ സൂചിപ്പിച്ച ഊസ്മാൻ ഒരിക്കൽ വിധിവിശ്വാസത്തിന് അടിമയായിരുന്നു. എന്നാൽ, ബൈബിളിന്റെ വെളിച്ചത്തിൽ ചിന്താഗതിയെ വിലയിരുത്താൻ യഹോവയുടെ സാക്ഷികൾ ഊസ്മാനെ സഹായിച്ചപ്പോൾ വിധിയിലുള്ള വിശ്വാസം പരിത്യജിക്കാൻ അവൻ പ്രേരിതനായി. വളരെയധികം ആശ്വാസവും ജീവിതത്തെക്കുറിച്ചു പുതിയ, ക്രിയാത്മക മനോഭാവവുമായിരുന്നു ഫലങ്ങൾ. ഏറെ പ്രധാനമായി, യഹോവ എന്ന ദൈവം “കരുണയും കൃപയുമുള്ളവൻ; ദീർഘക്ഷമയും മഹാദയയും വിശ്വസ്തതയുമുള്ളവ”നാണെന്ന് അവൻ അറിയാൻ ഇടയായി.—പുറപ്പാടു 34:6.
നമ്മുടെ ജീവിതത്തിന്റെ ഓരോ വിശദാംശങ്ങളും ദൈവം ആസൂത്രണം ചെയ്യുന്നില്ലെങ്കിലും അവനു ഭാവി സംബന്ധിച്ച് ഒരുദ്ദേശ്യമുണ്ടെന്നും ഊസ്മാൻ തിരിച്ചറിയാനിടയായി. a “നാം അവന്റെ വാഗ്ദത്തപ്രകാരം നീതി വസിക്കുന്ന പുതിയ ആകാശത്തിന്നും പുതിയ ഭൂമിക്കു മായിട്ടു കാത്തിരിക്കുന്നു” എന്നു 2 പത്രൊസ് 3:13 പറയുന്നു. വാഗ്ദത്തം ചെയ്യപ്പെട്ടിരിക്കുന്ന ആ “പുതിയ ഭൂമി”യുടെ ഭാഗമായി എന്നേക്കും ജീവിക്കാനുള്ള പ്രത്യാശ നട്ടുവളർത്താൻ യഹോവയുടെ സാക്ഷികൾ ലക്ഷങ്ങളെ സഹായിച്ചിട്ടുണ്ട്. നിങ്ങളെ സഹായിക്കുവാനും അവർക്കു താത്പര്യമുണ്ട്.
നിങ്ങളുടെ ഭാവി നിങ്ങൾക്കു നിയന്ത്രിക്കാനാവാത്ത ഏതോ മുൻനിശ്ചയിക്കപ്പെട്ട വിധിയെ ആശ്രയിച്ചിരിക്കുന്നില്ല എന്നു ബൈബിളിന്റെ സൂക്ഷ്മപരിജ്ഞാനത്തിൽ വളരവേ നിങ്ങൾ മനസ്സിലാക്കും. “ജീവനും മരണവും, അനുഗ്രഹവും ശാപവും നിങ്ങളുടെ മുമ്പിൽ വെച്ചിരിക്കുന്നു . . . ; അതുകൊണ്ടു നീയും നിന്റെ സന്തതിയും ജീവിച്ചിരിക്കേണ്ടതിന്നും . . . നിന്റെ ദൈവമായ യഹോവയെ സ്നേഹിക്കയും അവന്റെ വാക്കു കേട്ടനുസരിക്കയും അവനോടു ചേർന്നിരിക്കുകയും ചെയ്യേണ്ടതിന്നും ജീവനെ തിരഞ്ഞെടുത്തുകൊൾക” എന്ന ഇസ്രായേല്യരോടുള്ള മോശയുടെ വാക്കുകൾ തീർച്ചയായും ബാധകമാണ്. (ആവർത്തനപുസ്തകം 30:19, 20) ഉവ്വ്, നിങ്ങളുടെ ഭാവി നിങ്ങൾക്കു തിരഞ്ഞെടുക്കാനാവും. അതു വിധിയുടെ കരങ്ങളിലല്ല.
[അടിക്കുറിപ്പ]
a ദൈവത്തിന്റെ മുന്നറിവിനെക്കുറിച്ചുള്ള വിശദമായ ചർച്ചയ്ക്ക് 1984 ജൂലൈ 15-ലെ വീക്ഷാഗോപുരത്തിന്റെ (ഇംഗ്ലീഷ്) 3-7 പേജുകൾ കാണുക.
[6, 7 പേജുകളിലെ ചിത്രങ്ങൾ]
ഈ വിപത്തുകൾ ‘ദൈവത്തിന്റെ പ്രവൃത്തികള’ല്ലായിരുന്നു
[കടപ്പാട്]
U.S. Coast Guard photo
WHO
UN PHOTO 186208/M. Grafman