റഷ്യയിൽ “ദാഹിക്കുന്ന”വർക്കു സഹായം
രാജ്യപ്രഘോഷകർ റിപ്പോർട്ടു ചെയ്യുന്നു
റഷ്യയിൽ “ദാഹിക്കുന്ന”വർക്കു സഹായം
“നീതിക്കു വിശന്നു ദാഹിക്കുന്നവർ ഭാഗ്യവാൻമാർ; അവർക്കു തൃപ്തിവരും” എന്നു യേശു പറഞ്ഞു. (മത്തായി 5:6) 70-ലധികം വർഷം മതസ്വാതന്ത്ര്യം നിയന്ത്രിക്കപ്പെട്ടിരുന്ന റഷ്യയിൽ അനേകരുടെയും ആത്മീയ ദാഹം ശമിപ്പിക്കാൻ യഹോവയുടെ സാക്ഷികൾ എങ്ങനെ സഹായിക്കുന്നുവെന്നു പിൻവരുന്ന അനുഭവങ്ങൾ ദൃഷ്ടാന്തീകരിക്കുന്നു.
◼ വാലന്റീന എന്നു പേരുള്ള ഒരു യുവതിക്കു വർഷങ്ങളോളം ഉത്തരം കിട്ടാഞ്ഞ, ഗൗരവമേറിയ ഒട്ടനവധി ബൈബിൾ ചോദ്യങ്ങൾ ഉണ്ടായിരുന്നു. ഉദാഹരണത്തിന്, ‘യേശു ആരോടാണു പ്രാർഥിച്ചത്?’ എന്ന് അവൾ ചിന്തിച്ചിരുന്നു. തന്നെക്കാൾ വലിയ ഒരുവനോടായിരിക്കണം യേശു പ്രാർഥിച്ചതെന്ന് അവൾ ന്യായവാദം ചെയ്തു. ആ സ്ഥിതിക്ക് അവന്റെ പേരെന്തായിരിക്കുമെന്ന് അവൾ ചിന്തിച്ചു.
അവൾ റഷ്യൻ ഓർത്തഡോക്സ് സഭ സന്ദർശിച്ചു. എന്നിരുന്നാലും, ആ മതത്തിൽ അവൾ തന്റെ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തിയില്ല. തൃപ്തിവരാഞ്ഞ്, അവൾ ഒരു പ്രൊട്ടസ്റ്റൻറ് സഭയിൽ പോയി. എന്നാൽ അവിടെയും അവൾ വ്യക്തമായ ഉത്തരങ്ങൾ കണ്ടെത്തിയില്ല. വേറെ എവിടെ പോകണമെന്നു തിട്ടമില്ലാതെ വാലൻറീന സ്വയം ഉത്തരം കണ്ടെത്താൻ ശ്രമിച്ചുകൊണ്ടു ബൈബിൾ വായിച്ചുതുടങ്ങി. പ്രയോജനമുണ്ടായില്ല. അവൾ സഹായത്തിനായി പ്രാർഥിച്ചു.
കുറച്ചുസമയം കഴിഞ്ഞു യഹോവയുടെ സാക്ഷികൾ അവളുടെ കതകിൽ മുട്ടി. ദൈവത്തിന്റെ പേര് യഹോവ എന്നാണെന്ന് അവർ ബൈബിളിൽനിന്ന് അവൾക്കു കാണിച്ചുകൊടുത്തു. യേശു ആരോടാണു പ്രാർഥിച്ചതെന്ന് ഒടുവിൽ അവൾ മനസ്സിലാക്കി! സാക്ഷികളോടൊപ്പം അവൾ ക്രമമായി ബൈബിൾ പഠിക്കാൻ തുടങ്ങി. വാച്ച് ടവർ സൊസൈററി പ്രസിദ്ധീകരിക്കുന്ന സാഹിത്യങ്ങൾ വായിച്ചും ബൈബിൾ വാക്യങ്ങൾ എടുത്തുനോക്കിയും മിക്കപ്പോഴും മുഴുരാത്രിയും അവൾ ചെലവഴിച്ചു. താൻ സത്യം കണ്ടെത്തിയതായി വാലൻറീന പെട്ടെന്നുതന്നെ നിഗമനം ചെയ്തു. മൂന്നു മാസത്തിനുള്ളിൽ അവൾ പ്രസംഗവേലയിൽ പങ്കെടുക്കാൻ തുടങ്ങി. അതിനു രണ്ടു മാസത്തിനുശേഷം അവൾ സ്നാപനമേറ്റു. സത്യത്തിനുവേണ്ടിയുള്ള പ്രാർഥനാനിരതമായ അവളുടെ തിരച്ചിലിനു പ്രതിഫലം ലഭിച്ചു.
◼ വിദൂര പ്രദേശത്തു പ്രസംഗിക്കാൻ ഒരു സാക്ഷി ബസ്സിൽ യാത്രചെയ്തു. യാത്രാവേളയിൽ അദ്ദേഹം ഒരു യുവതിയോട് ബൈബിൾ വാഗ്ദത്തങ്ങളെക്കുറിച്ചു സംസാരിച്ചു. എന്നാൽ ആ യുവതിക്കു താത്പര്യമില്ലായിരുന്നു. രണ്ടു മാസത്തിനുശേഷം ആ സാക്ഷി ഒരു പരസ്യപ്രസംഗം നടത്തുന്നതിന് അതേ പ്രദേശത്തേക്കു രണ്ടാം തവണ യാത്രയായി. പ്രസംഗത്തിനുശേഷം അദ്ദേഹം ഒരു സന്ദർശകനെ സമീപിച്ചിട്ടു ചോദിച്ചു: “ബൈബിളിൽനിന്നുള്ള സുവാർത്ത ആരെങ്കിലും നിങ്ങളോടു നേരത്തെ പറഞ്ഞിട്ടുണ്ടോ?” “ഉവ്വ്, താങ്കൾ പറഞ്ഞിട്ടുണ്ട്,” ആ മനുഷ്യൻ ഉത്തരംനൽകി. അദ്ദേഹം തമാശപറയുകയാണെന്നു സാക്ഷി കരുതി. എന്നാൽ, രണ്ടു മാസംമുമ്പ് ബസ്സ് യാത്രയിൽ സാക്ഷിയും യുവതിയും തമ്മിൽ നടത്തിയ സംഭാഷണം താൻ ശ്രദ്ധിക്കുകയുണ്ടായെന്ന് ആ യുവാവു വിശദീകരിച്ചു. “കൂടുതലറിയാൻ എനിക്ക് ആഗ്രഹമുണ്ടായിരുന്നു. എന്നാൽ താങ്കൾ ബസ്സിൽനിന്നിറങ്ങി. യഹോവയുടെ സാക്ഷികളെ വീണ്ടുമൊരിക്കലും കണ്ടുമുട്ടുകയില്ലെന്നായിരുന്നു എന്റെ ധാരണ. പിന്നീട്, സാക്ഷികളോടൊപ്പം ബൈബിൾ പഠിക്കുന്ന ഒരു മനുഷ്യനെ ഞാൻ എന്റെ ജോലിസ്ഥലത്തുവെച്ചു കണ്ടു. അങ്ങനെ ഞാനിവിടെയെത്തി!”
ആ മനുഷ്യനും ഭാര്യയും ബൈബിൾ പഠിക്കാൻ തുടങ്ങി. തന്റെ തൊഴിൽ ബൈബിൾ തത്ത്വങ്ങൾക്കു വിരുദ്ധമാണെന്നു ചുരുങ്ങിയ കാലത്തിനുശേഷം അദ്ദേഹത്തിനു മനസ്സിലാക്കാൻ കഴിഞ്ഞു. ദൈവമുമ്പാകെ നല്ലൊരു മനസ്സാക്ഷി കാത്തുസൂക്ഷിക്കാനുള്ള ആഗ്രഹം നിമിത്തം അദ്ദേഹം തന്റെ തൊഴിൽ മാറി. ഇപ്പോൾ അദ്ദേഹം എല്ലാ അവസരങ്ങളിലും ദൈവരാജ്യത്തെക്കുറിച്ചു മറ്റുള്ളവരോടു പറയുന്നു. അദ്ദേഹത്തിന്റെ ഭാര്യയും ബൈബിൾ പഠനത്തിൽ പുരോഗമിക്കുന്നു.
റഷ്യയുടെ വിശാലമായ പ്രദേശത്തുള്ള ആത്മാർഥതയുള്ള സകലരോടും പിൻവരുന്നതുപോലെ പറയുന്നതിൽ ഒരു പങ്കുണ്ടായിരിക്കുന്നതിനു യഹോവയുടെ സാക്ഷികൾ സന്തോഷമുള്ളവരാണ്: “വരിക . . ; ദാഹിക്കുന്നവൻ വരട്ടെ; ഇച്ഛിക്കുന്നവൻ ജീവജലം സൌജന്യമായി വാങ്ങട്ടെ.”—വെളിപ്പാടു 22:17.