വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
ഒരു മാനസികാരോഗ്യ ചികിത്സകന്റെ ഉപദേശംതേടുന്നത് ഒരു ക്രിസ്ത്യാനിയെ സംബന്ധിച്ചിടത്തോളം ജ്ഞാനപൂർവകമാണോ?
ഈ “അവസാനനാളുക”ളിൽ വൈകാരികവും മാനസികവുമായ രോഗങ്ങളിൽ വർധനവ് ഉണ്ടായിരിക്കുന്നതായി ചില ദേശങ്ങളിൽനിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. (2 തിമൊഥെയൊസ് 3:1, പി.ഒ.സി. ബൈബിൾ) സഹവിശ്വാസികൾക്കു രോഗം പിടിപെടുമ്പോൾ ക്രിസ്ത്യാനികൾക്ക് ആഴമായ സഹതാപം തോന്നുന്നു. എന്നാൽ, തന്റെ രോഗത്തിനു ചികിത്സ തേടണമോ, വേണമെങ്കിൽ ഏതുതരം ചികിത്സ തേടണം എന്നെല്ലാം ഓരോരുത്തരും സ്വയം തീരുമാനിക്കണമെന്ന് അവർ തിരിച്ചറിയുന്നു. a “ഓരോരുത്തൻ താന്താന്റെ ചുമടു ചുമക്കുമല്ലോ.” (ഗലാത്യർ 6:5) ശിഥിലവ്യക്തിത്വം, വിഷാദോന്മാദങ്ങൾ, രോഗലക്ഷണമുളവാക്കുന്ന ആഴമായ വിഷാദം, അനിയന്ത്രിത ചിന്താ-പ്രവർത്തന തകരാറ്, സ്വയംകൃത അംഗച്ഛേദം എന്നിവയാലും കലശലായ മറ്റു രോഗങ്ങളാലും കൊടിയ യാതനയനുഭവിച്ചിരുന്ന ചിലർക്ക് ഉചിതമായ വിദഗ്ധ സഹായം ലഭിച്ചശേഷം മിക്കവാറും സാധാരണ ജീവിതം നയിക്കാൻ കഴിഞ്ഞിട്ടുണ്ട്.
ചില സ്ഥലങ്ങളിൽ ചികിത്സ തേടുന്നതു ജനസമ്മതിയാർജിച്ചിരിക്കുന്നു. മിക്ക കേസുകളിലും രോഗിക്കു കലശലായ മാനസിക തകരാറില്ലെന്നുവരികിലും ജീവിതത്തിൽ ചില സാഹചര്യത്തെ തരണംചെയ്യാൻ ബുദ്ധിമുട്ടുണ്ട്. എന്നാൽ, ജീവിതത്തിലെ വിഷമ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിന് ഏറ്റവും ഫലപ്രദമായ സഹായം നൽകുന്നതു ബൈബിളാണ്. (സങ്കീർത്തനം 119:28, 143) നമ്മെ മാനസികവും വൈകാരികവുമായി ബലപ്പെടുത്തുന്ന ജ്ഞാനം, ചിന്താപ്രാപ്തി, യഥാർഥ പരിജ്ഞാനം എന്നിവ യഹോവ ബൈബിളിലൂടെ നമുക്കു പ്രദാനം ചെയ്യുന്നു. (സദൃശവാക്യങ്ങൾ 2:1-11; എബ്രായർ 13:6) കലശലായ ആന്തരിക അസ്വസ്ഥത നിമിത്തം വിശ്വസ്ത ദൈവദാസർ ചിലപ്പോഴെല്ലാം വകതിരിവില്ലാതെ സംസാരിച്ചേക്കാം. (ഇയ്യോബ് 6:2, 3) സഹായത്തിനും ബുദ്ധ്യുപദേശത്തിനും മൂപ്പന്മാരെ സമീപിക്കാൻ യാക്കോബ് 5:13-16 അത്തരക്കാരെ പ്രോത്സാഹിപ്പിക്കുന്നു. ഒരു ക്രിസ്ത്യാനി ആത്മീയ രോഗി ആയിരിക്കാം, അല്ലെങ്കിൽ മാറ്റംവരുത്താനാവാത്ത ഒരു സാഹചര്യമോ കഠിന സമ്മർദങ്ങളോ നിമിത്തം ദുഃഖിതൻ ആയിരിക്കാം. അതല്ല, താൻ അനീതിക്ക് ഇരയാണെന്ന് അയാൾക്കു തോന്നിയേക്കാം. (സഭാപ്രസംഗി 7:7; യെശയ്യാവു 32:2; 2 കൊരിന്ത്യർ 12:7-10) അത്തരമൊരു വ്യക്തിക്കു മൂപ്പന്മാരിൽനിന്നു സഹായം തേടാവുന്നതാണ്. അവർ അയാൾക്ക് ‘എണ്ണ പൂശു’കയും—അതായത്, വിദഗ്ധമായി ആശ്വാസദായകമായ ബൈബിൾ ബുദ്ധ്യുപദേശം നൽകുകയും—‘അവന്നുവേണ്ടി പ്രാർത്ഥിക്കുകയും’ ചെയ്യും. ഫലമോ? “വിശ്വാസത്തോടുകൂടിയ പ്രാർത്ഥന ദീനക്കാരനെ രക്ഷിക്കും; കർത്താവു അവനെ [അവന്റെ നൈരാശ്യത്തിൽനിന്നോ തന്നെ ദൈവം കൈവെടിഞ്ഞുവെന്ന തോന്നലിൽനിന്നോ] എഴുന്നേല്പിക്കും.”
ആത്മീയ ഇടയന്മാർ വിദഗ്ധ സഹായം നൽകിയിട്ടും ഒരു വ്യക്തിയുടെ മാനസിക സമ്മർദവും വ്യാമിശ്രതയും വിട്ടുമാറുന്നില്ലെങ്കിലോ? അത്തരം സാഹചര്യങ്ങളിൽ ചിലർ ഒരു സമഗ്ര ശാരീരിക പരിശോധനയ്ക്കു വിധേയരാകാൻ തീരുമാനിച്ചിട്ടുണ്ട്. (സദൃശവാക്യങ്ങൾ 14:30; 16:24; 1 കൊരിന്ത്യർ 12:26 എന്നിവ താരതമ്യം ചെയ്യുക.) വൈകാരികമോ മാനസികമോ ആയ സമ്മർദത്തിനു പിന്നിൽ ഒരു ശാരീരിക പ്രശ്നമായിരുന്നേക്കാം. ചിലപ്പോഴെല്ലാം, അത്തരമൊരു പ്രശ്നത്തിനു ചികിത്സിക്കുന്നതു വൈകാരികമായി രോഗിയായിരിക്കുന്ന വ്യക്തിക്ക് ആശ്വാസമേകിയിട്ടുണ്ട്. b യാതൊരു ശാരീരിക പ്രശ്നവുമില്ലെന്നു കണ്ടാൽ, അഭ്യർഥിക്കുന്നപക്ഷം ഒരു മാനസികാരോഗ്യ വിദഗ്ധനെ കാണാൻ ഡോക്ടർ ശുപാർശചെയ്തേക്കാം. അപ്പോഴെന്ത്? നേരത്തെ പ്രസ്താവിച്ച പ്രകാരം, ഓരോ വ്യക്തിയും സ്വയം വിലയിരുത്തേണ്ട ഒരു തീരുമാനമാണത്. മറ്റുള്ളവർ വിമർശിക്കുകയോ വിധിക്കുകയോ ചെയ്യരുത്.—റോമർ 14:4.
എന്നുവരികിലും, ബൈബിൾ തത്ത്വങ്ങൾ മറന്നുകളയാതിരിക്കാൻ പ്രായോഗിക ജ്ഞാനം പ്രാവർത്തികമാക്കുകയും ജാഗ്രത പുലർത്തുകയും ചെയ്യണം. (സദൃശവാക്യങ്ങൾ 3:21; സഭാപ്രസംഗി 12:13) ശാരീരിക രോഗത്തിന്റെ കാര്യത്തിൽ പരമ്പരാഗത മരുന്നുകൾ തുടങ്ങി പ്രകൃതിചികിത്സ, അക്യുപങ്ചർ, ഹോമിയോ എന്നിങ്ങനെ വ്യത്യസ്ത ചികിത്സാരീതികൾ രോഗികൾക്കു തിരഞ്ഞെടുക്കാനുണ്ട്. വിവിധതരത്തിലുള്ള മാനസികാരോഗ്യ ചികിത്സകരുമുണ്ട്. ക്രമരഹിതമായ പെരുമാറ്റത്തിന് അല്ലെങ്കിൽ വേദനാജനകമായ വികാരങ്ങൾക്കു കാരണങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിൽ രോഗിയുടെ വ്യക്തിപരമായ ചരിത്രത്തിലേക്കു ചുഴിഞ്ഞിറങ്ങിയേക്കാവുന്ന അപഗ്രഥന മാനസികരോഗ ചികിത്സകരും മറ്റുള്ളവരും അതിൽപ്പെടുന്നു. പെരുമാറ്റ സംബന്ധമായ മാനസികരോഗ ചികിത്സകർ പുതിയ പെരുമാറ്റ രീതികൾ പഠിക്കാൻ രോഗിയെ സഹായിക്കാൻ ശ്രമിച്ചെന്നുവരാം. മിക്ക മാനസികരോഗങ്ങളും മരുന്നുകൊടുത്തു ചികിത്സിക്കേണ്ടതാണെന്നു ചില മാനസികാരോഗ്യ ചികിത്സകർ വിശ്വസിക്കുന്നു. c മറ്റുചിലർ ഭക്ഷണക്രമവും ജീവകങ്ങളും ശുപാർശചെയ്യുന്നതായി അറിയപ്പെടുന്നു.
ഈ തീരുമാനങ്ങളെക്കുറിച്ചു പരിഗണിക്കുമ്പോൾ രോസദൃശവാക്യങ്ങൾ 14:15) ശ്രദ്ധേയമായി, മാനസികാരോഗ്യ തൊഴിൽ “ഒരു അവികസിത വൈദ്യകലയാണ്. മനുഷ്യജീവന്റെ ഏറ്റവും സങ്കീർണ സവിശേഷതകളായ മനസ്സിന്റെയും പെരുമാറ്റത്തിന്റെയും ക്രമക്കേടുകൾ കൈകാര്യം ചെയ്യുമ്പോളെന്നപോലെതന്നെ മാനസികാരോഗ്യ തൊഴിലിന്റെ കണ്ടുപിടിത്തങ്ങൾക്കു പെട്ടെന്നു തെളിവു കണ്ടെത്തുക പ്രയാസമാണ്” എന്നു ജോൺ ഹോപ്കിൻസ് യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിനിലെ മനോരോഗചികിത്സയുടെയും പെരുമാറ്റ ശാസ്ത്രങ്ങളുടെയും വിഭാഗത്തിന്റെ ഡയറക്ടറായ പ്രൊഫസർ പോൾ മക്ക്ഹ്യൂ പറയുകയുണ്ടായി. ഈ അവസ്ഥ വ്യാമോഹത്തിനും വഞ്ചനയ്ക്കും അതുപോലെതന്നെ, ഗുണത്തിലേറെ ദോഷം ചെയ്തേക്കാവുന്ന സദുദ്ദേശ്യപരമായ ചികിത്സകൾക്കും വഴിതുറക്കുന്നു.
ഗികളും കുടുംബങ്ങളും ജാഗ്രത പുലർത്തണം. (മനോരോഗചികിത്സകർക്കും മനശ്ശാസ്ത്രജ്ഞർക്കും തൊഴിൽ സംബന്ധമായ, ബിരുദാനന്തര ബിരുദങ്ങൾ ഉണ്ടെന്നിരിക്കെ, മറ്റനേകർ തൊഴിൽ സംബന്ധമായ യാതൊരു യോഗ്യതയുമില്ലാതെ ഉപദേഷ്ടാക്കളും ചികിത്സകരുമെന്ന നിലയിൽ മേൽനോട്ടമില്ലാതെ പരിശീലനം നടത്തുന്നുവെന്ന കാര്യവും പറയേണ്ടിയിരിക്കുന്നു. യോഗ്യതയില്ലാത്ത അത്തരക്കാരുടെ ഉപദേശം തേടിക്കൊണ്ടു ചിലർ ധാരാളം പണം ചെലവഴിച്ചിട്ടുണ്ട്.
പരിശീലനം സിദ്ധിച്ച, യോഗ്യതയുള്ള മാനസികാരോഗ്യ വിദഗ്ധന്റെ കാര്യത്തിൽ പോലും പരിചിന്തിക്കേണ്ട കാര്യങ്ങളുണ്ട്. ഒരു ഡോക്ടറെയോ ശസ്ത്രക്രിയാവിദഗ്ധനെയോ തിരഞ്ഞെടുക്കുമ്പോൾ, അദ്ദേഹം നമ്മുടെ ബൈബിളധിഷ്ഠിത വീക്ഷണങ്ങളെ ആദരിക്കുമെന്ന് ഉറപ്പുണ്ടായിരിക്കണം. സമാനമായി, നമ്മുടെ മതപരവും ധാർമികവുമായ വീക്ഷണങ്ങളെ ആദരിക്കാത്ത ഒരു മാനസികാരോഗ്യ ചികിത്സകന്റെ ഉപദേശം തേടുന്നത് അപകടകരമായിരിക്കും. മാനസികവും വൈകാരികവുമായ പ്രശ്നങ്ങൾ ഉണ്ടായിരുന്നിട്ടും “ക്രിസ്തുയേശുവിന്നു അനുരൂപമായി . . . ഏകചിന്തയോടിരിപ്പാൻ” അനേകം ക്രിസ്ത്യാനികൾ കിണഞ്ഞു പരിശ്രമിക്കുന്നു. (റോമർ 15:6) തങ്ങളുടെ ചിന്താരീതിയെയോ പെരുമാറ്റത്തെയോ സ്വാധീനിച്ചേക്കാവുന്ന ഏതൊരാളുടെയും മനോഭാവം സംബന്ധിച്ച് അത്തരക്കാർ ആശങ്കയുള്ളവരാണ്. തിരുവെഴുത്തു വിശ്വാസങ്ങളാൽ ചുമത്തപ്പെടുന്ന ഏതു നിയന്ത്രണങ്ങളെയും അനാവശ്യവും മാനസികാരോഗ്യത്തിനു ഹാനികരമായിരിക്കാൻ സാധ്യതയുള്ളതുമായി ചില ഡോക്ടർമാർ വീക്ഷിക്കുന്നു. സ്വവർഗരതി, വൈവാഹിക അവിശ്വസ്തത എന്നിങ്ങനെ ബൈബിൾ കുറ്റംവിധിക്കുന്ന പ്രവൃത്തികളെ അവർ അംഗീകരിച്ചേക്കാം, അവയെ ശുപാർശ ചെയ്യുകപോലും ചെയ്തേക്കാം.
ആ ആശയങ്ങളെല്ലാം, “ജ്ഞാനം എന്നു വ്യാജമായി പേർ പറയുന്ന”ത് എന്നു പൗലോസ് അപ്പോസ്തലൻ വിളിച്ചതിൽ ഉൾപ്പെടുന്നു. (1 തിമൊഥെയൊസ് 6:20) അവ ക്രിസ്തുവിനെക്കുറിച്ചുള്ള സത്യത്തിനു വിരുദ്ധമാണ്. മാത്രമല്ല, ഈ ലോകത്തിന്റെ “തത്വജ്ഞാന”ത്തിന്റെയും “വെറും വഞ്ചന”യുടെയും ഭാഗമാണ്. (കൊലൊസ്സ്യർ 2:8) ബൈബിളിന്റെ ഉരകല്ലു വ്യക്തമാണ്: “യഹോവെക്കെതിരെ ജ്ഞാനവുമില്ല, ബുദ്ധിയുമില്ല, ആലോചനയുമില്ല.” (സദൃശവാക്യങ്ങൾ 21:30) “തിന്മെക്കു നന്മ എന്നും നന്മെക്കു തിന്മ എന്നും” പറയുന്ന മാനസികാരോഗ്യ ചികിത്സകർ “അധമമായ സംസർഗ”മാണ്. അസ്വസ്ഥമായ മനസ്സുകളെ സുഖപ്പെടുത്തുന്നതിനു പകരം അവർ “പ്രയോജനപ്രദമായ ശീലങ്ങളെ ചീത്തയാ”ക്കും.—യെശയ്യാവു 5:20; 1 കൊരിന്ത്യർ 15:33, പി.ഒ.സി. ബൈ.
തന്മൂലം, ഒരു മാനസികാരോഗ്യ വിദഗ്ധന്റെ ഉപദേശം തേടേണ്ടത് അത്യാവശ്യമാണെന്നു വിചാരിക്കുന്ന ഒരു ക്രിസ്ത്യാനി, ചികിത്സകന്റെ യോഗ്യതകളും മനോഭാവവും പ്രശസ്തിയും ശുപാർശചെയ്യപ്പെടുന്ന ഏതൊരു ചികിത്സയുടെയും സാധ്യതയുള്ള ഫലവും സൂക്ഷ്മമായി പരിശോധിച്ചറിയണം. ദുഃഖിതനായ ഒരു ക്രിസ്ത്യാനിക്ക് ഇത് ഒറ്റയ്ക്കു ചെയ്യാനാവില്ലെങ്കിൽ ഒരുപക്ഷേ പക്വതയുള്ള ഒരു ഉറ്റ സുഹൃത്തിനോ ബന്ധുവിനോ സഹായം നൽകാനാവും. ഒരു പ്രത്യേക ചികിത്സ സ്വീകരിക്കുന്നതിലെ ജ്ഞാനം തീർച്ചയില്ലാത്ത ഒരു ക്രിസ്ത്യാനി, സഭയിലെ മൂപ്പന്മാരോട് അതേക്കുറിച്ചു സംസാരിക്കുന്നതു സഹായകമെന്നു കണ്ടെത്തിയേക്കാം. എങ്കിലും, അന്തിമ തീരുമാനം സ്വന്ത തീരുമാനം (അല്ലെങ്കിൽ മാതാപിതാക്കളുടെ തീരുമാനമോ ഭാര്യാഭർത്താക്കന്മാരുടെ കൂട്ടുതീരുമാനമോ) ആയിരിക്കണം. d
കഷ്ടപ്പാട് ഇല്ലായ്മചെയ്യാൻ ശാസ്ത്രത്തിനു പണ്ടത്തേതിലും വളരെയധികം കാര്യങ്ങൾ ഇന്നു ചെയ്യാൻ കഴിയും. എന്നിട്ടും, ഇപ്പോൾ ചികിത്സിച്ചു ഭേദമാക്കാനാവാത്ത—ശാരീരികവും മാനസികവുമായ—നിരവധി രോഗങ്ങൾ നിലവിലുണ്ട്. ഈ വ്യവസ്ഥിതിയിൽ അവ സഹിച്ചേ പറ്റൂ. (യാക്കോബ് 5:11) അതിനിടയിൽ, “വിശ്വസ്തനും വിവേകിയുമായ അടിമ”യും മൂപ്പന്മാരും സഭയിലുള്ള മറ്റെല്ലാവരും രോഗഗ്രസ്തരുടെ നേരെ അനുകമ്പയുടെയും പിന്തുണയുടെയും ഹസ്തങ്ങൾ നീട്ടുന്നു. മേലാൽ രോഗമില്ലാതിരിക്കുന്ന ആ മഹത്തായ സമയംവരെ സഹിച്ചുനിൽക്കാൻ യഹോവതന്നെ അവരെ ശക്തിപ്പെടുത്തുന്നു.—മത്തായി 24:45; സങ്കീർത്തനം 41:1-3; യെശയ്യാവു 33:24.
[അടിക്കുറിപ്പുകൾ]
a ഒരുപക്ഷേ ഉയർന്ന നിലവാരത്തിലുള്ള തൊഴിലിനു പരിഗണിക്കുമ്പോൾ ചിലപ്പോഴൊക്കെ ഒരു വ്യക്തിയോട് മനഃശാസ്ത്ര വിലയിരുത്തലിനു വിധേയനാകാൻ ആവശ്യപ്പെട്ടേക്കാം. അത്തരം വിലയിരുത്തലിനു വിധേയനാകുന്നുവോ ഇല്ലയോ എന്നതു വ്യക്തിപരമായ തീരുമാനമാണ്. എന്നാൽ ഒരു മനഃശാസ്ത്ര വിലയിരുത്തൽ മനോരോഗചികിത്സയല്ലെന്നതു ശ്രദ്ധിക്കുക.
b വീക്ഷാഗോപുരത്തിന്റെ 1990 മാർച്ച് 1 ലക്കത്തിലെ (ഇംഗ്ലീഷ്) “വിഷാദത്തിനെതിരെയുള്ള പോരാട്ടത്തിൽ വിജയിക്കൽ” കാണുക.
c ചില മനോരോഗങ്ങൾ ശരിയായ മരുന്നുകളോട് അനുകൂലമായി പ്രതികരിക്കുന്നതായി കാണപ്പെടുന്നു. എന്നാൽ, ഈ മരുന്നുകൾ വൈദഗ്ധ്യവും അനുഭവപരിചയവുമുള്ള ഡോക്ടർമാരുടെയോ മനോരോഗ ചികിത്സകരുടെയോ നിർദേശപ്രകാരം ജാഗ്രതാപൂർവം വേണം ഉപയോഗിക്കാൻ. കാരണം, മരുന്നിന്റെ അളവു കൃത്യമായി ക്രമീകരിക്കാത്തപക്ഷം ഗുരുതരമായ പാർശ്വഫലങ്ങൾ ഉണ്ടായേക്കാം.
d വീക്ഷാഗോപുരത്തിന്റെ 1988 ഒക്ടോബർ 15 ലക്കത്തിലുള്ള (ഇംഗ്ലീഷ്) “മാനസിക അരിഷ്ടത—ഒരു ക്രിസ്ത്യാനിയെ അതു ബാധിക്കുമ്പോൾ” എന്ന ലേഖനം കാണുക.