എല്ലാ മതങ്ങളും ദൈവത്തെ പ്രീതിപ്പെടുത്തുന്നുവോ?
എല്ലാ മതങ്ങളും ദൈവത്തെ പ്രീതിപ്പെടുത്തുന്നുവോ?
എല്ലാ മതങ്ങളും ദൈവത്തെ പ്രീതിപ്പെടുത്തുന്നുവെന്നു നിങ്ങൾക്കു തോന്നുന്നുണ്ടോ? നിങ്ങൾക്കറിയാവുന്ന ഏതൊരു ആരാധനാരീതിയും ഒരു പരിധിവരെയെങ്കിലും നല്ല നടത്തയെ പ്രോത്സാഹിപ്പിക്കുന്നുണ്ടാവും. എന്നാൽ ദൈവത്തെ പ്രീതിപ്പെടുത്തുവാൻ അതു മാത്രം മതിയോ?
‘ആരാധനയിൽ ആത്മാർഥതയുള്ളവരായിരിക്കുക, ദൈവം പ്രീതിപ്പെടും. എല്ലാ മതങ്ങളിലും നന്മയുണ്ട്’ എന്നെല്ലാം ചിലർ പറയുന്നു. ഉദാഹരണത്തിന്, ബഹായ് മതത്തിന് ഈ വീക്ഷണഗതിയാണുള്ളത്. അത് അതിന്റെ വിശ്വാസത്തിലേക്കു ലോകത്തിലെ ഒമ്പതു പ്രധാന മതങ്ങളെവരെ കൈക്കൊണ്ടിരിക്കുന്നു. അവയെല്ലാം ദിവ്യ ഉറവിൽനിന്ന് ഉണ്ടായതാണെന്നും ഒരേ സത്യത്തിന്റെ വിവിധ വശങ്ങളാണെന്നും ആ മതവിഭാഗം വിശ്വസിക്കുന്നു. അതെങ്ങനെ അപ്രകാരമായിരിക്കാൻ കഴിയും?
കൂടാതെ, അനേകരെ കൊല്ലാൻ സാധിക്കുമാറു പൊതു സ്ഥലങ്ങളിൽ നാഡീവാതകം നിക്ഷേപിക്കാൻ അംഗങ്ങളോടു കൽപ്പിക്കുന്ന ഒരു മതത്തിന് എങ്ങനെ ദൈവത്തെ പ്രീതിപ്പെടുത്താനാവും എന്നു ചിന്തിക്കാൻ നിങ്ങൾക്ക് അവകാശമുണ്ട്. ജപ്പാനിലെ ഒരു മതവിഭാഗത്തിനെതിരെ ആ കുറ്റം ചുമത്തപ്പെട്ടിരിക്കുന്നു. അല്ലെങ്കിൽ, അംഗങ്ങൾ ആത്മഹത്യ ചെയ്യാൻ ഇടയാക്കുന്ന ഒരു മതത്തിൽ ദൈവം പ്രീതിപ്പെടുന്നുവോ? ഏതാനും വർഷങ്ങൾക്കുമുമ്പ് ജിം ജോൺസ് എന്ന ഒരു മതനേതാവിന്റെ അനുഗാമികൾക്ക് അതാണു സംഭവിച്ചത്.
മുൻകാലങ്ങളിലേക്കു പിന്തിരിഞ്ഞുനോക്കുമ്പോൾ നാം ഉചിതമായും ഇങ്ങനെ ചോദിച്ചേക്കാം: 1618 മുതൽ 1648 വരെ നടന്ന മുപ്പതു സംവത്സര യുദ്ധത്തിന്റെ കാര്യത്തിലെന്നപോലെ, മതങ്ങൾ യുദ്ധം ഇളക്കിവിടുന്ന സ്ഥിതിക്ക് അവയ്ക്കു ദൈവത്തെ പ്രീതിപ്പെടുത്താനാവുമോ? ലോകത്തിന്റെ സാർവത്രിക ചരിത്രം (ഇംഗ്ലീഷ്) പറയുന്നതനുസരിച്ച്, കത്തോലിക്കർക്കും പ്രൊട്ടസ്റ്റന്റുകാർക്കും ഇടയിലുണ്ടായ ആ മതപോരാട്ടം “യൂറോപ്യൻ ചരിത്രത്തിലെ ഏറ്റവും ഘോരമായ യുദ്ധങ്ങളിലൊന്നാ”യിരുന്നു.
11-ാം നൂറ്റാണ്ടുമുതൽ 13-ാം നൂറ്റാണ്ടുവരെ നടന്ന മത കുരിശുയുദ്ധങ്ങളും ഭയാനകമായ രക്തച്ചൊരിച്ചിലിൽ കലാശിച്ചു. ഉദാഹരണത്തിന്, ഒന്നാമത്തെ കുരിശുയുദ്ധത്തിൽ ക്രിസ്ത്യാനികളെന്നു പറയപ്പെടുന്ന കുരിശുയുദ്ധക്കാർ യെരുശലേമിൽ താമസിച്ചിരുന്ന മുസ്ലിങ്ങളെയും യഹൂദരെയും നിഷ്കരുണം അരുങ്കൊല ചെയ്തു.
13-ാം നൂറ്റാണ്ടിൽ തുടങ്ങി ഏതാണ്ട് 600 വർഷം നീണ്ടുനിന്ന മതവിചാരണക്കാലത്തു
സംഭവിച്ചതെന്താണെന്നും പരിചിന്തിക്കുക. മതനേതാക്കന്മാരുടെ കൽപ്പനപ്രകാരം ആയിരക്കണക്കിനാളുകളെ പീഡിപ്പിച്ചു ചുട്ടെരിച്ചു. ക്രിസ്തുവിന്റെ വികാരിമാർ—പാപ്പാധിപത്യത്തിന്റെ ഇരുണ്ട വശം (ഇംഗ്ലീഷ്) എന്ന തന്റെ ഗ്രന്ഥത്തിൽ പീറ്റർ ഡെ റോസ ഇങ്ങനെ പ്രസ്താവിക്കുന്നു: “പാപ്പായുടെ നാമത്തിൽ [മനുഷ്യ]വർഗത്തിന്റെ ചരിത്രത്തിൽ മാനുഷസഭ്യതയുടെമേൽ നടത്തിയ അങ്ങേയറ്റം മൃഗീയവും നീണ്ടുനിന്നതുമായ ആക്രമണത്തിനു [മതവിചാരണക്കാർ] ഉത്തരവാദികളായിരുന്നു.” സ്പെയിനിലെ ഡൊമിനിക്കൻ മതവിചാരണക്കാരനായ റ്റോർക്കമാഡയെക്കുറിച്ച് ഡെ റോസ ഇങ്ങനെ പറയുന്നു: “1483-ൽ നിയുക്തനായ അയാൾ പതിനഞ്ചുവർഷം മർദകഭരണം നടത്തി. 1,14,000-ത്തിലധികംപോന്ന അയാളുടെ ഇരകളിൽ 10,220 പേരെ ചുട്ടെരിക്കുകയായിരുന്നു.”തീർച്ചയായും, ക്രൈസ്തവലോകത്തിലെ മതങ്ങൾ മാത്രമല്ല രക്തപാതകം വഹിക്കുന്നത്. പാൻസേ എന്ന ഗ്രന്ഥത്തിൽ ഫ്രഞ്ചു തത്ത്വചിന്തകനായ ബ്ലാസ് പാസ്കൽ ഇങ്ങനെ പ്രസ്താവിച്ചു: “മതവിശ്വാസത്താൽ പ്രേരിതരായി തിന്മ പ്രവർത്തിക്കുന്നതുപോലെ സമ്പൂർണവും സന്തോഷപൂർവകവുമായി മനുഷ്യർ മറ്റൊരിക്കലും തിന്മ പ്രവർത്തിക്കുന്നില്ല.”
അവരുടെ ഫലത്താൽ തിരിച്ചറിയപ്പെടുന്നു
ദൈവത്തിന്റെ വീക്ഷണത്തിൽ, ഒരു മതത്തിന്റെ സ്വീകാര്യത ഒരൊറ്റ വസ്തുതയെ മാത്രം ആശ്രയിച്ചിരിക്കുന്നില്ല. ഒരു മതം അവനു സ്വീകാര്യയോഗ്യമായിരിക്കുന്നതിന് അതിന്റെ പഠിപ്പിക്കലുകളും പ്രവർത്തനങ്ങളും അവന്റെ ലിഖിത സത്യവചനമായ ബൈബിളിനു ചേർച്ചയിൽ ആയിരിക്കണം. (സങ്കീർത്തനം 119:160; യോഹന്നാൻ 17:17) ദൈവാംഗീകൃത ആരാധനയുടെ ഫലങ്ങൾ യഹോവയാം ദൈവത്തിന്റെ നിലവാരങ്ങളുമായി ഒത്തുപോകണം.
ദൈവത്തെ പ്രതിനിധാനം ചെയ്യുന്നതായി വ്യാജമായി അവകാശപ്പെടുന്ന പ്രവാചകന്മാർ ഉണ്ടായിരിക്കുമെന്നു യേശുക്രിസ്തു തന്റെ ഗിരിപ്രഭാഷണത്തിൽ സൂചിപ്പിച്ചു. അവൻ ഇങ്ങനെ പറഞ്ഞു: “കള്ളപ്രവാചകന്മാരെ സൂക്ഷിച്ചുകൊൾവിൻ; അവർ ആടുകളുടെ വേഷം പൂണ്ടു നിങ്ങളുടെ അടുക്കൽ വരുന്നു; അകമെയോ കടിച്ചുകീറുന്ന ചെന്നായ്ക്കൾ ആകുന്നു. അവരുടെ ഫലങ്ങളാൽ നിങ്ങൾക്കു അവരെ തിരിച്ചറിയാം; മുള്ളുകളിൽനിന്നു മുന്തിരിപ്പഴവും ഞെരിഞ്ഞിലുകളിൽനിന്നു അത്തിപ്പഴവും പറിക്കുമാറുണ്ടോ? നല്ല വൃക്ഷം ഒക്കെയും നല്ല ഫലം കായ്ക്കുന്നു; ആകാത്ത വൃക്ഷമോ ആകാത്ത ഫലം കായ്ക്കുന്നു. നല്ല വൃക്ഷത്തിന്നു ആകാത്ത ഫലവും ആകാത്ത വൃക്ഷത്തിന്നു നല്ല ഫലവും കായ്പാൻ കഴികയില്ല. നല്ല ഫലം കായ്ക്കാത്ത വൃക്ഷം ഒക്കെയും വെട്ടി തീയിൽ ഇടുന്നു. ആകയാൽ അവരുടെ ഫലത്താൽ നിങ്ങൾ അവരെ തിരിച്ചറിയും.” (മത്തായി 7:15-20) ആത്മീയമായി നാം ജാഗരൂകരായിരിക്കണമെന്ന് ഈ വാക്കുകൾ സൂചിപ്പിക്കുന്നു. ഒരു മതനേതാവിനെയോ മതവിഭാഗത്തെയോ ദൈവവും ക്രിസ്തുവും അംഗീകരിക്കുന്നുവെന്നു നാം കരുതിയേക്കാം, എന്നാൽ നാം തെറ്റിദ്ധരിക്കപ്പെടുകയാകും.
ജാഗരൂകരായിരിക്കേണ്ടതിന്റെ ആവശ്യം
ഒരു മതം ദൈവാംഗീകാരം ഉണ്ടെന്ന് അവകാശപ്പെടുകയും അതിന്റെ ശുശ്രൂഷകർ ബൈബിളിൽനിന്നുള്ള ഭാഗങ്ങൾ വായിക്കുകയും ചെയ്യുന്നുണ്ടെങ്കിലും അതു ദൈവത്തെ പ്രീതിപ്പെടുത്തുന്ന ആരാധനാ രൂപമാണെന്ന് അർഥമില്ല. അതിന്റെ നേതാക്കൾ ദൈവം തങ്ങളിലൂടെ പ്രവർത്തിക്കുകയായിരുന്നുവെന്നു തോന്നിക്കുന്ന മതിപ്പുളവാക്കുന്ന കാര്യങ്ങൾ ചെയ്യുന്നുവെന്നുപോലും വരാം. എന്നുവരികിലും, അപ്പോഴും അതു ദൈവത്തിനു സ്വീകാര്യമായ ഫലം പുറപ്പെടുവിക്കാത്ത വ്യാജമതമായിരിക്കാവുന്നതാണ്. മോശയുടെ നാളിൽ ഈജിപ്തിലെ ജാലവിദ്യാ പരിശീലകരായ പുരോഹിതന്മാർക്ക് മതിപ്പുളവാക്കുന്ന കാര്യങ്ങൾ ചെയ്യാൻ കഴിഞ്ഞു. എന്നാൽ തീർച്ചയായും അവർക്കു ദൈവാംഗീകാരമില്ലായിരുന്നു.—പുറപ്പാടു 7:8-22.
പണ്ടത്തെപ്പോലെ ഇന്നും അനേക മതങ്ങളും കൊലൊസ്സ്യർ 2:8.
സത്യമെന്നു ദൈവം പ്രഖ്യാപിക്കുന്ന കാര്യങ്ങളോടു പറ്റിനിൽക്കുന്നതിനു പകരം മാനുഷിക ആശയങ്ങളും തത്ത്വശാസ്ത്രങ്ങളും ഉന്നമിപ്പിക്കുന്നു. ആ സ്ഥിതിക്കു ബൈബിളിന്റെ ഈ മുന്നറിയിപ്പു വിശേഷിച്ചും ഉചിതമാണ്: “തത്വജ്ഞാനവും വെറും വഞ്ചനയുംകൊണ്ടു ആരും നിങ്ങളെ കവർന്നുകളയാതിരിപ്പാൻ സൂക്ഷിപ്പിൻ; അതു മനുഷ്യരുടെ സമ്പ്രദായത്തിന്നു ഒത്തവണ്ണം, ലോകത്തിന്റെ ആദ്യപാഠങ്ങൾക്കു ഒത്തവണ്ണം അല്ലാതെ ക്രിസ്തുവിന്നു ഒത്തവണ്ണമുള്ളതല്ല.”—നല്ലതും തീയതുമായ ഫലങ്ങളെക്കുറിച്ചു സംസാരിച്ചശേഷം യേശു ഇങ്ങനെ പറഞ്ഞു: “എന്നോടു കർത്താവേ, കർത്താവേ, എന്നു പറയുന്നവൻ ഏവനുമല്ല, സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവൻ അത്രേ സ്വർഗ്ഗരാജ്യത്തിൽ കടക്കുന്നതു. കർത്താവേ, കർത്താവേ, നിന്റെ നാമത്തിൽ ഞങ്ങൾ പ്രവചിക്കയും നിന്റെ നാമത്തിൽ ഭൂതങ്ങളെ പുറത്താക്കുകയും നിന്റെ നാമത്തിൽ വളരെ വീര്യപ്രവൃത്തികൾ പ്രവർത്തിക്കയും ചെയ്തില്ലയോ എന്നു പലരും ആ നാളിൽ എന്നോടു പറയും. അന്നു ഞാൻ അവരോടു: ഞാൻ ഒരുനാളും നിങ്ങളെ അറിഞ്ഞിട്ടില്ല; അധർമ്മം പ്രവർത്തിക്കുന്നവരേ, എന്നെ വിട്ടു പോകുവിൻ എന്നു തീർത്തുപറയും.”—മത്തായി 7:21-23.
ഫലങ്ങൾ പരിശോധിക്കുക
അപ്പോൾപ്പിന്നെ വ്യക്തമായും, ഒരു മതം ദൈവത്തിനു സ്വീകാര്യമാണെന്നു നിഗമനം ചെയ്യുന്നതിനുമുമ്പ് അതിന്റെ ഫലങ്ങൾ പരിശോധിക്കുന്നത് അത്യന്താപേക്ഷിതമാണ്. ഉദാഹരണത്തിന്, ആ മതം രാഷ്ട്രീയത്തിൽ ഉൾപ്പെടുന്നുണ്ടോ? അങ്ങനെയെങ്കിൽ യാക്കോബ് 4:4-ൽ രേഖപ്പെടുത്തിയിട്ടുള്ള ഈ വാക്കുകൾ ശ്രദ്ധിക്കുക: “ലോകത്തിന്റെ സ്നേഹിതൻ ആകുവാൻ ഇച്ഛിക്കുന്നവനെല്ലാം ദൈവത്തിന്റെ ശത്രുവായിത്തീരുന്നു.” കൂടാതെ, യേശു തന്റെ യഥാർഥ അനുഗാമികളെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ഞാൻ ലൌകികനല്ലാത്തതുപോലെ അവരും ലൌകികന്മാരല്ല.” (യോഹന്നാൻ 17:16) ദൈവദൃഷ്ടിയിൽ നല്ല മതം, അദൃശ്യ ആത്മജീവിയായ പിശാചായ സാത്താൻ എന്ന “ദുഷ്ടന്റെ അധീനതയിൽ കിടക്കുന്ന” ഈ ലോകത്തിന്റെ രാഷ്ട്രീയത്തിൽ ഉൾപ്പെടുന്നില്ല. (1 യോഹന്നാൻ 5:19) മറിച്ച്, ദൈവാംഗീകാരമുള്ള മതം യേശുക്രിസ്തുവിൻ കീഴിലുള്ള അവന്റെ രാജ്യത്തെ വിശ്വസ്തതാപൂർവം പ്രകീർത്തിക്കുകയും ആ സ്വർഗീയ ഗവൺമെൻറിനെക്കുറിച്ചുള്ള സുവാർത്ത പ്രഖ്യാപിക്കുകയും ചെയ്യുന്നു.—മർക്കൊസ് 13:10.
ഒരു മതം ഗവൺമെൻറിനെതിരെ അക്രമരഹിത സമരപ്രസ്ഥാനത്തിന് ആഹ്വാനം ചെയ്യുന്നുവെങ്കിൽ അതു ദൈവത്തിനു സ്വീകാര്യമായിരിക്കുമോ? പൗലോസ് അപ്പോസ്തലന്റെ പിൻവരുന്ന ബുദ്ധ്യുപദേശം നാം പിൻപറ്റുന്നെങ്കിൽ ഉത്തരം വ്യക്തമാണ്: “വാഴ്ചകൾക്കും അധികാരങ്ങൾക്കും കീഴടങ്ങി അനുസരിപ്പാനും സകലസൽപ്രവൃത്തിക്കും ഒരുങ്ങിയിരിപ്പാനും . . . അവരെ ഓർമ്മപ്പെടുത്തുക.” (തീത്തൊസ് 3:1, 2) തീർച്ചയായും, തന്റെ അനുഗാമികൾ “കൈസർക്കുള്ളതു കൈസർക്കും ദൈവത്തിന്നുള്ളതു ദൈവത്തിന്നും കൊടു”ക്കണമെന്ന് യേശു വ്യക്തമാക്കി.—മർക്കൊസ് 12:17.
ഒരു മതം രാഷ്ട്രങ്ങളുടെ യുദ്ധത്തിലുള്ള പങ്കുപറ്റലിനെ പ്രോത്സാഹിപ്പിക്കുന്നുവെന്നിരിക്കട്ടെ. ‘ഗുണം ചെയ്കയും സമാധാനം അന്വേഷിച്ചു പിന്തുടരുകയും ചെയ്യാൻ’ ഒന്നു പത്രൊസ് 3:11 നമ്മെ ഉദ്ബോധിപ്പിക്കുന്നു. ഒരു മതത്തിലെ അംഗങ്ങൾ മറ്റൊരു രാജ്യത്തിലെ തങ്ങളുടെ സഹ ആരാധകരെ യുദ്ധത്തിൽ കൊന്നൊടുക്കാൻ മനസ്സൊരുക്കം കാട്ടുന്നപക്ഷം അതിന് എങ്ങനെ ദൈവത്തെ പ്രീതിപ്പെടുത്താനാവും? ദൈവാംഗീകാരമുള്ള മതത്തിലെ അംഗങ്ങൾ അവന്റെ പ്രധാന ഗുണം—സ്നേഹം—പ്രതിഫലിപ്പിക്കുന്നു. മാത്രമല്ല, യേശു ഇങ്ങനെ പറഞ്ഞു: “നിങ്ങൾക്കു തമ്മിൽ തമ്മിൽ സ്നേഹം ഉണ്ടെങ്കിൽ നിങ്ങൾ എന്റെ ശിഷ്യന്മാർ എന്നു എല്ലാവരും അറിയും.” (യോഹന്നാൻ 13:35) രാഷ്ട്രങ്ങളുടെ യുദ്ധങ്ങളിൽ ഊട്ടിവളർത്തപ്പെടുന്ന അക്രമാസക്തമായ വിദ്വേഷവുമായി ആ സ്നേഹത്തിനു യാതൊരു സാമ്യവുമില്ല.
സത്യമതം യുദ്ധതത്പരരെ സമാധാനകാംക്ഷികളാക്കി മാറ്റുന്നു. അതു പിൻവരുന്ന വാക്കുകളിൽ മുൻകൂട്ടി പറയപ്പെട്ടിരുന്നു: “അവർ തങ്ങളുടെ വാളുകളെ കൊഴുക്കളായും കുന്തങ്ങളെ വാക്കത്തികളായും അടിച്ചുതീർക്കും; ജാതി ജാതിക്കു നേരെ വാളോങ്ങുകയില്ല; അവർ ഇനി യുദ്ധം അഭ്യസിക്കയും ഇല്ല.” (യെശയ്യാവു 2:4) വിദ്വേഷ വാക്കുകൾ ചൊരിയുന്നതിനു പകരം, സത്യാരാധന ആചരിക്കുന്നവർ ഈ കൽപ്പന അനുസരിക്കുന്നു: “കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം.”—മത്തായി 22:39.
സത്യമതം ആചരിക്കുന്നവർ അധാർമിക ജീവിതരീതി നിരാകരിച്ചുകൊണ്ടു യഹോവയാം ദൈവത്തിന്റെ ഉയർന്ന നിലവാരങ്ങൾക്കൊത്തവണ്ണം ജീവിക്കാൻ കിണഞ്ഞു പരിശ്രമിക്കുന്നു. “അന്യായം ചെയ്യുന്നവർ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു അറിയുന്നില്ലയോ? നിങ്ങളെത്തന്നേ വഞ്ചിക്കാതിരിപ്പിൻ; ദുർന്നടപ്പുകാർ, വിഗ്രഹാരാധികൾ, വ്യഭിചാരികൾ, സ്വയഭോഗികൾ, പുരുഷകാമികൾ, കള്ളന്മാർ, അത്യാഗ്രഹികൾ, മദ്യപന്മാർ, വാവിഷ്ഠാണക്കാർ, പിടിച്ചുപറിക്കാർ എന്നിവർ ദൈവരാജ്യം അവകാശമാക്കുകയില്ല. നിങ്ങളും ചിലർ ഈ വകക്കാരായിരുന്നു; എങ്കിലും നിങ്ങൾ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിലും നമ്മുടെ ദൈവത്തിന്റെ ആത്മാവിനാലും നിങ്ങളെത്തന്നേ കഴുകി ശുദ്ധീകരണവും നീതീകരണവും പ്രാപിച്ചിരിക്കുന്നു” എന്നു ദൈവവചനം പ്രസ്താവിക്കുന്നു.—1 കൊരിന്ത്യർ 6:9-11.
നിർണായക നടപടിക്കുള്ള ഒരു സമയം
വ്യാജാരാധനയും സത്യമതവും തമ്മിലുള്ള വ്യത്യാസങ്ങൾ വിവേചിച്ചറിയുന്നത് അത്യന്താപേക്ഷിതമാണ്. വെളിപ്പാടു പുസ്തകത്തിൽ വ്യാജമതലോകസാമ്രാജ്യത്തെ, “ഭൂമിയിലെ രാജാക്കന്മാരോടു വേശ്യാവൃത്തി ചെയ്ത” ഒരു പ്രതീകാത്മക വേശ്യയായ “മഹതിയാം ബാബിലോൻ” ആയി തിരിച്ചറിയിക്കുന്നു. രക്തപാതകമുള്ള അവൾ “തന്റെ വേശ്യാവൃത്തിയുടെ മ്ലേച്ഛതയും അശുദ്ധിയും നിറഞ്ഞ” ഒരു സ്വർണ പാനപാത്രം കയ്യിൽ പിടിച്ചിരിക്കുന്നു. (വെളിപ്പാടു 17:1-6) ദൈവത്തെ സംബന്ധിച്ചിടത്തോളം അവളിൽ സ്വീകാര്യയോഗ്യമായ യാതൊന്നുമില്ല.
നിർണായക നടപടിക്കുള്ള സമയമാണിത്. ഇപ്പോഴും മഹാബാബിലോനിലുള്ള ആത്മാർഥരായ ജനങ്ങൾക്കു നമ്മുടെ സ്നേഹവാനായ സ്രഷ്ടാവ് ഈ ക്ഷണം നൽകുന്നു: “എന്റെ ജനമായുള്ളോരേ, അവളുടെ പാപങ്ങളിൽ കൂട്ടാളികളാകാതെയും അവളുടെ ബാധകളിൽ ഓഹരിക്കാരാകാതെയുമിരിപ്പാൻ അവളെ വിട്ടുപോരുവിൻ.”—വെളിപ്പാടു 18:4.
ദൈവത്തെ പ്രീതിപ്പെടുത്തുന്ന മതം ആചരിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നപക്ഷം യഹോവയുടെ സാക്ഷികളുമായി കൂടുതൽ പരിചിതരാകരുതോ? കൂടെക്കൊടുത്തിരിക്കുന്ന ചാർട്ട് അവരുടെ വിശ്വാസങ്ങളിൽ ചിലതു തിരുവെഴുത്തുപരമായ കാരണങ്ങൾ സഹിതം പട്ടികപ്പെടുത്തിയിരിക്കുന്നു. സാക്ഷികളുടെ വിശ്വാസം ദൈവവചനവുമായി ഒത്തുപോകുന്നുവോ എന്നു നിങ്ങളുടെ ബൈബിളിൽ പരിശോധിക്കുക. സത്യാരാധനയിൽനിന്നു നിങ്ങൾ പ്രതീക്ഷിക്കുന്നതരം ഫലങ്ങൾ അവരുടെ മതം ഉളവാക്കുന്നുണ്ടോയെന്ന് അന്വേഷിച്ചു കണ്ടെത്തുക. ഉണ്ടെന്നു നിങ്ങൾ കണ്ടെത്തുന്നപക്ഷം ദൈവത്തെ പ്രീതിപ്പെടുത്തുന്ന മതം നിങ്ങൾ കണ്ടെത്തിയിരിക്കും.
[5-ാം പേജിലെ ചതുരം]
യഹോവയുടെ സാക്ഷികൾ വിശ്വസിക്കുന്നത്
വിശ്വാസം ബൈബിൾ അടിസ്ഥാനം
ദൈവത്തിന്റെ പേര് യഹോവ എന്നാണ് പുറപ്പാടു 6:3; സങ്കീർത്തനം 83:18
ബൈബിൾ ദൈവവചനമാണ് യോഹന്നാൻ 17:17; 2 തിമൊഥെയൊസ് 3:16, 17
യേശുക്രിസ്തു ദൈവപുത്രനാണ് മത്തായി 3:16, 17; യോഹന്നാൻ 14:28
മനുഷ്യവർഗം പരിണമിച്ചതല്ല മറിച്ച്, ഉല്പത്തി 1:27; 2:7
സൃഷ്ടിക്കപ്പെട്ടതാണ്
മനുഷ്യമരണത്തിനു കാരണം റോമർ 5:12
ആദ്യമനുഷ്യന്റെ പാപമാണ്
ദേഹി മരണത്തോടെ ഇല്ലാതാകുന്നു സഭാപ്രസംഗി 9:5, 10;
നരകം മനുഷ്യവർഗത്തിന്റെ ഇയ്യോബ് 14:13; വെളിപ്പാടു 20:13,
പൊതു ശവക്കുഴിയാണ് ജയിംസ് രാജാവിന്റെ ഭാഷാന്തരം
മരിച്ചവർക്കുള്ള പ്രത്യാശ യോഹന്നാൻ 5:28, 29; 11:25;
പുനരുത്ഥാനമാണ് പ്രവൃത്തികൾ 24:15
ക്രിസ്തു തന്റെ ഭൗമിക ജീവൻ അനുസരണമുള്ള മത്തായി 20:28; 1 പത്രൊസ് 2:24;
മനുഷ്യർക്കു മറുവിലയായി നൽകി 1 യോഹന്നാൻ 2:1, 2
പ്രാർഥനകൾ ക്രിസ്തുവിലൂടെ മത്തായി 6:9;
യഹോവയ്ക്കു മാത്രമേ അർപ്പിക്കാവൂ യോഹന്നാൻ 14:6, 13, 14
ധാർമികത സംബന്ധിച്ച ബൈബിൾ 1 കൊരിന്ത്യർ 6:9, 10
നിയമങ്ങൾ അനുസരിക്കണം
ആരാധനയിൽ പ്രതിമകൾ ഉപയോഗിക്കരുത് പുറപ്പാടു 20:4-6; 1 കൊരിന്ത്യർ 10:14
ആത്മവിദ്യ ഉപേക്ഷിക്കണം ആവർത്തനപുസ്തകം 18:10-12; ഗലാത്യർ 5:19-21
ശരീരത്തിലേക്കു രക്തം സ്വീകരിക്കരുത് ഉല്പത്തി 9:3, 4; പ്രവൃത്തികൾ 15:28, 29
യേശുവിന്റെ യഥാർഥ അനുഗാമികൾ യോഹന്നാൻ 15:19; 17:16; യാക്കോബ് 1:27; 4:4
ലോകത്തിൽനിന്നു വേർപെട്ടിരിക്കുന്നു
ക്രിസ്തീയ സാക്ഷികൾ യെശയ്യാവു 43:10-12;
സുവാർത്ത പ്രഖ്യാപിക്കുന്നു മത്തായി 24:14; 28:19, 20
സമ്പൂർണ ജലനിമജ്ജനത്താലുള്ള സ്നാപനം മർക്കൊസ് 1:9, 10; യോഹന്നാൻ 3:22;
ദൈവത്തോടുള്ള സമർപ്പണത്തെ പ്രതീകപ്പെടുത്തുന്നു പ്രവൃത്തികൾ 19:4, 5
മതപരമായ സ്ഥാനപ്പേരുകൾ ഇയ്യോബ് 32:21, 22; മത്തായി തിരുവെഴുത്തുവിരുദ്ധമാണ് 23:8-12
നാം “അന്ത്യകാല”ത്താണു ജീവിക്കുന്നത് ദാനീയേൽ 12:4; മത്തായി 24:3-14; 2 തിമൊഥെയൊസ് 3:1-5
ക്രിസ്തുവിന്റെ സാന്നിധ്യം അദൃശ്യമാണ് മത്തായി 24:3; യോഹന്നാൻ 14:19;
സാത്താനാണ് ഈ ലോകത്തിന്റെ യോഹന്നാൻ 12:31; 1 യോഹന്നാൻ 5:19
അദൃശ്യ ഭരണാധിപൻ
ദൈവം ഇപ്പോഴത്തെ ദുഷ്ടവ്യവസ്ഥിതിയെ ദാനീയേൽ 2:44;
നശിപ്പിക്കും വെളിപ്പാടു 16:14, 16; 18:1-8
ക്രിസ്തുവിന്റെ കീഴിലുള്ള ദൈവരാജ്യം യെശയ്യാവു 9:6, 7; ദാനീയേൽ 7:13, 14;
ഭൂമിയിൽ നീതിയിൽ ഭരണം നടത്തും മത്തായി 6:10
സ്വർഗത്തിൽ ക്രിസ്തുവിനോടൊപ്പം ഒരു ലൂക്കൊസ് 12:32; വെളിപ്പാടു 14: ‘ചെറിയ ആട്ടിൻകൂട്ടം’ ഭരണം നടത്തും 1-4; 20:4
ദൈവാംഗീകാരമുള്ള മറ്റുള്ളവർ ഒരു ലൂക്കൊസ് 23:43; യോഹന്നാൻ പറുദീസാ ഭൂമിയിൽ 3:16;
നിത്യജീവൻ അവകാശമാക്കും വെളിപ്പാടു 21:1-5
[4-ാം പേജിലെ ചിത്രം]
മതവിചാരണക്കാലത്ത് ആയിരങ്ങൾ കൊലചെയ്യപ്പെട്ടു
[6-ാം പേജിലെ ചിത്രം]
കുരിശുയുദ്ധം ഭയാനകമായ രക്തച്ചൊരിച്ചിലിൽ കലാശിച്ചു
[7-ാം പേജിലെ ചിത്രം]
സത്യമതം അതിന്റെ നല്ല ഫലങ്ങളാൽ അറിയപ്പെടുന്നു
[2-ാം പേജിലെ ചിത്രത്തിന് കടപ്പാട]
Cover: Garo Nalbandian