തിരികെ പൊടിയിലേക്ക്—എങ്ങനെ?
തിരികെ പൊടിയിലേക്ക്—എങ്ങനെ?
“നീ പൊടിയാകുന്നു, പൊടിയിൽ തിരികെ ചേരും.” ആ വാക്കുകൾ കേട്ടപ്പോൾ, തനിക്ക് എന്തു പ്രതീക്ഷിക്കാൻ കഴിയുമെന്ന് ആദ്യ മനുഷ്യനായ ആദാമിന് അറിയാമായിരുന്നു. അവനെ ഉണ്ടാക്കിയതു നിലത്തെ പൊടിയിൽനിന്നായിരുന്നു, അവൻ പൊടിയിലേക്കുതന്നെ തിരികെ പോകുമായിരുന്നു. തന്റെ സ്രഷ്ടാവായ യഹോവയാം ദൈവത്തോട് അനുസരണക്കേടു കാണിച്ചതു നിമിത്തം അവൻ മരിക്കുമായിരുന്നു.—ഉല്പത്തി 2:7, 15-17; 3:17-19.
യെഹെസ്കേൽ 18:4; സങ്കീർത്തനം 103:14) മരണം ജനകോടികളെ ദുഃഖത്തിലാഴ്ത്തിയിട്ടുണ്ട്. മാത്രമല്ല, മരിച്ചവരെ സംസ്കരിക്കുന്നതു സംബന്ധിച്ച ചോദ്യങ്ങൾ ആവർത്തിച്ചാവർത്തിച്ച് ഉന്നയിക്കുകയും ചെയ്തിട്ടുണ്ട്.
മനുഷ്യരെ പൊടികൊണ്ടാണു നിർമിച്ചിരിക്കുന്നതെന്നു ബൈബിൾ പ്രകടമാക്കുന്നു. അത് ഇങ്ങനെയും പറയുന്നു: “പാപം ചെയ്യുന്ന ദേഹി മരിക്കും.” (കഴിഞ്ഞകാലത്തെയും ഇന്നത്തെയും ആചാരങ്ങൾ
പുരാതന കാലത്തെ ദൈവജനത്തിന്റെ ഇടയിൽ മരിച്ചവരെ എങ്ങനെയാണു സംസ്കരിച്ചിരുന്നത്? നിലത്തു കുഴിച്ചിടുന്നത് ഉൾപ്പെടെ, ശവശരീരങ്ങൾ മറവു ചെയ്യുന്നതു സംബന്ധിച്ച അനേകം വിധങ്ങൾ ബൈബിൾ അതിന്റെ ആദ്യ ഭാഗത്തു പരാമർശിക്കുന്നുണ്ട്. (ഉല്പത്തി 35:8) ഗോത്രപിതാവായ അബ്രഹാമിനെയും അവന്റെ ഭാര്യ സാറായെയും അതുപോലെതന്നെ അവരുടെ പുത്രനായ യിസ്ഹാക്കിനെയും പൗത്രനായ യാക്കോബിനെയും മാക്പേലാ ഗുഹയിലാണ് അടക്കം ചെയ്തത്. (ഉല്പത്തി 23:2, 19; 25:9; 49:30, 31; 50:13) ഇസ്രായേല്യ ന്യായാധിപന്മാരായ ഗിദെയോനെയും ശിംശോനെയും ‘അവരുടെ അപ്പന്മാരുടെ ശ്മശാനസ്ഥലത്താണ്’ അടക്കിയത്. (ന്യായാധിപന്മാർ 8:32; 16:31) കുടുംബ ശ്മശാനസ്ഥലങ്ങൾ ഉണ്ടായിരിക്കാൻ പുരാതന ദൈവജനം ഇഷ്ടപ്പെട്ടിരുന്നതായി ഇതു സൂചിപ്പിക്കുന്നു. പൊ.യു. ഒന്നാം നൂറ്റാണ്ടിൽ യേശുക്രിസ്തു മരിച്ചപ്പോൾ, പുതുതായി പാറ കൊത്തിയുണ്ടാക്കിയ ഒരു ശവക്കല്ലറയിലാണ് അവന്റെ ജഡം വെച്ചത്. (മത്തായി 27:57-60) പൊതുവേ, ശവശരീരങ്ങൾ മണ്ണിൽ കുഴിച്ചിട്ടിരുന്നു അല്ലെങ്കിൽ കല്ലറയിൽ അടക്കിയിരുന്നു. ലോകമെമ്പാടും മിക്ക സ്ഥലങ്ങളിലും ഈ ആചാരം തന്നെയാണ് ഇപ്പോഴുമുള്ളത്.
എന്നാൽ, ഇന്നു ലോകത്തിന്റെ ചില ഭാഗങ്ങളിൽ സ്ഥലത്തിന്റെ കാര്യമായ അപര്യാപ്തതയും സ്ഥലത്തിന്റെ ഉയർന്ന വിലയും ശ്മശാനസ്ഥലങ്ങൾ ലഭിക്കുക കൂടുതൽ ദുഷ്കരമാക്കിത്തീർക്കുന്നു. അതുകൊണ്ട് മനുഷ്യ ശവശരീരങ്ങൾ സംസ്കരിക്കുന്നതിനുള്ള മറ്റു മാർഗങ്ങളെക്കുറിച്ചു ചിലർ ചിന്തിക്കുകയാണ്.
മനുഷ്യ ശവശരീരങ്ങൾ ദഹിപ്പിച്ചതിനുശേഷം ചാരം വിതറുന്നതു കൂടുതൽ സാധാരണമായിവരികയാണ്. ഇംഗ്ലണ്ടിൽ ഇപ്പോൾ 40 ശതമാനം ശവശരീരങ്ങളും ഈ വിധത്തിലാണു സംസ്കരിക്കുന്നത്. നഗരപ്രദേശങ്ങളിൽ 80 ശതമാനത്തിലധികം മൃതശരീരങ്ങളും ദഹിപ്പിക്കുന്ന സ്വീഡനിൽ അവയുടെ ചാരം വിതറുന്നതിനായി ചില വനപ്രദേശങ്ങൾ വേർതിരിച്ചിരിക്കുന്നു. ചൈനയിലെ ഷാംഗായിയിലും സമുദ്രതീരത്തുള്ള മറ്റു പട്ടണങ്ങളിലും വർഷത്തിൽ പല തവണ വൻതോതിലുള്ള ചാരം വിതറൽ, നഗരഭരണകൂടങ്ങൾ ഏറ്റെടുത്തു നടത്തുന്നു.
ചാരം എവിടെ വിതറാൻ കഴിയും? അതു തോന്നുന്ന ഏതു സ്ഥലത്തും പാടില്ല. ചാരം വിതറുന്നതു പരിസ്ഥിതിക്കു ദോഷകരമാണെന്നു ചിലർ ഭയപ്പെട്ടേക്കാം. പക്ഷേ, സാംക്രമിക രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത ദഹിപ്പിക്കുന്നതിലൂടെ ഇല്ലാതാകുന്നു എന്നതാണു വാസ്തവം. ഇംഗ്ലണ്ടിലെ ചില ശ്മശാനങ്ങളും ഐക്യനാടുകളിലെ സ്മാരക പാർക്കുകളും, ചാരം വിതറുന്നതിനുള്ള സ്ഥലങ്ങളായി പുൽപ്പുറങ്ങളോ പൂങ്കാവനങ്ങളോ മാറ്റിവെക്കുന്നു. തീർച്ചയായും, ക്രിസ്ത്യാനികൾ ശവദാഹവും ചാരം വിതറലും സംബന്ധിച്ചുള്ള തിരുവെഴുത്തുപരമായ വീക്ഷണത്തിൽ പ്രത്യേകിച്ചു താത്പരരാണ്.
തിരുവെഴുത്തുപരമായ വീക്ഷണം എന്ത്?
“ബാബേൽരാജാവിനെ”തിരെയുള്ള ഒരു അരുളപ്പാടിൽ പ്രവാചകനായ യെശയ്യാവു ഇങ്ങനെ പറഞ്ഞു: “നിന്നെയോ . . . നിന്റെ കല്ലറയിൽനിന്നു എറിഞ്ഞുകളഞ്ഞിരിക്കുന്നു.” (യെശയ്യാവു 14:4, 19) അത്തരമൊരു അപമാനത്തോടു ചാരം വിതറുന്നതിനെ താരതമ്യം ചെയ്യാൻ സാധിക്കുമോ? ഇല്ല. കാരണം, അവിടെ ശവദാഹത്തെപ്പറ്റിയോ അതിന്റെ ഫലമായുണ്ടാകുന്ന ചാരം സൂക്ഷിച്ചുവെക്കുകയോ വിതറുകയോ ചെയ്യുന്നതിനെപ്പറ്റിയോ യാതൊരു പരാമർശവുമില്ല.
യേശുക്രിസ്തുവിന്റെ സഹസ്രാബ്ദ ഭരണകാലത്തു നടക്കാൻ പോകുന്ന മരിച്ചവരുടെ ഭൗമിക പുനരുത്ഥാനത്തെക്കുറിച്ച് അവൻ സംസാരിക്കുകയുണ്ടായി. അവൻ പറഞ്ഞു: ‘കല്ലറകളിൽ ഉള്ളവർ എല്ലാവരും [എന്റെ] ശബ്ദം കേട്ട് പുനരുത്ഥാനം ചെയ്യും.’ (യോഹന്നാൻ 5:28, 29) എന്നിരുന്നാലും, ഒരു വ്യക്തിയെ ഉയിർപ്പിക്കുന്നതിന് ഒരു പ്രത്യേക കല്ലറ ആവശ്യമില്ലെന്ന സംഗതി പുനരുത്ഥാനത്തെക്കുറിച്ചുള്ള മറ്റൊരു പ്രാവചനിക വിവരണത്തിൽനിന്നു വ്യക്തമാകുന്നു. വെളിപ്പാടു 20:13 ഇങ്ങനെ പ്രസ്താവിക്കുന്നു: “സമുദ്രം തന്നിലുള്ള മരിച്ചവരെ ഏല്പിച്ചുകൊടുത്തു; മരണവും പാതാളവും തന്നിലുള്ള മരിച്ചവരെ ഏല്പിച്ചുകൊടുത്തു.” അതുകൊണ്ട് ഒരു വ്യക്തി എവിടെവെച്ച്, എങ്ങനെ ‘പൊടിയിലേക്കു മടങ്ങുന്നു’ എന്നുള്ളതല്ല, മറിച്ച് ദൈവം അയാളെ ഓർക്കുന്നുണ്ടോ, അയാൾ പുനരുത്ഥാനം പ്രാപിക്കുന്നുണ്ടോ എന്നതാണു പ്രധാനം. (ഇയ്യോബ് 14:13-15; ലൂക്കൊസ് 23:42, 43 താരതമ്യം ചെയ്യുക.) ആളുകളെ ഓർമിക്കാൻ തന്നെ സഹായിക്കുന്നതിനു പ്രൗഢമായ ശവക്കല്ലറകളൊന്നും യഹോവയ്ക്കു നിശ്ചയമായും ആവശ്യമില്ല. ശവദാഹം ഒരു വ്യക്തിയുടെ പുനരുത്ഥാനത്തെ തടയുന്നുമില്ല. ചാരം വിതറുന്നതു നല്ല ആന്തരത്തോടെ, വ്യാജ മതചടങ്ങുകളൊന്നും കൂടാതെ, ആണെങ്കിൽ അതു തിരുവെഴുത്തുകൾക്കു വിരുദ്ധമായിരിക്കുകയില്ല.
ചാരം വിതറുന്നതിന് അനുകൂലമായി തീരുമാനം ചെയ്യുന്നവർ ദേശത്തെ നിയമത്തിനു ശ്രദ്ധ കൊടുക്കേണ്ടതുണ്ട്. അവർ സന്തപ്ത കുടുംബാംഗങ്ങളുടെയും മറ്റുള്ളവരുടെയും വികാരങ്ങൾ കണക്കിലെടുക്കുന്നതും ഉചിതമായിരിക്കും. ഇക്കാര്യത്തിൽ തങ്ങളുടെ തിരുവെഴുത്തുപരമായ സ്വാതന്ത്ര്യം പ്രയോഗിക്കുമ്പോൾ ക്രിസ്ത്യാനികൾ വഹിക്കുന്ന സത്പേരിന്മേൽ നിന്ദ വരുത്താതിരിക്കാൻ യഹോവയുടെ ദാസന്മാർ ശ്രദ്ധിക്കുന്നതു പ്രയോജനകരമാണ്. ശവദാഹവും ചാരം വിതറലും നിയമപരമായി അനുവദനീയമാണെങ്കിലും, സമൂഹത്തിൽ അവയ്ക്കു പൂർണമായ അംഗീകാരം ലഭിക്കാത്ത ദേശങ്ങളിൽ ഇതു വിശേഷാൽ പ്രധാനമാണ്. തീർച്ചയായും, ഒരു ക്രിസ്ത്യാനി മനുഷ്യ ദേഹിയുടെ അമർത്ത്യതയിലുള്ള വിശ്വാസത്തിൽ അധിഷ്ഠിതമായ അനുഷ്ഠാനങ്ങളിൽനിന്ന് അല്ലെങ്കിൽ ആചാരങ്ങളിൽനിന്ന് അകന്നുനിൽക്കും.
ശ്മശാനത്തിൽനിന്നുള്ള സമ്പൂർണ സ്വാതന്ത്ര്യം!
ചാരം വിതറുന്നതിനെ അനുകൂലിക്കുന്ന ചിലർ പറയുന്നത് ശ്മശാനങ്ങളിലെ ശവമടക്കിൽനിന്നുള്ള സ്വാതന്ത്ര്യത്തെ അത് അർഥമാക്കുന്നുവെന്നാണ്. എന്നാൽ, ഏറ്റവുമധികം ആശ്വാസം കൈവരുത്തുന്നത് “ഒടുക്കത്തെ ശത്രുവായിട്ടു മരണം നീങ്ങിപ്പോകും” എന്ന ബൈബിൾ വാഗ്ദത്തത്തിന്റെ നിവൃത്തിയായിരിക്കും.—1 കൊരിന്ത്യർ 15:24-28.
അതിന്റെ അർഥം കല്ലറകളും കുഴിമാടങ്ങളും ശവദാഹവും ചാരം വിതറലുമെല്ലാം ഗതകാല കാര്യങ്ങളായിത്തീരും എന്നാണ്. അതേ, മേലാൽ മരണം ഉണ്ടായിരിക്കയില്ല. ദിവ്യ നിശ്വസ്തതയിൽ അപ്പോസ്തലനായ യോഹന്നാൻ ഇങ്ങനെ എഴുതി: “സിംഹാസനത്തിൽനിന്നു ഒരു മഹാശബ്ദം പറയുന്നതായി ഞാൻ കേട്ടതു: ഇതാ, മനുഷ്യരോടുകൂടെ ദൈവത്തിന്റെ കൂടാരം; അവൻ അവരോടുകൂടെ വസിക്കും; അവർ അവന്റെ ജനമായിരിക്കും; ദൈവം താൻ അവരുടെ ദൈവമായി അവരോടുകൂടെ ഇരിക്കും. അവൻ അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും. ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല; ഒന്നാമത്തേതു കഴിഞ്ഞുപോയി.”—വെളിപ്പാടു 21:3-5.
ആദാമിന്റെ പാപത്തിന്റെ ഫലമായുണ്ടായ മനുഷ്യ മരണം ദൈവരാജ്യത്തിൻ കീഴിൽ പൂർണമായി ഇല്ലാതാക്കപ്പെടുമ്പോൾ ഇതെല്ലാം യാഥാർഥ്യമായിത്തീരും. ആ സമയത്ത് അനുസരണമുള്ള മനുഷ്യവർഗത്തിനു പൊടിയിലേക്കു മടങ്ങിപ്പോകുന്നതിനുള്ള പ്രതീക്ഷ ഉണ്ടായിരിക്കുകയില്ല.
[29-ാം പേജിലെ ചിത്രങ്ങൾ]
മനുഷ്യ മൃതാവശിഷ്ടങ്ങൾ മറവു ചെയ്യുന്ന സാധാരണ രീതികൾ
[31-ാം പേജിലെ ചിത്രം]
ജപ്പാനിലെ സഗാമി ഉൾക്കടലിൽ ചാരം വിതറുന്നു
[ചിത്രത്തിന്റെ കടപ്പാട്]
Courtesy of Koueisha, Tokyo