യഹോവ നിങ്ങളോടു നന്മ കാണിക്കുമാറാകട്ടെ
യഹോവ നിങ്ങളോടു നന്മ കാണിക്കുമാറാകട്ടെ
‘ഇതു എനിക്കായി ഓർക്കേണമേ . . . എന്റെ ദൈവമേ, ഇതു എനിക്കു നന്മെക്കായിട്ടു ഓർക്കേണമേ.’—നെഹെമ്യാവു 13:22, 31.
1. യഹോവയോടു നല്ലൊരു കണക്കു ബോധിപ്പിക്കാൻ ദൈവത്തിനു സമർപ്പിതരായിരിക്കുന്നവരെ സഹായിക്കുന്നതെന്ത്?
ദൈവത്തിനു നല്ലൊരു കണക്കു നൽകാനാവശ്യമായ എല്ലാ സഹായങ്ങളും യഹോവയുടെ ദാസന്മാർക്കുണ്ട്. എന്തുകൊണ്ട്? കാരണം, ദൈവത്തിന്റെ ഭൗമിക സ്ഥാപനത്തിന്റെ ഭാഗമെന്നനിലയിൽ, അവർക്ക് അവനുമായി ഒരു അടുത്ത ബന്ധമുണ്ട്. അവൻ അവർക്കു തന്റെ ഉദ്ദേശ്യങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നു, അവൻ അവർക്കു തന്റെ പരിശുദ്ധാത്മാവു മുഖാന്തരം സഹായവും ആത്മീയ ഉൾക്കാഴ്ചയും പ്രദാനം ചെയ്തിരിക്കുന്നു. (സങ്കീർത്തനം 51:11; 119:105; 1 കൊരിന്ത്യർ 2:10-13) ഈ പ്രത്യേക സാഹചര്യങ്ങൾ കണക്കിലെടുത്തുകൊണ്ട്, തങ്ങൾ എന്തായിരിക്കുന്നു എന്നതിനെയും അവന്റെ ശക്തിയിലും അവന്റെ പരിശുദ്ധാത്മാവിന്റെ സഹായത്തിലും തങ്ങൾ എന്തു നിവർത്തിക്കുന്നു എന്നതിനെയും പ്രതി തങ്ങളെക്കുറിച്ചുതന്നെ തന്നോടു കണക്കു ബോധിപ്പിക്കാൻ യഹോവ സ്നേഹപൂർവം തന്റെ ഭൗമിക ദാസന്മാരോട് ആഹ്വാനം ചെയ്യുന്നു.
2. (എ) നെഹെമ്യാവ് തന്നെക്കുറിച്ചുതന്നെ ദൈവത്തോട് ഏതെല്ലാം വിധങ്ങളിൽ നല്ലൊരു കണക്കു ബോധിപ്പിച്ചു? (ബി) തന്റെ നാമം വഹിക്കുന്ന ബൈബിൾ പുസ്തകം എന്ത് അഭ്യർഥനയോടെയാണു നെഹെമ്യാവ് ഉപസംഹരിക്കുന്നത്?
2 തന്നെക്കുറിച്ചുതന്നെ ദൈവത്തിനു നല്ലൊരു കണക്കു ബോധിപ്പിച്ച വ്യക്തിയായിരുന്നു പേർഷ്യൻ രാജാവായ അർത്ഥഹ്ശഷ്ടാവിന്റെ (ലോംഗിമാനസ്) പാനപാത്രവാഹകനായ നെഹെമ്യാവ്. (നെഹെമ്യാവു 2:1) യഹൂദരുടെ ഗവർണറായിത്തീർന്ന നെഹെമ്യാവ് ശത്രുക്കളെയും അപകടങ്ങളെയും തൃണവത്ഗണിച്ചുകൊണ്ടു യെരുശലേമിന്റെ മതിൽ പുനർനിർമിച്ചു. സത്യാരാധനയോടു തീക്ഷ്ണതയുണ്ടായിരുന്നതുകൊണ്ട്, അവൻ ദൈവത്തിന്റെ ന്യായപ്രമാണം പ്രാബല്യത്തിൽ വരുത്തുകയും മർദിതരോടു താത്പര്യം കാണിക്കുകയും ചെയ്തു. (നെഹെമ്യാവു 5:14-19) തങ്ങളെത്തന്നെ പതിവായി ശുദ്ധീകരിക്കാനും കവാടത്തിങ്കൽ കാവൽനിൽക്കാനും ശബത്തു നാളിനെ ശുദ്ധീകരിക്കാനും നെഹെമ്യാവ് ലേവ്യരെ പ്രോത്സാഹിപ്പിച്ചു. അതുകൊണ്ട് അവന് ഇങ്ങനെ പ്രാർഥിക്കാൻ സാധിച്ചു: “എന്റെ ദൈവമേ, ഇതുവും എനിക്കായി ഓർത്തു നിന്റെ മഹാദയപ്രകാരം എന്നോടു കനിവു തോന്നേണമേ.” ഉചിതമായി, “എന്റെ ദൈവമേ, ഇതു എനിക്കു നന്മെക്കായിട്ടു ഓർക്കേണമേ” എന്ന അപേക്ഷയോടെയാണു ദിവ്യനിശ്വസ്തമായ തന്റെ പുസ്തകം നെഹെമ്യാവ് ഉപസംഹരിക്കുന്നത്.—നെഹെമ്യാവു 13:22, 31.
3. (എ) നന്മ ചെയ്യുന്ന ഒരു വ്യക്തിയെ നിങ്ങൾ എങ്ങനെ വർണിക്കും? (ബി) നെഹെമ്യാവിന്റെ ഗതിയെക്കുറിച്ചു ചിന്തിക്കുന്നതു നമ്മോടുതന്നെ ഏതെല്ലാം ചോദ്യങ്ങൾ ചോദിക്കാൻ നമ്മെ പ്രേരിപ്പിച്ചേക്കാം?
3 നല്ലതു പ്രവർത്തിക്കുന്ന വ്യക്തി സത്ഗുണമുള്ളവനാണ്, മറ്റുള്ളവർക്കു പ്രയോജനം ചെയ്യുന്ന നേരുള്ള പ്രവൃത്തികളിൽ അയാൾ ഏർപ്പെടുന്നു. നെഹെമ്യാവ് അത്തരത്തിലുള്ള ഒരു മനുഷ്യനായിരുന്നു. അവനു ദൈവത്തോടു ഭക്ത്യാദരവു കലർന്ന ഭയം മാത്രമല്ല സത്യാരാധനയ്ക്കായി വലിയ തീക്ഷ്ണതയുമുണ്ടായിരുന്നു. തന്നെയുമല്ല, ദൈവസേവനത്തിലെ തന്റെ പദവികൾക്കായി അവൻ നന്ദിയുള്ളവനായിരുന്നു. തന്നെക്കുറിച്ചുതന്നെയുള്ള നല്ലൊരു കണക്ക് അവൻ യഹോവയ്ക്കു നൽകുകയും ചെയ്തു. അവന്റെ പ്രവർത്തനഗതിയെക്കുറിച്ചു ചിന്തിക്കുന്നത്, ‘ദൈവദത്തമായ എന്റെ പദവികളെയും ഉത്തരവാദിത്വങ്ങളെയും ഞാൻ എങ്ങനെ വീക്ഷിക്കുന്നു? എന്നെക്കുറിച്ചുതന്നെ എങ്ങനെയുള്ള ഒരു കണക്കാണു ഞാൻ യഹോവയ്ക്കും യേശുക്രിസ്തുവിനും നൽകുന്നത്?’ എന്നിങ്ങനെ സ്വയം ചോദിക്കാൻ നമ്മെ പ്രേരിപ്പിച്ചേക്കാം.
അറിവു നമ്മെ കണക്കു ബോധിപ്പിക്കേണ്ടവരാക്കുന്നു
4. തന്റെ അനുഗാമികൾക്കു യേശു എന്തു നിയോഗമാണു നൽകിയത്, ‘നിത്യജീവനായി ശരിയായ മനോനില’ പ്രകടമാക്കിയവർ എന്തു ചെയ്തു?
4 യേശു തന്റെ അനുഗാമികൾക്ക് ഈ നിയോഗം നൽകി: “നിങ്ങൾ പുറപ്പെട്ടു, . . . സ്നാനം കഴിപ്പിച്ചും ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു [‘പഠിപ്പിച്ചുകൊണ്ട്,’ NW] സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ.” (മത്തായി 28:19, 20) പഠിപ്പിക്കുന്നതിലൂടെയായിരുന്നു ശിഷ്യന്മാരെ ഉളവാക്കേണ്ടിയിരുന്നത്. ഇപ്രകാരം പഠിപ്പിക്കപ്പെടുകയും “നിത്യജീവനായി ശരിയായ മനോനില” പ്രകടമാക്കുകയും ചെയ്തവർ യേശു ചെയ്തതുപോലെ സ്നാപനമേറ്റു. (പ്രവൃത്തികൾ 13:48, NW; മർക്കൊസ് 1:9-11) അവൻ കൽപ്പിച്ച എല്ലാ കാര്യങ്ങളും ചെയ്യുന്നതിനുള്ള അവരുടെ ആഗ്രഹം ഹൃദയത്തിൽനിന്നു വരുമായിരുന്നു. ദൈവവചനത്തിലെ സൂക്ഷ്മപരിജ്ഞാനം ഉൾക്കൊള്ളുകയും ബാധകമാക്കുകയും ചെയ്തുകൊണ്ടു സമർപ്പണമെന്ന ഘട്ടത്തോളം അവർ എത്തുമായിരുന്നു.—യോഹന്നാൻ 17:3.
5, 6. യാക്കോബ് 4:17 നാം എങ്ങനെയാണു മനസ്സിലാക്കേണ്ടത്? അതിന്റെ പ്രയുക്തത ദൃഷ്ടാന്തീകരിക്കുക.
5 തിരുവെഴുത്തുപരമായ നമ്മുടെ അറിവ് എത്ര ആഴമുള്ളതായിരിക്കുന്നുവോ അത്രയും നല്ലതായിരിക്കും നമ്മുടെ വിശ്വാസത്തിന്റെ അടിത്തറ. അതേസമയം, നാം ദൈവത്തോടു കൂടുതലായി കണക്കു ബോധിപ്പിക്കേണ്ടവരായും മാറുന്നു. “നന്മ ചെയ്വാനറിഞ്ഞിട്ടും ചെയ്യാത്തവന്നു അതു പാപം തന്നേ” എന്നു യാക്കോബ് 4:17 പറയുന്നു. വ്യക്തമായും ഈ പ്രസ്താവന, ദൈവത്തെ പൂർണമായി ആശ്രയിക്കുന്നതിനു പകരം അഹങ്കരിക്കുന്നതിനെക്കുറിച്ചു ശിഷ്യനായ യാക്കോബ് പറഞ്ഞതു സംബന്ധിച്ചുള്ള ഒരു നിഗമനമാണ്. യഹോവയുടെ സഹായമില്ലാതെ, നിലനിൽക്കുന്ന യാതൊന്നും തനിക്കു നിവർത്തിക്കാൻ സാധിക്കില്ല എന്ന് ഒരു വ്യക്തിക്ക് അറിയാമായിരുന്നിട്ടും അതനുസരിച്ച് അയാൾ പ്രവർത്തിക്കുന്നില്ലെങ്കിൽ, അതു പാപമാണ്. ചെയ്യേണ്ടതു ചെയ്യാതെപോയതു സംബന്ധിച്ചുള്ള പാപങ്ങൾക്കും യാക്കോബിന്റെ വാക്കുകൾ പ്രയുക്തമാക്കാൻ കഴിയും. ഉദാഹരണത്തിന്, ചെമ്മരിയാടുകളെയും കോലാടുകളെയും സംബന്ധിച്ച യേശുവിന്റെ ഉപമയിൽ, കോലാടുകൾ കുറ്റംവിധിക്കപ്പെടുന്നു, ദുഷ്പ്രവൃത്തികൾ നിമിത്തമല്ല, പിന്നെയോ ക്രിസ്തുവിന്റെ സഹോദരന്മാരെ സഹായിക്കാതിരുന്നതു നിമിത്തമാണ്.—മത്തായി 25:41-46.
6 യഹോവയുടെ സാക്ഷികൾ ബൈബിളധ്യയനം നടത്തിക്കൊണ്ടിരുന്ന ഒരു മനുഷ്യൻ കാര്യമായ ആത്മീയ പുരോഗതിയൊന്നും വരുത്തുന്നുണ്ടായിരുന്നില്ല. പ്രത്യക്ഷത്തിൽ അതിന്റെ കാരണം പുകവലി ഉപേക്ഷിക്കണമെന്ന് അറിയാമായിരുന്നിട്ടും അയാൾ അതു ചെയ്യാത്തതായിരുന്നു. യാക്കോബ് 4:17 വായിക്കാൻ ഒരു മൂപ്പൻ അയാളോട് ആവശ്യപ്പെട്ടു. ആ തിരുവെഴുത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു വിശദീകരിച്ചശേഷം ആ മൂപ്പൻ ഇങ്ങനെ പറഞ്ഞു: “സ്നാപനമേറ്റിട്ടില്ലെങ്കിലും, നിങ്ങൾ കണക്കു ബോധിപ്പിക്കേണ്ടിവരും. നിങ്ങളുടെ തീരുമാനത്തിന്റെ പൂർണ ഉത്തരവാദിത്വം വഹിക്കേണ്ടതായും വരും.” സന്തോഷകരമെന്നു പറയട്ടെ, ആ മനുഷ്യൻ പ്രതികരിക്കുകയും പുകവലി നിർത്തുകയും ചെയ്തു. താമസിയാതെ, യഹോവയാം ദൈവത്തിനുള്ള തന്റെ സമർപ്പണത്തിന്റെ പ്രതീകമായി സ്നാപനത്തിനു യോഗ്യത നേടുകയും ചെയ്തു.
നമ്മുടെ ശുശ്രൂഷ സംബന്ധിച്ചു കണക്കു ബോധിപ്പിക്കേണ്ടവർ
7. “ദൈവപരിജ്ഞാന”ത്തോടുള്ള കൃതജ്ഞത പ്രകടിപ്പിക്കുന്നതിനുള്ള ഒരു മാർഗം ഏതാണ്?
7 നമ്മുടെ ഹൃദയംഗമമായ ആഗ്രഹം നമ്മുടെ സ്രഷ്ടാവിനെ പ്രസാദിപ്പിക്കുക എന്നതായിരിക്കണം. “ദൈവപരിജ്ഞാന”ത്തോടുള്ള നമ്മുടെ കൃതജ്ഞത പ്രകടിപ്പിക്കുന്നതിനുള്ള ഒരു മാർഗം അവന്റെ പുത്രനായ യേശുക്രിസ്തുവിന്റെ ശിഷ്യരെ ഉളവാക്കുകയെന്ന നിയോഗം നിറവേറ്റുന്നതാണ്. ദൈവത്തോടും അയൽക്കാരനോടുമുള്ള നമ്മുടെ സ്നേഹം പ്രകടിപ്പിക്കുന്നതിനുള്ള ഒരു മാർഗം കൂടിയാണിത്. (സദൃശവാക്യങ്ങൾ 2:1-5, NW; മത്തായി 22:35-40) അതേ, ദൈവത്തെ സംബന്ധിച്ച നമ്മുടെ അറിവ് നമ്മെ അവനോടു കണക്കു ബോധിപ്പിക്കേണ്ടവരാക്കുന്നു. ശിഷ്യരാകാൻ സാധ്യതയുള്ളവരായി നാം നമ്മുടെ സഹമനുഷ്യരെ വീക്ഷിക്കേണ്ടതുണ്ട്.
8. തന്റെ ശുശ്രൂഷ സംബന്ധിച്ചു പൗലോസിനു ദൈവത്തോടു കണക്കു ബോധിപ്പിക്കേണ്ടതായി തോന്നി എന്നു നമുക്കു പറയാൻ കഴിയുന്നത് എന്തുകൊണ്ട്?
8 പൂർണ ഹൃദയത്തോടെ സുവാർത്ത സ്വീകരിക്കുന്നതും അതിനോട് അനുസരണം കാണിക്കുന്നതും രക്ഷയിൽ കലാശിക്കുമെന്നും എന്നാൽ അതു തള്ളിക്കളയുന്നതു നാശം കൈവരുത്തുമെന്നും അപ്പോസ് തലനായ പൗലോസിന് അറിയാമായിരുന്നു. (2 തെസ്സലൊനീക്യർ 1:6-8) അതുകൊണ്ട് തന്റെ ശുശ്രൂഷ സംബന്ധിച്ചു യഹോവയോടു കണക്കു ബോധിപ്പിക്കേണ്ടവനാണു താനെന്ന് അവനു തോന്നി. വാസ്തവത്തിൽ, പൗലോസും അവന്റെ സഹകാരികളും തങ്ങളുടെ ശുശ്രൂഷയെ വളരെയധികം വിലമതിച്ചു. അതുകൊണ്ട്, അതിൽനിന്നു സാമ്പത്തിക നേട്ടം ഉണ്ടാക്കുന്നു എന്ന തോന്നൽ പോലും ഉണ്ടാകാതിരിക്കാൻ അവർ ശ്രദ്ധ ചെലുത്തി. മാത്രമല്ല, “ഞാൻ സുവിശേഷം അറിയിക്കുന്നു എങ്കിൽ എനിക്കു പ്രശംസിപ്പാൻ ഒന്നുമില്ല. നിർബന്ധം എന്റെ മേൽ കിടക്കുന്നു. ഞാൻ സുവിശേഷം അറിയിക്കുന്നില്ല എങ്കിൽ എനിക്കു അയ്യോ കഷ്ടം!” എന്നു പറയാൻ പൗലോസ് ഹൃദയത്തിൽ പ്രചോദിതനായി.—1 കൊരിന്ത്യർ 9:11-16.
9. ഏതു ശ്രദ്ധേയമായ കടമാണ് എല്ലാ ക്രിസ്ത്യാനികളും കൊടുത്തു തീർക്കാനുള്ളത്?
9 നാം യഹോവയുടെ സമർപ്പിത ദാസന്മാർ ആയിരിക്കുന്നതിനാൽ ‘സുവിശേഷം അറിയിക്കാൻ നിർബന്ധം നമ്മുടെ മേൽ കിടക്കുന്നു.’ രാജ്യസന്ദേശം പ്രസംഗിക്കുക എന്നതു നമ്മുടെ നിയമനമാണ്. നമ്മെത്തന്നെ ദൈവത്തിനു സമർപ്പിച്ചപ്പോൾ നാം ആ ഉത്തരവാദിത്വം ഏറ്റെടുത്തു. (ലൂക്കൊസ് 9:23, 24 താരതമ്യം ചെയ്യുക.) തന്നെയുമല്ല, കൊടുത്തുതീർക്കാൻ നമുക്ക് ഒരു കടവുമുണ്ട്. പൗലോസ് പറഞ്ഞു: “യവനന്മാർക്കും ബർബരന്മാർക്കും ജ്ഞാനികൾക്കും ബുദ്ധിഹീനർക്കും ഞാൻ കടക്കാരൻ ആകുന്നു. അങ്ങനെ റോമയിലുള്ള നിങ്ങളോടും സുവിശേഷം അറിയിപ്പാൻ എന്നാൽ ആവോളം ഞാൻ ഒരുങ്ങിയിരിക്കുന്നു.” (റോമർ 1:14, 15) ആളുകൾ സുവാർത്ത കേട്ടു രക്ഷിക്കപ്പെടാൻ കഴിയേണ്ടതിനു പ്രസംഗിക്കുന്നതിനുള്ള ചുമതല തനിക്കുണ്ടെന്ന് അറിയാമായിരുന്നതിനാൽ പൗലോസ് ഒരു കടക്കാരനായിരുന്നു. (1 തിമൊഥെയൊസ് 1:12-16; 2:3, 4) അതുകൊണ്ടു തന്റെ നിയോഗം നിറവേ റ്റാനും സഹമനുഷ്യർക്കുള്ള തന്റെ കടം കൊടുത്തുതീർക്കാനും അവൻ യത്നിച്ചു. ക്രിസ്ത്യാനികളെന്ന നിലയ്ക്കു നമുക്കും കൊടുത്തുതീർക്കാൻ ഒരു കടമുണ്ട്. ദൈവത്തോടും അവന്റെ പുത്രനോടും നമ്മുടെ അയൽക്കാരനോടുമുള്ള സ്നേഹം പ്രകടമാക്കുന്നതിനുള്ള ഒരു മുഖ്യ വിധമാണു രാജ്യപ്രസംഗം.—ലൂക്കൊസ് 10:25-28.
10. എന്തു ചെയ്യുന്നതിനാൽ ചിലർ തങ്ങളുടെ ശുശ്രൂഷ വികസിപ്പിച്ചിരിക്കുന്നു?
10 ദൈവത്തോടു സ്വീകാര്യമായ കണക്കു ബോധിപ്പിക്കുന്നതിനുള്ള ഒരു മാർഗം ശുശ്രൂഷ വികസിപ്പിക്കാൻ നമ്മുടെ പ്രാപ്തികൾ ഉപയോഗിക്കുക എന്നുള്ളതാണ്. ഒരു ദൃഷ്ടാന്തമെടുക്കാം: സമീപ വർഷങ്ങളിലായി ബ്രിട്ടനിലേക്ക് അനേകം ദേശീയ കൂട്ടങ്ങളിൽപ്പെട്ട ആളുകളുടെ ഒഴുക്കുണ്ട്. അത്തരം ആളുകളുടെ പക്കൽ സുവാർത്ത എത്തിക്കുന്നതിന്, 800-ലധികം പയനിയർമാരും (മുഴുസമയ രാജ്യപ്രസംഗകർ) നൂറുകണക്കിനു മറ്റു യഹോവയുടെ സാക്ഷികളും വ്യത്യസ്ത ഭാഷകൾ പഠിച്ചുകൊണ്ടിരിക്കുന്നു. ഇതു ശുശ്രൂഷയ്ക്കു നല്ലൊരു ഉത്തേജനമായിരിക്കുകയാണ്. ചൈനീസ് ഭാഷ പഠിപ്പിക്കുന്ന ഒരു പയനിയർ ഇപ്രകാരം പറഞ്ഞു: “മറ്റു സാക്ഷികൾക്ക് ഈ വിധത്തിൽ സത്യം മറ്റുള്ളവരുമായി പങ്കുവെക്കാൻ സാധിക്കത്തക്കവണ്ണം ഞാൻ എന്റെ ഭാഷ അവരെ പഠിപ്പിക്കുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല. അതു വളരെ സംതൃപ്തിദായകമാണ്!” സമാനമായ ഒരു വിധത്തിൽ നിങ്ങൾക്കു ശുശ്രൂഷ വികസിപ്പിക്കാൻ സാധിക്കുമോ?
11. ഒരു ക്രിസ്ത്യാനി അനൗപചാരികമായി സാക്ഷീകരിച്ചപ്പോൾ എന്തു ഫലമുണ്ടായി?
11 സാധ്യതയനുസരിച്ച്, മുങ്ങിച്ചാകുന്ന ഒരു മനുഷ്യനെ രക്ഷിക്കാൻ നമ്മാലാവുന്നതു നാമോരോരുത്തരും ചെയ്യും. സമാനമായി, എല്ലാ അവസരത്തിലും സാക്ഷ്യം കൊടുക്കാൻ തങ്ങളുടെ പ്രാപ്തികൾ ഉപയോഗിക്കുന്നതിന് ആകാംക്ഷയുള്ളവരാണു യഹോവയുടെ സാക്ഷികൾ. അടുത്ത കാലത്ത് ഒരു സാക്ഷി ബസ്സിൽ തന്റെയടുത്തിരുന്ന ഒരു സ്ത്രീയോടു തിരുവെഴുത്തുകളെക്കുറിച്ചു സംസാരിക്കുകയുണ്ടായി. താൻ കേട്ടതിൽ പുളകിതയായ ആ സ്ത്രീ പല ചോദ്യങ്ങളും ചോദിച്ചു. സാക്ഷി ബസ്സിൽനിന്ന് ഇറങ്ങാറായപ്പോൾ, അവിടെ ഇറങ്ങുന്നതിനു പകരം തന്റെ വീട്ടിലേക്കു വരാൻ ആ സ്ത്രീ അപേക്ഷിച്ചു, അവർക്കു പിന്നെയും പല ചോദ്യങ്ങളുണ്ടായിരുന്നു. സാക്ഷി സമ്മതിച്ചു. ഫലമോ? ഒരു ബൈബിളധ്യയനം ആരംഭിച്ചു, ആറു മാസം കഴിഞ്ഞപ്പോൾ ആ സ്ത്രീ സ്നാപനമേൽക്കാത്ത ഒരു രാജ്യപ്രസാധിക ആയി. താമസിയാതെ, അവർതന്നെ ആറു ബൈബിളധ്യയനങ്ങൾ നടത്താൻ തുടങ്ങി. ഒരുവന്റെ കഴിവുകൾ രാജ്യസേവനത്തിൽ വിനിയോഗിക്കുന്നതിനു ലഭിച്ച എന്തൊരു മഹത്തായ പ്രതിഫലം!
12. ശുശ്രൂഷകർ എന്ന നിലയിലുള്ള നമ്മുടെ പ്രാപ്തികൾ വയൽസേവനത്തിൽ എങ്ങനെ നന്നായി ഉപയോഗിക്കാൻ സാധിക്കും?
12 192 പേജുള്ള നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം പോലുള്ള പ്രസിദ്ധീകരണങ്ങൾ ഉപയോഗിക്കുകവഴി ശുശ്രൂഷകർ എന്ന നിലയിലുള്ള നമ്മുടെ കഴിവുകൾ വയലിൽ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയും. 1996 ഏപ്രിൽ ആയപ്പോഴേക്കും യഹോവയുടെ സാക്ഷികളുടെ ഭരണസംഘത്തിലെ എഴുത്തു കമ്മിറ്റി പരിജ്ഞാനം പുസ്തകം 140-ലധികം ഭാഷകളിൽ പ്രസിദ്ധീകരിക്കുന്നതിന് അംഗീകാരം നൽകിയിരുന്നു. അപ്പോഴേക്കും, അതിന്റെ 3,05,00,000 പ്രതികൾ 111 ഭാഷകളിലായി അച്ചടിച്ചുകഴിഞ്ഞിരുന്നു. യഹോവയ്ക്കു സമർപ്പിച്ചു സ്നാപനമേൽക്കുന്നതിനു ദൈവത്തിന്റെ വചനത്തെയും ഉദ്ദേശ്യങ്ങളെയും കുറിച്ചു വേണ്ടത്ര പഠിക്കാൻ ബൈബിൾ വിദ്യാർഥികളെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ പുസ്തകം എഴുതിയിരിക്കുന്നത്. രാജ്യപ്രസാധകർ ഒരേ വിദ്യാർഥിയുമായി അനേക വർഷങ്ങളോളം ഭവന ബൈബിളധ്യയനം നടത്തുകയില്ലാത്തതുകൊണ്ട്, കൂടുതൽ ആളുകളുമായി അവർക്കു ബൈബിളധ്യയനങ്ങൾ നടത്താൻ സാധിക്കും, അല്ലെങ്കിൽ വീടുതോറുമുള്ള തങ്ങളുടെ വേലയിലും ശുശ്രൂഷയിലെ മറ്റിനങ്ങളിലുമുള്ള തങ്ങളുടെ പങ്ക് അവർക്കു വർധിപ്പിക്കാൻ സാധിക്കും. (പ്രവൃത്തികൾ 5:42; 20:20, 21) ദൈവത്തോടുള്ള തങ്ങളുടെ ഉത്തരവാദി ത്വം അറിയാവുന്നതുകൊണ്ട്, അവർ ദിവ്യ മുന്നറിയിപ്പുകളിലേക്കു ശ്രദ്ധ ക്ഷണിക്കുന്നു. (യെഹെസ്കേൽ 33:7-9) എന്നാൽ അവരുടെ പ്രമുഖ ഉദ്ദേശ്യം യഹോവയെ ബഹുമാനിക്കുകയും ഇനിയും ഈ ദുഷ്ട വ്യവസ്ഥിതിക്കായി അവശേഷിച്ചിരിക്കുന്ന ചുരുങ്ങിയ സമയത്തിനുള്ളിൽ സുവാർത്തയെക്കുറിച്ചു പഠിക്കാൻ സാധ്യമാകുന്നിടത്തോളം ആളുകളെ സഹായിക്കുകയും ചെയ്യുക എന്നുള്ളതാണ്.
കുടുംബങ്ങൾ എന്ന നിലയിൽ നല്ലൊരു കണക്കു ബോധിപ്പിക്കൽ
13. ദൈവിക കുടുംബങ്ങൾക്കു പതിവായി ബൈബിളധ്യയനമുണ്ടായിരിക്കേണ്ടത് എന്തുകൊണ്ട്?
13 ക്രിസ്ത്യാനിത്വം സ്വീകരിക്കുന്ന ഓരോ വ്യക്തിയും കുടുംബവും ദൈവത്തോടു കണക്കു ബോധിപ്പിക്കേണ്ടതാണ്. അതുകൊണ്ട് “പക്വതയിലേക്കു മുന്നേറുക”യും “വിശ്വാസത്തിൽ ബലിഷ്ഠരായി”ത്തീരുകയും വേണം. (എബ്രായർ 6:1-3; 1 പത്രൊസ് 5:8, 9, NW) ഉദാഹരണത്തിന്, പരിജ്ഞാനം പുസ്തകം പഠിച്ചു സ്നാപനമേറ്റിട്ടുള്ളവർ, പതിവായി യോഗങ്ങൾക്കു ഹാജരായിക്കൊണ്ടും ബൈബിളും മറ്റു ക്രിസ്തീയ പ്രസിദ്ധീകരണങ്ങളും വായിച്ചുകൊണ്ടും തങ്ങളുടെ തിരുവെഴുത്തുപരമായ അറിവു പൂർണമാക്കേണ്ടതുണ്ട്. ദൈവിക കുടുംബങ്ങൾക്കു പതിവായ ഒരു ഭവന ബൈബിളധ്യയനവും ഉണ്ടായിരിക്കണം. കാരണം, ‘ഉണർന്നിരിപ്പാനും വിശ്വാസത്തിൽ നിലനിൽക്കാനും പുരുഷത്വം കാണിക്കാനും ശക്തിപ്പെടാനും’ അതൊരു പ്രധാന വിധമാണ്. (1 കൊരിന്ത്യർ 16:13) നിങ്ങൾ ഒരു ഗൃഹനാഥനാണെങ്കിൽ, നിങ്ങളുടെ കുടുംബത്തിന് ആത്മീയ ഭക്ഷണം നന്നായി ലഭിക്കുന്നുവെന്ന് ഉറപ്പു വരുത്തുന്നതു സംബന്ധിച്ചു പ്രത്യേകിച്ചും നിങ്ങൾ ദൈവത്തോടു കണക്കു ബോധിപ്പിക്കേണ്ടവനാണ്. പോഷകപ്രധാനമായ ഭൗതിക ഭക്ഷണം സ്വാഭാവിക ആരോഗ്യം വർധിപ്പിക്കുന്നതുപോലെ, നിങ്ങളും നിങ്ങളുടെ കുടുംബവും “വിശ്വാസത്തിൽ ആരോഗ്യമുള്ളവരായി” നിലനിൽക്കണമെങ്കിൽ സമൃദ്ധമായ, പതിവായ ആത്മീയ ഭക്ഷണം ആവശ്യമാണ്.—തീത്തൊസ് 1:13.
14. നന്നായി പഠിപ്പിക്കപ്പെട്ട ഇസ്രായേല്യ പെൺകുട്ടി നൽകിയ സാക്ഷ്യത്തിന് എന്തു ഫലമുണ്ടായി?
14 നിങ്ങളുടെ വീട്ടിൽ കുട്ടികളുണ്ടെങ്കിൽ, നല്ല ആത്മീയ പ്രബോധനം അവർക്കു നൽകുന്നതിനെപ്രതി ദൈവം നിങ്ങളോടു നന്മ കാണിക്കും. അത്തരം പഠിപ്പിക്കൽ, ദൈവത്തിന്റെ പ്രവാചകനായ എലീശായുടെ നാളുകളിൽ സിറിയക്കാർ പിടിച്ചുകൊണ്ടുപോയ ഒരു ഇസ്രായേല്യ ബാലികയുടെ കാര്യത്തിലെന്നപോലെ, അവർക്കു പ്രയോജനം ചെയ്യും. കുഷ്ഠം ബാധിച്ച സിറിയൻ സൈന്യാധിപനായ നയമാന്റെ ഭാര്യയുടെ ദാസിയായിത്തീർന്നു അവൾ. ആ പെൺകുട്ടി ബാലികയായിരുന്നെങ്കിലും അവൾ തന്റെ യജമാനത്തിയോട് ഇങ്ങനെ പറഞ്ഞു: “യജമാനൻ ശമര്യയിലെ പ്രവാചകന്റെ അടുക്കൽ ഒന്നു ചെന്നെങ്കിൽ അവൻ അവന്റെ കുഷ്ഠരോഗം മാറ്റിക്കൊടുക്കുമായിരുന്നു.” അവളുടെ സാക്ഷ്യം നിമിത്തം, ഇസ്രായേലിലേക്കു പോയ നയമാൻ യോർദാൻ നദിയിൽ ഏഴു പ്രാവശ്യം കുളിക്കാനുള്ള എലീശായുടെ നിർദേശത്തിന് ഒടുവിൽ വഴങ്ങി. അങ്ങനെ കുഷ്ഠരോഗം സൗഖ്യമായി. മാത്രമല്ല, നയമാൻ യഹോവയുടെ ആരാധകനായിത്തീരുകയും ചെയ്തു. അത് ആ കൊച്ചു പെൺകുട്ടിക്ക് എത്ര പുളകപ്രദമായിരുന്നിരിക്കണം!—2 രാജാക്കന്മാർ 5:1-3, 13-19.
15. തങ്ങളുടെ കുട്ടികൾക്കു നല്ല ആത്മീയ പരിശീലനം മാതാപിതാക്കൾ കൊടുക്കേണ്ടതു പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്? ദൃഷ്ടാന്തീകരിക്കുക.
15 സാത്താന്റെ അധികാരത്തിൽ കിടക്കുന്ന ധാർമികമായി ദരിദ്രമായ ഈ ലോകത്തിൽ ദൈവഭക്തിയുള്ള കുട്ടികളെ വളർത്തിക്കൊണ്ടുവരുക എളുപ്പമല്ല. (1 യോഹന്നാൻ 5:19) എന്നാൽ, തിമൊഥെയൊസിന്റെ ബാല്യംമുതൽ അവന്റെ വല്യമ്മ ലോവീസും അമ്മ യൂനീക്കയും അവനെ തിരുവെഴുത്തുകൾ വിജയകരമായി പഠിപ്പിച്ചു. (2 തിമൊഥെയൊസ് 1:5; 3:14, 15) നിങ്ങളുടെ കുട്ടികളോടൊത്തു ബൈബിൾ പഠിക്കുന്നത്, അവരെ ക്രിസ്തീയ യോഗങ്ങൾക്കു പതിവായി കൊണ്ടുപോകുന്നത്, അവസാനം അവരെ നിങ്ങളോടൊപ്പം ശുശ്രൂഷയിൽ കൊണ്ടുപോകുന്നത്, ഇവയെല്ലാം നിങ്ങൾ ദൈവത്തോടു കണക്കു ബോധിപ്പിക്കേണ്ട പരിശീലന രീതിയുടെ ഭാഗമാണ്. ഇപ്പോൾ 80-കളുടെ മധ്യത്തിൽ ആയിരിക്കുന്ന, വെയ്ൽസിലെ ഒരു ക്രിസ്തീയ സ്ത്രീ, 1920-കളുടെ തുടക്കത്തിൽ തന്റെ പിതാവ് അടുത്തുള്ള താഴ്വരയിലെ ഗ്രാമീണർക്കു ബൈബിൾ ലഘുലേഖകൾ വിതരണം ചെയ്യാൻ ഒരു പർവതം കടന്നു പത്തു കിലോമീറ്റർ (അങ്ങോട്ടും ഇങ്ങോട്ടും 20 കിലോമീറ്റർ) നടന്നുപോകുമ്പോൾ ഒപ്പം തന്നെയും കൊണ്ടുപോയതായി ഓർമിക്കുന്നു. “അങ്ങനെ നടന്നുപോകുമ്പോഴാണു പിതാവു സത്യം എന്റെ ഉള്ളിൽ നട്ടത്,” അവർ കൃതജ്ഞതയോടെ പറയുന്നു.
മൂപ്പന്മാർ കണക്കു ബോധിപ്പിക്കുന്നു—എങ്ങനെ?
16, 17. (എ) പുരാതന ഇസ്രായേലിൽ ആത്മീയമായി പക്വതയുള്ള പ്രായമേറിയ പുരുഷന്മാർ എന്തെല്ലാം പദവികൾ ആസ്വദിച്ചിരുന്നു? (ബി) പുരാതന ഇസ്രായേലിലെ സാഹചര്യത്തോടു തുലനം ചെയ്യുമ്പോൾ, ക്രിസ്തീയ മൂപ്പന്മാരിൽനിന്ന് ഇന്നു കൂടുതൽ ആവശ്യപ്പെടുന്നത് എന്തുകൊണ്ട്?
16 “നരച്ച തല ശോഭയുള്ള കിരീടമാകുന്നു; നീതിയുടെ മാർഗ്ഗത്തിൽ അതിനെ പ്രാപിക്കാം” എന്നു ജ്ഞാനിയായ ശലോമോൻ പറഞ്ഞു. (സദൃശവാക്യങ്ങൾ 16:31) എന്നാൽ ശാരീരിക പ്രായം മാത്രമല്ല ദൈവജനത്തിന്റെ സഭയിൽ ഉത്തരവാദിത്വം വഹിക്കാൻ ഒരു വ്യക്തിയെ പ്രാപ്തനാക്കുന്നത്. പുരാതന ഇസ്രായേലിൽ ആത്മീയമായി പക്വതയുള്ള പ്രായമേറിയ പുരുഷന്മാർ ന്യായാധിപന്മാരും നീതി നടത്തുന്നതിനും സമാ ധാനവും നല്ല ക്രമവും ആത്മീയ ആരോഗ്യവും ഉറപ്പു വരുത്തുന്നതിനുമുള്ള കാര്യവിചാരകന്മാരുമായി സേവിച്ചു. (ആവർത്തനപുസ്തകം 16:18-20) ക്രിസ്തീയ സഭയെ സംബന്ധിച്ച് അതു സത്യമാണെങ്കിലും, വ്യവസ്ഥിതിയുടെ സമാപനം അടുത്തുവരവേ മൂപ്പന്മാരിൽനിന്നു കൂടുതൽ ആവശ്യപ്പെടുന്നു. എന്തുകൊണ്ട്?
17 ദൈവം ഈജിപ്തിൽനിന്നു വിടുവിച്ച ‘തിരഞ്ഞെടുക്കപ്പെട്ട ഒരു ജനത’ ആയിരുന്നു ഇസ്രായേല്യർ. അവരുടെ മധ്യസ്ഥനായ മോശ മുഖാന്തരം അവർക്കു ന്യായപ്രമാണം ലഭിച്ചതിനാൽ, അവരുടെ പിൻഗാമികൾ ഒരു സമർപ്പിത ജനതയുടെ ഭാഗമായി ജനിച്ചു. അവർക്കു യഹോവയുടെ പ്രമാണങ്ങളുമായി പരിചയമുണ്ടായിരുന്നു. (ആവർത്തനപുസ്തകം 7:6, 11) എന്നിരുന്നാലും, ഇന്ന് അത്തരമൊരു സമർപ്പിത ജനതയുടെ ഭാഗമായി ആരും ജനിക്കുന്നില്ല. തിരുവെഴുത്തു സത്യവുമായി നല്ല പരിചയമുള്ള ദൈവിക കുടുംബങ്ങളിൽ വളർന്നുവരുന്നവർ താരതമ്യേന ചുരുക്കമാണ്. അടുത്ത കാലത്തു ‘സത്യത്തിൽ നടക്കാൻ’ തുടങ്ങിയിരിക്കുന്നവർക്കു തിരുവെഴുത്തു തത്ത്വങ്ങളനുസരിച്ച് എങ്ങനെ ജീവിക്കാമെന്നതു സംബന്ധിച്ചു പ്രബോധനം ആവശ്യമാണ്. (3 യോഹന്നാൻ 4) അതുകൊണ്ട് വിശ്വസ്തരായ മൂപ്പന്മാർ ‘ആരോഗ്യാവഹമായ വാക്കുകളുടെ മാതൃക പിടിച്ചുകൊള്ളുക’യും യഹോവയുടെ ജനത്തെ സഹായിക്കുകയും ചെയ്യവേ, അവരുടെ ചുമലിൽ എത്ര വലിയ ഉത്തരവാദിത്വമാണു സ്ഥിതിചെയ്യുന്നത്!—2 തിമൊഥെയൊസ് 1:13, 14, NW.
18. എങ്ങനെയുള്ള സഹായം നൽകാൻ സഭാമൂപ്പന്മാർ ഒരുങ്ങിയിരിക്കണം, എന്തുകൊണ്ട്?
18 നടക്കാൻ പഠിക്കുന്ന ഒരു കുട്ടി ഇടറിവീണേക്കാം. അവന് അരക്ഷിതാവസ്ഥ തോന്നുന്നു, മാതാപിതാക്കളുടെ സഹായവും ആശ്വാസവചസ്സും അവന് ആവശ്യമാണ്. അതുപോലെ, യഹോവയ്ക്കു സമർപ്പിതനായ ഒരു വ്യക്തിയും ആത്മീയമായി ഇടറുകയോ വീഴുകയോ ചെയ്തേക്കാം. ദൈവദൃഷ്ടിയിൽ ശരിയായതു ചെയ്യാൻ പോരാടേണ്ടത് അത്യാവശ്യമാണെന്ന് അപ്പോസ്തലനായ പൗലോസ് പോലും കണ്ടെത്തി. (റോമർ 7:21-25) തെറ്റു ചെയ്തെങ്കിലും യഥാർഥത്തിൽ അനുതാപമുള്ളവരായ ക്രിസ്ത്യാനികൾക്കു സ്നേഹപുരസ്സരമായ സഹായം ദൈവത്തിന്റെ ആട്ടിടയന്മാർ നൽകേണ്ടതുണ്ട്. ഗുരുതരമായ തെറ്റു ചെയ്ത ഒരു സമർപ്പിത സ്ത്രീയെ മൂപ്പന്മാർ സന്ദർശിച്ചപ്പോൾ, സമർപ്പിതനായ ഭർത്താവിന്റെ മുന്നിൽവെച്ച് അവൾ പറഞ്ഞു: “നിങ്ങളെന്നെ പുറത്താക്കുമെന്ന് എനിക്കറിയാം!” എന്നാൽ ആത്മീയമായി പൂർവസ്ഥിതി പ്രാപിക്കാൻ എന്തു സഹായമാണ് ആവശ്യമായിരിക്കുന്നതെന്ന് അറിയാൻ ആഗ്രഹിക്കുന്നുവെന്നു മൂപ്പന്മാർ പറഞ്ഞപ്പോൾ അവൾ കരഞ്ഞുപോയി. തങ്ങൾ കണക്കു ബോധിപ്പിക്കാൻ ബാധ്യസ്ഥരാണെന്ന് അറിയാമായിരുന്നതുകൊണ്ട് അനുതാപമുള്ള സഹവിശ്വാസിയെ സഹായിക്കാൻ ആ മൂപ്പന്മാർക്കു സന്തോഷമേയുണ്ടായിരുന്നുള്ളൂ.—എബ്രായർ 13:17.
നല്ലൊരു കണക്കു നൽകിക്കൊണ്ടിരിക്കുക
19. നമ്മെക്കുറിച്ചുതന്നെ ദൈവത്തിനു നല്ലൊരു കണക്കു കൊടുത്തുകൊണ്ടിരിക്കാൻ നമുക്കെങ്ങനെ കഴിയും?
19 സഭാ മൂപ്പന്മാരും ദൈവത്തിന്റെ മറ്റു ദാസന്മാരും തങ്ങളെക്കുറിച്ചുതന്നെ യഹോവയ്ക്കു നല്ലൊരു കണക്കു നൽകിക്കൊണ്ടിരിക്കണം. നാം ദൈവത്തിന്റെ വചനത്തോടും അവന്റെ ഹിതത്തോടും പറ്റിനിൽക്കുകയാണെങ്കിൽ, അതു സാധ്യമായിരിക്കും. (സദൃശവാക്യങ്ങൾ 3:5, 6; റോമർ 12:1, 2, 9) വിശ്വാസത്തിൽ നമ്മോടു ബന്ധപ്പെട്ടവർക്കു നാം പ്രത്യേകിച്ചും നന്മ ചെയ്യാനാഗ്രഹിക്കുന്നു. (ഗലാത്യർ 6:10) എങ്കിലും, കൊയ്ത്ത് ഇപ്പോഴും വലുതാണ്, വേലക്കാർ ചുരുക്കമാണ്. (മത്തായി 9:37, 38) അതുകൊണ്ട് രാജ്യസന്ദേശം ഉത്സാഹത്തോടെ പ്രഘോഷിച്ചുകൊണ്ടു നമുക്കു മറ്റുള്ളവർക്കു നന്മ ചെയ്യാം. നാം നമ്മുടെ സമർപ്പണം നിവർത്തിക്കുകയും അവന്റെ ഹിതം ചെയ്യുകയും വിശ്വസ്തമായി സുവാർത്ത പ്രഘോഷിക്കുകയും ചെയ്യുകയാണെങ്കിൽ, യഹോവ നമുക്കു നന്മ ചെയ്യും.
20. നെഹെമ്യാവിന്റെ ഗതിയെക്കുറിച്ചു പരിചിന്തിക്കുന്നതിൽനിന്നു നാമെന്തു പഠിക്കുന്നു?
20 അതുകൊണ്ട് കർത്താവിന്റെ വേലയിൽ നമുക്കു തുടർന്നും ധാരാളം ചെയ്യാനുള്ളവരായിരിക്കാം. (1 കൊരിന്ത്യർ 15:58) യെരുശലേമിന്റെ മതിൽ പുനർനിർമിക്കുകയും ദൈവത്തിന്റെ ന്യായപ്രമാണം പ്രാബല്യത്തിൽ വരുത്തുകയും ഉത്സാഹപൂർവം സത്യാരാധനയെ ഉന്നമിപ്പിക്കുകയും ചെയ്ത നെഹെമ്യാവിനെക്കുറിച്ചു നാം പരിചിന്തിക്കുന്നതു പ്രയോജനപ്രദമാണ്. താൻ ചെയ്ത നന്മക്കായി തന്നെ ഓർക്കേണമേ എന്ന് അവൻ യഹോവയാം ദൈവത്തോടു പ്രാർഥിച്ചു. നിങ്ങൾ യഹോവയ്ക്ക് അർപ്പിതനാണെന്നു തെളിയുമാറാകട്ടെ, അവൻ നിങ്ങൾക്കു നന്മ ചെയ്യുമാറാകട്ടെ.
എന്താണു നിങ്ങളുടെ ഉത്തരങ്ങൾ?
◻ നെഹെമ്യാവ് എന്തു മാതൃകയാണു വെച്ചത്?
◻ പരിജ്ഞാനം നമ്മെ ദൈവത്തോടു കണക്കു ബോധിപ്പിക്കേണ്ടവരാക്കുന്നത് എങ്ങനെ?
◻ നമ്മുടെ ശുശ്രൂഷയിൽ യഹോവയ്ക്കു സ്വീകാര്യമായ ഒരു കണക്കു നൽകാൻ നമുക്കു കഴിയുന്നതെങ്ങനെ?
◻ ദൈവത്തോടു നല്ല കണക്കു ബോധിപ്പിക്കാൻ കുടുംബങ്ങൾക്ക് എന്തു ചെയ്യാൻ സാധിക്കും?
◻ ക്രിസ്തീയ മൂപ്പന്മാർ കണക്കു ബോധിപ്പിക്കുന്നത് എങ്ങനെ?
[Study Questions]
[18-ാം പേജിലെ ചിത്രങ്ങൾ]
പൗലോസിനെപ്പോലെ, രാജ്യപ്രഘോഷകരെന്ന നിലയിൽ നമുക്കു ദൈവത്തോടു നല്ലൊരു കണക്കു ബോധിപ്പിക്കാൻ കഴിയും
[19-ാം പേജിലെ ചിത്രം]
നയമാന്റെ വീട്ടിലെ ഇസ്രായേല്യ ബാലികയെപ്പോലെ നിങ്ങളുടെ കുട്ടികൾ വിശ്വാസത്തിൽ ബലിഷ്ഠരാണോ?