വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“അതിഥിസല്‌ക്കാരം ആചരിക്ക”

“അതിഥിസല്‌ക്കാരം ആചരിക്ക”

“അതിഥി​സ​ല്‌ക്കാ​രം ആചരിക്ക”

“വിശു​ദ്ധ​ന്മാ​രു​ടെ ആവശ്യ​ങ്ങ​ളിൽ കൂട്ടായ്‌മ കാണി​ക്ക​യും അതിഥി​സ​ല്‌ക്കാ​രം ആചരി​ക്ക​യും ചെയ്‌വിൻ.”—റോമർ 12:13.

1. മമനു​ഷ്യ​ന്റെ ഒരു അടിസ്ഥാന ആവശ്യം എന്താണ്‌, അത്‌ എങ്ങനെ പ്രകട​മാ​ക്ക​പ്പെ​ടു​ന്നു?

 പരിചി​ത​മ​ല്ലാത്ത ഒരു സ്ഥലത്തെ വിജന​മായ തെരു​വിൽകൂ​ടി രാത്രി വൈകി നടന്നു​പോ​കുക എന്നത്‌ ഇക്കാലത്ത്‌ അസ്വസ്ഥ​മാ​ക്കുന്ന ഒരു അനുഭ​വ​മാ​യി​രി​ക്കാം. ആരെയും അറിയി​ല്ലാത്ത ആരും തിരി​ച്ച​റി​യാ​നി​ല്ലാത്ത ഒരു ജനമധ്യ​ത്തി​ലാ​യി​രി​ക്കു​ന്ന​തും അതു​പോ​ലെ​തന്നെ സമ്മർദ​പൂ​രി​ത​മാ​യി​രി​ക്കാൻ കഴിയും. പരിപാ​ലി​ക്ക​പ്പെ​ടു​ക​യും വേണ്ട​പ്പെ​ട്ട​വ​നാ​യി​രി​ക്കു​ക​യും സ്‌നേ​ഹി​ക്ക​പ്പെ​ടു​ക​യും ചെയ്യണ​മെ​ന്നുള്ള ആവശ്യം തീർച്ച​യാ​യും മനുഷ്യ​പ്ര​കൃ​ത​ത്തി​ന്റെ​തന്നെ ഒരു അവിഭാ​ജ്യ ഭാഗമാണ്‌. അപരി​ചി​ത​നോ പുറത്തു​ള്ള​വ​നോ ആയി തന്നെ കരുതാൻ ആരും ഇഷ്ടപ്പെ​ടു​ന്നില്ല.

2. സഖിത്വ​ത്തി​നാ​യുള്ള നമ്മുടെ ആവശ്യ​ത്തി​നാ​യി യഹോവ കരുതൽ ചെയ്‌തി​രി​ക്കു​ന്നത്‌ എങ്ങനെ?

2 സകലത്തി​ന്റെ​യും നിർമാ​താ​വും സ്രഷ്ടാ​വു​മായ യഹോ​വ​യാം ദൈവം സഖിത്വ​ത്തി​നുള്ള മമനു​ഷ്യ​ന്റെ ആവശ്യം നന്നായി തിരി​ച്ച​റി​യു​ന്നു. മനുഷ്യ​സൃ​ഷ്ടി​യു​ടെ രൂപകൽപ്പി​താവ്‌ എന്ന നിലയിൽ, “മനുഷ്യൻ ഏകനാ​യി​രി​ക്കു​ന്നതു നന്നല്ല” എന്നു തുടക്കം​മു​തലേ ദൈവ​ത്തിന്‌ അറിയാ​മാ​യി​രു​ന്നു. അതു സംബന്ധിച്ച്‌ അവൻ ചില കാര്യങ്ങൾ ചെയ്യു​ക​യും ചെയ്‌തു. (ഉല്‌പത്തി 2:18, 21, 22) ബൈബിൾ രേഖ നിറയെ, യഹോ​വ​യും അവന്റെ ദാസന്മാ​രും മനുഷ്യ​രോ​ടു കാട്ടിയ ദയാ​പ്ര​വൃ​ത്തി​ക​ളു​ടെ ഉദാഹ​ര​ണങ്ങൾ കാണാം. മറ്റുള്ള​വർക്കു സന്തോ​ഷ​വും ആനന്ദവും, നമുക്കു സംതൃ​പ്‌തി​യും കൈവ​രു​ത്തി​ക്കൊണ്ട്‌ എങ്ങനെ ‘അതിഥി​സ​ല്‌ക്കാ​രം ആചരി​ക്കാ​മെന്നു’ പഠിക്കാൻ അതു നമ്മെ പ്രാപ്‌ത​രാ​ക്കു​ന്നു.—റോമർ 12:13.

അപരി​ചി​ത​രോ​ടുള്ള പ്രിയം

3. അതിഥി​സ​ത്‌കാ​രം എന്നതിന്റെ അടിസ്ഥാന അർഥം വിശദീ​ക​രി​ക്കുക.

3 ബൈബി​ളിൽ ഉപയോ​ഗി​ച്ചി​രി​ക്കുന്ന “അതിഥി​സ​ല്‌ക്കാ​രം” എന്ന പദം വിവർത്തനം ചെയ്‌തി​രി​ക്കു​ന്നത്‌ “സ്‌നേഹം” എന്നും “അപരി​ചി​തൻ” എന്നും അർഥമുള്ള രണ്ടു മൂലപ​ദങ്ങൾ ചേർന്നു​ണ്ടായ ഫിലോ​ക്‌സെ​നിയ എന്ന ഗ്രീക്കു വാക്കിൽനി​ന്നാണ്‌. അതു​കൊണ്ട്‌, അതിഥി​സ​ത്‌കാ​രം എന്നതിന്റെ അടിസ്ഥാ​ന​പ​ര​മായ അർഥം “അപരി​ചി​ത​രോ​ടുള്ള സ്‌നേഹം” എന്നാണ്‌. എന്നാൽ ഇതു കേവലം ഔപചാ​രി​ക​ത​യോ മര്യാ​ദ​പ്ര​വൃ​ത്തി​യോ അല്ല. അതിൽ ഒരുവന്റെ വികാ​ര​ങ്ങ​ളും പ്രീതി​വാ​ത്സ​ല്യ​ങ്ങ​ളും ഉൾപ്പെ​ട്ടി​രി​ക്കു​ന്നു. ജയിംസ്‌ സ്‌​ട്രോ​ങ്ങി​ന്റെ സമ്പൂർണ ബൈബിൾ കോൺകോ​ഡൻസ്‌ (ഇംഗ്ലീഷ്‌) അനുസ​രിച്ച്‌ ഫിലി​യോ എന്ന ക്രിയ​യു​ടെ അർഥം “ഒരു സുഹൃത്ത്‌ ആയിരി​ക്കുക ([ഒരു വ്യക്തി​യോട്‌ അല്ലെങ്കിൽ വസ്‌തു​വി​നോട്‌] പ്രിയ​മു​ണ്ടാ​യി​രി​ക്കുക), അതായത്‌, (വികാ​ര​ത്തോ​ടു ബന്ധപ്പെട്ട ഒരു കാര്യ​മെ​ന്ന​പോ​ലെ, വ്യക്തി​പ​ര​മായ അടുപ്പത്തെ സൂചി​പ്പി​ക്കുന്ന) വാത്സല്യ​മു​ണ്ടാ​യി​രി​ക്കുക എന്നാണ്‌.” അതു​കൊണ്ട്‌, ഒരുപക്ഷേ കടമയോ കടപ്പാ​ടോ എന്ന നിലയിൽ കാണി​ക്കുന്ന തത്ത്വാ​ധി​ഷ്‌ഠിത സ്‌നേ​ഹ​ത്തെ​ക്കാൾ കവിഞ്ഞു​പോ​കു​ന്നു അതിഥി​സ​ത്‌കാ​രം. അതു സാധാ​ര​ണ​മാ​യി യഥാർഥ​മായ പ്രിയ​ത്തി​ന്റെ​യും വാത്സല്യ​ത്തി​ന്റെ​യും സൗഹൃ​ദ​ത്തി​ന്റെ​യും ഒരു പ്രകട​ന​മാണ്‌.

4. ആരോട്‌ അതിഥി​സ​ത്‌കാ​രം കാണി​ക്കേ​ണ്ട​തുണ്ട്‌?

4 ഈ പ്രീതി​യും വാത്സല്യ​വും സ്വീക​രി​ക്കുന്ന വ്യക്തി “അപരി​ചി​തൻ” (ഗ്രീക്ക്‌, സെനോസ്‌) ആണ്‌. ഇത്‌ ആരായി​രി​ക്കാം? ‘വിദേശി (അക്ഷരാർഥ​ത്തിൽ പരദേശി, അല്ലെങ്കിൽ പ്രതീ​കാ​ത്മ​കാർഥ​ത്തിൽ മുമ്പു പരിച​യ​മി​ല്ലാ​ത്ത​യാൾ); വിവക്ഷ​കൊണ്ട്‌ ഒരു അതിഥി അല്ലെങ്കിൽ (നേരേ​മ​റിച്ച്‌) ഒരു അപരി​ചി​തൻ’ എന്ന്‌ സ്‌​ട്രോ​ങ്ങി​ന്റെ കോൺകോ​ഡൻസ്‌ വീണ്ടും സെനോസ്‌ എന്ന പദത്തെ നിർവ​ചി​ക്കു​ന്നു. അതു​കൊണ്ട്‌, ബൈബി​ളിൽ ഉദാഹ​രി​ച്ചി​രി​ക്കു​ന്ന​തു​പോ​ലെ, നമുക്കു പ്രിയ​മുള്ള ആരോ​ടെ​ങ്കി​ലും പ്രകട​മാ​ക്കുന്ന ദയയെ അതിനു പ്രതി​ഫ​ലി​പ്പി​ക്കാൻ കഴിയും. അല്ലെങ്കിൽ തികച്ചും അപരി​ചി​ത​നായ ഒരു വ്യക്തി​യു​ടെ നേർക്കു​പോ​ലും അതു വെച്ചു​നീ​ട്ടാൻ സാധി​ക്കും. യേശു ഇങ്ങനെ വിശദീ​ക​രി​ച്ചു: “നിങ്ങളെ സ്‌നേ​ഹി​ക്കു​ന്ന​വരെ സ്‌നേ​ഹി​ച്ചാൽ നിങ്ങൾക്കു എന്തു പ്രതി​ഫലം? ചുങ്കക്കാ​രും അങ്ങനെ തന്നേ ചെയ്യു​ന്നി​ല്ല​യോ? സഹോ​ദ​രൻമാ​രെ മാത്രം വന്ദനം ചെയ്‌താൽ നിങ്ങൾ എന്തു വിശേഷം ചെയ്യുന്നു? ജാതി​ക​ളും അങ്ങനെ തന്നേ ചെയ്യു​ന്നി​ല്ല​യോ?” (മത്തായി 5:46, 47) യഥാർഥ അതിഥി​സ​ത്‌കാ​രം, മുൻവി​ധി​യും ഭയവും മൂലമു​ണ്ടാ​കുന്ന ഭിന്നത​യെ​യും വിവേ​ച​ന​ത്തെ​യും കവിഞ്ഞു​പോ​കു​ന്നു.

യഹോവ, തികഞ്ഞ ആതി​ഥേ​യൻ

5, 6. (എ) ‘നിങ്ങളു​ടെ സ്വർഗ്ഗീയ പിതാവു സൽഗു​ണ​പൂർണ്ണ​നാ​കു​ന്നു’ എന്നു പറഞ്ഞ​പ്പോൾ യേശു​വി​ന്റെ മനസ്സി​ലു​ണ്ടാ​യി​രു​ന്നത്‌ എന്ത്‌? (ബി) യഹോ​വ​യു​ടെ ഔദാ​ര്യം എങ്ങനെ കാണ​പ്പെ​ടു​ന്നു?

5 മുകളിൽ പരാമർശി​ച്ച​തു​പോ​ലെ മനുഷ്യർ അന്യോ​ന്യം പ്രകട​മാ​ക്കുന്ന സ്‌നേ​ഹ​ത്തി​ന്റെ ന്യൂന​തകൾ ചൂണ്ടി​ക്കാ​ട്ടി​യ​ശേഷം, യേശു ഈ അഭി​പ്രാ​യം കൂട്ടി​ച്ചേർത്തു: “നിങ്ങളു​ടെ സ്വർഗ്ഗീ​യ​പി​താ​വു സൽഗു​ണ​പൂർണ്ണൻ ആയിരി​ക്കു​ന്ന​തു​പോ​ലെ നിങ്ങളും സൽഗു​ണ​പൂർണ്ണ​രാ​കു​വിൻ.” (മത്തായി 5:48) തീർച്ച​യാ​യും, എല്ലാ വശങ്ങളി​ലും യഹോവ പൂർണ​നാണ്‌. (ആവർത്ത​ന​പു​സ്‌തകം 32:4) എന്നുവ​രി​കി​ലും, “[ദൈവം] ദുഷ്ടൻമാ​രു​ടെ​മേ​ലും നല്ലവരു​ടെ​മേ​ലും തന്റെ സൂര്യനെ ഉദിപ്പി​ക്ക​യും നീതി​മാൻമാ​രു​ടെ​മേ​ലും നീതി​കെ​ട്ട​വ​രു​ടെ മേലും മഴ പെയ്യി​ക്ക​യും ചെയ്യു​ന്നു​വ​ല്ലോ” എന്നു യേശു നേരത്തെ പറഞ്ഞതി​നാൽ യഹോ​വ​യു​ടെ പൂർണ​ത​യു​ടെ ഒരു പ്രത്യേ​ക​വശം അവൻ എടുത്തു കാണി​ക്കു​ക​യാ​യി​രു​ന്നു. (മത്തായി 5:45) ദയ കാണി​ക്കുന്ന കാര്യ​ത്തിൽ യഹോവ യാതൊ​രു മുഖപ​ക്ഷ​വു​മു​ള്ള​വനല്ല.

6 സ്രഷ്ടാ​വാ​യി​രി​ക്കു​ന്ന​തി​നാൽ, യഹോവ സകലത്തി​ന്റെ​യും ഉടമയാണ്‌. “കാട്ടിലെ സകലമൃ​ഗ​വും പർവ്വത​ങ്ങ​ളി​ലെ ആയിര​മാ​യി​രം ജന്തുക്ക​ളും എനിക്കു​ള്ള​വ​യാ​കു​ന്നു. മലകളി​ലെ പക്ഷികളെ ഒക്കെയും ഞാൻ അറിയു​ന്നു; വയലിലെ ജന്തുക്ക​ളും എനിക്കു​ള്ളവ തന്നേ” എന്നു യഹോവ പറയുന്നു. (സങ്കീർത്തനം 50:10, 11) എങ്കിലും, അവൻ സ്വാർഥ​പൂർവം ഒന്നി​നെ​യും പിടി​ച്ചു​വെ​ക്കു​ന്നില്ല. അവൻ തന്റെ ഔദാ​ര്യം നിമിത്തം സകല സൃഷ്ടി​കൾക്കും വേണ്ടി കരുതു​ന്നു. സങ്കീർത്ത​ന​ക്കാ​രൻ യഹോ​വ​യെ​ക്കു​റിച്ച്‌ ഇപ്രകാ​രം പറഞ്ഞു: “നീ തൃക്കൈ തുറന്നു ജീവനു​ള്ള​തി​നൊ​ക്കെ​യും പ്രസാ​ദം​കൊ​ണ്ടു തൃപ്‌തി​വ​രു​ത്തു​ന്നു.”—സങ്കീർത്തനം 145:16.

7. യഹോവ അപരി​ചി​ത​രോ​ടും മുട്ടു​ള്ള​വ​രോ​ടും ഇടപെ​ടുന്ന വിധത്തിൽനി​ന്നു നമുക്ക്‌ എന്തു പഠിക്കാൻ സാധി​ക്കും?

7 ആളുകൾക്ക്‌—തന്നെ അറിയാ​ത്ത​വ​രും തനിക്ക്‌ അപരി​ചി​ത​രു​മാ​യി​രി​ക്കുന്ന ആളുകൾക്കു പോലും—ആവശ്യ​മു​ള്ളതു യഹോവ കൊടു​ക്കു​ന്നു. യഹോവ “നന്മചെ​യ്‌ക​യും ആകാശ​ത്തു​നി​ന്നു മഴയും ഫലപു​ഷ്ടി​യുള്ള കാലങ്ങ​ളും നിങ്ങൾക്കു തരിക​യും ആഹാര​വും സന്തോ​ഷ​വും നല്‌കി നിങ്ങളെ തൃപ്‌ത​രാ​ക്കു​ക​യും ചെയ്‌തു​പോ​ന്ന​തി​നാൽ തന്നെക്കു​റി​ച്ചു സാക്ഷ്യം തരാതി​രു​ന്നി​ട്ടില്ല” എന്ന്‌ പൗലോ​സും ബർന്നബാ​സും ലുസ്‌ത്ര നഗരത്തി​ലെ വിഗ്ര​ഹാ​രാ​ധി​കളെ ഓർമി​പ്പി​ച്ചു. (പ്രവൃ​ത്തി​കൾ 14:17) പ്രത്യേ​കിച്ച്‌ മുട്ടു​ള്ള​വ​രോ​ടു യഹോവ ദയയും ഔദാ​ര്യ​വും ഉള്ളവനാണ്‌. (ആവർത്ത​ന​പു​സ്‌തകം 10:17, 18) അതിഥി​സ​ത്‌കാ​ര​പ്രി​യ​രാ​യി​രു​ന്നു​കൊണ്ട്‌, മറ്റുള്ള​വ​രോ​ടു ദയയും ഔദാ​ര്യ​വും കാണി​ക്കു​ന്ന​തിൽ യഹോ​വ​യിൽനി​ന്നു നമുക്കു ധാരാളം കാര്യങ്ങൾ പഠിക്കാ​നുണ്ട്‌.

8. നമ്മുടെ ആത്മീയ ആവശ്യ​ങ്ങൾക്കാ​യി കരുതു​ന്ന​തിൽ യഹോവ എങ്ങനെ ഔദാ​ര്യം കാണി​ച്ചി​രി​ക്കു​ന്നു?

8 തന്റെ സൃഷ്ടി​ക​ളു​ടെ ഭൗതി​കാ​വ​ശ്യ​ങ്ങൾക്കാ​യി സമൃദ്ധ​മാ​യി കരുതു​ന്ന​തി​നു പുറമേ, ഒരു ആത്മീയ വിധത്തിലും അവരുടെ ആവശ്യ​ങ്ങൾക്കാ​യി യഹോവ കരുതു​ന്നു. നാം ആത്മീയ​മാ​യി ശോച​നീ​യ​മായ അവസ്ഥയി​ലാ​ണെന്നു നമ്മിലാ​രും മനസ്സി​ലാ​ക്കു​ന്ന​തി​നു മുമ്പു​തന്നെ, നമ്മുടെ ആത്മീയ ക്ഷേമ​ത്തെ​പ്രതി അങ്ങേയറ്റം ഉദാര​മ​ന​സ്സോ​ടെ യഹോവ പ്രവർത്തി​ക്കു​ക​യു​ണ്ടാ​യി. റോമർ 5:8, 10-ൽ നാം വായി​ക്കു​ന്നു: “ക്രിസ്‌തു​വോ നാം പാപികൾ ആയിരി​ക്കു​മ്പോൾ തന്നേ നമുക്കു വേണ്ടി മരിക്ക​യാൽ ദൈവം തനിക്കു നമ്മോ​ടുള്ള സ്‌നേ​ഹത്തെ പ്രദർശി​പ്പി​ക്കു​ന്നു. ശത്രു​ക്ക​ളാ​യി​രി​ക്കു​മ്പോൾ തന്നേ നമുക്കു അവന്റെ പുത്രന്റെ മരണത്താൽ ദൈവ​ത്തോ​ടു നിരപ്പു വന്നു.” ആ കരുതൽ, പാപി​ക​ളായ മനുഷ്യർക്കു നമ്മുടെ സ്വർഗീയ പിതാ​വു​മാ​യി സന്തുഷ്ട​ക​ര​മായ ഒരു കുടും​ബ​ബ​ന്ധ​ത്തി​ലേക്കു വരുക സാധ്യ​മാ​ക്കി​ത്തീർക്കു​ന്നു. (റോമർ 8:20, 21) പാപപൂർണ​വും അപൂർണ​വു​മായ ഒരു അവസ്ഥയാ​ണു നമുക്ക്‌ ഉള്ളതെ​ങ്കിൽകൂ​ടി, നമ്മുടെ ജീവിതം വിജയ​പ്ര​ദ​മാ​ക്കു​ന്ന​തിന്‌ ഉചിത​മായ മാർഗ​നിർദേ​ശ​വും വഴിന​ട​ത്തി​പ്പും നമുക്കു ലഭിക്കു​ന്നു​വെന്നു യഹോവ ഉറപ്പു​വ​രു​ത്തി.—സങ്കീർത്തനം 119:105; 2 തിമൊ​ഥെ​യൊസ്‌ 3:16.

9, 10. (എ) യഹോവ തികഞ്ഞ ഒരു ആതി​ഥേ​യ​നാ​ണെന്നു നമുക്കു പറയാൻ കഴിയു​ന്നത്‌ എന്തു​കൊണ്ട്‌? (ബി) ഇക്കാര്യ​ത്തിൽ സത്യാ​രാ​ധകർ യഹോ​വയെ എങ്ങനെ അനുക​രി​ക്കണം?

9 ഇതിന്റെ വീക്ഷണ​ത്തിൽ, സത്യമാ​യും യഹോവ ഒട്ടനവധി വിധങ്ങ​ളിൽ പൂർണ​നായ ആതി​ഥേ​യ​നാ​ണെന്നു നമുക്കു പറയാൻ കഴിയും. മുട്ടു​ള്ള​വ​രെ​യും നിസ്സാ​ര​രെ​യും എളിയ​വ​രെ​യും അവൻ അവഗണി​ക്കു​ന്നില്ല. അവൻ അപരി​ചി​ത​രോട്‌, തന്റെ ശത്രു​ക്ക​ളോ​ടു പോലും, യഥാർഥ താത്‌പ​ര്യം കാണി​ക്കു​ക​യും അവർക്കാ​യി കരുതു​ക​യും ചെയ്യുന്നു. ഭൗതി​ക​മാ​യി എന്തെങ്കി​ലും തിരി​ച്ചു​കി​ട്ടാൻ അവൻ പ്രതീ​ക്ഷി​ക്കു​ന്നില്ല. ഇതി​ലെ​ല്ലാം, ഒരു തികഞ്ഞ ആതി​ഥേ​യന്റെ പരമമായ ഉദാഹ​ര​ണ​മല്ലേ അവൻ?

10 അത്തരം സ്‌നേ​ഹ​ദ​യ​യും ഔദാ​ര്യ​വു​മുള്ള ഒരു ദൈവ​മെന്ന നിലയിൽ, തന്റെ ആരാധകർ തന്നെ അനുക​രി​ക്ക​ണ​മെ​ന്നാ​ണു യഹോ​വ​യു​ടെ ആഗ്രഹം. ദയാപു​ര​സ്സ​ര​മായ ഈ ഗുണത്തി​ന്റെ മുന്തിയ ദൃഷ്ടാ​ന്തങ്ങൾ ബൈബി​ളി​ലു​ട​നീ​ളം നാം കാണുന്നു. “പുരാതന ഇസ്രാ​യേ​ലിൽ അതിഥി​സ​ത്‌കാ​രം നല്ല പെരു​മാ​റ്റ​രീ​തി​ക​ളു​ടെ കേവല​മൊ​രു ഭാഗമാ​യി​രു​ന്നില്ല, മറിച്ച്‌ ഒരു ധാർമി​ക​മായ ആചാര​മാ​യി​രു​ന്നു . . . യഹൂദ പാരമ്പ​ര്യ​ത്തിൽ വളരെ മതിക്ക​പ്പെ​ടുന്ന ഒരു സദ്‌ഗു​ണ​മാ​യി വികാസം പ്രാപിച്ച അതിഥി​സ​ത്‌കാ​ര​വും അതി​നോ​ടു ബന്ധപ്പെട്ട വശങ്ങളും ആവിർഭ​വിച്ച മൂശയാ​യി​രു​ന്നു ക്ഷീണി​ച്ചു​വലഞ്ഞ ഒരു യാത്ര​ക്കാ​രനെ സ്വാഗതം ചെയ്യു​ന്ന​തും ഒരുവന്റെ കൂട്ടത്തിൽ അപരി​ചി​തനെ കൈ​ക്കൊ​ള്ളു​ന്ന​തു​മായ ബൈബിൾ ആചാര​രീ​തി​കൾ” എന്ന്‌ എൻ​സൈ​ക്ലോ​പീ​ഡിയ ജൂഡാ​യിക്ക അഭി​പ്രാ​യ​പ്പെ​ടു​ന്നു. ഏതെങ്കി​ലു​മൊ​രു പ്രത്യേക ദേശനി​വാ​സി​ക​ളു​ടെ​യോ വംശത്തി​ന്റെ​യോ മുഖമു​ദ്ര​യാ​യി​രി​ക്കു​ന്ന​തി​നെ​ക്കാൾ, യഹോ​വ​യു​ടെ എല്ലാ സത്യാ​രാ​ധ​ക​രു​ടെ​യും ഒരു സവി​ശേ​ഷ​ത​യാ​യി​രി​ക്കേ​ണ്ട​തുണ്ട്‌ അതിഥി​സ​ത്‌കാ​രം.

ദൂതന്മാ​രു​ടെ ആതി​ഥേ​യൻ

11. അതിഥി​സ​ത്‌കാ​രം അപ്രതീ​ക്ഷി​ത​മായ അനു​ഗ്ര​ഹങ്ങൾ കൈവ​രു​ത്തി​യെന്ന്‌ ഏതു മുന്തിയ ദൃഷ്ടാന്തം പ്രകട​മാ​ക്കു​ന്നു? (ഉല്‌പത്തി 19:1-3-ഉം ന്യായാ​ധി​പ​ന്മാർ 13:11-16-ഉം കൂടെ കാണുക.)

11 അതിഥി​സ​ത്‌കാ​രം കാട്ടി​യ​തി​നെ​ക്കു​റി​ച്ചുള്ള പരക്കെ അറിയ​പ്പെ​ടുന്ന ബൈബിൾ വിവര​ണ​ങ്ങ​ളി​ലൊന്ന്‌, ഹെ​ബ്രോ​നു സമീപ​മുള്ള മമ്രേ​യി​ലെ വൻമര​ങ്ങ​ളു​ടെ ഇടയിൽ കൂടാ​ര​മ​ടി​ച്ചു താമസി​ക്കു​മ്പോൾ അബ്രഹാ​മും സാറാ​യും കാട്ടിയ അതിഥി​സ​ത്‌കാ​ര​ത്തെ​ക്കു​റി​ച്ചു​ള്ള​താണ്‌. (ഉല്‌പത്തി 18:1-10; 23:19) “അതിഥി​സ​ല്‌ക്കാ​രം മറക്കരു​തു. അതിനാൽ ചിലർ അറിയാ​തെ ദൈവ​ദൂ​ത​ന്മാ​രെ സല്‌ക്ക​രി​ച്ചി​ട്ടു​ണ്ട​ല്ലോ” എന്ന ഉദ്‌ബോ​ധനം നൽകി​യ​പ്പോൾ അപ്പോ​സ്‌ത​ല​നായ പൗലോ​സി​നു നിസ്സം​ശ​യ​മാ​യും മനസ്സി​ലു​ണ്ടാ​യി​രു​ന്നത്‌ ഈ സംഭവ​മാ​യി​രു​ന്നു. (എബ്രായർ 13:2) അതിഥി​സ​ത്‌കാ​രം പാരമ്പ​ര്യ​ത്തോ​ടോ വളർന്നു​വന്ന വിധ​ത്തോ​ടോ ബന്ധപ്പെട്ട ഒരു കാര്യമല്ല, മറിച്ച്‌ അത്ഭുത​ക​ര​മായ അനു​ഗ്ര​ഹങ്ങൾ കൈവ​രു​ത്തുന്ന ഒരു ദൈവിക ഗുണമാണ്‌ എന്നു കാണാൻ ഈ വിവര​ണ​ത്തെ​ക്കു​റി​ച്ചുള്ള ഒരു പഠനം നമ്മെ സഹായി​ക്കും.

12. അപരി​ചി​ത​രോ​ടുള്ള തന്റെ സ്‌നേഹം അബ്രഹാം എങ്ങനെ പ്രകട​മാ​ക്കി?

12 സന്ദർശ​കരെ അബ്രഹാ​മിന്‌ അറിയി​ല്ലാ​യി​രു​ന്നു​വെ​ന്നും അവരുടെ സന്ദർശനം അപ്രതീ​ക്ഷി​ത​മാ​യി​രു​ന്നു​വെ​ന്നും ഉല്‌പത്തി 18:1, 2 സൂചി​പ്പി​ക്കു​ന്നു. അവർ അതിലെ കടന്നു​പോയ മൂന്ന്‌ അപരി​ചി​ത​രാ​ണെന്നു വേണ​മെ​ങ്കിൽ പറയാം. തനിക്കു പരിചി​ത​മ​ല്ലാത്ത ഒരു ദേശത്താ​യി​രി​ക്കുന്ന യാത്ര​ക്കാ​രന്‌ അവി​ടെ​യുള്ള ആരെയും അറിയി​ല്ലെ​ങ്കിൽപോ​ലും അതിഥി​സ​ത്‌കാ​രം പ്രതീ​ക്ഷി​ക്കു​ന്ന​തി​നുള്ള അവകാ​ശ​മു​ണ്ടാ​യി​രു​ന്നു. അതായി​രു​ന്നു പൗരസ്‌ത്യ​രു​ടെ ഇടയിലെ കീഴ്‌വ​ഴ​ക്ക​മെന്നു ചില ഭാഷ്യ​കാ​ര​ന്മാർ പറയുന്നു. എന്നാൽ അപരി​ചി​തർ തങ്ങളുടെ അവകാശം പ്രയോ​ജ​ന​പ്പെ​ടു​ത്താൻ അബ്രഹാം കാത്തി​രു​ന്നില്ല; അവൻ മുൻകൈ എടുത്തു. തന്നിൽനി​ന്നു കുറെ അകലെ​യാ​യി​രുന്ന അപരി​ചി​ത​രു​ടെ അടു​ത്തേക്ക്‌ അവൻ “ഓടി​ച്ചെന്നു”—ഇതെല്ലാം “വെയി​ലു​റെ​ച്ച​പ്പോൾ” ആയിരു​ന്നു. തന്നെയു​മല്ല അബ്രഹാ​മിന്‌ 99 വയസ്സു​മു​ണ്ടാ​യി​രു​ന്നു! നമുക്ക്‌ അനുക​രി​ക്കാ​നുള്ള ഒരു മാതൃ​ക​യെന്ന നിലയിൽ പൗലോസ്‌ അബ്രഹാ​മി​നെ​ക്കു​റി​ച്ചു പരാമർശി​ച്ചത്‌ എന്തു​കൊ​ണ്ടാ​ണെന്ന്‌ ഇതു കാണി​ക്കു​ന്നി​ല്ലേ? അതാണ്‌ അതിഥി​സ​ത്‌കാ​ര​ത്തി​ന്റെ സത്ത, അപരി​ചി​ത​രോ​ടുള്ള പ്രിയം അഥവാ സ്‌നേഹം, അവരുടെ ആവശ്യ​ങ്ങ​ളി​ലുള്ള യഥാർഥ താത്‌പ​ര്യം. അതു ക്രിയാ​ത്മ​ക​മായ ഒരു ഗുണമാണ്‌.

13. അബ്രഹാം തന്റെ സന്ദർശ​ക​രു​ടെ മുമ്പാകെ ‘കുനി​ഞ്ഞത്‌’ എന്തു​കൊണ്ട്‌?

13 അപരി​ചി​തരെ കണ്ടുമു​ട്ടി​യ​ശേഷം, അബ്രഹാം “നിലം​വരെ കുനിഞ്ഞു” എന്നു വിവരണം നമ്മോടു പറയുന്നു. തികച്ചും അപരി​ചി​ത​രാ​യ​വ​രു​ടെ മുമ്പാകെ കുനി​യു​ക​യോ? ആദരണീ​യ​നായ ഒരു അതിഥി​യെ അല്ലെങ്കിൽ ഉയർന്ന സ്ഥാനത്തുള്ള ആരെ​യെ​ങ്കി​ലും അഭിവാ​ദനം ചെയ്യുന്ന വിധത്തെ, അബ്രഹാം നടത്തി​യ​തു​പോ​ലുള്ള കുമ്പി​ട​ലി​നെ, ദൈവ​ത്തി​നു മാത്രം അർപ്പി​ക്കേണ്ട ആരാധ​ന​ക്രി​യ​യു​മാ​യി കൂട്ടി​ക്കു​ഴ​യ്‌ക്ക​രുത്‌. (പ്രവൃ​ത്തി​കൾ 10:25, 26-ഉം വെളി​പ്പാ​ടു 19:10-ഉം താരത​മ്യം ചെയ്യുക.) കേവലം തല വണക്കു​ന്ന​തി​നു പകരം, “നിലം​വരെ” കുനി​ഞ്ഞ​തി​നാൽ, മുഖ്യ​രാണ്‌ എന്ന ബഹുമതി അബ്രഹാം ആ അപരി​ചി​തർക്കു നൽകി. അദ്ദേഹം വലി​യൊ​രു സമ്പന്ന ഗോ​ത്ര​കു​ടും​ബ​ത്തി​ന്റെ തലവനാ​യി​രു​ന്നെ​ങ്കി​ലും, ആ അപരി​ചി​തരെ തന്നെക്കാൾ കൂടുതൽ ബഹുമാ​ന​ത്തിന്‌ അർഹരാ​യി അവൻ കരുതി. അപരി​ചി​ത​രെ​ക്കു​റി​ച്ചു പൊതു​വേ​യുള്ള സംശയ​ത്തിൽനിന്ന്‌, നോക്കട്ടെ, എന്നിട്ടാ​വാം എന്ന മനോ​ഭാ​വ​ത്തിൽനിന്ന്‌, എത്രയോ വ്യത്യ​സ്‌ത​മാ​ണത്‌! “തമ്മിൽ സ്ഥായി​പൂ​ണ്ടു ബഹുമാ​നി​ക്കു​ന്ന​തിൽ അന്യോ​ന്യം മുന്നി​ട്ടു​കൊൾവിൻ” എന്ന പ്രസ്‌താ​വ​ന​യു​ടെ അർഥം അബ്രഹാം ശരിക്കും പ്രകട​മാ​ക്കു​ക​യു​ണ്ടാ​യി.—റോമർ 12:10.

14. അബ്രഹാം അപരി​ചി​ത​രോട്‌ അതിഥി​സ​ത്‌കാ​രം കാണി​ച്ച​തിൽ എന്തു ശ്രമവും ത്യാഗ​വും ഉൾപ്പെ​ട്ടി​രു​ന്നു?

14 അബ്രഹാ​മി​ന്റെ വികാ​രങ്ങൾ യഥാർഥ​മാ​യി​രു​ന്നു​വെന്നു വിവര​ണ​ത്തി​ന്റെ ശിഷ്ടഭാ​ഗം കാട്ടി​ത്ത​രു​ന്നു. ഭക്ഷണം​തന്നെ അസാധാ​ര​ണ​മാ​യി​രു​ന്നു. ധാരാളം ആടുമാ​ടു​ക​ളുള്ള ഒരു വലിയ വീട്ടിൽപോ​ലും “ഇളയതും നല്ലതു​മാ​യൊ​രു കാളക്കു​ട്ടി” സാധാരണ ഭക്ഷണത്തി​ന്റെ ഭാഗമല്ല. ആ പ്രദേ​ശത്തു നിലവി​ലു​ണ്ടാ​യി​രുന്ന ആചാര​ങ്ങ​ളെ​ക്കു​റി​ച്ചു ജോൺ കിറ്റോ​യു​ടെ അനുദിന ബൈബിൾ ദൃഷ്ടാ​ന്തങ്ങൾ (ഇംഗ്ലീഷ്‌) ഇപ്രകാ​രം അഭി​പ്രാ​യ​പ്പെ​ടു​ന്നു: “ഉത്സവസ​മ​യ​ങ്ങ​ളി​ലോ ഒരു അപരി​ചി​തൻ വരു​മ്പോ​ഴോ അല്ലാതെ വിശിഷ്ട ഭോജ്യ​ങ്ങൾ ഒരിക്ക​ലും ഉപയോ​ഗി​ച്ചി​രു​ന്നില്ല; അത്തരം സന്ദർഭ​ങ്ങ​ളിൽ മാത്ര​മാണ്‌ ആടുമാ​ടു​കൾ ധാരാ​ള​മു​ള്ളവർ പോലും മൃഗമാം​സം കഴിച്ചി​രു​ന്നത്‌.” ഉഷ്‌ണ കാലാവസ്ഥ ആയിരു​ന്ന​തി​നാൽ പെട്ടെന്നു നശിച്ചു​പോ​കുന്ന ഭക്ഷ്യസാ​ധ​നങ്ങൾ സൂക്ഷി​ച്ചു​വെ​ക്കാൻ കഴിഞ്ഞി​രു​ന്നില്ല. അതു​കൊണ്ട്‌, അത്തര​മൊ​രു ഭക്ഷണം തയ്യാറാ​ക്കു​മ്പോൾ എല്ലാം ഒരു സമയത്തു​തന്നെ നിർവ​ഹി​ക്ക​ണ​മാ​യി​രു​ന്നു. ഈ ഹ്രസ്വ​മായ വിവര​ണ​ത്തിൽ “ബദ്ധപ്പെട്ടു” അല്ലെങ്കിൽ “ക്ഷണത്തിൽ” എന്ന വാക്കു മൂന്നു പ്രാവ​ശ്യം ആവർത്തി​ക്കു​ന്ന​തിൽ അതിശ​യി​ക്കാ​നില്ല. ഭക്ഷണം തയ്യാറാ​ക്കു​ന്ന​തി​നാ​യി അബ്രഹാം അക്ഷരാർഥ​ത്തിൽതന്നെ “ഓടി​ച്ചെന്നു”!—ഉല്‌പത്തി 18:6-8.

15. അബ്രഹാം ഉദാഹ​രി​ക്കു​ന്ന​തു​പോ​ലെ അതിഥി​സ​ത്‌കാ​രം കാണി​ക്കു​ന്ന​തിൽ ഭൗതിക വസ്‌തു​ക്കൾ സംബന്ധിച്ച ഉചിത​മായ വീക്ഷണ​മെന്ത്‌?

15 പക്ഷേ, ആരു​ടെ​യെ​ങ്കി​ലും മതിപ്പു നേടു​ന്ന​തി​നാ​യി, ഒരു വലിയ സദ്യ ഒരുക്കണം എന്നല്ല ഈ പറഞ്ഞു​വ​രു​ന്ന​തി​ന്റെ ഉദ്ദേശ്യം. ഭക്ഷണം ഒരുക്കി അവർക്കു കൊടു​ക്കു​ന്ന​തിൽ അബ്രഹാ​മും സാറാ​യും വളരെ​യ​ധി​കം ശ്രമം നടത്തി​യെ​ങ്കി​ലും അതേക്കു​റിച്ച്‌ അബ്രഹാം നേരത്തെ പരാമർശി​ച്ചത്‌ എങ്ങനെ​യെന്നു ശ്രദ്ധി​ക്കുക: “അസാരം വെള്ളം കൊണ്ടു​വന്നു നിങ്ങളു​ടെ കാലു​കളെ കഴുകട്ടെ; വൃക്ഷത്തിൻ കീഴിൽ ഇരിപ്പിൻ. ഞാൻ ഒരു മുറി അപ്പം കൊണ്ടു​വ​രാം; വിശപ്പു അടക്കീട്ടു നിങ്ങൾക്കു പോകാം; ഇതിന്നാ​യി​ട്ട​ല്ലോ നിങ്ങൾ അടിയന്റെ അടുക്കൽ കയറി​വ​ന്നതു.” (ഉല്‌പത്തി 18:4, 5) ആ “ഒരു മുറി അപ്പം” മെഴുത്ത കാളക്കു​ട്ടി​യു​ടെ​യും നല്ല മാവു​പൊ​ടി, വെണ്ണ, പാൽ എന്നിവ​കൊ​ണ്ടുള്ള വട്ടയപ്പ​ങ്ങ​ളു​ടെ​യും ഒരു വിരു​ന്നാ​ണെന്നു തെളിഞ്ഞു—ഒരു രാജാ​വി​നുള്ള സദ്യതന്നെ. എന്താണ്‌ അതിലെ പാഠം? അതിഥി​സ​ത്‌കാ​രം കാണി​ക്കു​മ്പോൾ പ്രധാ​ന​മായ സംഗതി അല്ലെങ്കിൽ ഊന്നൽ കൊടു​ക്കേണ്ട കാര്യം ഭക്ഷണപാ​നീ​യങ്ങൾ എത്ര സമൃദ്ധ​മാ​യി​രി​ക്കണം അല്ലെങ്കിൽ വിനോ​ദ​സ​ജ്ജീ​ക​രണം എത്ര വിപു​ല​മാ​യി​രി​ക്കണം എന്നതല്ല. അതിഥി​സ​ത്‌കാ​രം ആശ്രയി​ച്ചി​രി​ക്കു​ന്നതു വില​യേ​റിയ സാധനങ്ങൾ ഒരുവനു കൊടു​ക്കാൻ കഴിയു​മോ എന്നതി​നെയല്ല, മറിച്ച്‌ മറ്റുള്ള​വ​രു​ടെ ക്ഷേമ​ത്തോ​ടുള്ള യഥാർഥ താത്‌പ​ര്യ​ത്തെ​യും ഒരുവനു കഴിയു​ന്നി​ട​ത്തോ​ളം മറ്റുള്ള​വർക്കു നന്മ ചെയ്യാ​നുള്ള ആഗ്രഹ​ത്തെ​യു​മാണ്‌. “ദ്വേഷ​മു​ള്ളെ​ടത്തെ തടിപ്പിച്ച കാള​യെ​ക്കാൾ സ്‌നേ​ഹ​മു​ള്ളെ​ടത്തെ ശാക​ഭോ​ജനം നല്ലതു” എന്ന്‌ ഒരു ബൈബിൾ സദൃശ​വാ​ക്യം പറയുന്നു. യഥാർഥ അതിഥി​സ​ത്‌കാ​ര​ത്തി​ന്റെ അന്തഃസത്ത അതിലാണ്‌.—സദൃശ​വാ​ക്യ​ങ്ങൾ 15:17.

16. സന്ദർശ​കർക്കാ​യി അബ്രഹാം ചെയ്‌ത കാര്യ​ത്തിൽ ആത്മീയ കാര്യ​ങ്ങ​ളോട്‌ അവൻ എങ്ങനെ​യാ​ണു വിലമ​തി​പ്പു പ്രകട​മാ​ക്കി​യത്‌?

16 എന്നിരു​ന്നാ​ലും, മുഴു പരിപാ​ടി​ക്കും ഒരു ആത്മീയ പ്രതീ​തി​യും ഉണ്ടായി​രു​ന്ന​താ​യി നാം ശ്രദ്ധി​ക്കണം. ഈ സന്ദർശകർ യഹോ​വ​യിൽനി​ന്നുള്ള സന്ദേശ​വാ​ഹ​ക​രാ​യി​രു​ന്നു​വെന്ന്‌ അബ്രഹാം എങ്ങനെ​യോ മനസ്സി​ലാ​ക്കി​യി​രി​ക്കാം. “യഹോവേ, ഇപ്പോൾ ഞാൻ നിന്റെ കണ്ണുക​ളിൽ പ്രീതി​യു​ള്ള​വ​നാ​ണെ​ങ്കിൽ, നിന്റെ ദാസനെ കടന്നു​പോ​ക​രു​തേ” എന്ന്‌ അവൻ അവരെ അഭിസം​ബോ​ധന ചെയ്യുന്നതിനാൽ അതു സൂചി​പ്പി​ക്ക​പ്പെ​ടു​ന്നു. a (ഉല്‌പത്തി 18:3, NW; പുറപ്പാ​ടു 33:20 താരത​മ്യം ചെയ്യുക.) തനിക്കാ​യി അവർ ഒരു സന്ദേശം കൊണ്ടു​വ​ന്നി​രി​ക്ക​യാ​ണോ അതോ അവർ വെറുതെ കടന്നു​പോ​വു​ക​യാ​ണോ എന്ന്‌ അബ്രഹാ​മി​നു നേരത്തെ അറിയി​ല്ലാ​യി​രു​ന്നു. എങ്കിലും, യഹോ​വ​യു​ടെ ഉദ്ദേശ്യം നിവർത്തി​ക്ക​പ്പെ​ടു​ക​യാ​ണെന്ന്‌ അവൻ മനസ്സി​ലാ​ക്കി. ആ വ്യക്തികൾ യഹോ​വ​യിൽനി​ന്നുള്ള ഏതോ ദൗത്യ​ത്തിൽ ഏർപ്പെ​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു. അതിനുള്ള സംഭാ​വ​ന​യ്‌ക്കാ​യി തനിക്ക്‌ എന്തെങ്കി​ലും ചെയ്യാ​നാ​യാൽ, അത്‌ അവനു സന്തോ​ഷ​മാ​കു​മാ​യി​രു​ന്നു. യഹോ​വ​യു​ടെ ദാസന്മാർ ഏറ്റവും മികച്ചത്‌ അർഹി​ക്കു​ന്നു​വെന്ന്‌ അവൻ മനസ്സി​ലാ​ക്കി. തന്റെ സാഹച​ര്യ​ങ്ങ​ളാ​ലാ​വു​ന്ന​തിൽ ഏറ്റവും മികച്ചത്‌ അവൻ നൽകു​മാ​യി​രു​ന്നു. അങ്ങനെ ചെയ്യു​ക​വഴി തനിക്കോ മറ്റാർക്കെ​ങ്കി​ലു​മോ ആത്മീയ അനു​ഗ്രഹം ലഭിക്കു​മാ​യി​രു​ന്നു. അബ്രഹാ​മി​ന്റെ​യും സാറാ​യു​ടെ​യും ആത്മാർഥ​മായ അതിഥി​സ​ത്‌കാ​ര​ത്തി​ന്റെ ഫലമായി അവർ ഇരുവ​രും സമൃദ്ധ​മാ​യി അനു​ഗ്ര​ഹി​ക്ക​പ്പെട്ടു.—ഉല്‌പത്തി 18:9-15; 21:1, 2.

അതിഥി​സ​ത്‌കാ​ര​പ്രി​യ​മുള്ള ഒരു ജനത

17. തങ്ങളുടെ ഇടയിലെ അപരി​ചി​ത​രെ​യും മുട്ടു​ള്ള​വ​രെ​യും സംബന്ധിച്ച്‌ ഇസ്രാ​യേ​ല്യ​രിൽനി​ന്നു യഹോവ എന്ത്‌ ആവശ്യ​പ്പെട്ടു?

17 അബ്രഹാ​മി​ന്റെ മുന്തിയ ദൃഷ്ടാന്തം, അവനിൽനിന്ന്‌ ഉളവായ ജനത വിസ്‌മ​രി​ച്ചു​ക​ള​യ​രു​താ​യി​രു​ന്നു. യഹോവ ഇസ്രാ​യേ​ല്യർക്കു നൽകിയ ന്യായ​പ്ര​മാ​ണ​ത്തിൽ, അവരുടെ ഇടയി​ലു​ണ്ടാ​യി​രുന്ന അപരി​ചി​ത​രോട്‌ അതിഥി​സ​ത്‌കാ​രം കാണി​ക്കു​ന്ന​തി​നുള്ള കരുത​ലു​കൾ ഉൾപ്പെ​ട്ടി​രു​ന്നു. “നിങ്ങ​ളോ​ടു​കൂ​ടെ പാർക്കുന്ന പരദേശി നിങ്ങൾക്കു സ്വദേ​ശി​യെ​പ്പോ​ലെ ഇരി​ക്കേണം; അവനെ നിന്നെ​പ്പോ​ലെ തന്നേ സ്‌നേ​ഹി​ക്കേണം; നിങ്ങളും മിസ്ര​യീം​ദേ​ശത്തു പരദേ​ശി​ക​ളാ​യി​രു​ന്നു​വ​ല്ലോ; ഞാൻ നിങ്ങളു​ടെ ദൈവ​മായ യഹോവ ആകുന്നു.” (ലേവ്യ​പു​സ്‌തകം 19:34) ഭൗതിക സഹായം ആവശ്യ​മു​ണ്ടാ​യി​രു​ന്ന​വരെ ആ ജനത നിസ്സാ​ര​രാ​യി തള്ളിക്ക​ള​യാ​തെ അവരോ​ടു പ്രത്യേക പരിഗണന കാണി​ക്കേ​ണ്ടി​യി​രു​ന്നു. യഹോവ അവരെ സമൃദ്ധ​മായ വിളവു​കൾകൊണ്ട്‌ അനു​ഗ്ര​ഹി​ച്ച​പ്പോ​ഴും ഉത്സവങ്ങ​ളിൽ അവർ സന്തോ​ഷി​ച്ച​പ്പോ​ഴും ശബത്തു വർഷങ്ങ​ളിൽ തങ്ങളുടെ വേലക​ളിൽനിന്ന്‌ അവർ വിശ്ര​മി​ച്ച​പ്പോ​ഴും മറ്റു സന്ദർഭ​ങ്ങ​ളി​ലും ഈ ഹതാശരെ—വിധവ​മാ​രെ​യും പിതാ​വി​ല്ലാത്ത ബാലന്മാ​രെ​യും പരദേ​ശി​ക​ളാ​യി പാർക്കു​ന്ന​വ​രെ​യും—ആ ജനത ഓർക്കേ​ണ്ടി​യി​രു​ന്നു.—ആവർത്ത​ന​പു​സ്‌തകം 16:9-14; 24:19-21; 26:12, 13.

18. യഹോ​വ​യു​ടെ പ്രീതി​യും അനു​ഗ്ര​ഹ​വും ലഭിക്കു​ന്ന​തി​നോ​ടുള്ള ബന്ധത്തിൽ അതിഥി​സ​ത്‌കാ​രം എത്ര പ്രധാ​ന​മാണ്‌?

18 മറ്റുള്ള​വ​രോ​ടുള്ള, പ്രത്യേ​കി​ച്ചും മുട്ടു​ള്ള​വ​രോ​ടുള്ള, ദയ, ഔദാ​ര്യം, അതിഥി​സ​ത്‌കാ​രം എന്നിവ​യു​ടെ പ്രാധാ​ന്യം, ആ ഗുണങ്ങൾ ബാധക​മാ​ക്കാൻ ഇസ്രാ​യേ​ല്യർ പരാജ​യ​പ്പെ​ട്ട​പ്പോൾ യഹോവ അവരോട്‌ ഇടപെട്ട വിധത്തിൽനി​ന്നു കാണാം. അപരി​ചി​ത​രോ​ടും മുട്ടു​ള്ള​വ​രോ​ടും കാണി​ക്കുന്ന ദയയും ഔദാ​ര്യ​വും, തന്റെ ജനത്തിന്‌ അവന്റെ തുടർച്ച​യായ അനു​ഗ്ര​ഹങ്ങൾ ലഭിക്കു​ന്ന​തി​നുള്ള നിബന്ധ​ന​ക​ളിൽപ്പെ​ടു​ന്നു​വെന്നു യഹോവ വ്യക്തമാ​ക്കി. (സങ്കീർത്തനം 82:2, 3; യെശയ്യാ​വു 1:17; യിരെ​മ്യാ​വു 7:5-7; യെഹെ​സ്‌കേൽ 22:7; സെഖര്യാ​വു 7:9-11) ഈ നിബന്ധ​ന​ക​ളും മറ്റുള്ള​വ​യും നിറ​വേ​റ്റു​ന്ന​തിൽ ആ ജനത ഉത്സാഹം കാട്ടി​യ​പ്പോൾ, അവർ അഭിവൃ​ദ്ധി പ്രാപി​ക്കു​ക​യും ഭൗതി​ക​വും ആത്മീയ​വു​മാ​യി സമൃദ്ധി ആസ്വദി​ക്കു​ക​യും ചെയ്‌തു. അവർ തങ്ങളുടെ സ്വാർഥ​പ​ര​മായ വ്യക്തിഗത അനുധാ​വ​ന​ങ്ങ​ളിൽ ആമഗ്നരാ​വു​ക​യും മുട്ടു​ള്ള​വ​രോ​ടു ദയാപൂർവ​ക​മായ ഈ ഗുണങ്ങൾ കാണി​ക്കു​ന്ന​തിൽ അവഗണന കാട്ടു​ക​യും ചെയ്‌ത​പ്പോൾ, യഹോവ അവരെ അപലപി​ച്ചു. അവസാനം അവർക്കു യഹോ​വ​യു​ടെ പ്രതി​കൂല ന്യായ​വി​ധി ലഭിക്കു​ക​യും ചെയ്‌തു.—ആവർത്ത​ന​പു​സ്‌തകം 27:19; 28:15, 45.

19. നാം കൂടു​ത​ലാ​യി എന്തു പരിചി​ന്തി​ക്കണം?

19 അപ്പോൾ, ഇക്കാര്യ​ത്തിൽ യഹോ​വ​യു​ടെ പ്രതീ​ക്ഷ​കൾക്കൊ​ത്തു നാം ഉയരു​ന്നു​ണ്ടോ എന്നു കാണാൻ ആത്മപരി​ശോ​ധന നടത്തു​ന്നത്‌ എത്രയോ പ്രധാ​ന​മാണ്‌! ലോക​ത്തിൽ സ്വാർഥ​പ​ര​വും ഭിന്നി​പ്പി​ക്കു​ന്ന​തു​മായ ആത്മാവുള്ള സ്ഥിതിക്ക്‌ ഇതു വിശേ​ഷി​ച്ചും അങ്ങനെ​ത​ന്നെ​യാണ്‌. ഭിന്നിച്ച ഒരു ലോക​ത്തിൽ നമുക്കു ക്രിസ്‌തീയ അതിഥി​സ​ത്‌കാ​രം എങ്ങനെ കാണി​ക്കാൻ സാധി​ക്കും? അടുത്ത ലേഖന​ത്തിൽ ചർച്ച​ചെ​യ്‌തി​രി​ക്കുന്ന വിഷയം അതാണ്‌.

[അടിക്കു​റിപ്പ്‌]

a ഈ ആശയം സംബന്ധിച്ച കുറേ​ക്കൂ​ടി വിപു​ല​മായ ചർച്ചക്ക്‌ 1988 മേയ്‌ 15 ലക്കം വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ (ഇംഗ്ലീഷ്‌) 21-23 പേജു​ക​ളി​ലുള്ള “ആരെങ്കി​ലും ദൈവത്തെ കണ്ടിട്ടു​ണ്ടോ?” എന്ന ലേഖനം കാണുക.

നിങ്ങൾ ഓർമി​ക്കു​ന്നു​വോ?

◻ “അതിഥി​സ​ല്‌ക്കാ​രം” എന്നു വിവർത്തനം ചെയ്‌തി​രി​ക്കുന്ന ബൈബിൾ പദത്തിന്റെ അർഥ​മെന്ത്‌?

◻ അതിഥി​സ​ത്‌കാ​രം കാണി​ക്കു​ന്ന​തിൽ യഹോവ തികഞ്ഞ മാതൃ​ക​യാ​യി​രി​ക്കു​ന്നത്‌ ഏതു വിധങ്ങ​ളിൽ?

◻ അബ്രഹാം എത്ര​ത്തോ​ളം അതിഥി​സ​ത്‌കാ​രം കാട്ടി?

◻ സത്യാ​രാ​ധ​ക​രെ​ല്ലാം ‘അതിഥി​സ​ല്‌ക്കാ​രം ആചരി​ക്കേ​ണ്ടത്‌’ എന്തു​കൊണ്ട്‌?

[അധ്യയന ചോദ്യ​ങ്ങൾ]