അയർലൻഡിൽ ബൈബിൾ സത്യം പ്രസംഗിക്കപ്പെടുന്നതു തുടരുന്നു
രാജ്യപ്രഘോഷകർ റിപ്പോർട്ടു ചെയ്യുന്നു
അയർലൻഡിൽ ബൈബിൾ സത്യം പ്രസംഗിക്കപ്പെടുന്നതു തുടരുന്നു
സമീപ വർഷങ്ങളിൽ അയർലൻഡ് എന്ന പ്രകൃതിരമണീയമായ രാജ്യം വളരെയധികം കലാപങ്ങൾക്കു വേദിയായിരിക്കുകയാണ്. അതേസമയംതന്നെ, യഹോവയുടെ സാക്ഷികൾ അവരുടെ പക്കലെത്തിക്കുന്ന ബൈബിളിലെ പ്രത്യാശാ ദൂതിനോട് അയർലൻഡിലെ ജനങ്ങൾ അനുകൂലമായി പ്രതികരിച്ചിരിക്കുന്നു. അയർലൻഡിൽനിന്നുള്ള പിൻവരുന്ന അനുഭവങ്ങൾ അതു സ്ഥിരീകരിക്കുന്നു.
■ ഡബ്ലിനിൽ ഒരു യഹോവയുടെ സാക്ഷിയും അദ്ദേഹത്തിന്റെ മകളും വീടുതോറുമുള്ള പ്രസംഗവേലയിൽ പങ്കുപറ്റുകയായിരുന്നു. തന്റെ നിരവധി കുട്ടികളുമായി വളരെ തിരക്കിലായിരുന്ന കാത്തി എന്നു പേരുള്ള ഒരു സ്ത്രീയെ അവർ കണ്ടുമുട്ടി. പ്രസംഗവേല പഠിക്കുന്ന മകൾ അവരുമായി ഒരു ഹ്രസ്വമായ സന്ദേശം പങ്കിട്ടോട്ടെയെന്നു സാക്ഷി അവരോടു ചോദിച്ചു. കാത്തി സമ്മതിച്ചു. ആ കൊച്ചു പെൺകുട്ടി വ്യക്തവും മുൻകൂട്ടി ആലോചിച്ചുറച്ചിരുന്നതുമായ അവതരണം നടത്തി. ആ കൊച്ചുകുട്ടിയുടെ സ്പഷ്ടമായ ആത്മാർഥതയും ആദരവും കാത്തിയിൽ മതിപ്പുളവാക്കി. അവർ ഒരു ബൈബിൾ ലഘുലേഖ സ്വീകരിച്ചു.
പിന്നീട്, കാത്തി ആ കൊച്ചു സന്ദർശകയുടെ നല്ല തയ്യാറെടുപ്പിനെയും പെരുമാറ്റത്തെയും കുറിച്ച് അനുസ്മരിച്ചു. “പ്രായത്തിനതീതമായ പക്വതയോടെ ഇത്രയും താത്പര്യജനകമായ ഒരു സന്ദേശം പങ്കുവെക്കാൻ ഒരു കൊച്ചു പെൺകുട്ടിക്കു കഴിഞ്ഞതിൽ എനിക്കു വിലമതിപ്പുതോന്നി. അടുത്ത തവണ യഹോവയുടെ സാക്ഷികൾ സന്ദർശിക്കുമ്പോൾ അവർക്കു ചെവിചായ്ക്കുമെന്നു ഞാൻ നിശ്ചയിച്ചുറച്ചു,” അവർ പറഞ്ഞു.
കാത്തി അതിനിടയിൽ തെക്കുപടിഞ്ഞാറ് അയർലൻഡിലെ കോർക്ക്, കെറി മണ്ഡലങ്ങളുടെ അതിർത്തിക്കടുത്ത്, ഒരു ചെറിയ പട്ടണത്തിലേക്കു താമസംമാറ്റി. കുറച്ചുനാൾ കഴിഞ്ഞു യഹോവയുടെ സാക്ഷികൾ അവരുടെ വീടു സന്ദർശിച്ചു, അവർ അവരെ അകത്തേക്കു ക്ഷണിച്ചു. അവർ ക്രമമായ ഒരു ബൈബിളധ്യയനത്തിനു സമ്മതിച്ചു. മാത്രമല്ല, തന്റെ കുട്ടികളിൽ പലരോടുമൊപ്പം അവർ ഇപ്പോൾ സഭായോഗങ്ങൾക്കു ഹാജരാകുന്നു. തന്നോടൊപ്പം സുവാർത്ത പങ്കിടാനുള്ള ആ കൊച്ചു പെൺകുട്ടിയുടെ ആത്മാർഥമായ ആഗ്രഹത്തിനു കാത്തി നന്ദിയുള്ളവളാണ്.
■ ടുലമോർ പ്രദേശത്ത്, ജീൻ എന്നു പേരുള്ള ഒരു സ്ത്രീയുമായി ഏഴു വർഷത്തിലധികം സാക്ഷികൾ ബൈബിൾ ചർച്ചകൾ നടത്തി. ചിലപ്പോഴൊക്കെ അവർ താത്പര്യം കാണിക്കുകയും സാഹിത്യങ്ങൾ സ്വീകരിക്കുകയും ചെയ്യും. എന്നാൽ ചിലപ്പോൾ അവരുടെ താത്പര്യത്തിനു മങ്ങലേൽക്കും. ഒരിക്കൽ, ഫ്രാൻസസ് എന്നുപേരുള്ള ഒരു സാക്ഷിയും ഒരു സുഹൃത്തും ജീനിനെ സന്ദർശിച്ചപ്പോൾ അവർ ആകെ അസ്വസ്ഥയായിരിക്കുന്നതായി കണ്ടെത്തി. “ഞങ്ങൾ എന്തു സംസാരിക്കുന്നുവെന്നൊന്നും ശ്രദ്ധിക്കാതെ അവർ കൂടുതൽ ദേഷ്യം പ്രകടമാക്കി. ഒടുവിൽ അവർ ഞങ്ങളോടു പോയി തുലയൂ എന്നു പറഞ്ഞുകൊണ്ടു കതകു കൊട്ടിയടച്ചു,” സാക്ഷി റിപ്പോർട്ടുചെയ്തു.
അടുത്ത സന്ദർശനങ്ങൾ സമാനമായ ഒരു പ്രതികരണമായിരിക്കുമോ ഉളവാക്കുക എന്നു ഫ്രാൻസസ് ചിന്തിച്ചു. ‘അവർക്കു സന്ദേശത്തിൽ യഥാർഥമായ താത്പര്യമില്ലെങ്കിൽ വീണ്ടും അവരെ സന്ദർശിക്കുന്നതുകൊണ്ടു യാതൊരു പ്രയോജനവും ഉണ്ടായെന്നു വരില്ല’ ഫ്രാൻസസ് വിചാരിച്ചു. എന്നിരുന്നാലും, അവർ ഭർത്താവ് തോമസുമായി ഈ വിഷയം ചർച്ച ചെയ്തു. അദ്ദേഹത്തിനു കൂടുതൽ പ്രതീക്ഷയുണ്ടായിരുന്നു. അടുത്ത തവണ അവർ ആ ഭാഗത്തു വീണ്ടും സന്ദർശിച്ചപ്പോൾ ജീനിനെ വീണ്ടും സന്ദർശിച്ചു. അവർ സൗഹൃദം കാട്ടുകയും വീക്ഷാഗോപുരം, ഉണരുക! മാസികകൾ സ്വീകരിക്കുകയും ചെയ്തു. അടുത്ത സന്ദർശനങ്ങളും അതുപോലെതന്നെ സന്തോഷപ്രദമായിരുന്നു. തോമസും ഫ്രാൻസസും അവരോടൊപ്പം ക്രമമായ ഭവന ബൈബിളധ്യയനം ആരംഭിച്ചു.
മാറ്റത്തിനു കാരണമെന്തായിരുന്നു? താൻ സാക്ഷികളോടു തികച്ചും അപമര്യാദയായി പെരുമാറിയപ്പോൾ, തന്റെ പ്രസവം കഴിഞ്ഞ് ആശുപത്രിയിൽനിന്നു വന്നതേയുള്ളായിരുന്നു എന്നു ജീൻ വിശദീകരിക്കുന്നു. നവജാത ശിശുവിനെ മുലയൂട്ടുകയും മൂത്ത കുട്ടിക്കു ഭക്ഷണം വാരിക്കൊടുക്കുകയും ചെയ്തിരുന്നതിനാൽ അവർക്ക് ഒന്നര മണിക്കൂർ മാത്രമേ ഉറങ്ങാൻ ലഭിച്ചിരുന്നുള്ളൂ. “മതത്തെക്കുറിച്ചു സംസാരിക്കാൻ എനിക്ക് ഒട്ടും ആഗ്രഹമില്ലായിരുന്നു,” ജീൻ പറയുന്നു.
രണ്ടു മാസത്തിനകം ജീൻ എല്ലാ സഭായോഗങ്ങൾക്കും ഹാജരാകാൻ തുടങ്ങി. നാലു മാസത്തിനകം അവർ വയൽശുശ്രൂഷയിൽ പങ്കെടുക്കാൻ തുടങ്ങി. ബൈബിളധ്യയനം ആരംഭിച്ചു പത്തു മാസമായപ്പോൾ അവർ സ്നാപനമേറ്റു. ഇപ്പോൾ സ്വന്തം അനുഭവം ജീനിനെ ശുശ്രൂഷയിൽ സഹായിക്കുന്നു. “വളരെ പരുക്കനായ ഒരാളെ കണ്ടുമുട്ടുന്നപക്ഷം കൂടുതൽ സഹാനുഭൂതി പ്രകടിപ്പിക്കാൻ ഞാൻ ശ്രമിക്കുന്നു. എല്ലായ്പോഴും ഞാൻ അതു ശ്രദ്ധിക്കുന്നു. അടുത്ത തവണ ഞാൻ മടങ്ങിച്ചെല്ലുമ്പോഴേക്കും സാഹചര്യത്തിനു മാറ്റം വന്നേക്കാം; ആ വ്യക്തിക്കു കൂടുതൽ സുഖംതോന്നുകയും കൂടുതൽ പ്രതികരണമനോഭാവം കാട്ടുകയും ചെയ്തേക്കാം,” അവർ വിശദീകരിക്കുന്നു.