ജപ്പാനിൽ മതസ്വാതന്ത്ര്യം ഉറപ്പിക്കപ്പെടുന്നു
ജപ്പാനിൽ മതസ്വാതന്ത്ര്യം ഉറപ്പിക്കപ്പെടുന്നു
ജപ്പാനിൽ അനേക വർഷങ്ങളായിട്ട്, യഹോവയുടെ സാക്ഷികളായ യുവവിദ്യാർഥികൾ ഒരു ധർമസങ്കടത്തിലായിരുന്നു: തങ്ങളുടെ ബൈബിൾ പരിശീലിത മനസ്സാക്ഷി പിൻപറ്റണമോ, അതോ തങ്ങളുടെ മനസ്സാക്ഷിയെ അതിലംഘിക്കുന്ന സ്കൂൾ അധ്യയനക്രമം പിൻപറ്റണമോ. എന്തുകൊണ്ടാണ് ഈ ധർമസങ്കടം? ആയോധനകല അഭ്യസനം അവരുടെ സ്കൂളിലെ കായികവിദ്യാഭ്യാസ പരിപാടിയുടെ ഭാഗമാണ്. അത്തരം അഭ്യസനം യെശയ്യാവു 2-ാം അധ്യായം 4-ാം വാക്യത്തിലേതുപോലുള്ള ബൈബിൾ തത്ത്വങ്ങളുമായി യോജിക്കുന്നില്ലെന്ന് ഈ യുവസാക്ഷികൾക്കു തോന്നി. അതിങ്ങനെ വായിക്കുന്നു: “അവർ തങ്ങളുടെ വാളുകളെ കൊഴുക്കളായും കുന്തങ്ങളെ വാക്കത്തികളായും അടിച്ചുതീർക്കും; ജാതി ജാതിക്കു നേരെ വാളോങ്ങുകയില്ല; അവർ ഇനി യുദ്ധം അഭ്യസിക്കയും ഇല്ല.”
മറ്റൊരു വ്യക്തിയെ ദ്രോഹിക്കുന്നത് ഉൾപ്പെടുന്ന യുദ്ധാഭ്യാസംപോലുള്ള വൈദഗ്ധ്യങ്ങൾ പഠിക്കാൻ ആഗ്രഹമില്ലാത്ത ഈ യുവ ക്രിസ്തീയ സാക്ഷികൾ തങ്ങൾക്ക് ആയോധനകലയിൽ മനഃസാക്ഷിപൂർവം പങ്കെടുക്കാനാവില്ലെന്ന് അധ്യാപകരോടു വിശദീകരിച്ചു. സ്കൂൾ അധ്യയനക്രമം സ്വീകരിക്കുന്നതിന് ഈ വിദ്യാർഥികളെ പ്രേരിപ്പിക്കാൻ ശ്രമിച്ചതിനുശേഷം, പരിഗണനസ്വഭാവമുള്ള അനേകം അധ്യാപകരും അവസാനം വിദ്യാർഥികളുടെ മനസ്സാക്ഷിയോട് ആദരവു കാട്ടാനും പകരോപാധികൾ പ്രദാനം ചെയ്യാനും സമ്മതിക്കുകയുണ്ടായി.
എന്നിരുന്നാലും, ചില അധ്യാപകർ വികാരാധീനരായി. ചില സ്കൂളുകൾ ഈ യുവസാക്ഷികൾക്ക് കായികവിദ്യാഭ്യാസത്തിനുള്ള അംഗീകാരം നിഷേധിച്ചു. ആയോധനകലയിൽ പങ്കെടുക്കാഞ്ഞതിന് 1993-ൽ ഒമ്പതു സാക്ഷികളെങ്കിലും അടുത്ത ഗ്രേഡിലേക്കു പ്രവേശിക്കുന്നതിന് അയോഗ്യരാക്കപ്പെട്ട് സ്കൂൾ വിട്ടുപോകാൻ നിർബന്ധിതരാകുകയോ സ്കൂളിൽനിന്നു പുറത്താക്കപ്പെടുകയോ ചെയ്തു.
വ്യക്തമായും, തങ്ങളുടെ മനസ്സാക്ഷി അനുസരിച്ച്, വിട്ടുവീഴ്ച ചെയ്യേണ്ടതില്ലാതെ വിദ്യാഭ്യാസം സ്വീകരിക്കാനുള്ള യുവ ക്രിസ്ത്യാനികളുടെ അവകാശം സംരക്ഷിക്കേണ്ട സമയമായിരുന്നു അത്. കോബെ മുനിസിപ്പൽ ഇൻഡസ്ട്രിയൽ കോളെജിൽ (കോബെ ടെക് എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്നു) രണ്ടാം ഗ്രേഡിലേക്കു കയറ്റം നിഷേധിക്കപ്പെട്ട അഞ്ചു വിദ്യാർഥികൾ നിയമനടപടി കൈക്കൊള്ളാൻതന്നെ തീരുമാനിച്ചു.
വിവാദം എന്തായിരുന്നു?
1990-ലെ വസന്തകാലത്ത് അഞ്ചു വിദ്യാർഥികൾ കോബെ ടെക്കിൽ ചേർന്നപ്പോൾ, തങ്ങളുടെ ബൈബിളധിഷ്ഠിത വീക്ഷണങ്ങൾനിമിത്തം തങ്ങൾക്കു കെന്റൊ അഭ്യാസത്തിൽ (ജപ്പാൻകാരുടെ വാളഭ്യാസം) പങ്കെടുക്കാനാവില്ലെന്ന് അവർ അധ്യാപകരോടു വിശദീകരിച്ചിരുന്നു. കായികവിദ്യാഭ്യാസ വിഭാഗം അതിനെ ശക്തമായി എതിർക്കുകയും കായികവിദ്യാഭ്യാസത്തിന് അംഗീകാരം നേടുന്നതിനുള്ള ഏതെങ്കിലും പകരോപാധി നിഷേധിക്കുകയും ചെയ്തു. അവസാനം, കായികവിദ്യാഭ്യാസ ക്ലാസ്സിൽ ഈ വിദ്യാർഥികൾ തോറ്റു, തത്ഫലമായി ഒന്നാം ഗ്രേഡിൽത്തന്നെ (കോളെജിലെ ഒന്നാം വർഷ കോഴ്സ്) പിന്നെയും ഇരിക്കേണ്ടിവന്നു. മതസ്വാതന്ത്ര്യം സംബന്ധിച്ചുള്ള ഭരണഘടനാപരമായ ഉറപ്പിന് എതിരാണ് സ്കൂളിന്റെ നടപടി എന്ന് അവകാശപ്പെട്ടുകൊണ്ട് 1991 ഏപ്രിലിൽ കോബെ ഡിസ്ട്രിക്റ്റ് കോടതിയിൽ അവർ കേസ് കൊടുത്തു. a
പകരോപാധികൾ പ്രദാനം ചെയ്യുന്നത് ഒരു പ്രത്യേക മതത്തോട് ഔദാര്യം പ്രകടമാക്കുന്നതിനു തുല്യമാകുമെന്നും പൊതുവിദ്യാഭ്യാസത്തിന്റെ നിഷ്പക്ഷതയെ അതു ഹനിക്കുമെന്നും സ്കൂൾ അവകാശപ്പെട്ടു. മാത്രവുമല്ല, ഒരു പകര കായികവിദ്യാഭ്യാസ പരിപാടി പ്രദാനംചെയ്യാനുള്ള സൗകര്യമോ ജോലിക്കാരോ ഇല്ലെന്നും അവർ അവകാശപ്പെട്ടു.
ഡിസ്ട്രിക്റ്റ് കോടതിവിധി അഭിജ്ഞരെ ഇളക്കുന്നു
കേസിന്റെ വിചാരണ നടന്നുകൊണ്ടിരിക്കെ, കായികവിദ്യാഭ്യാസത്തിനുള്ള ഗ്രേഡ് കടക്കുന്നതിൽ അഞ്ചു വിദ്യാർഥികളിൽ രണ്ടുപേർ വീണ്ടും തോറ്റു. മറ്റു മൂന്നുപേർ കഷ്ടിച്ചു കടന്നുവെന്നു മാത്രം. കാര്യമായ വിദ്യാഭ്യാസ പുരോഗതി കൈവരിക്കാത്തവരും രണ്ടു വർഷം തുടർച്ചയായി ഒരേ ഗ്രേഡ് ആവർത്തിക്കുന്നവരുമായ വിദ്യാർഥികളെ പുറത്താക്കണമെന്നാണു സ്കൂൾ നിയമം അനുശാസിക്കുന്നത്. ഇതിന്റെ വീക്ഷണത്തിൽ, രണ്ടു വിദ്യാർഥികളിൽ ഒരാൾ പുറത്താക്കപ്പെടുന്നതിനുമുമ്പ് സ്കൂൾ വിട്ടുപോകാൻ തീരുമാനിച്ചു. എന്നാൽ മറ്റേ വിദ്യാർഥി, കുനിഹിതോ കോബായാഷി, വിട്ടുപോകാൻ വിസമ്മതിച്ചതിനാൽ
പുറത്താക്കപ്പെട്ടു. രസകരമെന്നു പറയട്ടെ, 48 പോയന്റുമായി തോറ്റ കായികവിദ്യാഭ്യാസം ഉൾപ്പെടെ എല്ലാ വിഷയത്തിനുമുള്ള കുനിഹിതോയുടെ ശരാശരി 100-ൽ 90.2 ആയിരുന്നു. 42 വിദ്യാർഥികളുള്ള ക്ലാസ്സിൽ അവനായിരുന്നു ഒന്നാം സ്ഥാനം.1993 ഫെബ്രുവരി 22-ന്, കോബെ ഡിസ്ട്രിക്റ്റ് കോടതി കോബെ ടെക്കിന് അനുകൂലമായി വിധിച്ചുകൊണ്ടു പറഞ്ഞു: “സ്കൂൾ കൈക്കൊണ്ട നടപടികളിൽ ഭരണഘടനാ ലംഘനമില്ല.” എങ്കിലും “കെന്റൊ അഭ്യാസത്തിൽ പങ്കെടുക്കണമെന്ന സ്കൂളിന്റെ നിബന്ധനയാൽ ഹർജിക്കാരുടെ ആരാധനാസ്വാതന്ത്ര്യം ഏതാണ്ട് ഭഞ്ജിക്കപ്പെടുന്നുണ്ടെന്നത് നിഷേധിക്കാനാവില്ലെ”ന്നുതന്നെ അത് അംഗീകരിച്ചു.
ഒന്നാം നൂറ്റാണ്ടിലെ പൗലോസ് അപ്പോസ്തലനെപ്പോലെ, ഹർജിക്കാർ മേൽക്കോടതിയിൽ അപ്പീൽ ബോധിപ്പിക്കാൻ തീരുമാനിച്ചു. (പ്രവൃത്തികൾ 25:11, 12) അങ്ങനെ ഒസാക ഹൈക്കോടതിയിലേക്കു കേസ് മാറ്റി.
ഹർജിക്കാരുടെ നിസ്വാർഥ മനോഭാവം
ട്സൂകൂബാ യൂണിവേഴ്സിറ്റിയിലെ അറിയപ്പെടുന്ന ഒരു പണ്ഡിതനായ പ്രൊഫസർ റ്റെറ്റ്സുവോ ഷീമോമുറാ, ഒസാക ഹൈക്കോടതിയിൽ ഒരു വിദഗ്ധ സാക്ഷിയായി മൊഴികൊടുക്കാമെന്നു സമ്മതിച്ചു. വിദ്യാർഥികളുമായുള്ള ഇടപെടലിൽ സ്കൂളിന്റെ നടപടി എത്രകണ്ട് വിവേകശൂന്യമായിരുന്നുവെന്നു വിദ്യാഭ്യാസത്തിന്റെയും നിയമത്തിന്റെയും ഒരു വിദഗ്ധൻ എന്നനിലയിൽ അദ്ദേഹം ഊന്നിപ്പറഞ്ഞു. കുനിഹിതോ കോബായാഷി കോടതിയിൽ തന്റെ വികാരങ്ങൾ പ്രകടിപ്പിച്ചു. അവന്റെ ആത്മാർഥ മനോഭാവം കോടതിമുറിയിലുണ്ടായിരുന്നവരുടെ ഹൃദയങ്ങളെ സ്പർശിച്ചു. കൂടാതെ, 1994 ഫെബ്രുവരി 22-ന്, കോബെ ബാർ അസോസിയേഷൻ, കുനിഹിതോയുടെ ആരാധനാ സ്വാതന്ത്ര്യത്തെയും വിദ്യാഭ്യാസം സ്വീകരിക്കാനുള്ള അവകാശത്തെയും സ്കൂൾനടപടികൾ അതിലംഘിച്ചുവെന്നു പ്രഖ്യാപിച്ചുകൊണ്ട്, സ്കൂൾ അവനെ തിരിച്ചെടുക്കണമെന്നു ശുപാർശ ചെയ്തു.
ഒസാക ഹൈക്കോടതി തീർപ്പു കൽപ്പിക്കേണ്ട സമയം സമീപിച്ചപ്പോൾ, ഉൾപ്പെട്ടിരുന്ന എല്ലാ യുവക്രിസ്ത്യാനികളും പോരാട്ടത്തിന്റെ അന്ത്യംവരെ അതിൽ ഭാഗഭാക്കാകാൻ ആകാംക്ഷാഭരിതരായിരുന്നു. ജപ്പാനിലുടനീളം സ്കൂളുകളിൽ ഇതേ പ്രശ്നം അഭിമുഖീകരിക്കുന്ന ആയിരക്കണക്കിനു യുവസാക്ഷികൾക്കുവേണ്ടിയാണ് തങ്ങൾ ഈ നിയമയുദ്ധം നടത്തുന്നത് എന്ന തോന്നലായിരുന്നു അവർക്ക്. എന്നാൽ അവരെ സ്കൂളിൽനിന്നു പുറത്താക്കിയിട്ടില്ലാത്തതിനാൽ, കോടതി അവരുടെ കേസ് തള്ളിക്കളയാനായിരുന്നു ഏറെ സാധ്യത. മാത്രവുമല്ല, അവർ പരാതിയിൽനിന്നു മാറിനിൽക്കുന്നപക്ഷം, കുനിഹിതോയെ പുറത്താക്കിയതിലെ സ്കൂളിന്റെ ന്യായക്കേട് തെളിഞ്ഞുനിൽക്കുമെന്ന് അവർക്കു മനസ്സിലായി. അങ്ങനെ, കുനിഹിതോ ഒഴികെ എല്ലാ വിദ്യാർഥികളും കേസിൽനിന്നൊഴിവാകാൻ തീരുമാനിച്ചു.
1994 ഡിസംബർ 22-ന്, ഒസാക ഹൈക്കോടതിയിലെ പ്രധാന ന്യായാധിപനായ റേസുകീ ഷീമാദാ, കോബെ ഡിസ്ട്രിക്റ്റ് കോടതി വിധിയുടെ തീർപ്പിനെ മറിച്ചുവിധിച്ചുകൊണ്ടുള്ള തീരുമാനം പുറപ്പെടുവിച്ചു. കെന്റൊ അഭ്യാസത്തിൽ പങ്കെടുക്കാൻ വിസമ്മതിക്കുന്നതിനുള്ള കുനിഹിതോയുടെ കാരണം ആത്മാർഥതയുള്ളതാണെന്നും മതവിശ്വാസത്തിന്മേൽ അധിഷ്ഠിതമായ അവന്റെ നടപടിമൂലം അവനുണ്ടായ നഷ്ടം അങ്ങേയറ്റം മഹനീയമാണെന്നും കോടതി കണ്ടെത്തി. സ്കൂൾ പകരോപാധികൾ കണ്ടെത്തേണ്ടതായിരുന്നുവെന്നു മുഖ്യന്യായാധിപനായ ഷീമാദാ പറഞ്ഞു. ഈ ഉത്തമ തീർപ്പ് മനുഷ്യാവകാശങ്ങളിൽ താത്പര്യം കാണിച്ചിരുന്നവരിൽനിന്ന് അനുകൂല പ്രതികരണം ഉളവാക്കി. എന്നിരുന്നാലും, ജപ്പാനിലെ സുപ്രീംകോടതിയിൽ അപ്പീൽ ബോധിപ്പിക്കുകയാണു സ്കൂൾ ചെയ്തത്. ഇതാകട്ടെ, ഒരു വർഷംകൂടി കുനിഹിതോയ്ക്കു വിദ്യാഭ്യാസം നഷ്ടമാകുന്നതിൽ കലാശിച്ചു.
സുപ്രീംകോടതിയിലേക്ക്
കോബെ ഷീംബൂൻ വാർത്താപത്രത്തിലെ ഒരു മുഖപ്രസംഗം പിന്നീടു പ്രസ്താവിച്ചു: “പ്രസ്തുത ഘട്ടത്തിൽ [ഒസാക ഹൈക്കോടതിയുടെ തീർപ്പിനുശേഷം] കോബെ സിറ്റി സ്കൂൾ ബോർഡിനും സ്കൂളിനും ശ്രീ. കോബായാഷിയെ സ്കൂളിൽ തിരിച്ചെടുക്കാമായിരുന്നു. . . . അനാവശ്യമായ അവരുടെ ഏറ്റുമുട്ടൽ മനോഭാവം ഹേതുവായി ഒരാൾക്കു തന്റെ യുവത്വത്തിലെ ഒരു പ്രധാനപ്പെട്ട കാലഘട്ടമാണു നഷ്ടമായിരിക്കുന്നത്.”
എന്നിട്ടും കോബെ ടെക് ഈ കേസിൽ അചഞ്ചലമായിത്തന്നെ നിലകൊണ്ടു. തത്ഫലമായി, അതു ദേശവ്യാപകമായി വാർത്തകളിൽ സ്ഥാനംപിടിച്ചു. ഇതിലേക്കു രാജ്യത്തുടനീളമുള്ള അധ്യാപകരുടെയും സ്കൂൾ അധികൃതരുടെയും ശ്രദ്ധതിരിഞ്ഞു. ഭാവിയിൽ സമാനമായ കേസുകൾക്ക് ഏറെ ശക്തമായ ഒരു കീഴ്വഴക്കം വെക്കുന്നതാവും രാജ്യത്തെ അത്യുന്നത കോടതിയുടെ വിധി.സുപ്രീംകോടതിയിൽ സ്കൂൾ അപ്പീൽ ബോധിപ്പിച്ച് ഏതാണ്ട് ഒരാഴ്ച കഴിഞ്ഞപ്പോൾ, 1995 ജനുവരി 17-നു കോബെ ഭൂകമ്പം കുനിഹിതോയും കുടുംബവും പാർത്തിരുന്ന ആഷിയ നഗരത്തിൽ ആഞ്ഞടിച്ചു. ആ മേഖലയിൽ ഭൂമികുലുക്കം ഉണ്ടായതിന് ഏതാനും മിനിറ്റുകൾക്കു മുമ്പ്, അതായത് അന്നു രാവിലെ അഞ്ചരയായപ്പോഴേക്കും കുനിഹിതോ തന്റെ അംശകാല ജോലിക്കായി വീടുവിട്ടിറങ്ങി. അവൻ ഹാൻഷീൻ എക്സ്പ്രസ്വേയുടെ കീഴിലുള്ള റോഡിലൂടെ സൈക്കിളിൽ പോകുകയായിരുന്നു. ഭൂകമ്പം ആഞ്ഞടിച്ചപ്പോൾ തകർന്നുനിലംപതിച്ച ഭാഗത്തിനടുത്തേക്കു സമീപിക്കുകയായിരുന്നു അവൻ. ഉടൻതന്നെ അവൻ വീട്ടിലേക്കു തിരിച്ചു. വീടിന്റെ ഒന്നാം നില പൂർണമായും തകർന്നുകിടക്കുന്ന കാഴ്ചയാണ് അവൻ അവിടെ കണ്ടത്. ഭൂകമ്പത്തിൽ താൻ എളുപ്പം കൊല്ലപ്പെടേണ്ടതായിരുന്നു എന്നു മനസ്സിലാക്കിയ കുനിഹിതോ, തന്നെ രക്ഷപ്പെടാൻ അനുവദിച്ചതിനു യഹോവയ്ക്കു നന്ദിപറഞ്ഞു. അവൻ മരിച്ചിരുന്നെങ്കിൽ, സാധ്യതയനുസരിച്ച്, സുപ്രീംകോടതിയുടെ തീർപ്പുകൂടാതെതന്നെ കെന്റൊ കേസ് അവസാനിക്കുമായിരുന്നു.
സാധാരണമായി, ജപ്പാനിൽ സുപ്രീംകോടതി ലിഖിത പരാതികൾമാത്രം പരിശോധിച്ചാണ് കീഴ്ക്കോടതി വിധി ശരിയായിരുന്നോ അല്ലയോ എന്നു വിധിക്കാറ്. കീഴ്ക്കോടതി വിധി റദ്ദാക്കാൻ ഗുരുതരമായ കാരണമില്ലെങ്കിൽ വാദം കേൾക്കാറില്ല. തീർപ്പുകൽപ്പിക്കുന്ന സമയം കോടതി കക്ഷികളെ അറിയിക്കാറുമില്ല. അതുകൊണ്ട്, 1996 മാർച്ച് 8-നു തീരുമാനം അറിയിക്കുമെന്ന് അന്നു രാവിലെ കുനിഹിതോയ്ക്ക് അറിയിപ്പു ലഭിച്ചപ്പോൾ അവൻ അതിശയിച്ചുപോയി. ഒസാക ഹൈക്കോടതിവിധിയെ സുപ്രീംകോടതി സാധൂകരിച്ചുവെന്നു കേട്ടപ്പോൾ അവൻ സന്തോഷിക്കുകയും ആഹ്ലാദിക്കുകയും ചെയ്തു.
“സാമൂഹിക അംഗീകാരമുള്ള ചട്ടങ്ങളുടെ കാഴ്ചപ്പാടിൽ പ്രസ്തുത നടപടി അങ്ങേയറ്റം അനുചിതമായി വീക്ഷിക്കപ്പെടണമെന്നും അതു വിവേചനാപരമായ അവകാശങ്ങളുടെ മേഖലയിൽനിന്നുള്ള വ്യതിചലനമാണെന്നും, അതുകൊണ്ടുതന്നെ നിയമവിരുദ്ധമാണെന്നും” ന്യായാധിപനായ ഷീനീച്ചീ കാവിയുടെ അധ്യക്ഷതയിലുള്ള നാലു ന്യായാധിപന്മാർ ഐകകണ്ഠ്യേന വിധിച്ചു. കെന്റൊ അഭ്യാസത്തിൽ പങ്കെടുക്കാനുള്ള കുനിഹിതോയുടെ വിസമ്മതത്തിന്റെ ആത്മാർഥത അംഗീകരിച്ചു കോടതി പറഞ്ഞു: “കെന്റൊ അഭ്യാസത്തിൽ പങ്കെടുക്കാൻ അപ്പീൽപ്രതി വിസമ്മതിക്കുന്നതിനുള്ള കാരണം ആത്മാർഥതയുള്ളതും അയാളുടെ വിശ്വാസത്തിന്റെ അകക്കാമ്പുമായിത്തന്നെ അടുത്തു ബന്ധപ്പെട്ടിരിക്കുന്നതും ആണ്.” അപ്പീൽപ്രതിയുടെ മതവിശ്വാസങ്ങളെ ആദരിക്കുന്നതിനുവേണ്ടി സ്കൂളിനു പകരോപാധികൾ കൈക്കൊള്ളാമായിരുന്നു, കൈക്കൊള്ളേണ്ടതുമായിരുന്നു എന്നു സുപ്രീംകോടതി വിധിച്ചു.
ദൂരവ്യാപക ഫലം
നിശ്ചയമായും ഈ തീർപ്പു സ്കൂളിൽ ആരാധനാസ്വാതന്ത്ര്യത്തിന് അനുകൂലമായ നല്ലൊരു കീഴ്വഴക്കം വെക്കും. ദ ജപ്പാൻ ടൈംസ് പറഞ്ഞു: “വിദ്യാഭ്യാസത്തിന്റെയും ആരാധനാ സ്വാതന്ത്ര്യത്തിന്റെയും പ്രശ്നത്തിൽ സുപ്രീംകോടതി തീർപ്പുകൽപ്പിക്കുന്നത് ഇത് ആദ്യമായാണ്.” എന്നിരുന്നാലും, പ്രസ്തുത തീർപ്പ് ഓരോ യുവവിദ്യാർഥിയെയും വിശ്വാസത്തിന്റെ പരിശോധനകൾ നേരിടുമ്പോൾ മനസ്സാക്ഷിപൂർവകമായ സ്വന്തനിലപാട് എടുക്കുന്നതിനുള്ള ഉത്തരവാദിത്വത്തിൽനിന്നു വിടുവിക്കുന്നില്ല.
കുനിഹിതോയ്ക്കു വിജയം നൽകാൻ ന്യായാധിപനെ പ്രേരിപ്പിച്ച ഒരു ഘടകം അവൻ “മികച്ച കലാലയ നേട്ടമുണ്ടായിരുന്ന ആത്മാർഥതയുള്ള ഒരു വിദ്യാർഥി”യായിരുന്നു എന്നതാണെന്നു ട്സൂകൂബാ യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ മാസായുകീ ഉചിനോ അഭിപ്രായപ്പെട്ടു. വിശ്വാസത്തിന്റെ പരിശോധനകൾ നേരിടുന്ന ക്രിസ്ത്യാനികൾക്കു ബൈബിൾ ഈ ബുദ്ധ്യുപദേശം നൽകുന്നു: “നിങ്ങളുടെ നല്ല പ്രവൃത്തികളെ കണ്ടറിഞ്ഞിട്ടു സന്ദർശനദിവസത്തിൽ ദൈവത്തെ മഹത്വപ്പെടുത്തേണ്ടതിന്നു അവരുടെ ഇടയിൽ നിങ്ങളുടെ നടപ്പു നന്നായിരിക്കേണം.” (1 പത്രൊസ് 2:12) മുഴു ജീവിതവും ബൈബിൾ പ്രമാണങ്ങൾക്കനുസരണം നയിക്കുകവഴി ആളുകളുടെ ആദരവ് അർഹിക്കുന്നതാണു തങ്ങളുടെ ബൈബിളധിഷ്ഠിത നിലപാട് എന്നു വിശ്വസ്തരായ യുവ ക്രിസ്ത്യാനികൾക്കു പ്രകടമാക്കാനാവും.
സുപ്രീംകോടതി തീർപ്പിനുശേഷം കുനിഹിതോ കോബായാഷിയെ കോബെ ടെക്കിൽ തിരിച്ചെടുത്തു. കുനിഹിതോയോടൊപ്പം സ്കൂളിൽ പ്രവേശിച്ചവരിൽ മിക്കവരും ഇതിനോടകംതന്നെ ബിരുദംനേടി. തന്നെക്കാൾ അഞ്ചു വയസ്സിന് ഇളപ്പമുള്ള വിദ്യാർഥികളോടൊപ്പമാണു കുനിഹിതോ ഇപ്പോൾ പഠിക്കുന്നത്. ലോകത്തിലെ അനേകം ആളുകളുടെയും ദൃഷ്ടിയിൽ, യുവത്വത്തിലെ വിലയേറിയ അഞ്ചു വർഷങ്ങൾ പാഴായിപ്പോയതായി തോന്നും. എന്നിരുന്നാലും, യഹോവയാം ദൈവത്തിന്റെ ദൃഷ്ടിയിൽ കുനിഹിതോയുടെ നിർമലത അമൂല്യംതന്നെ. അവന്റെ ത്യാഗം തീർച്ചയായും വൃഥാവിലല്ല.
[അടിക്കുറിപ്പ്]
a വിശദാംശങ്ങൾക്ക്, ദയവായി വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി പ്രസിദ്ധീകരിച്ച 1995 ഒക്ടോബർ 8 ഉണരുക! ലക്കത്തിന്റെ 10 മുതൽ 14 വരെയുള്ള പേജുകൾ കാണുക.
[20-ാം പേജിലെ ചിത്രങ്ങൾ]
ഇടത്ത്: ഭൂകമ്പത്തിനുശേഷം കുനിഹിതോയുടെ ഭവനം
താഴെ: കുനിഹിതോ ഇന്ന്