നാലു വർഷത്തെ യുദ്ധത്തിനിടയിൽ ആശ്വാസം
നാലു വർഷത്തെ യുദ്ധത്തിനിടയിൽ ആശ്വാസം
മുൻ യൂഗോസ്ലാവിയയുടെ പ്രദേശത്തെ നാലു വർഷത്തെ യുദ്ധത്തിനിടയിൽ അനേകമാളുകൾക്കു പ്രയാസങ്ങളും കടുത്ത ക്ഷാമവും നേരിടുകയുണ്ടായി. “സർവ്വാശ്വാസവും നല്കുന്ന ദൈവ”ത്തെ ആരാധിക്കുന്നതിൽ വിശ്വസ്തതയോടെ തുടർന്ന നൂറുകണക്കിനു യഹോവയുടെ സാക്ഷികളും അവർക്കിടയിലുണ്ടായിരുന്നു.—2 കൊരിന്ത്യർ 1:3.
സാരെയെവോയിൽ, യുദ്ധസമയങ്ങളിലെല്ലാം ഉപരോധത്തിൻ കീഴിലായിരുന്ന വൻനഗരത്തിൽ ജീവിക്കുന്നതിന്റെ കൂടുതലായ പ്രയാസങ്ങളും ആളുകൾ അനുഭവിച്ചു. വൈദ്യുതി, വെള്ളം, വിറക്, ഭക്ഷണം എന്നിവയ്ക്കെല്ലാം ക്ഷാമമുണ്ടായിരുന്നു. അത്യന്തം കഠിനമായ ഈ അവസ്ഥയിൽ യഹോവയുടെ സാക്ഷികളുടെ സാരെയെവോ സഭ എങ്ങനെ പ്രവർത്തിച്ചു? അടുത്ത രാജ്യങ്ങളിൽനിന്നുള്ള ക്രിസ്ത്യാനികൾ തങ്ങളുടെ ജീവൻ പണയപ്പെടുത്തി വൻതോതിൽ ദുരിതാശ്വാസ സാധനങ്ങൾ എത്തിച്ചു. (1994 നവംബർ 1 വീക്ഷാഗോപുരം, പേജ് 23-7 കാണുക.) മാത്രവുമല്ല, ആത്മീയ സംഗതികൾ പങ്കുവെക്കുന്നതിനു മുൻതൂക്കം നൽകിക്കൊണ്ട്, തങ്ങൾക്കുണ്ടായിരുന്നത് സാരെയെവോയിലെ സഹോദരങ്ങൾ പരസ്പരം പങ്കുവെച്ചു. ഉപരോധ കാലഘട്ടത്ത്, ആ നഗരത്തിലെ ഒരു ക്രിസ്തീയ മേൽവിചാരകൻ നൽകിയ റിപ്പോർട്ടാണ് പിൻവരുന്നത്:
“നമ്മുടെ യോഗങ്ങളെ ഞങ്ങൾ വളരെയധികം വിലമതിക്കുന്നു. മറ്റു 30 പേരോടൊപ്പം ഞാനും ഭാര്യയും 15 കിലോമീറ്റർ [9 മൈൽ] നടന്നാണു യോഗങ്ങൾക്കു പോകുന്നത്. ചിലപ്പോഴൊക്കെ വെള്ളം വരുന്ന സമയം യോഗങ്ങൾ നടക്കുമ്പോഴായിരിക്കുമെന്നാകും അറിയിപ്പ്. സഹോദരങ്ങൾ എന്തു ചെയ്യും? വീട്ടിൽ തങ്ങുമോ യോഗങ്ങൾക്കു വരുമോ? നമ്മുടെ സഹോദരങ്ങൾ യോഗങ്ങൾക്കു വരാനാണ് ഇഷ്ടപ്പെട്ടത്. സഹോദരങ്ങൾ എല്ലായ്പോഴും പരസ്പരം സഹായിക്കുന്നു; തങ്ങൾക്കുള്ളത് എന്തും അവർ പങ്കുവെക്കുന്നു. ഞങ്ങളുടെ സഭയിലെ ഒരു സഹോദരി താമസിക്കുന്നത് വനത്തിനു സമീപം നഗരാതിർത്തിയിലാണ്. അതിനാൽ വിറകു ലഭിക്കുന്നത് അവർക്ക് കുറച്ച് എളുപ്പമായിരുന്നു. കൂടാതെ, അവർ ജോലി ചെയ്യുന്നതാകട്ടെ, ഒരു ബേക്കറിയിലും. അവിടെ ശമ്പളമായി മാവാണു കൊടുത്തിരുന്നത്. സാധിക്കുമ്പോഴൊക്കെ, അവർ ഒരു വലിയ കഷണം റൊട്ടിയുണ്ടാക്കി യോഗത്തിനു കൊണ്ടുവരും. യോഗത്തിനുശേഷം, വീട്ടിലേക്കു മടങ്ങുന്നതിനുമുമ്പ് അവർ എല്ലാവർക്കും ഓരോ കഷണം കൊടുക്കും.
“സഹോദരീസഹോദരന്മാരിൽ ആർക്കും താൻ പരിത്യജിക്കപ്പെടുന്നതായി തോന്നുന്നില്ലെന്നതു പ്രധാനമാണ്. പ്രതികൂലമായ ഒരു അവസ്ഥയിൽ തങ്ങളിലാർക്കാണ് അടുത്തതായി സഹായം വേണ്ടിയിരിക്കുന്നത് എന്ന് ആർക്കുമറിയില്ല. കൊടുംതണുപ്പുള്ള നേരത്ത് ഒരു സഹോദരിക്ക് അസുഖം പിടിപെട്ടപ്പോൾ, ബലവാന്മാരായ യുവ സഹോദരന്മാർ അവരെ ഹിമവാഹനത്തിലേറ്റി യോഗങ്ങൾക്കു കൊണ്ടുപോയി.
“ഞങ്ങളെല്ലാവരും പ്രസംഗവേലയിൽ പങ്കുപറ്റുന്നുണ്ട്, യഹോവ ഞങ്ങളുടെ ശ്രമങ്ങളെയും അനുഗ്രഹിച്ചിരിക്കുന്നു. അവൻ ബോസ്നിയയിലെ ഞങ്ങളുടെ ദയനീയ അവസ്ഥ കണ്ടു. അതേസമയം അവൻ വർധനവ്—യുദ്ധത്തിനുമുമ്പ് ഞങ്ങൾക്കുണ്ടായിട്ടില്ലാത്ത വർധനവ്—തന്നു ഞങ്ങളെ അനുഗ്രഹിക്കുകയും ചെയ്തിരിക്കുന്നു.”
അതുപോലെ, മുൻ യൂഗോസ്ലാവിയാ പ്രദേശത്തെ യുദ്ധത്താൽ ചീന്തപ്പെട്ട മറ്റു ഭാഗങ്ങളിൽ, കഠിന പ്രയാസങ്ങളുടെ നടുവിലും യഹോവയുടെ സാക്ഷികൾ വർധനവുകൾ ആസ്വദിച്ചിരിക്കുന്നു. യഹോവയുടെ സാക്ഷികളുടെ ക്രോയേഷ്യ ഓഫീസിൽനിന്നു സാക്ഷികളുടെ ഒരു കൂട്ടത്തെക്കുറിച്ച് ഒരു റിപ്പോർട്ടുണ്ട്: “ഇടപെടാൻ അങ്ങേയറ്റം പ്രയാസകരമായ സമയമായിരുന്നു വെലിക ക്ലോദുഷായിൽ ജീവിക്കുന്ന സഹോദരങ്ങൾക്കു നേരിട്ടത്. പ്രസ്തുത പട്ടണം പലപ്രാവശ്യം ആക്രമിക്കപ്പെട്ടു. ക്രോയേഷ്യ, സെർബിയ സൈന്യത്തോടും വിവിധ മുസ്ലീം സൈന്യത്തോടുമുള്ള തങ്ങളുടെ നിഷ്പക്ഷത സഹോദരങ്ങൾക്കു വിശദീകരിക്കണമായിരുന്നു. അവർ തടവ്, അടി, വിശപ്പ്, മരണഭീഷണി എന്നിവയെല്ലാം സഹിക്കേണ്ടിയിരുന്നു. എന്നിട്ടും, അവരെല്ലാം വിശ്വസ്തതയോടെ സഹിച്ചുനിന്നു. തങ്ങളുടെ പ്രവർത്തനത്തിന്മേലുള്ള യഹോവയുടെ അനുഗ്രഹം കാണുന്നതിനുള്ള പ്രത്യേക പദവിയും അവർക്കുണ്ടായി.”
ഈ പ്രയാസങ്ങളിലും, വെലിക ക്ലോദുഷായിലെയും തൊട്ടടുത്ത ബീഹാശിലെയും യഹോവയുടെ സാക്ഷികൾ തങ്ങളുടെ അയൽക്കാരുമായി ദൈവാശ്വാസ സന്ദേശം സതീക്ഷ്ണം പങ്കുവെക്കവേ, വർധനവുകൾ ആസ്വദിക്കുന്നതിൽ തുടരുകയാണ്. ഈ രണ്ടു പ്രദേശങ്ങളിൽനിന്നായി ആകെയുള്ള 26 രാജ്യപ്രസാധകർ 39 ഭവന ബൈബിളധ്യയനങ്ങൾ നടത്തുന്നുണ്ട്!