യഹോവയ്ക്കു കൊടുക്കേണ്ടത് എന്തുകൊണ്ട്?
യഹോവയ്ക്കു കൊടുക്കേണ്ടത് എന്തുകൊണ്ട്?
ഒരു കൊച്ചു സീദോന്യ പട്ടണമായ സാരെഫാത്തിൽ ചുട്ടുപൊള്ളുന്ന വെയിലത്ത് ഒരു വിധവ വിറകു പെറുക്കുവാൻ കുനിഞ്ഞു. തുച്ഛമായ—ഒരുപക്ഷേ അവൾക്കും മകനും കഴിക്കാനുണ്ടായിരുന്ന അവസാനത്തെ—ആഹാരം തയ്യാറാക്കുന്നതിനു തീ കത്തിക്കണമായിരുന്നു. ദീർഘകാലത്തെ വരൾച്ചയിലും ക്ഷാമത്തിലും തന്റെയും മകന്റെയും ജീവൻ നിലനിർത്താൻ അവൾ കിണഞ്ഞു പരിശ്രമിച്ചിരുന്നു. ഒടുവിലതു പരിതാപകരമായ ഈ നിലയിൽ കൊണ്ടെത്തിച്ചു. അവർ വിശന്നു വലയുകയായിരുന്നു.
ഏലിയാവ് എന്നു പേരുള്ള ഒരു മനുഷ്യൻ അവളെ സമീപിച്ചു. അവൻ യഹോവയുടെ പ്രവാചകനാണെന്ന് ആ വിധവ ഉടനടി തിരിച്ചറിഞ്ഞു. അവൾ ആ ദൈവത്തെക്കുറിച്ചു കേട്ടിരുന്നതായി തോന്നുന്നു. അവളുടെ ദേശമായ സീദോനിൽ, ക്രൂരവും വികടവുമായ ആരാധന വ്യാപകമായി അർപ്പിക്കപ്പെട്ടിരുന്ന ബാലിൽനിന്നു വ്യത്യസ്തനായിരുന്നു യഹോവ. അതുകൊണ്ട്, ഏലിയാവ് കുടിക്കാൻ വെള്ളം ചോദിച്ചപ്പോൾ സഹായിക്കാൻ അവൾക്കു തിടുക്കമായിരുന്നു. അങ്ങനെ ചെയ്യുന്നതു യഹോവയുടെ പ്രീതി ലഭിക്കാൻ ഉതകുമെന്ന് അവൾ വിചാരിച്ചിരിക്കാം. (മത്തായി 10:41, 42) എന്നാൽ ഏലിയാവ് അതിലധികം ആവശ്യപ്പെട്ടു—അൽപ്പം ഭക്ഷണം. ഒടുവിലത്തെ ഭക്ഷണത്തിനുള്ളതു മാത്രമേ തന്റെ പക്കലുള്ളൂ എന്ന് ആ സ്ത്രീ വിശദീകരിച്ചു. എങ്കിലും, വരൾച്ച മാറുന്നതുവരെ യഹോവ അവൾക്ക് അത്ഭുതകരമായി ഭക്ഷണം പ്രദാനം ചെയ്യുമെന്ന് ഉറപ്പേകിക്കൊണ്ട് ഏലിയാവ് നിർബന്ധിച്ചു. അവൾ എന്താണു ചെയ്തത്? “അവൾ ചെന്നു ഏലീയാവു പറഞ്ഞതുപോലെ ചെയ്തു” എന്നു ബൈബിൾ പറയുന്നു. (1 രാജാക്കന്മാർ 17:10-15) ലളിതമായ ആ വാക്കുകൾ ആഴമേറിയ വിശ്വാസത്തെ വർണിക്കുന്നു. വാസ്തവത്തിൽ, ഏതാണ്ട് ആയിരം വർഷത്തിനുശേഷം യേശുക്രിസ്തു ആ വിധവയെ പുകഴ്ത്തിപ്പറയത്തക്ക ആഴമേറിയ വിശ്വാസമായിരുന്നു അത്!—ലൂക്കൊസ് 4:25, 26.
എങ്കിലും, വളരെ ദരിദ്രയായിരുന്ന ഒരു വിധവയിൽനിന്നു യഹോവ അത്രയധികം ആവശ്യപ്പെടുമെന്നതു വിചിത്രമായി തോന്നിയേക്കാം. വളരെ പ്രമുഖനായ ഒരു വ്യക്തി ഒരിക്കൽ അർപ്പിച്ച പ്രാർഥനയെക്കുറിച്ചു പരിചിന്തിക്കുമ്പോൾ പ്രത്യേകിച്ചും. ദാവീദ് രാജാവ് തന്റെ മകനായ ശലോമോന് ആലയ നിർമാണത്തിന് ഉപയോഗിക്കാൻ സമാഹരിച്ച സംഭാവന വളരെയധികം ഉദാരതയ്ക്കു വഴിയൊരുക്കി. ആധുനിക കണക്കനുസരിച്ച്, സംഭാവനചെയ്യപ്പെട്ട ദാനങ്ങൾ ശതകോടിക്കണക്കിനു ഡോളർ വിലയുള്ളതായിരുന്നു! എങ്കിലും, യഹോവയോടുള്ള പ്രാർഥനയിൽ ദാവീദ് ഇങ്ങനെ പറഞ്ഞു: “ഞങ്ങൾ ഇങ്ങനെ ഇത്ര മനഃപൂർവമായി ദാനം ചെയ്യേണ്ടതിന്നു പ്രാപ്തരാകുവാൻ ഞാൻ ആർ? എന്റെ ജനവും എന്തുള്ളൂ? സകലവും നിങ്കൽനിന്നല്ലോ വരുന്നതു; നിന്റെ കയ്യിൽനിന്നു വാങ്ങി ഞങ്ങൾ നിനക്കു തന്നതേയുള്ളൂ.” (1 ദിനവൃത്താന്തം 29:14) ദാവീദ് പറഞ്ഞതുപോലെ, സകലവും യഹോവയുടേതാണ്. തന്മൂലം, നിർമലാരാധനയുടെ ഉന്നമനത്തിനായി സംഭാവന ചെയ്യുമ്പോഴൊക്കെ നാം യഹോവയുടേത് അവനു നൽകുക മാത്രമാണ്. (സങ്കീർത്തനം 50:10) അങ്ങനെ ആദ്യംതന്നെ, നാം നൽകാൻ യഹോവ ആഗ്രഹിക്കുന്നത് എന്തുകൊണ്ടാണ് എന്ന ചോദ്യം ഉദിക്കുന്നു.
സത്യാരാധനയുടെ മർമപ്രധാനമായ ഒരു ഭാഗം
മുൻകാലങ്ങൾമുതൽ യഹോവ, കൊടുക്കലിനെ നിർമലാരാധനയുടെ ഒരു മുഖ്യ ഭാഗമായി മാറ്റിയിരുന്നു എന്നതാണ് ഏറ്റവും ലളിതമായ ഉത്തരം. വിശ്വസ്തനായിരുന്ന ഹാബേൽ തന്റെ വിലയേറിയ ആടുമാടുകളിൽ ചിലതു യഹോവയ്ക്കു ബലിയർപ്പിച്ചു. ഗോത്രപിതാക്കന്മാരായിരുന്ന നോഹ, അബ്രഹാം, ഇസ്ഹാക്ക്, യാക്കോബ്, ഇയ്യോബ് എന്നിവർ സമാനമായ ബലികൾ അർപ്പിച്ചു.—ഉല്പത്തി 4:4; 8:20; 12:7; 26:25; 31:54; ഇയ്യോബ് 1:5.
യഹോവയ്ക്കു സംഭാവന കൊടുക്കുവാൻ മോശൈക ന്യായപ്രമാണം കൽപ്പിക്കുക മാത്രമല്ല അതിനെ നിയന്ത്രിക്കുകയും ചെയ്തു. ഉദാഹരണത്തിന്, ദശാംശം കൊടുക്കുന്നതിന് അല്ലെങ്കിൽ ദേശത്തെ ഉത്പന്നങ്ങളുടെയും പെരുകിവരുന്ന ആടുമാടുകളുടെയും പത്തിലൊന്നു സംഭാവന ചെയ്യുന്നതിനു മുഴു ഇസ്രായേല്യരോടും കൽപ്പിച്ചിരുന്നു. (സംഖ്യാപുസ്തകം 18:25-28) മറ്റു സംഭാവനകൾ അത്രമാത്രം കർശനമായി നിയന്ത്രിക്കപ്പെട്ടിരുന്നില്ല. ദൃഷ്ടാന്തത്തിന്, ആടുമാടുകളിലും വിളവുകളിലും ആദ്യഫലം യഹോവയ്ക്കു നൽകാൻ ഓരോ ഇസ്രായേല്യനോടും നിഷ്കർഷിച്ചിരുന്നു. (പുറപ്പാടു 22:29, 30; 23:19) എങ്കിലും, ഉത്തമ ഫലം നൽകുമ്പോൾതന്നെ ആദ്യഫലത്തിൽ എത്രത്തോളം നൽകണമെന്നതു തീരുമാനിക്കാൻ ഓരോ വ്യക്തിക്കും അനുവാദമുണ്ടായിരുന്നു. സ്തോത്രയാഗവും നേർച്ചയും അർപ്പിക്കുന്നതിനു ന്യായപ്രമാണത്തിൻകീഴിൽ വ്യവസ്ഥയുണ്ടായിരുന്നെങ്കിലും അതു തികച്ചും സ്വേച്ഛാനുസൃതമായിരുന്നു. (ലേവ്യപുസ്തകം 7:15, 16) യഹോവ തന്നിട്ടുള്ള അനുഗ്രഹത്തിനു തക്കവണ്ണം താന്താന്റെ പ്രാപ്തിപോലെ നൽകുവാൻ അവൻ ജനത്തിനു പ്രോത്സാഹനമേകി. (ആവർത്തനപുസ്തകം 16:17) സമാഗമന കൂടാരത്തിന്റെയും പി ന്നീട് ആലയത്തിന്റെയും നിർമാണത്തിന്റെ കാര്യത്തിലെന്നപോലെ ഓരോരുത്തനും ഹൃദയത്തിൽ തോന്നിയതുപോലെ സംഭാവന നൽകി. (പുറപ്പാടു 35:21; 1 ദിനവൃത്താന്തം 29:9) അത്തരം സ്വമേധയാ സംഭാവനകൾ യഹോവയെ അത്യന്തം സന്തോഷിപ്പിച്ചുവെന്നതു തീർച്ചയാണ്!
“ക്രിസ്തുവിന്റെ നിയമ”ത്തിൻ കീഴിൽ എല്ലാ കൊടുക്കലും സ്വേച്ഛാനുസൃതം ആയിരിക്കണമായിരുന്നു. (ഗലാത്യർ 6:2, പി.ഒ.സി. ബൈ.; 2 കൊരിന്ത്യർ 9:7) ക്രിസ്തുവിന്റെ അനുഗാമികൾ കൊടുക്കൽ നിർത്തിയെന്നോ കുറച്ചാണു കൊടുത്തതെന്നോ അത് അർഥമാക്കുന്നില്ല. നേരേമറിച്ചായിരുന്നു! യേശുവും അപ്പോസ്തലന്മാരും ഇസ്രായേലിൽ പ്രസംഗിക്കവേ ഒരു കൂട്ടം സ്ത്രീകൾ അവരെ പിന്തുടരുകയും തങ്ങളുടെ വസ്തുവകകൊണ്ട് അവരെ ശുശ്രൂഷിക്കുകയും ചെയ്തു. (ലൂക്കൊസ് 8:1-3) അതുപോലെതന്നെ, പൗലോസ് അപ്പോസ്തലനും തന്റെ മിഷനറി വേലയ്ക്കു പിന്തുണയേകിയ ദാനങ്ങൾ കൈപ്പറ്റി. ക്രമത്തിൽ അവൻ, ആവശ്യമുള്ളപ്പോൾ മറ്റുള്ളവർക്കു തുക നൽകാൻ ചില സഭകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. (2 കൊരിന്ത്യർ 8:14; ഫിലിപ്പിയർ 1:3-5) സംഭാവനയായി ലഭിച്ച വിഭവങ്ങൾ മുട്ടുള്ളവർക്കു വിതരണം ചെയ്യുന്നുവെന്ന് ഉറപ്പുവരുത്താൻ യെരുശലേമിലെ ഭരണസംഘം ഉത്തരവാദിത്തപ്പെട്ടവരെ നിയോഗിച്ചു. (പ്രവൃത്തികൾ 6:2-4) വ്യക്തമായും, നിർമലാരാധനയെ ആ രീതിയിൽ പിന്തുണയ്ക്കുന്നത് ഒരു പദവിയായി ആദിമ ക്രിസ്ത്യാനികൾ കരുതി.
എന്നുവരികിലും, കൊടുക്കൽ യഹോവ തന്റെ ആരാധനയുടെ ഭാഗമാക്കുന്നത് എന്തുകൊണ്ടാണെന്നു നാം ചിന്തിച്ചേക്കാം. നാലു കാരണങ്ങൾ പരിചിന്തിക്കുക.
നാം കൊടുക്കുന്നതിന്റെ കാരണം
ഒന്നാമതായി, കൊടുക്കുന്നതു നമുക്കു നല്ലതാണ് എന്നതുകൊണ്ട് യഹോവ അതിനെ സത്യാരാധനയുടെ ഭാഗമാക്കുന്നു. ദൈവത്തിന്റെ നന്മയെപ്രതിയുള്ള നമ്മുടെ വിലമതിപ്പിനെ അതു സ്പഷ്ടമാക്കുന്നു. ഉദാഹരണത്തിന്, ഒരു കുട്ടി മാതാവിന് അല്ലെങ്കിൽ പിതാവിന് സമ്മാനം കൊടുക്കുമ്പോൾ എന്തുകൊണ്ടാണു മാതാവ് അല്ലെങ്കിൽ പിതാവ് സന്തോഷപൂർവം മന്ദഹസിക്കുന്നത്? ആ സമ്മാനം മാതാവിനോ പിതാവിനോ മറ്റൊരുവിധത്തിലും നിവർത്തിക്കാനാവാഞ്ഞ ആവശ്യത്തെ നിവർത്തിക്കുന്നുവോ? മിക്കവാറും ഇല്ല. മറിച്ച്, കുട്ടി വിലമതിപ്പുള്ള കൊടുക്കൽ മനോഭാവം വളർത്തിയെടുക്കുന്നതു കാണുമ്പോൾ മാതാവിന് അല്ലെങ്കിൽ പിതാവിനു സന്തോഷം തോന്നുന്നു. സമാനമായ കാരണങ്ങളാൽ കൊടുക്കുന്നതിനു യഹോവ നമ്മെ പ്രോത്സാഹിപ്പിക്കുന്നുവെന്നു മാത്രമല്ല നാം അങ്ങനെ ചെയ്യുമ്പോൾ അവനു സന്തോഷവും തോന്നുന്നു. നമ്മോടുള്ള അവന്റെ അതിരറ്റ ദയയും ഉദാരതയും നാം വാസ്തവമായും വിലമതിക്കുന്നുവെന്നു കാട്ടുന്നത് ഇങ്ങനെയാണ്. ‘എല്ലാ നല്ല ദാനത്തിന്റെയും തികഞ്ഞ വരത്തിന്റെയും’ ദാതാവാണ് അവൻ. അതുകൊണ്ട്, അവനു നന്ദി പറയാൻ നമുക്കു കാരണങ്ങൾ ഇല്ലാതെ വരില്ല. (യാക്കോബ് 1:17) സർവോപരി, നാം നിത്യജീവൻ പ്രാപിക്കേണ്ടതിനു യഹോവ തന്റെ പ്രിയപുത്രനെ നമുക്കു നൽകിക്കൊണ്ട് അവനെ മരിക്കാൻ അനുവദിച്ചു. (യോഹന്നാൻ 3:16) നമുക്ക് എന്നെങ്കിലും മതിയാകുവോളം അവനു നന്ദി പറയാനാകുമോ?
രണ്ടാമതായി, കൊടുക്കുന്നത് ഒരു ശീലമാക്കുന്നപക്ഷം നാം ഏറ്റവും പ്രധാനമായ ഒരു വിധത്തിൽ യഹോവയെയും അവന്റെ പുത്രനായ യേശുക്രിസ്തുവിനെയും അനുകരിക്കാൻ പഠിക്കുന്നു. യഹോവ സ്ഥിരമായി, സതതം ഉദാരത കാട്ടുന്നു. ബൈബിൾ പറയുന്നപ്രകാരം, അവൻ നമുക്കു “ജീവനും ശ്വാസവും സകലവും” പ്രദാനം ചെയ്യുന്നു. (പ്രവൃത്തികൾ 17:25) നമ്മുടെ ഓരോ ശ്വാസത്തിനും നാം ആസ്വദിക്കുന്ന ഓരോ ഭക്ഷണത്തിനും ജീവിതത്തിലെ സന്തുഷ്ടവും തൃപ്തികരവുമായ ഓരോ നിമിഷത്തിനും നാം അവനു നന്ദി പറയുന്നത് ഉചിതമായിരിക്കും. (പ്രവൃത്തികൾ 14:17) തന്റെ പിതാവിനെപ്പോലെ യേശു കൊടുക്കൽ മനോഭാവം പ്രകടമാക്കി. അവൻ നിർലോഭം തന്നെത്തന്നെ നൽകി. യേശു അത്ഭുതങ്ങൾ ചെയ്തതു സ്വന്തം നഷ്ടം സഹിച്ചായിരുന്നുവെന്നു നിങ്ങൾക്കറിയാമോ? രോഗികളെ സൗഖ്യമാക്കിയപ്പോൾ അവനിൽനിന്നു “ശക്തി പുറപ്പെട്ട”തായി ഒന്നിലധികം പ്രാവശ്യം തിരുവെഴുത്തു നമ്മോടു പറയുന്നു. (ലൂക്കൊസ് 6:19; 8:45, 46) സ്വന്തം ദേഹിയെ, ജീവനെ, മരണത്തോളം ഒഴുക്കത്തക്കവണ്ണം ഉദാരമനസ്കനായിരുന്നു യേശു.—യെശയ്യാവു 53:12.
അതുകൊണ്ട്, നാം നമ്മുടെ സമയമോ ഊർജമോ സ്വത്തുക്കളോ എന്തുതന്നെ നൽകിയാലും നാം യഹോവയെ അനുകരിക്കുകയും അവന്റെ ഹൃദയത്തെ സന്തോഷിപ്പിക്കുകയുമാണ്. (സദൃശവാക്യങ്ങൾ 27:11; എഫെസ്യർ 5:1) നാം യേശുക്രിസ്തു നമുക്കു നൽകിയിട്ടുപോയ പൂർണ മാതൃക പിൻപറ്റുകയുമാണ്.—1 പത്രൊസ് 2:21.
മൂന്നാമതായി, കൊടുക്കൽ യഥാർഥ, പ്രധാന ആവശ്യങ്ങളെ നിവർത്തിക്കുന്നു. നമ്മുടെ സഹായം കൂടാതെ രാജ്യ താത്പര്യങ്ങൾ നിവർത്തിക്കാൻ യഹോവയ്ക്കു നിഷ്പ്രയാസം സാധിക്കുമെന്നതിനു യാതൊരു സംശയവുമില്ല. വചനം പ്രസംഗിക്കാൻ നമ്മെ ഉപയോഗിക്കുന്നതിനു പകരം ആർത്തുവിളിക്കുന്നതിനു കല്ലുകളെ ഉപയോഗിക്കാൻ അവനു കഴിയുന്നതുപോലെയാണത്. (ലൂക്കൊസ് 19:40) എന്നാൽ ആ പദവികൾ നമുക്കു നൽകി നമ്മെ ആദരിക്കാൻ അവൻ തീരുമാനിച്ചു. തന്മൂലം, രാജ്യ താത്പര്യങ്ങളുടെ ഉന്നമനത്തിനായി നമ്മുടെ വിഭവങ്ങൾ കൊടുക്കുമ്പോൾ ലോകത്തിൽ ഇന്നു നടക്കുന്ന സുപ്രധാന വേലയിൽ നാം ഒരു യഥാർഥ പങ്കുവഹിക്കുന്നുവെന്ന് അറിയുന്നതിലെ അതിയായ സംതൃപ്തി നമുക്കുണ്ട്.—മത്തായി 24:14.
യഹോവയുടെ സാക്ഷികളുടെ ലോകവ്യാപക വേലയുടെ നടത്തിപ്പിനു പണം ആവശ്യമാണെന്ന് എടുത്തു പറയേണ്ടതില്ല. 1995 സേവന വർഷം, പ്രത്യേക പയനിയർമാർ, മിഷനറിമാർ, സഞ്ചാര മേൽവിചാരകന്മാർ എന്നിവരുടെ വയൽസേവന നിയമനങ്ങൾക്കായി മാത്രം സൊസൈറ്റി 6 കോടി ഡോളറോളം ചെലവഴിച്ചു. എന്നാൽ, ലോകവ്യാപകമായി ബ്രാഞ്ച് ഓഫീസുകളുടെയും അച്ചടി സൗകര്യങ്ങളുടെയും നിർമാണവും പ്രവർത്തനവുമായി തട്ടിച്ചുനോക്കുമ്പോൾ അത് താരതമ്യേന ചെറിയ ഒരു ചെലവാണ്. എങ്കിലും, ഇതെല്ലാം സ്വമേധയാ സംഭാവനകളിലൂടെയാണു സാധ്യമാകുന്നത്!
സാധാരണഗതിയിൽ, തങ്ങൾ സമ്പന്നരല്ലാത്ത സ്ഥിതിക്കു മറ്റുള്ളവർ ചുമടു വഹിക്കട്ടെ എന്നു യഹോവയുടെ ജനം വിചാരിക്കുന്നില്ല. അത്തരം മനോഭാവം നമ്മുടെ ആരാധനയുടെ ഈ വശം കൈവിട്ടുപോകുന്നതിലേക്കു നമ്മെ നയിക്കാൻ ഇടയുണ്ട്. പൗലോസ് അപ്പോസ്തലൻ പറയുന്നതനുസരിച്ച്, മക്കെദോന്യയിലെ ക്രിസ്ത്യാനികൾ “മഹാദാരിദ്ര്യ”ത്തിൽ ആയിരുന്നു. എന്നിട്ടും കൊടുക്കാനുള്ള പദവിക്കായി അവർ യാചിച്ചു. അവർ കൊടുത്തത് അവരുടെ “പ്രാപ്തിക്കു മീതെ” ആയിരുന്നുവെന്നു പൗലോസ് സാക്ഷ്യപ്പെടുത്തി!—2 കൊരിന്ത്യർ 8:1-4.
നാലാമതായി, യഹോവ കൊടുക്കലിനെ സത്യാരാധനയുടെ ഒരു ഭാഗമാക്കിയതിനു കാരണം കൊടുക്കൽ സന്തോഷമുള്ളവരായിരിക്കാൻ നമ്മെ സഹായിക്കുന്നു എന്നതാണ്. യേശുതന്നെയും ഇങ്ങനെ പറഞ്ഞു: “സ്വീകരിക്കുന്നതിൽ ഉള്ളതിനെക്കാൾ സന്തോഷം കൊടുക്കുന്നതിലുണ്ട്.” (പ്രവൃത്തികൾ 20:35, NW) അങ്ങനെയാണു യഹോവ നമ്മെ സൃഷ്ടിച്ചതും. നാം എത്രതന്നെ അവനു കൊടുത്താലും അത് ഹൃദയത്തിൽ നമുക്ക് അവനോടുള്ള വിലമതിപ്പിനു തുല്യമാവുകയില്ലെന്നു നമുക്കു തോന്നാനിടയാക്കുന്ന മറ്റൊരു കാരണമാണ് അത്. സന്തോഷകരമെന്നു പറയട്ടെ, നമ്മളാൽ കഴിയുന്നതിലധികം കൊടുക്കാൻ യഹോവ നമ്മിൽനിന്നു പ്രതീക്ഷിക്കുന്നില്ല. നമ്മളാൽ കഴിയുന്നതു സന്തോഷപൂർവം കൊടുക്കുമ്പോൾ അവൻ അതിൽ സന്തുഷ്ടനാണെന്നു നമുക്ക് ഉറപ്പുണ്ടായിരിക്കാം!—2 കൊരിന്ത്യർ 8:12; 9:7.
കൊടുക്കൽ മനോഭാവം കാട്ടുന്നത് അനുഗ്രഹങ്ങളിൽ കലാശിക്കുന്നു
നേരത്തെ സൂചിപ്പിച്ച ദൃഷ്ടാന്തത്തിലേക്കു മടങ്ങിപ്പോകാം. ഏലിയാവിന്റെ ഭക്ഷണാവശ്യം മറ്റാർക്കെങ്കിലും ഏറ്റെടുക്കാനാകുമെന്നു സാരെഫാത്തിലെ വിധവ ന്യായവാദം ചെയ്തതായി വിഭാവന ചെയ്യുക. എന്തൊരു അനുഗ്രഹമായിരുന്നു അവൾക്കു കൈവിട്ടുപോകുമായിരുന്നത്!
കൊടുക്കൽ മനോഭാവം കാട്ടുന്നവരെ യഹോവ അനുഗ്രഹിക്കുമെന്നതിൽ ഒരു സംശയവുമില്ല. (സദൃശവാക്യങ്ങൾ 11:25) തന്റെ ഒടുവിലത്തെ ആഹാരമെന്നു സാരെഫാത്തിലെ വിധവ വിചാരിച്ചതു കൊടുത്തതു നിമിത്തം അവൾക്കു കഷ്ടപ്പെടേണ്ടി വന്നില്ല. ഒരു അത്ഭുതത്തിലൂടെ യഹോവ അവൾക്കു പ്രതിഫലം നൽകി. ഏലിയാവു വാഗ്ദാനം ചെയ്തപ്രകാരം, വരൾച്ച മാറുന്നതുവരെ അവളുടെ മാവു തീർന്നുപോയില്ല, എണ്ണ കുറഞ്ഞുപോയതുമില്ല. എന്നാൽ അവൾക്ക് അതിലും വലിയ പ്രതിഫലം ലഭിച്ചു. അവളുടെ മകൻ രോഗം ബാധിച്ചു മരിച്ചപ്പോൾ ദൈവപുരുഷനായ ഏലിയാവ് അവനെ ജീവനിലേക്കു വരുത്തി അവളെ തിരിച്ചേൽപ്പിച്ചു. അത് അവളെ ആത്മീയമായി എത്രമാത്രം കെട്ടുപണി ചെയ്തിരിക്കണം!—1 രാജാക്കന്മാർ 17:16-24.
അത്ഭുതങ്ങളാൽ അനുഗൃഹീതരാകുന്നതിനു നാം ഇന്നു പ്രതീക്ഷിക്കുന്നില്ല. (1 കൊരിന്ത്യർ 13:8) എന്നാൽ മുഴു ദേഹിയോടെ തന്നെ സേവിക്കുന്നവരെ താൻ പരിപാലിക്കുമെന്നു യഹോവ നമുക്ക് ഉറപ്പേകുന്നു. (മത്തായി 6:33) അക്കാര്യത്തിൽ, യഹോവ നമ്മെ പരിപാലിക്കും എന്ന ഉറപ്പോടെ ഉദാരമായി നൽകിക്കൊണ്ടു നമുക്കു സാരെഫാത്തിലെ വിധവയെപ്പോലെയായിരിക്കാം. അതുപോലെ നമുക്കു വലിയ ആത്മീയ പ്രതിഫലങ്ങൾ ആസ്വദിക്കാൻ കഴിയും. നമ്മുടേത് വിരളമായ, നൈമിഷിക തോന്നലിനാലുള്ള കൊടുക്കൽ ആയിരിക്കുന്നതിനു പകരം, ക്രമമായ ദിനചര്യയുടെ ഭാഗമാണെങ്കിൽ നമ്മുടെ കണ്ണു ലഘുവായി സൂക്ഷിക്കുന്നതിനും യേശു കൽപ്പിച്ചതുപോലെ രാജ്യ താത്പര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും നമുക്കു കഴിയും. (ലൂക്കൊസ് 11:34; 1 കൊരിന്ത്യർ 16:1, 2 താരതമ്യം ചെയ്യുക.) കൂട്ടുവേലക്കാർ എന്നനിലയിൽ യഹോവയോടും യേശുവിനോടും അടുക്കുവാനും അതു നമ്മെ സഹായിക്കും. (1 കൊരിന്ത്യർ 3:9) അത്, ഇപ്പോൾതന്നെ ലോകവ്യാപകമായി യഹോവയുടെ ആരാധകരെ തിരിച്ചറിയിക്കുന്ന ഉദാരമായ കൊടുക്കൽ മനോഭാവത്തിന് ആക്കംകൂട്ടും.
[31-ാം പേജിലെ ചതുരം]
ചിലർ കൊടുക്കുവാൻ തിരഞ്ഞെടുക്കുന്ന വിധങ്ങൾ
ലോകവ്യാപകവേലക്കുള്ള സംഭാവനകൾ
“സൊസൈറ്റിയുടെ ലോകവ്യാപകവേലക്കുള്ള സംഭാവനകൾ—മത്തായി 24:14” എന്ന ലേബലുള്ള സംഭാവനപ്പെട്ടികളിൽ ഇടുന്നതിന് അനേകർ ഒരു തുക നീക്കിവെക്കുന്നു അഥവാ ബജറ്റിൽ ഉൾപ്പെടുത്തുന്നു. ഓരോ മാസവും സഭകൾ ഈ തുക ന്യൂയോർക്കിലെ ബ്രൂക്ലിനിലുള്ള ഹെഡ്ക്വാർട്ടേഴ്സിലേക്കോ പ്രാദേശിക ബ്രാഞ്ച് ഓഫീസിലേക്കോ അയയ്ക്കുന്നു.
സ്വമേധയാദാനമായുള്ള പണം Watch Tower Bible and Tract Society of India, H-58, Old Khandala Road, Lonavla, 410 401, Mah.,-ലേക്കോ നിങ്ങളുടെ രാജ്യത്തു പ്രവർത്തിക്കുന്ന സൊസൈറ്റിയുടെ ഓഫീസിലേക്കോ നേരിട്ട് അയയ്ക്കാവുന്നതാണ്. കൂടാതെ ആഭരണങ്ങളോ വിലയേറിയ മറ്റു വസ്തുക്കളോ സംഭാവന ചെയ്യാവുന്നതാണ്. ഈ സംഭാവനകളോടൊപ്പം അവ നിരുപാധികമായ ഒരു ദാനമാണെന്നു ചുരുക്കമായി പ്രസ്താവിക്കുന്ന ഒരു കത്തും ഉണ്ടായിരിക്കണം.
സോപാധിക സംഭാവനാ ക്രമീകരണം:
വ്യക്തിപരമായ ആവശ്യം വരുന്നപക്ഷം തിരിച്ചുതരണമെന്നുള്ള വ്യവസ്ഥയിൽ, ദാതാവിന്റെ മരണംവരെ പണം ഒരു ട്രസ്റ്റായി സൂക്ഷിക്കാൻ വാച്ച് ടവർ സൊസൈറ്റിയെ ഏൽപ്പിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് മേൽപ്പറഞ്ഞ വിലാസത്തിൽ സൊസൈറ്റിയുമായി ബന്ധപ്പെടുക.
ആസൂത്രിത കൊടുക്കൽ
നിരുപാധിക ദാനവും സോപാധിക സംഭാവനയുമായി പണം നൽകുന്നതിനു പുറമേ, ലോകവ്യാപക രാജ്യസേവനത്തിന്റെ പ്രയോജനത്തിനായി കൊടുക്കുന്ന വേറെയും രീതികളുണ്ട്. പിൻവരുന്നവ അതിൽ ഉൾപ്പെടുന്നു:
ഇൻഷ്വറൻസ്: ഇൻഷ്വറൻസ് പോളിസിയുടെയോ റിട്ടയർമെൻറ്⁄പെൻഷൻ പദ്ധതിയുടെയോ അവകാശിയായി വാച്ച് ടവർ സൊസൈറ്റിയുടെ പേർ വയ്ക്കാവുന്നതാണ്. അങ്ങനെയുള്ള ഏതു ക്രമീകരണവും സൊസൈറ്റിയെ അറിയിച്ചിരിക്കണം.
ബാങ്ക് അക്കൗണ്ടുകൾ: പ്രാദേശിക ബാങ്കുനിയമങ്ങൾക്കു ചേർച്ചയിൽ, ബാങ്ക് അക്കൗണ്ടുകൾ, നിക്ഷേപസർട്ടിഫിക്കറ്റുകൾ, അല്ലെങ്കിൽ വ്യക്തിപരമായ പെൻഷൻ അക്കൗണ്ടുകൾ എന്നിവ വാച്ച് ടവർ സൊസൈറ്റിയിൽ ട്രസ്റ്റായി അല്ലെങ്കിൽ മരണത്തിങ്കൽ ലഭിക്കാവുന്നതായി ഏൽപ്പിക്കാവുന്നതാണ്. അങ്ങനെയുള്ള ഏതു ക്രമീകരണവും സൊസൈറ്റിയെ അറിയിച്ചിരിക്കണം.
സ്റ്റോക്കുകളും ബോണ്ടുകളും: ഒരു നിരുപാധിക ദാനമായിട്ടോ അല്ലെങ്കിൽ വരുമാനം തുടർന്നും ദാതാവിനു ലഭിക്കുന്ന ക്രമീകരണത്തിൻകീഴിലോ സ്റ്റോക്കുകളും ബോണ്ടുകളും വാച്ച് ടവർ സൊസൈറ്റിക്കു ദാനമായി നൽകാവുന്നതാണ്.
സ്ഥാവരവസ്തു: ഒരു നിരുപാധിക ദാനമായിട്ടോ അല്ലെങ്കിൽ ദാതാവിന് ആയുഷ്കാലാവകാശം നിലനിർത്തിക്കൊണ്ടോ, വിൽക്കാവുന്ന സ്ഥാവരവസ്തു വാച്ച് ടവർ സൊസൈറ്റിക്കു ദാനം ചെയ്യാവുന്നതാണ്, ദാതാവിന്റെ ആയുഷ്പര്യന്തം അയാൾക്ക് അവിടെ താമസിക്കാം. ഏതെങ്കിലും സ്ഥാവരവസ്തു സൊസൈറ്റിക്ക് ആധാരം ചെയ്യുന്നതിനുമുമ്പായി സൊസൈറ്റിയുമായി സമ്പർക്കം പുലർത്തണം.
വിൽപ്പത്രങ്ങളും ട്രസ്ററുകളും: നിയമപരമായി തയ്യാറാക്കിയ വിൽപ്പത്രം മുഖാന്തരം വസ്തുവോ പണമോ വാച്ച് ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റിക്ക് ഒസ്യത്തായി നൽകാവുന്നതാണ്. അല്ലെങ്കിൽ ഒരു ട്രസ്റ്റ് ക്രമീകരണത്തിന്റെ പ്രയോക്താവായി സൊസൈറ്റിയുടെ പേർ കൊടുക്കാവുന്നതാണ്. ഒരു മതസ്ഥാപനത്തിനു പ്രയോജകീഭവിക്കുന്ന ട്രസ്റ്റ് ചില നികുതിയിളവുകൾ പ്രദാനം ചെയ്തേക്കാം. വിൽപ്പത്രത്തിന്റെ അല്ലെങ്കിൽ ട്രസ്റ്റ് കരാറിന്റെ ഒരു പകർപ്പു സൊസൈറ്റിക്ക് അയച്ചുകൊടുക്കേണ്ടതാണ്.
ഇങ്ങനെയുള്ള ഏതെങ്കിലുമൊരു ആസൂത്രിത കൊടുക്കൽ കാര്യങ്ങൾ സംബന്ധിച്ചു കൂടുതൽ വിവരത്തിന്, മുകളിൽ പട്ടികപ്പെടുത്തിയിരിക്കുന്ന സൊസൈറ്റിയുടെ വിലാസത്തിലോ നിങ്ങളുടെ രാജ്യത്തുള്ള സൊസൈറ്റിയുടെ ഓഫീസുമായോ ബന്ധപ്പെടണം. അങ്ങനെയുള്ള ഏതൊരു ക്രമീകരണവുമായി ബന്ധപ്പെട്ടിരിക്കുന്ന പ്രമാണങ്ങളുടെ ഒരു പ്രതി സൊസൈറ്റിക്കു ലഭിച്ചിരിക്കണം.
ഇന്ത്യയിൽ ബാധകമല്ലാത്തതിനാൽ പരിഭാഷപ്പെടുത്തിയിട്ടില്ല.
ഇന്ത്യയിൽ ബാധകമല്ലാത്തതിനാൽ പരിഭാഷപ്പെടുത്തിയിട്ടില്ല.
ഇന്ത്യയിൽ ബാധകമല്ലാത്തതിനാൽ പരിഭാഷപ്പെടുത്തിയിട്ടില്ല.
ഇന്ത്യയിൽ ബാധകമല്ലാത്തതിനാൽ പരിഭാഷപ്പെടുത്തിയിട്ടില്ല.
ഇന്ത്യയിൽ ബാധകമല്ലാത്തതിനാൽ പരിഭാഷപ്പെടുത്തിയിട്ടില്ല.