വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവ നൽകുന്ന ആശ്വാസം പങ്കുവെക്കൽ

യഹോവ നൽകുന്ന ആശ്വാസം പങ്കുവെക്കൽ

യഹോവ നൽകുന്ന ആശ്വാസം പങ്കു​വെ​ക്കൽ

“നിങ്ങൾ കഷ്ടങ്ങൾക്കു കൂട്ടാ​ളി​കൾ ആകുന്ന​തു​പോ​ലെ ആശ്വാ​സ​ത്തി​ന്നും കൂട്ടാ​ളി​കൾ എന്നറി​ക​യാൽ നിങ്ങൾക്കു വേണ്ടി ഞങ്ങളുടെ പ്രത്യാശ ഉറപ്പു​ള്ളതു തന്നേ.”—2 കൊരി​ന്ത്യർ 1:7.

1, 2. ഇന്നു ക്രിസ്‌ത്യാ​നി​ക​ളാ​യി​ത്തീർന്നിരി​ക്കുന്ന അനേക​രു​ടെ​യും അനുഭവം എന്തായി​രു​ന്നി​ട്ടുണ്ട്‌?

 വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ ഇപ്പോ​ഴത്തെ അനേകം വായന​ക്കാ​രും വളർന്നു​വ​ന്നതു ദൈവ​സ​ത്യ​ത്തെ​ക്കു​റി​ച്ചുള്ള പരിജ്ഞാ​നം കൂടാ​തെ​യാണ്‌. അതു നിങ്ങളു​ടെ കാര്യ​ത്തി​ലും ശരിയാ​യി​രി​ക്കാം. അങ്ങനെ​യെ​ങ്കിൽ, നിങ്ങളു​ടെ ഗ്രാഹ്യ​ദൃ​ഷ്ടി​കൾ തുറക്കാൻ തുടങ്ങി​യ​പ്പോൾ നിങ്ങൾക്ക്‌ എന്തു തോന്നി​യെന്ന്‌ അനുസ്‌മ​രി​ക്കുക. ഉദാഹ​ര​ണ​ത്തിന്‌, മരിച്ചവർ യാതന അനുഭ​വി​ക്കു​ന്നില്ല, മറിച്ച്‌ അബോ​ധാ​വ​സ്ഥ​യി​ലാ​ണെന്നു നിങ്ങൾ ആദ്യമാ​യി മനസ്സി​ലാ​ക്കി​യ​പ്പോൾ നിങ്ങൾക്ക്‌ ആശ്വാസം തോന്നി​യി​ല്ലേ? മരിച്ച​വർക്കുള്ള പ്രത്യാ​ശ​യെ​ക്കു​റിച്ച്‌, ശതകോ​ടി​ക്ക​ണ​ക്കിന്‌ ആളുകൾ ദൈവ​ത്തി​ന്റെ പുതിയ ലോക​ത്തി​ലെ ജീവനി​ലേക്ക്‌ ഉയിർപ്പി​ക്ക​പ്പെ​ടു​മെന്ന്‌, മനസ്സി​ലാ​ക്കി​യ​പ്പോൾ നിങ്ങൾക്ക്‌ ആശ്വാസം ലഭിച്ചി​ല്ലേ?—സഭാ​പ്ര​സം​ഗി 9:5, 10; യോഹ​ന്നാൻ 5:28, 29.

2 ദുഷ്ടത​യ്‌ക്ക്‌ അന്തം വരുത്തു​മെ​ന്നും ഈ ഭൂമിയെ ഒരു പറുദീ​സ​യാ​ക്കി രൂപാ​ന്ത​ര​പ്പെ​ടു​ത്തു​മെ​ന്നു​മുള്ള ദൈവ​ത്തി​ന്റെ വാഗ്‌ദാ​ന​ത്തി​ന്റെ കാര്യ​മോ? നിങ്ങൾ ഇതി​നെ​ക്കു​റി​ച്ചു മനസ്സി​ലാ​ക്കി​യ​പ്പോൾ, അതു നിങ്ങളെ ആശ്വസി​പ്പി​ക്കു​ക​യും ആകാം​ക്ഷാ​ഭ​രി​ത​മായ പ്രതീ​ക്ഷ​യാൽ നിറയ്‌ക്കു​ക​യും ചെയ്‌തി​ല്ലേ? ഒരിക്ക​ലും മരിക്കാ​തി​രി​ക്കാ​നും വരാനി​രി​ക്കുന്ന ഭൗമിക പറുദീ​സ​യി​ലേക്ക്‌ അതിജീ​വി​ക്കാ​നു​മുള്ള സാധ്യ​ത​യെ​ക്കു​റിച്ച്‌ ആദ്യം മനസ്സി​ലാ​ക്കി​യ​പ്പോൾ നിങ്ങൾക്കെന്തു തോന്നി? നിങ്ങൾ പുളക​മ​ണി​ഞ്ഞു എന്നതിൽ സംശയ​മില്ല. അതേ, ഇപ്പോൾ ലോക​വ്യാ​പ​ക​മാ​യി യഹോ​വ​യു​ടെ സാക്ഷികൾ പ്രസം​ഗി​ക്കുന്ന, ദൈവ​ത്തി​ന്റെ ആശ്വാ​സ​ദാ​യ​ക​മായ സന്ദേശ​ത്തി​ന്റെ ഒരു സ്വീകർത്താ​വാ​യി​രു​ന്നി​ട്ടുണ്ട്‌ നിങ്ങൾ.—സങ്കീർത്തനം 37:9-11, 29; യോഹ​ന്നാൻ 11:26; വെളി​പ്പാ​ടു 21:3-5.

3. ദൈവ​ത്തി​ന്റെ ആശ്വാ​സ​ദാ​യക സന്ദേശം മറ്റുള്ള​വ​രു​മൊ​ത്തു പങ്കു​വെ​ക്കു​ന്ന​വ​രും കഷ്ടം അനുഭ​വി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

3 എന്നിരു​ന്നാ​ലും, നിങ്ങൾ മറ്റുള്ള​വ​രു​മൊ​ത്തു ബൈബിൾ സന്ദേശം പങ്കു​വെ​ക്കാൻ ശ്രമി​ച്ച​പ്പോൾ, “വിശ്വാ​സം എല്ലാവർക്കും ഇല്ലല്ലോ” എന്നു നിങ്ങളും തിരി​ച്ച​റി​യാൻ ഇടയായി. (2 തെസ്സ​ലൊ​നീ​ക്യർ 3:2) ബൈബിൾ വാഗ്‌ദ​ത്ത​ങ്ങ​ളിൽ വിശ്വാ​സം പ്രകടി​പ്പി​ച്ച​പ്പോൾ നിങ്ങളു​ടെ മുൻസു​ഹൃ​ത്തു​ക്ക​ളിൽ ചിലർ നിങ്ങളെ പരിഹ​സി​ച്ചി​രി​ക്കാം. യഹോ​വ​യു​ടെ സാക്ഷി​ക​ളു​മൊ​ത്തു സഹവസി​ച്ചു ബൈബിൾ പഠനം തുടർന്ന​പ്പോൾ നിങ്ങൾ കഷ്ടവും സഹിച്ചി​രി​ക്കാം. ബൈബിൾ തത്ത്വങ്ങൾക്കു ചേർച്ച​യിൽ നിങ്ങളു​ടെ ജീവി​ത​ത്തിൽ മാറ്റങ്ങൾ വരുത്താൻ തുടങ്ങി​യ​പ്പോൾ എതിർപ്പു രൂക്ഷമാ​യി​രു​ന്നി​രി​ക്കാം. ദൈവാ​ശ്വാ​സം സ്വീക​രി​ക്കുന്ന സകലരു​ടെ​യും​മേൽ സാത്താ​നും അവന്റെ ലോക​വും കൊണ്ടു​വ​രുന്ന കഷ്ടം നിങ്ങൾ അനുഭ​വി​ക്കാൻ തുടങ്ങി.

4. പുതു താത്‌പ​ര്യ​ക്കാർ കഷ്ടങ്ങ​ളോട്‌ ഏതെല്ലാം വ്യത്യസ്‌ത വിധങ്ങ​ളിൽ പ്രതി​ക​രി​ച്ചേ​ക്കാം?

4 സങ്കടക​ര​മെന്നു പറയട്ടെ, യേശു മുൻകൂ​ട്ടി​പ്പ​റ​ഞ്ഞ​തു​പോ​ലെ, കഷ്ടങ്ങൾ ചിലർക്ക്‌ ഇടർച്ച​യാ​യി​ത്തീ​രു​ക​യും ക്രിസ്‌തീയ സഭയു​മാ​യുള്ള സഹവാസം അവർ നിർത്തു​ന്ന​തി​നു കാരണ​മാ​കു​ക​യും ചെയ്യു​ന്നുണ്ട്‌. (മത്തായി 13:5, 6, 20, 21) മറ്റുള്ളവർ തങ്ങൾ പഠിക്കുന്ന ആശ്വാ​സ​ദാ​യ​ക​മായ വാഗ്‌ദ​ത്ത​ങ്ങ​ളിൽ മനസ്സു കേന്ദ്രീ​ക​രി​ച്ചു​കൊ​ണ്ടു കഷ്ടങ്ങളിൽ സഹിച്ചു​നിൽക്കു​ന്നു. അവസാനം അവർ തങ്ങളുടെ ജീവിതം യഹോ​വ​യ്‌ക്കു സമർപ്പി​ക്കു​ക​യും അവന്റെ പുത്ര​നായ യേശു​ക്രി​സ്‌തു​വി​ന്റെ ശിഷ്യ​ന്മാ​രാ​യി സ്‌നാ​പ​ന​മേൽക്കു​ക​യും ചെയ്യുന്നു. (മത്തായി 28:19, 20; മർക്കൊസ്‌ 8:34) തീർച്ച​യാ​യും, ക്രിസ്‌ത്യാ​നി സ്‌നാ​പ​ന​മേൽക്കു​ന്ന​തോ​ടെ കഷ്ടങ്ങൾ അവസാ​നി​ക്കു​ന്നില്ല. ഉദാഹ​ര​ണ​ത്തിന്‌, അധാർമിക പശ്ചാത്ത​ല​മു​ണ്ടാ​യി​രുന്ന ഒരു വ്യക്തിക്കു നിർമ​ല​നാ​യി നില​കൊ​ള്ളു​ന്ന​തിന്‌ ഒരു കഠിന പോരാ​ട്ടം ആവശ്യ​മാ​യി​രി​ക്കാം. മറ്റുചി​ലർക്കാ​കട്ടെ, അവിശ്വാ​സി​ക​ളായ കുടും​ബാം​ഗ​ങ്ങ​ളിൽനി​ന്നു നിരന്തരം എതിർപ്പി​നെ നേരി​ടേ​ണ്ടി​വ​രു​ന്നു. ഏതു തരത്തി​ലുള്ള കഷ്ടമാ​യാ​ലും, ദൈവ​ത്തോ​ടുള്ള സമർപ്പണ ജീവിതം വിശ്വ​സ്‌ത​ത​യോ​ടെ പിന്തു​ട​രുന്ന സകലർക്കും ഒരു സംഗതി​യെ​ക്കു​റിച്ച്‌ ഉറപ്പു​ള്ള​വ​രാ​യി​രി​ക്കാൻ കഴിയും. വളരെ വ്യക്തി​ഗ​ത​മായ ഒരു വിധത്തിൽ അവർ ദൈവ​ത്തി​ന്റെ ആശ്വാ​സ​വും സഹായ​വും അനുഭ​വി​ക്കും.

‘സർവാ​ശ്വാ​സ​വും നല്‌കുന്ന ദൈവം’

5. പൗലോസ്‌ അനുഭ​വിച്ച അനേകം പരി​ശോ​ധ​ന​ക​ളോ​ടൊ​പ്പം, അവൻ മറ്റെന്തും അനുഭ​വി​ച്ചു?

5 ദൈവം പ്രദാനം ചെയ്യുന്ന ആശ്വാസം ആഴത്തിൽ വിലമ​തിച്ച ഒരുവ​നാ​യി​രു​ന്നു പൗലോസ്‌ അപ്പോ​സ്‌തലൻ. ആസ്യയി​ലും മക്കദോ​ന്യ​യി​ലും വിശേ​ഷാൽ പീഡനാ​ത്മ​ക​മാ​യി​രുന്ന ഒരു സമയത്തി​നു​ശേഷം, ശാസന നൽകി​ക്കൊ​ണ്ടു താൻ എഴുതിയ ലേഖന​ത്തോ​ടു കൊരി​ന്ത്യ സഭ നന്നായി പ്രതി​ക​രി​ച്ചു​വെന്നു കേട്ടതിൽ അവനു വലിയ ആശ്വാസം തോന്നി. ഇത്‌ രണ്ടാമ​തൊ​രു ലേഖനം എഴുതാൻ അവനു പ്രേര​ണ​യാ​യി. അതിൽ ഈ പ്രശം​സാ​വാ​ക്കു​കൾ അടങ്ങി​യി​രു​ന്നു: “മനസ്സലി​വുള്ള പിതാ​വും സർവ്വാ​ശ്വാ​സ​വും നല്‌കുന്ന ദൈവ​വു​മാ​യി നമ്മുടെ കർത്താ​വായ യേശു​ക്രി​സ്‌തു​വി​ന്റെ പിതാ​വായ ദൈവം വാഴ്‌ത്ത​പ്പെ​ട്ടവൻ. . . . ഞങ്ങൾക്കുള്ള കഷ്ടത്തിൽ ഒക്കെയും അവൻ ഞങ്ങളെ ആശ്വസി​പ്പി​ക്കു​ന്നു.”—2 കൊരി​ന്ത്യർ 1:3, 4.

6. നാം 2 കൊരി​ന്ത്യർ 1:3, 4-ൽ കാണുന്ന പൗലോ​സി​ന്റെ വാക്കു​ക​ളിൽനിന്ന്‌ എന്തു പഠിക്കു​ന്നു?

6 ഈ നിശ്വസ്‌ത വചനങ്ങൾ നമുക്കു വളരെ​യ​ധി​കം വിവരങ്ങൾ നൽകുന്നു. നമുക്ക്‌ അവയെ അപഗ്ര​ഥി​ച്ചു​നോ​ക്കാം. ദൈവ​ത്തി​നു സ്‌തു​തി​യോ കൃതജ്ഞ​ത​യോ പ്രകടി​പ്പി​ക്കു​മ്പോൾ അല്ലെങ്കിൽ തന്റെ ലേഖന​ത്തിൽ ഒരു അപേക്ഷ നടത്തു​മ്പോൾ, ക്രിസ്‌തീയ സഭയുടെ ശിരസ്സായ യേശു​ക്രി​സ്‌തു​വി​നോ​ടുള്ള ആഴമായ വിലമ​തി​പ്പും പൗലോസ്‌ സാധാ​ര​ണ​മാ​യി ഉൾപ്പെ​ടു​ത്തു​ന്ന​താ​യി നാം കാണുന്നു. (റോമർ 1:8; 7:25; എഫെസ്യർ 1:3; എബ്രായർ 13:20, 21) അതു​കൊണ്ട്‌, പൗലോസ്‌ ഈ സ്‌തു​തി​പ്ര​ക​ടനം “നമ്മുടെ കർത്താ​വായ യേശു​ക്രി​സ്‌തു​വി​ന്റെ പിതാ​വായ ദൈവ”ത്തെ അഭിസം​ബോ​ധന ചെയ്‌തു​കൊ​ണ്ടു നടത്തുന്നു. എന്നിട്ട്‌, തന്റെ ലേഖന​ങ്ങ​ളിൽ ആദ്യമാ​യി, “മനസ്സലി​വു” എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ഒരു ഗ്രീക്കു നാമം അവൻ ഉപയോ​ഗി​ക്കു​ന്നു. മറ്റൊ​രാ​ളു​ടെ കഷ്ടപ്പാ​ടിൽ ദുഃഖം പ്രകട​മാ​ക്കാൻ ഉപയോ​ഗി​ക്കുന്ന ഒരു പദത്തിൽനി​ന്നാണ്‌ ഈ നാമം വരുന്നത്‌. അങ്ങനെ, ദൈവ​ത്തി​ന്റെ വിശ്വ​സ്‌ത​ദാ​സ​രിൽ കഷ്ടം സഹിക്കുന്ന ഏതൊ​രാ​ളു​ടെ​യും​നേർക്കു ദൈവ​ത്തി​നുള്ള മനസ്സലി​വി​നെ—അവർക്കാ​യി ദയാപു​ര​സ്സരം പ്രവർത്തി​ക്കാൻ ദൈവത്തെ പ്രേരി​പ്പി​ക്കുന്ന മനസ്സലി​വി​നെ—വർണി​ക്കു​ക​യാണ്‌ പൗലോസ്‌. അവസാനം, ഈ അഭികാ​മ്യ ഗുണത്തി​ന്റെ ഉറവ്‌ എന്നനി​ല​യിൽ യഹോ​വയെ “മനസ്സലി​വുള്ള പിതാവു” എന്നു വിളി​ച്ചു​കൊണ്ട്‌ പൗലോസ്‌ അവനി​ലേക്ക്‌ ഉറ്റു​നോ​ക്കി.

7. യഹോവ ‘സർവ്വാ​ശ്വാ​സ​വും നല്‌കുന്ന ദൈവ’മാണെന്നു പറയാ​വു​ന്നത്‌ എന്തു​കൊണ്ട്‌?

7 കഷ്ടം അനുഭ​വി​ക്കുന്ന ഒരുവനു ദൈവ​ത്തി​ന്റെ “മനസ്സലി​വു” ആശ്വാസം കൈവ​രു​ത്തു​ന്നു. അതു​കൊണ്ട്‌, തുടർന്ന്‌ പൗലോസ്‌ യഹോ​വയെ “സർവ്വാ​ശ്വാ​സ​വും നല്‌കുന്ന ദൈവ”മായി വർണി​ക്കു​ന്നു. അങ്ങനെ, സഹവി​ശ്വാ​സി​ക​ളു​ടെ ദയാവാ​യ്‌പിൽനി​ന്നു നാം എന്തെല്ലാം ആശ്വാസം അനുഭ​വി​ച്ചാ​ലും, ഉറവ്‌ എന്നനി​ല​യിൽ നമുക്കു യഹോ​വ​യി​ങ്ക​ലേക്കു നോക്കാ​നാ​വും. ദൈവ​ത്തിൽനിന്ന്‌ ഉത്ഭവി​ക്കാ​ത്ത​താ​യി യഥാർഥ​ത്തി​ലുള്ള, നിലനിൽക്കുന്ന യാതൊ​രു ആശ്വാ​സ​വു​മില്ല. കൂടാതെ, തന്റെ സാദൃ​ശ്യ​ത്തിൽ മനുഷ്യ​നെ സൃഷ്ടി​ച്ചത്‌ അവനാണ്‌. അതു നമ്മെ ആശ്വാ​സ​ക​രാ​യി​ത്തീ​രാൻ പ്രാപ്‌ത​രാ​ക്കു​ന്നു. മാത്ര​വു​മല്ല, ആശ്വാസം ആവശ്യ​മു​ള്ള​വ​രു​ടെ നേരെ മനസ്സലി​വു പ്രകട​മാ​ക്കാൻ ദൈവ​ദാ​സരെ പ്രേരി​പ്പി​ക്കു​ന്നത്‌ ദൈവ​ത്തി​ന്റെ പരിശു​ദ്ധാ​ത്മാ​വാണ്‌.

ആശ്വാ​സ​ദാ​യ​ക​രാ​യി​രി​ക്കാൻ പരിശീ​ലി​പ്പി​ക്ക​പ്പെ​ടു​ന്നു

8. നമ്മുടെ പരി​ശോ​ധ​ന​ക​ളു​ടെ ഉറവ്‌ ദൈവ​മ​ല്ലെ​ങ്കി​ലും, നാം കഷ്ടം സഹിക്കു​ന്ന​തി​നു നമ്മു​ടെ​മേൽ പ്രയോ​ജ​ന​ക​ര​മായ എന്തു ഫലമു​ണ്ടാ​യി​രി​ക്കാ​നാ​വും?

8 തന്റെ വിശ്വസ്‌ത ദാസരു​ടെ​മേൽ വ്യത്യസ്‌ത പരി​ശോ​ധ​നകൾ യഹോ​വ​യാം ദൈവം അനുവ​ദി​ക്കു​ന്നു​വെ​ങ്കി​ലും, അവൻ ഒരിക്ക​ലും അത്തരം പരി​ശോ​ധ​ന​ക​ളു​ടെ ഉറവല്ല. (യാക്കോബ്‌ 1:13) എന്നിരു​ന്നാ​ലും, നാം കഷ്ടം സഹിക്കു​മ്പോൾ അവൻ നൽകുന്ന ആശ്വാ​സ​ത്തി​നു മറ്റുള്ള​വ​രു​ടെ ആവശ്യ​ങ്ങ​ളോ​ടു കൂടുതൽ ഉണർവു​ള്ള​വ​രാ​കാൻ നമ്മെ പരിശീ​ലി​പ്പി​ക്കാ​നാ​വും. എന്തു ഫലത്തോ​ടെ? “ദൈവം ഞങ്ങളെ ആശ്വസി​പ്പി​ക്കുന്ന ആശ്വാ​സം​കൊ​ണ്ടു ഞങ്ങൾ യാതൊ​രു കഷ്ടത്തി​ലു​മു​ള്ള​വരെ ആശ്വസി​പ്പി​പ്പാൻ ശക്തരാ​കേ​ണ്ട​തി​ന്നു ഞങ്ങൾക്കുള്ള കഷ്ടത്തിൽ ഒക്കെയും അവൻ ഞങ്ങളെ ആശ്വസി​പ്പി​ക്കു​ന്നു.” (2 കൊരി​ന്ത്യർ 1:4) അങ്ങനെ സഹവി​ശ്വാ​സി​ക​ളു​മാ​യും നാം ക്രിസ്‌തു​വി​നെ അനുക​രി​ക്കു​ക​യും ‘ദുഃഖി​ത​ന്മാ​രെ​യൊ​ക്കെ ആശ്വസി​പ്പി’ക്കുകയും ചെയ്യവേ നമ്മുടെ ശുശ്രൂ​ഷ​യിൽ കണ്ടുമു​ട്ടു​ന്ന​വ​രു​മാ​യും അവന്റെ ആശ്വാസം ഫലപ്ര​ദ​മാ​യി പങ്കു​വെ​ക്കു​ന്ന​വ​രാ​യി​രി​ക്കാൻ യഹോവ നമ്മെ പരിശീ​ലി​പ്പി​ക്കു​ന്നു.—യെശയ്യാ​വു 61:2; മത്തായി 5:4.

9. (എ) കഷ്ടം സഹിക്കാൻ നമ്മെ എന്തു സഹായി​ക്കും? (ബി) നാം വിശ്വ​സ്‌ത​ത​യോ​ടെ കഷ്ടം സഹിക്കു​മ്പോൾ, മറ്റുള്ള​വർക്ക്‌ ആശ്വാസം ലഭിക്കു​ന്ന​തെ​ങ്ങനെ?

9 ക്രിസ്‌തു​വി​ലൂ​ടെ ദൈവ​ത്തിൽനി​ന്നു തനിക്കു ലഭിച്ച അളവറ്റ ആശ്വാസം ഹേതു​വാ​യി അനവധി ദുരി​തങ്ങൾ പൗലോസ്‌ സഹിച്ചു. (2 കൊരി​ന്ത്യർ 1:5) ദൈവ​ത്തി​ന്റെ അനർഘ​മായ വാഗ്‌ദ​ത്ത​ങ്ങളെ കുറിച്ചു ധ്യാനി​ച്ചും അവന്റെ പരിശു​ദ്ധാ​ത്മാ​വി​ന്റെ പിന്തു​ണ​യ്‌ക്കാ​യി പ്രാർഥി​ച്ചും നമ്മുടെ പ്രാർഥ​ന​യ്‌ക്കുള്ള ദൈവ​ത്തി​ന്റെ ഉത്തരങ്ങൾ ലഭിച്ചും​കൊണ്ട്‌ നമുക്കും സമൃദ്ധ​മായ ആശ്വാസം അനുഭ​വി​ക്കാ​നാ​വും. അങ്ങനെ യഹോ​വ​യു​ടെ പരമാ​ധി​കാ​രം ഉയർത്തി​പ്പി​ടി​ക്കു​ന്ന​തി​ലും പിശാ​ചി​നെ നുണയൻ എന്നു തെളി​യി​ക്കു​ന്ന​തി​ലും തുടരാൻ നാം ബലിഷ്‌ഠ​രാ​ക്ക​പ്പെ​ടും. (ഇയ്യോബ്‌ 2:4; സദൃശ​വാ​ക്യ​ങ്ങൾ 27:11) ഏതൊരു കഷ്ടവും നാം വിശ്വ​സ്‌ത​ത​യോ​ടെ സഹിക്കു​മ്പോൾ, പൗലോ​സി​നെ​പ്പോ​ലെ നാം എല്ലാ മഹത്ത്വ​വും യഹോ​വ​യ്‌ക്കു നൽകണം. അവന്റെ ആശ്വാ​സ​മാ​ണു പരി​ശോ​ധ​ന​യിൻകീ​ഴിൽ വിശ്വ​സ്‌ത​യോ​ടെ നില​കൊ​ള്ളാൻ ക്രിസ്‌ത്യാ​നി​കളെ പ്രാപ്‌ത​രാ​ക്കു​ന്നത്‌. വിശ്വസ്‌ത ക്രിസ്‌ത്യാ​നി​ക​ളു​ടെ സഹിഷ്‌ണു​ത​യ്‌ക്കു സഹോ​ദ​ര​വർഗ​ത്തി​ന്മേൽ ആശ്വാ​സ​ദാ​യ​ക​മായ ഒരു ഫലമുണ്ട്‌. അതു മറ്റുള്ള​വരെ അതേ ‘കഷ്ടങ്ങൾ തന്നേ സഹി’ക്കുന്നതിൽ ദൃഢചി​ത്ത​രാ​ക്കു​ക​യും ചെയ്യും.—2 കൊരി​ന്ത്യർ 1:6.

10, 11. (എ) പുരാതന കൊരി​ന്ത്യ സഭയ്‌ക്കു കഷ്ടം വരുത്തി​വെച്ച ഏതാനും സംഗതി​ക​ളേവ? (ബി) പൗലോസ്‌ കൊരി​ന്ത്യ സഭയെ ആശ്വസി​പ്പി​ച്ച​തെ​ങ്ങനെ, അവൻ എന്തു പ്രത്യാശ പ്രകട​മാ​ക്കി?

10 എല്ലാ ക്രിസ്‌ത്യാ​നി​ക​ളു​ടെ​യും​മേൽ വരുന്ന കഷ്ടപ്പാ​ടു​കൾ കൊരി​ന്ത്യർക്കും നേരിട്ടു. അതിനു​പു​റമേ, അനുതാ​പം പ്രകട​മാ​ക്കാത്ത ഒരു പരസം​ഗ​ക്കാ​രനെ പുറത്താ​ക്കാൻ അവർക്കു ബുദ്ധ്യു​പ​ദേ​ശ​വും ആവശ്യ​മാ​യി​രു​ന്നു. (1 കൊരി​ന്ത്യർ 5:1, 2, 11, 13) ഇതി​നെ​തി​രെ നടപടി എടുക്കാ​ഞ്ഞ​തും ശണ്‌ഠ​യ്‌ക്കും ഭിന്നത​യ്‌ക്കും അറുതി​വ​രു​ത്താ​ഞ്ഞ​തും സഭയു​ടെ​മേൽ കളങ്കം​വ​രു​ത്തി. എന്നാൽ അവസാനം അവർ പൗലോ​സി​ന്റെ ബുദ്ധ്യു​പ​ദേശം ബാധക​മാ​ക്കു​ക​യും യഥാർഥ അനുതാ​പം പ്രകട​മാ​ക്കു​ക​യും ചെയ്‌തു. അതു​കൊണ്ട്‌, അവൻ അവരെ ഊഷ്‌മ​ള​മാ​യി അനു​മോ​ദി​ക്കു​ക​യും തന്റെ ലേഖന​ത്തോ​ടുള്ള ഉത്തമ പ്രതി​ക​രണം തന്നെ ആശ്വസി​പ്പി​ച്ചു​വെന്നു പ്രസ്‌താ​വി​ക്കു​ക​യും ചെയ്‌തു. (2 കൊരി​ന്ത്യർ 7:8, 10, 11, 13) പുറത്താ​ക്ക​പ്പെട്ട വ്യക്തി​യും അനുത​പി​ച്ചു​വെന്നു വ്യക്തമാണ്‌. അതു​കൊ​ണ്ടാണ്‌ ‘അവൻ അതിദുഃ​ഖ​ത്തിൽ മുങ്ങി​പ്പോ​കാ​തി​രി​ക്കേ​ണ്ട​തി​ന്നു നിങ്ങൾ അവനോ​ടു ക്ഷമിക്ക​യും അവനെ ആശ്വസി​പ്പി​ക്ക​യും തന്നേ വേണ്ടതു’ എന്നു പൗലോസ്‌ അവരെ ഉപദേ​ശി​ച്ചത്‌.—2 കൊരി​ന്ത്യർ 2:7.

11 പൗലോ​സി​ന്റെ രണ്ടാമത്തെ ലേഖനം കൊരി​ന്ത്യ സഭയെ തീർച്ച​യാ​യും ആശ്വസി​പ്പി​ച്ചി​രി​ക്കണം. ഇത്‌ അവന്റെ ഒരു ഉദ്ദേശ്യ​മാ​യി​രു​ന്നു​താ​നും. അവൻ വിശദ​മാ​ക്കി: “നിങ്ങൾ കഷ്ടങ്ങൾക്കു കൂട്ടാ​ളി​കൾ ആകുന്ന​തു​പോ​ലെ ആശ്വാ​സ​ത്തി​ന്നും കൂട്ടാ​ളി​കൾ എന്നറി​ക​യാൽ നിങ്ങൾക്കു വേണ്ടി ഞങ്ങളുടെ പ്രത്യാശ ഉറപ്പു​ള്ളതു തന്നേ.” (2 കൊരി​ന്ത്യർ 1:7) തന്റെ ലേഖന​ത്തി​ന്റെ അവസാ​ന​ഭാ​ഗത്ത്‌ പൗലോസ്‌ ഉദ്‌ബോ​ധി​പ്പി​ച്ചു: “ആശ്വസി​ച്ചു​കൊൾവിൻ . . . സ്‌നേ​ഹ​ത്തി​ന്റെ​യും സമാധാ​ന​ത്തി​ന്റെ​യും ദൈവം നിങ്ങ​ളോ​ടു​കൂ​ടെ ഇരിക്കും.”—2 കൊരി​ന്ത്യർ 13:11.

12. എല്ലാ ക്രിസ്‌ത്യാ​നി​കൾക്കും എന്ത്‌ ആവശ്യം ഉണ്ട്‌?

12 എന്തൊരു പ്രധാന പാഠമാ​ണു നമുക്ക്‌ ഇതിൽനി​ന്നു പഠിക്കാ​നാ​വു​ന്നത്‌! ദൈവം തന്റെ വചനത്തി​ലൂ​ടെ​യും പരിശു​ദ്ധാ​ത്മാ​വി​ലൂ​ടെ​യും ഭൗമിക സ്ഥാപന​ത്തി​ലൂ​ടെ​യും നൽകുന്ന “ആശ്വാസം” ക്രിസ്‌തീയ സഭയിലെ എല്ലാ അംഗങ്ങ​ളും ‘പങ്കു​വെ​ക്കേണ്ട’യാവശ്യ​മുണ്ട്‌. പുറത്താ​ക്ക​പ്പെ​ട്ടവർ അനുത​പി​ക്കു​ക​യും തങ്ങളുടെ തെറ്റായ ഗതി തിരു​ത്തു​ക​യും ചെയ്‌തി​ട്ടു​ണ്ടെ​ങ്കിൽ, അവർക്കു​പോ​ലും ആശ്വാസം ആവശ്യ​മാ​യി​രി​ക്കാം. അങ്ങനെ, “വിശ്വ​സ്‌ത​നും വിവേ​കി​യു​മായ അടിമ” അവരെ സഹായി​ക്കു​ന്ന​തി​നാ​യി ദയാപു​ര​സ്സ​ര​മായ ഒരു കരുതൽ ഏർപ്പാ​ടാ​ക്കി​യി​ട്ടുണ്ട്‌. പുറത്താ​ക്ക​പ്പെട്ട ചിലരെ രണ്ടു മൂപ്പന്മാർ വർഷത്തി​ലൊ​രി​ക്കൽ സന്ദർശി​ക്കും. അവർ മേലാൽ മത്സരമ​നോ​ഭാ​വം കാണി​ക്കു​ക​യോ കൊടിയ പാപത്തിൽ ഏർപ്പെ​ടു​ക​യോ ചെയ്യു​ന്നി​ല്ലാ​യി​രി​ക്കാം. അതു​കൊ​ണ്ടു തിരി​ച്ചെ​ടു​ക്ക​പ്പെ​ടു​ന്ന​തി​നുള്ള അത്യാ​വശ്യ പടികൾ സ്വീക​രി​ക്കു​ന്ന​തി​നു സഹായം ആവശ്യ​മാ​യി​രി​ക്കാം.—മത്തായി 24:45; യെഹെ​സ്‌കേൽ 34:16.

ആസ്യയിൽ പൗലോ​സി​നു​ണ്ടായ കഷ്ടം

13, 14. (എ) ആസ്യയിൽ താൻ അനുഭ​വിച്ച കഠിന കഷ്ടസമ​യത്തെ പൗലോസ്‌ വർണി​ച്ച​തെ​ങ്ങനെ? (ബി) ഏതു സംഭവ​മാ​യി​രി​ക്കാം പൗലോ​സി​ന്റെ മനസ്സി​ലു​ണ്ടാ​യി​രു​ന്നത്‌?

13 കൊരി​ന്ത്യ സഭ അതുവരെ അനുഭ​വി​ച്ച​തരം കഷ്ടപ്പാ​ടി​നെ പൗലോസ്‌ സഹിച്ചു​നിൽക്കേ​ണ്ടി​വന്ന നിരവധി കഷ്ടങ്ങളു​മാ​യി താരത​മ്യം ചെയ്യാ​നാ​വില്ല. അതു​കൊണ്ട്‌, അവന്‌ അവരെ ഇങ്ങനെ അനുസ്‌മ​രി​പ്പി​ക്കാ​നാ​യി: “ആസ്യയിൽ ഞങ്ങൾക്കു ഉണ്ടായ കഷ്ടം നിങ്ങൾ അറിയാ​തി​രി​പ്പാൻ ഞങ്ങൾക്കു മനസ്സില്ല; ജീവ​നോ​ടി​രി​ക്കു​മോ എന്നു നിരാശ തോന്നു​മാ​റു ഞങ്ങൾ ശക്തിക്കു മീതെ അത്യന്തം ഭാര​പ്പെട്ടു. അതേ, ഞങ്ങളിൽ അല്ല, മരിച്ച​വരെ ഉയിർപ്പി​ക്കുന്ന ദൈവ​ത്തിൽ തന്നേ ആശ്രയി​പ്പാൻ തക്കവണ്ണം ഞങ്ങൾ മരിക്കും എന്നു ഉള്ളിൽ നിർണ്ണ​യി​ക്കേ​ണ്ടി​വന്നു. ഇത്ര ഭയങ്കര​മ​ര​ണ​ത്തിൽനി​ന്നു ദൈവം ഞങ്ങളെ വിടു​വി​ച്ചു, വിടു​വി​ക്ക​യും ചെയ്യും; അവൻ മേലാ​ലും വിടു​വി​ക്കും എന്നു ഞങ്ങൾ അവനിൽ ആശ വെച്ചു​മി​രി​ക്കു​ന്നു.”—2 കൊരി​ന്ത്യർ 1:8-10.

14 പൗലോസ്‌ എഫെസൂ​സി​ലെ ലഹളയെ പരാമർശി​ക്കു​ക​യാ​യി​രു​ന്നു​വെന്നു ചില ബൈബിൾ പണ്ഡിത​ന്മാർ വിശ്വ​സി​ക്കു​ന്നു. ആ ലഹളയ്‌ക്കു പൗലോ​സി​ന്റെ ജീവൻ മാത്രമല്ല, രണ്ടു മക്കദോ​ന്യ കൂട്ടു​യാ​ത്രി​ക​രായ ഗായൊ​സി​ന്റെ​യും അരിസ്‌തർഹോ​സി​ന്റെ​യും ജീവൻ അപഹരി​ക്കാൻ കഴിയു​മാ​യി​രു​ന്നു. ആളുകൾ തിങ്ങി​നി​റഞ്ഞ രംഗസ്ഥ​ല​ത്തേക്ക്‌ ഈ രണ്ടു ക്രിസ്‌ത്യാ​നി​ക​ളെ​യും ബലമായി പിടി​ച്ചു​കൊ​ണ്ടു​പോ​യി. “എഫെസ്യ​രു​ടെ അർത്തെ​മിസ്‌ മഹാ​ദേവി എന്നു” ആ ആളുകൾ “രണ്ടു മണി​നേ​ര​ത്തോ​ളം ഏകശബ്ദ​ത്തോ​ടെ ആർത്തു​കൊ​ണ്ടി​രു​ന്നു.” അവസാനം, ഒരു നഗരോ​ദ്യോ​ഗസ്ഥൻ ജനക്കൂ​ട്ടത്തെ ശാന്തരാ​ക്കു​ന്ന​തിൽ വിജയി​ച്ചു. ഗായൊ​സി​ന്റെ​യും അരിസ്‌തർഹോ​സി​ന്റെ​യും ജീവനു​നേ​രെ​യു​ണ്ടായ ഈ ഭീഷണി പൗലോ​സി​നെ അതിയാ​യി ദുഃഖി​പ്പി​ച്ചി​രി​ക്കണം. വാസ്‌ത​വ​ത്തിൽ, മതഭ്രാ​ന്ത​രായ ആ ആളുക​ളു​ടെ അടുക്കൽച്ചെന്ന്‌ അവരോ​ടു ന്യായ​വാ​ദം ചെയ്യാൻ അവൻ ആഗ്രഹി​ച്ചു. എന്നാൽ ഈ വിധത്തിൽ തന്റെ ജീവൻ അപായ​പ്പെ​ടു​ത്തു​ന്ന​തിൽനിന്ന്‌ അവൻ തടയ​പ്പെട്ടു.—പ്രവൃ​ത്തി​കൾ 19:26-41.

15. അങ്ങേയറ്റം ഗുരു​ത​ര​മായ ഏതു സ്ഥിതി​വി​ശേ​ഷ​മാ​യി​രി​ക്കാം 1 കൊരി​ന്ത്യർ 15:32-ൽ വർണി​ക്കു​ന്നത്‌?

15 എന്നിരു​ന്നാ​ലും, മേൽപ്പറഞ്ഞ സംഭവ​ത്തെ​ക്കാൾ അങ്ങേയറ്റം ഗുരു​ത​ര​മായ സ്ഥിതി​വി​ശേ​ഷ​മാ​യി​രി​ക്കാം പൗലോസ്‌ വർണി​ച്ചത്‌. കൊരി​ന്ത്യർക്കുള്ള തന്റെ ആദ്യ ലേഖന​ത്തിൽ പൗലോസ്‌ ഇങ്ങനെ ചോദി​ച്ചു: “ഞാൻ എഫെ​സൊ​സിൽവെച്ചു മൃഗയു​ദ്ധം ചെയ്‌തതു വെറും മാനുഷം എന്നുവ​രി​കിൽ എനിക്കു എന്തു പ്രയോ​ജനം?” (1 കൊരി​ന്ത്യർ 15:32) മൃഗതു​ല്യ​രായ മനുഷ്യർ മാത്രമല്ല, സ്റ്റേഡി​യ​ത്തി​ലെ അക്ഷരീയ വന്യമൃ​ഗ​ങ്ങ​ളും പൗലോ​സി​ന്റെ ജീവനു ഭീഷണി​യാ​യി​രു​ന്നു​വെന്ന്‌ ഇത്‌ അർഥമാ​ക്കി​യേ​ക്കാം. രക്തദാ​ഹി​യായ ജനക്കൂട്ടം നോക്കി​നിൽക്കു​മ്പോൾ, കാട്ടു​മൃ​ഗ​ങ്ങ​ളോ​ടു പോരാ​ടാൻ നിർബ​ന്ധി​ത​രാ​ക്ക​പ്പെ​ടുന്ന ശിക്ഷ ചില​പ്പോൾ കുറ്റവാ​ളി​കൾക്കു ലഭിച്ചി​രു​ന്നു. താൻ അക്ഷരീയ വന്യമൃ​ഗ​ങ്ങളെ അഭിമു​ഖീ​ക​രി​ച്ചു​വെ​ന്നാണ്‌ പൗലോസ്‌ അർഥമാ​ക്കി​യ​തെ​ങ്കിൽ, അക്ഷരീയ സിംഹ​ങ്ങ​ളു​ടെ വായിൽനി​ന്നു ദാനീ​യേൽ രക്ഷിക്ക​പ്പെ​ട്ട​തു​പോ​ലെ, ഒരു ക്രൂര​മായ മരണത്തിൽനിന്ന്‌ അവൻ അവസാന നിമിഷം അത്ഭുത​ക​ര​മാ​യി രക്ഷിക്ക​പ്പെ​ട്ടി​രി​ക്കാം.—ദാനീ​യേൽ 6:22.

ആധുനി​ക​കാല ദൃഷ്ടാ​ന്ത​ങ്ങൾ

16. (എ) യഹോ​വ​യു​ടെ സാക്ഷി​ക​ളിൽ അനേകർക്കും പൗലോസ്‌ അനുഭ​വിച്ച കഷ്ടങ്ങളു​മാ​യി താദാ​ത്മ്യം പ്രാപി​ക്കാ​നാ​വു​ന്ന​തെ​ന്തു​കൊണ്ട്‌? (ബി) വിശ്വാ​സം ഹേതു​വാ​യി മരിച്ച​വ​രു​ടെ കാര്യ​ത്തിൽ നമുക്ക്‌ എന്തു സംബന്ധിച്ച്‌ ഉറപ്പു​ള്ള​വ​രാ​യി​രി​ക്കാ​വു​ന്ന​താണ്‌? (സി) ക്രിസ്‌ത്യാ​നി​കൾ മരണത്തിൽനി​ന്നു കഷ്ടിച്ചു രക്ഷപ്പെ​ടു​മ്പോൾ എന്തു നല്ല ഫലമു​ണ്ടാ​യി​ട്ടുണ്ട്‌?

16 ഈ നാളിലെ അനേകം ക്രിസ്‌ത്യാ​നി​കൾക്കും പൗലോസ്‌ അനുഭ​വിച്ച കഷ്ടങ്ങൾക്കു സമാന​മാ​യവ വർണി​ക്കാ​നാ​വും. (2 കൊരി​ന്ത്യർ 11:23-27) ഇന്നും, ക്രിസ്‌ത്യാ​നി​കൾ “[തങ്ങളുടെ] ശക്തിക്കു മീതെ അത്യന്തം ഭാര​പ്പെട്ടി”ട്ടുണ്ട്‌. ഒട്ടേ​റെ​പേ​രും തങ്ങൾ ‘ജീവ​നോ​ടി​രി​ക്കു​മോ’ എന്നു തോന്നും​വി​ധ​ത്തി​ലുള്ള സ്ഥിതി​വി​ശേ​ഷങ്ങൾ അഭിമു​ഖീ​ക​രി​ച്ചി​ട്ടുണ്ട്‌. (2 കൊരി​ന്ത്യർ 1:8) കൂട്ട​ക്കൊല നടത്തു​ന്ന​വ​രു​ടെ​യും ക്രൂര​മാ​യി പീഡി​പ്പി​ക്കു​ന്ന​വ​രു​ടെ​യും കയ്യാൽ ചിലർ മരിച്ചി​ട്ടുണ്ട്‌. ദൈവ​ത്തി​ന്റെ ആശ്വാ​സ​ദാ​യക ശക്തി അവരെ സഹിച്ചു​നിൽക്കു​ന്ന​തി​നു പ്രാപ്‌ത​രാ​ക്കി​യെ​ന്നും സ്വർഗീയ പ്രത്യാ​ശ​യാ​യാ​ലും ഭൗമിക പ്രത്യാ​ശ​യാ​യാ​ലും തങ്ങളുടെ ഹൃദയ​വും മനസ്സും ആ പ്രത്യാ​ശ​യു​ടെ നിവൃ​ത്തി​യിൽ ഉറപ്പോ​ടെ കേന്ദ്രീ​ക​രിച്ച്‌ അവർ മരണമ​ട​ഞ്ഞെ​ന്നും നമുക്ക്‌ ഉറപ്പു​ള്ള​വ​രാ​യി​രി​ക്കാ​നാ​വും. (1 കൊരി​ന്ത്യർ 10:13; ഫിലി​പ്പി​യർ 4:13; വെളി​പ്പാ​ടു 2:10) മറ്റുള്ള​വ​രു​ടെ കാര്യ​ത്തിൽ, യഹോവ സംഗതി​ക​ളു​ടെ ഗതിതി​രി​ച്ചു​വി​ടു​ക​യും നമ്മുടെ സഹോ​ദ​രങ്ങൾ മരണത്തിൽനി​ന്നു രക്ഷപ്പെ​ടു​ക​യും ചെയ്‌തു. അത്തരം രക്ഷപ്പെ​ട​ലി​നു വിധേ​യ​രാ​യവർ “മരിച്ച​വരെ ഉയിർപ്പി​ക്കുന്ന ദൈവ​ത്തിൽ” വർധിച്ച ആശ്രയം വളർത്തി​യെ​ടു​ത്തു. (2 കൊരി​ന്ത്യർ 1:9) അതിനു​ശേഷം, അവർ ദൈവ​ത്തി​ന്റെ ആശ്വാ​സ​ദാ​യക സന്ദേശം മറ്റുള്ള​വ​രു​മാ​യി പങ്കു​വെ​ച്ച​പ്പോൾ അവർക്കു കൂടുതൽ ബോധ്യ​ത്തോ​ടെ സംസാ​രി​ക്കാൻ കഴിഞ്ഞു.—മത്തായി 24:14.

17-19. റുവാ​ണ്ട​യി​ലെ നമ്മുടെ സഹോ​ദ​രങ്ങൾ ദൈവാ​ശ്വാ​സം പങ്കു​വെ​ക്കു​ന്ന​വ​രാ​ണെന്ന്‌ ഏതെല്ലാം അനുഭ​വങ്ങൾ പ്രകട​മാ​ക്കു​ന്നു?

17 ഈയിടെ റുവാ​ണ്ട​യി​ലെ നമ്മുടെ പ്രിയ സഹോ​ദ​ര​ങ്ങൾക്ക്‌ പൗലോ​സി​നും കൂട്ടു​യാ​ത്ര​ക്കാർക്കും നേരി​ട്ട​തി​നു സമാന​മായ അനുഭ​വ​മു​ണ്ടാ​യി. അനേകർ കശാപ്പു​ചെ​യ്യ​പ്പെട്ടു, എന്നാൽ അവരുടെ വിശ്വാ​സം നശിപ്പി​ക്കു​ന്ന​തി​നുള്ള സാത്താന്റെ ഉദ്യമം പാളി. അതേസ​മയം, ആ രാജ്യ​ത്തുള്ള നമ്മുടെ സഹോ​ദ​രങ്ങൾ ദൈവാ​ശ്വാ​സം വ്യക്തി​ഗ​ത​മായ അനവധി വിധങ്ങ​ളിൽ അനുഭ​വി​ച്ചു. റുവാ​ണ്ട​യിൽ പാർക്കുന്ന ടൂട്‌സി, ഹൂട്ടു എന്നീ വിഭാ​ഗ​ക്കാ​രു​ടെ വർഗഹ​ത്യ​യ്‌ക്കി​ട​യിൽ, സ്വന്തം ജീവൻ പണയ​പ്പെ​ടു​ത്തി ടൂട്‌സി​കളെ സംരക്ഷിച്ച ഹൂട്ടു​ക​ളും ഹൂട്ടു​കളെ സംരക്ഷിച്ച ടൂട്‌സി​ക​ളും ഉണ്ടായി​രു​ന്നു. സഹവി​ശ്വാ​സി​കളെ സംരക്ഷിച്ച ചിലരെ തീവ്ര​വാ​ദി​കൾ വധിച്ചു. ഉദാഹ​ര​ണ​ത്തിന്‌, ചൻറൽ എന്നു പേരുള്ള ഒരു ടൂട്‌സി സഹോ​ദ​രി​യെ ഒളിപ്പി​ച്ചു പാർപ്പി​ച്ച​തിന്‌ ഗേഹെസി എന്നു പേരായ ഒരു ഹൂട്ടു സാക്ഷി കൊല​ചെ​യ്യ​പ്പെട്ടു. ചൻറലി​ന്റെ ടൂട്‌സി ഭർത്താവ്‌ ജാനിനെ മറ്റൊരു സ്ഥലത്ത്‌ ഷാർലറ്റ്‌ എന്നു​പേ​രായ ഒരു ഹൂട്ടു സഹോ​ദരി ഒളിപ്പി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. 40 ദിവസ​ത്തോ​ളം ജാനും മറ്റൊരു ടൂട്‌സി സഹോ​ദ​ര​നും ഒരു വലിയ പുകക്കു​ഴ​ലിൽ ഒളിച്ചു​പാർത്തു. രാത്രി​യിൽമാ​ത്രം അവർ അൽപ്പസ​മ​യ​ത്തേക്ക്‌ ഇടയ്‌ക്കി​ടെ വെളി​യിൽ വരുമാ​യി​രു​ന്നു. ഹൂട്ടു സൈനിക ക്യാമ്പിന്‌ അടുത്തു പാർത്തി​രു​ന്നി​ട്ടും, ഈ സമയ​ത്തെ​ല്ലാം അവർക്കു ഭക്ഷണവും സംരക്ഷ​ണ​വും പ്രദാനം ചെയ്‌തത്‌ ഷാർലറ്റ്‌ ആയിരു​ന്നു. ഈ പേജിൽ, പുനഃ​സ​മ്മേ​ളി​ത​രായ ജാനി​ന്റെ​യും ചൻറലി​ന്റെ​യും ചിത്രം നിങ്ങൾക്കു കാണാ​വു​ന്ന​താണ്‌. പ്രിസ്‌ക​യും അക്വി​ല​യും പൗലോസ്‌ അപ്പോ​സ്‌ത​ല​നു​വേണ്ടി ചെയ്‌ത​തു​പോ​ലെ, തങ്ങളുടെ ഹൂട്ടു സഹാരാ​ധകർ തങ്ങൾക്കു​വേണ്ടി ‘അവരുടെ കഴുത്തു വെച്ചു​കൊ​ടു​ത്തു’വെന്നതിൽ അവർക്കു നന്ദിയുണ്ട്‌.—റോമർ 16:3, 4.

18 ടൂട്‌സി സഹവി​ശ്വാ​സി​കളെ സംരക്ഷി​ച്ച​തി​നു മറ്റൊരു ഹൂട്ടു സാക്ഷി​യായ റുവാ​ക്ക​ബു​ബു​വി​നെ ഈന്താ​ര​മാറ വാർത്താ​പ​ത്രം പ്രശം​സി​ക്കു​ക​യു​ണ്ടാ​യി. a അതു പ്രസ്‌താ​വി​ച്ചു: “ഇനി യഹോ​വ​യു​ടെ സാക്ഷി​ക​ളിൽ ഒരുവ​നായ റുവാ​ക്ക​ബു​ബു​വു​മുണ്ട്‌. അദ്ദേഹം തങ്ങളുടെ സഹോ​ദ​ര​ങ്ങൾക്കി​ട​യിൽ (സഹവി​ശ്വാ​സി​കൾ പരസ്‌പരം വിളി​ക്കു​ന്നത്‌ അങ്ങനെ​യാണ്‌) അവി​ടെ​യും ഇവി​ടെ​യു​മാ​യി ആളുകളെ ഒളിപ്പി​ച്ചു​പാർപ്പി​ക്കു​ന്ന​തിൽ തുടർന്നു. ആസ്‌ത​മ​രോ​ഗി​യാ​യി​രു​ന്നി​ട്ടും അദ്ദേഹം ദിവസം​മു​ഴു​വൻ അവർക്കു ഭക്ഷണവും കുടി​വെ​ള്ള​വും കൊണ്ടു​വ​രി​ക​യാ​യി​രു​ന്നു. എന്നാൽ ദൈവം അദ്ദേഹത്തെ അസാധാ​ര​ണ​മാം​വി​ധം ശക്തനാക്കി.”

19 നീക്കൊ​ഡം, അത്തനാസീ എന്നീ താത്‌പ​ര്യ​ക്കാ​രായ ഹൂട്ടു ദമ്പതി​ക​ളു​ടെ കാര്യ​വും പരിചി​ന്തി​ക്കുക. വർഗഹത്യ പൊട്ടി​പ്പു​റ​പ്പെ​ടും​മുമ്പ്‌ ഈ വിവാ​ഹ​ദ​മ്പ​തി​കൾ അൽഫോൻസ്‌ എന്നു പേരുള്ള ഒരു ടൂട്‌സി സാക്ഷി​യു​മൊ​ത്തു ബൈബിൾ പഠിച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു. തങ്ങളുടെ ജീവൻ അപകട​പ്പെ​ടു​ത്തി​ക്കൊണ്ട്‌ അവർ അൽഫോൻസി​നെ തങ്ങളുടെ ഭവനത്തിൽ ഒളിപ്പി​ച്ചു. തങ്ങളുടെ ടൂട്‌സി സുഹൃ​ത്തി​നെ​ക്കു​റിച്ച്‌ ഹൂട്ടു​ക​ളായ തങ്ങളുടെ അയൽക്കാർക്ക്‌ അറിയാ​മാ​യി​രു​ന്ന​തി​നാൽ തങ്ങളുടെ ഭവനം സുരക്ഷിത സ്ഥലമ​ല്ലെന്ന്‌ അവർ പിന്നീടു തിരി​ച്ച​റി​ഞ്ഞു. അതു​കൊണ്ട്‌, നീക്കൊ​ഡ​മും അത്തനാ​സീ​യും അൽഫോൻസി​നെ തങ്ങളുടെ ഉമ്മറത്തെ ഒരു ദ്വാര​ത്തിൽ ഒളിപ്പി​ച്ചു. ഇതൊരു നല്ല നീക്കമാ​യി​രു​ന്നു, കാരണം അൽഫോൻസി​നെ തേടി മിക്കവാ​റും എല്ലാ ദിവസ​വും അയൽക്കാർ എത്തുമാ​യി​രു​ന്നു. 28 ദിവസം ഈ ദ്വാര​ത്തിൽ കഴിയവേ, യരീ​ഹോ​യിൽ തന്റെ വീടിന്റെ മേൽക്കൂ​ര​യിൽ രണ്ട്‌ ഇസ്രാ​യേ​ല്യ​രെ ഒളിപ്പിച്ച രാഹാ​ബി​ന്റേ​തു​പോ​ലുള്ള ബൈബിൾ വിവര​ണ​ങ്ങ​ളെ​ക്കു​റിച്ച്‌ അൽഫോൻസ്‌ ധ്യാനി​ച്ചു​കൊ​ണ്ടി​രു​ന്നു. (യോശുവ 6:17) തനിക്കു​വേണ്ടി ജീവൻ പണയ​പ്പെ​ടു​ത്തിയ ഹൂട്ടു ബൈബിൾവി​ദ്യാർഥി​ക​ളോ​ടു കൃതജ്ഞ​ത​യു​ള്ള​വ​നാ​യി ഇന്ന്‌ അൽഫോൻസ്‌ റുവാ​ണ്ട​യിൽ സുവാർത്ത​പ്ര​സം​ഗ​ക​നാ​യി സേവനം തുടരു​ക​യാണ്‌. നീക്കൊ​ഡം, അത്തനാസീ എന്നിവ​രു​ടെ കാര്യ​മോ? അവരി​പ്പോൾ യഹോ​വ​യു​ടെ സ്‌നാ​പ​ന​മേറ്റ സാക്ഷി​ക​ളാണ്‌. താത്‌പ​ര്യ​ക്കാ​രു​മൊത്ത്‌ 20 ബൈബി​ള​ധ്യ​യ​ന​ങ്ങ​ളാണ്‌ അവർ നടത്തു​ന്നത്‌.

20. റുവാ​ണ്ട​യി​ലെ നമ്മുടെ സഹോ​ദ​ര​ങ്ങളെ യഹോവ ഏതെല്ലാം വിധങ്ങ​ളിൽ ആശ്വസി​പ്പി​ച്ചി​രി​ക്കു​ന്നു, എന്നാൽ അനേകർക്കും ഏതു തുടർച്ച​യായ ആവശ്യ​മുണ്ട്‌?

20 റുവാ​ണ്ട​യിൽ വർഗഹത്യ തുടങ്ങിയ സമയത്ത്‌ സുവാർത്ത​യു​ടെ 2,500 പ്രഘോ​ഷ​ക​രാ​യി​രു​ന്നു അവിടെ ഉണ്ടായി​രു​ന്നത്‌. നൂറു​ക​ണ​ക്കി​നു​പേർ കൊല​ചെ​യ്യ​പ്പെ​ടു​ക​യോ രാജ്യ​ത്തു​നി​ന്നു പലായനം ചെയ്യാൻ നിർബ​ന്ധി​ത​രാ​കു​ക​യോ ചെയ്‌തെ​ങ്കി​ലും, സാക്ഷി​ക​ളു​ടെ എണ്ണം 3,000-ത്തിലധി​ക​മാ​യി വർധിച്ചു. ദൈവം നമ്മുടെ സഹോ​ദ​ര​ങ്ങളെ നിശ്ചയ​മാ​യും ആശ്വസി​പ്പി​ച്ചു എന്നതിനു തെളി​വാണ്‌ അത്‌. യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ഇടയി​ലുള്ള അനേകം അനാഥ​രു​ടെ​യും വിധവ​മാ​രു​ടെ​യും കാര്യ​മോ? സ്വാഭാ​വി​ക​മാ​യും, ഇപ്പോ​ഴും കഷ്ടം അനുഭ​വി​ക്കുന്ന ഇവർക്കു തുടർച്ച​യാ​യുള്ള ആശ്വാസം ആവശ്യ​മാണ്‌. (യാക്കോബ്‌ 1:27) ദൈവ​ത്തി​ന്റെ പുതിയ ലോക​ത്തിൽ പുനരു​ത്ഥാ​നം നടക്കു​മ്പോൾമാ​ത്രമേ അവരുടെ കണ്ണുനീർ പൂർണ​മാ​യും തുടച്ചു​നീ​ക്ക​പ്പെ​ടു​ക​യു​ള്ളൂ. എന്നിരു​ന്നാ​ലും, തങ്ങളുടെ സഹോ​ദ​ര​ങ്ങ​ളു​ടെ ശുശ്രൂഷ ലഭിക്കു​ന്ന​തു​കൊ​ണ്ടും “സർവ്വാ​ശ്വാ​സ​വും നൽകുന്ന ദൈവ”ത്തിന്റെ ആരാധ​ക​രാ​യ​തു​കൊ​ണ്ടും അവർക്കു ജീവി​തത്തെ നേരി​ടാ​നാ​വു​ന്നു.

21. (എ) വേറെ ഏതെല്ലാം രാജ്യ​ങ്ങ​ളി​ലാ​ണു നമ്മുടെ സഹോ​ദ​ര​ന്മാർക്കു ദൈവ​ത്തി​ന്റെ ആശ്വാസം അതിയാ​യി ആവശ്യ​മാ​യി​രു​ന്നത്‌, നമു​ക്കെ​ല്ലാ​വർക്കും സഹായി​ക്കാ​നാ​വുന്ന ഒരു വിധം ഏത്‌? (“നാലു വർഷത്തെ യുദ്ധത്തി​നി​ട​യിൽ ആശ്വാസം” എന്ന ചതുരം കാണുക.) (ബി) ആശ്വാ​സ​ത്തി​നാ​യുള്ള നമ്മുടെ ആവശ്യം പൂർണ​മാ​യി നിറ​വേ​റ്റ​പ്പെ​ടു​ന്നത്‌ എപ്പോ​ഴാ​യി​രി​ക്കും?

21 എറി​ട്രിയ, സിംഗ​പ്പൂർ, മുൻ യൂഗോ​സ്ലാ​വിയ എന്നിങ്ങ​നെ​യുള്ള മറ്റനേകം സ്ഥലങ്ങളിൽ, കഷ്ടങ്ങളു​ണ്ടാ​യി​രു​ന്നി​ട്ടും നമ്മുടെ സഹോ​ദ​രങ്ങൾ യഹോ​വയെ വിശ്വ​സ്‌ത​ത​യോ​ടെ സേവി​ക്കു​ന്ന​തിൽ തുടരു​ക​യാണ്‌. അവർക്ക്‌ ആശ്വാസം ലഭിക്കു​ന്ന​തി​നാ​യി നിരന്തരം പ്രാർഥ​നകൾ നടത്തി​ക്കൊണ്ട്‌ നമുക്ക്‌ അത്തരം സഹോ​ദ​ര​ങ്ങളെ സഹായി​ക്കാം. (2 കൊരി​ന്ത്യർ 1:11) യേശു​ക്രി​സ്‌തു​വി​ലൂ​ടെ ദൈവം “[നമ്മുടെ] കണ്ണിൽനി​ന്നു കണ്ണുനീർ എല്ലാം” പൂർണ അർഥത്തിൽ “തുടെ​ച്ചു​കള”യുന്ന സമയം​വരെ നമുക്കു വിശ്വ​സ്‌ത​ത​യോ​ടെ സഹിച്ചു​നിൽക്കാം. അന്നു തന്റെ നീതി​യുള്ള പുതിയ ലോക​ത്തിൽ യഹോവ പ്രദാനം ചെയ്യുന്ന ആശ്വാസം നാം പൂർണ അളവിൽ അനുഭ​വി​ക്കും.—വെളി​പ്പാ​ടു 7:17; 21:4; 2 പത്രൊസ്‌ 3:13.

[അടിക്കു​റിപ്പ്‌]

a 1995 ജനുവരി 1 വീക്ഷാ​ഗോ​പു​രം, പേജ്‌ 26, റുവാ​ക്ക​ബു​ബു​വി​ന്റെ പുത്രി, ദെബോ​റ​യു​ടെ അനുഭവം വിവരി​ച്ചി​രു​ന്നു. അവളുടെ പ്രാർഥ​ന​യിൽ മനസ്സലി​വു തോന്നിയ ഒരു സംഘം ഹൂട്ടു പടയാ​ളി​കൾ കുടും​ബത്തെ കൊല​ചെ​യ്യ​പ്പെ​ടു​ന്ന​തിൽനി​ന്നു സംരക്ഷി​ച്ചു.

നിങ്ങൾക്ക്‌ അറിയാ​മോ?

◻ യഹോ​വയെ ‘സർവ്വാ​ശ്വാ​സ​വും നല്‌കുന്ന ദൈവം’ എന്നു വിളി​ക്കു​ന്ന​തെ​ന്തു​കൊണ്ട്‌?

◻ കഷ്ടങ്ങളെ നാമെ​ങ്ങനെ വീക്ഷി​ക്കണം?

◻ ആരുമാ​യി നമുക്ക്‌ ആശ്വാസം പങ്കു​വെ​ക്കാ​നാ​വും?

◻ ആശ്വാ​സ​ത്തി​നാ​യുള്ള നമ്മുടെ ആവശ്യം പൂർണ​മാ​യി നിറ​വേ​റ്റ​പ്പെ​ടു​ന്ന​തെ​ങ്ങനെ?

[അധ്യയന ചോദ്യ​ങ്ങൾ]

[17-ാം പേജിലെ ചിത്രം]

ടൂട്‌സി സാക്ഷി​ക​ളാ​യി​രു​ന്നി​ട്ടും റുവാ​ണ്ട​യി​ലെ വർഗഹ​ത്യ​യ്‌ക്കി​ട​യിൽ ഹൂട്ടു സാക്ഷികൾ ജാനി​നെ​യും ചൻറലി​നെ​യും വ്യത്യസ്‌ത സ്ഥലങ്ങളിൽ ഒളിപ്പി​ച്ചു

[17-ാം പേജിലെ ചിത്രം]

റുവാണ്ടയിൽ യഹോ​വ​യു​ടെ സാക്ഷികൾ അയൽക്കാ​രു​മാ​യി ദൈവ​ത്തി​ന്റെ ആശ്വാ​സ​ദാ​യക സന്ദേശം പങ്കു​വെ​ക്കു​ന്ന​തിൽ തുടരു​ന്നു