മുഖപക്ഷമില്ലാത്തവനായ നമ്മുടെ ദൈവത്തെ നിങ്ങൾ അനുകരിക്കുന്നുവോ?
മുഖപക്ഷമില്ലാത്തവനായ നമ്മുടെ ദൈവത്തെ നിങ്ങൾ അനുകരിക്കുന്നുവോ?
മുഖപക്ഷമില്ലായ്മ—അത് എവിടെ കണ്ടെത്താൻ കഴിയും? മുഖപക്ഷം തീരെയില്ലാത്ത, മുൻവിധി, പക്ഷപാതം, വേർതിരിവ് എന്നിവയിൽനിന്നു വിമുക്തനായ ഒരുവനുണ്ട്. അവൻ മനുഷ്യവർഗത്തിന്റെ സ്രഷ്ടാവായ യഹോവയാം ദൈവമാണ്. എങ്കിലും, മനുഷ്യരെ സംബന്ധിച്ച് 19-ാം നൂറ്റാണ്ടിലെ ആംഗലേയ എഴുത്തുകാരനായ ചാൾസ് ലാംബ് സ്പഷ്ടമായി എഴുതി: “വളച്ചുകെട്ടില്ലാതെ പറഞ്ഞാൽ, ഇഷ്ടാനിഷ്ടങ്ങൾ കൊണ്ടുണ്ടാക്കിയ, മുൻവിധിയുടെ ഒരു ഭാണ്ഡമാണു ഞാൻ.”
മുഖപക്ഷമില്ലായ്മയുടെ കാര്യത്തിൽ മനുഷ്യബന്ധങ്ങൾ പുറകിലാണ്. അനേകം നൂറ്റാണ്ടുകൾക്കുമുമ്പ് ഇസ്രായേലിന്റെ ജ്ഞാനിയായ ശലോമോൻ രാജാവ്, ‘മനുഷ്യൻ മനുഷ്യന്റെ മേൽ അവന്റെ ദോഷത്തിന്നായി അധികാരം’ ചെലുത്തിയിരിക്കുന്നതായി കണ്ടെത്തി. (സഭാപ്രസംഗി 8:9) വർഗീയ വിദ്വേഷം, ദേശീയ ഏറ്റുമുട്ടലുകൾ കുടുംബവഴക്കുകൾ എന്നിവ കൂടുതൽ വ്യാപകമായിക്കൊണ്ടിരിക്കുന്നു. അതുകൊണ്ട്, മനുഷ്യർക്കു സ്വന്തമായി, മുഖപക്ഷമില്ലാത്ത ഒരു സമൂഹം വികസിപ്പിച്ചെടുക്കാമെന്നു വിശ്വസിക്കുന്നത് യാഥാർഥ്യമാണോ?
നമ്മുടെ മനോഭാവങ്ങളെ നിയന്ത്രിക്കാനും നമ്മിൽ രൂഢമൂലമായിരിക്കുന്ന മുൻവിധികളെ പിഴുതുകളയാനും ബോധപൂർവമായ ശ്രമം ആവശ്യമാണ്. (എഫെസ്യർ 4:22-24) സാമൂഹികവും വിദ്യാഭ്യാസപരവുമായ പരിതസ്ഥിതിയിൽനിന്ന് ഉളവായതും നമ്മുടെ കുടുംബത്തിലും വംശത്തിലും ദേശീയ പശ്ചാത്തലത്തിലും വേരൂന്നിയതുമായ മനോഭാവങ്ങളെ കൈവശം വെക്കാനുള്ള ഒരു പ്രവണത നാം അറിയാതെതന്നെ കാട്ടിയേക്കാം. നിസ്സാരമായി തോന്നുന്ന ഈ ചായ്വുകൾ മിക്കപ്പോഴും സുപ്രതിഷ്ഠിതമായതും മുഖപക്ഷം കാട്ടുന്നതിലേക്കു നയിക്കുന്ന മനോഭാവങ്ങളെ ഊട്ടിവളർത്തുന്നതുമാണ്. സ്കോട്ടിഷ് നിയമവിദഗ്ധനും എഴുത്തുകാരനുമായ ഫ്രാൻസിസ് ജെഫ്റി ഇപ്രകാരം സമ്മതിക്കുകപോലും ചെയ്തു: “തന്റെ മുൻവിധികളുടെ വ്യാപ്തിയെയും ശക്തിയെയും പോലെ മനുഷ്യന് ഇത്രയധികം ബോധമില്ലാതെയിരിക്കുന്ന ഒരു സംഗതിയുമില്ല.”
മുഖപക്ഷം കാട്ടാനുള്ള ചായ്വിനെതിരെ പോരാടാൻ ബോധപൂർവമായ ശ്രമം ആവശ്യമാണെന്നു സമ്മതിക്കുന്ന ഒരു വ്യക്തിയാണു ലീന. a “വളർത്തിക്കൊണ്ടുവരപ്പെട്ട രീതി ശക്തമായ സ്വാധീനം ചെലുത്തുന്നതുകൊണ്ട്” ഒരു വ്യക്തിയുടെ ഉള്ളിൽതന്നെയുള്ള മുൻവിധിയുടേതായ തോന്നലുകളെ ഞെരിച്ചമർത്താൻ “വളരെയധികം ശ്രമം ആവശ്യമാണ്” എന്ന് അവർ പറയുന്നു. നിരന്തരമായ ഓർമിപ്പിക്കലുകളും ആവശ്യമാണെന്ന് ലീന സമ്മതിക്കുന്നു.
യഹോവയുടെ മുഖപക്ഷമില്ലായ്മയെക്കുറിച്ചുള്ള രേഖ
മുഖപക്ഷമില്ലായ്മയുടെ ഒരു ഉത്തമ ദൃഷ്ടാന്തമാണ് യഹോവ. ബൈബിളിലെ ആദ്യത്തെ പേജുകളിൽനിന്ന് മനുഷ്യരോടുള്ള തന്റെ ഇടപെടലുകളിൽ എപ്രകാരമാണ് അവൻ മുഖപക്ഷമില്ലായ്മ പ്രകടിപ്പിച്ചതെന്നു നാം വായിക്കുന്നു. ഉത്കൃഷ്ടമായ ഈ ഉദാഹരണങ്ങളിൽനിന്നും ഓർമിപ്പിക്കലുകളിൽനിന്നും നമുക്കു വളരെയധികം പഠിക്കാൻ സാധിക്കും.
പൊ.യു. 36-ൽ യഹൂദ അപ്പോസ്തലനായ പത്രൊസ് കൊർന്നേല്യൊസിനോടും മറ്റു വിജാതീയരോടും സുവാർത്ത പ്രഖ്യാപിക്കത്തക്കവിധം കാര്യങ്ങൾ നീക്കുന്നതിൽ യഹോവ മുഖപക്ഷമില്ലായ്മ കാണിച്ചു. ആ സമയത്തു പത്രൊസ് പറഞ്ഞു: ‘ദൈവത്തിന്നു മുഖപക്ഷമില്ല. ഏതു ജാതിയിലും അവനെ ഭയപ്പെട്ടു നീതി പ്രവർത്തിക്കുന്നവനെ അവൻ അംഗീകരിക്കുന്നു.’—പ്രവൃത്തികൾ 10:34, 35.
മാനവകുടുംബത്തോടുള്ള തന്റെ ഇടപെടലുകളിലെല്ലാം യഹോവ പൂർവാപരയോജിപ്പോടെ മുഖപക്ഷമില്ലായ്മ പ്രകടമാക്കിയിട്ടുണ്ട്. യേശുക്രിസ്തു തന്റെ പിതാവിനെക്കുറിച്ചു പറഞ്ഞു: “അവൻ ദുഷ്ടന്മാരുടെമേലും നല്ലവരുടെമേലും തന്റെ സൂര്യനെ ഉദിപ്പിക്കയും നീതിമാന്മാരുടെമേലും നീതികെട്ടവരുടെ മേലും മഴ പെയ്യിക്കയും ചെയ്യുന്നുവല്ലോ.” (മത്തായി 5:45) മുഖപക്ഷമില്ലാത്ത ദൈവമായി യഹോവയെ പിന്നെയും പ്രകീർത്തിച്ചുകൊണ്ടു പത്രൊസ് സാക്ഷ്യപ്പെടുത്തി: “ആരും നശിച്ചുപോകാതെ എല്ലാവരും മാനസാന്തരപ്പെടുവാൻ അവൻ ഇച്ഛിച്ചു നിങ്ങളോടു ദീർഘക്ഷമ കാണിക്കുന്നതേയുള്ളു.”—2 പത്രൊസ് 3:9.
നോഹയുടെ നാളിൽ ‘ഭൂമിയിൽ മമനുഷ്യന്റെ ദുഷ്ടത വലിയതും അവന്റെ ഹൃദയവിചാരങ്ങളുടെ നിരൂപണമൊക്കെയും എല്ലായ്പോഴും ദോഷമുള്ളതും’ ആയപ്പോൾ മനുഷ്യവർഗത്തിന്റെ ആ ലോകം നശിക്കണമെന്നു യഹോവ വിധികൽപ്പിച്ചു. (ഉല്പത്തി 6:5-7, 11, 12) എങ്കിലും ദൈവകൽപ്പനയനുസരിച്ചും അന്നു ജീവിച്ചിരുന്നവർക്കു കാണാവുന്ന വിധത്തിലും നോഹ ഒരു പെട്ടകം പണിതു. നോഹയും അവന്റെ പുത്രന്മാരും പെട്ടകം പണിതുകൊണ്ടിരിക്കുമ്പോൾ, അവൻ ഒരു “നീതിപ്രസംഗി” കൂടെയായിരുന്നു. (2 പത്രൊസ് 2:5) ആ തലമുറയുടെ ഹൃദയത്തിന്റെ ദുഷ്ടചായ്വ് അറിയാമായിരുന്നിട്ടും മുഖപക്ഷമില്ലാതെ ദൈവം അവർക്കു വ്യക്തമായ ഒരു സന്ദേശം അയച്ചു. പെട്ടകം പണിയാനും പ്രസംഗിക്കാനും നോഹയെ ഉപയോഗിച്ചുകൊണ്ട് അവൻ അവരുടെ മനസ്സുകളെയും ഹൃദയങ്ങളെയും സ്പർശിച്ചു. പ്രതികരിക്കാനുള്ള എല്ലാ അവസരവും അവർക്കുണ്ടായിരുന്നു. എന്നാൽ, ‘ജലപ്രളയം വന്ന് അവരെ എല്ലാവരെയും തുടച്ചുനീക്കുവോളം അവർ ഗൗനിച്ചില്ല.’—മത്തായി 24:39, NW.
യഹോവയുടെ മുഖപക്ഷമില്ലായ്മയ്ക്ക് എത്ര ഉത്കൃഷ്ടമായ ദൃഷ്ടാന്തം! ദുർഘടമായ ഈ അന്ത്യനാളുകളിൽ അതേ മുഖപക്ഷമില്ലായ്മയോടെ രാജ്യത്തിന്റെ സുവാർത്ത പ്രഖ്യാപിക്കാൻ ഇതു ദൈവദാസന്മാരെ പ്രചോദിപ്പിക്കുന്നു. അതിലുമുപരി, യഹോവയുടെ പ്രതികാര ദിവസത്തെക്കുറിച്ചു പ്രഖ്യാപിക്കുന്നതിൽനിന്ന് അവർ പിന്മാറുന്നില്ല. എല്ലാവർക്കും കേൾക്കാൻ സാധിക്കത്തക്കവണ്ണം മുഖപക്ഷമില്ലാതെ അവർ യഹോവയുടെ സന്ദേശം പൊതുജനത്തിനുമുമ്പാകെ അവതരിപ്പിക്കുന്നു.—യെശയ്യാവു 61:1, 2.
ഗോത്രപിതാക്കന്മാരായ അബ്രാഹാം, യിസ്ഹാക്ക്, യാക്കോബ് എന്നിവരോടുള്ള യഹോവയുടെ വാഗ്ദാനങ്ങൾ, അവൻ മുഖപക്ഷമില്ലാത്ത ദൈവമാണെന്നു തെളിയിച്ചു. ‘ഭൂമിയിലുള്ള സകലജാതികളും അനുഗ്രഹിക്കപ്പെ’ടാൻ പോകുന്ന നിയമിത വ്യക്തി അവരുടെ നിർദിഷ്ട വംശാവലിയിലൂടെ വരുമായിരുന്നു. (ഉല്പത്തി 22:18; 26:4; 28:14) ആ നിയമിത വ്യക്തി യേശുക്രിസ്തുവാണെന്നു തെളിഞ്ഞു. യേശുവിന്റെ മരണവും പുനരുത്ഥാനവും വഴി അനുസരണമുള്ള മുഴു മനുഷ്യവർഗത്തിനും രക്ഷയ്ക്കുള്ള മാർഗം യഹോവ പ്രദാനം ചെയ്തു. അതേ, ക്രിസ്തുവിന്റെ മറുവിലയാഗത്തിന്റെ പ്രയോജനങ്ങൾ മുഖപക്ഷമില്ലാതെ ലഭ്യമാണ്.
മോശയുടെ നാളുകളിൽ യഹോവയുടെ മുഖപക്ഷമില്ലായ്മ സെലോഫഹാദിന്റെ പുത്രിമാരോടുള്ള ബന്ധത്തിൽ ഏറ്റവും രസകരമായ വിധത്തിൽ പ്രകടമായി. വാഗ്ദത്ത ദേശത്തുവെച്ച് ഈ അഞ്ചു സ്ത്രീകൾക്ക് തങ്ങളുടെ പിതാവിന്റെ സ്വത്തവകാശത്തോടു ബന്ധപ്പെട്ട ഒരു വിഷമസന്ധി നേരിട്ടു. കാരണം, ഭൂസ്വത്ത് വ്യക്തിയുടെ പുത്രന്മാരിലൂടെ കൈമാറപ്പെടണം എന്നായിരുന്നു ഇസ്രായേലിലെ ചട്ടം. എങ്കിലും സ്വത്ത് അവകാശപ്പെടുത്താൻ മകനില്ലാതെയാണു സെലോഫഹാദ് മരിച്ചത്. അതുകൊണ്ട് സെലോഫഹാദിന്റെ അഞ്ചു പുത്രിമാരും പക്ഷപാതരഹിതനടപടി പ്രതീക്ഷിച്ച് ഇപ്രകാരം പറഞ്ഞുകൊണ്ട് തങ്ങളുടെ അഭ്യർഥന മോശയുടെ മുമ്പാകെ വെച്ചു: “ഞങ്ങളുടെ അപ്പന്നു മകൻ ഇല്ലായ്കകൊണ്ടു അവന്റെ പേർ കുടുംബത്തിൽനിന്നു ഇല്ലാതെയാകുന്നതു എന്തു? അപ്പന്റെ സഹോദരന്മാരുടെ ഇടയിൽ സംഖ്യാപുസ്തകം 27:1-11.
ഞങ്ങൾക്കു ഒരു അവകാശം തരേണം.” യഹോവ അവരുടെ യാചനകൾക്കു ശ്രദ്ധനൽകിക്കൊണ്ട് മോശയോടു കൽപ്പിച്ചു: “ഒരുത്തൻ മകനില്ലാതെ മരിച്ചാൽ അവന്റെ അവകാശം അവന്റെ മകൾക്കു കൊടുക്കേണം.”—സ്നേഹനിർഭരമായ മുഖപക്ഷമില്ലായ്മയുടെ എത്ര നല്ല മുൻമാതൃക! പുത്രിമാർ വിവാഹിതരാകുമ്പോൾ ഗോത്രപരമായ സ്വത്തുക്കൾ മറ്റൊരു ഗോത്രത്തിലേക്കു കൈമാറ്റം ചെയ്യപ്പെടാതിരിക്കാൻ, “തങ്ങളുടെ പിതൃഗോത്രത്തിലെ കുടുംബത്തിലുള്ള”വരുമായി മാത്രമേ വിവാഹിതരാകാവൂ എന്ന് അവരോട് അനുശാസിച്ചു.—സംഖ്യാപുസ്തകം 36:5-12.
യഹോവയുടെ മുഖപക്ഷമില്ലായ്മയെക്കുറിച്ചുള്ള കൂടുതലായ ഉൾക്കാഴ്ച ന്യായാധിപനും പ്രവാചകനുമായ ശമൂവേലിന്റെ നാളുകളിൽ കാണുന്നു. ബേത്ലഹേമ്യനായ യിശ്ശായിയുടെ കുടുംബത്തിൽ യഹൂദാ ഗോത്രത്തിൽനിന്നുള്ള ഒരു പുതിയ രാജാവിനെ അഭിഷേകം ചെയ്യാൻ യഹോവ അവനെ നിയോഗിച്ചു. എന്നാൽ, യിശ്ശായിക്ക് എട്ടു പുത്രന്മാരുണ്ടായിരുന്നു. രാജാവായി ആർ അഭിഷേകം ചെയ്യപ്പെടും? എലീയാബിന്റെ ആകാരസൗഷ്ഠവത്തിൽ ശമൂവേലിനു മതിപ്പുതോന്നി. എന്നാൽ, യഹോവ ബാഹ്യാകാരം കണ്ടു ചഞ്ചലിതനായില്ല. അവൻ ശമൂവേലിനോടു പറഞ്ഞു: അവന്റെ മുഖമോ പൊക്കമോ നോക്കരുതു; . . . മനുഷ്യൻ നോക്കുന്നതുപോലെയല്ല; മനുഷ്യൻ കണ്ണിന്നു കാണുന്നതു നോക്കുന്നു; യഹോവയോ ഹൃദയത്തെ നോക്കുന്നു.” യിശ്ശായിയുടെ ഇളയ മകനായ ദാവീദ് തിരഞ്ഞെടുക്കപ്പെട്ടു.—1 ശമൂവേൽ 16:1, 6-13.
യഹോവയുടെ മുഖപക്ഷമില്ലായ്മയിൽനിന്നു പഠിക്കൽ
ഒരു സഹവിശ്വാസിയുടെ ആത്മീയ ഗുണങ്ങൾ നോക്കിക്കൊണ്ട് യഹോവയെ അനുകരിക്കാൻ ക്രിസ്തീയ മൂപ്പന്മാർ ശ്രമിക്കുന്നതു പ്രയോജനകരമാണ്. നമ്മുടെ ന്യായനിർണയത്തിൽ നിഴൽവീഴ്ത്താൻ വ്യക്തിപരമായ തോന്നലുകളെ അനുവദിച്ചുകൊണ്ട് നമ്മുടെ നിലവാരങ്ങൾക്കനുസൃതമായി ഒരു വ്യക്തിയെ വിധിക്കാൻ എളുപ്പമാണ്. “യഹോവയെ പ്രീതിപ്പെടുത്തുംവിധം മറ്റുള്ളവരുമായി ഇടപെടാനാണു ഞാൻ ശ്രമിക്കുന്നത്, അല്ലാതെ മുൻവിധിയുടേതായ ആശയങ്ങളെ അടിസ്ഥാനപ്പെടുത്തിയല്ല” എന്ന് ഒരു മൂപ്പൻ പറയുന്നു. തങ്ങളുടെ മാനദണ്ഡമായി യഹോവയുടെ വചനം ഉപയോഗിക്കുന്നത് അവന്റെ എല്ലാ ദാസന്മാരെയും സംബന്ധിച്ചിടത്തോളം എത്ര പ്രയോജനപ്രദമാണ്!
മേൽപ്പറഞ്ഞ ബൈബിൾ ദൃഷ്ടാന്തങ്ങൾ, നമ്മിൽ തങ്ങിനിൽക്കുന്ന വംശീയമോ ദേശീയമോ ആയ മുൻവിധികളുടെ തോന്നലുകളെ ചെറുക്കാൻ നമ്മെ സഹായിക്കും. യഹോവയുടെ മുഖപക്ഷമില്ലായ്മയെ അനുകരിക്കുകവഴി നാം ക്രിസ്തീയ സഭയെ മുൻവിധി, വേർതിരിവ്, പക്ഷപാതിത്വം എന്നിവയിൽനിന്നു സംരക്ഷിക്കുന്നു.
“ദൈവത്തിനു മുഖപക്ഷമില്ല” എന്ന് അപ്പോസ്തലനായ പത്രൊസ് മനസ്സിലാക്കി. (പ്രവൃത്തികൾ 10:34) പക്ഷപാതിത്വം മുഖപക്ഷമില്ലായ്മയുടെ ഒരു ശത്രുവാണ്. അത് സ്നേഹത്തിന്റെയും ഐക്യത്തിന്റെയും തത്ത്വങ്ങൾ ലംഘിക്കുന്നു. ദരിദ്രർക്കും ക്ഷീണിതർക്കും താഴ്മയുള്ളവർക്കും യേശുവിനെ ഇഷ്ടമായിരുന്നു. അവൻ അവരുടെ ചുമടുകളെ ലഘുവാക്കി. (മത്തായി 11:28-30) നിയമങ്ങളുടെ ഭാരിച്ച ചുമടുകൾകൊണ്ട് ആളുകളെ ബുദ്ധിമുട്ടിച്ച, അവരുടെ മേൽ കർത്തൃത്വം നടത്തിയിരുന്ന, യഹൂദ മതനേതാക്കന്മാരിൽനിന്നു തികച്ചും വിഭിന്നനായി അവൻ നിലകൊണ്ടു. (ലൂക്കൊസ് 11:45, 46) ഇതുപോലെ പ്രവർത്തിക്കുന്നതും സമ്പന്നരോടും പ്രമുഖരോടും പക്ഷപാതിത്വം കാട്ടുന്നതുമെല്ലാം യേശുവിന്റെ പഠിപ്പിക്കലുകൾക്കു വിരുദ്ധമായിരുന്നു.—യാക്കോബ് 2:1-4, 9.
ഇന്ന്, ക്രിസ്തീയ മൂപ്പന്മാർ ക്രിസ്തുവിന്റെ ശിരഃസ്ഥാനത്തിനു കീഴ്പെടുകയും യഹോവയുടെ സമർപ്പിതരായ ജനങ്ങളോടെല്ലാം മുഖപക്ഷമില്ലായ്മ പ്രകടമാക്കുകയും ചെയ്യുന്നു. ‘അവരുടെ വിചാരണയിലുള്ള ദൈവത്തിന്റെ ആട്ടിൻകൂട്ടത്തെ മേയി’ക്കവേ സാമ്പത്തിക സ്ഥിതി, വ്യക്തിത്വ ഭിന്നതകൾ അല്ലെങ്കിൽ കുടുംബബന്ധങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി മുഖപക്ഷം കാട്ടുന്നതിൽനിന്ന് അവർ വിട്ടുനിൽക്കുന്നു. (1 പത്രൊസ് 5:2) മുഖപക്ഷമില്ലാത്ത ദൈവത്തെ അനുകരിക്കുകയും പക്ഷപാതിത്വത്തിന്റെതായ പ്രവൃത്തികൾക്കെതിരെയുള്ള അവന്റെ മുന്നറിയിപ്പിനു ചെവികൊടുക്കുകയും ചെയ്തുകൊണ്ടു ക്രിസ്തീയ മൂപ്പന്മാർ സഭയിൽ മുഖപക്ഷമില്ലായ്മയുടെ ആത്മാവിനെ പ്രോത്സാഹിപ്പിക്കുന്നു.
യഹോവയുടെ സാക്ഷികളുടെ ക്രിസ്തീയ സഭ ഒരു അന്താരാഷ്ട്ര സഹോദരവർഗമാണ്. യേശുക്രിസ്തുവിന്റെ മാർഗനിർദേശത്തിൻ കീഴിൽ മുൻവിധിയിൽനിന്നു വിമുക്തമായ, മുഖപക്ഷമില്ലാത്ത സമൂഹം യാഥാർഥ്യമായിരിക്കാൻ കഴിയും എന്നുള്ളതിനു ജീവിക്കുന്ന ദൃഷ്ടാന്തമാണത്. സാക്ഷികൾ, “സത്യത്തിന്റെ ഫലമായ നീതിയിലും വിശുദ്ധിയിലും ദൈവാനുരൂപമായി സൃഷ്ടിക്കപ്പെട്ട പുതുമനുഷ്യനെ ധരി”ച്ചിരിക്കുന്നു. (എഫെസ്യർ 4:24) അതേ, മുഖപക്ഷമില്ലാത്ത ദൈവമായ യഹോവയുടെ ഉത്തമദൃഷ്ടാന്തത്തിൽനിന്ന് അവർ പഠിക്കുന്നു. എല്ലാത്തരത്തിലുള്ള പക്ഷപാതിത്വത്തിൽനിന്നും വിമുക്തമായ ഒരു പുതിയ ലോകത്തിൽ ജീവിക്കാമെന്ന പ്രതീക്ഷ അവർക്കുണ്ട്.—2 പത്രൊസ് 3:13.
[അടിക്കുറിപ്പ്]
a പേരിൽ മാറ്റം വരുത്തിയിട്ടുണ്ട്.
[26-ാം പേജിലെ ചിത്രം]
ദൈവം മുഖപക്ഷമില്ലാത്തവനാണെന്ന് അപ്പോസ്തലനായ പത്രൊസ് മനസ്സിലാക്കി