സഞ്ചാരമേൽവിചാരകന്മാർ—മനുഷ്യരാം ദാനങ്ങൾ
സഞ്ചാരമേൽവിചാരകന്മാർ—മനുഷ്യരാം ദാനങ്ങൾ
“അവൻ ഉന്നതങ്ങളിലേക്ക് ആരോഹണം ചെയ്തപ്പോൾ തടവുകാരെ കൂടെക്കൊണ്ടുപോയി; അവൻ മനുഷ്യരാം ദാനങ്ങളെ നൽകി.”—എഫെസ്യർ 4:8, NW.
1. ഏതു പുതിയ വേലയെക്കുറിച്ച് 1894-ൽ ഈ പത്രികയിൽ അറിയിപ്പുണ്ടായി?
ഒരു നൂറ്റാണ്ടിലേറെ കാലം മുമ്പ്, വീക്ഷാഗോപുരം ഒരു പുതിയ സംഗതി അറിയിച്ചു. “വേലയുടെ മറ്റൊരു മണ്ഡല”മെന്നാണ് അതിനെ വർണിച്ചത്. ഈ പുതിയ പ്രവർത്തനത്തിൽ എന്താണ് ഉൾപ്പെട്ടിരുന്നത്? സഞ്ചാരമേൽവിചാരകന്മാരുടെ പ്രവർത്തനത്തിന്റെ ആധുനികകാല നാന്ദികുറിക്കലായിരുന്നു അത്. ഇനിമുതൽ, യോഗ്യരായ സഹോദരന്മാർ ‘സത്യത്തിൽ കെട്ടുപണി ചെയ്യുക എന്ന ഉദ്ദേശ്യത്തിൽ’ ബൈബിൾ വിദ്യാർഥികളുടെ കൂട്ടങ്ങളെ സന്ദർശിക്കുന്നതായിരിക്കും എന്ന് ഈ പത്രിക യുടെ 1894 സെപ്റ്റംബർ 1 ലക്കം വിശദമാക്കി.
2. സർക്കിട്ട്, ഡിസ്ട്രിക്റ്റ് മേൽവിചാരകന്മാർക്ക് എന്തെല്ലാം ചുമതലകൾ ഉണ്ട്?
2 പൊ.യു. (പൊതുയുഗം) ഒന്നാം നൂറ്റാണ്ടിൽ, പൗലൊസും ബർണബാസും പോലുള്ള മേൽവിചാരകന്മാർ ക്രിസ്തീയ സഭകൾ സന്ദർശിക്കുകയുണ്ടായി. സഭകളെ ‘പടുത്തുയർത്തുക’യെന്ന ലക്ഷ്യമായിരുന്നു വിശ്വസ്തരായ ഈ പുരുഷന്മാർക്കുണ്ടായിരുന്നത്. (2 കൊരിന്ത്യർ 10:8, പി.ഒ.സി. ബൈബിൾ) ഇന്നിത് ക്രമീകൃതമായ ഒരു വിധത്തിൽ ചെയ്യുന്ന ആയിരക്കണക്കിനു പുരുഷന്മാരാൽ നാം അനുഗൃഹീതരാണ്. യഹോവയുടെ സാക്ഷികളുടെ ഭരണസംഘം അവരെ സർക്കിട്ട്, ഡിസ്ട്രിക്റ്റ് മേൽവിചാരകന്മാരായി നിയമിച്ചിരിക്കുന്നു. വർഷത്തിൽ രണ്ടുപ്രാവശ്യം ഒരു സർക്കിട്ട് മേൽവിചാരകൻ വാരത്തിൽ ഒന്നുവീതം 20 സഭകൾ സന്ദർശിക്കുകയും രേഖകൾ പരിശോധിക്കുകയും പ്രസംഗങ്ങൾ നടത്തുകയും പ്രദേശത്തെ രാജ്യപ്രസാധകരോടൊപ്പം വയൽ ശുശ്രൂഷയിൽ പങ്കെടുക്കുകയും ചെയ്യുന്നു. പല സർക്കിട്ടുകൾക്കായുള്ള വാർഷിക സർക്കിട്ട് സമ്മേളനങ്ങളിൽ അധ്യക്ഷനായി സേവിക്കുന്നത് ഡിസ്ട്രിക്റ്റ് മേൽവിചാരകനാണ്. അദ്ദേഹം ആതിഥേയ സഭകളോടൊപ്പം വയൽസേവനത്തിലേർപ്പെടുകയും ബൈബിള ധിഷ്ഠിത പ്രസംഗങ്ങളിലൂടെ പ്രോത്സാഹനം നൽകുകയും ചെയ്യുന്നു.
അവരുടെ ആത്മത്യാഗ മനോഭാവം
3. സഞ്ചാരമേൽവിചാരകന്മാർക്ക് ആത്മത്യാഗ മനോഭാവം ഉണ്ടായിരിക്കേണ്ടത് എന്തുകൊണ്ട്?
3 സഞ്ചാരമേൽവിചാരകന്മാർ സ്ഥിരം യാത്രചെയ്യുന്നവരാണ്. അതുകൊണ്ടുതന്നെ ആത്മത്യാഗ മനോഭാവം ആവശ്യമാണ്. ഒരു സഭയിൽനിന്നു മറ്റൊരു സഭയിലേക്കുള്ള യാത്ര പലപ്പോഴും ദുഷ്കരമാണ്. എന്നാൽ ഈ പുരുഷന്മാരും ഭാര്യമാരും സന്തുഷ്ട മനോഭാവത്തോടെ അതു ചെയ്യുന്നു. ഒരു സർക്കിട്ട് മേൽവിചാരകൻ പറഞ്ഞു: “എന്റെ ഭാര്യ അങ്ങേയറ്റം പിന്തുണയ്ക്കുന്നു, ഒരു പരാതിയും പറയാറില്ല . . . ആത്മത്യാഗ മനോഭാവത്തിന് അവൾ ശരിക്കും അംഗീകാരം അർഹിക്കുന്നുണ്ട്.” ചില സർക്കിട്ട് മേൽവിചാരകന്മാർ സഭകൾക്കിടയിൽ 1,000-ത്തിലധികം കിലോമീറ്റർ സഞ്ചരിക്കുന്നു. അനേകരും വാഹനങ്ങൾ ഓടിച്ചാണ് വരുന്നത്. മറ്റുള്ളവരാകട്ടെ, ഒരു സ്ഥലത്തുനിന്നു മറ്റൊരിടത്തേക്കു പോകാൻ പൊതുവാഹനമോ സൈക്കിളോ ഉപയോഗിക്കുന്നു, അല്ലെങ്കിൽ കുതിരപ്പുറത്തോ നടന്നോ വരുന്നു. ആഫ്രിക്കക്കാരനായ ഒരു സർക്കിട്ട് മേൽവിചാരകൻ ഒരു സഭയിലെത്തുന്നതു ഭാര്യയെയും തോളിലേറ്റി ഒരു നദി കുറുകെ കടന്നിട്ടാണ്. മിഷനറി യാത്രകൾക്കിടയിൽ, പൗലൊസ് അപ്പോസ്തലനു ചൂട്, തണുപ്പ്, വിശപ്പ്, ദാഹം, ഉറക്കമില്ലാത്തരാവുകൾ, വിവിധ അപകടങ്ങൾ, അക്രമാസക്തമായ പീഡനം എന്നിവ തരണംചെയ്യേണ്ടിവന്നു. ഇന്നത്തെ മേൽവിചാരകന്മാർക്കു പൊതുവേ അനുഭവപ്പെടുന്ന “സർവ്വസഭകളെയും കുറിച്ചുള്ള ചിന്താഭാര”വും അവനുണ്ടായിരുന്നു.—2 കൊരിന്ത്യർ 11:23-29.
4. ആരോഗ്യപ്രശ്നങ്ങൾക്കു സഞ്ചാരമേൽവിചാരകന്മാരുടെയും ഭാര്യമാരുടെയും ജീവിതത്തിന്മേൽ എന്തു ഫലമുളവാക്കാനാവും?
4 പൗലൊസിന്റെ സഹകാരിയായ തിമൊഥെയൊസിനെപ്പോലെ, സഞ്ചാരമേൽവിചാരകന്മാർക്കും ഭാര്യമാർക്കും ചിലപ്പോഴൊക്കെ ആരോഗ്യപ്രശ്നങ്ങളും ഉണ്ട്. (1 തിമൊഥെയൊസ് 5:23) ഇത് അവരുടെമേൽ കൂടുതലായ സമ്മർദം വരുത്തുന്നു. ഒരു സർക്കിട്ട് മേൽവിചാരകന്റെ ഭാര്യ വിശദീകരിക്കുന്നു: “എനിക്ക് അസുഖമുള്ളപ്പോൾ എല്ലായ്പോഴും സഹോദരങ്ങളുടെകൂടെ ആയിരിക്കുക ആയാസകരമാണ്. ആർത്തവവിരാമം തുടങ്ങിയതോടെ ഇതു വിശേഷാൽ ദുഷ്കരമായി എനിക്ക് അനുഭവപ്പെടുന്നു. എല്ലാ ആഴ്ചയും ഞങ്ങളുടെ സാധനങ്ങളും കെട്ടിപ്പെറുക്കി എങ്ങോട്ടെങ്കിലും പോകുകയെന്നത് ശരിക്കും ഒരു വെല്ലുവിളിതന്നെ. മിക്കപ്പോഴും, ഇതിൽ തുടരുന്നതിനുള്ള ശക്തി തരേണമേയെന്നു ഞാൻ പ്രാർഥിക്കാറുണ്ട്.”
5. വിവിധ പരിശോധനകളുണ്ടായിരുന്നിട്ടും, സഞ്ചാരമേൽവിചാരകന്മാരും ഭാര്യമാരും എന്തു മനോഭാവം പ്രകടമാക്കിയിരിക്കുന്നു?
5 ആരോഗ്യപ്രശ്നങ്ങളും മറ്റു പരിശോധനകളുമുണ്ടായിട്ടും, സഞ്ചാരമേൽവിചാരകന്മാരും ഭാര്യമാരും തങ്ങളുടെ സേവനത്തിൽ സന്തുഷ്ടി കണ്ടെത്തുകയും ആത്മത്യാഗപരമായ സ്നേഹം പ്രകടമാക്കുകയും ചെയ്യുന്നു. പീഡനമോ യുദ്ധമോ ഉള്ള സമയത്ത് ആത്മീയ സഹായമെത്തിക്കാൻ ചിലർ തങ്ങളുടെ ജീവൻ പണയപ്പെടുത്തിയിട്ടുണ്ട്. സഭകൾ സന്ദർശിക്കുമ്പോൾ, അവർ പൗലൊസിന്റേതിനോടു സമാനമായ മനോഭാവം പ്രകടമാക്കിയിരിക്കുന്നു. അവൻ തെസ്സലൊനീക്യ ക്രിസ്ത്യാനികളോടു പറഞ്ഞു: “ഒരു അമ്മ തന്റെ കുഞ്ഞുങ്ങളെ പോററുംപോലെ ഞങ്ങൾ നിങ്ങളുടെ ഇടയിൽ ആർദ്രതയുള്ളവരായിരുന്നു. ഇങ്ങനെ ഞങ്ങൾ നിങ്ങളെ ഓമനിച്ചുകൊണ്ടു നിങ്ങൾക്കു ദൈവത്തിന്റെ സുവിശേഷം പ്രസംഗിപ്പാൻ മാത്രമല്ല, നിങ്ങൾ ഞങ്ങൾക്കു പ്രിയരാകയാൽ ഞങ്ങളുടെ പ്രാണനുംകൂടെ വെച്ചുതരുവാൻ ഒരുക്കമായിരുന്നു.”—1 തെസ്സലൊനീക്യർ 2:7, 8.
6, 7. കഠിനാധ്വാനികളായ സഞ്ചാരമേൽവിചാരകന്മാർക്ക് എന്തു ക്രിയാത്മക സ്വാധീനം പ്രദാനം ചെയ്യാനാവും?
6 ക്രിസ്തീയ സഭയിലെ മറ്റു മൂപ്പന്മാരെപ്പോലെ, സഞ്ചാരമേൽവിചാരകന്മാർ “വചനത്തിലും ഉപദേശത്തിലും അദ്ധ്വാനിക്കു”ന്നു. അത്തരത്തിലുള്ള എല്ലാ മൂപ്പന്മാരും “ഇരട്ടി മാനത്തിന്നു യോഗ്യരായി എണ്ണ”പ്പെടണം. (1 തിമൊഥെയൊസ് 5:17) ‘അവരുടെ ജീവാവസാനം ഓർത്ത് നാം അവരുടെ വിശ്വാസം അനുകരി’ക്കുന്നെങ്കിൽ അവരുടെ മാതൃക പ്രയോജനപ്രദമാണെന്നു തെളിയും.—എബ്രായർ 13:7.
7 ചില സഞ്ചാര മൂപ്പന്മാർക്കു മറ്റുള്ളവരുടെമേൽ എന്തു സ്വാധീനമുണ്ടായിരുന്നിട്ടുണ്ട്? “പി.——സഹോദരൻ എന്റെ ജീവിതത്തിൽ എത്ര നല്ല സ്വാധീനമായിരുന്നു!” എന്ന് ഒരു യഹോവയുടെ സാക്ഷി എഴുതി. “1960 മുതൽ അദ്ദേഹം മെക്സിക്കോയിൽ സഞ്ചാരമേൽവിചാരകനായിരുന്നു. കുട്ടിയായിരുന്നപ്പോൾ, ഞാൻ പ്രതീക്ഷയോടും സന്തോഷത്തോടുംകൂടെ അദ്ദേഹത്തിന്റെ സന്ദർശനം നോക്കിപ്പാർത്തിരുന്നു. എനിക്കു പത്തു വയസ്സുള്ളപ്പോൾ അദ്ദേഹം എന്നോടു പറഞ്ഞു: ‘നീയും ഒരു സർക്കിട്ട് മേൽവിചാരകൻ ആകും.’ പ്രയാസകരമായ കൗമാര വർഷങ്ങളിൽ ഞാൻ പലപ്പോഴും അദ്ദേഹത്തെ അന്വേഷിച്ചു ചെല്ലുമായിരുന്നു, കാരണം എപ്പോഴും എന്തെങ്കിലും ജ്ഞാനമൊഴികൾ അദ്ദേഹത്തിൽനിന്നു ലഭിക്കാതിരിക്കില്ല. അദ്ദേഹം ആട്ടിൻകൂട്ടത്തെ മേയ്ക്കാനായി ജീവിച്ചു! ഇപ്പോൾ ഞാനും ഒരു സർക്കിട്ട് മേൽവിചാരകനാണ്, ചെറുപ്പക്കാർക്കായി സമയം മാറ്റിവെക്കാനും അദ്ദേഹം എന്റെ കാര്യത്തിൽ പ്രവർത്തിച്ചതുപോലെ അവരുടെ മുമ്പിൽ ദിവ്യാധിപത്യ ലാക്കുകൾ വെച്ചുകൊടുക്കാനും ഞാൻ എല്ലായ്പോഴും ശ്രമിക്കാറുണ്ട്. തന്റെ ജീവിതസായാഹ്നത്തിലും ഹൃദ്രോഗസംബന്ധമായ പ്രശ്നങ്ങളുണ്ടായിരുന്നിട്ടും, പി——സഹോദരൻ പ്രോത്സാഹജനകമായ വാക്കുകൾ പറയാൻ എല്ലായ്പോഴും ശ്രമിച്ചിരുന്നു. 1995 ഫെബ്രുവരിയിൽ തന്റെ മരണത്തിനു തലേനാൾ, പ്രത്യേക സമ്മേളന ദിനത്തിൽ അദ്ദേഹം എന്നോടൊപ്പം വരുകയും ശിൽപ്പിയായ ഒരു സഹോദരനു മുമ്പിൽ നല്ലൊരു ലാക്ക് വെച്ചുകൊടുക്കുകയും ചെയ്തു. ഉടൻതന്നെ ആ സഹോദരൻ ബെഥേലിൽ സേവിക്കാനുള്ള അപേക്ഷ സമർപ്പിച്ചു.”
അവർ വിലമതിക്കപ്പെടുന്നു
8. എഫെസ്യർ 4-ാം അധ്യായത്തിൽ വർണിച്ചിരിക്കുന്ന “മനുഷ്യരാം ദാനങ്ങൾ” ആരാണ്, അവർ സഭയ്ക്കു പ്രയോജനം ചെയ്യുന്നതെങ്ങനെ?
8 ദൈവത്തിന്റെ അനർഹദയനിമിത്തം സേവന നിയമനങ്ങളാൽ അനുഗൃഹീതരായ സഞ്ചാരമേൽവിചാരകന്മാരും മറ്റു മൂപ്പന്മാരും “മനുഷ്യരാം ദാനങ്ങൾ” എന്നു വിളിക്കപ്പെടുന്നു. നാം വ്യക്തിപരമായി കെട്ടുപണിചെയ്യപ്പെടുന്നതിനും പക്വത പ്രാപിക്കുന്നതിനുംവേണ്ടി യഹോവയുടെ പ്രതിനിധിയും സഭയുടെ ശിരസ്സും എന്ന നിലയിൽ യേശു ഈ ആത്മീയ പുരുഷന്മാരെ പ്രദാനം ചെയ്തിരിക്കുന്നു. (എഫെസ്യർ 4:8-15, NW) ഏതൊരു ദാനവും വിലമതിപ്പിൻ പ്രകടനം അർഹിക്കുന്നുണ്ട്. യഹോവയെ സേവിച്ചുകൊണ്ടിരിക്കാൻ നമ്മെ ബലിഷ്ഠരാക്കുന്ന ഒരു ദാനത്തിന്റെ കാര്യത്തിൽ ഇതു വിശേഷാൽ സത്യമാണ്. അതുകൊണ്ട്, സഞ്ചാരമേൽവിചാരകന്മാരുടെ വേലയോടു നമുക്കെങ്ങനെ വിലമതിപ്പു പ്രകടിപ്പിക്കാനാവും? ‘ഈ പുരുഷന്മാരെ ബഹുമാനി’ക്കുന്നുവെന്നു നമുക്ക് ഏതെല്ലാം വിധങ്ങളിൽ പ്രകടമാക്കാനാവും?—ഫിലിപ്പിയർ 2:29.
9. സഞ്ചാരമേൽവിചാരകന്മാരോടു നമുക്ക് ഏതെല്ലാം വിധങ്ങളിൽ വിലമതിപ്പു പ്രകടിപ്പിക്കാനാവും?
9 സർക്കിട്ട് മേൽവിചാരകന്റെ സന്ദർശനത്തെക്കുറിച്ച് അറിയിപ്പുണ്ടാകുമ്പോൾ, ആ ആഴ്ചത്തേക്കുള്ള സഭാപ്രവർത്തനങ്ങളിൽ പൂർണപങ്കുണ്ടായിരിക്കാൻ നമുക്കു പരിപാടികൾ ആസൂത്രണം ചെയ്തുതുടങ്ങാനാവും. ഒരുപക്ഷേ പ്രസ്തുത വാരത്തിലെ വയൽസേവന ക്രമീകരണങ്ങളെ പിന്തുണയ്ക്കാൻ നമുക്കു കൂടുതലായ സമയം മാറ്റിവെക്കാനാവും. ആ മാസം നമുക്കു സഹായ പയനിയർമാരായി സേവിക്കാൻ കഴിഞ്ഞേക്കും. നമ്മുടെ ശുശ്രൂഷയിൽ പുരോഗമിക്കുന്നതിനു സർക്കിട്ട് മേൽവിചാരകന്റെ നിർദേശങ്ങൾ പ്രാവർത്തികമാക്കാൻ നാം തീർച്ചയായും ആഗ്രഹിക്കും. അത്തരമൊരു സ്വീകരണ മനോഭാവം നമുക്കു പ്രയോജനം ചെയ്യുകയും തന്റെ സന്ദർശനംകൊണ്ട് അവർക്കു പ്രയോജനമുണ്ടെന്ന് അദ്ദേഹത്തിനു തോന്നുകയും ചെയ്യും. അതേ, സഞ്ചാരമേൽവിചാരകന്മാർ സഭ സന്ദർശിക്കുന്നതു നമ്മെ കെട്ടുപണി ചെയ്യാനാണ്, എന്നാൽ ആത്മീയമായി അവരും കെട്ടുപണി ചെയ്യപ്പെടേണ്ടതുണ്ട്. പൗലൊസിനു പ്രോത്സാഹനം ആവശ്യമായിരുന്ന സമയങ്ങളുണ്ടായിരുന്നു. തനിക്കുവേണ്ടി പ്രാർഥിക്കാൻ അവൻ പലപ്പോഴും സഹക്രിസ്ത്യാനികളോട് അഭ്യർഥിക്കുമായിരുന്നു. (പ്രവൃത്തികൾ 28:15; റോമർ 15:30-32; 2 കൊരിന്ത്യർ 1:11; കൊലൊസ്സ്യർ 4:2, 3; 1 തെസ്സലൊനീക്യർ 5:25) അതുപോലെ, ആധുനികനാളിലെ സഞ്ചാരമേൽവിചാരകന്മാർക്കും നമ്മുടെ പ്രാർഥനയും പ്രോത്സാഹനവും ആവശ്യമാണ്.
10. സഞ്ചാരമേൽവിചാരകന്റെ വേല സന്തോഷപ്രദമാക്കാൻ നമുക്കെങ്ങനെ സഹായിക്കാനാവും?
10 സർക്കിട്ട് മേൽവിചാരകനോടും ഭാര്യയോടും നാം അവരുടെ സന്ദർശനത്തെ എത്രകണ്ട് വിലമതിക്കുന്നുവെന്നു പറഞ്ഞിട്ടുണ്ടോ? അദ്ദേഹം നമുക്കു നൽകുന്ന സഹായകമായ ബുദ്ധ്യുപദേശത്തിനു നാം നന്ദി പറയാറുണ്ടോ? അദ്ദേഹത്തിന്റെ വയൽസേവന നിർദേശങ്ങൾ ശുശ്രൂഷയിലെ നമ്മുടെ സന്തോഷം വർധിപ്പിക്കുമ്പോൾ നാം അത് അദ്ദേഹത്തെ അറിയിക്കാറുണ്ടോ? നാം അങ്ങനെ ചെയ്യുന്നുവെങ്കിൽ, അദ്ദേഹത്തിന്റെ വേല സന്തുഷ്ടമാക്കുന്നതിന് അതുപകരിക്കും. (എബ്രായർ 13:17) സഭകൾ സന്ദർശിച്ചതിനുശേഷം തങ്ങൾക്കു ലഭിക്കുന്ന കൃതജ്ഞതാ കുറിപ്പുകൾ താനും ഭാര്യയും എത്ര മതിപ്പോടെ വീക്ഷിക്കുന്നുവെന്ന് സ്പെയിനിലെ ഒരു സർക്കിട്ട് മേൽവിചാരകൻ എടുത്തുപറയുകയുണ്ടായി. “ഞങ്ങൾ ഈ കാർഡുകൾ സൂക്ഷിച്ചുവെച്ച് നിരുത്സാഹം തോന്നുമ്പോൾ എടുത്തു വായിക്കുന്നു. അവ യഥാർഥ പ്രോത്സാഹനത്തിനുള്ള ഒരു ഉറവാണ്,” അദ്ദേഹം പറയുന്നു.
11. സർക്കിട്ട്, ഡിസ്ട്രിക്റ്റ് മേൽവിചാരകന്മാരുടെ ഭാര്യമാർ സ്നേഹിക്കപ്പെടുന്നു, വിലമതിക്കപ്പെടുന്നു എന്നെല്ലാം നാം അവരെ അറിയിക്കേണ്ടതെന്തുകൊണ്ട്?
11 സഞ്ചാരമേൽവിചാരകന്റെ ഭാര്യ തീർച്ചയായും പ്രശംസാ വാക്കുകളിൽനിന്നു പ്രയോജനം നേടുന്നുണ്ട്. സേവനത്തിന്റെ ഈ മേഖലയിൽ ഭർത്താവിനെ സഹായിക്കുന്നതിന് അവർ വലിയ ത്യാഗങ്ങൾ ചെയ്തിരിക്കുന്നു. ഈ വിശ്വസ്തരായ സഹോദരിമാർ സ്വന്തം വീടുണ്ടായിരിക്കാനും, അനേകരുടെയും കാര്യത്തിൽ, കുട്ടികളുണ്ടായിരിക്കാനുമുള്ള സ്വാഭാവിക ആഗ്രഹം ത്യജിച്ചിരിക്കുന്നു. തന്റെ പിതാവു ചെയ്ത ഒരു ശപഥംനിമിത്തം ഭർത്താവും കുടുംബവും ഉണ്ടായിരിക്കാനുള്ള അവസരം സ്വമനസ്സാലെ ഉപേക്ഷിച്ച യഹോവയുടെ ദാസരിൽ ഒരുവളായിരുന്നു യിഫ്താഹിന്റെ പുത്രി. (ന്യായാധിപന്മാർ 11:30-39) അവളുടെ ത്യാഗം എങ്ങനെയാണു വീക്ഷിക്കപ്പെട്ടത്? ന്യായാധിപന്മാർ 11:40 പ്രസ്താവിക്കുന്നു: “ആണ്ടുതോറും യിസ്രായേലിലെ കന്യകമാർ നാലു ദിവസം ഗിലെയാദ്യനായ യിഫ്താഹിന്റെ മകളെ കീർത്തിപ്പാൻ പോകുന്നതു യിസ്രായേലിൽ ഒരു ആചാരമായ്തീർന്നു.” സർക്കിട്ട്, ഡിസ്ട്രിക്റ്റ് മേൽവിചാരകന്മാരുടെ ഭാര്യമാരെ നാം സ്നേഹിക്കുന്നുവെന്നും വിലമതിക്കുന്നുവെന്നും നാം അവരോടു പറയാൻ കൂട്ടാക്കുന്നത് എത്ര നല്ലതാണ്!
“അതിഥിസല്ക്കാരം മറക്കരുതു”
12, 13. (എ) സഞ്ചാരമേൽവിചാരകന്മാരോടും ഭാര്യമാരോടും അതിഥിസത്കാരം കാട്ടുന്നതിനു തിരുവെഴുത്തുപരമായ എന്ത് അടിസ്ഥാനമുണ്ട്? (ബി) അത്തരം അതിഥിസത്കാരത്തിനു പരസ്പരം പ്രയോജനപ്രദമായിരിക്കാനാവുന്നത് എങ്ങനെയെന്നു ദൃഷ്ടാന്തീകരിക്കുക.
12 ക്രിസ്തീയ സഞ്ചാര വേലയിലുള്ളവരോടു സ്നേഹവും വിലമതിപ്പും പ്രകടിപ്പിക്കുന്നതിനുള്ള മറ്റൊരു വിധമാണ് അതിഥിസത്കാരം കാട്ടൽ. (എബ്രായർ 13:2) സഞ്ചാര മിഷനറിമാരായി സഭ സന്ദർശിച്ചവർക്ക് അതിഥിസത്കാരം നീട്ടിക്കൊടുത്തതിനു യോഹന്നാൻ അപ്പോസ്തലൻ ഗായൊസിനെ പ്രശംസിച്ചു. യോഹന്നാൻ എഴുതി: “പ്രിയനേ, നീ സഹോദരന്മാർക്കും വിശേഷാൽ അതിഥികൾക്കും വേണ്ടി അദ്ധ്വാനിക്കുന്നതിൽ ഒക്കെയും വിശ്വസ്തത കാണിക്കുന്നു. അവർ സഭയുടെ മുമ്പാകെ നിന്റെ സ്നേഹത്തിന്നു സാക്ഷ്യം പറഞ്ഞിരിക്കുന്നു; നീ അവരെ ദൈവത്തിന്നു യോഗ്യമാകുംവണ്ണം യാത്ര അയച്ചാൽ നന്നായിരിക്കും. തിരുനാമം നിമിത്തമല്ലോ അവർ ജാതികളോടു ഒന്നും വാങ്ങാതെ പുറപ്പെട്ടതു. ആകയാൽ നാം സത്യത്തിന്നു കൂട്ടുവേലക്കാർ ആകേണ്ടതിന്നു ഇങ്ങനെയുള്ളവരെ സല്ക്കരിക്കേണ്ടതാകുന്നു.” (3 യോഹന്നാൻ 5-8) ഇന്ന്, സഞ്ചാരമേൽവിചാരകന്മാരോടും ഭാര്യമാരോടും സമാനമായ അതിഥിസത്കാരം പ്രകടമാക്കിക്കൊണ്ട് നമുക്കു രാജ്യപ്രസംഗ പ്രവർത്തനം പുരോഗമിപ്പിക്കാനാവും. തീർച്ചയായും, അവർക്കുള്ള താമസസൗകര്യം തൃപ്തികരമാണെന്നു പ്രാദേശിക മൂപ്പന്മാർ ഉറപ്പാക്കണം. എന്നാൽ ഒരു ഡിസ്ട്രിക്റ്റ് മേൽവിചാരകൻ പറഞ്ഞു: “സഹോദരങ്ങളുമായുള്ള ഞങ്ങളുടെ ഉൾപ്പെടൽ ഒരാൾ ഞങ്ങൾക്കുവേണ്ടി എന്തെങ്കിലും ചെയ്തുതരുമെന്ന അടിസ്ഥാനത്തിലായിരിക്കാവുന്നതല്ല. അത്തരം ഒരു പ്രതീതി ജനിപ്പിക്കാൻപോലും ഞങ്ങൾ ആഗ്രഹിക്കുകയില്ല. ധനികരായാലും ദരിദ്രരായാലും നമ്മുടെ സഹോദരങ്ങളിൽ ഏതൊരാളുടെയും അതിഥിസത്കാരം സ്വീകരിക്കാൻ ഞങ്ങൾ മനസ്സൊരുക്കം കാട്ടണം.”
13 അതിഥിസത്കാരംകൊണ്ടു പരസ്പര പ്രയോജനമുണ്ട്. ഇപ്പോൾ ബെഥേലിൽ സേവിക്കുന്ന ഒരു മുൻ സർക്കിട്ട് മേൽവിചാരകൻ, സ്സോർസ്സാ അനുസ്മരിക്കുന്നു: “എന്റെ കുടുംബത്തിൽ, ഞങ്ങളോടൊപ്പം താമസിക്കാൻ സഞ്ചാരമേൽവിചാരകന്മാരെ ക്ഷണിക്കുന്ന പതിവുണ്ടായിരുന്നു. ഈ സന്ദർശനങ്ങൾ ഞാൻ വിചാരിച്ചതിലധികം എന്നെ സഹായിച്ചുവെന്നാണ് എനിക്കു തോന്നുന്നത്. എന്റെ കൗമാരത്തിൽ, എനിക്ക് ആത്മീയ പ്രശ്നങ്ങളുണ്ടായിരുന്നു. ഇതേച്ചൊല്ലി, എന്റെ അമ്മയ്ക്ക് ആവലാതിയായിരുന്നു, എന്നാൽ എങ്ങനെ സഹായിക്കണമെന്നതു സംബന്ധിച്ച് അവർക്ക് ഒരു എത്തുംപിടിയുമില്ലായിരുന്നു. അതുകൊണ്ട് എന്നോടു സംസാരിക്കാൻ അവർ സർക്കിട്ട് മേൽവിചാരകനോട് ആവശ്യപ്പെട്ടു. എന്നെ കുറ്റപ്പെടുത്തുമെന്ന ഭയമുണ്ടായിരുന്നതിനാൽ ആദ്യമൊക്കെ ഞാൻ അദ്ദേഹത്തിൽനിന്ന് ഒഴിഞ്ഞുമാറി. എന്നാൽ അദ്ദേഹത്തിന്റെ സൗഹൃദരീതി അവസാനം എന്നെ ഹഠാദാകർഷിച്ചു. ഒരു തിങ്കളാഴ്ച തന്നോടൊപ്പം ഭക്ഷണം കഴിക്കാൻ അദ്ദേഹം എന്നെ ക്ഷണിച്ചു. അദ്ദേഹം എന്നെ മനസ്സിലാക്കുന്നുണ്ടെന്ന് ഉറപ്പുതോന്നി ഞാൻ ഉള്ളുതുറന്നു സംസാരിച്ചു. അദ്ദേഹം അവധാനപൂർവം ശ്രദ്ധിച്ചു. അദ്ദേഹത്തിന്റെ പ്രായോഗിക നിർദേശങ്ങൾ യഥാർഥ പ്രയോജനം ചെയ്തു. ഞാൻ ആത്മീയ പുരോഗതി പ്രാപിക്കാൻ തുടങ്ങി.”
14. സഞ്ചാരമേൽവിചാരകന്മാരെ വിമർശിക്കാതെ വിലമതിക്കേണ്ടത് എന്തുകൊണ്ട്?
14 സഞ്ചാരമേൽവിചാരകൻ ചെറുപ്പക്കാർക്കും പ്രായംചെന്നവർക്കും ഒരുപോലെ ആത്മീയമായി സഹായകമായിരിക്കുന്നതിനു ശ്രമിക്കുന്നു. അതിനാൽ തീർച്ചയായും നാം അദ്ദേഹത്തിന്റെ ശ്രമങ്ങളോടു വിലമതിപ്പു കാട്ടണം. നാം അദ്ദേഹത്തിന്റെ പോരായ്മകളെക്കുറിച്ചു വിമർശിക്കുകയോ സഭ സന്ദർശിച്ചിട്ടുള്ള മറ്റുള്ളവരുമായി അദ്ദേഹത്തെ പ്രതികൂലമായി താരതമ്യപ്പെടുത്തുകയോ ചെയ്യുന്നെങ്കിലോ? ഇത് അങ്ങേയറ്റം നിരുത്സാഹജനകമായിരിക്കാനാണു സാധ്യത. തന്റെ വേലയെക്കുറിച്ചുള്ള വിമർശനങ്ങൾ കേൾക്കുന്നതു പൗലൊസിനു പ്രോത്സാഹജനകമായിരുന്നില്ല. ചില കൊരിന്ത്യ ക്രിസ്ത്യാനികൾ അവന്റെ ആകാരത്തെയും പ്രസംഗപ്രാപ്തിയെയും കുറിച്ച് തരംതാണ പരാമർശങ്ങൾ നടത്തുന്നുണ്ടായിരുന്നു എന്നു വ്യക്തമാണ്. അത്തരം വിമർശകർ ഇങ്ങനെ പറഞ്ഞതായി അവൻതന്നെ ഉദ്ധരിച്ചു: “അവന്റെ ലേഖനങ്ങൾ ഘനവും ഊററവും ഉള്ളവ തന്നേ; ശരീരസന്നിധിയോ ബലഹീനവും വാക്കു നിന്ദ്യവുമത്രേ.” (2 കൊരിന്ത്യർ 10:10) എന്നാൽ സന്തോഷകരമെന്നു പറയട്ടെ, സഞ്ചാരമേൽവിചാരകന്മാർക്കു സ്നേഹപുരസ്സരമായ വിലമതിപ്പിൻ വാക്കുകളാണ് സാധാരണമായി ലഭിക്കാറ്.
15, 16. സഞ്ചാരമേൽവിചാരകന്മാരും ഭാര്യമാരും സഹവിശ്വാസികളുടെ സ്നേഹത്താലും തീക്ഷ്ണതയാലും ബാധിക്കപ്പെടുന്നതെങ്ങനെ?
15 ഒളിപ്പോരാളികളുടെ നിയന്ത്രണത്തിലുള്ള ഒരു മേഖലയിൽ പാർക്കുന്ന ആത്മീയ സഹോദരങ്ങളെ സന്ദർശിക്കുന്നതിനുവേണ്ടി ലാറ്റിൻ അമേരിക്കയിലെ ഒരു സർക്കിട്ട് മേൽവിചാരകൻ ചെളിനിറഞ്ഞ വഴിയിലൂടെ ദിവസംമുഴുവൻ ഏന്തിവലിഞ്ഞു നടക്കണം. “സഹോദരങ്ങൾ സന്ദർശനത്തോടുള്ള വിലമതിപ്പു പ്രകടമാക്കുന്ന വിധം ഹൃദയസ്പർശകമായ കാഴ്ചയാണ്,” അദ്ദേഹം എഴുതുന്നു. “അനേകം അപകടങ്ങളും പ്രയാസങ്ങളും തരണംചെയ്ത് അവിടെ എത്തിപ്പെടാൻ കാര്യമായ ശ്രമംചെയ്യണമെങ്കിലും, സഹോദരങ്ങൾ പ്രകടമാക്കുന്ന സ്നേഹവും തീക്ഷ്ണതയും ഇതിനെല്ലാമുള്ള പ്രതിഫലമാണ്.”
16 ആഫ്രിക്കയിലെ ഒരു സർക്കിട്ട് മേൽവിചാരകൻ എഴുതുന്നു: “സഹോദരങ്ങൾ ഞങ്ങളോടു പ്രകടമാക്കിയ സ്നേഹം നിമിത്തം ടാൻസാനിയയിലെ പ്രദേശം ഞങ്ങൾക്കു വളരെയേറെ ഇഷ്ടപ്പെട്ടു! ഞങ്ങളിൽനിന്നു പഠിക്കാൻ സഹോദരങ്ങൾക്കു മനസ്സൊരുക്കമായിരുന്നു. ഞങ്ങൾ അവരുടെ ഭവനങ്ങളിൽ ചെല്ലുന്നത് അവർക്കു സന്തോഷമായിരുന്നു.” പൗലൊസ് അപ്പോസ്തലനും ഒന്നാം നൂറ്റാണ്ടിലെ ക്രിസ്തീയ വിവാഹിത ദമ്പതികളായിരുന്ന അക്വില, പ്രിസ്ക എന്നിവർക്കുമിടയിൽ സ്നേഹനിർഭരവും സന്തുഷ്ടവുമായ ഒരു ബന്ധമുണ്ടായിരുന്നു. വാസ്തവത്തിൽ, പൗലൊസ് അവരെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ക്രിസ്തുയേശുവിൽ എന്റെ കൂട്ടുവേലക്കാരായ പ്രിസ്കയെയും അക്വിലാവെയും വന്ദനംചെയ്വിൻ. അവർ എന്റെ പ്രാണന്നു വേണ്ടി തങ്ങളുടെ കഴുത്തു വെച്ചുകൊടുത്തവരാകുന്നു; അവർക്കു ഞാൻ മാത്രമല്ല, ജാതികളുടെ സകലസഭകളുംകൂടെ നന്ദിപറയുന്നു.” (റോമർ 16:3, 4) അതിഥിസത്കാരം കാട്ടുന്നതിനും സൗഹൃദം കാട്ടുന്നതിനും പ്രത്യേക ശ്രമം ചെയ്യുന്ന ആധുനികനാളിലെ അക്വിലമാരെയും പ്രിസ്കമാരെയും സുഹൃത്തുക്കളായി ലഭിച്ചിരിക്കുന്നതിൽ സഞ്ചാരമേൽവിചാരകന്മാരും ഭാര്യമാരും നന്ദിയുള്ളവരാണ്.
സഭകളെ ബലിഷ്ഠമാക്കൽ
17. സഞ്ചാരമേൽവിചാരക ക്രമീകരണത്തിനുപിന്നിൽ ജ്ഞാനമുണ്ടെന്നു പറയാൻ കഴിയുന്നതെന്തുകൊണ്ട്, അവർക്കു പ്രബോധനം ലഭിക്കുന്നത് എവിടെനിന്ന്?
17 “ജ്ഞാനമോ തന്റെ പ്രവൃത്തികളാൽ നീതീകരിക്കപ്പെട്ടിരിക്കുന്നു” എന്നു യേശു പറഞ്ഞു. (മത്തായി 11:19) സഞ്ചാരമേൽവിചാരക ക്രമീകരണത്തിനു പിന്നിലെ ജ്ഞാനം അതു ദൈവജനത്തിന്റെ സഭകളെ ബലിഷ്ഠമാക്കുന്നതിനു സഹായിക്കുന്നു എന്നതിൽനിന്നു വ്യക്തമാണ്. പൗലൊസിന്റെ രണ്ടാമത്തെ മിഷനറി യാത്രയിൽ, അവനും ശീലാസും വിജയകരമായി “സുറിയാ കിലിക്യാ ദേശങ്ങളിൽകൂടി സഞ്ചരിച്ചു സഭകളെ ഉറപ്പിച്ചുപോന്നു.” പ്രവൃത്തികളുടെ പുസ്തകം നമ്മോടു പറയുന്നു: “അവർ പട്ടണം തോറും ചെന്നു യെരൂശലേമിലെ അപ്പൊസ്തലന്മാരും മൂപ്പന്മാരും വിധിച്ച നിർണ്ണയങ്ങൾ പ്രമാണിക്കേണ്ടതിന്നു അവർക്കു ഏല്പിച്ചുകൊടുത്തു. അങ്ങനെ സഭകൾ വിശ്വാസത്തിൽ ഉറെക്കയും എണ്ണത്തിൽ ദിവസേന പെരുകുകയും ചെയ്തു.” (പ്രവൃത്തികൾ 15:40, 41; 16:4, 5) മറ്റെല്ലാ ക്രിസ്ത്യാനികൾക്കും ലഭിക്കുന്നതുപോലെ, ആധുനികനാളിലെ മേൽവിചാരകന്മാർക്കും തിരുവെഴുത്തുകളിലൂടെയും “വിശ്വസ്തനും വിവേകിയുമായ അടിമ”യുടെ പ്രസിദ്ധീകരണത്തിലൂടെയും ആത്മീയ പ്രബോധനം ലഭിക്കുന്നു.—മത്തായി 24:45, NW.
18. സഞ്ചാരമേൽവിചാരകന്മാർ സഭകളെ ബലിഷ്ഠമാക്കുന്നതെങ്ങനെ?
18 അതേ, സഞ്ചാര മൂപ്പന്മാർ യഹോവയുടെ ആത്മീയ മേശയിങ്കൽനിന്ന് ഇടതടവില്ലാതെ ഭക്ഷിക്കണം. ദൈവത്തിന്റെ സ്ഥാപനം പിന്തുടരുന്ന രീതികളും മാർഗനിർദേശങ്ങളുമായി അവർ നല്ലവണ്ണം പരിചിതരാകണം. അപ്പോൾ അത്തരം പുരുഷന്മാർ മറ്റുള്ളവർക്ക് ഒരു യഥാർഥ അനുഗ്രഹമായിരിക്കും. വയൽസേവനത്തിൽ തീക്ഷ്ണതയുള്ള തങ്ങളുടെ ഉത്തമ ദൃഷ്ടാന്തത്തിലൂടെ, ക്രിസ്തീയ ശുശ്രൂഷയിൽ പുരോഗതി പ്രാപിക്കുന്നതിനു സഹക്രിസ്ത്യാനികളെ അവർക്കു സഹായിക്കാനാവും. ഈ സന്ദർശക മൂപ്പന്മാർ നൽകുന്ന ബൈബിളധിഷ്ഠിത പ്രസംഗങ്ങൾ ശ്രോതാക്കളെ ആത്മീയമായി കെട്ടുപണി ചെയ്യുന്നു. ദൈവവചനത്തിലെ ബുദ്ധ്യുപദേശം ബാധകമാക്കാൻ മറ്റുള്ളവരെ സഹായിക്കുകയും യഹോവയുടെ ഭൂവ്യാപക ജനത്തോടുള്ള യോജിപ്പിൽ സേവിക്കുകയും ‘വിശ്വസ്ത അടിമ’യിലൂടെ ദൈവം ചെയ്തിരിക്കുന്ന ആത്മീയ കരുതലുകൾ പ്രയോജനപ്പെടുത്തുകയും ചെയ്തുകൊണ്ട്, തങ്ങൾക്കു സന്ദർശിക്കാൻ പദവി ലഭിച്ചിട്ടുള്ള സഭകളെ സഞ്ചാരമേൽവിചാരകന്മാർ ബലിഷ്ഠമാക്കുന്നു.
19. പരിചിന്തനത്തിനായുള്ള ചോദ്യങ്ങൾ ഏതെല്ലാം?
19 യഹോവയുടെ സ്ഥാപനം ഏതാണ്ടു നൂറു വർഷംമുമ്പു ബൈബിൾ വിദ്യാർഥികൾക്കിടയിൽ സഞ്ചാര മൂപ്പന്മാരുടെ വേല സ്ഥാപിച്ചപ്പോൾ, ഈ പത്രിക ഇങ്ങനെ പ്രസ്താവിച്ചിരുന്നു: “നമുക്കു ഫലങ്ങൾക്കും കർത്താവിന്റെ കൂടുതലായ നടത്തിപ്പിനുമായി കാത്തിരിക്കാം.” യഹോവയുടെ നടത്തിപ്പു വ്യക്തമായി പ്രകടമായിരിക്കുന്നു. അവന്റെ അനുഗ്രഹവും ഭരണസംഘത്തിന്റെ മേൽനോട്ടവും ഹേതുവായി, വർഷങ്ങൾകൊണ്ട് ഈ വേല വിപുലീകരിക്കപ്പെടുകയും ശോധനചെയ്യപ്പെടുകയും ചെയ്തിരിക്കുന്നു. തത്ഫലമായി, ഭൂമിയിലുടനീളം യഹോവയുടെ സാക്ഷികളുടെ സഭകൾ വിശ്വാസത്തിൽ ഉറപ്പിക്കപ്പെടുകയും അനുദിനം എണ്ണത്തിൽ പെരുകുകയും ചെയ്യുന്നു. വ്യക്തമായും, യഹോവ ഈ മനുഷ്യരാം ദാനങ്ങളുടെ ആത്മത്യാഗ മനഃസ്ഥിതിയെ അനുഗ്രഹിക്കുന്നുണ്ട്. എന്നാൽ സഞ്ചാരമേൽവിചാരകന്മാർക്കു തങ്ങളുടെ വേല എങ്ങനെ വിജയപ്രദമായി നിർവഹിക്കാനാവും? അവരുടെ ലക്ഷ്യങ്ങൾ എന്തെല്ലാമാണ്? അവർക്ക് ഏറ്റവും മികച്ച പ്രയോജനം കൈവരുത്താവുന്നതെങ്ങനെ?
നിങ്ങൾ എങ്ങനെ പ്രതികരിക്കും?
◻ സർക്കിട്ട്, ഡിസ്ട്രിക്റ്റ് മേൽവിചാരകന്മാരുടെ ചില ചുമതലകൾ എന്തെല്ലാം?
◻ സഞ്ചാരമേൽവിചാരകന്മാർക്ക് ആത്മത്യാഗ മനോഭാവം ഉണ്ടായിരിക്കേണ്ടത് എന്തുകൊണ്ട്?
◻ സഞ്ചാരമേൽവിചാരകന്മാരുടെയും ഭാര്യമാരുടെയും വേലയോടു വിലമതിപ്പു പ്രകടിപ്പിക്കാവുന്നതെങ്ങനെ?
◻ സഭകളെ വിശ്വാസത്തിൽ ഉറപ്പിക്കുന്നതിനു സഞ്ചാരമേൽവിചാരകന്മാർക്ക് എന്തു ചെയ്യാനാവും?
[അധ്യയന ചോദ്യങ്ങൾ]
[10-ാം പേജിലെ ചിത്രം]
സ്ഥിരം യാത്രചെയ്യുന്നതിന് ആത്മത്യാഗ മനോഭാവം ആവശ്യമാണ്
[13-ാം പേജലെ ചിത്രം]
സഞ്ചാരമേൽവിചാരകന്മാർക്കും ഭാര്യമാർക്കും നിങ്ങൾ അതിഥിസത്കാരം നൽകിയിട്ടുണ്ടോ?