സ്കൂളിലെ ഉറച്ച നിലപാട് ഫലംകൈവരുത്തുന്നു
രാജ്യപ്രഘോഷകർ റിപ്പോർട്ടു ചെയ്യുന്നു
സ്കൂളിലെ ഉറച്ച നിലപാട് ഫലംകൈവരുത്തുന്നു
ബൈബിൾ ഇങ്ങനെ മുൻകൂട്ടിപ്പറയുന്നു: “നിന്റെ മക്കൾ എല്ലാവരും യഹോവയാൽ ഉപദേശിക്കപ്പെട്ടവരും നിന്റെ മക്കളുടെ സമാധാനം വലിയതും ആയിരിക്കും.” (യെശയ്യാവു 54:13) വിപുലമായ ഒരർഥത്തിൽ, “നിന്റെ മക്കൾ” എന്ന പ്രയോഗംകൊണ്ടു തീരെ കൊച്ചുകുട്ടികളുൾപ്പെടെ ഭൂമിയിലുള്ള ദൈവദാസരുടെ മുഴു കൂട്ടത്തെയും അർഥമാക്കാവുന്നതാണ്. ഇന്ന്, തങ്ങളുടെ കുട്ടികൾ കുടുംബത്തിലും ക്രിസ്തീയ യോഗങ്ങളിലും “യഹോവയാൽ ഉപദേശിക്കപ്പെട്ട”വരാണെന്നു ക്രിസ്തീയ മാതാപിതാക്കൾ ഉറപ്പുവരുത്തുന്നു.
എന്നുവരികിലും, സ്കൂളിൽ പങ്കെടുക്കുമ്പോൾ യുവ ക്രിസ്ത്യാനികൾ ദുഷ്കരമായ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നു. ബൈബിളിൽനിന്നു പഠിച്ചതിനെ ആസ്പദമാക്കി ശക്തമായ ഒരു നിലപാടു സ്വീകരിക്കുന്നതു മിക്കപ്പോഴും അത്യാവശ്യമാണെന്ന് അവർ മനസ്സിലാക്കുന്നു. അവർ അങ്ങനെ ചെയ്യുമ്പോൾ അതു വിദ്യാർഥികൾക്കും അധ്യാപകർക്കും ഒരുപോലെ പ്രയോജനപ്രദമായിരിക്കും. മൈക്രോനേഷ്യയിൽനിന്നുള്ള പിൻവരുന്ന അനുഭവം അതാണു കാട്ടുന്നത്.
ചുക് ദ്വീപുകളിൽ, ടോൾ എന്ന ചെറിയ പശ്ചിമ പസഫിക് ദ്വീപിലുള്ള പ്രാദേശിക സ്കൂളിലെ അധ്യാപകർ കുട്ടികളോട് സകലവിശുദ്ധന്മാരുടെയും പെരുന്നാളിന്റെ തലേന്നത്തെ സ്കൂൾ ആഘോഷത്തിനു തയ്യാറാകാനും അതിൽ പങ്കെടുക്കാനും ആവശ്യപ്പെട്ടു. ആ ആഘോഷത്തിൽ, ആത്മവിദ്യാപരമായ പാരമ്പര്യങ്ങളോടു ബന്ധപ്പെട്ടിരിക്കുന്ന, പ്രേതങ്ങളെയും ഭൂതങ്ങളെയും മന്ത്രവാദിനികളെയും ചിത്രീകരിക്കുന്ന അലങ്കാരങ്ങളും വേഷഭൂഷാദികളും ഉൾപ്പെട്ടിരിക്കുന്നതായി സാക്ഷികളായ വിദ്യാർഥികൾക്ക് അറിയാമായിരുന്നു. ആ കുട്ടികൾക്കു മനസ്സാക്ഷിപൂർവം അതിൽ പങ്കെടുക്കാനാവില്ലായിരുന്നു. a
ഭവനത്തിലും ക്രിസ്തീയ സഭയിലും ലഭിക്കുന്ന ബൈബിളധിഷ്ഠിത പരിശീലനത്തിൽനിന്ന് അത്തരം ആചാരങ്ങൾ, വെറും വിനോദത്തിനു വേണ്ടിയാണെങ്കിലും, ദൈവത്തെ അപ്രീതിപ്പെടുത്തുന്നുവെന്ന് അവർക്കറിയാമായിരുന്നു. തങ്ങളുടെ നിലപാടു സംബന്ധിച്ച് അധ്യാപകരോടു കൂടുതൽ വ്യക്തമായി വിശദീകരിച്ചു സംസാരിക്കാൻ സഹായിക്കുന്നതിന് ആ ദ്വീപിലുള്ള സാക്ഷി മിഷനറിമാരിലൊരാളായ ബാരെക്കിനെ കുട്ടികൾ ക്ഷണിച്ചു.
വിശദീകരണം കേട്ടശേഷം സ്കൂളിലെ മൊത്തം ജോലിക്കാരോടും ബാരെക്ക് സംസാരിക്കത്തക്കവിധം അധ്യാപകർ രണ്ടാമതൊരു യോഗം ക്രമീകരിച്ചു. ആ യോഗത്തിൽ ബാരെക്ക് സകലവിശുദ്ധന്മാരുടെയും പെരുന്നാളിന്റെ തലേന്നത്തെ ആഘോഷത്തിന്റെ യാഥാർഥ്യം കാട്ടുന്നതിനുള്ള വസ്തുതകൾ നിരത്തി. നിരവധി വാച്ച് ടവർ പ്രസിദ്ധീകരണങ്ങളിൽനിന്നും മറ്റ് ഉറവിടങ്ങളിൽനിന്നുമാണ് അദ്ദേഹം വിവരങ്ങൾ ശേഖരിച്ചത്. ആ ആഘോഷത്തിന്റെ ആവിർഭാവവും ചരിത്രവും മതസ്വഭാവവും അറിഞ്ഞപ്പോൾ അധ്യാപകരും അധികൃതരും അത്ഭുതസ്തബ്ധരായി. സാഹചര്യം എങ്ങനെ കൈകാര്യം ചെയ്യണമെന്നു തീരുമാനിക്കാൻ ജോലിക്കാരുടെ ഒരു യോഗം കൂടാൻ അവർ തീരുമാനിച്ചു.
ഏതാനും ദിവസങ്ങൾക്കുശേഷം അപ്രതീക്ഷിതമായ ഒരു തീരുമാനം അറിയിക്കുകയുണ്ടായി. സകലവിശുദ്ധന്മാരുടെയും പെരുന്നാളിന്റ തലേന്നത്തെ ആഘോഷത്തിനുള്ള എല്ലാ ഒരുക്കങ്ങളും റദ്ദാക്കുന്നു. ആ വർഷം സ്കൂൾ സകലവിശുദ്ധന്മാരുടെയും പെരുന്നാളിന്റ തലേന്നത്തെ ആഘോഷം നടത്തുകയില്ല. സ്കൂളിൽ ശരിയായതു ചെയ്യാനുള്ള ആ യുവ സാക്ഷികളുടെ ഉറച്ച തീരുമാനം എത്ര നല്ല ഫലമാണ് ഉളവാക്കിയത്! ബൈബിൾ സത്യത്തിനുവേണ്ടി ഉറച്ച നിലപാടു സ്വീകരിക്കാൻ കുട്ടികൾ ഒരിക്കലും ഭയപ്പെടേണ്ടതില്ല.
ലോകവ്യാപകമായി, സ്കൂളിൽ സോത്സാഹം പഠിക്കാൻ യഹോവയുടെ സാക്ഷികൾ തങ്ങളുടെ കുട്ടികളെ പഠിപ്പിക്കുന്നു. ബൈബിൾ തത്ത്വങ്ങൾ അനുസരിച്ചു ജീവിക്കാനും അവസരം കിട്ടുമ്പോലെ തങ്ങളുടെ പ്രത്യാശയും വിശ്വാസവും മറ്റു വിദ്യാർഥികളുമായി പങ്കിടാനും യുവസാക്ഷികൾക്കു പരിശീലനം ലഭിക്കുന്നു. ഫലങ്ങൾ അനുകൂലമല്ലെങ്കിലും, മേൽപ്പറഞ്ഞ സംഭവത്തിലെപ്പോലെ ഉടനടി ഫലം ലഭിച്ചില്ലെങ്കിലും ആത്മവിശ്വാസവും ശരിയായതു ചെയ്യുന്നതിൽനിന്നു ലഭിക്കുന്ന സംതൃപ്തിയും കുട്ടികൾക്കുണ്ടായിരിക്കാൻ സാധിക്കും. അതിപ്രധാനമായി, തങ്ങളുടെ സ്വർഗീയ പിതാവു സംപ്രീതനാണെന്നും തങ്ങളുടെ വിശ്വസ്ത അനുസരണയ്ക്ക് അവൻ തങ്ങളെ അനുഗ്രഹിക്കുമെന്നും അവർക്ക് ഉറപ്പുണ്ടായിരിക്കാവുന്നതാണ്.
[അടിക്കുറിപ്പ്]
a സകലവിശുദ്ധന്മാരുടെയും പെരുന്നാളിന്റെ തലേന്നത്തെ ആഘോഷത്തെയും ആത്മവിദ്യാപരമായ അതിന്റെ ആവിർഭാവത്തെയും കുറിച്ചുള്ള കൂടുതലായ വിവരത്തിന് വാച്ച് ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി പ്രസിദ്ധീകരിച്ച 1993 നവംബർ 22 ലക്കം ഉണരുക! (ഇംഗ്ലീഷ്) കാണുക.