അക്വിലായും പ്രിസ്കില്ലയും—ഒരു മാതൃകാദമ്പതികൾ
അക്വിലായും പ്രിസ്കില്ലയും—ഒരു മാതൃകാദമ്പതികൾ
“ക്രിസ്തുയേശുവിൽ എന്റെ കൂട്ടുവേലക്കാരായ പ്രിസ്കയെയും അക്വിലാവെയും വന്ദനംചെയ്വിൻ. അവർ എന്റെ പ്രാണന്നു വേണ്ടി തങ്ങളുടെ കഴുത്തു വെച്ചുകൊടുത്തവരാകുന്നു; അവർക്കു ഞാൻ മാത്രമല്ല, ജാതികളുടെ സകലസഭകളുംകൂടെ നന്ദിപറയുന്നു.”—റോമർ 16:3, 4.
റോമിലെ ക്രിസ്തീയ സഭയ്ക്കു പൗലൊസ് അപ്പോസ്തലൻ എഴുതിയ ഈ വാക്കുകൾ ആ വിവാഹ ദമ്പതികളെപ്രതി അവനുണ്ടായിരുന്ന ആഴമായ ആദരവും ഊഷ്മളമായ പരിഗണനയും വിളിച്ചോതുന്നു. അവരുടെ സഭയ്ക്ക് എഴുതവേ, താൻ അവരെ അവഗണിച്ചില്ലെന്ന് അവൻ ഉറപ്പു വരുത്തി. എന്നാൽ, പൗലൊസിന്റെ ഈ രണ്ടു ‘കൂട്ടുവേലക്കാർ’ ആരായിരുന്നു? അവർ, അവനും സഭകൾക്കും വളരെ പ്രിയപ്പെട്ടവരായിരുന്നത് എന്തുകൊണ്ടാണ്?—2 തിമൊഥെയൊസ് 4:19.
അക്വിലാ, പരദേശവാസിയായ യഹൂദനും (ചിതറിപ്പോയ യഹൂദർ) വടക്കൻ ഏഷ്യാമൈനറിലെ പോന്റസ് ദേശത്തെ നിവാസിയുമായിരുന്നു. അവനും ഭാര്യ പ്രിസ്കില്ലയും (പ്രിസ്ക) റോമിൽ താമസമാക്കി. പൊ.യു. 63-ൽ പോംപി യെരുശലേം പിടിച്ചടക്കിയതോടെ അസംഖ്യം തടവുകാരെ റോമിലേക്ക് അടിമകളായി കൊണ്ടുപോയി. ചുരുങ്ങിയപക്ഷം, അന്നുമുതലെങ്കിലും ആ നഗരത്തിൽ സാമാന്യം വലുപ്പമുള്ള ഒരു യഹൂദ സമുദായമുണ്ടായിരുന്നു. വാസ്തവത്തിൽ, ആ പുരാതന നഗരത്തിൽ ഒരു ഡസനോ അതിലധികമോ സിനഗോഗുകൾ നിലവിലുണ്ടായിരുന്നതായി റോമൻ ലിഖിതങ്ങൾ വെളിപ്പെടുത്തുന്നു. റോമിൽനിന്നുള്ള നിരവധി യഹൂദർ പൊ.യു. 33-ലെ പെന്തക്കോസ്തിൽ സന്നിഹിതരായിരുന്നു. ആ സമയത്താണ് അവർ സുവാർത്ത ശ്രവിച്ചത്. ഒരുപക്ഷേ, റോമാ സാമ്രാജ്യത്തിന്റെ തലസ്ഥാനത്ത് ആദ്യമായി ക്രിസ്തീയ സന്ദേശം എത്തിയത് അവർ മുഖാന്തരമാകാം.—പ്രവൃത്തികൾ 2:10.
എന്നാൽ, പൊ.യു. 49-ലോ 50-ന്റെ ആരംഭത്തിലോ ക്ലൗദ്യോസ് ചക്രവർത്തിയുടെ ആജ്ഞാനുസരണം യഹൂദർ റോമിൽനിന്നു നിഷ്കാസനം ചെയ്യപ്പെട്ടു. തന്മൂലം, ഗ്രീക്കു നഗരമായ കൊരിന്തിൽവെച്ചാണു പൗലൊസ് അപ്പോസ്തലൻ അക്വിലായെയും പ്രിസ്കില്ലയെയും കണ്ടുമുട്ടിയത്. പൗലൊസ് കൊരിന്തിൽ എത്തിയപ്പോൾ അക്വിലായും പ്രിസ്കില്ലയും അവനു ദയാപുരസ്സരം ആതിഥ്യമരുളുക മാത്രമല്ല, തൊഴിലും നൽകി. കാരണം, ഒരേ തൊഴിലായിരുന്നു അവരുടേത്—കൂടാരപ്പണി.—പ്രവൃത്തികൾ 18:2, 3.
കൂടാരപ്പണിക്കാർ
അത് അത്ര എളുപ്പമുള്ള തൊഴിലായിരുന്നില്ല. കട്ടിയായ, പരുപരുത്ത വസ്തുക്കളുടെയോ തുകലിന്റെയോ കഷണങ്ങൾ മുറിച്ചെടുത്ത് കൂട്ടിത്തുന്നുന്നത് അതിൽ ഉൾപ്പെട്ടിരുന്നു. ചരിത്രകാരനായ ഫെർനാണ്ടോ ബേയാ പറയുന്നതനുസരിച്ച്, കൂടാരപ്പണിക്കാർക്കു “വൈദഗ്ധ്യവും ശ്രദ്ധയും ആവശ്യമായിരുന്ന ഒരു തൊഴിലാ”യിരുന്നു അത്. “യാത്രയിൽ വെയിലിൽനിന്നും മഴയിൽനിന്നും സംരക്ഷണമേകുന്നതിനു തമ്പടിക്കാൻ അല്ലെങ്കിൽ കപ്പലുകളിലെ ചരക്കറയിലെ സാധനങ്ങൾ പായ്ക്കു ചെയ്യാൻ ഉപയോഗിച്ചിരുന്ന പരുപരുത്ത, വഴക്കമില്ലാത്ത തുണിത്തരങ്ങൾ” കൊണ്ടായിരുന്നു കൂടാരപ്പണിക്കാർ അതു നിർമിച്ചിരുന്നത്.
ഇതൊരു ചോദ്യം ഉന്നയിക്കുന്നു. വരുംകാലങ്ങളിൽ അന്തസ്സുറ്റ ജീവിതവൃത്തിയിൽ ഏർപ്പെടത്തക്കവണ്ണം താൻ ‘ഗമാലിയേലിന്റെ കാല്ക്കൽ ഇരുന്ന് അഭ്യസിച്ചവനാ’ണെന്നു പൗലൊസ് പറഞ്ഞില്ലേ? (പ്രവൃത്തികൾ 22:3) അതു ശരിതന്നേ. എന്നാൽ, ഉന്നത വിദ്യാഭ്യാസം ലഭിക്കുന്നുവെന്നുവരുകിലും ഒരു കുട്ടിയെ ഒരു തൊഴിൽ പഠിപ്പിക്കുന്നത് ഉത്കൃഷ്ടമായ സംഗതിയായി ഒന്നാം നൂറ്റാണ്ടിലെ യഹൂദർ കരുതിയിരുന്നു. തന്മൂലം, അക്വിലായും പൗലൊസും ചെറുപ്പത്തിലേതന്നെ കൂടാരപ്പണിയിൽ വൈദഗ്ധ്യം നേടിയിരിക്കാനാണു സാധ്യത. ആ അനുഭവജ്ഞാനം പിൽക്കാലത്തു വളരെയധികം പ്രയോജനപ്രദമെന്നു തെളിഞ്ഞു. എന്നാൽ ക്രിസ്ത്യാനികളെന്ന നിലയിൽ അത്തരം ലൗകിക ജോലിയായിരുന്നില്ല അവർക്കു സർവസ്വവും. അക്വിലായോടും പ്രിസ്കില്ലയോടുമൊപ്പം താൻ കൊരിന്തിൽ ചെയ്തിരുന്ന വേല തന്റെ മുഖ്യ പ്രവർത്തനത്തെ, അതായത് സുവാർത്താപ്രഖ്യാപനത്തെ, പിന്തുണയ്ക്കുന്ന ഒന്നു മാത്രമായിരുന്നുവെന്നു പൗലൊസ് വിശദീകരിച്ചു. അങ്ങനെ ആർക്കും ‘ഭാരമായിത്തീരാതെ’ അവനു സുവാർത്താപ്രസംഗം നിർവഹിക്കാനാകുമായിരുന്നു.—2 തെസ്സലൊനീക്യർ 3:8; 1 കൊരിന്ത്യർ 9:18; 2 കൊരിന്ത്യർ 11:7.
പൗലൊസിന്റെ മിഷനറി സേവനം എളുപ്പമാക്കി1 തെസ്സലൊനീക്യർ 2:9; മത്തായി 24:14; 1 തിമൊഥെയൊസ് 6:6.
ത്തീർക്കുന്നതിനു തങ്ങളാലാകുന്നതു ചെയ്യുന്നതിൽ അക്വിലായും പ്രിസ്കില്ലയും സന്തോഷമുള്ളവരായിരുന്നുവെന്നു വ്യക്തം. പതിവ് ഇടപാടുകാർക്കോ വഴിപോക്കർക്കോ അനൗപചാരിക സാക്ഷ്യം നൽകുന്നതിന് ആ മൂന്നു സുഹൃത്തുക്കളും പല തവണ തങ്ങളുടെ വേല നിർത്തിയിരിക്കണം! കൂടാരപ്പണി തരംതാഴ്ന്നതും ക്ഷീണിപ്പിക്കുന്നതുമായ ഒരു തൊഴിലായിരുന്നെങ്കിലും, ദൈവതാത്പര്യങ്ങളുടെ ഉന്നമനത്തിനായി “രാവും പകലും” അതു ചെയ്യുന്നതിൽ അവർക്കു സന്തോഷമേ ഉണ്ടായിരുന്നുള്ളൂ. അതുപോലെതന്നെ, ആധുനിക നാളിലെ നിരവധി ക്രിസ്ത്യാനികളും തങ്ങളുടെ ശേഷിച്ച സമയത്തിലധികവും സുവാർത്ത ശ്രവിക്കാൻ മറ്റുള്ളവർക്കു സഹായമേകുന്നതിന് അംശകാല വേലയിലോ കാലോചിത വേലയിലോ ഏർപ്പെടുന്നു.—അതിഥിസത്കാരത്തിന്റെ മാതൃകകൾ
കൊരിന്തിൽ താമസിച്ച 18 മാസം പൗലൊസ് തന്റെ മിഷനറി പ്രവർത്തനത്തിനുള്ള കേന്ദ്രമായി അക്വിലായുടെ വീട് ഉപയോഗിച്ചിരിക്കാനാണു സാധ്യത. (പ്രവൃത്തികൾ 18:3, 11) സാധ്യതയനുസരിച്ച്, മക്കെദോന്യയിൽനിന്നു വന്ന ശീലാസിനെയും (സില്വാനൊസ്) തിമൊഥെയൊസിനെയും അതിഥികളായി സ്വീകരിക്കുന്നതിൽ അക്വിലായും പ്രിസ്കില്ലയും സന്തോഷമുള്ളവരായിരുന്നിരിക്കണം. (പ്രവൃത്തികൾ 18:5) തെസ്സലൊനീക്യർക്ക് എഴുതിയ, പിൽക്കാലത്തു ബൈബിൾ കാനോന്റെ ഭാഗമായിത്തീർന്ന പൗലൊസിന്റെ രണ്ടു ലേഖനങ്ങൾ അപ്പോസ്തലൻ അക്വിലായോടും പ്രിസ്കില്ലയോടുമൊപ്പം താമസിച്ചിരുന്നപ്പോഴായിരിക്കണം എഴുതിയത്.
ആ സമയം അക്വിലായുടെയും പ്രിസ്കില്ലയുടെയും വീട് ദിവ്യാധിപത്യ പ്രവർത്തനത്തിന്റെ കേന്ദ്രമായിരുന്നുവെന്നു വിഭാവന ചെയ്യുന്നത് എളുപ്പമാണ്. പ്രിയപ്പെട്ട സുഹൃത്തുക്കളിലനേകർ—പൗലൊസ് സ്നാനം കഴിപ്പിച്ച, അഖായ പ്രവിശ്യയിലെ ആദ്യ ക്രിസ്ത്യാനികളായ സ്തെഫനാസും കുടുംബവും; പ്രസംഗങ്ങൾ നടത്താൻ തന്റെ വീട് ഉപയോഗിക്കുന്നതിനു പൗലൊസിന് അനുവാദം നൽകിയ തീത്തൊസ് യുസ്തൊസ്; കുടുംബസമേതം സത്യം സ്വീകരിച്ച, സിനഗോഗ് പ്രമാണിയായിരുന്ന ക്രിസ്പൊസ് എന്നിവർ—കൂടെക്കൂടെ അവിടം സന്ദർശിച്ചിരിക്കാൻ ഇടയുണ്ട്. (പ്രവൃത്തികൾ 18:7, 8; 1 കൊരിന്ത്യർ 1:16) അവർക്കു പുറമേ, ഫൊർത്തുനാതൊസും അഖായിക്കൊസും; സഭായോഗങ്ങൾ നടത്തിയിരുന്ന വീടിന്റെ ഉടമ ഗായൊസ്; പട്ടണത്തിന്റെ ഭണ്ഡാരവിചാരകനായ എരസ്തൊസ്; റോമർക്കുള്ള തന്റെ ലേഖനം എഴുതാൻ പൗലൊസ് സെക്രട്ടറിയായി ഉപയോഗിച്ച തെർതൊസ്; സാധ്യതയനുസരിച്ചു കൊരിന്തിൽനിന്നു റോമിലേക്കു ലേഖനം കൊണ്ടുപോയ, തൊട്ടടുത്തുള്ള കെംക്രെയസഭയിലെ വിശ്വസ്ത സഹോദരിയായിരുന്ന ഫേബ എന്നിവരുമുണ്ടായിരുന്നു.—റോമർ 16:1, 22, 23; 1 കൊരിന്ത്യർ 16:17.
ഒരു സഞ്ചാര ശുശ്രൂഷകന് ആതിഥ്യമേകാൻ അവസരം ലഭിച്ചിട്ടുള്ള യഹോവയുടെ ആധുനിക ദാസർക്കറിയാം അത് എത്ര പ്രോത്സാഹജനകവും സ്മരണാർഥകവുമാണെന്ന്. അത്തരം സന്ദർഭങ്ങളിൽ പങ്കിടുന്ന അനുഭവങ്ങൾ ഏവർക്കും ആത്മീയ നവോന്മേഷം പകരുന്നതിനുള്ള ഒരു യഥാർഥ സ്രോതസ്സായിരിക്കാൻ കഴിയും. (റോമർ 1:11, 12) മാത്രമല്ല, അക്വിലായെയും പ്രിസ്കില്ലയെയുംപോലെ യോഗങ്ങൾ, ഒരുപക്ഷേ സഭാപുസ്തകാധ്യയനം നടത്താൻ തങ്ങളുടെ വീടുകൾ ലഭ്യമാക്കുന്നവർക്കു സത്യാരാധനയുടെ ഉന്നമനത്തിന് ആ വിധത്തിൽ സംഭാവന ചെയ്യുന്നതിലുള്ള സംതൃപ്തിയുണ്ട്.
പൊ.യു. 52-ന്റെ വസന്തത്തിൽ പൗലൊസ് കൊരിന്തിൽനിന്നു പോകുമ്പോൾ അക്വിലായും പ്രിസ്കില്ലയും എഫെസൊസുവരെ അവനെ അനുഗമിച്ചത് അവർക്ക് അവനുമായി വളരെ അടുപ്പമുള്ളതുകൊണ്ടായിരുന്നു. (പ്രവൃത്തികൾ 18:18-21) അവർ ആ നഗരത്തിൽ താമസിച്ച് അപ്പോസ്തലന്റെ അടുത്ത സന്ദർശനത്തിന് അസ്തിവാരമിട്ടു. അവിടെവെച്ചാണു സുവാർത്തയുടെ ആ അനുഗൃഹീത ഉപദേഷ്ടാക്കൾ വാഗ്വൈഭവമുണ്ടായിരുന്ന അപ്പൊല്ലോസിനെ തങ്ങളോടൊപ്പം ‘ചേർത്തത്.’ ‘ദൈവത്തിന്റെ മാർഗ്ഗം അധികം സ്പഷ്ടമായി തെളിയിച്ചുകൊടുക്കാൻ’ അവനെ സഹായിക്കുന്നതിലുള്ള സന്തോഷവും അവർക്കുണ്ടായി. (പ്രവൃത്തികൾ 18:24-26) പൊ.യു. 52/53-ലെ വസന്തത്തോടടുത്ത് തന്റെ മൂന്നാമത്തെ മിഷനറി യാത്രയിൽ പൗലൊസ് വീണ്ടും എഫെസൊസു സന്ദർശിച്ചപ്പോൾ, ഊർജസ്വലരായ ആ ദമ്പതികൾ നട്ടുവളർത്തിയ വയൽ വിളവെടുപ്പിനു പാകമായിരിക്കുകയായിരുന്നു. മൂന്നു വർഷത്തോളം പൗലൊസ് “ഈ മാർഗ്ഗത്തെ”പ്പറ്റി പ്രസംഗിക്കുകയും പഠിപ്പിക്കുകയും ചെയ്തു. ആ സമയം അക്വിലായുടെ വീട്ടിലായിരുന്നു എഫെസൊസിലെ സഭ യോഗങ്ങൾ നടത്തിയിരുന്നത്.—പ്രവൃത്തികൾ 19:1-20, 26; 20:31; 1 കൊരിന്ത്യർ 16:8, 19.
പിന്നീട്, അവർ റോമിലേക്കു മടങ്ങിയപ്പോൾ, പൗലൊസിന്റെ ആ രണ്ടു സുഹൃത്തുക്കളും തങ്ങളുടെ ഭവനം ക്രിസ്തീയ യോഗങ്ങൾക്കു ലഭ്യമാക്കിക്കൊണ്ട് “അതിഥിസല്ക്കാരം ആചരി”ച്ചുപോന്നു.—റോമർ 12:13; 16:3-5.
പൗലൊസിനുവേണ്ടി ‘തങ്ങളുടെ കഴുത്തു വെച്ചുകൊടുത്തു’
ഒരുപക്ഷേ, എഫെസൊസിലായിരുന്നപ്പോഴും പൗലൊസ് അക്വിലായുടെയും പ്രിസ്കില്ലയുടെയും വീട്ടിലായിരിക്കാം താമസിച്ചത്. തട്ടാന്മാർ കലഹമുണ്ടാക്കിയ സമയത്ത് അവൻ അവരോടൊപ്പമായിരുന്നോ താമസിച്ചത്? പ്രവൃത്തികൾ 19:23-31-ലെ വൃത്താന്തമനുസരിച്ച്, ക്ഷേത്രരൂപങ്ങളെ തീർക്കുന്ന കരകൗശലപ്പണിക്കാർ സുവാർത്താപ്രസംഗത്തെ എതിർത്തപ്പോൾ ജനക്കൂട്ടത്തിനു മുമ്പാകെ ചെന്നു ജീവൻ അപായപ്പെടുത്താൻ തുനിഞ്ഞ പൗലൊസിനെ സഹോദരങ്ങൾക്കു തടഞ്ഞുനിർത്തേണ്ടിവന്നു. പൗലൊസ്, ‘ജീവനോടിരിക്കുമോ എന്നു നിരാശ തോന്നുമാറ്’ അത്രകണ്ട് ആപത്കരമായ ഒരു സാഹചര്യത്തിലായിരിക്കണം അക്വിലായും പ്രിസ്കില്ലയും ഏതോ വിധത്തിൽ ഇടപെട്ട് ‘തങ്ങളുടെ കഴുത്തു വെച്ചുകൊടുക്കാൻ’ മുതിർന്നത് എന്നാണു ചില ബൈബിൾ ഭാഷ്യകാരന്മാരുടെ മതം.—2 കൊരിന്ത്യർ 1:8; റോമർ 16:3, 4.
“കലഹം ശമിച്ച”പ്പോൾ പൗലൊസ് ജ്ഞാനപൂർവം ആ നഗരം വിട്ടു. (പ്രവൃത്തികൾ 20:1) അക്വിലായും പ്രിസ്കില്ലയും എതിർപ്പും പരിഹാസവും നേരിട്ടുവെന്നതിനു സംശയമില്ല. അത് അവരെ നിരാശപ്പെടുത്തിയോ? നേരേമറിച്ച്, അക്വിലായും പ്രിസ്കില്ലയും സധൈര്യം തങ്ങളുടെ ക്രിസ്തീയ ഉദ്യമങ്ങളിൽ തുടർന്നു.
ഉറ്റബന്ധമുള്ള ദമ്പതികൾ
ക്ലൗദ്യോസിന്റെ ഭരണം അവസാനിച്ചശേഷം അക്വിലായും പ്രിസ്കില്ലയും റോമിലേക്കു മടങ്ങി. (റോമർ 16:3-15) എന്നാൽ, ബൈബിളിൽ അവരെപ്പറ്റി അവസാനകുറി പരാമർശിക്കുമ്പോൾ അവർ എഫെസൊസിൽ തിരിച്ചെത്തിയതായി നാം കാണുന്നു. (2 തിമൊഥെയൊസ് 4:19) ആ ഭാര്യാഭർത്താക്കന്മാരെക്കുറിച്ച്, തിരുവെഴുത്തിലെ മറ്റെല്ലാ പരാമർശങ്ങളിലെയുംപോലെ, വീണ്ടും ഒരുമിച്ചാണു പരാമർശിക്കുന്നത്. എത്ര ഉറ്റബന്ധമുള്ള, ഐക്യമുള്ള ദമ്പതികൾ! അക്വിലാ എന്ന പ്രിയ സഹോദരനെ അവന്റെ ഭാര്യയുടെ വിശ്വസ്ത സഹകരണം അനുസ്മരിക്കാതെ പരാമർശിക്കുന്നതു പൗലൊസിനു ചിന്തിക്കാൻ കഴിഞ്ഞില്ല. ഇന്നത്തെ ക്രിസ്തീയ ദമ്പതികൾക്ക് എത്ര നല്ല മാതൃക! ഒരു അർപ്പിത ഇണയുടെ വിശ്വസ്ത സഹായം “കർത്താവിന്റെ വേലയിൽ” വളരെയധികം—ചിലപ്പോഴൊക്കെ, ഒരു അവിവാഹിത വ്യക്തി എന്നനിലയിൽ ചെയ്യാൻ കഴിയുമായിരുന്നതിനെക്കാൾ അധികം—ചെയ്യാൻ ഒരു വ്യക്തിയെ അനുവദിക്കും.—1 കൊരിന്ത്യർ 15:58.
അക്വിലായും പ്രിസ്കില്ലയും പല സഭകളിൽ സേവനമനുഷ്ഠിച്ചു. അവരെപ്പോലെ, ആധുനികനാളിലെ തീക്ഷ്ണതയുള്ള നിരവധി ക്രിസ്ത്യാനികൾ ആവശ്യം അധികമുള്ളിടത്തേക്കു മാറുവാൻ സ്വയം ലഭ്യമാക്കിയിരിക്കുന്നു. മാത്രമല്ല, രാജ്യതാത്പര്യങ്ങൾ വളരുന്നതു കാണുന്നതിലും ഊഷ്മളമായ, വിലയേറിയ ക്രിസ്തീയ സൗഹൃദം നട്ടുവളർത്താൻ കഴിയുന്നതിലും അവർ സന്തോഷവും സംതൃപ്തിയും അനുഭവിക്കുന്നു.
തങ്ങളുടെ ക്രിസ്തീയ സ്നേഹത്തിന്റെ ഉജ്ജ്വല മാതൃകയിലൂടെ അക്വിലായും പ്രിസ്കില്ലയും പൗലൊസിന്റെയും മറ്റുള്ളവരുടെയും വിലമതിപ്പു നേടിയെടുത്തു. എന്നാൽ അതിലും പ്രധാനമായി, അവർ യഹോവയുടെ പക്കൽ ഒരു സത്പേര് ഉളവാക്കി. “ദൈവം നിങ്ങളുടെ പ്രവൃത്തിയും വിശുദ്ധന്മാരെ ശുശ്രൂഷിച്ചതിനാലും ശുശ്രൂഷിക്കുന്നതിനാലും തന്റെ നാമത്തോടു കാണിച്ച സ്നേഹവും മറന്നുകളവാൻ തക്കവണ്ണം അനീതിയുള്ളവനല്ല” എന്നു തിരുവെഴുത്തു നമുക്ക് ഉറപ്പേകുന്നു.—എബ്രായർ 6:10.
അക്വിലായും പ്രിസ്കില്ലയും പ്രവർത്തിച്ചതിനോടു സമാനമായ വിധത്തിൽ പ്രവർത്തിക്കാൻ നമുക്ക് അവസരം ലഭിച്ചെന്നു വരില്ല. എങ്കിലും, നമുക്കവരുടെ ഉത്കൃഷ്ട മാതൃക അനുകരിക്കാനാവും. നമ്മുടെ ഊർജവും ജീവിതവും വിശുദ്ധ സേവനത്തിനായി അർപ്പിക്കുമ്പോൾ നമുക്ക് ആഴമായ സംതൃപ്തിയുണ്ടായിരിക്കും. “നന്മചെയ്വാനും കൂട്ടായ്മകാണിപ്പാനും” ഒരിക്കലും മറക്കാതിരിക്കാം. “ഈവക യാഗത്തിലല്ലോ ദൈവം പ്രസാദിക്കുന്നതു.”—എബ്രായർ 13:15, 16.