“അപ്പോൾ നിങ്ങളുടെ പള്ളിയെവിടെയാണ്?”
“അപ്പോൾ നിങ്ങളുടെ പള്ളിയെവിടെയാണ്?”
മൊസാമ്പിക്കിലുള്ള യഹോവയുടെ സാക്ഷികളോടു മിക്കപ്പോഴും ചോദിക്കാറുള്ള ഒരു ചോദ്യമാണിത്. തുറന്നുപറയട്ടെ, ഈ അടുത്തയിടവരെ ഉത്തരം നൽകാൻ ബുദ്ധിമുട്ടിയിരുന്ന ഒരു ചോദ്യമാണത്. ആ രാജ്യത്ത് 1991 വരെ യഹോവയുടെ സാക്ഷികൾക്കു നിയമപരമായ അംഗീകാരം ഇല്ലായിരുന്നു എന്നതാണ് അതിനു കാരണം. തന്മൂലം, ആരാധനയ്ക്കുവേണ്ടി കൃത്യമായി തിരിച്ചറിയാവുന്നതും സുസ്ഥാപിതവുമായ ഒരിടം ഉണ്ടായിരിക്കുക അസാധ്യമായിരുന്നു.
എന്നാൽ, 1994 ഫെബ്രുവരി 19-ന് ആ അവസ്ഥയ്ക്കു മാറ്റം വന്നു. ചൂടുള്ള, പ്രസന്നമായ ആ ദിവസം, മൊസാമ്പിക്കിൽ ആദ്യമായി നിർമിച്ച രണ്ടു രാജ്യഹാളുകളുടെ സമർപ്പണം നടന്നു. മൊസാമ്പിക്കിന്റെ തീരപ്രദേശത്തിനു മധ്യത്തിലായി സ്ഥിതിചെയ്യുന്ന തുറമുഖനഗരമായ ബേറയിലെ മനോഹരമായ ആ രണ്ടു യോഗസ്ഥലങ്ങളുടെ സമർപ്പണത്തിനു മൊത്തം 602 പേർ സന്നിഹിതരായി. അവ ആ നഗരത്തിലെ മൂന്നു സഭകളുടെ ആവശ്യങ്ങൾക്ക് ഉതകും.
അസ്തിവാരമിടുന്നതുമുതൽ കെട്ടിടങ്ങളുടെ നിർമാണം പൂർത്തിയാകുന്നതുവരെയുള്ള മുഴു പദ്ധതിക്കും ഒരു വർഷവും രണ്ടു മാസവും നീണ്ടുനിന്ന കഠിനാധ്വാനം വേണ്ടിവന്നു. മിക്കപ്പോഴും, അയൽ ദേശമായ സിംബാബ്വേയിൽനിന്നു മുപ്പതോ അതിലധികമോ സന്നദ്ധസേവകർ വന്നു പ്രാദേശിക സാക്ഷികളോടൊപ്പം തോളോടുതോൾ ചേർന്നു ജോലിചെയ്തു. പ്രവർത്തനകേന്ദ്രമായി വർത്തിച്ച ബേറയിലെ മിഷനറി ഭവനത്തിൽ അവരെയെല്ലാം താമസിപ്പിക്കാൻ കഴിയാഞ്ഞതിനാൽ ചിലർ വാരാന്തങ്ങളിലും ചിലപ്പോഴെല്ലാം വാരങ്ങളോളവും മിഷനറി ഭവനത്തിനു ചുറ്റും തമ്പടിച്ചു പാർത്തു.
മസാമ്പ, മൂനാവ സഭകൾക്കുവേണ്ടിയുള്ള രാജ്യഹാളിന്റെ സ്ഥാനം ബേറയിലെ പ്രധാന നിരത്തിലാണ്. “തിരക്കുപിടിച്ച ഒരു ദിവസം. ത്വരിതഗതിയിൽ പണി നടക്കുകയാണ്. പുരോഗതി വളരെ ശ്രദ്ധേയമായിരുന്നു. നിരത്തിലൂടെ പോകുന്ന വണ്ടികളുടെ ഡ്രൈവർമാർ, സ്റ്റിയറിങ് വീൽ മറന്ന് രാജ്യഹാളിലേക്ക് നോക്കി വണ്ടിയോടിച്ചതു നിമിത്തം, അപകടത്തിന്റെ വക്കോളമെത്തുന്നതു ഞങ്ങൾ കണ്ടു,” ഒരു മിഷനറി പറഞ്ഞു. ഒട്ടേറെ ആളുകൾ ജോലി വീക്ഷിക്കാനായി നിന്നു. വ്യത്യസ്ത വർഗത്തിലുള്ളവർ ഒത്തൊരുമിച്ചു പ്രവർത്തിക്കുന്നത് അവരിൽ വിശേഷാൽ മതിപ്പുളവാക്കി.
വളരെയധികം ആസൂത്രണവും സംഘാടനവും വേ
ലയിൽ ഉൾപ്പെട്ടിരുന്നു. സാമഗ്രികളും വിഭവങ്ങളും ദുർലഭമായുള്ള അവിടത്തെ മറ്റു പല പദ്ധതികളിൽനിന്നും വ്യത്യസ്തമായി സാമഗ്രികളുടെ അഭാവത്താൽ രാജ്യഹാളിന്റെ നിർമാണ വേല ഒരിക്കലും സ്തംഭിച്ചില്ല. ഒരിക്കൽ, 800 ചാക്കു സിമന്റു വേണ്ടിവന്നു. അതു ലഭ്യമായിരുന്ന ഏക ഇടത്തിൽ സിമന്റു നിറയ്ക്കാൻ വേണ്ടത്ര ചാക്കുകളില്ലായിരുന്നു. തലസ്ഥാനത്ത്, മാപൂട്ടോയിലുള്ള വാച്ച് ടവർ സൊസൈറ്റിയുടെ ബ്രാഞ്ചുമായി സഹോദരങ്ങൾ ബന്ധപ്പെട്ടു; വിമാനമാർഗം അയച്ച ചാക്കുകൾ സിമൻറ് ഫാക്ടറിയിൽ കൊണ്ടുപോയി സിമന്റു നിറച്ചുകൊണ്ടുവന്നു. വേല നിർബാധം തുടർന്നു.മറ്റൊരിക്കൽ, മേൽക്കൂരയുടെ ചട്ടക്കൂടു പിടിപ്പിക്കവേ ജോലിക്കാർക്ക് ഉരുക്കു ദണ്ഡുകളുടെ അഭാവം നേരിട്ടു. നിർമാണ പദ്ധതിക്കുവേണ്ട ഉരുക്കിനു കടുത്ത ദൗർലഭ്യം നേരിട്ടതിനാൽ അത് 600 കിലോമീറ്റർ അകലെനിന്ന് ഇറക്കുമതി ചെയ്യുകയായിരുന്നു! പണി നിരീക്ഷിച്ചുകൊണ്ടിരുന്ന ഒരു വ്യക്തിയെ സമീപിച്ചു ജോലിക്കാരിലൊരാൾ, പണി പൂർത്തിയാക്കുന്നതിനുവേണ്ട ഉരുക്ക് എവിടെ കിട്ടുമെന്നറിയാമോ എന്നു ചോദിച്ചു. “ഞാൻ ഇവിടെ നിൽക്കാൻ തുടങ്ങിയിട്ട് ഒരു മണിക്കൂറിലധികമായി. ഇതു യാദൃച്ഛികമാകാൻ വഴിയില്ല. നിങ്ങളുടെ വേലയെയും ഈ പദ്ധതിയുടെ പിന്നിലെ മനസ്കതയെയും പുകഴ്ത്താതെ തരമില്ല. നിങ്ങൾക്കു വേണ്ടയിനം ഉരുക്ക് എന്റെ പക്കലുണ്ട്. ഒരു സമ്മാനമായി അതു നിങ്ങൾക്കു നൽകുന്നതിൽ എനിക്കു സന്തോഷമേയുള്ളൂ” അദ്ദേഹം മറുപടിപറഞ്ഞു. അതു സമയോചിത സഹായമായി.
ആ പദ്ധതിയുടെ നിർമാണമേറ്റെടുത്ത കമ്പനി ഏതാണെന്നു നിരവധി നിരീക്ഷകർ ചിന്തിച്ചു. യഹോവയുടെ സാക്ഷികൾ സ്വമേധയാ നടത്തുന്ന സേവനമാണതെന്ന് അവരോടു ജോലിക്കാർ സസന്തോഷം പറഞ്ഞു. പ്രേക്ഷകരിൽ വിശിഷ്യ മതിപ്പുളവാക്കിയതെന്താണ്? “നിങ്ങളൊരു ഏകീകൃത ജനമാണ്. വ്യത്യസ്ത വർഗത്തിൽപ്പെട്ടവരാണെങ്കിലും സഹോദരങ്ങളെപ്പോലെ നിങ്ങൾ ഒരുമിച്ചു പ്രവർത്തിക്കുന്നു,” ഒരാൾ അഭിപ്രായപ്പെട്ടു. തത്ഫലമായി അനേകരും ബൈബിളധ്യയനങ്ങൾ ആവശ്യപ്പെട്ടുവന്നു. യോഗങ്ങളിലും അതിന്റെ പ്രഭാവം പ്രകടമായിരുന്നു. ഉദാഹരണത്തിന്, മാങ്ക സഭയിലെ ശരാശരി യോഗഹാജർ സാക്ഷികളുടെ സംഖ്യയുടെ ഇരട്ടിയിലധികമാണ്.
പുതിയ രാജ്യഹാളുകൾ പ്രാദേശിക സാക്ഷികൾക്കു വലിയ ഒരു അനുഗ്രഹമാണെന്നു തെളിഞ്ഞു. മുമ്പൊക്കെ, പുല്ലോ തകരഷീറ്റുകളോ മേഞ്ഞ പരുക്കൻ ചുറ്റുപാടിലോ ഒരു വീടിന്റെ പിൻമുറ്റത്തോ ഒരു സ്വകാര്യ വീട്ടിലെ കൊച്ചുമുറിയിലോ ഒക്കെയാണ് അനേകരും യോഗങ്ങൾക്കു കൂടിവന്നിരുന്നത്. മഴയുള്ളപ്പോഴൊക്കെ അവർ നനയുക പതിവായിരുന്നു; എന്നിട്ടും അവർ വിശ്വസ്തതയോടെ യോഗങ്ങൾക്കു ഹാജരായി. ദശകങ്ങളോളം, മൊസാമ്പിക്കിലെ സാക്ഷികൾക്കു പരിചിതമായ “രാജ്യഹാളുകൾ” അവ മാത്രമായിരുന്നു. “ഈ പദ്ധതിയുടെ സാക്ഷാത്കാരത്തിനു സംഭാവന ചെയ്ത ലോകമെമ്പാടുമുള്ള സഹോദരങ്ങളോടു ഞങ്ങൾ കൃതജ്ഞരാണ്,” മസാമ്പ സഭയിലെ ഒരു മൂപ്പനായ കൈട്ടാണൂ ഗബ്രിയേൽ സഹോദരൻ പ്രസ്താവിച്ചു. ഒരു യുവ സാക്ഷി ഇങ്ങനെ അനുസ്മരിച്ചു: “ഞങ്ങൾ കാരിക്കൂവിൽ (യഹോവയുടെ സാക്ഷികളെ 12 വർഷത്തോളം ബന്തവസ്സിൽ പാർപ്പിച്ച “പുനർവിദ്യാഭ്യാസ ക്യാമ്പുകളിൽ”) ആയിരുന്നപ്പോൾ, ‘നാം വിശ്വസ്തരായി നിലകൊള്ളും, യഹോവ നമുക്കു പ്രതിഫലവും നൽകും’ എന്നു ഞങ്ങൾ പറയുമായിരുന്നു. പുതിയ രാജ്യഹാൾ യഹോവയിൽനിന്നുള്ള ഒരു പ്രതിഫലമാണ്.” അവരുടെ വാക്കുകൾ അകമഴിഞ്ഞ കൃതജ്ഞതയും യഹോവയെ സ്തുതിക്കാനുള്ള അവരുടെ ദൃഢനിശ്ചയവും പ്രകടമാക്കുന്നു.
നിർമാണ വേലയിൽ പങ്കെടുത്ത യുവജനങ്ങളിലനേകരിലും പയനിയർ ആത്മാവു നാമ്പെടുത്തു; അവർ പിന്നീടു നിരന്തരപയനിയർ ശുശ്രൂഷ ഏറ്റെടുത്തു. മാങ്ക സഭയിലെ ഒരു നിരന്തരപയനിയറായ ഇസാബെൽ എന്ന പെൺകുട്ടി രാജ്യഹാളിന്റെ സമർപ്പണത്തിന്റെ തലേന്ന്, അങ്ങേയറ്റം വെടിപ്പായിരുന്ന ഹാളിനെ നോക്കി ഇങ്ങനെ പറഞ്ഞു: “എന്നെ സംബന്ധിച്ചിടത്തോളം, ബേറ നഗരത്തിലേക്കുംവെച്ച് ഏറ്റവും മനോഹരമായ സ്ഥലം ഇതാണ്. ഇവിടെയായിരിക്കുന്നതിൽ ഞാൻ അങ്ങേയറ്റം ആനന്ദിക്കുന്നു.” സാക്ഷികളുടെ സത്യസന്ധതയെക്കുറിച്ച് അറിവുണ്ടായിരുന്നതിനാൽ, പ്രത്യേക ഇറക്കുമതി നയങ്ങളുടെ കാര്യത്തിൽ തദ്ദേശ അധികാരികൾ അങ്ങേയറ്റം സഹകരണമുള്ളവരായിരുന്നുവെന്നു മിഷനറിയായ ആഡൗൺ കോസ്റ്റ വിശദീകരിച്ചു. “ഞങ്ങൾ ക്ഷീണിച്ചവശരായെങ്കിലും, യഹോവയുടെ മഹത്ത്വത്തിനുവേണ്ടിയുള്ള ഈ വേലയുടെയെല്ലാം ഫലങ്ങൾ കാണുന്നതു സന്തോഷജനകമായിരുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.
ഇപ്പോൾ ബേറ നഗരത്തിലെ ഒരു സൗഹാർദ നിവാസി, “അപ്പോൾ നിങ്ങളുടെ പള്ളിയെവിടെയാണ്?” എന്നു ചോദിക്കുമ്പോൾ സാക്ഷികൾ അവരെ പുതിയ രണ്ടു രാജ്യഹാളുകളിലൊന്നിലേക്കു നയിക്കുന്നു. എന്നിട്ട്, അവർ ഇങ്ങനെ മറുപടി പറയുന്നു, “അത് രാജ്യാന്തര പാതയിൽ, ഫോർത്ത് സ്കാഡ്രൊൺ പൊലീസ് സ്റ്റേഷനു നേരെ എതിർവശത്ത്, ആവെനിഡ എക്കോർഡൂ ഡ ലൂസാക്കയിലാണ്.” ഒപ്പം ഇങ്ങനെ തിരുത്തുന്നു, “അതു പക്ഷേ പള്ളിയല്ല കെട്ടോ, രാജ്യഹാൾ ആണ്!”
[20-ാം പേജിലെ ഭൂപടം/ചിത്രം]
ആഫ്രിക്ക
മൊസാമ്പിക്
ബേറ
മാപൂട്ടോ
[ചിത്രത്തിന് കടപ്പാട്]
Map: Mountain High Maps® Copyright © 1995 Digital Wisdom, Inc.