യേശുവിനെക്കുറിച്ചുള്ള സത്യം
യേശുവിനെക്കുറിച്ചുള്ള സത്യം
യേശു ആരായിരുന്നു, അവൻ എന്തു നേടി എന്നെല്ലാം സംബന്ധിച്ചുള്ള സിദ്ധാന്തങ്ങൾക്കും ഊഹാപോഹങ്ങൾക്കും യാതൊരു അറുതിയുമുള്ളതായി തോന്നുന്നില്ല. എന്നാൽ ബൈബിൾതന്നെ എടുത്താലോ? യേശുക്രിസ്തുവിനെക്കുറിച്ച് അതെന്താണു പറയുന്നത്?
ബൈബിൾ പറയുന്നത്
ശ്രദ്ധാപൂർവം ബൈബിൾ വായിക്കുന്നപക്ഷം, പിൻവരുന്ന പ്രധാന വസ്തുതകൾ നിങ്ങൾ കണ്ടെത്തും:
◻ യേശു ദൈവത്തിന്റെ ഏകജാത പുത്രനും സർവ സൃഷ്ടിക്കും ആദ്യജാതനുമാണ്.—യോഹന്നാൻ 3:16; കൊലൊസ്സ്യർ 1:15.
◻ ഏതാണ്ടു രണ്ടു സഹസ്രാബ്ദം മുമ്പ്, മനുഷ്യനായി പിറക്കുന്നതിന് യേശുവിന്റെ ജീവൻ ദൈവം ഒരു യഹൂദ കന്യകയുടെ ഗർഭാശയത്തിലേക്കു മാറ്റി.—മത്തായി 1:18; യോഹന്നാൻ 1:14.
◻ യേശു ഒരു നല്ല മനുഷ്യൻ മാത്രമായിരുന്നില്ല. അവൻ എല്ലാ അർഥത്തിലും തന്റെ പിതാവായ യഹോവയാം ദൈവത്തിന്റെ ഹൃദ്യമായ വ്യക്തിത്വത്തിന്റെ വിശ്വസനീയ പ്രതിഫലനമായിരുന്നു.—യോഹന്നാൻ 14:9, 10; എബ്രായർ 1:3.
◻ തന്റെ ഭൗമിക ശുശ്രൂഷക്കാലത്ത് യേശു മർദിതരുടെ ആവശ്യങ്ങളിൽ സ്നേഹനിർഭരമായ ശ്രദ്ധചെലുത്തി. അവൻ രോഗികളെ അത്ഭുതകരമായി സൗഖ്യമാക്കുക മാത്രമല്ല മരിച്ചവരെ ഉയിർപ്പിക്കുകയും ചെയ്തു.—മത്തായി 11:4-6; യോഹന്നാൻ 11:5-45.
◻ ഹതാശരായ മനുഷ്യവർഗത്തിനുള്ള ഏക പ്രത്യാശ ദൈവരാജ്യമാണെന്ന് യേശു പ്രഘോഷിക്കുകയും ആ പ്രസംഗവേല തുടരാൻ തന്റെ ശിഷ്യന്മാരെ പരിശീലിപ്പിക്കുകയും ചെയ്തു.—മത്തായി 4:17; 10:5-7; 28:19, 20.
◻ പൊ.യു. (പൊതുയുഗം) 33 നീസാൻ 14-ന് (ഏതാണ്ട്, ഏപ്രിൽ 1-ന്) രാജ്യദ്രോഹകുറ്റം വ്യാജമായി ചുമത്തി യേശുവിനെ അറസ്റ്റുചെയ്തു വിചാരണയ്ക്കുശേഷം ശിക്ഷാർഥം വധിച്ചു.—മത്തായി 26:18-20, മത്തായി 26:48–27:50.
◻ ഒരു മറുവിലയായി ഉതകുന്ന യേശുവിന്റെ മരണം വിശ്വാസമുള്ള മനുഷ്യവർഗത്തെ തങ്ങളുടെ പാപപൂരിത അവസ്ഥയിൽനിന്നു വിടുവിക്കുന്നു. അങ്ങനെ, അവനിൽ വിശ്വാസം പ്രകടമാക്കുന്ന ഏവർക്കും അതു നിത്യജീവനിലേക്കു വഴി തുറക്കുന്നു.—റോമർ 3:23, 24; 1 യോഹന്നാൻ 2:2.
◻ നീസാൻ 16-ന് യേശു ഉയിർപ്പിക്കപ്പെട്ടു. അതിനുശേഷം അധികം താമസിയാതെ, തന്റെ പൂർണ മനുഷ്യജീവന്റെ മോചനവില പിതാവിനെ ഏൽപ്പിക്കുവാൻ അവൻ തിരികെ സ്വർഗത്തിലേക്ക് ആരോഹണം ചെയ്തു.—മർക്കൊസ് 16:1-8; ലൂക്കൊസ് 24:50-53; പ്രവൃത്തികൾ 1:6-9.
◻ യഹോവയുടെ നിയുക്ത രാജാവെന്ന നിലയിൽ, പുനരുത്ഥാനം പ്രാപിച്ച യേശുവിനു മനുഷ്യനെ സംബന്ധിച്ച ദൈവത്തിന്റെ ആദിമോദ്ദേശ്യം നിവർത്തിക്കാനുള്ള മുഴു അധികാരവുമുണ്ട്.—യെശയ്യാവു 9:6, 7; ലൂക്കൊസ് 1:32, 33.
അങ്ങനെ, ദൈവോദ്ദേശ്യങ്ങളുടെ പൂർത്തീകരണത്തിൽ മുഖ്യപാത്രമായി ബൈബിൾ യേശുവിനെ അവതരിപ്പിക്കുന്നു. എന്നാൽ ഇത് യഥാർഥ യേശുവാണെന്ന്—ഏതാണ്ട് 2,000 വർഷം മുമ്പു ബേത്ലഹേമിൽ ജനിച്ച, ഭൂമിയിൽ ജീവിച്ച, ചരിത്രപുരുഷനായ യേശുവാണെന്ന്—നിങ്ങൾക്കെങ്ങനെ ഉറപ്പുണ്ടായിരിക്കാനാകും?
ദൃഢവിശ്വാസത്തിന് അടിസ്ഥാനം
മുൻവിധി കൂടാതെ ക്രിസ്തീയ ഗ്രീക്കു തിരുവെഴുത്തുകൾ വായിക്കുന്നതുകൊണ്ടു മാത്രം നിരവധി സംശയങ്ങൾ ദൂരീകരിക്കാനാവും. അങ്ങനെ ചെയ്യുമ്പോൾ, പുരാവൃത്തങ്ങളിലെപ്പോലെ സംഭവങ്ങളെക്കുറിച്ചുള്ള അസ്പഷ്ട വർണനയല്ല ബൈബിൾവൃത്താന്തമെന്നു നിങ്ങൾ കണ്ടെത്തും. പ്രത്യുത, പേരുകളും നിർദിഷ്ട കാലയളവും കൃത്യമായ സ്ഥലങ്ങളും പ്രതിപാദിച്ചിരിക്കുന്നു. (ഉദാഹരണത്തിന്, ലൂക്കൊസ് 3:1, 2 കാണുക.) കൂടാതെ, അസാമാന്യ സത്യസന്ധതയുള്ളവരായി, വായനക്കാരനിൽ ആത്മവിശ്വാസം നട്ടുവളർത്തുന്ന നിഷ്കപടരായാണ് യേശുവിന്റെ ശിഷ്യന്മാരെ ചിത്രീകരിച്ചിരിക്കുന്നത്. വിശ്വസനീയമായ ഒരു വൃത്താന്തം ഉളവാക്കുന്നതിലുള്ള താത്പര്യം മുൻനിർത്തി എഴുത്തുകാർ ആരുടെയും—തങ്ങളുടെപോലും—തെറ്റുകുറ്റങ്ങൾ മറച്ചുവെച്ചില്ല. ഉവ്വ്, ബൈബിളിൽ സത്യത്തിന്റെ ധ്വനിയുള്ളതായി നിങ്ങൾ കണ്ടെത്തും.—മത്തായി 14:28-31; 16:21-23; 26:56, 69-75; മർക്കൊസ് 9:33, 34; ഗലാത്യർ 2:11-14; 2 പത്രൊസ് 1:16.
ഇത്രയുമല്ല, ഇനിയുമുണ്ട്. പുരാവസ്തുകണ്ടുപിടിത്തങ്ങൾ വീണ്ടും വീണ്ടും ബൈബിൾ വൃത്താന്തത്തെ സ്ഥിരീകരിക്കുന്നു. ഉദാഹരണത്തിന്, യെരുശലേമിലെ ഇസ്രായേൽ കാഴ്ചബംഗ്ലാവ് സന്ദർശിക്കുന്നപക്ഷം, പൊന്തിയൊസ് പീലാത്തൊസിന്റെ പേര് ആലേഖനം ചെയ്തിരിക്കുന്ന ഒരു കല്ലു നിങ്ങൾക്കു കാണാനാവും. ബൈബിളിൽ പരാമർശിച്ചിരിക്കുന്ന ലുസാന്യാസും സെർഗ്ഗ്യൊസ് പൗലൊസും യഥാർഥ വ്യക്തികളാണ്, അല്ലാതെ ആദിമ ക്രിസ്ത്യാനികൾ മെനെഞ്ഞെടുത്ത കൽപ്പിത കഥാപാത്രങ്ങളല്ല എന്നു മറ്റു ചില പുരാവസ്തുകണ്ടുപിടിത്തങ്ങൾ സ്ഥിരീകരിക്കുന്നു. ക്രിസ്തീയ ഗ്രീക്കു തിരുവെഴുത്തുകളിൽ (പുതിയ നിയമത്തിൽ) രേഖപ്പെടുത്തിയിരിക്കുന്ന സംഭവങ്ങളെ ജൂവനെൽ, ടാസിറ്റസ്, സെനിക, പ്ലിനി ദ യംഗർ, ലൂഷൻ, കെൽസസ്, യഹൂദ ചരിത്രകാരനായ ജൊസീഫസ് എന്നിവരുൾപ്പെടെയുള്ള പുരാതന എഴുത്തുകാരുടെ ഗ്രന്ഥങ്ങൾ വേണ്ടതിലധികം സ്ഥിരീകരിക്കുന്നു. a
ക്രിസ്തീയ ഗ്രീക്കു തിരുവെഴുത്തുകളിൽ നൽകിയിരിക്കുന്ന വിവരണങ്ങൾ ഒന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ആയിരങ്ങൾ നിസ്സന്ദേഹം സ്വീകരിച്ചു. യേശു പറഞ്ഞതും ചെയ്തതുമായി റിപ്പോർട്ടു ചെയ്ത സംഗതികളുടെ സത്യതയെ ക്രിസ്ത്യാനിത്വത്തിന്റെ ശത്രുക്കൾപോലും നിരാകരിച്ചില്ല. യേശുവിന്റെ മരണശേഷം ശിഷ്യന്മാർ അവന്റെ സ്വഭാവവിശേഷത്തിനു വർണപ്പൊലിമ പകർന്നിരിക്കാനുള്ള സാധ്യതയെക്കുറിച്ചു പ്രൊഫസർ എഫ്. എഫ്. ബ്രൂസ് ഇങ്ങനെ അഭിപ്രായപ്പെടുന്നു: “എന്തു സംഭവിച്ചു, എന്തു സംഭവിച്ചില്ല എന്ന് ഓർമയുള്ള, യേശുവിന്റെ ശിഷ്യന്മാരിലനേകരും ജീവിച്ചിരുന്ന ആ ആദിമ കാലങ്ങളിൽ, ചില എഴുത്തുകാർ വിചാരിക്കുന്നതുപോലെ യേശുവിന്റെ വാക്കുകളും പ്രവൃത്തികളും മെനഞ്ഞെടുക്കുക എന്നത് അത്ര എളുപ്പമായിരുന്നിരിക്കാൻ ഒരു സാധ്യതയുമില്ല. തെറ്റുകൾ കുത്തിത്തിരുകിയാൽ (മനപ്പൂർവം വസ്തുതകൾ വളച്ചൊടിക്കുന്നതിനെക്കുറിച്ച് ഒട്ടു പറയുകയുംവേണ്ട) അത് ഉടനടി വെളിച്ചത്തു കൊണ്ടുവരുവാൻ ഉറ്റുനോക്കിയിരുന്നവരുണ്ടായിരുന്ന സ്ഥിതിക്ക് അങ്ങനെ ചെയ്യുന്നതിനെക്കുറിച്ചു ശിഷ്യന്മാർക്കു ചിന്തിക്കാൻപോലും കഴിയുകയില്ലായിരുന്നു.”
അവർ വിശ്വസിക്കാഞ്ഞതിനു കാരണം
എന്നാൽ, ചില പണ്ഡിതന്മാർ സന്ദേഹികളായി തുടർന്നു. ബൈബിൾ വൃത്താന്തങ്ങൾ കാൽപ്പനികമാണെന്ന് ഊഹിക്കവേ അവർ സോത്സാഹം ഉത്തര കാനോനിക ഗ്രന്ഥങ്ങളെ പരിശോധിക്കുകയും വിശ്വാസയോഗ്യമായി അംഗീകരിക്കുകയും ചെയ്യുന്നു! എന്തുകൊണ്ട്? ഒട്ടേറെ ആധുനിക ബുദ്ധിജീവികൾ വിശ്വസിക്കാനാഗ്രഹിക്കാത്ത കാര്യങ്ങൾ ബൈബിൾ വൃത്താന്തത്തിൽ അടങ്ങിയിരിക്കുന്നതുകൊണ്ടാണെന്നു വ്യക്തം.
1871-ൽ പ്രസിദ്ധീകരിച്ച തന്റെ ദി യൂണിയൻ ബൈബിൾ കംപാനിയനിൽ എസ്. ഓസ്റ്റിൻ അലിബോൺ സന്ദേഹികൾക്കു മുന്നിൽ ഒരു വെല്ലുവിളി ഉയർത്തി.
അദ്ദേഹം എഴുതി: “സുവിശേഷ ചരിത്രത്തിന്റെ സത്യതയെ സംശയിക്കുന്ന ഏവനോടും സീസർ കാപ്പിറേറാളിലാണു മരിച്ചതെന്ന് അല്ലെങ്കിൽ 800-ൽ കാറൽമാൻ ചക്രവർത്തിയെ ലിയോ III-ാമൻ പാപ്പാ പടിഞ്ഞാറിന്റെ ചക്രവർത്തിയായി കിരീടധാരണം നടത്തിയെന്നു വിശ്വസിക്കാൻ അയാൾക്ക് എന്തു കാരണമാണ് ഉള്ളത് എന്നു ചോദിക്കുക . . . ഈ മനുഷ്യരെക്കുറിച്ചു നടത്തുന്ന സകല പ്രസ്താവനകളും . . . നാം വിശ്വസിക്കുന്നു; എന്തെന്നാൽ അവയുടെ സത്യത സംബന്ധിച്ചു നമുക്കു ചരിത്രപരമായ തെളിവുണ്ട്. . . . ഇതുപോലുള്ള തെളിവു നൽകിയിട്ടും ആരെങ്കിലും വിശ്വസിക്കാൻ വിസമ്മതിക്കുന്നുവെങ്കിൽ അങ്ങനെയുള്ളവരെ മുരടത്തമുള്ള മഠയന്മാരായി അല്ലെങ്കിൽ ആശയ്ക്കു വകയില്ലാത്ത വിവരദോഷികളായി നാം ഉപേക്ഷിക്കുന്നു. അപ്പോൾ, വിശുദ്ധ തിരുവെഴുത്തുകളുടെ പ്രാമാണികത സംബന്ധിച്ചു വേണ്ടത്ര തെളിവുകൾ നിരത്തിയിട്ടും തങ്ങൾക്കു ബോധ്യപ്പെട്ടില്ലെന്ന് അവകാശപ്പെടുന്നവരെക്കുറിച്ചു നാം എന്താണു പറയേണ്ടത്? . . . തങ്ങളുടെ ദുരഭിമാനം താഴ്ത്തുകയും വ്യത്യസ്ത ജീവിതം നയിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്ന ഒന്നു വിശ്വസിക്കാൻ അവർ ആഗ്രഹിക്കുന്നില്ല.”അതേ, ചില സന്ദേഹികൾ ക്രിസ്തീയ ഗ്രീക്കു തിരുവെഴുത്തുകൾ നിരാകരിക്കുന്നതു ഗൂഢചിന്താഗതിയോടെയാണ്. അവരുടെ കാര്യത്തിൽ വിശ്വാസ്യതയല്ല പ്രശ്നം. മറിച്ച്, അതിന്റെ പ്രമാണങ്ങളാണ്. ഉദാഹരണത്തിന്, യേശു തന്റെ അനുഗാമികളോടു പറഞ്ഞു: “ഞാൻ ലോകത്തിന്റെ ഭാഗമല്ലാത്തതുപോലെ അവരും ലോകത്തിന്റെ ഭാഗമല്ല.” (യോഹന്നാൻ 17:14, NW) എന്നാൽ, ക്രിസ്ത്യാനികളെന്ന് അവകാശപ്പെടുന്ന നിരവധിയാളുകൾ ഈ ലോകത്തിന്റെ രാഷ്ട്രീയ കാര്യങ്ങളിൽ മുഴുകിയിരിക്കുകയാണ്, രക്തപങ്കില യുദ്ധങ്ങളിൽ ഏർപ്പെട്ടുകൊണ്ടുപോലും. ബൈബിൾപ്രമാണങ്ങളുമായി ഒത്തുപോകുന്നതിനു പകരം ബൈബിൾ തങ്ങളുടെ പ്രമാണങ്ങളുമായി ഒത്തുപോകാൻ അനേകരും ആഗ്രഹിക്കുന്നു.
ധാർമികതയുടെ കാര്യവും പരിചിന്തിക്കുക. ദുർന്നടപ്പ് ആചരിക്കുന്നതു വെച്ചുപൊറുപ്പിക്കുന്നുവെന്ന കാരണത്താൽ തുയഥൈര സഭയെ യേശു ശക്തമായി ഗുണദോഷിച്ചു. “ഞാൻ ഉൾപൂവുകളെയും [“വൃക്കകളെയും,” NW] ഹൃദയങ്ങളെയും ആരായുന്നവൻ . . . നിങ്ങളുടെ പ്രവൃത്തിക്കു തക്കവണ്ണം ഞാൻ നിങ്ങൾക്കു ഏവർക്കും പകരം ചെയ്യും,” അവൻ അവരോടു പറഞ്ഞു. b (വെളിപ്പാടു 2:18-23) എങ്കിലും ക്രിസ്ത്യാനികളെന്ന് അവകാശപ്പെടുന്ന അനേകർ ധാർമിക നിലവാരങ്ങളെ തൂത്തെറിയുന്നുവെന്നതു വാസ്തവമല്ലേ? തങ്ങളുടെ അധാർമിക നടത്ത പരിത്യജിക്കുന്നതിനുപകരം യേശു പറഞ്ഞതു പരിത്യജിക്കാനായിരിക്കും അവർക്കു താത്പര്യം.
ബൈബിളിലെ യേശുവിനെ അംഗീകരിക്കാതിരിക്കാൻ പ്രവണതകാട്ടുന്ന പണ്ഡിതന്മാർ തങ്ങളുടെ ഭാവനയ്ക്കൊത്ത ഒരു യേശുവിനെ മെനഞ്ഞെടുത്തിരിക്കുന്നു. സുവിശേഷ എഴുത്തുകാരെ വ്യാജമായി കുറ്റപ്പെടുത്തുന്ന കെട്ടുകഥകൾ ഉണ്ടാക്കിയെടുക്കുന്നതിന്റെ പാപം അവർക്കുണ്ട്. യേശുവിന്റെ ജീവിതവുമായി ബന്ധപ്പെട്ടു തങ്ങൾ സ്വീകരിക്കാനാഗ്രഹിക്കുന്ന ഭാഗം അവർ മുറുകെപ്പിടിച്ചിട്ടു ശേഷം ഭാഗം
തള്ളിക്കളയുന്നു. എന്നിട്ട്, തങ്ങളുടേതായ വിശദാംശങ്ങൾ അതിനോടു കൂട്ടിച്ചേർക്കുന്നു. വാസ്തവത്തിൽ, അവരുടെ അലഞ്ഞുതിരിഞ്ഞു നടക്കുന്ന യോഗീവര്യൻ അല്ലെങ്കിൽ സാമൂഹിക പരിഷ്കർത്താവ്, അവർ തേടിക്കൊണ്ടിരിക്കുന്നതായി അവകാശപ്പെടുന്ന ചരിത്രപുരുഷനായ യേശു അല്ല; പ്രത്യുത, അവരുടെ യേശു, ഗർവിഷ്ഠമായ പണ്ഡിത ചിന്താഗതിയുടെ ഒരു ഭാവനാസൃഷ്ടി മാത്രമാണ്.യഥാർഥ യേശുവിനെ കണ്ടെത്തൽ
സത്യത്തിനും നീതിക്കുംവേണ്ടി ആത്മാർഥ വിശപ്പുള്ളവരുടെ ഹൃദയങ്ങളെ തൊട്ടുണർത്താൻ യേശു ശ്രമിച്ചു. (മത്തായി 5:3, 6; 13:10-15) അത്തരക്കാർ യേശുവിന്റെ ഈ ക്ഷണത്തോടു പ്രതികരിക്കുന്നു: “അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ, എല്ലാവരും എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും. ഞാൻ സൌമ്യതയും താഴ്മയും ഉള്ളവൻ ആകയാൽ എന്റെ നുകം ഏററുകൊണ്ടു എന്നോടു പഠിപ്പിൻ; എന്നാൽ നിങ്ങളുടെ ആത്മാക്കൾക്കു ആശ്വാസം കണ്ടെത്തും. എന്റെ നുകം മൃദുവും എന്റെ ചുമടു ലഘുവും ആകുന്നു.”—മത്തായി 11:28-30.
ആധുനിക പണ്ഡിതന്മാർ എഴുതിവിടുന്ന ഗ്രന്ഥങ്ങളിലല്ല യഥാർഥ യേശുവിനെ കണ്ടെത്താനാവുക; മനുഷ്യനിർമിത പാരമ്പര്യങ്ങളുടെ വിളനിലമായിത്തീർന്നിരിക്കുന്ന ക്രൈസ്തവലോകത്തിലും അവനെ കണ്ടെത്താനാവില്ല. നിങ്ങളുടെ പക്കലുള്ള ബൈബിളിന്റെ പ്രതിയിൽ ചരിത്രപുരുഷനായ യേശുവിനെ നിങ്ങൾക്കു കണ്ടെത്താനാവും. അവനെക്കുറിച്ചു കൂടുതലറിയാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ? നിങ്ങളെ അതിനു സഹായിക്കുന്നതിൽ യഹോവയുടെ സാക്ഷികൾക്കു സന്തോഷമേയുള്ളൂ.
[അടിക്കുറിപ്പുകൾ]
a കൂടുതൽ വിവരങ്ങൾക്കു വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാകറ്റ് സൊസൈറ്റി പ്രസിദ്ധീകരിച്ചിരിക്കുന്ന ബൈബിൾ—ദൈവത്തിന്റെ വചനമോ അതോ മനുഷ്യന്റേതോ? (ഇംഗ്ലീഷ്) എന്ന പുസ്തകത്തിന്റെ 5-ാം അധ്യായം, 55-70 പേജുകൾ കാണുക.
b ബൈബിളിൽ, ചിലപ്പോഴെല്ലാം വൃക്കകൾ ഒരുവന്റെ ആഴമായ ചിന്തകളെയും വികാരങ്ങളെയും പ്രതിനിധാനം ചെയ്യുന്നു.
[6-ാം പേജിലെ ചതുരം]
വിമർശനത്തിന്റെ നൂറ്റാണ്ടുകൾ
ക്രിസ്തീയ ഗ്രീക്കു തിരുവെഴുത്തുകളുടെ വിമർശനത്തിനു വേരുമുളച്ചത്, 200-ലധികം വർഷം മുമ്പ് ഹെർമാൻ സാമുവെൽ റൈമാറുസ് (1694-1768) എന്ന ജർമൻ തത്ത്വചിന്തകൻ ഇങ്ങനെ ഉറപ്പിച്ചു പറഞ്ഞതോടെയാണ്: “തങ്ങളുടെ ലേഖനങ്ങളിലെ അപ്പോസ്തലന്മാരുടെ പഠിപ്പിക്കലും യേശു തന്റെ ജീവിതകാലത്തു പ്രഘോഷിക്കുകയും പഠിപ്പിക്കുകയും ചെയ്ത കാര്യങ്ങളും തമ്മിൽ പരിപൂർണമായ അന്തരം കൽപ്പിക്കുന്നതിൽ ഞങ്ങൾക്കു ന്യായമുണ്ട്.” റൈമാറുസിന്റെ കാലംമുതൽ, സമാനമായ വിധത്തിൽ ചിന്തിക്കാൻ നിരവധി പണ്ഡിതന്മാർ പഠിപ്പിക്കപ്പെട്ടിരിക്കുന്നു.
മുൻകാലങ്ങളിൽ അനേകം വിമർശകരും തങ്ങൾ വിശ്വാസത്യാഗികളാണെന്നു കരുതിയിരുന്നില്ലെന്ന് യഥാർഥ യേശു (ഇംഗ്ലീഷ്) എന്ന പുസ്തകം പ്രസ്താവിക്കുന്നു. മറിച്ച്, “സിദ്ധാന്തത്തിന്റെയും അന്ധവിശ്വാസത്തിന്റെയും ചങ്ങലകളിൽനിന്നു മോചിതരായ യഥാർഥ ക്രിസ്ത്യാനികളായി അവർ സ്വയം കരുതി.” അതികൃത്തിപ്പ് “ക്രിസ്ത്യാനിത്വത്തിന്റെ ശുദ്ധീകരിക്കപ്പെട്ട രൂപ”മായി അവർ വിചാരിച്ചു.
ക്രിസ്ത്യാനിത്വം മനുഷ്യനിർമിത പാരമ്പര്യങ്ങളുടെ വിളനിലമായിത്തീർന്നിരിക്കുന്നു എന്നതാണു ദുഃഖകരമായ വസ്തുത. അമർത്ത്യദേഹി, ത്രിത്വം, അഗ്നിനരകം എന്നീ ഉപദേശങ്ങളെല്ലാം ബൈബിളിനു വിരുദ്ധമായ ഏതാനും ചില പഠിപ്പിക്കലുകൾ മാത്രമാണ്. എന്നാൽ സത്യത്തെ ഈ വിധത്തിൽ ദുഷിപ്പിച്ചതിനു ക്രിസ്തീയ ഗ്രീക്കു തിരുവെഴുത്തുകളുടെ എഴുത്തുകാർ ഉത്തരവാദികളായിരുന്നില്ല. നേരേമറിച്ച്, ഒന്നാം നൂറ്റാണ്ടിന്റെ മധ്യത്തിൽ വ്യാജപഠിപ്പിക്കലുകളുടെ ആദ്യ കണങ്ങൾക്കെതിരെ അവർ പോരാടി. ക്രിസ്ത്യാനികളെന്ന് അവകാശപ്പെടുന്നവരുടെയിടയിൽ വിശ്വാസത്യാഗം “ഇപ്പോഴെ വ്യാപരിക്കുന്നുണ്ടു” എന്നു പൗലൊസ് അന്നെഴുതി. (2 തെസ്സലൊനീക്യർ 2:3, 7) ക്രിസ്തീയ ഗ്രീക്കു തിരുവെഴുത്തുകളിൽ അടങ്ങിയിരിക്കുന്നതു ചരിത്രപരവും ഉപദേശപരവുമായ വൃത്താന്തമാണെന്നു നമുക്ക് ഉറപ്പുള്ളവരായിരിക്കാവുന്നതാണ്.
[7-ാം പേജിലെ ചതുരം]
സുവിശേഷങ്ങൾ എഴുതപ്പെട്ടത് എന്ന്?
സുവിശേഷങ്ങൾ എഴുതപ്പെട്ടത് അവയിൽ വിവരിച്ചിരിക്കുന്ന സംഭവങ്ങൾ നടന്നു വളരെക്കാലം കഴിഞ്ഞാണെന്നും തന്മൂലം പിശകുകൾ കടന്നുകൂടാൻ സകല സാധ്യതകളുമുണ്ടെന്നും പുതിയ നിയമത്തെ വിമർശിക്കുന്ന പലരും ഉറപ്പിച്ചു പറയുന്നു.
എന്നാൽ മത്തായി, മർക്കൊസ്, ലൂക്കൊസ് എന്നിവ നേരത്തെ എഴുതപ്പെട്ടതായി തെളിവുകൾ സൂചിപ്പിക്കുന്നു. മത്തായിയുടെ സുവിശേഷത്തിന്റെ ചില കയ്യെഴുത്തുപ്രതികളിലെ ചുവടെഴുത്തു സൂചിപ്പിക്കുന്നതനുസരിച്ച് അതിന്റെ മൂലലേഖനം പൊ. യു. 41-ഓടെ എഴുതപ്പെട്ടു. ലൂക്കൊസ്, പൊ. യു. 66-നും 58-നുമിടയ്ക്ക് എഴുതപ്പെട്ടിരിക്കാനാണു സാധ്യത. കാരണം പ്രവൃത്തികളുടെ പുസ്തകത്തിന്റെ (സാധ്യതയനുസരിച്ച് പൊ. യു. 61-ഓടെ എഴുത്തു പൂർത്തിയായി) എഴുത്തുകാരനായ ലൂക്കൊസ് “ഒന്നാമത്തെ ചരിത്രം,” അതായത് സുവിശേഷം, നേരത്തെതന്നെ എഴുതിയതായി അതു സൂചിപ്പിക്കുന്നു. (പ്രവൃത്തികൾ 1:1) മർക്കൊസിന്റെ സുവിശേഷം, പൗലൊസ് അപ്പോസ്തലന്റെ ആദ്യത്തെ അല്ലെങ്കിൽ രണ്ടാമത്തെ കാരാഗൃഹവാസക്കാലത്ത്—സാധ്യതയനുസരിച്ചു പൊ. യു. 60-നും 65-നുമിടയ്ക്ക്—എഴുതപ്പെട്ടതായി കരുതിപ്പോരുന്നു.
സുവിശേഷങ്ങൾ നേരത്തെ എഴുതപ്പെട്ടതാണെന്നുള്ളതിനോടു പ്രൊഫസർ ക്രേഗ് ബ്ലോംബെർഗ് യോജിക്കുന്നു. ഒന്നാം നൂറ്റാണ്ടിന്റെ അവസാനം എഴുതപ്പെട്ട യോഹന്നാന്റെ സുവിശേഷം ചേർത്താലും “പല പുരാതന ജീവചരിത്രങ്ങളോടുമുള്ള താരതമ്യത്തിൽ, നാം അപ്പോഴും യഥാർഥ സംഭവങ്ങൾ നടന്ന കാലഘട്ടത്തിന് ഏറെ സമീപമാണ്” എന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. ഉദാഹരണത്തിന്, മഹാനായ അലക്സാണ്ടറിന്റെ ജീവചരിത്ര ഗ്രന്ഥകർത്താക്കളിൽ ആദ്യത്തെ രണ്ടുപേരായ ആരിയനും പ്ലൂട്ടാർക്കും അതെഴുതിയത് ബി. സി. (ക്രിസ്തുവിനുമുമ്പ്) 323-ൽ അലക്സാണ്ടർ മരിച്ച് നാനൂറിലധികം വർഷങ്ങൾക്കുശേഷമായിരുന്നു. എന്നിട്ടും ചരിത്രകാരന്മാർ പൊതുവേ അവരെ വിശ്വാസയോഗ്യരായി പരിഗണിക്കുന്നു. കാലത്തിന്റെ കുത്തൊഴുക്കിൽ, അലക്സാണ്ടറിന്റെ ജീവിതത്തെപ്പറ്റി നിറംപിടിപ്പിച്ച കഥകൾ വികാസംപ്രാപിക്കുകയുണ്ടായി. എന്നാൽ അവയിൽ മിക്കതും ആ രണ്ടു ഗ്രന്ഥകാരന്മാർക്കും ശേഷം പല നൂറ്റാണ്ടുകളിലൂടെയാണു രംഗപ്രവേശം ചെയ്തത്.” തീർച്ചയായും, ക്രിസ്തീയ ഗ്രീക്കു തിരുവെഴുത്തുകളുടെ ചരിത്രഭാഗങ്ങൾ ചുരുങ്ങിയപക്ഷം ലൗകിക ചരിത്രങ്ങളുടെയത്രയെങ്കിലും വിശ്വാസയോഗ്യമാണ്.
[8-ാം പേജിലെ ചിത്രം]
വരാനിരിക്കുന്ന ഭൗമികപറുദീസയിൽ സകലരും അത്യന്തം സന്തുഷ്ടരായിരിക്കും