ക്ഷമ രക്ഷയ്ക്കു വഴി തുറക്കുന്നു
അവർ യഹോവയുടെ ഹിതം ചെയ്തു
ക്ഷമ രക്ഷയ്ക്കു വഴി തുറക്കുന്നു
ഈജിപ്തിലെ പ്രധാനമന്ത്രിയുടെ മുന്നിൽ നിന്നിരുന്ന യാക്കോബിന്റെ പത്തു പുത്രന്മാർ ഒരു ഭയങ്കര രഹസ്യം മറച്ചു വെച്ചിരുന്നു. തങ്ങളുടെ അർധ സഹോദരനായ യോസേഫ് ഒരു വന്യമൃഗത്താൽ കൊല്ലപ്പെട്ടെന്നു പിതാവിനോടു പറയാമെന്നു തീരുമാനിച്ചുകൊണ്ട്, വർഷങ്ങൾക്കു മുമ്പ് അവർ യോസേഫിനെ അടിമത്തത്തിലേക്കു വിറ്റിരുന്നു.—ഉല്പത്തി 37:18-35.
ഇപ്പോൾ, ഏതാണ്ട് 20 വർഷം കഴിഞ്ഞ്, കടുത്ത ക്ഷാമം നിമിത്തം ധാന്യം വാങ്ങാനായി ഈജിപ്തിലേക്കു വരാൻ ഈ പുരുഷന്മാർ നിർബന്ധിതരായി. എന്നാൽ കാര്യങ്ങൾ സുഗമമായി നീങ്ങിയില്ല. ഭക്ഷ്യ കാര്യവിചാരക സ്ഥാനവും കൂടി വഹിച്ചിരുന്ന പ്രധാനമന്ത്രി, അവർ ചാരന്മാർ ആണെന്ന് ആരോപിച്ചു. അവൻ അവരിൽ ഒരുവനെ തടവിലാക്കി. ശേഷിക്കുന്നവരോട്, വീട്ടിൽ പോയി അവരുടെ ഏറ്റവും ഇളയ സഹോദരനായ ബെന്യാമീനെയും കൂട്ടി മടങ്ങിവരാൻ ആവശ്യപ്പെട്ടു. അവർ അങ്ങനെ ചെയ്തപ്പോൾ, ബെന്യാമീൻ തടവിൽ ആക്കപ്പെടാൻ തക്കവണ്ണം പ്രധാനമന്ത്രി ഒരു പദ്ധതി ആസൂത്രണം ചെയ്തു.—ഉല്പത്തി 42:1–44:12.
യാക്കോബിന്റെ പുത്രന്മാരിൽ ഒരുവനായ യഹൂദ അതിൽ പ്രതിഷേധിച്ചു. ‘ബെന്യാമീൻ കൂടെയില്ലാതെ താൻ അപ്പന്റെ അടുക്കൽ ചെന്നാൽ അവൻ മരിച്ചുപോകും’ എന്ന് യഹൂദ പറഞ്ഞു. അപ്പോൾ, യഹൂദയോ അവന്റെ സഹയാത്രികരോ പ്രതീക്ഷിക്കാഞ്ഞ ഒരു സംഗതി സംഭവിച്ചു. യാക്കോബിന്റെ പുത്രന്മാർ ഒഴികെ എല്ലാവരോടും മുറിവിട്ടു പുറത്തുപോകാൻ ആജ്ഞാപിച്ച ശേഷം പ്രധാനമന്ത്രി ഉച്ചത്തിൽ കരഞ്ഞു. എന്നിട്ട്, തന്റെ സമചിത്തത വീണ്ടെടുത്തുകൊണ്ട് അവൻ പറഞ്ഞു: “ഞാൻ യോസേഫ് ആകുന്നു.”—ഉല്പത്തി 44:18–45:3.
കരുണയും വിടുതലും
“എന്റെ അപ്പൻ ജീവനോടിരിക്കുന്നുവോ”? എന്ന് യോസേഫ് തന്റെ അർധ സഹോദരന്മാരോടു ചോദിച്ചു. അവർ ഒരു മറുപടിയും പറഞ്ഞില്ല. അവർ ആകെ അന്ധാളിച്ചുപോയി എന്നതിനു സംശയമില്ല. അവർ ആനന്ദംകൊണ്ടു തുള്ളിച്ചാടണോ അതോ പേടിച്ചു വിറയ്ക്കണോ? ഏതായാലും 20 വർഷം മുമ്പ് അവർ ഈ മനുഷ്യനെ അടിമത്തത്തിലേക്കു വിറ്റതായിരുന്നല്ലോ. അവരെ തടവിലാക്കാനോ ധാന്യം നൽകാതെ വീട്ടിലേക്കു പറഞ്ഞയക്കാനോ, വധിക്കാൻ പോലുമോ ഉള്ള അധികാരം യോസേഫിന് ഉണ്ടായിരുന്നു! അവന്റെ അർധ സഹോദരന്മാർ “അവന്റെ സന്നിധിയിൽ ഭ്രമിച്ചുപോ”കുകയും “അവനോടു ഉത്തരം പറവാൻ അവർക്കു കഴി”യാതാവുകയും ചെയ്തതിൽ അതിശയിക്കാനില്ല.—ഉല്പത്തി 45:3.
യോസേഫ് പെട്ടെന്നുതന്നെ അവരെ ശാന്തരാക്കി. “ദയവായി എന്റെ അടുത്തേക്കു വരൂ,” [NW] എന്ന് അവൻ പറഞ്ഞു. അവർ അനുസരിച്ചു. അപ്പോൾ അവൻ പറഞ്ഞതു: “നിങ്ങൾ മിസ്രയീമിലേക്കു വിററുകളഞ്ഞ നിങ്ങളുടെ സഹോദരൻ യോസേഫ് ആകുന്നു ഞാൻ. എന്നെ ഇവിടെ വിററതുകൊണ്ടു നിങ്ങൾ വ്യസനിക്കേണ്ടാ, വിഷാദിക്കയും വേണ്ടാ; ജീവരക്ഷക്കായി ദൈവം എന്നെ നിങ്ങൾക്കു മുമ്പെ അയച്ചതാകുന്നു.”—ഉല്പത്തി 45:4, 5.
യോസേഫ് കരുണ കാട്ടിയത് അടിസ്ഥാന രഹിതമായിട്ട് ആയിരുന്നില്ല. അവരുടെ അനുതാപത്തിന്റെ തെളിവുകൾ അവൻ അപ്പോൾത്തന്നെ നിരീക്ഷിച്ചു കഴിഞ്ഞിരുന്നു. ദൃഷ്ടാന്തത്തിന്, തന്റെ അർധ സഹോദരന്മാർ ചാരന്മാരാണെന്ന് യോസേഫ് ആരോപിച്ചപ്പോൾ അവർ തമ്മിൽ പിൻവരുന്ന പ്രകാരം പറയുന്നത് അവർ അറിയാതെ അവൻ കേട്ടു: “‘സത്യത്തിൽ നമ്മുടെ സഹോദരന്റെ കാര്യത്തിൽ നാം കുററക്കാരാണ്. . . . അതുകൊണ്ടാണ് നാം ഇപ്പോൾ ഇങ്ങനെ കഷ്ടപ്പെടേണ്ടിവന്നത്.” (ഉല്പത്തി 42:21, ഓശാന ബൈബിൾ) കൂടാതെ, ബെന്യാമീനു പിതാവിന്റെ അടുത്തേക്കു മടങ്ങിപ്പോകാൻ കഴിയേണ്ടതിന് അവന്റെ സ്ഥാനത്ത് താൻ ഒരു അടിമ ആയിക്കൊള്ളാമെന്ന് യഹൂദാ പറഞ്ഞിരുന്നു.—ഉല്പത്തി 44:33, 34.
അതുകൊണ്ട്, കരുണ കാട്ടിയതിൽ യോസേഫ് നീതീകരിക്കപ്പെട്ടു. തീർച്ചയായും, അപ്രകാരം ചെയ്യുന്നത് തന്റെ മുഴു കുടുംബത്തിന്റെയും രക്ഷയിൽ കലാശിക്കുമെന്ന് അവൻ മനസ്സിലാക്കി. അതുകൊണ്ട്, തങ്ങളുടെ പിതാവായ യാക്കോബിന്റെ അടുക്കൽ മടങ്ങിച്ചെന്ന് ഇപ്രകാരം പറയാൻ യോസേഫ് തന്റെ അർധ സഹോദരന്മാരോടു പറഞ്ഞു: “നിന്റെ മകനായ യോസേഫ് ഇപ്രകാരം പറയുന്നു: ദൈവം എന്നെ മിസ്രയീമിന്നൊക്കെയും അധിപതിയാക്കിയിരിക്കുന്നു; നീ താമസിയാതെ എന്റെ അടുക്കൽ വരേണം. നീ ഗോശെൻദേശത്തു പാർത്തു എനിക്കു സമീപമായിരിക്കും; നീയും മക്കളും മക്കളുടെ മക്കളും നിന്റെ ആടുകളും കന്നുകാലികളും നിനക്കുള്ളതൊക്കെയും തന്നേ. . . . ഞാൻ അവിടെ നിന്നെ പോഷിപ്പിക്കും.”—ഉല്പത്തി 45:9-11.
വലിയ യോസേഫ്
യേശുക്രിസ്തുവിനെ വലിയ യോസേഫ് എന്നു വിളിക്കാൻ കഴിയും. കാരണം ഇരുവർക്കും തമ്മിൽ പ്രവൃത്തികൾ 2:14, 29, 37 താരതമ്യം ചെയ്യുക.) കൂടാതെ, അവർ ഇരുവരുടെയും അവസ്ഥയ്ക്ക് അസാധാരണമായ മാറ്റങ്ങൾ ഉണ്ടായി. ഒരു അടിമ ആയിരുന്ന യോസേഫ് കാലക്രമത്തിൽ പ്രധാനമന്ത്രിയായി മാറി, ഫറവോൻ കഴിഞ്ഞാൽ തൊട്ടടുത്ത സ്ഥാനമായിരുന്നു അത്. സമാനമായി, യഹോവ യേശുവിനെ മരിച്ചവരുടെ ഇടയിൽനിന്ന് എഴുന്നേൽപ്പിച്ച് ഉന്നത സ്ഥാനത്തേക്ക്, ‘ദൈവത്തിന്റെ വലത്തുഭാഗ’ത്തേക്ക് ഉയർത്തി.—പ്രവൃത്തികൾ 2:33; ഫിലിപ്പിയർ 2:9-11.
ശ്രദ്ധേയമായ സാമ്യങ്ങൾ ഉണ്ട്. യോസേഫിനെപ്പോലെ യേശുവും തന്റെ സഹോദരന്മാരാൽ, അബ്രാഹാമിൽ നിന്നു ജനിച്ച തന്റെ സഹസന്തതികളാൽ, ദ്രോഹിക്കപ്പെട്ടു. (ധാന്യം വാങ്ങാൻ ഈജിപ്തിൽ എത്തിയ എല്ലാവർക്കും ആഹാരം നൽകാൻ പ്രധാനമന്ത്രി എന്ന നിലയിൽ യേസേഫിന് കഴിഞ്ഞു. ഇന്ന്, വലിയ യോസേഫായ യേശു ഭൂമിയിലെ വിശ്വസ്തനും വിവേകിയുമായ ഒരു അടിമ വർഗത്തിലൂടെ “തക്കസമയത്ത്” ആത്മീയ ആഹാരം പ്രദാനം ചെയ്യുന്നു. (മത്തായി 24:45-47; ലൂക്കൊസ് 12:42-44; NW) തീർച്ചയായും യേശുവിന്റെ അടുത്തു വരുന്നവർക്ക് “വിശക്കയില്ല ദാഹിക്കയും ഇല്ല; . . . സിംഹാസനത്തിന്റെ മദ്ധ്യേ ഉള്ള കുഞ്ഞാടു അവരെ മേച്ചു ജീവജലത്തിന്റെ ഉറവുകളിലേക്കു നടത്തുകയും ദൈവം താൻ അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളകയും ചെയ്യും.”—വെളിപ്പാടു 7:16, 17.
നമുക്കുള്ള പാഠം
കരുണ കാണിക്കുന്നതിൽ ഒരു വിശിഷ്ട ദൃഷ്ടാന്തമാണ് യോസേഫ്. കർക്കശമായ നീതി അനുസരിച്ചാണെങ്കിൽ, തന്നെ അടിമത്തത്തിലേക്കു വിറ്റവരെ അവൻ ശിക്ഷിക്കണമായിരുന്നു. ഇനി അതിന്റെ മറുവശം എടുത്താൽ, അവരുടെ ലംഘനം വെറുതെ അവഗണിച്ചുതള്ളാൻ വികാരാർദ്രത അവനെ പ്രേരിപ്പിക്കാമായിരുന്നു. യോസേഫ് അതിനു രണ്ടിനും വഴിപ്പെട്ടില്ല. പകരം, തന്റെ അർധ സഹോദരന്മാർക്ക് അനുതാപം ഉണ്ടോയെന്ന് അവൻ പരീക്ഷിച്ചുനോക്കി. എന്നിട്ട്, അവരുടെ ദുഃഖം യഥാർഥമാണെന്നു കണ്ടപ്പോൾ അവൻ അവരോടു ക്ഷമിച്ചു.
നമുക്കു യോസേഫിനെ അനുകരിക്കാൻ കഴിയും. നമുക്ക് എതിരെ പാപം ചെയ്ത ഒരുവൻ യഥാർഥ മനംമാറ്റം പ്രകടിപ്പിക്കുമ്പോൾ നാം ക്ഷമിക്കണം. തീർച്ചയായും, കടുത്ത ദുഷ്പ്രവൃത്തിയുടെ കാര്യത്തിൽ വികാരങ്ങൾ നമ്മെ അന്ധരാക്കാൻ നാം ഒരിക്കലും അനുവദിക്കരുത്. അതേസമയം, യഥാർഥ അനുതാപ പ്രകടനങ്ങൾ കാണാതിരിക്കാൻ നമ്മെ പ്രേരിപ്പിക്കാൻ നീരസത്തെ നാം അനുവദിക്കാനും പാടില്ല. അതുകൊണ്ട് നമുക്ക് ‘അന്യോന്യം സഹിക്കുകയും അന്യോന്യം സൗജന്യമായി ക്ഷമിക്കുകയും ചെയ്യുന്നതിൽ തുടരാം.’ (കൊലൊസ്സ്യർ 3:13, NW) അപ്രകാരം ചെയ്യുമ്പോൾ, “ക്ഷമിക്കാൻ ഒരുക്കമുള്ള” നമ്മുടെ ദൈവമായ യഹോവയെ നാം അനുകരിക്കുക ആയിരിക്കും.—സങ്കീർത്തനം 86:5, NW; മീഖാ 7:18, 19.