ജെറോം—ബൈബിൾ പരിഭാഷയിൽ പുതിയൊരു കീഴ്വഴക്കം സൃഷ്ടിച്ച വിവാദപുരുഷൻ
ജെറോം—ബൈബിൾ പരിഭാഷയിൽ പുതിയൊരു കീഴ്വഴക്കം സൃഷ്ടിച്ച വിവാദപുരുഷൻ
ലത്തീനിലെ വൾഗേറ്റിനെ “[കത്തോലിക്കാ] സഭ അംഗീകരിക്കുന്നു . . . ആരും അതു തള്ളിക്കളയാൻ ധൈര്യപ്പെടരുത്, അല്ലെങ്കിൽ എന്തിനെയെങ്കിലും ഒരു മറയായി ഉപയോഗിച്ചുകൊണ്ട് അങ്ങനെ ചെയ്യാൻ ഒരുമ്പെടരുത്” എന്ന് 1546 ഏപ്രിൽ 8-ന് ട്രെന്റിൽ ചേർന്ന സുന്നഹദോസ് കൽപ്പിക്കുകയുണ്ടായി. ആയിരത്തിലധികം വർഷം മുമ്പാണ് വൾഗേറ്റ് പൂർത്തിയായതെങ്കിലും, അതിനെയും അതിന്റെ വിവർത്തകനായ ജെറോമിനെയും കുറിച്ചുള്ള വിവാദം ദീർഘകാലം നീണ്ടുനിന്നു. ആരായിരുന്നു ജെറോം? അദ്ദേഹത്തെയും അദ്ദേഹത്തിന്റെ ബൈബിൾ വിവർത്തനത്തെയും കുറിച്ച് വിവാദം ഉയർന്നുവന്നത് എന്തുകൊണ്ട്? അദ്ദേഹത്തിന്റെ പരിഭാഷ ആധുനിക ബൈബിൾ പരിഭാഷയെ എങ്ങനെ സ്വാധീനിക്കുന്നു?
ഒരു പണ്ഡിതൻ പിറക്കുന്നു
ജെറോമിന്റെ ലത്തീൻ പേര് യൂസേബിയസ് ഹൈറോനിമസ് എന്നായിരുന്നു. പൊ.യു. 346-നോടടുത്ത്, ഇന്ന് ഇറ്റലി-സ്ലോവേനിയ അതിർത്തിക്ക് അടുത്തുള്ള റോമൻ പ്രവിശ്യ ആയ ദാൽമേഷിയയിലെ സ്ട്രിദോനിലാണ് അദ്ദേഹം ജനിച്ചത്. a മാതാപിതാക്കൾ താരതമ്യേന ധനികർ ആയിരുന്നതിനാൽ, ചെറുപ്പത്തിലേ സമ്പത്തിന്റെ പ്രയോജനങ്ങൾ അനുഭവിച്ചറിഞ്ഞ അദ്ദേഹം പുകഴ്പെറ്റ വൈയാകരണനായ ദൊനാട്ടസിന്റെ കീഴിൽ റോമിൽവെച്ച് വിദ്യാഭ്യാസം നേടി. വ്യാകരണം, രചനാവൈഭവം, തത്ത്വശാസ്ത്രം എന്നിവയിൽ ജെറോം അതിസമർഥൻ ആയിരുന്നു. ആ കാലഘട്ടത്തിൽ അദ്ദേഹം ഗ്രീക്ക് പഠിക്കാനും തുടങ്ങി.
പൊ.യു. 366-ൽ റോം വിട്ടുപോന്ന ജെറോം, ഒടുവിൽ ഇറ്റലിയിലെ ആക്വലേയയിൽ എത്തിച്ചേർന്നു. അവിടെവെച്ച് അദ്ദേഹം ലൗകികവിരക്തവാദവുമായി സമ്പർക്കത്തിൽ വന്നു. അതിലെ കടുത്ത ആത്മപരിത്യാഗ വീക്ഷണങ്ങളിൽ ആകൃഷ്ടരായ അദ്ദേഹവും ഒരു കൂട്ടം സ്നേഹിതരും തുടർന്നുവന്ന അനേകം വർഷക്കാലം ലൗകികവിരക്ത ജീവിതം നയിച്ചു.
പൊ.യു. 373-ൽ ഈ കൂട്ടം എന്തോ ഒരു പ്രശ്നത്തെ പ്രതി പിരിഞ്ഞുപോയി. നിരാശനായ ജെറോം ബിഥുന്യ, ഗലാത്യ, കിലിക്യ എന്നിങ്ങനെയുള്ള പൂർവദേശങ്ങളിൽ അലഞ്ഞുനടന്ന ശേഷം ഒടുവിൽ സിറിയയിലെ അന്ത്യോക്യയിൽ എത്തി.
നീണ്ട യാത്രയ്ക്ക് അദ്ദേഹത്തിന്റെ മേൽ തിക്തഫലം ഉണ്ടായിരുന്നു. ക്ഷീണിച്ചു വലഞ്ഞ്, ആരോഗ്യം നഷ്ടപ്പെട്ട ജെറോമിനെ ഭയം ഏറെക്കുറെ കീഴടക്കിയിരുന്നു. “കർത്താവായ യേശുക്രിസ്തു എന്നെ വേഗത്തിൽ നിന്റെ അടുക്കൽ എത്തിച്ചിരുന്നെങ്കിലെന്ന് ഞാൻ ആശിക്കുന്നു,” ഒരു സ്നേഹിതന് എഴുതവേ അദ്ദേഹം പറഞ്ഞു. “അസുഖം ഇല്ലാത്തപ്പോൾ പോലും, എന്റെ ശരീരം ദുർബലമാണ്. അതു തകർന്നിരിക്കുന്നു.”
രോഗവും ഏകാന്തതയും ആന്തരിക സംഘർഷവും മാത്രമായിരുന്നില്ല ജെറോം നേരിട്ട പ്രതിസന്ധികൾ. പെട്ടെന്നുതന്നെ മറ്റൊന്നു കൂടി ഉണ്ടായി—ആത്മീയമായ ഒന്ന്. ഒരു സ്വപ്നത്തിൽ താൻ ദൈവത്തിന്റെ “ന്യായാസനത്തിന്റെ മുന്നിലേക്കു വലിച്ചിഴയ്ക്കപ്പെടുന്നത്” അദ്ദേഹം കണ്ടു. ആരെന്നു വെളിപ്പെടുത്താൻ ആവശ്യപ്പെട്ടപ്പോൾ ജെറോം മറുപടി നൽകി: “ഞാനൊരു ക്രിസ്ത്യാനിയാണ്.” എന്നാൽ, ന്യായാധിപൻ തിരിച്ചടിച്ചു: “ഭോഷ്കാണ് നീ പറയുന്നത്. ക്രിസ്തുവിന്റെ അല്ല, സിസെറോയുടെ അനുഗാമിയാണ് നീ.”
അപ്പോൾ വരെ ജെറോം ശുഷ്കാന്തിയോടെ പഠിച്ചുകൊണ്ടിരുന്നത് ദൈവവചനം അല്ല, പുറജാതീയ ഗ്രന്ഥങ്ങൾ ആയിരുന്നു. “മനസ്സാക്ഷിയുടെ അഗ്നി എന്നെ പീഡിപ്പിച്ചു” എന്ന് അദ്ദേഹം പറഞ്ഞു. കാര്യങ്ങൾ നേരേയാക്കാമെന്ന പ്രതീക്ഷയിൽ ജെറോം സ്വപ്നത്തിൽ ഇങ്ങനെ പ്രതിജ്ഞയെടുത്തു: “കർത്താവേ, അടിയൻ ഇനി എന്നെങ്കിലും ലൗകിക പുസ്തകങ്ങൾ വാങ്ങുകയോ വീണ്ടും വായിക്കുകയോ ചെയ്താൽ, അടിയൻ അങ്ങയെ ത്യജിച്ചിരിക്കുന്നതായി കരുതിയാലും.”
പിൽക്കാലത്ത്, സ്വപ്നത്തിൽ നടത്തിയ ശപഥം നിവർത്തിക്കാൻ താൻ ബാധ്യസ്ഥൻ അല്ലെന്ന് ജെറോം വാദിച്ചെങ്കിലും, തത്ത്വത്തിലെങ്കിലും ആ ശപഥം നിവർത്തിക്കാൻ അദ്ദേഹം ദൃഢനിശ്ചയം ചെയ്തു. തന്മൂലം അന്ത്യോക്യ വിട്ടുപോയ ജെറോം സിറിയൻ മരുഭൂമിയിലെ കാൽസിസിൽ ഏകാന്തവാസം നടത്തി. ഒരു ഏകാന്ത സന്ന്യാസിയായി കഴിഞ്ഞ അദ്ദേഹം ബൈബിളിന്റെയും ദൈവശാസ്ത്ര സാഹിത്യങ്ങളുടെയും പഠനത്തിൽ മുഴുകി. ജെറോം പറഞ്ഞു: “മനുഷ്യരുടെ ഗ്രന്ഥങ്ങൾ വായിച്ചതിനെക്കാൾ വലിയ ശുഷ്കാന്തിയോടെ ഞാൻ ദൈവത്തിന്റെ ഗ്രന്ഥങ്ങൾ വായിച്ചു.” പ്രാദേശിക സുറിയാനി ഭാഷ വശമാക്കിയ അദ്ദേഹം ക്രിസ്ത്യാനിത്വത്തിലേക്കു മതപരിവർത്തനം ചെയ്ത ഒരു യഹൂദന്റെ സഹായത്തോടെ എബ്രായ ഭാഷ പഠിക്കാനും തുടങ്ങി.
പാപ്പാ നൽകിയ നിയോഗം
അഞ്ചു വർഷത്തോളം സന്ന്യാസ ജീവിതം നയിച്ചശേഷം ജെറോം അന്ത്യോക്യയിലേക്കു മടങ്ങിവന്ന് തന്റെ പഠനം തുടർന്നു. തിരികെ വന്നപ്പോൾ, തന്റെ സഭ വളരെയധികം ഭിന്നിച്ചിരിക്കുന്നതായി അദ്ദേഹം കണ്ടെത്തി. മരുഭൂമിയിൽ ആയിരുന്നപ്പോൾത്തന്നെ ഉപദേശം തേടിക്കൊണ്ട് ദമാസസ് പാപ്പായ്ക്കു നൽകിയ അപേക്ഷയിൽ ജെറോം ഇങ്ങനെ പറഞ്ഞു: “സഭ മൂന്നു വിഭാഗങ്ങളായി പിരിഞ്ഞിരിക്കുന്നു. ഓരോ വിഭാഗവും എന്നെ പിടിക്കാൻ വല വീശുകയാണ്.”
അന്ത്യോക്യയിലെ ബിഷപ്പുസ്ഥാനം അവകാശപ്പെട്ടിരുന്ന മൂന്നു പേരിൽ ഒരുവനായ പോലിനസുമായി ജെറോം കാലക്രമത്തിൽ സഖ്യം ചേർന്നു. രണ്ടു വ്യവസ്ഥകൾക്കു ചേർച്ചയിൽ, പോലിനസിൽനിന്നും പട്ടം സ്വീകരിക്കാൻ ജെറോം സമ്മതിച്ചു. ഒന്നാമതായി, തന്റെ സന്ന്യാസജീവിത അഭിലാഷങ്ങൾ പിന്തുടരാൻ കഴിയുമാറ് സ്വതന്ത്രൻ ആയിരിക്കാൻ അദ്ദേഹം ആഗ്രഹിച്ചു. രണ്ടാമതായി, ഏതെങ്കിലും ഒരു പ്രത്യേക സഭയ്ക്കു ശുശ്രൂഷ ചെയ്യാനുള്ള പുരോഹിത കടപ്പാടുകളിൽനിന്നു തന്നെ മുക്തനാക്കണമെന്നും അദ്ദേഹം നിർബന്ധം പിടിച്ചു.
പൊ.യു. 381-ൽ, കോൺസ്റ്റാന്റിനോപ്പിൾ സുന്നഹദോസിൽ സംബന്ധിക്കാൻ പോയപ്പോഴും തുടർന്ന് റോമിലേക്കു പോയപ്പോഴും പോലിനസിന്റെ കൂടെ ജെറോമും ഉണ്ടായിരുന്നു. ജെറോമിന്റെ പാണ്ഡിത്യവും ഭാഷാ നൈപുണ്യവും ദമാസസ് പാപ്പാ പെട്ടെന്നുതന്നെ തിരിച്ചറിഞ്ഞു. ഒരു വർഷത്തിനുള്ളിൽ ദമാസസിന്റെ സ്വകാര്യ സെക്രട്ടറി എന്ന ഉന്നത സ്ഥാനത്ത് ജെറോം അവരോധിക്കപ്പെട്ടു.
സെക്രട്ടറി എന്ന നിലയിൽ ജെറോം വിവാദങ്ങളിൽനിന്ന് ഒഴിഞ്ഞുനിന്നില്ല. മറിച്ച്, അദ്ദേഹം അവയെ ക്ഷണിച്ചുവരുത്തുന്നതുപോലെ തോന്നി. ഉദാഹരണത്തിന്, പാപ്പായുടെ കൊട്ടാരത്തിലെ ആഡംബര ചുറ്റുപാടുകളിലും ഒരു ലൗകികസുഖ വിരക്തനെപ്പോലെയാണ് അദ്ദേഹം ജീവിച്ചത്. മാത്രമല്ല, ലളിത ജീവിതരീതി പ്രോത്സാഹിപ്പിക്കുകയും പുരോഹിതന്മാർ ലൗകിക കാര്യങ്ങളിൽ അമിതമായി ഉൾപ്പെടുന്നതിനെ നിശിതമായി വിമർശിക്കുകയും ചെയ്ത അദ്ദേഹം അനേകം ശത്രുക്കളെയും സമ്പാദിച്ചു.
ജെറോമിന് അനേകം വിമർശകർ ഉണ്ടായിരുന്നെങ്കിലും, അദ്ദേഹത്തിന് ദമാസസ് പാപ്പായുടെ സമ്പൂർണ പിന്തുണ ലഭിച്ചു. ബൈബിൾ ഗവേഷണത്തിൽ തുടരാൻ ജെറോമിനെ പ്രോത്സാഹിപ്പിക്കുന്നതിനു പാപ്പായ്ക്കു നല്ല കാരണങ്ങൾ ഉണ്ടായിരുന്നു. അക്കാലത്ത് ബൈബിളിന്റെ നിരവധി ലത്തീൻ ഭാഷാന്തരങ്ങൾ ഉപയോഗത്തിലുണ്ടായിരുന്നു എങ്കിലും അശ്രദ്ധമായി പരിഭാഷപ്പെടുത്തിയിരുന്ന അവയിൽ പലതിലും വലിയ തെറ്റുകൾ കടന്നുകൂടിയിരുന്നു. ഭാഷ, സഭയെ പൂർവ മണ്ഡലം എന്നും പശ്ചിമ മണ്ഡലം എന്നും വേർതിരിക്കുന്നു എന്നതായിരുന്നു ദമാസസിന് ഉണ്ടായിരുന്ന മറ്റൊരു ആകുലത. പൂർവ മണ്ഡലത്തിൽ ലത്തീൻ അറിയാവുന്നവർ കുറവായിരുന്നു; അതിനെക്കാൾ കുറവായിരുന്നു പശ്ചിമ മണ്ഡലത്തിൽ ഗ്രീക്ക് അറിയാവുന്നവർ.
അതിനാൽ സുവിശേഷങ്ങളുടെ ഒരു പരിഷ്കരിച്ച ലത്തീൻ ഭാഷാന്തരം ഉണ്ടായിരിക്കുന്നതിൽ ദമാസസ്
പാപ്പാ വലിയ താത്പര്യം കാണിച്ചു. കൃത്യമായും മൂല ഗ്രീക്കു തിരുവെഴുത്തുകളിലെ ആശയത്തെ കൃത്യമായി പ്രതിഫലിപ്പിക്കുന്നതും ഒപ്പം പ്രൗഢവും സരളവുമായ ഒരു ലത്തീൻ ഭാഷാന്തരം വേണമെന്നായിരുന്നു ദമാസസിന്റെ ആഗ്രഹം. അത്തരം ഒരു ഭാഷാന്തരം ഉണ്ടാക്കാൻ കഴിയുന്ന ചുരുക്കം ചില പണ്ഡിതന്മാരിൽ ഒരുവനായിരുന്നു ജെറോം. ഗ്രീക്ക്, ലത്തീൻ, സുറിയാനി ഭാഷകളിൽ അവഗാഹവും എബ്രായ ഭാഷയിൽ വേണ്ടത്ര അറിവും ഉള്ള അദ്ദേഹം പ്രസ്തുത ജോലിക്ക് ശരിക്കും യോജിച്ച വ്യക്തിയായിരുന്നു. അങ്ങനെ ദമാസസിൽനിന്നു നിയോഗം ലഭിച്ച ജെറോം, തന്റെ ആയുസ്സിന്റെ ഇരുപതിലധികം വർഷം വേണ്ടിവരുന്ന ആ ജോലി ആരംഭിച്ചു.വിവാദം മൂർച്ഛിക്കുന്നു
സുവിശേഷങ്ങളുടെ തർജമ വളരെ വേഗത്തിൽ ആയിരുന്നെങ്കിലും, ജെറോമിന്റെ പരിഭാഷ വ്യക്തവും പാണ്ഡിത്യം വിളിച്ചറിയിക്കുന്നതും ആയിരുന്നു. അന്നു ലഭ്യമായിരുന്ന എല്ലാ ഗ്രീക്ക് കയ്യെഴുത്തുപ്രതികളും താരതമ്യം ചെയ്ത്, ഗ്രീക്കു പാഠത്തോടു പരമാവധി ചേർച്ചയിൽ കൊണ്ടുവരിക എന്ന ലക്ഷ്യത്തിൽ ലത്തീൻ പാഠത്തിന്റെ ശൈലിയിലും അർഥത്തിലും അദ്ദേഹം മാറ്റങ്ങൾ വരുത്തി.
ജെറോം നടത്തിയ നാലു സുവിശേഷങ്ങളുടെ പരിഭാഷയും ഗ്രീക്ക് സെപ്റ്റുവജിന്റ് പാഠത്തെ അധികരിച്ചുള്ള സങ്കീർത്തനങ്ങളുടെ ലത്തീൻ ഭാഷാന്തരവും പൊതുവേ ആളുകൾക്കു വളരെ ഇഷ്ടമായി. എങ്കിലും, അദ്ദേഹത്തെ വിമർശിക്കാനും ആളുകൾ ഇല്ലാതിരുന്നില്ല. “പുരാതന പണ്ഡിതന്മാരുടെ അധികാരത്തെയും മുഴു ലോകത്തിന്റെ അഭിപ്രായത്തെത്തന്നെയും ധിക്കരിച്ചുകൊണ്ട് സുവിശേഷ ഭാഗങ്ങളിൽ മാറ്റം വരുത്താൻ ഞാൻ ശ്രമിച്ചതായി ചില ക്ഷുദ്രജീവികൾ മനഃപൂർവം ആരോപിക്കുന്നു” എന്ന് ജെറോം എഴുതി. പൊ.യു. 384-ൽ ദമാസസ് പാപ്പാ മരിച്ചപ്പോൾ അത്തരം ആരോപണങ്ങൾ ശക്തിപ്പെട്ടു. പുതിയ പാപ്പായുമായി അത്ര നല്ലൊരു ബന്ധം ഇല്ലാതിരുന്നതിനാൽ, റോം വിട്ടുപോകാൻ അദ്ദേഹം തീരുമാനിച്ചു. ജെറോം വീണ്ടും കിഴക്കോട്ടു തിരിച്ചു.
ഒരു എബ്രായ പണ്ഡിതൻ പിറക്കുന്നു
പൊ.യു. 386-ൽ ജെറോം ബെത്ലഹേമിൽ സ്ഥിരതാമസമാക്കി. പിന്നീടുള്ള ജീവിതകാലം അദ്ദേഹം അവിടെയാണു കഴിഞ്ഞത്. കൂടെ, റോമിലെ ഒരു കുലീനയും ധനികയുമായ പൗല ഉൾപ്പെടെ വിശ്വസ്ത അനുഗാമികളുടെ ഒരു ചെറിയ കൂട്ടവും ഉണ്ടായിരുന്നു. ജെറോമിന്റെ പ്രസംഗത്തിന്റെ സ്വാധീനഫലമായാണ് പൗല ലൗകികവിരക്ത ജീവിതം സ്വീകരിച്ചത്. അവരിൽനിന്നു സാമ്പത്തിക പിന്തുണ ലഭിച്ച ജെറോം ഒരു സന്ന്യാസ ആശ്രമം സ്ഥാപിച്ചു. പണ്ഡിത ഗവേഷണത്തിൽ മുഴുകിയ അദ്ദേഹം അവിടെവെച്ച് തന്റെ ജീവിതത്തിലെ ഏറ്റവും മഹത്തായ വേല പൂർത്തിയാക്കി.
പാലസ്തീനിൽ ആയിരുന്നതിനാൽ തന്റെ എബ്രായ ഭാഷ മെച്ചപ്പെടുത്താനുള്ള അവസരവും ജെറോമിനു ലഭിച്ചു. ആ ഭാഷയിലെ ഏറ്റവും ദുഷ്കരമായ ചില വശങ്ങൾ മനസ്സിലാക്കാനായി അദ്ദേഹം നിരവധി യഹൂദ അധ്യാപകർക്കു പണം നൽകി അവരുടെ സേവനം തരപ്പെടുത്തി. എന്നാൽ, ഒരു അധ്യാപകന്റെ കാര്യത്തിൽ അത് എളുപ്പമായിരുന്നില്ല. തിബെരിയസിലെ ബാരാനിനാസ് എന്ന ആ അധ്യാപകനെ കുറിച്ച് ജെറോം ഇങ്ങനെ പറഞ്ഞു: “ഇരുട്ടിന്റെ മറവിൽ ബാരാനിനാസ് എന്നെ പഠിപ്പിക്കുന്നതിനായി എനിക്കു വളരെയധികം കഷ്ടപ്പാടും ചെലവും ഉണ്ടായി.” അവർ രാത്രിയിൽ പഠിച്ചത് എന്തുകൊണ്ടാണ്? താൻ ഒരു “ക്രിസ്ത്യാനി”യുമായി സഹവസിക്കുന്നുവെന്ന് യഹൂദന്മാർ കരുതുമല്ലോ എന്നു ബാരാനിനാസ് ഭയന്നിരുന്നുവത്രേ!
ജെറോമിന്റെ നാളിൽ എബ്രായ ഭാഷ സംസാരിക്കുന്ന പുറജാതീയരെ കണ്ഠസ്വരാക്ഷരങ്ങൾ ശരിയായി ഉച്ചരിക്കാൻ അവർക്കു കഴിയാതിരുന്നതിനാൽ യഹൂദന്മാർ പരിഹസിച്ചിരുന്നു. എന്നിട്ടും, വളരെയധികം ശ്രമം ചെലുത്തി ഈ സ്വരാക്ഷരങ്ങൾ ജെറോം വശമാക്കിയെടുത്തു. കൂടാതെ, അദ്ദേഹം അനവധി എബ്രായ വാക്കുകൾ ലത്തീനിലേക്കു ലിപ്യന്തരീകരണം നടത്തുകയും ചെയ്തു. ഇത്, ആ വാക്കുകൾ ഓർത്തിരിക്കാൻ അദ്ദേഹത്തെ സഹായിച്ചു, ഒപ്പം അക്കാലത്തെ എബ്രായ ഉച്ചാരണം നിലനിർത്താനും.
ജെറോം ഉൾപ്പെട്ട ഏറ്റവും വലിയ വിവാദം
ബൈബിളിന്റെ എത്രമാത്രം ഭാഗം ജെറോം പരിഭാഷപ്പെടുത്താൻ ദമാസസ് ഉദ്ദേശിച്ചിരുന്നു എന്നതു വ്യക്തമല്ല. എന്നാൽ, പ്രസ്തുത കാര്യത്തെ ജെറോം എങ്ങനെ വീക്ഷിച്ചിരുന്നു എന്നതു വളരെ സ്പഷ്ടമാണ്. അദ്ദേഹം ഏകലക്ഷ്യത്തോടെ പ്രവർത്തിക്കുകയും നിശ്ചയദാർഢ്യം പുലർത്തുകയും ചെയ്തു. “സഭയ്ക്ക് ഉപയോഗപ്രദവും വരുംതലമുറ വിലമതിക്കുന്നതുമായ”
ഒരു പരിഭാഷ നിർവഹിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ തീവ്രാഭിലാഷം. തന്മൂലം, മുഴു ബൈബിളിന്റെയും ഒരു പരിഷ്കൃത ലത്തീൻ ഭാഷാന്തരം ഉണ്ടാക്കാൻ അദ്ദേഹം ദൃഢനിശ്ചയം ചെയ്തു.എബ്രായ തിരുവെഴുത്തുകളുടെ കാര്യത്തിൽ തന്റെ പരിഭാഷ സെപ്റ്റുവജിന്റിനെ അധികരിച്ചു നടത്താനാണു ജെറോം തീരുമാനിച്ചത്. എബ്രായ തിരുവെഴുത്തുകളുടെ ഈ ഗ്രീക്കു പരിഭാഷ ആദ്യം തയ്യാറാക്കിയത് പൊ.യു.മു. മൂന്നാം നൂറ്റാണ്ടിലായിരുന്നു. അത് ദൈവം നേരിട്ടു നിശ്വസ്തമാക്കിയതാണ് എന്നു പലരും കരുതിയിരുന്നു. ഗ്രീക്കു സംസാരിക്കുന്ന ക്രിസ്ത്യാനികളുടെ ഇടയിൽ അക്കാലത്ത് സെപ്റ്റുവജിന്റിന് വലിയ പ്രചാരമായിരുന്നു.
എന്നാൽ, ജെറോമിന്റെ പരിഭാഷാ വേല മുന്നേറിയപ്പോൾ, ലത്തീൻ പരിഭാഷകളുടെ കാര്യത്തിലെന്നപോലെ ഗ്രീക്കു കയ്യെഴുത്തു പ്രതികളിലും പൊരുത്തക്കേട് ഉള്ളതായി അദ്ദേഹം കണ്ടെത്തി. ജെറോമിന്റെ നിരാശ വർധിക്കുകയാണു ചെയ്തത്. ആശ്രയയോഗ്യമായ ബൈബിൾ പരിഭാഷയ്ക്ക്, വളരെ മതിക്കപ്പെടുന്ന സെപ്റ്റുവജിന്റ് ഉൾപ്പെടെയുള്ള ഗ്രീക്കു കയ്യെഴുത്തു പ്രതികളെ ആശ്രയിക്കാതെ, മൂല എബ്രായ പാഠംതന്നെ ഉപയോഗിക്കേണ്ടതുണ്ടെന്ന് അദ്ദേഹം ഒടുവിൽ നിഗമനം ചെയ്തു.
ഈ തീരുമാനം വലിയ ഒച്ചപ്പാട് ഉണ്ടാക്കി. വേദഭാഗത്ത് കള്ളത്തരം കാണിക്കുന്നവനും ദൈവനിന്ദകനും യഹൂദരുടെ പ്രീതി നേടാൻ സഭാ പാരമ്പര്യങ്ങളെ കാറ്റിൽ പറത്തുന്നവനും എന്ന് ജെറോം മുദ്ര കുത്തപ്പെട്ടു. സെപ്റ്റുവജിന്റ് പാഠംതന്നെ ഉപയോഗിക്കാൻ അക്കാലത്തെ സഭയുടെ പ്രമുഖ ദൈവശാസ്ത്രജ്ഞനായ അഗസ്റ്റിൻ പോലും ജെറോമിനോട് അപേക്ഷിച്ചു: “താങ്കളുടെ ഭാഷാന്തരം പല പള്ളികളിലും പതിവായി വായിക്കുകയാണെങ്കിൽ, തിരുവെഴുത്തു ഗ്രാഹ്യത്തിന്റെ ഫലമായി ലത്തീൻ സഭകളും ഗ്രീക്കു സഭകളും തമ്മിൽ ഭിന്നതകൾ ഉയർന്നുവരും—അതു വളരെ ദുഃഖകരമായിരിക്കുകയും ചെയ്യും.”
അതേ, പശ്ചിമ സഭകൾ എബ്രായ പാഠഭാഗത്തെ അധികരിച്ചുള്ള ജെറോമിന്റെ ലത്തീൻ ബൈബിൾ ഉപയോഗിക്കുകയും പൂർവദേശത്തെ ഗ്രീക്കു സഭകൾ അപ്പോഴും സെപ്റ്റുവജിന്റ് ഭാഷാന്തരംതന്നെ ഉപയോഗിക്കുകയും ചെയ്താൽ സഭ പിളരും എന്ന് അഗസ്റ്റിൻ ഭയപ്പെട്ടു. b തന്നെയുമല്ല, ജെറോമിനു മാത്രം സാധുത തെളിയിക്കാൻ കഴിയുന്ന ഒരു ഭാഷാന്തരത്തിനു വേണ്ടി സെപ്റ്റുവജിന്റ് വേണ്ടെന്നു വെക്കുന്നതു സംബന്ധിച്ച് അഗസ്റ്റിൻ ആശങ്ക ഉയർത്തുകയും ചെയ്തു.
ഈ എതിരികളോട് ജെറോം എങ്ങനെയാണു പ്രതികരിച്ചത്? തന്റെ സ്വഭാവത്തിനു ചേർച്ചയിൽ ജെറോം വിമർശകരെ അവഗണിക്കുകയാണു ചെയ്തത്. തുടർന്നും എബ്രായ ഭാഷയിൽനിന്ന് നേരിട്ടു പരിഭാഷ ചെയ്ത ജെറോം പൊ.യു. 405 എന്ന വർഷമായപ്പോഴേക്കും തന്റെ ലത്തീൻ ബൈബിൾ പൂർത്തിയാക്കി കഴിഞ്ഞിരുന്നു. വർഷങ്ങൾക്കു ശേഷം അദ്ദേഹത്തിന്റെ പരിഭാഷയ്ക്ക് പൊതുസമ്മതിയുള്ള പരിഭാഷ എന്നു വിവക്ഷയുള്ള വൾഗേറ്റ് എന്ന പേരു ലഭിച്ചു (വൾഗാത്തുസ് എന്ന ലത്തീൻ പദത്തിന് “സാധാരണമായ, ജനപ്രീതിയുള്ള” എന്നാണ് അർഥം).
ദീർഘകാല നേട്ടങ്ങൾ
ജെറോമിന്റെ എബ്രായ തിരുവെഴുത്തു പരിഭാഷ, നിലവിലുള്ള ഒന്ന് പരിഷ്കരിച്ചെടുക്കുന്നതിനെക്കാൾ വളരെ മികച്ചതായിരുന്നു. അതു പിൽക്കാല തലമുറകളിലെ ബൈബിൾ പഠനരീതിയെയും പരിഭാഷാരീതിയെയും മാറ്റിമറിക്കുകയുണ്ടായി. “വൾഗേറ്റ് നാലാം നൂറ്റാണ്ടിലെ ഏറ്റവും മഹത്തരവും ഏറ്റവും സ്വാധീനമുള്ളതുമായ സാഹതീയ നേട്ടമായി അവശേഷിക്കുന്നു” എന്ന് ചരിത്രകാരനായ വിൽ ഡ്യൂറന്റ് പറയുകയുണ്ടായി.
ജെറോം ഒരു നിശിത വിമർശകനും വിവാദപുരുഷനും ആയിരുന്നെങ്കിലും, ബൈബിൾ ഗവേഷണത്തെ നിശ്വസ്ത എബ്രായ പാഠത്തിലേക്കു തിരിച്ചുവിടുന്നതിൽ അദ്ദേഹം ഒറ്റയ്ക്കു നിന്നു വിജയം വരിച്ചു. സൂക്ഷ്മ നിരീക്ഷണപടുവായ അദ്ദേഹം നമുക്കിന്നു ലഭ്യമല്ലാത്ത പുരാതന എബ്രായ, ഗ്രീക്കു ബൈബിൾ കയ്യെഴുത്തു പ്രതികൾ പഠിച്ച് താരതമ്യപ്പെടുത്തി. യഹൂദ മാസരിറ്റുകാർക്കും മുമ്പായിരുന്നു അദ്ദേഹം ആ കൃത്യം നിർവഹിച്ചത്. അതിനാൽ, ബൈബിൾ പാഠഭാഗങ്ങളുടെ വ്യത്യസ്ത പരിഭാഷകൾ തമ്മിൽ താരതമ്യം ചെയ്യുന്നതിൽ ഒരു അമൂല്യ പ്രമാണ പരിഭാഷയായി വർത്തിക്കുന്നു വൾഗേറ്റ്.
അദ്ദേഹത്തിന്റെ അതിരുകടന്ന സ്വഭാവത്തോടോ മതപരമായ വീക്ഷണങ്ങളോടോ വിയോജിക്കുമ്പോൾ തന്നെ, ബൈബിൾ പരിഭാഷയിൽ ഒരു പുതിയ കീഴ്വഴക്കം സൃഷ്ടിച്ച ഈ വിവാദപുരുഷന്റെ ശുഷ്കാന്തിയോടെയുള്ള ശ്രമങ്ങൾ ദൈവവചന സ്നേഹികൾ വിലമതിക്കുന്നു. അതേ, ജെറോം തന്റെ ലക്ഷ്യം കൈവരിച്ചു. അങ്ങനെ, “വരുംതലമുറ വിലമതിക്കുന്ന” ഒരു പരിഭാഷ അദ്ദേഹം ലഭ്യമാക്കി.
[അടിക്കുറിപ്പുകൾ]
a ജെറോമിന്റെ ജീവിതത്തിലെ സംഭവങ്ങളുടെ കൃത്യമായ തീയതികളും അവയുടെ അനുക്രമമവും സംബന്ധിച്ചു ചരിത്രകാരന്മാർക്കു യോജിപ്പില്ല.
b അതിന്റെ പരിണതി ഇങ്ങനെ ആയിരുന്നു: ജെറോമിന്റെ പരിഭാഷ പാശ്ചാത്യ ക്രൈസ്തവലോകത്തിന്റെ അടിസ്ഥാന ബൈബിൾ ആയിത്തീർന്നപ്പോൾ, സെപ്റ്റുവജിന്റ് ഇന്നും പൂർവ ക്രൈസ്തവലോകത്തിന്റെ ബൈബിളായി തുടരുന്നു.
[28-ാം പേജിലെ ചിത്രം]
ജെറോമിന്റെ പ്രതിമ, ബെത്ലഹേമിൽ
[കടപ്പാട]
Garo Nalbandian
[26-ാം പേജിലെ ചിത്രം]
ഇടത്ത് മുകളിൽ, എബ്രായ കയ്യെഴുത്തു പ്രതി: Courtesy of the Shrine of the Book, Israel Museum, Jerusalem; ഇടത്ത് താഴെ, സുറിയാനി കയ്യെഴുത്തു പ്രതി: Reproduced by kind permission of The Trustees of the Chester Beatty Library, Dublin; മുകളിൽ മധ്യഭാഗത്ത്, ഗ്രീക്ക് കയ്യെഴുത്തു പ്രതി: Courtesy of Israel Antiquities Authority