മറ്റുള്ളവർ നിങ്ങളുടെ ബുദ്ധ്യുപദേശം സ്വീകരിക്കുന്നുണ്ടോ?
മറ്റുള്ളവർ നിങ്ങളുടെ ബുദ്ധ്യുപദേശം സ്വീകരിക്കുന്നുണ്ടോ?
ശരിയായ രീതിയിൽ നൽകപ്പെടുന്ന ഉചിതമായ ബുദ്ധ്യുപദേശത്തിന് എല്ലായ്പോഴും നല്ല ഫലങ്ങൾ ഉണ്ടാകാറുണ്ട് എന്നതു ശരിയോ? തെറ്റ്! പ്രാപ്തരായ ഉപദേഷ്ടാക്കൾ നൽകുന്ന ഏറ്റവും മികച്ച ബുദ്ധ്യുപദേശം പോലും അവഗണിക്കപ്പെടുകയോ നിരസിക്കപ്പെടുകയോ ചെയ്യാറുണ്ട്.—സദൃശവാക്യങ്ങൾ 29:19.
തന്റെ സഹോദരനായ ഹാബെലിനോടു വിദ്വേഷം തോന്നിയ കയീനെ യഹോവ ബുദ്ധ്യുപദേശിച്ചപ്പോൾ ഇതു സംഭവിച്ചു. (ഉല്പത്തി 4:3-5). അതു മുഖാന്തരം കയീനു വരാൻ പോകുന്ന അപകടം മനസ്സിലാക്കി ദൈവം അവനോടു പറഞ്ഞു: “നീ കോപിക്കുന്നതു എന്തിന്നു? നിന്റെ മുഖം വാടുന്നതും എന്തു? നീ നന്മ ചെയ്യുന്നു എങ്കിൽ പ്രസാദമുണ്ടാകയില്ലയോ? നീ നന്മ ചെയ്യുന്നില്ലെങ്കിലോ പാപം വാതില്ക്കൽ കിടക്കുന്നു; അതിന്റെ ആഗ്രഹം നിങ്കലേക്കു ആകുന്നു; നീയോ അതിനെ കീഴടക്കേണം.”—ഉല്പത്തി 4:6, 7.
അങ്ങനെ, തന്റെ സഹോദരനെതിരെ വിദ്വേഷം വെച്ചുകൊണ്ടിരിക്കുകയാണെങ്കിൽ, കയീന്റെമേൽ ചാടിവീഴാൻ പതിയിരിക്കുന്ന ഒരു ഇരപിടിയനെപ്പോലെയാണ് പാപം എന്നു യഹോവ മുന്നറിയിപ്പു കൊടുത്തു. (യാക്കോബ് 1:14, 15 താരതമ്യം ചെയ്യുക.) ദുരന്തഗതിയിലേക്കു പോകാതെ, തന്റെ മനോഭാവത്തിനു മാറ്റം വരുത്താൻ, ‘നന്മ ചെയ്യാൻ’ കയീന് സമയമുണ്ടായിരുന്നു. സങ്കടകരമെന്നു പറയട്ടെ, കയീൻ മുന്നറിയിപ്പു ചെവിക്കൊണ്ടില്ല. അവൻ യഹോവയുടെ ബുദ്ധ്യുപദേശം നിരസിച്ചു. അതിന്റെ ഫലം ദാരുണമായിരുന്നു.
ചിലർ ഏതുതരത്തിലുള്ള ബുദ്ധ്യുപദേശത്തിലും നീരസപ്പെടുകയും അതിനെ നിരസിക്കുകയും ചെയ്യുന്നു. (സദൃശവാക്യങ്ങൾ 1:22-30) ബുദ്ധ്യുപദേശം നിരസിക്കപ്പെടുന്നത് അതു നൽകുന്നയാളിന്റെ കുറ്റംകൊണ്ട് ആയിരിക്കുമോ? (ഇയ്യോബ് 38:2) ബുദ്ധ്യുപദേശം നൽകുന്ന നിങ്ങൾ മറ്റുള്ളവർ അതു സ്വീകരിക്കുന്നതിനെ ദുഷ്കരമാക്കുന്നുണ്ടോ? മാനുഷ അപൂർണത അതിനെ ഒരു യഥാർഥ അപകടമാക്കുന്നു. എന്നാൽ ബൈബിൾ തത്ത്വങ്ങൾ ശ്രദ്ധാപൂർവം പിൻപറ്റിക്കൊണ്ട് നിങ്ങൾക്ക് ആ അപകടസാധ്യത കുറയ്ക്കാൻ കഴിയും. അവയിൽ ചിലതു നമുക്കു പരിചിന്തിക്കാം.
‘സൗമ്യതയുടെ ആത്മാവിൽ യഥാസ്ഥാനപ്പെടുത്തുവിൻ’
“സഹോദരൻമാരേ, ഒരു മനുഷ്യൻ വല്ല തെററിലും അകപ്പെട്ടുപോയെങ്കിൽ ആത്മികരായ [“ആത്മീയ യോഗ്യതകൾ ഉള്ള,” NW] നിങ്ങൾ അങ്ങനെയുള്ളവനെ സൌമ്യതയുടെ ആത്മാവിൽ യഥാസ്ഥാനപ്പെടുത്തുവിൻ; നീയും പരീക്ഷയിൽ അകപ്പെടാതിരിപ്പാൻ സൂക്ഷിച്ചുകൊൾക.” (ഗലാത്യർ 6:1) ‘തെറ്റിലകപ്പെട്ടുപോകുന്ന’ ക്രിസ്ത്യാനിയെ “ആത്മീയ യോഗ്യതകൾ ഉള്ള”വർ യഥാസ്ഥാനപ്പെടുത്താൻ ശ്രമിക്കണമെന്ന് പൗലൊസ് അപ്പൊസ്തലൻ ചൂണ്ടിക്കാട്ടി. യോഗ്യത കുറഞ്ഞവരാണ് ഉപദേശം കൊടുക്കാൻ മിക്കപ്പോഴും ചായ്വുകാണിക്കാറ്. അതുകൊണ്ട് മറ്റുള്ളവരെ ബുദ്ധ്യുപദേശിക്കാൻ അമിതമായ തിടുക്കം കൂട്ടരുത്. (സദൃശവാക്യങ്ങൾ 10:19; യാക്കോബ് 1:19; 3:1) ഇതു ചെയ്യുന്നതിനുള്ള ആത്മീയ യോഗ്യതയുള്ളത് മുഖ്യമായും സഭാ മൂപ്പന്മാർക്കാണ്. എന്നാൽ ഒരു സഹോദരൻ അപകടത്തിലേക്കു പോകുന്നതായി കണ്ടാൽ പക്വതയുള്ള ഏതൊരു ക്രിസ്ത്യാനിയും തീർച്ചയായും മുന്നറിയിപ്പു നൽകേണ്ടതുണ്ട്.
ഉപദേശമോ ബുദ്ധ്യുപദേശമോ നൽകുന്നെങ്കിൽ, നിങ്ങൾ പറയുന്നത് മാനുഷിക സിദ്ധാന്തങ്ങളിലോ തത്ത്വചിന്തകളിലോ അല്ല, മറിച്ച് ദൈവിക ജ്ഞാനത്തിൽ അധിഷ്ഠിതമാണെന്ന് ഉറപ്പുവരുത്തുക. (കൊലൊസ്സ്യർ 2:8) ഉപയോഗിക്കുന്ന ചേരുവകളെല്ലാം ആരോഗ്യാവഹവും വിഷാംശരഹിതവും ആണെന്ന് ഉറപ്പാക്കുന്ന ശ്രദ്ധാലുവായ ഒരു പാചകക്കാരനെപ്പോലെ ആയിരിക്കുക. നിങ്ങളുടെ ബുദ്ധ്യുപദേശം കേവലം വ്യക്തിപരമായ അഭിപ്രായത്തിൽ അധിഷ്ഠിതമായിരിക്കാതെ ദൈവവചനത്തിൽ വേരൂന്നിയതാണെന്ന് ഉറപ്പാക്കുക. (2 തിമൊഥെയൊസ് 3:16, 17) ഇതു ചെയ്യുന്നതിലൂടെ, അത് ആർക്കും ദ്രോഹം ചെയ്യുകയില്ലെന്ന് നിങ്ങൾക്ക് ഉറപ്പാക്കാൻ കഴിയും.
ബുദ്ധ്യുപദേശത്തിന്റെ ഉദ്ദേശ്യം തെറ്റിലകപ്പെട്ടിരിക്കുന്ന വ്യക്തിയെ “യഥാസ്ഥാനപ്പെടുത്തു”കയാണ്, അല്ലാതെ ആ വ്യക്തിക്കു താത്പര്യമില്ലാത്ത മാറ്റം വരുത്താൻ നിർബന്ധിക്കുകയല്ല. ‘യഥാസ്ഥാനപ്പെടുത്തുക’ എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്ക് പദത്തിന്, സ്ഥാനം തെറ്റിയ എല്ലിനെ നേരെയാക്കിക്കൊണ്ട് കൂടുതൽ ഹാനി ഒഴിവാക്കുക എന്നർഥമുള്ള ഒരു പദവുമായി ബന്ധമുണ്ട്. നിഘണ്ടുകർത്താവായ ഡബ്ളിയു. ഇ. വൈൻ പറയുന്നപ്രകാരം, അത് “ആ പ്രക്രിയയിൽ ആവശ്യമായിരിക്കുന്ന ക്ഷമയെയും സ്ഥിരോത്സാഹത്തെയും” കൂടെ സൂചിപ്പിക്കുന്നുണ്ട്. അനാവശ്യ ശാരീരിക വേദന ഏൽപ്പിക്കുന്നത് ഒഴിവാക്കാൻ എത്രമാത്രം മൃദുവായും വിദഗ്ധമായും പ്രവർത്തിക്കേണ്ടതുണ്ട് എന്നു ചിന്തിക്കുക. സമാനമായി, ഉപദേഷ്ടാവ് നല്ല ശ്രദ്ധയോടെ ബുദ്ധ്യുപദേശിക്കുന്നെങ്കിലേ സ്വീകർത്താവിന് മുറിവേൽക്കാതിരിക്കുകയുള്ളൂ. ബുദ്ധ്യുപദേശം ആവശ്യപ്പെട്ടുവരുന്ന ആളുടെ കാര്യത്തിൽപ്പോലും ഇത് ദുഷ്കരമാണ്. അപ്പോൾപ്പിന്നെ, ബുദ്ധ്യുപദേശം ചോദിച്ചുവരാത്ത ആളുടെ കാര്യത്തിലാകുമ്പോൾ, എത്രയധികം വൈദഗ്ധ്യവും നയവും ആവശ്യമാണ്.
നിങ്ങൾ ഒരാളെ അകറ്റിക്കളയുകയാണെങ്കിൽ, നിങ്ങൾ അയാളെ “യഥാസ്ഥാനപ്പെടുത്തു”കയല്ല ചെയ്യുന്നത്. അങ്ങനെ സംഭവിക്കാതിരിക്കാൻ, “അനുകമ്പയോടെയുള്ള ആർദ്രപ്രീതി, ദയ, മനസ്സിന്റെ താഴ്മ, സൗമ്യത, ദീർഘക്ഷമ” എന്നിവ പ്രകടമാക്കേണ്ട ആവശ്യം മനസ്സിൽപ്പിടിക്കുക. (കൊലൊസ്സ്യർ 3:12, NW) ഒരു ഡോക്ടർ അക്ഷമ കാട്ടുകയോ അനാവശ്യമായി പരുക്കൻമട്ടിൽ ഇടപെടുകയോ ചെയ്താൽ, രോഗി അദ്ദേഹത്തിന്റെ ബുദ്ധ്യുപദേശം അവഗണിച്ചെന്നിരിക്കും, ആവശ്യമായ ചികിത്സയ്ക്കുപോലും അദ്ദേഹത്തിന്റെ അടുക്കലേക്ക് ഒരിക്കലും വന്നില്ലെന്നുമിരിക്കും.
ഇതിന്റെ അർഥം ബുദ്ധ്യുപദേശത്തിനു ദൃഢത വേണ്ടന്നല്ല. ആസ്യയിലെ ഏഴ് സഭകളെ ബുദ്ധ്യുപദേശിച്ചപ്പോൾ യേശുക്രിസ്തു ദൃഢത പ്രകടമാക്കി. (വെളിപ്പാടു 1:4; 3:1-22) അവർ കേട്ടു ബാധകമാക്കാൻ ഒട്ടും വളച്ചുകെട്ടില്ലാത്ത ചില ബുദ്ധ്യുപദേശങ്ങൾ അവൻ അവർക്കു നൽകി. എന്നാൽ എല്ലായ്പോഴും ദൃഢതയും അനുകമ്പയും ദയയും സമനിലയിലാക്കിക്കൊണ്ട് അവൻ തന്റെ സ്വർഗീയ പിതാവിന്റെ സ്നേഹസമ്പന്നമായ മനോഭാവത്തെ പ്രതിഫലിപ്പിച്ചിരുന്നു.—സങ്കീർത്തനം 23:1-6; യോഹന്നാൻ 10:7-15.
കൃപയോടുകൂടി ബുദ്ധ്യുപദേശിക്കുക
“ഓരോരുത്തനോടു നിങ്ങൾ എങ്ങനെ ഉത്തരം പറയേണം എന്നു അറിയേണ്ടതിന്നു നിങ്ങളുടെ വാക്കു എപ്പോഴും കൃപയോടുകൂടിയതും ഉപ്പിനാൽ രുചിവരുത്തിയതും ആയിരിക്കട്ടെ.” (കൊലൊസ്സ്യർ 4:6) ഉപ്പിന് ഭക്ഷണത്തിന്റെ രുചി കൂട്ടി അതിനെ ആകർഷകമാക്കാൻ കഴിയും. നിങ്ങളുടെ ബുദ്ധ്യുപദേശം രുചികരമായിരിക്കാൻ, അത് ‘കൃപയോടുകൂടി ഉപ്പിനാൽ രുചിവരുത്തി’ നൽകണം. ചേരുവകൾ ഏറ്റവും നല്ലത് ആയിരുന്നാലും ഭക്ഷണം മോശമായി പാചകം ചെയ്യാനും ഒട്ടും ആകർഷകമല്ലാത്ത വിധത്തിൽ വിളമ്പി വയ്ക്കാനും കഴിയും. അത് ആരുടെയും വിശപ്പു വർധിപ്പിക്കാൻ ഉതകുന്നില്ല. വാസ്തവത്തിൽ, അത്തരം ഭക്ഷണം അല്പമെടുത്ത് വിഴുങ്ങാൻ പോലും പ്രയാസമായിരുന്നേക്കാം.
ബുദ്ധ്യുപദേശം കൊടുക്കുമ്പോൾ, ഉചിതമായ വാക്കുകൾ തിരഞ്ഞെടുക്കുന്നത് പ്രധാനമാണ്. ജ്ഞാനിയായ ശലോമോൻ പറഞ്ഞു: “ഉചിതമായ സമയത്തു പറഞ്ഞ വാക്ക് വെള്ളിക്കൊത്തുപണികളിലെ സ്വർണ ആപ്പിൾ പോലെയാണ്.” (സദൃശവാക്യങ്ങൾ 25:11, NW.) കൊത്തിയെടുത്ത സുന്ദരമായ സ്വർണ ആപ്പിളുകൾ ഉള്ള, മനോഹരമായ കൊത്തുപണികളോടു കൂടിയ വെള്ളിപ്പാത്രമായിരിക്കാം അവന്റെ മനസ്സിലുണ്ടായിരുന്നത്. അതു കണ്ണിന് എത്ര മനോജ്ഞമായിരിക്കും, അത് ഒരു സമ്മാനമായി ലഭിക്കുന്നതു നിങ്ങൾ എത്രമാത്രം വിലമതിക്കും! അതുപോലെ, ഉചിതമായ വാക്കുകൾ തിരഞ്ഞെടുത്ത് ഉപയോഗിക്കുന്നത് നിങ്ങൾ സഹായിക്കാൻ ശ്രമിക്കുന്ന വ്യക്തിക്ക് അത്യന്തം ആകർഷകമായി തോന്നും.—സഭാപ്രസംഗി 12:9, 10.
അതിനു നേർവിപരീതമായി “കഠിനവാക്കോ [“വേദന ഉളവാക്കുന്ന വാക്ക്,” NW] കോപത്തെ ജ്വലിപ്പിക്കുന്നു.” (സദൃശവാക്യങ്ങൾ 15:1) അനുചിതമായ വാക്കുകൾക്ക്, നന്ദിക്കുപകരം, വേദനയും കോപവും ഉളവാക്കാൻ കഴിയും. വാസ്തവത്തിൽ, വാക്കു മാത്രമല്ല, സംസാര ശൈലിയും ഭാവവും ശരിയല്ലെങ്കിലും അടിസ്ഥാനപരമായി എത്രതന്നെ നല്ല ബുദ്ധ്യുപദേശം കൊടുത്താലും ഒരു വ്യക്തി അതു തിരസ്കരിച്ചെന്നിരിക്കും. നയമില്ലാതെ, പരുക്കൻമട്ടിൽ ബുദ്ധ്യുപദേശിക്കുന്നത് ഒരാളെ ആയുധംകൊണ്ട് ആക്രമിക്കുന്നതുപോലെ ദോഷകരമാണ്. “വാളുകൊണ്ടു കുത്തുംപോലെ മൂർച്ചയായി സംസാരിക്കുന്നവർ ഉണ്ടു” എന്നു സദൃശവാക്യങ്ങൾ 12:18 പറയുന്നു. വിവേകശൂന്യമായി സംസാരിക്കുകവഴി, ഒരുവൻ ബുദ്ധ്യുപദേശം കൈക്കൊള്ളുന്നത് എന്തിനു ദുഷ്കരമാക്കണം?—സദൃശവാക്യങ്ങൾ 12:15.
ശലോമോൻ പറഞ്ഞതുപോലെ, ബുദ്ധ്യുപദേശത്തിന്റേതായ വാക്കുകൾ ‘ഉചിതമായ സമയത്തു പറയ’പ്പെടണം. ബുദ്ധ്യുപദേശത്തിന് ഉദ്ദേശിച്ച ഫലമുണ്ടാകണമെങ്കിൽ അത് ഉചിതമായ സമയത്താണോ നൽകുന്നത് എന്നതും പ്രധാനമാണ്! വിശപ്പില്ലാത്ത ഒരാൾ ഭക്ഷണം ആസ്വദിക്കുകയില്ലെന്നത് വ്യക്തമാണ്. ചിലപ്പോൾ വയറുനിറയെ ഭക്ഷണം കഴിച്ചിട്ട് അധികം നേരം ആയിട്ടില്ലായിരിക്കാം, അല്ലെങ്കിൽ അയാൾ രോഗിയായിരിക്കാം. ആഗ്രഹമില്ലാത്ത ഒരാളെ ഭക്ഷിക്കാൻ നിർബന്ധിക്കുന്നതു ജ്ഞാനപൂർവകമോ അഭികാമ്യമോ അല്ല.
താഴ്മയോടെ ബുദ്ധ്യുപദേശിക്കുക
“എന്റെ സന്തോഷം പൂർണ്ണമാക്കുവിൻ. ശാഠ്യത്താലോ ദുരഭിമാനത്താലോ ഒന്നും ചെയ്യാതെ താഴ്മയോടെ ഓരോരുത്തൻ മററുള്ളവനെ തന്നെക്കാൾ ശ്രേഷ്ഠൻ എന്നു എണ്ണിക്കൊൾവിൻ. ഓരോരുത്തൻ സ്വന്തഗുണമല്ല മററുള്ളവന്റെ ഗുണവും [“മറ്റുള്ളവരുടെ വ്യക്തിപരമായ താത്പര്യവും,” NW] കൂടെ നോക്കേണം.” (ഫിലിപ്പിയർ 2:2-4) നിങ്ങൾ ഒരു നല്ല ഉപദേഷ്ടാവ് ആണെങ്കിൽ, മറ്റുള്ളവരുടെ ക്ഷേമത്തിലുള്ള “വ്യക്തിപരമായ താത്പര്യ”ത്താൽ നിങ്ങൾ പ്രചോദിതനാക്കപ്പെടും. ആത്മീയ സഹോദരീസഹോദരന്മാരോട് ഇടപെടുമ്പോൾ, മറ്റുള്ളവരെ നിങ്ങളെക്കാൾ ശ്രേഷ്ഠരായി കരുതിക്കൊണ്ട് നിങ്ങൾ “താഴ്മ” പ്രകടമാക്കുകയും ചെയ്യും. അതിന്റെ അർഥമെന്താണ്?
താഴ്മയുണ്ടെങ്കിൽ അതു നിങ്ങളെ താൻ വലിയവനാണ് എന്ന ഭാവമോ സംസാരശൈലിയോ സ്വീകരിക്കുന്നതിൽനിന്നു തടയും. താൻ സഹവിശ്വാസികളെക്കാൾ ശ്രേഷ്ഠനാണ് എന്നു വിചാരിക്കാൻ നമ്മിലാർക്കും യാതൊരു കാരണവുമില്ല. നമുക്ക് ഓരോരുത്തർക്കും ഇടയ്ക്കിടെ തെറ്റുകൾ പറ്റുന്നു. ഹൃദയത്തിലുള്ളതു ഗ്രഹിക്കാൻ കഴിയുകയില്ലാത്തതുകൊണ്ട്, നിങ്ങൾ ബുദ്ധ്യുപദേശം ആർക്കു നൽകുന്നുവോ അയാളുടെ ആന്തരങ്ങളെ വിധിക്കാതിരിക്കുന്നത് വിശേഷാൽ
പ്രധാനമാണ്. അയാൾക്ക് ചിലപ്പോൾ തെറ്റായ യാതൊരു ആന്തരവും ഉണ്ടായിരുന്നിരിക്കില്ല, തെറ്റായ മനോഭാവത്തെയോ പ്രവൃത്തികളെയോ കുറിച്ച് അയാൾ ബോധവാനും അല്ലായിരിക്കാം. താൻ ദൈവത്തിന്റെ നിബന്ധനകളോട് ചേർച്ചയിലല്ല എന്ന് അയാൾ കുറെയൊക്കെ ബോധവാനാണെങ്കിൽ പോലും, അയാളുടെ ആത്മീയ ക്ഷേമത്തിൽ യഥാർഥ താത്പര്യം പ്രകടമാക്കിക്കൊണ്ട് താഴ്മയോടെ ബുദ്ധ്യുപദേശം നൽകിയാൽ നിസ്സംശയമായും അയാൾക്ക് അതു സ്വീകരിക്കുക എളുപ്പമായിരിക്കും.ഭക്ഷണത്തിന് ക്ഷണിക്കപ്പെട്ട അതിഥിയായി എത്തിയ നിങ്ങളോട് ആതിഥേയൻ തണുപ്പൻ മട്ടിൽ, പുച്ഛത്തോടെ ഇടപെടുന്നെങ്കിൽ നിങ്ങൾക്ക് എന്തു തോന്നുമെന്നു സങ്കൽപ്പിക്കുക! തീർച്ചയായും നിങ്ങൾ അയാളുടെ ഭക്ഷണം ആസ്വദിക്കുകയില്ല. നിശ്ചയമായും, “സ്നേഹപൂർവം വിളമ്പുന്ന സസ്യാഹാരമാണ് വെറുപ്പോടെ വിളമ്പുന്ന കാളയിറച്ചിയെക്കാൾ മെച്ചം.” (സദൃശവാക്യങ്ങൾ 15:17, പി.ഒ.സി. ബൈബിൾ) അതുപോലെ, ഉപദേഷ്ടാവ് ആരെ ബുദ്ധ്യുപദേശിക്കുന്നുവോ അയാളോട് അനിഷ്ടം കാണിക്കുകയോ അയാളെ തുച്ഛീകരിക്കുകയോ നാണം കെടുത്തുകയോ ചെയ്താൽ ഏറ്റവും നല്ല ബുദ്ധ്യുപദേശം പോലും സ്വീകരിക്കാൻ ബുദ്ധിമുട്ടാകും. എന്നിരുന്നാലും, സ്നേഹം, പരസ്പര ആദരവ്, വിശ്വാസം എന്നിവ ബുദ്ധ്യുപദേശം കൊടുക്കുന്നതും സ്വീകരിക്കുന്നതും എളുപ്പമാക്കും.—കൊലൊസ്സ്യർ 3:14.
ബുദ്ധ്യുപദേശം സ്വീകരിച്ചതിന്റെ ഉദാഹരണം
ദാവീദ് രാജാവിനെ ബുദ്ധ്യുപദേശിച്ചപ്പോൾ നാഥാൻ പ്രവാചകൻ താഴ്മ പ്രകടമാക്കി. നാഥാൻ പറഞ്ഞതിലും പ്രവർത്തിച്ചതിലും ദാവീദിനോടുള്ള സ്നേഹവും ആദരവും പ്രകടമായിരുന്നു. ഒരു ദൃഷ്ടാന്തം ഉപയോഗിച്ചുകൊണ്ടാണ് നാഥാൻ തുടങ്ങിയത്. ബുദ്ധ്യുപദേശം ശ്രദ്ധിക്കുന്നതിൽ ദാവീദിന് ബുദ്ധിമുട്ട് ഉണ്ടാകാനുള്ള സാധ്യത കണ്ട് അതു മറികടക്കാൻ പറ്റിയ രീതിയിലുള്ളതായിരുന്നു ദൃഷ്ടാന്തം. (2 ശമൂവേൽ 12:1-4) ദാവീദിന് നീതിയോടും ന്യായത്തോടുമുള്ള സ്നേഹത്തെ പ്രവാചകൻ ഉണർത്തി, ബത്ത്-ശേബയോടു ബന്ധപ്പെട്ടുള്ള അവന്റെ പ്രവർത്തനത്തിൽ അത് പ്രകടമായിരുന്നില്ലെങ്കിലും. (2 ശമൂവേൽ 11:2-27) ദൃഷ്ടാന്തത്തിന്റെ ആശയം വ്യക്തമായപ്പോൾ, ദാവീദിന്റെ ഹൃദയത്തിൽനിന്നുള്ള പ്രതികരണം ഇതായിരുന്നു: “ഞാൻ യഹോവയോടു പാപം ചെയ്തിരിക്കുന്നു.” (2 ശമൂവേൽ 12:7-13) യഹോവയെ ശ്രദ്ധിക്കാഞ്ഞ കയീനിൽനിന്നു വ്യത്യസ്തനായി, ദാവീദ് താഴ്മയോടെ തിരുത്തൽ സ്വീകരിച്ചു.
ദാവീദിന്റെ അപൂർണതയും അവൻ പ്രതികൂലമായി പ്രതികരിച്ചേക്കാനുള്ള സാധ്യതയും കണക്കിലെടുത്തുകൊണ്ട് യഹോവ നാഥാനെ ഉപയോഗിച്ചു എന്നതിൽ സംശയമില്ല. നാഥാൻ വളരെയധികം നയം പ്രകടമാക്കുകയും വ്യക്തമായും യഹോവയുടെ നിയമിത രാജാവ് എന്ന നിലയിൽ ദാവീദിനെ തന്നെക്കാൾ ശ്രേഷ്ഠനായി കരുതുകയും ചെയ്തു. നിങ്ങൾ ഏതെങ്കിലും അധികാരസ്ഥാനത്ത് ആണെങ്കിൽ, ഉചിതമായ ബുദ്ധ്യുപദേശം നൽകിയേക്കാം. എന്നാൽ നിങ്ങൾ താഴ്മ പ്രകടമാക്കുന്നില്ലെങ്കിൽ സ്വീകർത്താവിന് അതു കൈക്കൊള്ളാൻ പ്രയാസകരം ആയിരിക്കും.
താഴ്മയോടെ നാഥാൻ ദാവീദിനെ യഥാസ്ഥാനപ്പെടുത്തി. ദാവീദിന് ഏറ്റവും പ്രയോജനകരമായ വിധത്തിൽ പ്രതികരിക്കാൻ കഴിയത്തക്കവണ്ണം കൃപയോടും ശ്രദ്ധയോടും കൂടെ ആയിരുന്നു പ്രവാചകൻ വാക്കുകൾ ചിട്ടപ്പെടുത്തിയത്. നാഥാൻ സ്വന്തം താത്പര്യപ്രകാരം പ്രവർത്തിക്കുകയായിരുന്നില്ല. തനിക്ക് ദാവീദിനെക്കാൾ ധാർമികമോ ആത്മീയമോ ആയ ശ്രേഷ്ഠത ഉണ്ടെന്ന് വിചാരിക്കുകയും ചെയ്തില്ല. ഉചിതമായ വിധത്തിൽ ശരിയായ വാക്കുകൾ പറയുന്നതിന്റെ എത്ര നല്ല മാതൃക! നിങ്ങൾ സമാനമായ മനോഭാവം പ്രകടമാക്കുന്നെങ്കിൽ, മറ്റുള്ളവർ നിങ്ങളുടെ ബുദ്ധ്യുപദേശം സ്വീകരിക്കുന്നതിനുള്ള സാധ്യതയുണ്ട്.
[22-ാം പേജിലെ ചിത്രം]
പോഷകാഹാരത്തെപ്പോലെ, നിങ്ങളുടെ ബുദ്ധ്യുപദേശം ആരോഗ്യാവഹം ആയിരിക്കണം
[23-ാം പേജിലെ ചിത്രം]
നിങ്ങളുടെ ബുദ്ധ്യുപദേശത്തെ നിങ്ങൾ കൊത്തുപണികളുള്ള വെള്ളിപ്പാത്രങ്ങളിലെ സ്വർണ ആപ്പിൾപോലെ ആക്കുന്നുണ്ടോ?
[24-ാം പേജിലെ ചിത്രം]
നാഥാൻ പ്രവാചകൻ ദാവീദിന് നീതിയോടും ന്യായത്തോടുമുള്ള സ്നേഹത്തെ ഉണർത്തി