മൺപാത്രങ്ങളിലെ ഞങ്ങളുടെ നിധി
മൺപാത്രങ്ങളിലെ ഞങ്ങളുടെ നിധി
“സാധാരണയിൽ കവിഞ്ഞ ഈ ശക്തി ഞങ്ങളിൽനിന്നുതന്നെ ഉള്ളതല്ല, പിന്നെയോ ദൈവത്തിന്റേത് ആകേണ്ടതിനു ഞങ്ങൾക്ക് ഈ നിധിയുള്ളത് മൺപാത്രങ്ങളിൽ ആകുന്നു.”—2 കൊരിന്ത്യർ 4:7, NW.
1. യേശുവിന്റെ മാതൃക നമുക്ക് എങ്ങനെ പ്രോത്സാഹനം ആകണം?
ഇവിടെ ഭൂമിയിൽ യഹോവയാൽ രൂപപ്പെടുത്തപ്പെട്ടുകൊണ്ടിരിക്കെ, യേശുവിനു മനുഷ്യവർഗത്തിന്റെ ദൗർബല്യങ്ങൾ നേരിട്ട് അനുഭവിച്ചറിയാൻ കഴിഞ്ഞു. അവൻ ദൃഢമായ വിശ്വസ്തത പാലിച്ചതിന്റെ മാതൃക നമ്മെ എത്രമാത്രം പ്രോത്സാഹിപ്പിക്കണം! അപ്പൊസ്തലൻ നമ്മോടു പറയുന്നു: “അതിന്നായിട്ടല്ലോ നിങ്ങളെ വിളിച്ചിരിക്കുന്നതു. ക്രിസ്തുവും നിങ്ങൾക്കു വേണ്ടി കഷ്ടം അനുഭവിച്ചു, നിങ്ങൾ അവന്റെ കാൽച്ചുവടു പിന്തുടരുവാൻ ഒരു മാതൃക വെച്ചേച്ചു പോയിരിക്കുന്നു.” (1 പത്രൊസ് 2:21) അത്തരം രൂപപ്പെടുത്തലിനു വഴങ്ങിക്കൊടുത്തുകൊണ്ട്, യേശു ലോകത്തിന്മേൽ വിജയം വരിച്ചു. ജയിച്ചടക്കുന്നവർ ആയിത്തീരാൻ അവൻ തന്റെ അപ്പൊസ്തലന്മാരെ ധൈര്യപ്പെടുത്തുകയും ചെയ്തു. (പ്രവൃത്തികൾ 4:13, 31; 9:27, 28; 14:3; 19:8) അവരോടുള്ള അവസാന പ്രസംഗത്തിന്റെ സമാപനത്തിൽ അവൻ എത്ര മഹത്തായ പ്രോത്സാഹനമാണു നൽകിയത്! അവൻ ഇങ്ങനെ പ്രഖ്യാപിച്ചു: “നിങ്ങൾക്കു എന്നിൽ [“ഞാൻ മുഖാന്തരം,” NW] സമാധാനം ഉണ്ടാകേണ്ടതിന്നു ഇതു നിങ്ങളോടു സംസാരിച്ചിരിക്കുന്നു; ലോകത്തിൽ നിങ്ങൾക്കു കഷ്ടം ഉണ്ടു; എങ്കിലും ധൈര്യപ്പെടുവിൻ; ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു.”—യോഹന്നാൻ 16:33.
2. ലോകത്തിന്റെ അന്ധകാരത്തിനു നേർവിപരീതമായി, നമുക്ക് എന്തു പ്രകാശനം ഉണ്ട്?
2 സമാനമായി, “ഈ വ്യവസ്ഥിതിയുടെ ദൈവം” വരുത്തിയിരിക്കുന്ന അന്ധകാരത്തെ “മഹനീയ സുവാർത്തയുടെ പ്രകാശന”വുമായി വിപരീത താരതമ്യം ചെയ്തതിനുശേഷം പൗലൊസ് അപ്പൊസ്തലൻ നമ്മുടെ അമൂല്യ ശുശ്രൂഷയെ കുറിച്ചു പറഞ്ഞു: “സാധാരണയിൽ കവിഞ്ഞ ഈ ശക്തി ഞങ്ങളിൽനിന്നുതന്നെ ഉള്ളതല്ല, പിന്നെയോ ദൈവത്തിന്റേത് ആകേണ്ടതിനു ഞങ്ങൾക്ക് ഈ നിധിയുള്ളത് മൺപാത്രങ്ങളിൽ ആകുന്നു. ഞങ്ങൾ സകല വിധങ്ങളിലും ഞെരുക്കപ്പെടുന്നു, എങ്കിലും നിശ്ചലരാക്കപ്പെടുന്നില്ല; വിഷമിപ്പിക്കപ്പെടുന്നു, എങ്കിലും യാതൊരു പോംവഴിയും ഇല്ലാത്ത അവസ്ഥയിൽ ആയിപ്പോകുന്നില്ല; പീഡിപ്പിക്കപ്പെടുന്നു, എങ്കിലും പരിത്യക്തരാകുന്നില്ല; അടിച്ചുവീഴ്ത്തപ്പെടുന്നു, എങ്കിലും നശിപ്പിക്കപ്പെടുന്നില്ല.” (2 കൊരിന്ത്യർ 4:4, 7-9, NW) നാം ദുർബലരായ “മൺപാത്രങ്ങ”ൾ ആണെങ്കിലും, സാത്താന്റെ ലോകത്തിനുമേൽ സമ്പൂർണ വിജയം വരിക്കാൻ കഴിയത്തക്കവിധം ദൈവം നമ്മെ തന്റെ ആത്മാവിനാൽ രൂപപ്പെടുത്തിയിരിക്കുന്നു.—റോമർ 8:35-39; 1 കൊരിന്ത്യർ 15:57, NW.
പുരാതന ഇസ്രായേലിലെ രൂപപ്പെടുത്തൽ
3. യെശയ്യാവു യഹൂദ ജനതയുടെ രൂപപ്പെടുത്തലിനെ വർണിച്ചത് എങ്ങനെ?
3 യഹോവ വ്യക്തികളെ മാത്രമല്ല, മുഴു ജനതയെയും രൂപപ്പെടുത്തുന്നു. ഉദാഹരണത്തിന്, പുരാതന ഇസ്രായേൽ യഹോവയുടെ രൂപപ്പെടുത്തലിനു കീഴ്പെട്ടപ്പോൾ അവർക്ക് അഭിവൃദ്ധി ഉണ്ടായി. എന്നാൽ അവസാനം ഇസ്രായേൽ മനംതഴമ്പിച്ച് അനുസരണക്കേടിന്റെ ഗതി സ്വീകരിച്ചപ്പോൾ, ഇസ്രായേലിനെ രൂപപ്പെടുത്തിയവൻ അവർക്കുമേൽ “കഷ്ടം” വരുത്തി. (യെശയ്യാവു 45:9) പൊ.യു.മു. 8-ാം നൂറ്റാണ്ടിൽ, യെശയ്യാവ് ഇസ്രായേലിന്റെ കൊടുംപാപത്തെ കുറിച്ചു സംസാരിച്ചുകൊണ്ട് യഹോവയോടു പറഞ്ഞു: “യഹോവേ, നീ ഞങ്ങളുടെ പിതാവു; ഞങ്ങൾ കളിമണ്ണും നീ ഞങ്ങളെ മനയുന്നവനും ആകുന്നു; ഞങ്ങൾ എല്ലാവരും നിന്റെ കൈപ്പണിയത്രേ; . . . ഞങ്ങൾക്കു മനോഹരമായിരുന്നതൊക്കെയും ശൂന്യമായി കിടക്കുന്നു.” (യെശയ്യാവു 64:8-11) ഇസ്രായേൽ തീർത്തും നാശയോഗ്യമായ ഒരു പാത്രമായി രൂപപ്പെടുത്തപ്പെട്ടിരുന്നു.
4. യിരെമ്യാവ് എന്തു ദൃഷ്ടാന്തം പ്രകടിപ്പിച്ചു കാണിച്ചു?
4 ഒരു നൂറ്റാണ്ടിനുശേഷം, കണക്കുതീർപ്പിൻ ദിവസം സമീപിച്ചപ്പോൾ, യഹോവ യിരെമ്യാവിനോട് ഒരു മൺകുടം എടുത്ത് യെരൂശലേമിലെ പ്രായമേറിയ പുരുഷന്മാരിൽ ചിലരോടൊപ്പം ഹിന്നോം താഴ്വരയിലേക്കു പോകാൻ പറഞ്ഞിട്ട് ഇങ്ങനെ കൽപ്പിച്ചു: “നിന്നോടുകൂടെ പോന്ന പുരുഷന്മാർ കാൺകെ നീ ആ മൺകുടം ഉടെച്ചു അവരോടു പറയേണ്ടതെന്തെന്നാൽ: സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നന്നാക്കിക്കൂടാതവണ്ണം കുശവന്റെ പാത്രം ഉടെച്ചുകളഞ്ഞതുപോലെ ഞാൻ ഈ ജനത്തെയും ഈ നഗരത്തെയും ഉടെച്ചുകളയും.”—യിരെമ്യാവു 19:10, 11.
5. ഇസ്രായേലിന്റെമേലുള്ള യഹോവയുടെ ന്യായവിധി എത്ര വ്യാപകമായിരുന്നു?
5 പൊ.യു.മു. 607-ൽ, നെബൂഖദ്നേസർ യെരൂശലേമിനെയും അതിന്റെ ആലയത്തെയും നശിപ്പിക്കുകയും ശേഷിക്കുന്ന യഹൂദന്മാരെ ബാബിലോനിലേക്കു തടവുകാരായി പിടിച്ചുകൊണ്ടു പോകുകയും ചെയ്തു. എന്നാൽ 70 വർഷത്തെ പ്രവാസത്തിനുശേഷം, അനുതാപം പ്രകടമാക്കിയ യഹൂദന്മാർക്ക് യെരൂശലേമും അതിന്റെ ആലയവും പുനർനിർമിക്കുന്നതിനു വേണ്ടി മടങ്ങാൻ കഴിഞ്ഞു. (യിരെമ്യാവു 25:11) എന്നിരുന്നാലും, പൊ.യു. ഒന്നാം നൂറ്റാണ്ട് ആയപ്പോഴേക്കും, ആ ജനത വലിയ കുശവനെ വീണ്ടും ഉപേക്ഷിച്ചുകഴിഞ്ഞിരുന്നു. അവസാനം അവർ അധമത്വത്തിന്റെ അഗാധത്തിലേക്ക് ഇറങ്ങി ഏറ്റവും വലിയ കുറ്റം ചെയ്തു, ദൈവത്തിന്റെതന്നെ പുത്രനെ വധിച്ചു. പൊ.യു. 70-ൽ യെരൂശലേമിനെയും ആലയത്തെയും നശിപ്പിച്ച് യഹൂദ വ്യവസ്ഥിതിയെ തുടച്ചുനീക്കുന്നതിനുവേണ്ടി ദൈവം ലോകശക്തിയായ റോമിനെ തന്റെ വധനിർവാഹകനായി ഉപയോഗിച്ചു. “വിശുദ്ധിയും മഹത്വവു”മുള്ള ജനതയായി ഇസ്രായേൽ യഹോവയുടെ കൈയാൽ ഇനിയൊരിക്കലും രൂപപ്പെടുത്തപ്പെടുകയില്ല. a
ഒരു ആത്മീയ ജനതയെ രൂപപ്പെടുത്തൽ
6, 7. (എ) ആത്മീയ ഇസ്രായേലിന്റെ രൂപപ്പെടുത്തലിനെ പൗലൊസ് വർണിക്കുന്നത് എങ്ങനെ? (ബി) “കരുണാപാത്രങ്ങ”ളിൽ മൊത്തം എത്ര പേരുണ്ട്, അതിന്റെ ഘടന എങ്ങനെ?
6 യേശുവിനെ സ്വീകരിച്ച യഹൂദന്മാർ ഒരു പുതിയ ജനതയുടെ, ‘ദൈവത്തിന്റെ’ ആത്മീയ ‘ഇസ്രായേലിന്റെ’ അടിസ്ഥാന അംഗങ്ങൾ എന്ന നിലയിൽ രൂപപ്പെടുത്തപ്പെട്ടു. (ഗലാത്യർ 6:16) അപ്പോൾ പൗലൊസിന്റെ വാക്കുകൾ എത്ര ഉചിതമാണ്: “അല്ല, കുശവന്നു അതേ പിണ്ഡത്തിൽനിന്നു ഒരു പാത്രം മാനത്തിന്നും മറെറാരു പാത്രം അപമാനത്തിന്നും ഉണ്ടാക്കുവാൻ മണ്ണിന്മേൽ അധികാരം ഇല്ലയോ? എന്നാൽ ദൈവം തന്റെ കോപം കാണിപ്പാനും ശക്തി വെളിപ്പെടുത്തുവാനും . . . തേജസ്സിന്നായി മുന്നൊരുക്കിയ കരുണാപാത്രങ്ങളായ നമ്മിൽ തന്റെ തേജസ്സിന്റെ ധനം വെളിപ്പെടുത്തുവാനും ഇച്ഛിച്ചിട്ടു നാശയോഗ്യമായ കോപപാത്രങ്ങളെ വളരെ ദീർഘക്ഷമയോടെ സഹിച്ചു.”—റോമർ 9:21-24.
7 പുനരുത്ഥാനം പ്രാപിച്ച യേശു ഈ “കരുണാപാത്രങ്ങളു”ടെ എണ്ണം 1,44,000 ആയിരിക്കുമെന്നു പിന്നീട് വെളിപ്പെടുത്തി. (വെളിപ്പാടു 7:4; 14:1) സ്വാഭാവിക ഇസ്രായേലിൽനിന്നുള്ളവർ ആ എണ്ണം തികയ്ക്കാതിരുന്നതുകൊണ്ട്, യഹോവ തന്റെ കരുണ ജാതികൾക്കു നീട്ടിക്കൊടുത്തു. (റോമർ 11:25, 26) പറക്കമുറ്റാത്ത ക്രിസ്തീയ സഭ പെട്ടെന്നു വളർന്നു. 30 വർഷത്തിനുള്ളിൽ സുവാർത്ത “ആകാശത്തിൻകീഴെ സകലസൃഷ്ടികളുടെയും ഇടയിൽ ഘോഷി”ക്കപ്പെട്ടു. (കൊലൊസ്സ്യർ 1:23) ഇതുമൂലം, പലയിടങ്ങളിലായുള്ള അനേകം പ്രാദേശിക സഭകളെ ഉചിതമായ മേൽനോട്ടത്തിൻ കീഴിൽ കൊണ്ടുവരേണ്ട ആവശ്യം വന്നു.
8. ആദ്യ ഭരണസംഘത്തിൽ ആരെല്ലാം ഉണ്ടായിരുന്നു, ഈ സംഘം എങ്ങനെ വിപുലമാക്കപ്പെട്ടു?
8 യേശു 12 അപ്പൊസ്തലന്മാരെ ആദ്യ ഭരണസംഘം ആയിത്തീരാൻ സജ്ജരാക്കിയിരുന്നു, ശുശ്രൂഷയ്ക്ക് അവരെയും മറ്റുള്ളവരെയും പരിശീലിപ്പിച്ചിരുന്നു. (ലൂക്കൊസ് 8:1; 9:1, 2; 10:1, 2) പൊ.യു. 33-ലെ പെന്തക്കൊസ്തിൽ, ക്രിസ്തീയ സഭ സ്ഥാപിതമായി. കാലക്രമേണ ഭരണസംഘം വിപുലമാക്കപ്പെട്ടു. അതിൽ ‘യെരൂശലേമിലെ അപ്പൊസ്തലന്മാരും മൂപ്പന്മാരും’ ഉൾപ്പെടുത്തപ്പെട്ടു. ഒരു അപ്പൊസ്തലൻ ആയിരുന്നില്ലെങ്കിലും, യേശുവിന്റെ അർധസഹോദരനായ യാക്കോബ് ദീർഘകാലം അതിന്റെ അധ്യക്ഷനായി സേവിച്ചിരുന്നതായി കാണുന്നു. (പ്രവൃത്തികൾ 12:17; 15:2, 6, 13; 21:18) യൂസിബിയസ് പറയുന്നത് അനുസരിച്ച്, അപ്പൊസ്തലന്മാർ പ്രത്യേകിച്ചും പീഡനത്തിന് ഇരകൾ ആയിത്തീരുകയും മറ്റു പ്രദേശങ്ങളിലേക്കു ചിതറിക്കപ്പെടുകയും ചെയ്തു. അതുകൊണ്ട് ഭരണസംഘത്തിന്റെ ഘടനയ്ക്കു തദനുസൃതമായ മാറ്റം വരുത്തി.
9. സങ്കടകരമായ ഏതു സംഭവവികാസം ഉടലെടുക്കുമെന്ന് യേശു മുൻകൂട്ടിപ്പറഞ്ഞു?
9 ഒന്നാം നൂറ്റാണ്ടിന്റെ അന്ത്യത്തോടടുത്ത്, ‘ശത്രുവായ പിശാച്’ ‘സ്വർഗരാജ്യ’ത്തിന്റെ കോതമ്പുതുല്യ അവകാശികൾക്കിടയിൽ ‘കള വിതയ്ക്കാൻ’ തുടങ്ങി. ഈ സങ്കടകരമായ സംഭവവികാസം “ലോകാവസാന”ത്തിലെ കൊയ്ത്തുവരെ അനുവദിക്കപ്പെടുമെന്ന് യേശു പ്രവചിച്ചിരുന്നു. പിന്നെ വീണ്ടും ‘നീതിമാൻമാർ തങ്ങളുടെ പിതാവിന്റെ രാജ്യത്തിൽ സൂര്യനെപ്പോലെ പ്രകാശിക്കു’മായിരുന്നു. (മത്തായി 13:24, 25, 37-43) അത് എപ്പോഴായിരിക്കും?
ഇന്ന് ദൈവത്തിന്റെ ഇസ്രായേലിനെ രൂപപ്പെടുത്തൽ
10, 11. (എ) ദൈവത്തിന്റെ ഇസ്രായേലിന്റെ ആധുനികകാല രൂപപ്പെടുത്തൽ ആരംഭിച്ചത് എങ്ങനെ? (ബി) ക്രൈസ്തവ ലോകത്തിന്റെയും ഉത്സാഹികളായ ബൈബിൾ വിദ്യാർഥികളുടെയും പഠിപ്പിക്കലുകൾ തമ്മിൽ എന്തു വൈരുധ്യങ്ങൾ ഉണ്ടായിരുന്നു?
10 1870-ൽ, ചാൾസ് റ്റെയ്സ് റസ്സൽ ഐക്യനാടുകളിലെ പെൻസിൽവേനിയയിലെ പിറ്റ്സ്ബർഗിൽ ഒരു ബൈബിൾ അധ്യയന കൂട്ടം രൂപീകരിച്ചു. 1879-ൽ അദ്ദേഹം, ഇന്ന് വീക്ഷാഗോപുരം എന്ന് അറിയപ്പെടുന്ന മാസിക പ്രസിദ്ധീകരിക്കാൻ തുടങ്ങി. അന്ന് അതു പ്രതിമാസപ്പതിപ്പ് ആയിരുന്നു. ബൈബിൾ വിദ്യാർഥികൾ എന്ന് അറിയപ്പെടാൻ ഇടയായ അവർ ആത്മാവിന്റെ അമർത്യത, നരകാഗ്നി, ശുദ്ധീകരണസ്ഥലം, ത്രിത്വദൈവം, ശിശുക്കളുടെ സ്നാപനം എന്നിങ്ങനെയുള്ള ക്രൈസ്തവ ലോകത്തിലെ പഠിപ്പിക്കലുകൾ തിരുവെഴുത്തു വിരുദ്ധമാണെന്നും അവ പുറജാതീയരിൽനിന്ന് ഉത്ഭവിച്ചതാണെന്നും ഗ്രഹിച്ചു.
11 അതിലും പ്രധാനമായി, ബൈബിൾ സത്യത്തെ അതിയായി സ്നേഹിച്ചിരുന്ന ഇവർ യേശുവിന്റെ മറുവില യാഗത്തിലൂടെയുള്ള വീണ്ടെടുപ്പ്, ദൈവരാജ്യത്തിൻ കീഴിലെ സമാധാനപൂർണമായ പറുദീസയിലെ നിത്യജീവനിലേക്കുള്ള പുനരുത്ഥാനം എന്നിങ്ങനെയുള്ള അടിസ്ഥാന ബൈബിൾ പഠിപ്പിക്കലുകൾ പുനഃസ്ഥാപിച്ചു. സർവോപരി, അഖിലാണ്ഡത്തിന്റെ കർത്താവായ യഹോവയാം ദൈവത്തിന്റെ പരമാധികാരത്തിന്റെ ഔചിത്യസംസ്ഥാപനം ആസന്നമായിരിക്കുന്നു എന്നതിന് ഊന്നൽ നൽകപ്പെട്ടു. “സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ; നിന്റെ രാജ്യം വരേണമേ; നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ” എന്ന കർതൃപ്രാർഥനയ്ക്ക് ഉത്തരം ലഭിക്കാനുള്ള സമയമായിക്കൊണ്ടിരിക്കുന്നു എന്നു ബൈബിൾ വിദ്യാർഥികൾ വിശ്വസിച്ചു. (മത്തായി 6:9, 10) ദൈവത്തിന്റെ പരിശുദ്ധാത്മാവിനാൽ അവർ സമാധാന പ്രേമികളായ ക്രിസ്ത്യാനികളുടെ ഒരു ലോകവ്യാപക സമൂഹമായി രൂപപ്പെടുത്തപ്പെടുക ആയിരുന്നു.
12. ബൈബിൾ വിദ്യാർഥികൾ ഒരു പ്രധാനപ്പെട്ട തീയതി ഗ്രഹിക്കാൻ ഇടയായത് എങ്ങനെ?
12 ദാനീയേൽ 4-ാം അധ്യായത്തിന്റെയും മറ്റു പ്രവചനങ്ങളുടെയും ഒരു ആഴമായ പഠനം മിശിഹൈക രാജാവ് എന്ന നിലയിലുള്ള യേശുവിന്റെ സാന്നിധ്യം സമീപിച്ചിരിക്കുകയാണെന്ന് ബൈബിൾ വിദ്യാർഥികളെ ബോധ്യപ്പെടുത്തി. 1914-ൽ “ജനതകളുടെ നിയമിത കാലം” തികയുമെന്ന് അവർ ഗ്രഹിച്ചു. (ലൂക്കൊസ് 21:24, NW; യെഹെസ്കേൽ 21:26, 27) ബൈബിൾ വിദ്യാർഥികൾ ഐക്യനാടുകളിൽ ഉടനീളം ബൈബിൾ ക്ലാസ്സുകൾ (പിൽക്കാലത്ത് സഭകൾ എന്ന് അറിയപ്പെട്ടു) രൂപീകരിച്ചുകൊണ്ട് പെട്ടെന്നുതന്നെ തങ്ങളുടെ പ്രവർത്തനം വ്യാപകമാക്കി. 20-ാം നൂറ്റാണ്ടിന്റെ ആരംഭത്തോടെ, അവർ ബൈബിൾ വിദ്യാഭ്യാസ വേല യൂറോപ്പിലേക്കും ഓസ്ട്രേലിയയിലേക്കും സമീപ പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കുക ആയിരുന്നു. നല്ല സംഘാടനം ആവശ്യമായിത്തീർന്നു.
13. ബൈബിൾ വിദ്യാർഥികൾ എന്തു നിയമാംഗീകാരം നേടി, സൊസൈറ്റിയുടെ ആദ്യത്തെ പ്രസിഡന്റ് എന്തു നിസ്തുല സേവനം അനുഷ്ഠിച്ചു?
13 ബൈബിൾ വിദ്യാർഥികൾക്കു നിയമസാധുത ലഭിക്കാനായി 1884-ൽ ഐക്യനാടുകളിൽ സീയോന്റെ വാച്ച് ടവർ ട്രാക്റ്റ് സൊസൈറ്റി, പെൻസിൽവേനിയയിലെ പിറ്റ്സ്ബർഗ് ആസ്ഥാനമാക്കി, കോർപ്പറേഷനായി രൂപീകൃതമായി. അതിന്റെ ഡയറക്ടർമാർ ദൈവരാജ്യത്തെ കുറിച്ചുള്ള ആഗോള പ്രസംഗ പ്രവർത്തനത്തിനു മേൽനോട്ടം വഹിച്ചുകൊണ്ട് ഒരു കേന്ദ്ര ഭരണസംഘമായി സേവിച്ചു. സൊസൈറ്റിയുടെ ആദ്യത്തെ പ്രസിഡന്റായിരുന്ന ചാൾസ് റ്റി. റസ്സൽ ആറു വാല്യങ്ങളുള്ള വേദാധ്യയന പത്രിക എഴുതുകയും വ്യാപകമായ പ്രസംഗപര്യടനങ്ങൾ നടത്തുകയും ചെയ്തു. മാത്രമല്ല, ബൈബിൾ പഠനം ആരംഭിക്കുന്നതിനുമുമ്പു താൻ സ്വരൂപിച്ചിരുന്ന വമ്പിച്ച സമ്പാദ്യം മുഴുവനും അദ്ദേഹം ലോകവ്യാപക രാജ്യവേലയ്ക്കായി സംഭാവന ചെയ്തു. യൂറോപ്പിൽ ലോക മഹായുദ്ധം കൊടുമ്പിരികൊണ്ടിരിക്കുമ്പോൾ 1916-ൽ, പ്രസംഗ യാത്രയിലായിരിക്കെ, ക്ഷീണിതനായ റസ്സൽ സഹോദരൻ മരണമടഞ്ഞു. ദൈവരാജ്യത്തെ കുറിച്ചുള്ള സാക്ഷ്യം വിപുലമാക്കുന്നതിന് അദ്ദേഹം സർവസ്വവും ചെലവഴിച്ചു.
14. ജെ.എഫ്. റഥർഫോർഡ് ‘നല്ല പോർ പൊരുതി’യത് എങ്ങനെ? (2 തിമൊഥെയൊസ് 4:7)
14 മിസ്സുരിയിൽ കുറച്ചുകാലം ഒരു ജഡ്ജി ആയിരുന്ന ജോസഫ് എഫ്. റഥർഫോർഡ് അടുത്ത പ്രസിഡന്റ് ആയിത്തീർന്നു. അദ്ദേഹം നിർഭയമായി ബൈബിൾ സത്യം ഉയർത്തി പിടിച്ചതിന്റെ ഫലമായി, ക്രൈസ്തവലോകത്തിലെ പുരോഹിതവർഗം രാഷ്ട്രീയക്കാരെ കൂട്ടുപിടിച്ച് ‘നിയമം ഉപയോഗിച്ചു പ്രശ്നങ്ങൾ സൃഷ്ടി’ച്ചു. 1918 ജൂൺ 21-ാം തീയതി റഥർഫോർഡ് സഹോദരനെയും മറ്റ് ഏഴ് പ്രമുഖ ബൈബിൾ വിദ്യാർഥികളെയും, 10-ഓ 20-ഓ വർഷം വീതമുള്ള പല തടവുശിക്ഷകൾ നൽകി ദീർഘകാലത്തേക്കു ജയിലിലടച്ചു. എന്നാൽ അവർ അതിനെതിരെ കോടതിയിൽ പൊരുതി. (സങ്കീർത്തനം 94:20, NW; ഫിലിപ്പിയർ 1:7) 1919 മാർച്ച് 26-ന് അപ്പീൽ കോടതി അവരെ മോചിപ്പിക്കുകയും രാജ്യദ്രോഹികളെന്ന വ്യാജാരോപണത്തിൽനിന്നു പിന്നീട് അവരെ പൂർണമായും മുക്തരാക്കുകയും ചെയ്തു. b ഈ അനുഭവം അവരെ സത്യത്തിന്റെ ശക്തരായ വക്താക്കളായി രൂപപ്പെടുത്താൻ ഉതകി. മഹാ ബാബിലോന്റെ എതിർപ്പിലും സുവാർത്ത ഘോഷിക്കാനുള്ള ആത്മീയ പോരാട്ടത്തിൽ വിജയം വരിക്കാൻ അവർ, യഹോവയുടെ സഹായത്തോടെ, സാധ്യമായ എല്ലാ മാർഗങ്ങളും ഉപയോഗിച്ചു. ആ പോരാട്ടം 1999 എന്ന ഈ വർഷംവരെ തുടർന്നിരിക്കുന്നു.—മത്തായി 23-ാം അധ്യായവും യോഹന്നാൻ 8:38-47-ഉം താരതമ്യം ചെയ്യുക.
15. 1931എന്ന വർഷം ചരിത്രപരമായി പ്രധാനമായിരുന്നത് എന്തുകൊണ്ട്?
15 1920-കളിലും 1930-കളിലും വലിയ കുശവന്റെ നടത്തിപ്പിൻകീഴിൽ ദൈവത്തിന്റെ അഭിഷിക്ത ഇസ്രായേൽ രൂപപ്പെടുത്തപ്പെട്ടുകൊണ്ടിരുന്നു. തിരുവെഴുത്തുകളിൽ നിന്നുള്ള പ്രാവചനിക വെളിച്ചം, യഹോവയ്ക്കു മഹത്ത്വം കരേറ്റിക്കൊണ്ടും യേശുവിന്റെ മിശിഹൈക രാജ്യത്തിന്മേൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടും ഒളിമിന്നലുകൾ വിതറി. 1931-ൽ, ബൈബിൾ വിദ്യാർഥികൾ യഹോവയുടെ സാക്ഷികൾ എന്ന പുതിയ പേർ ആഹ്ലാദപൂർവം കൈക്കൊണ്ടു.—യെശയ്യാവു 43:10-12; മത്തായി 6:9, 10; 24:14.
16. 16-ഉം 19-ാം പേജിലെ ചതുരവും. 1,44,000-ൽപ്പെട്ടവരുടെ എണ്ണം പൂർത്തിയായത് എപ്പോഴായിരുന്നു, ഇതിന് എന്തു തെളിവ് ഉണ്ട്?
16 1930-കളിൽ, “വിളിക്കപ്പെട്ടവരും തിരഞ്ഞെടുക്കപ്പെട്ടവരും വിശ്വസ്തരുമായ”വരുടെ എണ്ണം—1,44,000—പൂർത്തിയായതായി കാണപ്പെട്ടു. (വെളിപ്പാടു 17:14; 19-ാം പേജിലെ ചതുരം കാണുക.) ഒന്നാം നൂറ്റാണ്ടിലും ക്രൈസ്തവ ലോകത്തിന്റെ വലിയ വിശ്വാസത്യാഗത്തിന്റേതായ അന്ധകാര യുഗത്തിൽ “കള”കളിൽനിന്നും അഭിഷിക്തരിൽപ്പെട്ട എത്ര പേർ കൂട്ടിവരുത്തപ്പെട്ടു എന്നു നമുക്ക് അറിയില്ല. എന്നാൽ 1935-ലെ ലോകവ്യാപക അത്യുച്ചമായിരുന്ന 56,153 പേരിൽ മൊത്തം 52,465 പ്രസാധകർ സ്മാരക ചിഹ്നങ്ങളിൽ പങ്കുപറ്റിക്കൊണ്ടു തങ്ങളുടെ സ്വർഗീയ പ്രത്യാശ പ്രകടമാക്കുകയുണ്ടായി. പിന്നെയും കൂട്ടിവരുത്തപ്പെടേണ്ടിയിരുന്ന അനേകരുടെയും പ്രത്യാശ എന്തായിരിക്കുമായിരുന്നു?
“ഇതാ! ഒരു മഹാപുരുഷാരം”
17. 1935-ൽ ചരിത്രപ്രധാനമായ എന്തു സംഭവവികാസം ഉണ്ടായി?
17 ഐക്യനാടുകളിലെ വാഷിങ്ടൺ ഡി.സി.-യിൽ 1935 മേയ് 30 മുതൽ ജൂൺ 3 വരെ നടത്തപ്പെട്ട ഒരു കൺവെൻഷനിൽവച്ച് റഥർഫോർഡ് സഹോദരൻ “മഹാസംഘം” എന്ന ശീർഷകത്തിലുള്ള ചരിത്ര പ്രധാനമായ ഒരു പ്രസംഗം നടത്തി. c ആത്മീയ ഇസ്രായേലിലെ 1,44,000 പേരുടെ മുദ്രയിടൽ സമാപിക്കാറാകുമ്പോൾ, “ഒരു മനുഷ്യനും എണ്ണുവാൻ സാധിക്കാത്ത” ഈ കൂട്ടം പ്രത്യക്ഷപ്പെടുമായിരുന്നു. ഇവരും യേശു എന്ന “കുഞ്ഞാടിന്റെ രക്ത”ത്തിന്റെ വീണ്ടെടുപ്പു ശക്തിയിൽ വിശ്വാസം പ്രകടമാക്കുകയും ആരാധനയ്ക്കുള്ള യഹോവയുടെ ആലയ ക്രമീകരണത്തിൽ വിശുദ്ധ സേവനം അർപ്പിക്കുകയും ചെയ്യും. ഒരു കൂട്ടമെന്ന നിലയിൽ, അവർ “മഹോപദ്രവത്തിൽനിന്നു” ജീവനോടെ “പുറത്തുവരുക”യും “മേലാൽ മരണം ഉണ്ടായിരിക്കുകയില്ലാത്ത” ഭൗമിക പറുദീസ അവകാശമാക്കുകയും ചെയ്യും. ആ കൺവെൻഷനു മുമ്പു പല വർഷങ്ങളോളം ഈ കൂട്ടത്തെ യോനാദാബുകൾ എന്നാണ് വിളിച്ചിരുന്നത്.—വെളിപ്പാടു 7:9-17; 21:4, NW; യിരെമ്യാവു 35:10.
18. 1938 എന്ന വർഷം നിർണായകമായിരുന്നത് ഏതെല്ലാം വിധങ്ങളിൽ?
18 ഈ രണ്ടു കൂട്ടങ്ങളെയും വ്യക്തമായി തിരിച്ചറിയുന്ന കാര്യത്തിൽ 1938 എന്ന വർഷം നിർണായകമായിരുന്നു. 1938 മാർച്ച് 15, ഏപ്രിൽ 1 വീക്ഷാഗോപുര (ഇംഗ്ലീഷ്) ലക്കങ്ങൾ “അവന്റെ ആട്ടിൻകൂട്ടം” എന്ന ശീർഷകത്തിൽ രണ്ടു ഭാഗങ്ങളുള്ള ഒരു അധ്യയനപാഠം അവതരിപ്പിച്ചു. അത് അഭിഷിക്ത ശേഷിപ്പിന്റെയും അവരുടെ സഹകാരികളായ മഹാപുരുഷാരത്തിന്റെയും ആപേക്ഷിക സ്ഥാനങ്ങൾ വ്യക്തമാക്കി. പിന്നീട് ജൂൺ 1-ഉം ജൂൺ 15-ഉം ലക്കങ്ങൾ യെശയ്യാവു 60:17-നെ അടിസ്ഥാനമാക്കി “സംഘടന”യെ കുറിച്ചുള്ള അധ്യയന ലേഖനങ്ങൾ പ്രസിദ്ധീകരിച്ചു. മെച്ചപ്പെട്ടതും ദിവ്യനിയമിതവും ദിവ്യാധിപത്യപരവുമായ ഒരു ക്രമീകരണം നിലവിൽ വരുന്നതിനുവേണ്ടി പ്രാദേശിക ദാസന്മാരുടെ നിയമനം ഭരണസംഘം നടത്തുന്നതിന് അഭ്യർഥിക്കാൻ എല്ലാ സഭകളോടും ആവശ്യപ്പെട്ടു. സഭകൾ അപ്രകാരം ചെയ്തു.
19. 19-ഉം അടിക്കുറിപ്പും. കഴിഞ്ഞ 60-തിലധികം വർഷമായി “വേറെ ആടുകൾ”ക്കായുള്ള പൊതുവായ ക്ഷണം തുടരുകയാണെന്ന് ഏതു വസ്തുതകൾ സ്ഥിരീകരിക്കുന്നു?
19 1939-ലെ യഹോവയുടെ സാക്ഷികളുടെ വാർഷികപുസ്തകത്തിലെ റിപ്പോർട്ട് ഇങ്ങനെ പ്രസ്താവിച്ചു: “ഭൂമിയിൽ ഇപ്പോഴുള്ള യേശുക്രിസ്തുവിന്റെ അഭിഷിക്ത അനുഗാമികൾ കുറച്ചു പേരേ ഉള്ളൂ. അവരുടെ എണ്ണം ഒരിക്കലും വർധിക്കുകയില്ല. തിരുവെഴുത്തുകളിൽ ഇവരെ ദൈവത്തിന്റെ സംഘടനയായ സീയോന്റെ സന്തതിയുടെ ‘ശേഷിപ്പ്’ എന്നാണു വിശേഷിപ്പിച്ചിരിക്കുന്നത്. (വെളി. 12:17) കർത്താവ് ഇപ്പോൾ, ‘മഹാസംഘ’ത്തിലെ അംഗങ്ങൾ ആയിത്തീരുന്ന തന്റെ ‘വേറെ ആടുകളെ’ കൂട്ടിവരുത്തിക്കൊണ്ടിരിക്കുകയാണ്. (യോഹ 10:16) ഇപ്പോൾ കൂട്ടിവരുത്തപ്പെടുന്നവർ ശേഷിപ്പിന്റെ സഹകാരികളും സഹപ്രവർത്തകരും ആണ്. ഈ സമയം മുതൽ, ആ ‘മഹാസംഘം’ കൂട്ടിച്ചേർക്കപ്പെടുന്നതുവരെ ‘വേറെ ആടുകളി’ൽപ്പെട്ടവരുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കും.” മഹാപുരുഷാരത്തിന്റെ കൂട്ടിവരുത്തലിനായി കരുതാൻ അഭിഷിക്ത ശേഷിപ്പ് രൂപപ്പെടുത്തപ്പെട്ടു കഴിഞ്ഞിരുന്നു. ഇവരും ഇപ്പോൾ രൂപപ്പെടുത്തപ്പെടണം. d
20. 1942 മുതൽ ഏതെല്ലാം സംഘടനാപരമായ മാറ്റങ്ങൾ നടന്നിരിക്കുന്നു?
20 1942 ജനുവരിയിൽ, രണ്ടാം ലോകമഹായുദ്ധം കൊടുമ്പിരികൊണ്ടിരിക്കുമ്പോൾ, ജോസഫ് റഥർഫോർഡ് സഹോദരൻ മരിച്ചു. തുടർന്ന് നാഥാൻ നോർ സഹോദരൻ പ്രസിഡന്റ് ആയി. സൊസൈറ്റിയുടെ ഈ മൂന്നാമത്തെ പ്രസിഡന്റ് സഭകളിൽ ദിവ്യാധിപത്യ സ്കൂളുകളും മിഷനറിമാരെ പരിശീലിപ്പിക്കുന്നതിനുള്ള ഗിലെയാദ് സ്കൂളും സ്ഥാപിച്ചത് എല്ലാവരും സ്നേഹപൂർവം ഓർക്കുന്നു. 1944-ലെ സൊസൈറ്റിയുടെ വാർഷിക യോഗത്തിൽ, സൊസൈറ്റിയുടെ ചാർട്ടർ ഭേദഗതി ചെയ്യുകയാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. പരിഷ്കരിച്ച രീതി അനുസരിച്ച് അംഗത്വം ഭൗതിക സംഭാവനകളെ അല്ല, മറിച്ച് ആത്മീയതയെ അടിസ്ഥാനമാക്കി ആകുമായിരുന്നു. അടുത്ത 30 വർഷത്തിൽ ലോകവ്യാപകമായി വയൽപ്രവർത്തകരുടെ എണ്ണം 1,56,299-ൽനിന്ന് 21,79,256 ആയി ഉയർന്നു. 1971-75 കാലഘട്ടത്ത് സംഘടനാപരമായ കൂടുതൽ മാറ്റങ്ങൾ ആവശ്യമായി. പ്രസിഡന്റായി സേവിക്കുന്ന കേവലം ഒരാൾക്ക് ഭൂവ്യാപകമായ രാജ്യവേലയ്ക്കു സമഗ്രമായ മേൽനോട്ടം വഹിക്കാൻ സാധിക്കുകയില്ലായിരുന്നു. അധ്യക്ഷസ്ഥാനം മാറിമാറി ലഭിക്കുന്ന ക്രമീകരണത്തോടെ ഭരണസംഘത്തിന്റെ അംഗ സംഖ്യ 18 അഭിഷിക്ത അംഗങ്ങൾ ആയി ഉയർത്തി. ഇപ്പോൾ അവരിൽ ഏകദേശം പകുതി പേരുടെയും ഭൗമിക ജീവിതം അവസാനിച്ചിരിക്കുന്നു.
21. ചെറിയ ആട്ടിൻകൂട്ടത്തിലെ അംഗങ്ങളെ രാജ്യത്തിനായി യോഗ്യരാക്കിയിരിക്കുന്നത് എന്ത്?
21 ചെറിയ ആട്ടിൻകൂട്ടത്തിലെ ശേഷിക്കുന്ന അംഗങ്ങൾ അനേകം പതിറ്റാണ്ടുകളിലെ പരിശോധനകളിലൂടെ രൂപപ്പെടുത്തപ്പെട്ടിരിക്കുന്നു. അവർ നല്ല ധൈര്യമുള്ളവരും ‘ആത്മാവിന്റെ’ സംശയാതീതമായ ‘സാക്ഷ്യം’ ലഭിച്ചിട്ടുള്ളവരും ആകുന്നു. യേശു അവരോട് ഇങ്ങനെ പറഞ്ഞിരിക്കുന്നു: “നിങ്ങൾ ആകുന്നു എന്റെ പരീക്ഷകളിൽ എന്നോടുകൂടെ നിലനിന്നവർ. എന്റെ പിതാവു എനിക്കു രാജ്യം നിയമിച്ചുതന്നതുപോലെ ഞാൻ നിങ്ങൾക്കും നിയമിച്ചുതരുന്നു. നിങ്ങൾ എന്റെ രാജ്യത്തിൽ എന്റെ മേശയിങ്കൽ തിന്നുകുടിക്കയും സിംഹാസനങ്ങളിൽ ഇരുന്നു യിസ്രായേൽ ഗോത്രം പന്ത്രണ്ടിനെയും ന്യായം വിധിക്കയും ചെയ്യും.”—റോമർ 8:16, 17; ലൂക്കൊസ് 12:32; 22:28-30.
22, 23. ചെറിയ ആട്ടിൻകൂട്ടവും വേറെ ആടുകളും രൂപപ്പെടുത്തപ്പെടുന്നത് എങ്ങനെ?
22 ഭൂമിയിൽ ആത്മാഭിഷിക്ത ശേഷിപ്പിന്റെ എണ്ണം കുറയുന്നത് അനുസരിച്ച്, മഹാപുരുഷാരത്തിൽപ്പെട്ട പക്വതയുള്ള സഹോദരന്മാർക്ക് ലോകവ്യാപകമായുള്ള മിക്കവാറും എല്ലാ സഭകളുടെയും ആത്മീയ മേൽനോട്ടം നൽകപ്പെട്ടിരിക്കുന്നു. പ്രായമേറിയ അഭിഷിക്ത സാക്ഷികളിൽ അവസാനത്തവരുടെ ഭൗമിക ജീവിതഗതി അവസാനിക്കുന്നത് അനുസരിച്ച് വേറെ ആടുകളിലെ പ്രഭുക്കളായ സരിമുകൾക്ക് ഭൂമിയിലെ പ്രഭുവർഗം എന്ന നിലയിലുള്ള ഭരണ ചുമതലകൾ നിർവഹിക്കാൻ മതിയായ പരിശീലനം ലഭിച്ചിരിക്കും.—യെഹെസ്കേൽ 44:3; യെശയ്യാവു 32:1.
23 ചെറിയ ആട്ടിൻകൂട്ടവും വേറെ ആടുകളും ഒരുപോലെ മാനമായ ഉപയോഗത്തിനുള്ള പാത്രങ്ങളായി രൂപപ്പെടുത്തപ്പെട്ടുകൊണ്ടിരിക്കുകയാണ്. (യോഹന്നാൻ 10:14-16) നമ്മുടെ പ്രത്യാശ “പുതിയ ആകാശ”ത്തിലോ “പുതിയ ഭൂമി”യിലോ ആയാലും, നമുക്കു യഹോവയുടെ പിൻവരുന്ന ക്ഷണത്തോടു മുഴുഹൃദയത്തോടെ പ്രതികരിക്കാം: “ഞാൻ സൃഷ്ടിക്കുന്നതിനെക്കുറിച്ചു നിങ്ങൾ സന്തോഷിച്ചു എന്നേക്കും ഘോഷിച്ചുല്ലസിപ്പിൻ; ഇതാ, ഞാൻ [സ്വർഗീയ] യെരുശലേമിനെ ഉല്ലാസപ്രദമായും അതിലെ ജനത്തെ ആനന്ദപ്രദമായും സൃഷ്ടിക്കുന്നു.” (യെശയ്യാവു 65:17, 18) ദുർബല മനുഷ്യരായ നമുക്ക്, ‘സാധാരണയിൽ കവിഞ്ഞ ശക്തി’യാൽ—ദൈവത്തിന്റെ പരിശുദ്ധാത്മാവിന്റെ ശക്തിയാൽ—രൂപപ്പെടുത്തപ്പെട്ടുകൊണ്ട് എല്ലായ്പോഴും താഴ്മയോടെ സേവിക്കാം.—2 കൊരിന്ത്യർ 4:7; യോഹന്നാൻ 16:13.
[അടിക്കുറിപ്പുകൾ]
a വിശ്വാസത്യാഗം ഭവിച്ച പുരാതന ഇസ്രായേലിന് യഹോവയിൽനിന്നു ലഭിച്ച ന്യായവിധി അതിന്റെ ആധുനിക പകർപ്പായ വിശ്വാസത്യാഗം ഭവിച്ച ക്രൈസ്തവലോകത്തിന് ഒരു മുന്നറിയിപ്പ് ആയിരിക്കട്ടെ.—1 പത്രൊസ് 4:17, 18.
b ബൈബിൾ വിദ്യാർഥികൾക്ക് ജാമ്യം നിഷേധിച്ച ഒരു റോമൻ കത്തോലിക്കനായ ജഡ്ജ് മാന്റൻതന്നെ, കൈക്കൂലി വാങ്ങിയതിനു പിന്നീടു തടവുശിക്ഷയ്ക്കു വിധിക്കപ്പെട്ടു.
c 1950-ൽ പ്രകാശനം ചെയ്യപ്പെട്ട ക്രിസ്തീയ ഗ്രീക്കു തിരുവെഴുത്തുകളുടെ പുതിയ ലോക ഭാഷാന്തരം (ഇംഗ്ലീഷ്) നിശ്വസ്ത ഗ്രീക്കു പദത്തിന്റെ മെച്ചമായ പരിഭാഷയായി “മഹാപുരുഷാരം” എന്ന പദം ഉപയോഗിക്കുന്നു.
d 1938-ൽ ലോകവ്യാപകമായ സ്മാരക ഹാജർ 73,420 ആയിരുന്നു. അവരിൽ 39,225 പേർ—സന്നിഹിതരായവരുടെ 53 ശതമാനം—ചിഹ്നങ്ങളിൽ പങ്കുപറ്റി. 1998 ആയപ്പോഴേക്കും സന്നിഹിതരായവരുടെ എണ്ണം 1,38,96,312 ആയി ഉയർന്നു. എന്നാൽ ചിഹ്നങ്ങളിൽ പങ്കുപറ്റിയവരോ 8,756 പേർ മാത്രം, അതായത് 10 സഭകൾക്ക് ഏകദേശം ഒരാൾ വീതം.
നിങ്ങൾ ഓർമിക്കുന്നുവോ?
□ പിതാവിനാലുള്ള രൂപപ്പെടുത്തലിനായി കീഴ്പെടുകവഴി, യേശു നമുക്കു മാതൃക ആയിരിക്കുന്നത് എങ്ങനെ?
□ പുരാതന ഇസ്രായേലിൽ എന്തു രൂപപ്പെടുത്തൽ നടന്നു?
□ ‘ദൈവത്തിന്റെ ഇസ്രായേൽ’ ഇന്നുവരെ രൂപപ്പെടുത്തപ്പെട്ടിരിക്കുന്നത് എങ്ങനെ?
□ “വേറെ ആടുകൾ” എന്ത് ഉദ്ദേശ്യത്തിൽ രൂപപ്പെടുത്തപ്പെട്ടിരിക്കുന്നു?
[അധ്യയന ചോദ്യങ്ങൾ]
[18-ാം പേജിലെ ചതുരം]
ക്രൈസ്തവലോകത്തിലെ കൂടുതലായ രൂപപ്പെടുത്തൽ
ഗ്രീസിലെ ഏഥൻസിൽനിന്നുള്ള ഒരു അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ഗ്രീക്ക് ഓർത്തഡോക്സ് സഭയിൽ ഈയിടെ നിയമിതനായ തലവനെ കുറിച്ച് ഇപ്രകാരം പറയുന്നു: “അദ്ദേഹം സമാധാനത്തിന്റെ സന്ദേശകൻ ആയിരിക്കാൻ പ്രതീക്ഷിക്കപ്പെടുന്നു. എന്നാൽ യുദ്ധത്തിനായി തയ്യാറെടുപ്പു നടത്തുന്ന ഒരു സൈന്യാധിപനെ പോലെയാണ് ഗ്രീക്ക് ഓർത്തഡോക്സ് സഭാ തലവൻ.
“‘ആവശ്യമെങ്കിൽ രക്തം ചിന്താനും എന്തു ത്യാഗം ചെയ്യാനും ഞങ്ങൾ തയ്യാറാണ്. ഒരു സഭ എന്നനിലയിൽ ഞങ്ങൾ സമാധാനത്തിനായി പ്രാർഥിക്കുന്നു . . . എന്നാൽ ആവശ്യം വരുന്ന നിമിഷം ഞങ്ങൾ വിശുദ്ധ ആയുധങ്ങൾ ആശിർവദിക്കും,’ അടുത്തയിടെ, കന്യാമറിയത്തിന്റെ സ്വർഗാരോഹണ തിരുനാളിൽ—അന്നുതന്നെയാണ് ഗ്രീസിന്റെ സായുധ സേനാ ദിനം—ആർച്ച് ബിഷപ്പ് ക്രിസ്റ്റൊഡൂലൊസ് പറഞ്ഞു.”
[19-ാം പേജിലെ ചതുരം]
“ഇനി കൂട്ടിച്ചേർക്കലുകൾ ഇല്ല!”
1970-ൽ ഗിലെയാദ് ബിരുദദാന സമയത്ത്, വാച്ച് ടവർ സൊസൈറ്റി അന്നത്തെ വൈസ് പ്രസിഡന്റ് ആയിരുന്ന ഫ്രഡറിക് ഫ്രാൻസ് ഭൗമിക പ്രത്യാശയുള്ള വേറെ ആടുകളിൽപ്പെട്ടവർ ആയിരുന്ന എല്ലാ വിദ്യാർഥികളോടും സംസാരിക്കവേ, അവർക്ക് അഭിഷിക്ത ശേഷിപ്പിൽ പെട്ടവർ ആണെന്ന് അവകാശപ്പെടുന്നവരെ സ്നാപനപ്പെടുത്തേണ്ടി വന്നേക്കാമെന്നു പറഞ്ഞു. അത് എങ്ങനെ സാധിക്കും? സ്നാപക യോഹന്നാൻ വേറെ ആടുകളിൽപ്പെട്ടവൻ ആയിരുന്നിട്ടും യേശുവിനെയും ചില അപ്പൊസ്തലന്മാരെയും സ്നാനപ്പെടുത്തി എന്ന് അദ്ദേഹം വിശദമാക്കി. എന്നിട്ട്, ശേഷിപ്പിലുള്ളവരെ കൂട്ടിവരുത്താനുള്ള ക്ഷണം ഇപ്പോഴുമുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു. “ഇല്ല, ഇനി കൂട്ടിച്ചേർക്കലുകൾ ഇല്ല!” അദ്ദേഹം പറഞ്ഞു. “ആ ക്ഷണം 1931-35 കാലഘട്ടത്തിൽത്തന്നെ അവസാനിച്ചു! ഇനി കൂട്ടിച്ചേർക്കലുകൾ ഇല്ല. അപ്പോൾപ്പിന്നെ പുതിയതായി സഹവസിക്കുന്ന ചിലർ സ്മാരക ചിഹ്നങ്ങളിൽ പങ്കുപറ്റുന്നതോ? അവർ ശേഷിപ്പിൽ പെട്ടവർ ആണെങ്കിൽ, അവർ പകരം വന്നവരാണ്! അവർ അഭിഷിക്ത അണികളിലേക്കു കൂട്ടിച്ചേർക്കപ്പെട്ടവർ അല്ല, മറിച്ച് വിശ്വാസം ഉപേക്ഷിച്ചു പോയവരുടെ സ്ഥാനത്തേക്കു പകരം വന്നവർ ആണ്.”
[15-ാം പേജിലെ ചിത്രം]
നാം നമ്മുടെ സേവനമെന്ന നിധിയെ എത്രമാത്രം വിലമതിക്കുന്നു!
[16-ാം പേജിലെ ചിത്രം]
പുരാതന ഇസ്രായേൽ നാശത്തിനുമാത്രം യോഗ്യമായ പാത്രം ആയിത്തീർന്നു