നിങ്ങൾ വിവാഹത്തെക്കുറിച്ചു ചിന്തിക്കുകയാണോ?
നിങ്ങൾ വിവാഹത്തെക്കുറിച്ചു ചിന്തിക്കുകയാണോ?
ആഗോള വിവാഹമോചനത്തെ ഒരു ഭൂകമ്പത്തോടു താരതമ്യം ചെയ്യുന്നെങ്കിൽ, ഐക്യനാടുകൾ ഭൂകമ്പ കേന്ദ്രമായിരിക്കും. ഈയിടെ അവിടെ ഒരു വർഷം പത്തുലക്ഷത്തിൽ അധികം വിവാഹമോചനങ്ങളാണ് നടന്നത്—ഓരോ മിനിറ്റിലും ശരാശരി രണ്ടെണ്ണം വീതം. എന്നാൽ വിവാഹത്തകർച്ച ഐക്യനാടുകളിൽ മാത്രമല്ല സംഭവിക്കുന്നത് എന്നു നിങ്ങൾക്ക് അറിയാമായിരിക്കും.
ഒരു പഠനം അനുസരിച്ച്, 1970-നുശേഷം കാനഡ, ഇംഗ്ലണ്ട്, വെയ്ൽസ്, ഫ്രാൻസ്, ഗ്രീസ്, നെതർലൻഡ്സ് എന്നിവിടങ്ങളിൽ വിവാഹമോചന നിരക്ക് ഇരട്ടിയിലധികം ആയിരിക്കുന്നു.
പരസ്പരം സ്നേഹിക്കുന്നതുകൊണ്ടും ആജീവനാന്തം ഒരുമിച്ചു ജീവിക്കാൻ ആഗ്രഹിക്കുന്നതുകൊണ്ടും ആണ് മിക്ക ദമ്പതികളും വിവാഹബന്ധത്തിലേക്കു പ്രവേശിക്കുന്നത് എന്നു നമുക്ക് അറിയാം. എന്നാൽ സങ്കടകരമെന്നു പറയട്ടെ, ഒരു സന്തുഷ്ട വിവാഹജീവിതം എന്ന സ്വപ്നം പലപ്പോഴും വെറും സ്വപ്നമായി അവശേഷിക്കുന്നു. യാഥാർഥ്യം മനസ്സിലാക്കുമ്പോൾ, തങ്ങൾ വളരെ നേരത്തെയോ അല്ലെങ്കിൽ ചേർച്ചയില്ലാത്ത ആളെയോ ആണ് വിവാഹം ചെയ്തിരിക്കുന്നതെന്ന് അനേകരും പറഞ്ഞിട്ടുണ്ട്. ചിലരുടെ കാര്യത്തിൽ ഇതു രണ്ടും ഒരു പ്രശ്നമായിരുന്നേക്കാം.
അനേകം വിവാഹങ്ങളും പരാജയപ്പെടുന്നത് എന്തുകൊണ്ട്? “ഒരുക്കമില്ലായ്മയാണ് ഒരു മുഖ്യ കാരണം” എന്നു കോർട്ടിങ്ങിനെ കുറിച്ചുള്ള ഒരു പുസ്തകത്തിന്റെ എഴുത്തുകാരി പറയുന്നു. അവർ ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “വൈവാഹിക പ്രശ്നങ്ങളാൽ നീറുന്ന ദമ്പതികളുടെ കേസുകൾ കൈകാര്യം ചെയ്യുമ്പോൾ എന്നിൽ രണ്ടു വികാരങ്ങൾ പൊന്തിവരും—സഹതാപവും ദേഷ്യവും. പരസ്പരം സംതൃപ്തിദായകമായ ഒരു ബന്ധം ഉണ്ടായിരിക്കണം എന്ന അവരുടെ സ്വപ്നം സാക്ഷാത്കരിച്ചില്ലല്ലോ എന്നതിനാലാണ് സഹതാപം തോന്നുന്നത്. വിവാഹത്തിന്റെ സങ്കീർണതയെ കുറിച്ച് അവർ അജ്ഞരാണ് എന്നതിനാൽ ദേഷ്യവും.”
നിശ്ചയമായും, വിവാഹം എങ്ങനെ വിജയിപ്പിക്കാനാകും എന്നതു സംബന്ധിച്ച് കാര്യമായ, അല്ലെങ്കിൽ ഒട്ടുംതന്നെ വിവരമില്ലാതെയാണ് അനേകരും വിവാഹബന്ധത്തിൽ പ്രവേശിക്കുന്നത്. ഇതിൽ അത്ഭുതപ്പെടാനൊന്നുമില്ല. ഒരു വിദ്യാഭ്യാസ വിചക്ഷണൻ ഇങ്ങനെ അഭിപ്രായപ്പെടുകയുണ്ടായി: “എത്രയെത്ര യുവജനങ്ങളാണ് കോളെജിൽ എലികളുടെയും പല്ലികളുടെയും സ്വഭാവവിശേഷങ്ങളെ കുറിച്ചു പഠിക്കുകയും അതേസമയം ഭാര്യയും ഭർത്താവും എന്ന രണ്ടാളുകളുടെ സ്വഭാവവിശേഷങ്ങളെ കുറിച്ചു പഠിക്കാൻ പരാജയപ്പെടുകയും ചെയ്യുന്നത്?”
നിങ്ങൾ വിവാഹിതൻ ആകുന്നതിനെ കുറിച്ചോ വിവാഹിതനെങ്കിൽ ഇപ്പോഴത്തെ നിങ്ങളുടെ അവസ്ഥയെ കുറിച്ചോ ചിന്തിക്കാറുണ്ടോ? രണ്ടിൽ ഏതായാലും, യഥാർഥ ജീവിതബന്ധം ചലച്ചിത്രങ്ങളിലും ടെലിവിഷൻ പരിപാടികളിലും പ്രേമനോവലുകളിലും ചിത്രീകരിക്കപ്പെടുന്നവയിൽനിന്നു വളരെ വ്യത്യസ്തമാണെന്ന ബോധം നിങ്ങൾക്ക് ഉണ്ടായിരിക്കണം. അതേസമയം, യഥാർഥ സ്നേഹമുള്ള പക്വമതികളായ രണ്ടാളുകളുടെ വിവാഹം ദൈവത്തിൽനിന്നുള്ള ഒരു അനുഗ്രഹമായി കരുതാവുന്നതാണ്. (സദൃശവാക്യങ്ങൾ 18:22; 19:14) അപ്പോൾ വിവാഹബന്ധം വിജയപ്രദമാക്കാൻ നിങ്ങൾ സജ്ജനാണെന്ന് നിങ്ങൾക്ക് എങ്ങനെ ഉറപ്പാക്കാൻ കഴിയും? ഒരു ഇണയെ തിരഞ്ഞെടുക്കുന്നതിൽ നിങ്ങൾ എന്തെല്ലാം ഘടകങ്ങൾ പരിചിന്തിക്കണം? നിങ്ങൾ വിവാഹിതനെങ്കിൽ, നിങ്ങളുടെ വിവാഹജീവിതത്തെ എപ്പോഴും സന്തുഷ്ടമായി നിലനിർത്താനുള്ള സാധ്യതയെ നിങ്ങൾക്ക് എങ്ങനെ വർധിപ്പിക്കാം?