സ്നേഹത്തിന്റെ മാർഗം ഒരിക്കലും നിലച്ചുപോകുന്നില്ല
സ്നേഹത്തിന്റെ മാർഗം ഒരിക്കലും നിലച്ചുപോകുന്നില്ല
“ശ്രേഷ്ഠവരങ്ങളെ വാഞ്ഛിപ്പിൻ; ഇനി അതിശ്രേഷ്ഠമായോരു മാർഗ്ഗം ഞാൻ നിങ്ങൾക്കു കാണിച്ചുതരാം.”—1 കൊരിന്ത്യർ 12:31.
1-3. (എ) സ്നേഹം പ്രകടിപ്പിക്കാൻ പഠിക്കുന്നത് ഏറെക്കുറെ ഒരു പുതിയ ഭാഷ പഠിക്കുന്നതുപോലെ ആയിരിക്കുന്നത് എങ്ങനെ? (ബി) സ്നേഹം പ്രകടിപ്പിക്കാൻ പഠിക്കുന്നതിന് വെല്ലുവിളി ആയിരിക്കാവുന്ന ഘടകങ്ങൾ ഏവ?
നിങ്ങൾ എപ്പോഴെങ്കിലും ഒരു പുതിയ ഭാഷ പഠിക്കാൻ ശ്രമിച്ചിട്ടുണ്ടോ? അതു നിശ്ചയമായും ഒരു വെല്ലുവിളിതന്നെയാണ്! ഒരു ഭാഷയോടുള്ള സമ്പർക്കം കൊണ്ടുമാത്രം ഒരു കൊച്ചുകുട്ടിക്ക് ആ ഭാഷ പഠിക്കാനാകുമെന്നു തീർച്ചയാണ്. അവന്റെ മസ്തിഷ്കം വാക്കുകളുടെ സ്വരവും അർഥവും നന്നായി ആഗിരണം ചെയ്യുന്നു. താമസിയാതെതന്നെ ആ കൊച്ചുകുട്ടി വൈദഗ്ധ്യത്തോടെ, ഒരുപക്ഷേ തടസ്സംകൂടാതെ സംസാരിക്കാൻ തുടങ്ങുന്നു. എന്നാൽ പ്രായപൂർത്തിയായവരുടെ കാര്യത്തിൽ സംഗതി അങ്ങനെയല്ല. പുതിയ ഭാഷയുടെ ഏതാനും അടിസ്ഥാന വാക്കുകൾ വശമാക്കാൻ നാം ഭാഷാനിഘണ്ടുവിൽ ആവർത്തിച്ചു പരതുന്നു. കാലക്രമേണ പുതിയ ഭാഷയുമായി വേണ്ടത്ര സമ്പർക്കംകൂടിയാകുമ്പോൾ, നാം ആ ഭാഷയിൽ ചിന്തിക്കാൻ തുടങ്ങുന്നു. അതോടെ സംസാരം എളുപ്പമായിത്തീരുന്നു.
2 മിക്കവാറും ഒരു പുതിയ ഭാഷ പഠിക്കാൻ ശ്രമിക്കുന്നതുപോലെയാണു സ്നേഹം പ്രകടിപ്പിക്കാൻ പഠിക്കുന്നതും. ഈ ദിവ്യഗുണം ഒരളവോളം മനുഷ്യരിൽ സഹജമായിത്തന്നെ ഉണ്ടെന്നതു സത്യംതന്നെ. (ഉല്പത്തി 1:27; 1 യോഹന്നാൻ 4:8 താരതമ്യം ചെയ്യുക.) എങ്കിലും, സ്നേഹം പ്രകടിപ്പിക്കാൻ പഠിക്കുന്നതിന് അസാധാരണ ശ്രമം ആവശ്യമാണ്—വിശേഷിച്ചും സ്വാഭാവിക പ്രിയം തീരെ കുറഞ്ഞുപോയിരിക്കുന്ന ഇക്കാലത്ത്. (2 തിമൊഥെയൊസ് 3:1-5, NW) കുടുംബത്തിനുള്ളിലും ചിലപ്പോൾ ഈ അവസ്ഥ കണ്ടെന്നിരിക്കും. അതേ, സ്നേഹപുരസ്സരമായ വാക്കുകൾ അപൂർവമായി മാത്രം കേൾക്കാറുള്ള പരുക്കൻ ചുറ്റുപാടിലാണ് അനേകരും വളരുന്നത്. (എഫെസ്യർ 4:29-31; 6:4) അപ്പോൾ, നമുക്കു സ്നേഹം—അത് അപൂർവമായേ ലഭിച്ചിട്ടുള്ളുവെങ്കിൽ പോലും—പ്രകടിപ്പിക്കാൻ എങ്ങനെ പഠിക്കാൻ കഴിയും?
3 ബൈബിളിനു സഹായിക്കാൻ കഴിയും. 1 കൊരിന്ത്യർ 13:4-8-ൽ, സ്നേഹത്തെ കുറിച്ചുള്ള ഒരു യാന്ത്രികമായ നിർവചനമല്ല, മറിച്ച് അതിശ്രേഷ്ഠ സ്നേഹം എങ്ങനെ പ്രവർത്തിക്കുന്നു എന്നതിന്റെ ഒരു ജീവസ്സുറ്റ വിവരണംതന്നെ പൗലൊസ് പ്രദാനം ചെയ്യുന്നു. ഈ വാക്യങ്ങൾ പരിചിന്തിക്കുന്നത് ഈ ദിവ്യഗുണത്തിന്റെ സ്വഭാവം ഗ്രഹിക്കാൻ നമ്മെ സഹായിക്കുകയും അതു പ്രകടിപ്പിക്കാൻ മെച്ചമായി നമ്മെ സജ്ജരാക്കുകയും ചെയ്യും. പൗലൊസ് വർണിക്കുന്ന പ്രകാരമുള്ള സ്നേഹത്തിന്റെ ഏതാനും വശങ്ങൾ നമുക്കു പരിചിന്തിക്കാം. മൊത്തത്തിൽ നമുക്ക് അവയെ മൂന്ന് ഇനങ്ങളായി തിരിക്കാം: പൊതുവേ നമ്മുടെ നടത്തയെ ബാധിക്കുന്നത്; പ്രത്യേകാൽ മറ്റുള്ളവരുമായുള്ള നമ്മുടെ ബന്ധങ്ങളെ ബാധിക്കുന്നത്; അവസാനമായി, നമ്മുടെ സഹിഷ്ണുതയുമായി ബന്ധപ്പെട്ടത്.
സ്നേഹം അഹങ്കാരത്തെ കീഴടക്കാൻ നമ്മെ സഹായിക്കുന്നു
4. അസൂയ സംബന്ധിച്ച് ബൈബിൾ എന്ത് ഉൾക്കാഴ്ച പ്രദാനം ചെയ്യുന്നു?
4 സ്നേഹത്തെ കുറിച്ചുള്ള പ്രാരംഭ വാക്കുകൾക്കുശേഷം, പൗലൊസ് കൊരിന്ത്യർക്ക് എഴുതി: “സ്നേഹം അസൂയപ്പെടുന്നില്ല.” (1 കൊരിന്ത്യർ 13:4, NW) മറ്റുള്ളവരുടെ സമൃദ്ധിയിലോ നേട്ടങ്ങളിലോ ഈർഷ്യയോടെയുള്ള അതൃപ്തിയായി അസൂയ പ്രകടമാകാറുണ്ട്. അത്തരം അസൂയ നാശകരമാണ്—ജഡികമായും വൈകാരികമായും ആത്മീയമായും.—സദൃശവാക്യങ്ങൾ 14:30; റോമർ 13:13; യാക്കോബ് 3:14-16.
5. ഏതെങ്കിലും ദിവ്യാധിപത്യ പദവിയുടെ കാര്യത്തിൽ നാം തഴയപ്പെട്ടതായി തോന്നുമ്പോൾ, അസൂയയെ കീഴടക്കാൻ സ്നേഹത്തിനു നമ്മെ സഹായിക്കാൻ കഴിയുന്നത് എങ്ങനെ?
5 ഇതിന്റെ വീക്ഷണത്തിൽ നിങ്ങളോടുതന്നെ ചോദിക്കുക: ‘ഒരു ദിവ്യാധിപത്യ പദവിയുടെ കാര്യത്തിൽ ഞാൻ തഴയപ്പെട്ടെന്നു തോന്നുമ്പോൾ എനിക്ക് അസൂയ തോന്നുന്നുണ്ടോ?’ ഉണ്ട് എന്നാണ് ഉത്തരം എങ്കിൽ, നിരാശപ്പെടേണ്ട. “ഈർഷ്യ തോന്നാനുള്ള ഒരു പ്രവണത” എല്ലാ അപൂർണ മനുഷ്യരിലും ഉണ്ടെന്നു ബൈബിളെഴുത്തുകാരനായ യാക്കോബ് നമ്മെ അനുസ്മരിപ്പിക്കുന്നു. (യാക്കോബ് 4:5, NW) നിങ്ങളുടെ സഹോദരനോടുള്ള സ്നേഹം സമനിലയുള്ള മനോഭാവം പുനഃസ്ഥാപിക്കാൻ നിങ്ങളെ സഹായിക്കും. അതു നിങ്ങളെ ആഹ്ലാദിക്കുന്നവരോടുകൂടെ ആഹ്ലാദിക്കാനും മറ്റാർക്കെങ്കിലും ഒരു അനുഗ്രഹമോ പ്രശംസയോ ലഭിക്കുമ്പോൾ നിങ്ങൾക്ക് അഭിമാനക്ഷതമേറ്റതായി വീക്ഷിക്കാതിരിക്കാനും പ്രാപ്തനാക്കും.—1 ശമൂവേൽ 18:7-9 താരതമ്യം ചെയ്യുക.
6. ഒന്നാം നൂറ്റാണ്ടിലെ കൊരിന്ത്യ സഭയിൽ ഏതു ഗുരുതരമായ സ്ഥിതിവിശേഷം ഉടലെടുത്തു?
6 സ്നേഹം “പൊങ്ങച്ചം പറയുന്നില്ല, നിഗളിക്കുന്നില്ല” എന്നു പൗലൊസ് പറയുന്നു. (1 കൊരിന്ത്യർ 13:4, NW) നമുക്ക് എന്തെങ്കിലും പ്രത്യേക കഴിവോ പ്രാപ്തിയോ ഉണ്ടെങ്കിൽ, നാം അതു കൊട്ടിഘോഷിക്കേണ്ടതില്ല. വ്യക്തമായും, പുരാതന കൊരിന്ത്യ സഭയിലേക്കു നുഴഞ്ഞുകയറിയ അധികാരമോഹികളായ ചില പുരുഷന്മാർക്ക് ഈ പ്രശ്നമുണ്ടായിരുന്നു. അവർ ആശയങ്ങൾ വിവരിക്കുന്നതിൽ മറ്റുള്ളവരെക്കാൾ പ്രാപ്തരോ കാര്യങ്ങൾ ചെയ്യുന്നതിൽ കൂടുതൽ കാര്യക്ഷമതയുള്ളവരോ ആയിരുന്നിരിക്കാം. അവർ തങ്ങളിലേക്കുതന്നെ ശ്രദ്ധ തിരിച്ചുവിട്ടത് സഭയിൽ ഭിന്നതകൾ ഉണ്ടാക്കിയിരിക്കാം. (1 കൊരിന്ത്യർ 3:3, 4; 2 കൊരിന്ത്യർ 12:20) സ്ഥിതിവിശേഷം അങ്ങേയറ്റം ഗുരുതരമായിത്തീർന്നതിനാൽ പൗലൊസിന് പിന്നീട് കൊരിന്ത്യരെ ‘ന്യായയുക്തരല്ലാത്ത വ്യക്തികളെ വെച്ചുപൊറുപ്പിക്കുന്ന’തിനു ശാസിക്കേണ്ടിവന്നു. അത്തരം വ്യക്തികളെ പൗലൊസ് വിമർശനരൂപേണ “അതിശ്രേഷ്ഠ അപ്പൊസ്തലന്മാർ” എന്നു വിളിച്ചു.—2 കൊരിന്ത്യർ 11:5, 19, 20, NW.
7, 8. നമ്മുടെ പ്രത്യേക കഴിവുകൾ ഐക്യം ഉന്നമിപ്പിക്കാൻ നമുക്ക് എങ്ങനെ ഉപയോഗിക്കാൻ കഴിയും എന്നു ബൈബിളിൽനിന്നു പ്രകടമാക്കുക.
7 സമാനമായ സ്ഥിതിവിശേഷം ഇന്നും ഉടലെടുത്തേക്കാം. ഉദാഹരണത്തിന്, ശുശ്രൂഷയിലെ തങ്ങളുടെ നേട്ടങ്ങളെയോ ദൈവസംഘടനയിലെ തങ്ങളുടെ പദവികളെയോ കുറിച്ചു വീമ്പിളക്കാനുള്ള പ്രവണത ചിലർ പ്രകടമാക്കിയേക്കാം. നമുക്ക് സഭയിലെ മറ്റുള്ളവർക്കില്ലാത്ത ഒരു പ്രത്യേക വൈദഗ്ധ്യമോ പ്രാപ്തിയോ ഉണ്ടെങ്കിൽപ്പോലും, അതു നമുക്കു നിഗളിക്കുന്നതിനുള്ള കാരണം നൽകുമോ? നമ്മുടേതായ ഏതു പ്രത്യേക പ്രാപ്തികളും നമ്മുടെ മഹത്ത്വത്തിനല്ല, ഐക്യം ഉന്നമിപ്പിക്കാനാണു നാം ഉപയോഗിക്കേണ്ടത്.—മത്തായി 23:12; 1 പത്രൊസ് 5:6.
8 ഒരു സഭയിൽ അനേകം അംഗങ്ങൾ ഉണ്ടെങ്കിലും, ‘ദൈവം ശരീരത്തെ കൂട്ടിച്ചേർത്തിരിക്കുന്നു’ എന്നു പൗലൊസ് എഴുതി. (1 കൊരിന്ത്യർ 12:19-26) “കൂട്ടിച്ചേർത്തിരിക്കുന്നു” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കു പദം നിറക്കൂട്ടിലെന്നപോലെ തികഞ്ഞ യോജിപ്പുള്ള കൂട്ടിച്ചേർക്കലിനെ സൂചിപ്പിക്കുന്നു. അതുകൊണ്ട് സഭയിലെ യാതൊരു വ്യക്തിയും തന്റെ പ്രാപ്തികളെ കുറിച്ചു നിഗളിക്കുകയും മറ്റുള്ളവരുടെമേൽ ആധിപത്യം നടത്താൻ ശ്രമിക്കുകയും അരുത്. അഹങ്കാരത്തിനും അധികാരമോഹത്തിനും ദൈവത്തിന്റെ സംഘടനയിൽ യാതൊരു സ്ഥാനവുമില്ല.—സദൃശവാക്യങ്ങൾ 16:19; 1 കൊരിന്ത്യർ 14:12; 1 പത്രൊസ് 5:2, 3.
9. സ്വന്തം താത്പര്യം നോക്കിയ വ്യക്തികളുടെ ഏതെല്ലാം മുന്നറിയിപ്പിൻ ദൃഷ്ടാന്തങ്ങൾ ബൈബിൾ പ്രദാനം ചെയ്യുന്നു?
9 സ്നേഹം “അതിന്റെ സ്വന്തം താത്പര്യങ്ങൾ അന്വേഷിക്കുന്നില്ല.” (1 കൊരിന്ത്യർ 13:5, NW) സ്നേഹമുള്ള വ്യക്തി സ്വന്തം കാര്യലാഭത്തിനായി മറ്റുള്ളവരെ ഒരു ഉപകരണമാക്കുകയില്ല. ഇതു സംബന്ധിച്ച മുന്നറിയിപ്പിൻ ദൃഷ്ടാന്തങ്ങൾ ബൈബിളിൽ ഉണ്ട്. ഉദാഹരണത്തിന്, തങ്ങളുടെ സ്വന്തം സ്വാർഥ ലക്ഷ്യങ്ങൾക്കായി മറ്റുള്ളവരെ ഉപകരണങ്ങളാക്കിയ ദെലീലാ, ഈസേബെൽ, അഥല്യാ എന്നീ സ്ത്രീകളെ കുറിച്ചു നാം വായിക്കുന്നു. (ന്യായാധിപൻമാർ 16:16; 1 രാജാക്കന്മാർ 21:25; 2 ദിനവൃത്താന്തം 22:10-12) ദാവീദ് രാജാവിന്റെ പുത്രനായ അബ്ശാലോമും അതുപോലെ പ്രവർത്തിച്ച വ്യക്തിയാണ്. വ്യവഹാരത്തിനായി യെരൂശലേമിൽ എത്തുന്നവരെ സമീപിച്ച് രാജസദസ്സിന് അവരുടെ പ്രശ്നത്തിൽ യഥാർഥ താത്പര്യമില്ലെന്ന് അവൻ അവരെ വിദഗ്ധമായി ധരിപ്പിക്കുമായിരുന്നു. എന്നിട്ട്, രാജസദസ്സിൽ വാസ്തവത്തിൽ വേണ്ടിയിരുന്നത് തന്നെപ്പോലെയുള്ള ഊഷ്മളഹൃദയനായ ഒരു വ്യക്തി ആണെന്ന് അവൻ വെട്ടിത്തുറന്നു പറയുമായിരുന്നു. (2 ശമൂവേൽ 15:2-4) തീർച്ചയായും, അബ്ശാലോം തത്പരനായിരുന്നത്, പീഡിതരിലല്ല, തന്നിൽത്തന്നെ ആയിരുന്നു. സ്വയം അവരോധിത രാജാവ് എന്ന നിലയിൽ പ്രവർത്തിച്ചുകൊണ്ട്, അവൻ അനേകരുടെ ഹൃദയം കവർന്നു. എന്നാൽ കൃത്യസമയത്ത് അബ്ശാലോമിനു കടുത്ത പരാജയം നേരിട്ടു. മരണത്തിങ്കൽ അന്തസ്സായ ഒരു ശവസംസ്കാരത്തിനുപോലും അവൻ യോഗ്യനല്ലെന്നു ഗണിക്കപ്പെടുകയാണുണ്ടായത്.—2 ശമൂവേൽ 18:6-17.
10. മറ്റുള്ളവരുടെ താത്പര്യം നോക്കുന്നുണ്ടെന്നു നമുക്ക് എങ്ങനെ പ്രകടമാക്കാൻ കഴിയും?
10 ഇത് ഇന്നത്തെ ക്രിസ്ത്യാനികൾക്ക് ഒരു മുന്നറിയിപ്പ് ആണ്. പുരുഷനായാലും സ്ത്രീയായാലും, നമുക്കു സ്വതവേ പ്രേരണാവൈഭവം ഉണ്ടായിരിക്കാം. സംഭാഷണവേളയിൽ മേധാവിത്വം പുലർത്തിക്കൊണ്ടോ വ്യത്യസ്ത വീക്ഷണമുള്ളവരെ അടിച്ചിരുത്തിക്കൊണ്ടോ നമ്മുടെ കാര്യസാധ്യത്തിനു ശ്രമിക്കുന്നത് എളുപ്പമായിരുന്നേക്കാം. എന്നാൽ നമുക്ക് യഥാർഥ സ്നേഹം ഉണ്ടെങ്കിൽ, നാം മറ്റുള്ളവന്റെ താത്പര്യവും നോക്കും. (ഫിലിപ്പിയർ 2:2-4) ദൈവത്തിന്റെ സംഘടനയിൽ നമുക്കുള്ള പരിചയമോ സ്ഥാനമോ ഹേതുവായി നാം മറ്റുള്ളവരെ മുതലെടുക്കുകയോ നമ്മുടെ വീക്ഷണങ്ങൾ മാത്രമാണ് ശരി എന്ന മട്ടിൽ ചോദ്യം ചെയ്യത്തക്ക ആശയങ്ങൾ ഉന്നമിപ്പിക്കുകയോ ചെയ്യുകയില്ല. മറിച്ച്, നാം ഈ സദൃശവാക്യം അനുസ്മരിക്കും: “നാശത്തിന്നു മുമ്പെ ഗർവ്വം; വീഴ്ചക്കു മുമ്പെ ഉന്നതഭാവം.”—സദൃശവാക്യങ്ങൾ 16:18.
സ്നേഹം സമാധാന ബന്ധങ്ങൾ സാധ്യമാക്കുന്നു
11. (എ) ദയയുള്ളതും അന്തസ്സുള്ളതുമായ സ്നേഹം നമുക്ക് ഏതെല്ലാം വിധങ്ങളിൽ പ്രകടമാക്കാൻ കഴിയും? (ബി) നാം അനീതിയിൽ സന്തോഷിക്കുന്നില്ലെന്ന് എങ്ങനെ പ്രകടമാക്കാൻ കഴിയും?
11 സ്നേഹം “ദയ”യുള്ളതാകുന്നു എന്നും അത് “അന്തസ്സില്ലാതെ പെരുമാറുന്നില്ല” എന്നും പൗലൊസ് എഴുതി. (1 കൊരിന്ത്യർ 13:4, 5, NW) അതേ, പരുക്കൻമട്ടിലോ അശ്ലീലമായ വിധത്തിലോ അനാദരപൂർവകമായോ പ്രവർത്തിക്കാൻ സ്നേഹം നമ്മെ അനുവദിക്കുകയില്ല. പകരം, നാം മറ്റുള്ളവരുടെ വികാരങ്ങൾ കണക്കിലെടുക്കും. ഉദാഹരണത്തിന്, സ്നേഹമുള്ള ഒരു വ്യക്തി മറ്റുള്ളവരുടെ മനസ്സാക്ഷിയെ അലോസരപ്പെടുത്തുന്ന സംഗതികൾ ചെയ്യുന്നത് ഒഴിവാക്കും. (1 കൊരിന്ത്യർ 8:13 താരതമ്യം ചെയ്യുക.) സ്നേഹം “അനീതിയിൽ സന്തോഷിക്കുന്നില്ല, എന്നാൽ സത്യത്തിൽ സന്തോഷിക്കുന്നു.” (1 കൊരിന്ത്യർ 13:6, NW) നാം യഹോവയുടെ നിയമത്തെ ഇഷ്ടപ്പെടുന്നെങ്കിൽ, അധാർമികതയെ നിസ്സാരമായി വീക്ഷിക്കുകയോ ദൈവം വെറുക്കുന്ന സംഗതികളിൽ വിനോദം കണ്ടെത്തുകയോ ചെയ്യുകയില്ല. (സങ്കീർത്തനം 119:97) ഇടിച്ചുകളയുന്നതിലല്ല, മറിച്ചു കെട്ടുപണി ചെയ്യുന്ന സംഗതികളിൽ സന്തോഷം കണ്ടെത്താൻ സ്നേഹം നമ്മെ സഹായിക്കും.—റോമർ 15:2; 1 കൊരിന്ത്യർ 10:23, 24; 14:26.
12, 13. (എ) ആരെങ്കിലും നമ്മെ വ്രണപ്പെടുത്തുമ്പോൾ നാം എങ്ങനെ പ്രതികരിക്കണം? (ബി) നീതികരിക്കത്തക്ക കോപം പോലും നാം ജ്ഞാനപൂർവകമല്ലാത്ത വിധത്തിൽ പ്രവർത്തിക്കുന്നതിന് ഇടയാക്കിയേക്കാം എന്നു പ്രകടമാക്കുന്ന ബൈബിൾ ദൃഷ്ടാന്തങ്ങൾ പറയുക.
12 സ്നേഹം “പ്രകോപിതമാകുന്നില്ല, [“എളുപ്പം നീരസപ്പെടുന്നില്ല,” ഫിലിപ്സ്] എന്നു പൗലൊസ് എഴുതുന്നു. (1 കൊരിന്ത്യർ 13:5, NW) നമ്മെ ആരെങ്കിലും വ്രണപ്പെടുത്തുമ്പോൾ അസ്വസ്ഥരായിത്തീരുന്നതോ ഒരളവോളം ക്രോധം തോന്നുന്നതോ അപൂർണരായ നമ്മെ സംബന്ധിച്ചിടത്തോളം സാധാരണമാണ് എന്നതു സമ്മതിക്കുന്നു. എന്നാൽ, ദീർഘമായി നീരസം വെച്ചുകൊണ്ടിരിക്കുന്നതോ പ്രകോപിത അവസ്ഥയിൽ തുടരുന്നതോ തെറ്റാണ്. (സങ്കീർത്തനം 4:4; എഫെസ്യർ 4:26) നിയന്ത്രിക്കുന്നില്ലെങ്കിൽ, നീതികരിക്കത്തക്ക കോപംപോലും നാം ജ്ഞാനപൂർവകമല്ലാത്ത വിധത്തിൽ പ്രവർത്തിക്കുന്നതിന് ഇടയാക്കിയേക്കാം; ഇതിനു യഹോവ നമ്മോട് കണക്കു ചോദിക്കും.—ഉല്പത്തി 34:1-31; 49:5-7; സംഖ്യാപുസ്തകം 12:3; 20:10-12; സങ്കീർത്തനം 106:32, 33.
13 മറ്റുള്ളവരുടെ അപൂർണതകൾ കാണുമ്പോൾ ചിലർ സഭാ യോഗങ്ങൾക്കു ഹാജരാകുന്നതിലും വയൽ ശുശ്രൂഷയിൽ പങ്കെടുക്കുന്നതിലും മന്ദീഭവിക്കുന്നു. മുമ്പ്, ഇവരിൽ അനേകരും വിശ്വാസത്തിനുവേണ്ടി പോരാട്ടം നടത്തിയിട്ടുള്ളവരാണ്—ഒരുപക്ഷേ കുടുംബത്തിൽനിന്നുള്ള എതിർപ്പോ സഹജോലിക്കാരിൽനിന്നുള്ള പരിഹാസമോ അല്ലെങ്കിൽ മറ്റേതെങ്കിലും പ്രശ്നങ്ങളോ സഹിച്ചുകൊണ്ട്. അവയെയെല്ലാം ദൃഢവിശ്വസ്തതയുടെ പരിശോധനകളായി വീക്ഷിച്ചതുകൊണ്ട്—വാസ്തവത്തിൽ അത് അങ്ങനെതന്നെ ആയിരുന്നുതാനും—അവർ അത്തരം പ്രതിബന്ധങ്ങളെ സഹിച്ചുനിന്നു. എന്നാൽ ഒരു സഹക്രിസ്ത്യാനി സ്നേഹശൂന്യമായ എന്തെങ്കിലും പറയുകയോ പ്രവർത്തിക്കുകയോ ചെയ്യുമ്പോൾ എന്തു സംഭവിക്കുന്നു? ഇത് ദൃഢവിശ്വസ്തതയുടെ ഒരു പരിശോധനയല്ലേ? തീർച്ചയായും ആണ്, എന്തെന്നാൽ പ്രകോപിത അവസ്ഥയിൽ തുടർന്നാൽ, നാം “പിശാചിന്നു ഇടം കൊടു”ത്തേക്കാം.—എഫെസ്യർ 4:27.
14, 15. (എ) “ദ്രോഹത്തിന്റെ കണക്കു സൂക്ഷിക്കു”കയെന്നതിന്റെ അർഥമെന്ത്? (ബി) ക്ഷമിക്കുന്നതിൽ നമുക്ക് എങ്ങനെ യഹോവയെ അനുകരിക്കാൻ കഴിയും?
14 നല്ല കാരണത്തോടെ പൗലൊസ് പറയുന്നു, സ്നേഹം “ദ്രോഹത്തിന്റെ കണക്കു സൂക്ഷിക്കുന്നില്ല.” (1 കൊരിന്ത്യർ 13:5, NW) ഇവിടെ അവൻ കണക്കെഴുത്തിനോടു ബന്ധപ്പെട്ട ഒരു പദം ഉപയോഗിക്കുന്നു. മറന്നുപോകാതിരിക്കാൻ കണക്കുബുക്കിൽ ദ്രോഹം എഴുതിവെക്കുന്ന പ്രവൃത്തിയെ ആണ് പൗലൊസ് സൂചിപ്പിക്കുന്നതെന്നു വ്യക്തം. ഭാവിയിൽ എടുത്തുനോക്കേണ്ട ആവശ്യമുണ്ടെന്നതുപോലെ, ദ്രോഹകരമായ ഒരു വാക്കോ പ്രവൃത്തിയോ മനസ്സിൽ സ്ഥിരമായി കുറിച്ചിടുന്നതു സ്നേഹപൂർവകമാണോ? അത്തരം നിർദയമായ വിധത്തിൽ യഹോവ നമ്മെ സൂക്ഷ്മ പരിശോധന നടത്തുന്നില്ല എന്നതിൽ നാമെത്ര സന്തുഷ്ടരാണ്! (സങ്കീർത്തനം 130:3) നാം അനുതാപം പ്രകടമാക്കുമ്പോൾ, അവൻ നമ്മുടെ തെറ്റുകൾ മായിച്ചുകളയുന്നു.—പ്രവൃത്തികൾ 3:19.
15 ഇക്കാര്യത്തിൽ നമുക്കു യഹോവയെ അനുകരിക്കാൻ കഴിയും. ആരെങ്കിലും നമ്മെ കൊച്ചാക്കുന്നതായി തോന്നുമ്പോൾ നാം അതിലോലമാനസർ ആകരുത്. നാം പെട്ടെന്നു നീരസപ്പെടുന്നവർ ആണെങ്കിൽ, ആ വ്യക്തിക്കു നമ്മെ വ്രണപ്പെടുത്താൻ സാധിക്കുന്നതിലും ആഴത്തിൽ നാം നമ്മെത്തന്നെ വ്രണപ്പെടുത്തുകയായിരിക്കും ചെയ്യുന്നത്. (സഭാപ്രസംഗി 7:9, 22) പകരം, സ്നേഹം “എല്ലാം വിശ്വസിക്കുന്നു” എന്നു നാം ഓർക്കേണ്ടതുണ്ട്. (1 കൊരിന്ത്യർ 13:7, NW) മറ്റുള്ളവരാൽ എളുപ്പം വഞ്ചിതരാകാൻ നാം ആരും ആഗ്രഹിക്കുന്നില്ലെന്നതു തീർച്ചതന്നെ. എന്നാൽ നാം നമ്മുടെ സഹോദരങ്ങളുടെ ആന്തരങ്ങൾ സംബന്ധിച്ച് അനുചിതമാംവിധം സംശയാലുക്കളാകാനും പാടില്ല. സാധ്യമായിരിക്കുമ്പോഴെല്ലാം, മറ്റേയാൾക്ക് ദുരുദ്ദേശ്യങ്ങൾ ഇല്ലെന്നു നമുക്ക് ധരിക്കാം.—കൊലൊസ്സ്യർ 3:13.
സഹിച്ചുനിൽക്കാൻ സ്നേഹം നമ്മെ സഹായിക്കുന്നു
16. ഏതെല്ലാം സാഹചര്യങ്ങളിൽ ദീർഘക്ഷമയുള്ളവർ ആയിരിക്കാൻ സ്നേഹത്തിനു നമ്മെ സഹായിക്കാൻ കഴിയും?
16 ‘സ്നേഹം ദീർഘക്ഷമയുള്ളതാകുന്നു’ എന്നു പൗലൊസ് നമ്മോടു പറയുന്നു. (1 കൊരിന്ത്യർ 13:4, NW) പരിശോധനാഘട്ടങ്ങളിൽ—ഒരുപക്ഷേ ദീർഘമായ കാലത്തോളം—സഹിച്ചുനിൽക്കാൻ അതു നമ്മെ പ്രാപ്തരാക്കുന്നു. ഉദാഹരണത്തിന്, അനേകം ക്രിസ്ത്യാനികൾ മതപരമായി ഭിന്നിച്ച ഭവനങ്ങളിൽ വർഷങ്ങളോളം കഴിച്ചുകൂട്ടിയിരിക്കുന്നു. മറ്റുള്ളവർ ഏകാകികളാണ്, അങ്ങനെ ആയിരിക്കാൻ ആഗ്രഹിക്കുന്നതുകൊണ്ടല്ല, മറിച്ച് “കർത്താവിൽ” അനുയോജ്യനായ ഒരു ഇണയെ കണ്ടെത്താൻ അവർക്കു കഴിഞ്ഞിട്ടില്ല എന്നതിനാൽ. (1 കൊരിന്ത്യർ 7:39; 2 കൊരിന്ത്യർ 6:14) വലിയ ആരോഗ്യപ്രശ്നങ്ങളുമായി മല്ലടിക്കുന്നവർ ഉണ്ട്. (ഗലാത്യർ 4:13, 14; ഫിലിപ്പിയർ 2:25-30) വാസ്തവത്തിൽ, ഈ അപൂർണ വ്യവസ്ഥിതിയിൽ ഏതെങ്കിലും തരത്തിൽ സഹിഷ്ണുത ആവശ്യമില്ലാത്ത ജീവിതാവസ്ഥ ആർക്കുമില്ല.—മത്തായി 10:22; യാക്കോബ് 1:12.
17. എല്ലാ സംഗതികളും സഹിച്ചുനിൽക്കാൻ എന്തു നമ്മെ സഹായിക്കും?
17 സ്നേഹം “എല്ലാം പൊറുക്കുന്നു . . . എല്ലാം പ്രത്യാശിക്കുന്നു, എല്ലാം സഹിക്കുന്നു” എന്നു പൗലൊസ് നമുക്ക് ഉറപ്പുനൽകുന്നു. (1 കൊരിന്ത്യർ 13:7, NW) നീതിക്കുവേണ്ടി ഏതു സ്ഥിതിവിശേഷവും സഹിക്കാൻ യഹോവയോടുള്ള സ്നേഹം നമ്മെ പ്രാപ്തരാക്കും. (മത്തായി 16:24; 1 കൊരിന്ത്യർ 10:13) നാം രക്തസാക്ഷിത്വം തേടുന്നില്ല. മറിച്ച് നമ്മുടെ ലക്ഷ്യം സമാധാനപരമായ, ശാന്തമായ ജീവിതം നയിക്കുകയാണ്. (റോമർ 12:18; 1 തെസ്സലൊനീക്യർ 4:11, 12) എന്നിരുന്നാലും, വിശ്വാസത്തിന്റെ പരിശോധന നേരിടുമ്പോൾ, അതിനെ ക്രിസ്തീയ ശിഷ്യത്വത്തിന്റെ അനിവാര്യ ഭാഗമായി കണ്ടുകൊണ്ട് നാം സന്തോഷപൂർവം സഹിക്കുന്നു. (ലൂക്കൊസ് 14:28-33) നാം പരിശോധനകളിൽ സഹിച്ചുനിൽക്കുമ്പോൾതന്നെ, ഏറ്റവും നല്ല ഫലമുണ്ടാകുമെന്നു പ്രത്യാശിച്ചുകൊണ്ട്, ഒരു ക്രിയാത്മക മനോഭാവം കാത്തുസൂക്ഷിക്കാൻ നാം ശ്രമിക്കുന്നു.
18. അനുകൂല സാഹചര്യങ്ങളിലും സഹിഷ്ണുത ആവശ്യമായിരിക്കുന്നത് എങ്ങനെ?
18 ഉപദ്രവം മാത്രമല്ല സഹിഷ്ണുത ആവശ്യമാക്കിത്തീർക്കുന്ന സ്ഥിതിവിശേഷം. ചിലപ്പോൾ, സഹിച്ചുനിൽക്കുകയെന്നാൽ ഒരു സ്ഥിരമായ പാതയിൽ കേവലം നിലനിൽക്കുക, തുടരുക എന്നാണ് അർഥം—പരിശോധനകൾ ഉണ്ടെങ്കിലും ഇല്ലെങ്കിലും. നല്ലൊരു ആത്മീയ ദിനചര്യ നിലനിർത്തുന്നത് സഹിഷ്ണുതയിൽ ഉൾപ്പെടുന്നു. ഉദാഹരണത്തിന്, സാഹചര്യം അനുവദിക്കുന്നിടത്തോളം ശുശ്രൂഷയിൽ അർഥവത്തായ ഒരു പങ്ക് നിങ്ങൾക്കുണ്ടോ? നിങ്ങൾ ദൈവവചനം വായിക്കുകയും അതേക്കുറിച്ചു ധ്യാനിക്കുകയും പ്രാർഥനയിൽ നിങ്ങളുടെ സ്വർഗീയ പിതാവുമായി ആശയവിനിയമം നടത്തുകയും ചെയ്യുന്നുണ്ടോ? നിങ്ങൾ യോഗങ്ങളിൽ ക്രമമായി സംബന്ധിക്കുന്നുണ്ടോ, നിങ്ങളുടെ സഹവിശ്വാസികളുമൊത്തുള്ള പ്രോത്സാഹന കൈമാറ്റത്തിൽനിന്നു നിങ്ങൾ പ്രയോജനം അനുഭവിക്കുന്നുണ്ടോ? അങ്ങനെയെങ്കിൽ, നിങ്ങൾ സഹിച്ചുനിൽക്കുകയാണ്—ഇപ്പോൾ അനുകൂലമോ പ്രതികൂലമോ ആയ സ്ഥിതിവിശേഷത്തിലാണെങ്കിലും. മടുത്തുപോകരുത്, “തളർന്നുപോകാഞ്ഞാൽ തക്കസമയത്തു നാം കൊയ്യും.”—ഗലാത്യർ 6:9.
സ്നേഹം—“അതിശ്രേഷ്ഠമായോരു മാർഗ്ഗം”
19. സ്നേഹം “അതിശ്രേഷ്ഠമായോരു മാർഗ്ഗം” ആയിരിക്കുന്നത് എങ്ങനെ?
19 സ്നേഹം എന്ന ഈ ദിവ്യഗുണത്തെ “അതിശ്രേഷ്ഠമായോരു മാർഗ്ഗം” എന്നു വിളിച്ചുകൊണ്ട് അതു പ്രകടമാക്കേണ്ടതിന്റെ പ്രാധാന്യം പൗലൊസ് ഊന്നിപ്പറഞ്ഞു. (1 കൊരിന്ത്യർ 12:31) “അതിശ്രേഷ്ഠ”മായിരിക്കുന്നത് ഏത് അർഥത്തിൽ? ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികൾക്കിടയിൽ സാധാരണമായിരുന്ന ആത്മാവിന്റെ വരങ്ങളെ കുറിച്ച് പൗലൊസ് പറഞ്ഞു കഴിഞ്ഞതേ ഉണ്ടായിരുന്നുള്ളൂ. ചിലർക്കു പ്രവചനവരവും മറ്റു ചിലർക്ക് രോഗശാന്തിവരവും അനേകർക്കു ഭാഷാവരവും ഉണ്ടായിരുന്നു. നിശ്ചയമായും, അത്ഭുത വരങ്ങൾതന്നെ! എങ്കിലും, പൗലൊസ് കൊരിന്ത്യരോടു പറഞ്ഞു: “ഞാൻ മനുഷ്യരുടെയും ദൂതൻമാരുടെയും ഭാഷകളിൽ സംസാരിച്ചാലും എനിക്കു സ്നേഹമില്ല എങ്കിൽ ഞാൻ മുഴങ്ങുന്ന ചെമ്പോ ചിലമ്പുന്ന കൈത്താളമോ അത്രേ. എനിക്കു പ്രവചനവരം ഉണ്ടായിട്ടു സകല മർമ്മങ്ങളും സകല ജ്ഞാനവും ഗ്രഹിച്ചാലും മലകളെ നീക്കുവാൻതക്ക വിശ്വാസം ഉണ്ടായാലും സ്നേഹമില്ല എങ്കിൽ ഞാൻ ഏതുമില്ല.” (1 കൊരിന്ത്യർ 13:1, 2) അതേ, എത്രതന്നെ മൂല്യമുള്ള പ്രവൃത്തികളാണെങ്കിലും, ദൈവത്തോടും അയൽക്കാരോടുമുള്ള സ്നേഹത്താൽ പ്രേരിതമല്ലെങ്കിൽ, അവ ‘നിർജ്ജീവ പ്രവൃത്തികൾ’ ആയിത്തീരും.—എബ്രായർ 6:1.
20. സ്നേഹം നട്ടുവളർത്തണമെങ്കിൽ, നിരന്തര ശ്രമം ആവശ്യമായിരിക്കുന്നത് എന്തുകൊണ്ട്?
20 നാം സ്നേഹമെന്ന ദിവ്യഗുണം നട്ടുവളർത്തേണ്ടത് എന്തുകൊണ്ടെന്നതിന് യേശു നമുക്കു മറ്റൊരു കാരണം നൽകുന്നു. “നിങ്ങൾക്കു തമ്മിൽ തമ്മിൽ സ്നേഹം ഉണ്ടെങ്കിൽ നിങ്ങൾ എന്റെ ശിഷ്യൻമാർ എന്നു എല്ലാവരും അറിയും” എന്ന് അവൻ പറഞ്ഞു. (യോഹന്നാൻ 13:35) “ഉണ്ടെങ്കിൽ” എന്ന പദം സൂചിപ്പിക്കുന്നത് താൻ സ്നേഹം പ്രകടിപ്പിക്കാൻ പഠിക്കണമോ എന്ന് ഓരോ ക്രിസ്ത്യാനിക്കും തീരുമാനിക്കാം എന്നാണ്. ഒരു വിദേശ രാജ്യത്ത് താമസിച്ചതുകൊണ്ടുമാത്രം അവിടത്തെ ഭാഷ പഠിക്കാൻ നാം നിർബന്ധിതരായിക്കൊള്ളണമെന്നില്ലല്ലോ. അതുപോലെ രാജ്യഹാളിലെ യോഗങ്ങളിൽ സംബന്ധിക്കുന്നതോ സഹക്രിസ്ത്യാനികളോടൊപ്പം സഹവസിക്കുന്നതോകൊണ്ടു മാത്രം സ്നേഹം പ്രകടിപ്പിക്കാൻ നാം യാന്ത്രികമായി പഠിക്കുന്നില്ല. ഈ “ഭാഷ” പഠിക്കുന്നതിന് നിരന്തര ശ്രമം ആവശ്യമാണ്.
21, 22, (എ) പൗലൊസ് ചർച്ച ചെയ്യുന്ന സ്നേഹത്തിന്റെ ചില വശങ്ങളിൽ നാം പരാജയപ്പെടുന്നെങ്കിൽ, നാം എങ്ങനെ പ്രതികരിക്കണം? (ബി) “സ്നേഹം ഒരിക്കലും നിലച്ചുപോകുന്നില്ല” എന്നു പറയാവുന്നത് ഏതു വിധത്തിൽ?
21 പൗലൊസ് ചർച്ച ചെയ്ത സ്നേഹത്തിന്റെ ചില വശങ്ങളിൽ നിങ്ങൾ ചിലപ്പോൾ പരാജയപ്പെടും. എന്നാൽ നിരുത്സാഹിതരാകരുത്. ക്ഷമാപൂർവം ശ്രമം ചെയ്യുക. ബൈബിൾ പരിശോധിക്കുന്നതും മറ്റുള്ളവരുമായുള്ള നിങ്ങളുടെ ഇടപെടലുകളിൽ അതിലെ തത്ത്വങ്ങൾ ബാധകമാക്കുന്നതും തുടരുക. നമുക്കായി യഹോവതന്നെ വെച്ചിരിക്കുന്ന മാതൃക മറക്കരുത്. പൗലൊസ് എഫെസ്യരെ ഇങ്ങനെ അനുശാസിച്ചു: “നിങ്ങൾ തമ്മിൽ ദയയും മനസ്സലിവുമുള്ളവരായി ദൈവം ക്രിസ്തുവിൽ നിങ്ങളോടു ക്ഷമിച്ചതുപോലെ അന്യോന്യം ക്ഷമിപ്പിൻ.”—എഫെസ്യർ 4:32.
22 പുതിയൊരു ഭാഷ സംസാരിക്കാൻ പഠിക്കുന്നത് അവസാനം എളുപ്പമായിത്തീരുന്നതുപോലെ, സ്നേഹം പ്രകടമാക്കുന്നത് എളുപ്പമായിത്തീരുന്നുവെന്ന് നിങ്ങൾ കാലക്രമേണ മനസ്സിലാക്കിയേക്കും. “സ്നേഹം നിലച്ചുപോകുന്നില്ല” എന്നു പൗലൊസ് നമുക്ക് ഉറപ്പുതരുന്നു. (1 കൊരിന്ത്യർ 13:8, NW) ആത്മാവിന്റെ അത്ഭുത വരങ്ങളിൽനിന്നു വ്യത്യസ്തമായി, സ്നേഹം ഒരിക്കലും നിലച്ചുപോകുകയില്ല. അതുകൊണ്ട് ഈ ദിവ്യഗുണം പ്രകടിപ്പിക്കാൻ പഠിക്കുന്നതിൽ തുടരുക. പൗലൊസ് പറയുന്നതുപോലെ, അത് “അതിശ്രേഷ്ഠമായോരു മാർഗ്ഗം” ആണ്.
നിങ്ങൾക്കു വിശദീകരിക്കാമോ?
◻ അഹങ്കാരത്തെ കീഴടക്കാൻ സ്നേഹത്തിനു നമ്മെ എങ്ങനെ സഹായിക്കാൻ കഴിയും?
◻ നഭയിൽ സമാധാനം ഉന്നമിപ്പിക്കാൻ സ്നേഹത്തിനു നമ്മെ ഏതെല്ലാം വിധങ്ങളിൽ സഹായിക്കാൻ കഴിയും?
◻ സഹിച്ചുനിൽക്കാൻ സ്നേഹത്തിനു നമ്മെ സഹായിക്കാവുന്നത് എങ്ങനെ?
◻ സ്നേഹം “അതിശ്രേഷ്ഠമായോരു മാർഗ്ഗം” ആയിരിക്കുന്നത് എങ്ങനെ?
[അധ്യയന ചോദ്യങ്ങൾ]
[19-ാം പേജിലെ ചിത്രം]
നമ്മുടെ സഹവിശ്വാസികളുടെ കുറവുകൾ അവഗണിക്കാൻ സ്നേഹം നമ്മെ സഹായിക്കും
[23-ാം പേജിലെ ചിത്രം]
സഹിഷ്ണുതയെന്നാൽ നമ്മുടെ ദിവ്യാധിപത്യ ദിനചര്യ നിലനിർത്തൽ എന്നാണ് അർഥം