രണ്ടാനമ്മയോ രണ്ടാനപ്പനോ ഉള്ള കുടുംബങ്ങൾക്കു വിജയിക്കാനാകും
രണ്ടാനമ്മയോ രണ്ടാനപ്പനോ ഉള്ള കുടുംബങ്ങൾക്കു വിജയിക്കാനാകും
രണ്ടാനമ്മയോ രണ്ടാനപ്പനോ ഉള്ള കുടുംബങ്ങൾക്കു വിജയിക്കാനാകുമോ? ഉവ്വ്. വിശേഷിച്ചും, “എല്ലാതിരുവെഴുത്തും ദൈവശ്വാസീയമാകയാൽ . . . ഉപദേശത്തിന്നും ശാസനത്തിന്നും ഗുണീകരണത്തിന്നും നീതിയിലെ അഭ്യാസത്തിന്നും പ്രയോജനമുള്ളതു ആകുന്നു” എന്ന് ഉൾപ്പെട്ടിരിക്കുന്ന എല്ലാവരും ഓർമിക്കുന്നെങ്കിൽ. (2 തിമൊഥെയൊസ് 3:16, 17) എല്ലാവരും ബൈബിൾ തത്ത്വങ്ങൾ ബാധകമാക്കുമ്പോൾ വിജയം മിക്കവാറും ഉറപ്പാണ്.
അടിസ്ഥാന ഗുണം
മാനുഷ ബന്ധങ്ങളെ ഭരിക്കുന്നതിന് ഉദ്ദേശിച്ചുള്ള ചുരുക്കം ചില നിയമങ്ങളേ ബൈബിൾ പ്രസ്താവിക്കുന്നുള്ളൂ. ജ്ഞാനപൂർവം പ്രവർത്തിക്കാൻ നമ്മെ വഴിനയിക്കുന്ന നല്ല ഗുണങ്ങളും മനോഭാവങ്ങളും നട്ടുവളർത്താനാണ് അതു പ്രധാനമായും നമ്മെ പ്രോത്സാഹിപ്പിക്കുന്നത്. സന്തുഷ്ട കുടുംബ ജീവിതത്തിന്റെ അടിസ്ഥാനമാണ് അത്തരം നല്ല മനോഭാവങ്ങളും ഗുണങ്ങളും.
വിജയം വരിക്കാൻ ഏതു കുടുംബത്തിനും ആവശ്യമായ അടിസ്ഥാന ഗുണം സ്നേഹം ആണെന്നുള്ളതു മിക്കവർക്കും അറിയാമെങ്കിലും അത് ഊന്നിപ്പറയേണ്ടതുതന്നെ ആണ്. പൗലൊസ് അപ്പൊസ്തലൻ പറഞ്ഞു: “നിങ്ങളുടെ സ്നേഹം നിഷ്കളങ്കമായിരിക്കട്ടെ. . . . നിങ്ങൾ അന്യോന്യം സഹോദരതുല്യം സ്നേഹിക്കുവിൻ.” (റോമർ 12:9, 10, പി.ഒ.സി. ബൈബിൾ) “സ്നേഹം” എന്ന പദം ഏറെ വളച്ചൊടിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ പൗലൊസ് ഇവിടെ പരാമർശിച്ചിരിക്കുന്ന ഗുണം വിശേഷതരമാണ്. അതു ദൈവിക സ്നേഹമാണ്. അത് “ഒരുനാളും നിലച്ചുപോകുന്നില്ല.” (1 കൊരിന്ത്യർ 13:8, NW) അതു നിസ്വാർഥവും സേവന സന്നദ്ധവുമാണെന്നു ബൈബിൾ വിവരിക്കുന്നു. അതു മറ്റുള്ളവരുടെ നന്മയ്ക്കായി സജീവമായി പ്രവർത്തിക്കുന്നു. അതു ദീർഘക്ഷമയും ദയയും പ്രകടമാക്കുന്നു. അത് അസൂയപ്പെടുകയോ വമ്പുപറയുകയോ നിഗളിക്കുകയോ ചെയ്യുന്നില്ല. അതു സ്വന്തം താത്പര്യം അന്വേഷിക്കുന്നില്ല. എന്തുവന്നാലും, അത് എല്ലായ്പോഴും വിശ്വസിക്കാനും പ്രത്യാശിക്കാനും സഹിക്കാനും തയ്യാറാണ്.—1 കൊരിന്ത്യർ 13:4-7.
അഭിപ്രായ വ്യത്യാസങ്ങൾ ലഘൂകരിക്കാനും വളരെ വ്യത്യസ്തമായി വളർത്തപ്പെട്ടവരും വ്യത്യസ്ത വ്യക്തിത്വങ്ങൾ ഉള്ളവരുമായവരെ ഏകീകൃതരാക്കാനും യഥാർഥ സ്നേഹം സഹായിക്കുന്നു. വിവാഹമോചനമോ സ്വാഭാവിക മാതാപിതാക്കളിൽ ഒരാളുടെ മരണമോ ഉളവാക്കുന്ന വിനാശക ഫലങ്ങളെ ചെറുത്തു തോൽപ്പിക്കാൻ അതു സഹായിക്കുന്നു. ഒരു രണ്ടാനപ്പൻ തന്റെ യഥാർഥ പ്രശ്നങ്ങൾ വിവരിക്കുന്നു: “മിക്കപ്പോഴും സ്വന്തം വികാരങ്ങളെ കുറിച്ചു മാത്രമേ ഞാൻ ചിന്തിച്ചിരുന്നുള്ളൂ. അതുകൊണ്ട് ഭാര്യയുടെ പൂർവ വിവാഹത്തിലെ കുട്ടികളുടെയോ ഭാര്യയുടെ പോലുമോ വികാരങ്ങൾ വിശകലനം ചെയ്യാൻ ഞാൻ മെനക്കെട്ടില്ല. പെട്ടെന്നു വികാരം കൊള്ളാതിരിക്കാൻ ഞാൻ പഠിക്കേണ്ടിയിരുന്നു. ഏറ്റവും പ്രധാനമായി, താഴ്മയുള്ളവൻ ആയിരിക്കാനും.” ആവശ്യമായ മാറ്റങ്ങൾ വരുത്താൻ സ്നേഹം അദ്ദേഹത്തെ സഹായിച്ചു.
യഥാർഥ മാതാവ് അല്ലെങ്കിൽ പിതാവ്
ഇപ്പോൾ രംഗത്തില്ലാത്ത യഥാർഥ മാതാവിനോടോ പിതാവിനോടോ ഉള്ള കുട്ടികളുടെ ബന്ധം കൈകാര്യം ചെയ്യുന്നതിൽ സ്നേഹത്തിനു സഹായിക്കാനാകും. ഒരു രണ്ടാനപ്പൻ ഇങ്ങനെ ഏറ്റുപറയുന്നു: “ഭാര്യയുടെ പൂർവ വിവാഹത്തിലെ കുട്ടികൾക്കു കൂടുതൽ പ്രിയം എന്നോടായിരിക്കാൻ ഞാൻ ആഗ്രഹിച്ചു. അവർ തങ്ങളുടെ യഥാർഥ പിതാവിനെ സന്ദർശിച്ചപ്പോൾ അദ്ദേഹത്തെ വിമർശിക്കാതിരിക്കാൻ എനിക്കു കഴിഞ്ഞില്ല. അദ്ദേഹത്തോടൊപ്പം ഉല്ലാസകരമായ ഒരു ദിവസം ആസ്വദിച്ച് അവർ മടങ്ങി എത്തിയപ്പോൾ അത് എന്നെ അസഹ്യപ്പെടുത്തി. എന്നാൽ അവരുടെ സന്ദർശനം അസുഖകരം ആയിരുന്നപ്പോൾ എനിക്കു സന്തോഷം തോന്നി. വാസ്തവത്തിൽ, അവരുടെ പ്രിയം നഷ്ടമാകുമോ എന്നു ഞാൻ ഭയപ്പെട്ടു. അവരുടെ ജീവിതത്തിൽ യഥാർഥ പിതാവിനുള്ള പങ്കിന്റെ പ്രാധാന്യം തിരിച്ചറിയുകയും അംഗീകരിക്കുകയും ചെയ്യുക എന്നതായിരുന്നു ഏറ്റവും വിഷമംപിടിച്ച ഒരു കാര്യം.”
“സത്വര” സ്നേഹം പ്രതീക്ഷിക്കുന്നത് അയഥാർഥമാണെന്ന വസ്തുതയെ അഭിമുഖീകരിക്കാൻ യഥാർഥ സ്നേഹം ഈ രണ്ടാനപ്പനെ സഹായിച്ചു. കുട്ടികൾ അദ്ദേഹത്തെ ഉടനടി അംഗീകരിക്കാതെ വന്നപ്പോൾ തിരസ്കരിക്കപ്പെട്ടതായി അദ്ദേഹം ചിന്തിക്കരുതായിരുന്നു. കുട്ടികളുടെ മനസ്സിൽ അവരുടെ യഥാർഥ പിതാവിനുള്ള സ്ഥാനം ഒരുപക്ഷേ തനിക്ക് ഒരിക്കലും പൂർണമായും ലഭിക്കില്ലെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. തീരെ ചെറുപ്പംമുതൽതന്നെ കുട്ടികൾക്കു തങ്ങളുടെ സ്വാഭാവിക പിതാവിനെ അറിയാം. അതേസമയം, കുട്ടികളുടെ സ്നേഹം നേടാൻ ശ്രമം ചെലുത്തേണ്ടിയിരുന്ന ഒരു നവാഗതനായിരുന്നു രണ്ടാനപ്പൻ. ഗവേഷകയായ എലിസബത്ത് ഐൻസ്റ്റിൻ അനേകരുടെ അനുഭവം പ്രതിഫലിപ്പിച്ചുകൊണ്ട് പറയുന്നു: “യഥാർഥ പിതാവിനോ മാതാവിനോ പൂർണമായും പകരം നിൽക്കാൻ മറ്റാർക്കും ഒരിക്കലുമാവില്ല. കുട്ടികളുടെ ജീവിതത്തിൽ ആ മാതാവിന് അല്ലെങ്കിൽ പിതാവിന്—മരിച്ചുപോയതായാലും കുട്ടികളെ ഉപേക്ഷിച്ചതായാലും ശരി—ഒരു സുപ്രധാന സ്ഥാനമുണ്ട്.”
ശിക്ഷണം—സൂക്ഷിച്ചു കൈകാര്യം ചെയ്യേണ്ട ഒന്ന്
കുട്ടികൾക്കു സ്നേഹപൂർവകമായ ശിക്ഷണം അനിവാര്യമാണെന്നു ബൈബിൾ സൂചിപ്പിക്കുന്നു, അതിൽ ഇണയുടെ പൂർവ വിവാഹത്തിലെ കുട്ടികളും ഉൾപ്പെടുന്നു. (സദൃശവാക്യങ്ങൾ 8:33) ഈ കാര്യത്തിൽ നിരവധി വിദഗ്ധർ ബൈബിളിന്റെ നിലപാടുമായി യോജിക്കാൻ തുടങ്ങിയിരിക്കുന്നു. പ്രൊഫസർ സീറെസ് ആൽവിസ് ഡി അറൗഷു ഇങ്ങനെ പ്രസ്താവിച്ചു: “ആരും പ്രകൃത്യാ പരിധികൾ ഇഷ്ടപ്പെടുന്നില്ല, എങ്കിലും അവ അനിവാര്യമാണ്. ‘അരുത്’ എന്നത് ഒരു സംരക്ഷക പദമാണ്.”
എന്നാൽ, രണ്ടാനമ്മയോ രണ്ടാനപ്പനോ ഉള്ള കുടുംബത്തിൽ ശിക്ഷണത്തെ കുറിച്ചുള്ള വീക്ഷണങ്ങൾ ഗുരുതരമായ വിയോജിപ്പിലേക്കു നയിച്ചേക്കാവുന്നതാണ്. ഇപ്പോൾ രംഗത്തില്ലാത്ത ഒരു മുതിർന്ന വ്യക്തിയാൽ ഒരിക്കൽ വാർത്തെടുക്കപ്പെട്ടവരാണ് പൂർവ വിവാഹത്തിലെ കുട്ടികൾ. രണ്ടാനമ്മയെയോ രണ്ടാനപ്പനെയോ ശുണ്ഠി പിടിപ്പിച്ചേക്കാവുന്ന സ്വഭാവങ്ങളോ ശീലങ്ങളോ അവർക്ക് ഉണ്ടായിരുന്നേക്കാം. രണ്ടാനമ്മയോ രണ്ടാനപ്പനോ ചില കാര്യങ്ങളിൽ വളരെ കർക്കശരായിരിക്കുന്നത് എന്തുകൊണ്ടെന്ന് സാധ്യതയനുസരിച്ച് അവർക്കു മനസ്സിലാകുന്നില്ല. ഇത്തരം സാഹചര്യത്തെ എങ്ങനെ ഫലപ്രദമായി കൈകാര്യം ചെയ്യാനാകും? പൗലൊസ് ക്രിസ്ത്യാനികളെ ഉദ്ബോധിപ്പിക്കുന്നു: “സ്നേഹം ക്ഷമ, സൌമ്യത എന്നിവയെ പിന്തുടരുക.” (1 തിമൊഥെയൊസ് 6:11) അന്യോന്യം മനസ്സിലാക്കാൻ പഠിക്കവേ, സൗമ്യതയും ക്ഷമയും ഉള്ളവർ ആയിരിക്കാൻ ക്രിസ്തീയ സ്നേഹം രണ്ടാനമ്മയെ അല്ലെങ്കിൽ രണ്ടാനപ്പനെ സഹായിക്കുന്നു, അതുപോലെതന്നെ കുട്ടികളെയും. രണ്ടാനമ്മയോ രണ്ടാനപ്പനോ അക്ഷമരാണെങ്കിൽ നേടിയെടുത്ത ബന്ധത്തെ ‘കോപവും ക്രോധവും ദൂഷണവും’ ഉടൻതന്നെ നശിപ്പിക്കും.—എഫെസ്യർ 4:31.
ഇക്കാര്യത്തിൽ എന്തു സഹായകമാകുമെന്നു പ്രവാചകനായ മീഖാ അറിയിക്കുന്നു: “ന്യായം പ്രവർത്തിപ്പാനും ദയാതല്പരനായിരിപ്പാനും നിന്റെ ദൈവത്തിന്റെ സന്നിധിയിൽ താഴ്മയോടെ നടപ്പാനും അല്ലാതെ എന്താകുന്നു യഹോവ നിന്നോടു ചോദിക്കുന്നതു?” (മീഖാ 6:8) ശിക്ഷണത്തിൽ നീതി മർമപ്രധാനമാണ്. എന്നാൽ ദയയോ? സഭാ ആരാധനയ്ക്കായി ഭാര്യയുടെ പൂർവ വിവാഹത്തിലെ കുട്ടികളെ ഞായറാഴ്ച രാവിലെ എഴുന്നേൽപ്പിക്കുന്നതു മിക്കപ്പോഴും ബുദ്ധിമുട്ടായിരുന്നെന്ന് ഒരു ക്രിസ്തീയ മൂപ്പൻ വിവരിക്കുന്നു. അവരെ ശകാരിക്കുന്നതിനു പകരം അദ്ദേഹം ദയ എന്ന ഗുണം പരീക്ഷിച്ചുനോക്കി. അദ്ദേഹം അതിരാവിലെ എഴുന്നേറ്റു പ്രഭാത ഭക്ഷണം തയ്യാറാക്കിയിട്ട് അവർക്ക് ഓരോരുത്തർക്കും ഒരു ചൂടു പാനീയം കൊണ്ടുപോയി കൊടുത്തു. തത്ഫലമായി, എഴുന്നേൽക്കാനുള്ള അദ്ദേഹത്തിന്റെ അഭ്യർഥനയ്ക്കു ചെവികൊടുക്കാൻ അവർ കൂടുതൽ മനസ്സുകാട്ടി.
പ്രൊഫസർ എയ്ന ലൂയിസാ വൈയിറാ ഡി മാറ്റോസ് പിൻവരുന്ന രസാവഹമായ അഭിപ്രായ പ്രകടനം നടത്തി: “ഏതു തരത്തിലുള്ള കുടുംബം ആണെന്നുള്ളതല്ല മറിച്ച് ബന്ധത്തിന്റെ ഗുണനിലവാരമാണു പ്രധാനം. സ്വഭാവ ദൂഷ്യങ്ങളുള്ള ചെറുപ്പക്കാരിൽ മിക്കവരും മാതൃ-പിതൃ മേൽനോട്ടം ദുർബലമായ, ചട്ടങ്ങളും ആശയവിനിമയവും ഇല്ലാത്ത കുടുംബങ്ങളിൽനിന്ന് ഉള്ളവരാണെന്ന് എന്റെ പഠനങ്ങളിൽ ഞാൻ നിരീക്ഷിച്ചിരിക്കുന്നു.” അവർ ഇങ്ങനെയും പറഞ്ഞു: “കുട്ടികളെ വളർത്തുന്നതിൽ, അരുത് എന്നു പറയുന്നത് ഉൾപ്പെട്ടിരിക്കുന്നു എന്നതു വളരെയേറെ ഊന്നിപ്പറയേണ്ടിയിരിക്കുന്നു.” കൂടാതെ, ഡോക്ടർമാരായ എംലിയും ജോൺ വിഷെറും ഇപ്രകാരം പ്രസ്താവിച്ചു: “അടിസ്ഥാനപരമായി പറഞ്ഞാൽ, ശിക്ഷണം സ്വീകരിക്കുന്ന വ്യക്തി അതു നൽകുന്ന വ്യക്തിയുടെ പ്രതികരണത്തെയും അയാളുമായുള്ള ബന്ധത്തെയും കാര്യമായി എടുക്കുന്നെങ്കിൽ മാത്രമേ ശിക്ഷണം ഫലവത്താകുകയുള്ളൂ.”
ഈ പരാമർശങ്ങൾ, രണ്ടാനമ്മയോ രണ്ടാനപ്പനോ ഉള്ള കുടുംബങ്ങളിൽ ശിക്ഷണം നൽകേണ്ടത് ആരാണെന്നുള്ള ചോദ്യത്തെ സ്പർശിക്കുന്നു. അരുത് എന്നു പറയേണ്ടത് ആരാണ്? കുട്ടികളുമായി ഒരു അടുത്ത ബന്ധം വളർത്തിയെടുക്കാൻ രണ്ടാനമ്മയ്ക്കോ രണ്ടാനപ്പനോ സമയം നൽകാനായി, തുടക്കത്തിലെങ്കിലും, മുഖ്യമായും ശിക്ഷണം നൽകേണ്ടതു യഥാർഥ മാതാവ് അല്ലെങ്കിൽ പിതാവ് ആയിരിക്കണമെന്ന് കാര്യങ്ങൾ ചർച്ച ചെയ്ത ശേഷം ചില മാതാപിതാക്കൾ തീരുമാനിച്ചിരിക്കുന്നു. രണ്ടാനമ്മയോ രണ്ടാനപ്പനോ ശിക്ഷണം നൽകുന്നതിനു മുമ്പ്, കുട്ടികളോട് അവർക്കുള്ള സ്നേഹം കുട്ടികൾക്കു ബോധ്യപ്പെടട്ടെ.
ഉൾപ്പെട്ടിരിക്കുന്നത് രണ്ടാനപ്പൻ ആണെങ്കിലോ? പിതാവ് കുടുംബത്തിന്റെ ശിരസ്സാണെന്നു ബൈബിൾ പറയുന്നില്ലേ? ഉണ്ട്. (എഫെസ്യർ 5:22, 23; 6:1, 2) എന്നിരുന്നാലും, ശിക്ഷണം കൊടുക്കുന്നത് തുടക്കത്തിൽ കുട്ടികളുടെ മാതാവിനെ ഏൽപ്പിക്കാൻ രണ്ടാനപ്പൻ ആഗ്രഹിച്ചേക്കാം, പ്രത്യേകിച്ചും അതിൽ ശിക്ഷ ഉൾപ്പെടുമ്പോൾ. കുട്ടികൾ തങ്ങളുടെ പുതിയ “അപ്പന്റെ പ്രബോധനം [“ശിക്ഷണം, NW] കേൾ”ക്കാൻ തക്കവണ്ണം അദ്ദേഹം അവർക്കുവേണ്ടി ഒരു അടിസ്ഥാനമിടവേ, തങ്ങളുടെ “അമ്മയുടെ ഉപദേശം” അനുസരിക്കാൻ അദ്ദേഹം അവരെ അനുവദിച്ചേക്കാം. (സദൃശവാക്യങ്ങൾ 1:8; 6:20; 31:1) ഇത് ആത്യന്തികമായി ശിരഃസ്ഥാന തത്ത്വത്തിനു വിരുദ്ധമല്ലെന്നു തെളിവുകൾ കാണിക്കുന്നു. കൂടുതലായി, ഒരു രണ്ടാനപ്പൻ പറയുന്നു: “ശിക്ഷണത്തിൽ ഉദ്ബോധനവും തിരുത്തലും ശാസനയും ഉൾപ്പെട്ടിരിക്കുന്നുവെന്നു ഞാൻ ഓർത്തു. നീതിയും സ്നേഹവും കരുണയും പ്രകടമാക്കിക്കൊണ്ട് അവ നൽകുകയും മാതാപിതാക്കൾതന്നെ അവയിൽ മാതൃക വെക്കുകയും ചെയ്യുമ്പോൾ, അതു പൊതുവെ ഫലവത്താകുന്നു.”
മാതാപിതാക്കൾ ആശയവിനിയമം ചെയ്യേണ്ടതുണ്ട്
സദൃശവാക്യങ്ങൾ 15:22 പറയുന്നു: “ആലോചന [“സ്വകാര്യ സംഭാഷണം,” NW] ഇല്ലാഞ്ഞാൽ ഉദ്ദേശങ്ങൾ സാധിക്കാതെപോകുന്നു.” രണ്ടാനമ്മയോ രണ്ടാനപ്പനോ ഉള്ള കുടുംബത്തിൽ മാതാപിതാക്കൾ തമ്മിലുള്ള ശാന്തവും തുറന്നതുമായ സ്വകാര്യ സംഭാഷണം മർമപ്രധാനമാണ്. ഒ എസ്റ്റഡോ ദെ സൗൺ പൗലൂവിലെ ഒരു കോളമെഴുത്തുകാരി ഇങ്ങനെ അഭിപ്രായപ്പെട്ടു: “മാതാപിതാക്കൾ വെക്കുന്ന പരിധികൾ പരീക്ഷിച്ചുനോക്കാൻ കുട്ടികൾ എപ്പോഴും ചായ്വു കാട്ടുന്നു.” രണ്ടാനമ്മയോ രണ്ടാനപ്പനോ ഉള്ള കുടുംബങ്ങളിൽ അതിനുള്ള സാധ്യത ഇരട്ടിയാണ്. അതുകൊണ്ട്, വ്യത്യസ്ത കാര്യങ്ങൾ സംബന്ധിച്ചു മാതാപിതാക്കൾ യോജിപ്പിൽ എത്തേണ്ടതുണ്ട്. അപ്പോൾ അവർക്ക് ഒരേ അഭിപ്രായമാണ് ഉള്ളതെന്നു കുട്ടികൾ മനസ്സിലാക്കും. എന്നാൽ, ന്യായയുക്തമല്ലെന്ന് യഥാർഥ മാതാവ് അല്ലെങ്കിൽ പിതാവ് വിചാരിക്കുന്ന വിധത്തിൽ രണ്ടാനമ്മ അല്ലെങ്കിൽ രണ്ടാനപ്പൻ പ്രവർത്തിക്കുന്നെങ്കിലോ? അപ്പോൾ അവർ ഇരുവരും കൂടി കാര്യങ്ങൾ സ്വകാര്യമായി ചർച്ചചെയ്തു പരിഹരിക്കണം, അതു കുട്ടികളുടെ മുമ്പിൽ വെച്ചാകരുത്.
പുനർവിവാഹം ചെയ്ത ഒരു മാതാവ് ഇങ്ങനെ വിവരിക്കുന്നു: “ഒരു മാതാവിനെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രയാസകരമായ സംഗതി രണ്ടാനപ്പൻ അവളുടെ കുട്ടികളെ ശിക്ഷിക്കുന്നതു കാണുന്നതാണ്, വിശേഷിച്ചും അദ്ദേഹം തിടുക്കംകൂട്ടി, പക്ഷപാതപരമായി പ്രവർത്തിക്കുന്നുവെന്ന് അവൾക്കു തോന്നുമ്പോൾ. അത് അവൾക്കു ഹൃദയഭേദകമാണ്. തന്റെ കുട്ടികൾക്കുവേണ്ടി വാദിക്കാൻ അവൾ ആഗ്രഹിക്കുന്നു. അത്തരം അവസരങ്ങളിൽ, ഭർത്താവിനു കീഴ്പെട്ടിരുന്ന് അദ്ദേഹത്തെ പിന്തുണയ്ക്കാൻ അവൾക്കു ബുദ്ധിമുട്ട് അനുഭവപ്പെടുന്നു.
“ഒരു അവസരത്തിൽ, 12-ഉം 14-ഉം വയസ്സുള്ള എന്റെ രണ്ട് ആൺകുട്ടികൾ ഒരു കാര്യത്തിനു രണ്ടാനപ്പന്റെ അനുവാദം ചോദിച്ചു. അദ്ദേഹം അത് ഉടനടി നിരസിച്ചിട്ട്, കുട്ടികൾക്ക് അതു പ്രധാനമായിരിക്കുന്നത് എന്തുകൊണ്ടെന്നു വിശദീകരിക്കാൻ അവർക്കു യാതൊരു അവസരവും നൽകാതെ മുറി വിട്ടുപോയി. കുട്ടികൾ കരച്ചിലിന്റെ വക്കോളമെത്തി. എനിക്കാണെങ്കിൽ ഒന്നും പറയാനില്ലാതായി. മൂത്തകുട്ടി എന്നെ നോക്കിപ്പറഞ്ഞു: ‘അദ്ദേഹം ചെയ്തതു മമ്മി കണ്ടോ?’ ഞാൻ പറഞ്ഞു: ‘ഉവ്വ്, ഞാൻ കണ്ടു. എന്നാൽ അദ്ദേഹം കുടുംബത്തിന്റെ ശിരസ്സാണ്. ശിരഃസ്ഥാനത്തെ ആദരിക്കാൻ ബൈബിൾ നമ്മോടു പറയുന്നു.’ അവർ നല്ല കുട്ടികൾ ആയിരുന്നു. ഞാൻ പറഞ്ഞതിനോട് അവർ യോജിച്ചു. അവർ കുറെ ശാന്തരായി. ആ വൈകുന്നേരം ഞാൻ കാര്യങ്ങൾ ഭർത്താവിനോടു വിശദീകരിച്ചു. താൻ തികച്ചും ഒരു സ്വേച്ഛാധിപതിയെപ്പോലെ പെരുമാറുക ആയിരുന്നു എന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. അദ്ദേഹം നേരേ കുട്ടികളുടെ മുറിയിലേക്കു ചെന്ന് മാപ്പു പറഞ്ഞു.
“ആ സംഭവത്തിൽനിന്ന് ഏറെ കാര്യങ്ങൾ ഞങ്ങൾ പഠിച്ചു. തീരുമാനങ്ങൾ എടുക്കുന്നതിനു മുമ്പ് പറയുന്നതു ശ്രദ്ധിക്കാൻ ഭർത്താവു പഠിച്ചു. വികാരം വ്രണപ്പെടുമ്പോൾ പോലും ശിരഃസ്ഥാന തത്ത്വം ഉയർത്തിപ്പിടിക്കാൻ ഞാൻ പഠിച്ചു. കുട്ടികളാണെങ്കിൽ, കീഴ്പെട്ടിരിക്കേണ്ടതിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞു. (കൊലൊസ്സ്യർ 3:18, 19) ഭർത്താവിന്റെ ഹൃദയംഗമമായ ഖേദപ്രകടനം താഴ്മ സംബന്ധിച്ച് ഒരു പ്രധാനപ്പെട്ട പാഠം ഞങ്ങളെ എല്ലാവരെയും പഠിപ്പിച്ചു. (സദൃശവാക്യങ്ങൾ 29:23) ഇന്ന്, ആ രണ്ടു പുത്രന്മാരും ക്രിസ്തീയ മൂപ്പന്മാരാണ്.”
തെറ്റുകൾ സംഭവിക്കും. കുട്ടികൾ വ്രണപ്പെടുത്തുന്ന കാര്യങ്ങൾ പറയുകയോ ചെയ്യുകയോ ചെയ്യും. അപ്പോഴത്തെ സമ്മർദങ്ങൾ രണ്ടാനമ്മയോ രണ്ടാനപ്പനോ ന്യായരഹിതമായി പെരുമാറാൻ ഇടയാക്കും. എന്നാൽ, “ഞാൻ ഖേദിക്കുന്നു, ദയവായി എന്നോടു ക്ഷമിക്കണം” തുടങ്ങിയ ലളിതമായ വാക്കുകൾ മുറിവുകൾ സൗഖ്യമാക്കാൻ ഏറെ സഹായിക്കുന്നു.
കുടുംബ ഐക്യം ശക്തിപ്പെടുത്തൽ
രണ്ടാനമ്മയോ രണ്ടാനപ്പനോ ഉള്ള കുടുംബത്തിൽ ഊഷ്മളമായ ഒരു ബന്ധം വളർന്നുവരാൻ സമയമെടുക്കുന്നു.
നിങ്ങൾ ഒരു രണ്ടാനപ്പനോ രണ്ടാനമ്മയോ ആണെങ്കിൽ നിങ്ങൾ സമാനുഭാവം കാട്ടേണ്ടതുണ്ട്. മനസ്സിലാക്കുന്നവർ ആയിരിക്കുക, കുട്ടികളോടൊത്തു സമയം ചെലവഴിക്കാൻ സന്നദ്ധരാകുക. കൊച്ചുകുട്ടികളോടൊത്തു കളിക്കുക. മുതിർന്ന കുട്ടികളോടൊത്തു സംസാരിക്കാൻ തയ്യാറാകുക. ഒരുമിച്ചു സമയം ചെലവഴിക്കാൻ അവസരങ്ങൾ തേടുക—ദൃഷ്ടാന്തത്തിന്, ഭക്ഷണം പാകം ചെയ്യൽ, കാറു കഴുകൽ എന്നിങ്ങനെയുള്ള വീട്ടുജോലികളിൽ സഹായിക്കാൻ കുട്ടികളെ ക്ഷണിക്കുക. നിങ്ങൾ കടയിൽ പോകുമ്പോൾ നിങ്ങളോടൊപ്പം വരാനും സഹായിക്കാനും അവരെ ക്ഷണിക്കുക. കൂടാതെ, ചെറിയ വാത്സല്യ പ്രകടനങ്ങൾ നിങ്ങൾക്ക് അവരോടുള്ള സ്നേഹം പ്രകടമാക്കിയേക്കാം. (രണ്ടാനപ്പന്മാർ പെൺമക്കളോടുള്ള ബന്ധത്തിൽ ഉചിതമായ പരിധികൾ പാലിക്കാൻ തീർച്ചയായും ശ്രദ്ധിക്കണം, അവർക്ക് അസ്വസ്ഥത തോന്നാൻ ഇടയാകരുത്. ആൺകുട്ടികളുടെ കാര്യത്തിൽ പരിധികൾ ഉണ്ടെന്നു രണ്ടാനമ്മമാരും ഓർമിക്കണം.)രണ്ടാനമ്മയോ രണ്ടാനപ്പനോ ഉള്ള കുടുംബങ്ങൾക്കു വിജയിക്കാനാകും. അത്തരം അനേകം കുടുംബങ്ങൾ വിജയിക്കുന്നുണ്ടുതാനും. ഉൾപ്പെട്ടിരിക്കുന്ന എല്ലാവരും, വിശേഷിച്ചു മാതാപിതാക്കൾ, ശരിയായ മനോഭാവങ്ങളും യഥാർഥ്യ ബോധത്തോടെയുള്ള പ്രതീക്ഷകളും നട്ടുവളർത്തുന്ന കുടുംബങ്ങളാണ് ഏറ്റവും അധികം വിജയിക്കുന്നത്. അപ്പൊസ്തലനായ യോഹന്നാൻ എഴുതി: “പ്രിയമുള്ളവരേ, നാം അന്യോന്യം സ്നേഹിക്ക; സ്നേഹം ദൈവത്തിൽനിന്നു വരുന്നു.” (1 യോഹന്നാൻ 4:7) അതേ, രണ്ടാനമ്മയും രണ്ടാനപ്പനും ഉള്ള ഒരു സന്തുഷ്ട കുടുംബത്തിന്റെ രഹസ്യം ഹൃദയംഗമമായ സ്നേഹമാണ്.
[7-ാം പേജിലെ ചിത്രങ്ങൾ]
രണ്ടാനമ്മയും രണ്ടാനപ്പനും ഉള്ള സന്തുഷ്ട കുടുംബങ്ങൾ
ഒരുമിച്ചു ദൈവവചനം പഠിക്കുന്നു. . .
ഒരുമിച്ചു സമയം ചെലവഴിക്കുന്നു. . .
ഒരുമിച്ചു സംസാരിക്കുന്നു. . .
ഒരുമിച്ചു ജോലി ചെയ്യുന്നു. . .