നിങ്ങൾ കുടുംബത്തോടൊത്തു സമയം ചെലവഴിക്കുന്നുണ്ടോ?
നിങ്ങൾ കുടുംബത്തോടൊത്തു സമയം ചെലവഴിക്കുന്നുണ്ടോ?
“ജോലിത്തിരക്കുള്ള ജാപ്പനീസ് പിതാക്കന്മാർ മക്കളോടൊത്തു കളിക്കുന്നില്ലെങ്കിലും സ്നേഹിക്കപ്പെടുന്നു.” ഏതാനും വർഷങ്ങൾക്കു മുമ്പ് മൈനിച്ചി ഷിംബൂൺ എന്ന പത്രത്തിൽ വന്ന തലക്കെട്ടാണ് അത്. ഒരു ഗവൺമെന്റ് സർവേയിൽ പങ്കെടുത്ത 87.8 ശതമാനം കുട്ടികളും ഭാവിയിൽ തങ്ങളുടെ പിതാക്കന്മാരെ പരിചരിക്കാനുള്ള ആഗ്രഹം പ്രകടമാക്കിയതായി ആ ലേഖനം റിപ്പോർട്ടു ചെയ്തു. അതേ പത്രത്തിന്റെ ഇംഗ്ലീഷ് പതിപ്പിൽ പ്രസ്തുത സർവേ ഒരു വ്യത്യസ്ത ശീർഷകത്തോടെ ആണു പ്രത്യക്ഷപ്പെട്ടത്. അത് ഇങ്ങനെ ആയിരുന്നു: “പിതാക്കന്മാരും പുത്രന്മാരും: അവഗണനയുടെ ഒരു ഉദാഹരണം.” ജാപ്പനീസ് പതിപ്പിലെ റിപ്പോർട്ടിൽനിന്നു വ്യത്യസ്തമായി, ആ ലേഖനം പ്രസ്തുത സർവേയുടെ മറ്റൊരു വശം എടുത്തുകാട്ടി: ജോലിദിവസങ്ങളിൽ ജാപ്പനീസ് പിതാക്കന്മാർ തങ്ങളുടെ മക്കളോടൊത്ത് 36 മിനിറ്റു മാത്രമാണ് ചെലവഴിച്ചിരുന്നത്. അതിനോടുള്ള താരതമ്യത്തിൽ, പശ്ചിമ ജർമനിയിലെ പിതാക്കന്മാർ ഓരോ പ്രവൃത്തിദിവസവും കുട്ടികളോടൊത്ത് 44 മിനിറ്റ് ചെലവഴിച്ചു. ഐക്യനാടുകളിൽ ഉള്ളവർ 56 മിനിട്ടും.
മക്കളോടൊത്ത് വേണ്ടത്ര സമയം ചെലവഴിക്കാൻ സാധിക്കാതെ വരുന്നതു പിതാക്കന്മാർക്കു മാത്രമല്ല. ജോലിക്കു പോകുന്ന അമ്മമാരുടെ എണ്ണവും കൂടിവരുന്നു. ഉദാഹരണത്തിന്, കുടുംബ ചെലവുകൾ വഹിക്കാൻ ഒറ്റയ്ക്കുള്ള പല അമ്മമാർക്കും ജോലിക്കു പോകേണ്ടി വരുന്നു. തത്ഫലമായി, മാതാപിതാക്കൾ കുട്ടികളോടൊത്തു ചെലവഴിക്കുന്ന സമയം കുറഞ്ഞുവരുന്നു.
മാതാപിതാക്കളുമായി ഉറ്റബന്ധമുള്ള യുവജനങ്ങൾക്കു വൈകാരിക സമ്മർദം, ആത്മഹത്യാ പ്രവണത, അക്രമ വാസന, ലഹരിപദാർഥങ്ങളുടെ ദുരുപയോഗം തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യത കുറവാണെന്ന് 1997-ൽ അമേരിക്കയിലെ 12,000-ത്തിലധികം കൗമാരപ്രായക്കാരിൽ നടത്തിയ ഒരു പഠനം കണ്ടെത്തി. വിപുലമായ ആ പഠനത്തിൽ ഉൾപ്പെട്ട ഒരു ഗവേഷകൻ ഇങ്ങനെ പറഞ്ഞു: “വേണ്ട സമയത്തു കുട്ടികളുടെ അടുക്കൽ ഇല്ലെങ്കിൽ, നിങ്ങൾക്ക് അവരുമായി ഉറ്റബന്ധം സ്ഥാപിക്കാൻ കഴിയില്ല.” കുട്ടികളോടൊത്തു സമയം ചെലവഴിക്കുന്നതും അവരുമായി ആശയവിനിമയം നടത്തുന്നതും പ്രധാനമാണ്.
ആശയവിനിമയ വിടവ്
ജോലിയോടു ബന്ധപ്പെട്ട് പിതാവിനോ മാതാവിനോ അകന്നു നിൽക്കേണ്ടിവരുന്ന കുടുംബങ്ങളിലാണ് ആശയവിനിമയ പ്രശ്നങ്ങൾ പ്രത്യേകിച്ചും ഉണ്ടാകാൻ സാധ്യതയുള്ളത്. തീർച്ചയായും, ആശയവിനിമയ വിടവ് ഉള്ളത് പിതാവോ മാതാവോ വീട്ടിൽനിന്ന് അകലെ കഴിയുന്ന കുടുംബങ്ങളിൽ മാത്രമല്ല. ചില മാതാപിതാക്കൾ വീട്ടിൽത്തന്നെയാണു താമസിക്കുന്നതെങ്കിലും, കുട്ടികൾ ഉണരുന്നതിനു മുമ്പു ജോലിക്കു പോകുകയും അവർ ഉറങ്ങിയ ശേഷം തിരിച്ചെത്തുകയും ചെയ്യുന്നു. തത്ഫലമായി ഉണ്ടാകുന്ന സമ്പർക്കമില്ലായ്മ പരിഹരിക്കാൻ ചില മാതാപിതാക്കൾ വാരാന്തങ്ങളിലും അവധി ദിവസങ്ങളിലും കുടുംബത്തോടൊത്തു സമയം ചെലവഴിക്കാറുണ്ട്. കുട്ടികളോടൊത്തു “ഗുണമേന്മയുള്ള” സമയം ചെലവഴിക്കുന്നതാണു പ്രധാനമെന്ന് അവർ പറയുന്നു.
എന്നിരുന്നാലും, കുട്ടികളോടൊത്തു ചെലവഴിക്കുന്ന സമയത്തിൽ വരുന്ന കുറവിനെ അവരോടൊത്തു ചെലവഴിക്കുന്ന സമയത്തിന്റെ ഗുണമേന്മകൊണ്ടു പരിഹരിക്കാനാകുമോ? ഗവേഷകനായ ലോറൻസ് സ്റ്റൈൻബർഗ് ഇങ്ങനെ ഉത്തരം നൽകുന്നു: “പൊതുവേ, തങ്ങളുടെ മാതാപിതാക്കളോടൊത്തു കൂടുതൽ സമയം ചെലവഴിക്കുന്ന കുട്ടികൾ അങ്ങനെ ചെയ്യാത്ത കുട്ടികളെ അപേക്ഷിച്ച് കാര്യക്ഷമത ഉള്ളവരാണ്. എന്നാൽ, ചെലവിടുന്ന സമയത്തിൽ വരുന്ന ആ കുറവു പരിഹരിക്കുക എന്നതു വളരെ ദുഷ്കരമായി തോന്നുന്നു. ഗുണമേന്മയുള്ള സമയം എന്ന ആശയത്തിന് വേണ്ടതിലധികം പ്രാധാന്യം നൽകപ്പെട്ടിരിക്കുന്നു.” ബർമക്കാരിയായ ഒരു സ്ത്രീയുടെ അഭിപ്രായവും അതുതന്നെ. അവളുടെ ഭർത്താവ്—ഒരു തനി ജപ്പാൻകാരൻ—ജോലി കഴിഞ്ഞ് വീട്ടിലെത്തുമ്പോൾ വെളുപ്പിന് ഒരു മണിയോ രണ്ടു മണിയോ ആകും. അദ്ദേഹം വാരാന്തങ്ങളിൽ തന്റെ കുടുംബത്തോടൊത്തു സമയം ചെലവഴിക്കാറുണ്ടെങ്കിലും, അദ്ദേഹത്തിന്റെ ഭാര്യ ഇങ്ങനെ പറയുന്നു: “ശനിയാഴ്ചയും ഞായറാഴ്ചയും കുടുംബത്തോടൊത്ത് ആയിരിക്കുന്നതു കൊണ്ട്, വാരത്തിലെ മറ്റു ദിവസങ്ങളിലെ അഭാവം നികത്താനാകില്ല. . . . പ്രവൃത്തിദിവസങ്ങളിൽ ആഹാരമൊന്നും കഴിക്കാതിരുന്നിട്ട് ആ ദിവസങ്ങളിലെ ആഹാരം മുഴുവൻ ശനിയാഴ്ചയും ഞായറാഴ്ചയും നിങ്ങൾക്കു കഴിക്കാനാകുമോ?”
ബോധപൂർവകമായ ശ്രമം ആവശ്യം
കുടുംബത്തിൽ നല്ല ആശയവിനിമയം നിലനിർത്തണം എന്നു പറയാൻ എളുപ്പമാണ്. ഉപജീവനം തേടുകയും കുടുംബത്തിന്റെ ആവശ്യങ്ങൾക്കായി കരുതുകയും ചെയ്യേണ്ടതുള്ളതിനാൽ ഒരു പിതാവിനെയോ ജോലിക്കാരിയായ മാതാവിനെയോ സംബന്ധിച്ചു കുടുംബത്തോടൊത്തു സമയം ചെലവഴിക്കുക എന്നത് അത്ര എളുപ്പമല്ല. സാഹചര്യങ്ങൾ നിമിത്തം വീട്ടിൽനിന്ന് അകന്നു കഴിയേണ്ടിവരുന്ന പലരും ഫോൺ വഴിയോ കത്തുകൾ മുഖേനയോ ക്രമമായി ആശയവിനിമയം നടത്തുന്നു. കുടുംബത്തോടൊത്ത് ഉണ്ടെങ്കിലും ഇല്ലെങ്കിലും, വീട്ടിലുള്ളവരുമായി നല്ല ആശയവിനിമയം നിലനിർത്തുന്നതിനു ബോധപൂർവകമായ ശ്രമം ആവശ്യമാണ്.
കുടുംബാംഗങ്ങളുമായി ആശയവിനിമയം ചെയ്യുന്നതിൽനിന്ന് ഒഴിഞ്ഞുമാറുന്ന മാതാപിതാക്കൾ അതിനു കനത്ത വിലയൊടുക്കേണ്ടി വരും. കുടുംബത്തോടൊത്തു സമയം ചെലവഴിക്കാത്ത, അവരോടൊത്ത് ആഹാരം പോലും കഴിക്കാത്ത, ഒരു പിതാവിനു ഗുരുതരമായ ഭവിഷ്യത്തുകൾ നേരിടേണ്ടിവന്നു. അദ്ദേഹത്തിന്റെ മകൻ അക്രമ സ്വഭാവക്കാരൻ ആയിത്തീർന്നു. മകളാകട്ടെ, പീടികമോഷണത്തിനു പിടിയിലുമായി. ഒരു ഞായറാഴ്ച പ്രഭാതത്തിൽ ആ പിതാവ് ഗോൾഫ് കളിക്ക് പോകാൻ ഒരുങ്ങവേ, മകൻ പൊട്ടിത്തെറിച്ചു. “ഈ വീട്ടിൽ ഞങ്ങൾക്ക് മമ്മി മാത്രമേ ഉള്ളോ? മമ്മി വേണം ഇവിടുത്തെ സകല കാര്യവും തീരുമാനിക്കാൻ. പപ്പ ഒരിക്കലും . . . ,” ആ യുവാവ് ദുഃഖത്തോടെ പറഞ്ഞു.
മകന്റെ വാക്കുകൾ ആ പിതാവിനെ ചിന്തിപ്പിച്ചു. ഒരു തുടക്കമെന്ന നിലയിൽ, കുടുംബത്തോടൊത്തു പ്രാതൽ കഴിക്കാൻ അദ്ദേഹം ഒടുവിൽ തീരുമാനിച്ചു. ആദ്യമൊക്കെ അദ്ദേഹവും ഭാര്യയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. കുറെ നാൾ കഴിഞ്ഞപ്പോൾ കുട്ടികളും അവരോടൊപ്പം ഇരിക്കാൻ തുടങ്ങി, അങ്ങനെ പ്രാതൽ സമയം ആശയവിനിമയത്തിനുള്ള വേദിയായി മാറി. പിന്നീട്, ആ കുടുംബം ഒന്നിച്ചിരുന്ന് അത്താഴവും കഴിക്കാൻ തുടങ്ങി. അങ്ങനെ ഒരു സമ്പൂർണ തകർച്ചയിൽനിന്നു തന്റെ കുടുംബത്തെ രക്ഷിക്കാൻ അദ്ദേഹം യത്നിച്ചു.
ദൈവവചനത്തിൽ നിന്നുള്ള സഹായം
തങ്ങളുടെ കുട്ടികളുമായി ആശയവിനിമയം നടത്തുന്നതിനു സമയം കണ്ടെത്താൻ മാതാപിതാക്കളെ ബൈബിൾ പ്രോത്സാഹിപ്പിക്കുന്നു. മോശ മുഖാന്തരം ഇസ്രായേല്യർക്ക് ഈ നിർദേശം ലഭിച്ചു: “യിസ്രായേലേ, കേൾക്ക; യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ ഏകൻ തന്നേ. നിന്റെ ദൈവമായ യഹോവയെ നീ പൂർണ്ണ ഹൃദയത്തോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടും കൂടെ സ്നേഹിക്കേണം. ഇന്നു ഞാൻ നിന്നോടു കല്പിക്കുന്ന ഈ വചനങ്ങൾ നിന്റെ ഹൃദയത്തിൽ ഇരിക്കേണം. നീ അവയെ നിന്റെ മക്കൾക്കു ഉപദേശിച്ചുകൊടുക്കയും നീ വീട്ടിൽ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്ക്കുമ്പോഴും അവയെക്കുറിച്ചു സംസാരിക്കയും വേണം.” (ആവർത്തനപുസ്തകം 6:4-7) അതെ, ദൈവവചനം കുട്ടികളുടെ മനസ്സിലും ഹൃദയത്തിലും ഉൾനടണമെങ്കിൽ, കുടുംബത്തോടൊത്തു സമയം ചെലവഴിക്കുന്നതിൽ മാതാപിതാക്കൾ മുൻകൈ എടുക്കേണ്ടതുണ്ട്.
“തങ്ങൾക്ക് ഒരു മതമുണ്ടെന്ന് അവകാശപ്പെട്ട 88 ശതമാനം പേരുടെയും ഇടയിൽ, മതത്തിനും പ്രാർഥനയ്ക്കും ഉണ്ടെന്നു കരുതപ്പെടുന്ന പ്രാധാന്യം സംരക്ഷണാത്മക സ്വാധീനം ഉള്ളതായിരുന്നു” എന്ന് അമേരിക്കയിലെ 12,000-ത്തിലധികം കൗമാരപ്രായക്കാരെ ഉൾപ്പെടുത്തിക്കൊണ്ടു നടത്തിയ 1997-ലെ സർവേ—നേരത്തെ പരാമർശിച്ചിരുന്നു—വെളിപ്പെടുത്തിയെന്നതു രസാവഹമാണ്. വീട്ടിൽ വെച്ചു നൽകുന്ന ശരിയായ മതപ്രബോധനം ലഹരിപദാർഥങ്ങളുടെ ദുരുപയോഗം, വൈകാരിക സമ്മർദം, ആത്മഹത്യാ പ്രവണത, അക്രമസ്വഭാവം എന്നിങ്ങനെയുള്ള പലതിൽനിന്നും യുവജനങ്ങളെ സംരക്ഷിക്കുന്നു എന്നു സത്യക്രിസ്ത്യാനികൾ തിരിച്ചറിയുന്നു.
കുടുംബത്തിനു വേണ്ടി സമയം കണ്ടെത്തുക ദുഷ്കരമാണെന്നു ചില മാതാപിതാക്കൾ കരുതുന്നു. കുട്ടികളോടൊത്തു സമയം ചെലവഴിക്കാൻ ആഗ്രഹമുണ്ടെങ്കിലും ലൗകിക ജോലി ചെയ്യേണ്ടിവരുന്ന ഒറ്റയ്ക്കുള്ള അമ്മമാരുടെ കാര്യത്തിൽ ഇതു വിശേഷാൽ സത്യമാണ്. കുടുംബത്തോടൊത്തു ചെലവഴിക്കാൻ അവർക്കു തങ്ങളുടെ വിലപ്പെട്ട സമയം എങ്ങനെ നീക്കിവെക്കാനാകും? “പ്രായോഗിക ജ്ഞാനവും ചിന്താപ്രാപ്തിയും കാത്തുസൂക്ഷിക്കുക” എന്നു ബൈബിൾ ഉദ്ബോധിപ്പിക്കുന്നു. (സദൃശവാക്യങ്ങൾ 3:21, NW) തങ്ങളുടെ കുടുംബത്തിനു വേണ്ടി സമയം കണ്ടെത്താൻ മാതാപിതാക്കൾക്കു “ചിന്താപ്രാപ്തി” ഉപയോഗിക്കാൻ കഴിയും. എങ്ങനെ?
നിങ്ങൾ ജോലിക്കാരിയായ ഒരു മാതാവാണോ? പ്രവൃത്തിദിവസം കഴിയുമ്പോൾ വല്ലാത്ത ക്ഷീണം തോന്നുന്നെങ്കിൽ ആഹാരം തയ്യാറാക്കുന്നതിൽ നിങ്ങളെ സഹായിക്കാൻ കുട്ടികളോട് ആവശ്യപ്പെട്ടുകൂടേ? ഒരുമിച്ചു ചെലവിടുന്ന അത്തരം സമയങ്ങൾ പരസ്പരം അടുക്കാനുള്ള അവസരം പ്രദാനം ചെയ്യും. ആദ്യമൊക്കെ, നിങ്ങളുടെ കുട്ടികളെ ഉൾപ്പെടുത്തുന്നതിനു കൂടുതൽ സമയം വേണ്ടിവന്നേക്കാം. എന്നാൽ, അത് ആസ്വാദ്യവും സമയലാഭം ഉളവാക്കുന്നതും ആണെന്നു നിങ്ങൾ താമസിയാതെ കണ്ടെത്തും.
വാരാന്തങ്ങളിൽ വളരെയധികം കാര്യങ്ങൾ ചെയ്യാനുള്ള ഒരു പിതാവായിരിക്കാം നിങ്ങൾ. ഈ ജോലികളിൽ ചിലതു നിങ്ങൾക്കു കുട്ടികളോടൊത്തു ചെയ്തുകൂടേ? ഒന്നിച്ചു പ്രവർത്തിക്കുമ്പോൾ നിങ്ങൾക്ക് അവരുമായി ആശയവിനിമയം ചെയ്യാനും ഒപ്പം വിലപ്പെട്ട പരിശീലനം നൽകാനും സാധിക്കും. മക്കൾക്കു ദൈവവചനം ഉപദേശിച്ചു കൊടുക്കാനുള്ള ബൈബിളിന്റെ ഉദ്ബോധനം “വീട്ടിൽ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും”—തീർച്ചയായും ഏത് അവസരത്തിലും—അവരോടു സംസാരിക്കാൻ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. ഒരുമിച്ചു ജോലികൾ ചെയ്യുമ്പോൾ കുട്ടികളോടു സംസാരിക്കുന്നത് “പ്രായോഗിക ജ്ഞാന”മാണ്.
കുടുംബത്തോടൊപ്പം സമയം ചെലവിടുന്നതു ദീർഘകാല പ്രയോജനങ്ങൾ കൈവരുത്തുന്നു. “കൂടിയാലോചിക്കുന്നവരുടെ പക്കൽ ജ്ഞാനം ഉണ്ട്” എന്ന് ഒരു ബൈബിൾ സദൃശവാക്യം പറയുന്നു. (സദൃശവാക്യങ്ങൾ 13:10, NW) കുടുംബാംഗങ്ങളുമായുള്ള ആശയവിനിമയത്തിനു സമയം മാറ്റിവെക്കുന്നതിനാൽ, അനുദിന ജീവിത വെല്ലുവിളികളെ നേരിടാൻ അവരെ സഹായിക്കുന്ന ജ്ഞാനപൂർവകമായ മാർഗനിർദേശം നൽകാൻ കഴിയുന്ന ഒരു നല്ല സ്ഥാനത്തായിരിക്കും നിങ്ങൾ. ഇപ്പോൾ നൽകുന്ന അത്തരം മാർഗനിർദേശം ഭാവിയിൽ വളരെയധികം സമയം ലാഭിക്കാൻ സഹായിക്കും, ഹൃദയവേദന ഒഴിവാക്കാനും. കൂടാതെ, അതു നിങ്ങളുടെയും അവരുടെയും സന്തുഷ്ടിയിൽ കലാശിക്കുകയും ചെയ്യും. അത്തരം മാർഗനിർദേശം നൽകുന്നതിനു ദൈവവചനമായ ബൈബിളിൽ അടങ്ങിയിരിക്കുന്ന വിലയേറിയ ജ്ഞാനശേഖരം നിങ്ങൾ പ്രയോജനപ്പെടുത്തേണ്ടതുണ്ട്. നിങ്ങളുടെ കുട്ടികളെ പഠിപ്പിക്കാനും കുടുംബാംഗങ്ങളെ വഴി നയിക്കാനും അത് ഉപയോഗിക്കുക.—സങ്കീർത്തനം 119:105.
[4-ാം പേജിലെ ചിത്രം]
മാതാപിതാക്കളുമായി ഉറ്റബന്ധമുള്ള യുവജനങ്ങൾക്കു വൈകാരിക സമ്മർദം ഉണ്ടാകാനുള്ള സാധ്യത കുറവാണ്
[5-ാം പേജിലെ ചിത്രം]
നല്ല ആശയവിനിമയം കുടുംബത്തിനു സമൃദ്ധമായ പ്രയോജനങ്ങൾ കൈവരുത്തുന്നു
[6-ാം പേജിലെ ചിത്രം]
ജോലികളിൽ മക്കളെയും ഉൾപ്പെടുത്തുന്നത്, ആശയവിനിമയം ചെയ്യാനും വിലപ്പെട്ട പരിശീലനം നൽകാനുമുള്ള അവസരങ്ങൾ പ്രദാനം ചെയ്യും