“ദൈവത്തിനു സകലവും സാദ്ധ്യം”
രാജ്യഘോഷകർ റിപ്പോർട്ടു ചെയ്യുന്നു
“ദൈവത്തിനു സകലവും സാദ്ധ്യം”
മുകളിൽ കാണുന്ന മത്തായി 19:26-ലെ വാക്കുകൾ വെനെസ്വേലയിലെ ഒരു ചെറുപ്പക്കാരിയുടെ കാര്യത്തിൽ സത്യമെന്നു തെളിഞ്ഞു. യഹോവയിൽ പൂർണമായി ആശ്രയിക്കാൻ പഠിച്ച അവൾക്കു ഗൗരവമേറിയ ഒരു പ്രശ്നത്തെ തരണം ചെയ്യാൻ കഴിഞ്ഞു. അവൾ പറയുന്നു:
“എന്റെ വല്യമ്മ വളരെ ദയയും സ്നേഹവും ഉള്ളവർ ആയിരുന്നു. സങ്കടകരമെന്നു പറയട്ടെ, എനിക്കു 16 വയസ്സുള്ളപ്പോൾ അവർ മരിച്ചു. അവരുടെ മരണം എനിക്കു വലിയൊരു ആഘാതമായിരുന്നു. ആകെ തകർന്നുപോയ എനിക്കു മുറ്റത്തിറങ്ങാൻ പോലും തോന്നിയില്ല. തികച്ചും ഒരു ഏകാന്തവാസമായിരുന്നു എന്റേത്.
“ഞാൻ സ്കൂളിൽ പോയില്ല, ഒരു പണിയും ചെയ്തുമില്ല. എപ്പോഴും മുറിയിൽത്തന്നെ അടച്ചുപൂട്ടി ഇരുന്നു. കൂട്ടുകാരില്ലാതിരുന്ന എനിക്കു കടുത്ത വിഷാദം അനുഭവപ്പെട്ടു. തികച്ചും വിലകെട്ടവളാണെന്നു തോന്നിയ ഞാൻ ജീവനൊടുക്കാൻ ആഗ്രഹിച്ചു. ‘എന്തിനു ജീവിച്ചിരിക്കണം?’ എന്നു ഞാൻ എന്നോടുതന്നെ ചോദിക്കുമായിരുന്നു.
“ഗിസെല എന്നു പേരുള്ള ഒരു യുവ സാക്ഷിയിൽ നിന്നു വീക്ഷാഗോപുരം, ഉണരുക! മാസികകൾ എന്റെ അമ്മയ്ക്കു ലഭിച്ചിരുന്നു. ഒരിക്കൽ, ആ സാക്ഷി ഞങ്ങളുടെ വീടിനു സമീപത്തുകൂടെ കടന്നുപോകുന്നത് എന്റെ അമ്മ കണ്ടു. ‘എന്റെ മോളെ സഹായിക്കാമോ’ എന്ന് അമ്മ അവരോടു ചോദിച്ചു. ശ്രമിച്ചു നോക്കാമെന്നു ഗിസെല പറഞ്ഞു. എന്നാൽ ഞാൻ അവരെ കാണാൻ കൂട്ടാക്കിയില്ല. ഇതു ഗിസെലയെ പിന്തിരിപ്പിച്ചില്ല. അവരും അവരെക്കാൾ വളരെ പ്രധാനപ്പെട്ട ഒരാളും എന്റെ സുഹൃത്താകാൻ ആഗ്രഹിക്കുന്നുവെന്ന് അവർ എനിക്ക് എഴുതി. അവർ പരാമർശിച്ച ആ വ്യക്തി യഹോവയാം ദൈവമായിരുന്നു.
“ഇത് എന്റെ മനസ്സിനെ സ്പർശിച്ചു. ഞാൻ അവരുടെ കത്തിനു മറുപടി എഴുതി. മൂന്നു മാസത്തേക്കു ഞങ്ങൾ പരസ്പരം കത്തുകൾ എഴുതി. ഗിസെലയിൽ നിന്നു വളരെയേറെ പ്രേരണയും പ്രോത്സാഹനവും ലഭിച്ചതിനു ശേഷമാണ് എനിക്ക് അവരെ നേരിൽ കാണാനുള്ള ധൈര്യം വന്നത്. ഞങ്ങൾ ആദ്യമായി കണ്ടുമുട്ടിയപ്പോൾത്തന്നെ ഗിസെല എനിക്ക് ഒരു ബൈബിളധ്യയനം തുടങ്ങി. നിങ്ങൾക്കു ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും എന്ന പുസ്തകമാണ് ഉപയോഗിച്ചത്. അധ്യയനത്തിനു ശേഷം, പ്രാദേശിക രാജ്യഹാളിലെ യോഗത്തിൽ സംബന്ധിക്കാൻ അവർ എന്നെ ക്ഷണിച്ചു. ഞാൻ ഞെട്ടിപ്പോയി. നാലു വർഷമായി ഞാൻ വീടിനു വെളിയിൽ പോകാറില്ലായിരുന്നു. നഗരത്തിലേക്കു പോകുന്നതിനെ കുറിച്ചു ചിന്തിക്കുമ്പോൾ തന്നെ പേടി തോന്നിയിരുന്നു.
“ഗിസെല എന്നോടു വളരെ ക്ഷമയുള്ളവൾ ആയിരുന്നു. പേടിക്കാനൊന്നുമില്ലെന്നും യോഗത്തിന് എന്റെ കൂടെ വരാമെന്നും അവർ എനിക്ക് ഉറപ്പു നൽകി. ഒടുവിൽ ഞാൻ സമ്മതിച്ചു. രാജ്യഹാളിൽ ചെന്നപ്പോൾ ഞാനാകെ വിറയ്ക്കാനും വിയർക്കാനും തുടങ്ങി. എനിക്ക് ആരോടും നമസ്കാരം പറയാൻ പോലും കഴിഞ്ഞില്ല. എങ്കിലും, ഞാൻ യോഗങ്ങൾക്കു തുടർന്നു വരാമെന്നു സമ്മതിച്ചു. ഗിസെല ഓരോ വാരത്തിലും കൃത്യമായി വന്ന് എന്നെ കൂട്ടിക്കൊണ്ടു പോകുമായിരുന്നു.
“എന്റെ പരിഭ്രമം മാറിക്കിട്ടാൻ, ഗിസെല എന്നെ നേരത്തെതന്നെ യോഗത്തിനു കൊണ്ടുപോകുമായിരുന്നു. ഞങ്ങൾ വാതിൽക്കൽ നിന്നുകൊണ്ടു വരുന്നവരെ സ്വാഗതം ചെയ്തിരുന്നു. അപ്പോൾ, ഒരു കൂട്ടത്തെ ഒന്നിച്ചു കാണുന്നതിനു പകരം, ഒന്നോ രണ്ടോ വ്യക്തികളെ മാത്രമേ എനിക്ക് അഭിമുഖീകരിക്കേണ്ടി വന്നിരുന്നുള്ളൂ. എനിക്കത് താങ്ങാനാവില്ല എന്നു തോന്നിയപ്പോഴൊക്കെ ‘അതു മനുഷ്യർക്കു അസാദ്ധ്യം എങ്കിലും ദൈവത്തിനു സകലവും സാദ്ധ്യം’ എന്ന മത്തായി 19:26-ലെ വാക്കുകൾ ഗിസെല ഉദ്ധരിക്കുമായിരുന്നു.
“അത്ര എളുപ്പമല്ലായിരുന്നെങ്കിലും, ക്രമേണ ഒരു സർക്കിട്ട് സമ്മേളനത്തിൽ കുറെക്കൂടി വലിയ ഒരു കൂട്ടത്തെ അഭിമുഖീകരിക്കാൻ എനിക്കു സാധിച്ചു. അത് എന്നെ സംബന്ധിച്ച് എത്ര വലിയ ഒരു ചുവടുവെപ്പ് ആയിരുന്നെന്നോ! 1995 സെപ്റ്റംബറിൽ, വീടുതോറുമുള്ള ശുശ്രൂഷയിൽ ഏർപ്പെടുന്ന കാര്യം ഞാൻ ധൈര്യം സംഭരിച്ചു മൂപ്പന്മാരോടു പറഞ്ഞു. ആറു മാസം കഴിഞ്ഞ്, 1996 ഏപ്രിലിൽ യഹോവയ്ക്കുള്ള എന്റെ സമർപ്പണത്തെ ഞാൻ ജല സ്നാപനത്താൽ പ്രതീകപ്പെടുത്തി.
“ഇതൊക്കെ ചെയ്യാൻ എനിക്ക് എങ്ങനെ ധൈര്യം കിട്ടി എന്ന് അടുത്തയിടെ ഒരാൾ എന്നോടു ചോദിച്ചപ്പോൾ ഞാൻ ഇങ്ങനെ മറുപടി പറഞ്ഞു: ‘യഹോവയെ പ്രസാദിപ്പിക്കാനുള്ള എന്റെ ആഗ്രഹം എന്റെ ഭയത്തെക്കാൾ വലുതാണ്.’ ഇപ്പോൾപ്പോലും, ചിലപ്പോഴൊക്കെ കടുത്ത വിഷാദം തോന്നുമെങ്കിലും ഒരു നിരന്തര പയനിയർ ആയതിനാൽ എന്റെ സന്തോഷം വർധിക്കുകയാണു ചെയ്യുന്നത്. പിന്തിരിഞ്ഞു നോക്കുമ്പോൾ, എനിക്കു ഗിസെലയോടു യോജിക്കാനേ കഴിയൂ. ഇപ്പോൾ എന്നിൽ തത്പരനും ‘എനിക്കു ശക്തി പകർന്നു തരുന്ന’വനുമായ ഒരു സുഹൃത്ത് എനിക്കുണ്ട്.”—ഫിലിപ്പിയർ 4:13, NW.
[8-ാം പേജിലെ ചിത്രങ്ങൾ]
“യഹോവയെ പ്രസാദിപ്പിക്കാനുള്ള എന്റെ ആഗ്രഹം എന്റെ ഭയത്തെക്കാൾ വലുതാണ്”